.

.

Thursday, March 4, 2010

പ്രകൃതിയും മലയാള നോവലുകളും

ആദ്യകാല നോവലുകളില്‍ പ്രകൃതി സജീവഭാവമായി കടന്നുവരുന്നില്ല. പ്രകൃതിയുടെ വന്യത അനുഭവിപ്പിക്കുന്ന നോവലാണ് എസ്.കെ.പൊറ്റക്കാടിന്‍ന്റെ വിഷകന്യ. കാടിന്‍ന്റെ വന്യതയും മണ്ണിന്‍ന്റെ ഉര്‍വ്വരതയും മണ്ണിനെ പുല്‍കുന്ന മനുഷ്യനുമൊക്കെ ഇതില്‍ നിറയുന്നു. ഭൂതകാലസ്മൃതിയില്‍ മയങ്ങിക്കിടക്കുന്ന ജീവിതവും പ്രകൃതിയും ചിത്രീകരിക്കുന്ന ബഷീറിന്‍ന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ചുറ്റുമുള്ള പച്ചപ്പിന്‍ന്റെ അനുഭവം പകരുന്ന 'പാത്തുമ്മയുടെ ആട്' എന്നീ നോവലുകള്‍ പരിസ്ഥിതിയെ സൂഷ്മമായി അടയാളപ്പെടുത്തുന്നു.
പ്രകൃതിയുടെ ആത്മീയഭാവം നിറഞ്ഞൊഴുകുന്ന കൃതിയാണ് ഓ.വി.വിജയന്‍ന്റെ 'മധുരഗായതി'. അരയാലും സുകന്യയും പ്രകൃതിയുടെ നിറവില്‍ പുതിയ ഉണ്‍മ കണ്ടെത്തുകയാണ്. ഭാഷയില്‍ പോലും പരിസ്ഥിതിയുടെ സൂഷ്മസ്ഥലികള്‍ അന്വേഷിക്കുന്ന നോവലാണ് ഇത്. ചെതലിയുടെ താഴ്വരയില്‍ ജീവബിന്ദുക്കള്‍ ചെമ്പകവും പെണ്‍കിടാവുമായി പുനര്‍ജ്ജനിയുടെ അനുഭവങ്ങള്‍ നല്‍കുന്ന ഖസാക്കിന്‍െറ ഇതിഹാസവും പ്രകൃതിയെ കണ്ടെത്തുന്ന നോവല്‍ തന്നെ. ഗുരുസാഗരത്തില്‍ ഭൂതപ്പുഴയുടെ ശാന്തിയിലേക്ക് മടങ്ങുന്ന കുഞ്ഞുണ്ണി നാഗരികതയില്‍ നിന്നും പരിസ്ഥിതിയുടെ സത്വത്തിലേക്ക് മടങ്ങുന്ന മനുഷ്യന്‍ന്റെ പ്രതീകമാണ്.
ആദിവാസി ജീവിതത്തില്‍ സ്വാഭാവികത അനുഭവിപ്പിക്കുന്ന പി. വല്‍സലയുടെ നെല്ല് ശ്രദ്ധേയമാണ്. ആദിവാസി ജീവിതത്തിന്‍ന്റെ പശ്ചാതലമായിട്ടല്ല ജീവിതത്തിന്റെ താളമായിട്ടാണ് ഈ കൃതിയില്‍ വനസ്ഥലികള്‍ നിറയുന്നത്. കാടിനോട് ചേര്‍ന്നുള്ള ആദിവാസി ജീവിതത്തിന്‍ന്റെ ചൂടും ചൂരും പകരുന്ന നോവലാണ് കെ.ജെ ബേബിയുടെ മാവേലിമണ്ണും. ഈ നിലയില്‍ പരിസ്ഥിതിയുടെ അന്തരീക്ഷം നിറയുന്ന കൃതിയാണ് നാരായന്‍ന്റെ കൊച്ചരേത്തി.
മിത്തുകളിലൂടെ പ്രകൃതിയെ അനുഭവിപ്പിക്കുന്ന എന്‍.പി മുഹമ്മദിന്‍ന്റെ ദൈവത്തിന്‍ന്റെ കണ്ണ് പി. സുരേന്ദ്രന്‍ന്റെ ജൈവം, കാവേരിയുടെ പുരുഷന്‍ എന്നീ നോവലുകളും മലയാളത്തിലെ പരിസ്ഥിതിക നോവലുകളുടെ പട്ടികയില്‍പെടുത്താവുന്നതാണ്. പ്രകൃതിയുടെ തനിമയെ പ്രതിരോധത്തിലേക്കു ഉയര്‍ത്തുന്ന കൃതിയാണ് സാറാജോസഫിന്‍ന്റെ അലാഹയുടെ പെണ്‍മക്കള്‍. പുരാതനമായ അമരപന്തലിന് കീഴില്‍ ഉരുവം കൊള്ളുന്ന അനുഭവങ്ങളില്‍ കോക്കാഞ്ചിറയുടെ പാരിസ്ഥിതികമായ പതിതാവസ്ഥ പ്രകടമാണ്. പുണ്യപാപബോധങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങളിലും പ്രകൃതിയെ അന്വേഷിക്കുന്ന കൃതിയാണ് ഒതപ്പ്.
വടക്കന്‍ മലബാറിന്‍ന്റെ അന്തരീക്ഷത്തില്‍ അധിനിവേശ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അംബികാസുതന്‍ മങ്ങാടിന്‍ന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' രവിയുടെ അംബാസമുദ്രം, വി.ജെ ജെയിംസിന്‍ന്റെ ലെയ്ക, സുസ്മേഷ് ചന്ദ്രോത്തിന്‍ന്റെ ഡി. ജി. ആര്‍ ഇന്ദുഗോപന്‍ന്റെ മുതല ലായനി 100 % മുതല തുടങ്ങിയ പുതിയ നോവലുകളും വ്യത്യസ്തമായ തലങ്ങളില്‍ പാരിസ്ഥിതക ചിന്തകളാല്‍ സമ്പന്നമാണ്.

സന്തോഷ് ജോര്‍ജ്  (Manaoramaonline Environment)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക