.

.

Friday, September 16, 2011

സപ്തംബര്‍ 16 ഓസോണ്‍ദിനം

സെപ്റ്റംബര്‍ 16 ന് ലോക ഓസോണ്‍ ദിനം വീണ്ടും കടന്നു വരികയാണ്‌ . ലോകത്തെല്ലായിടത്തും ശാസ്ത്രജ്ഞര്‍ ഭൂമിയുടെ വാതകാവരണത്തിന് വരുന്ന കേടു പാടുകളെ കുറിച്ച് നിരീക്ഷണത്തിലേര്‍പ്പെടുകയും അത് മൂല മുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നു . ഓസോണ്‍ കുടയില്‍ വിള്ളലുണ്ടാകുന്നതിനെ കുറിച്ചും മുന്കരുതലിനായി ശ്രെദ്ധിക്കേണ്ട മലിനീകരണ നിയന്ത്രണങ്ങളെ കുറിച്ചുമുള്ള ബോധ വല്കരണമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് .

സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്‌ അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ ആണ്‌. അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ്‌ ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാര്‍ബണ്‍ (സി.എഫ്‌.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകള്‍ ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു.

അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ ഭീമാകാരമായ ഓസോണ്‍വിള്ളല്‍ വര്‍ഷതോറും പ്രത്യക്ഷപ്പെടുന്നത്‌ 1980-കളില്‍കണ്ടെത്തിയതോടെയാണ്‌ അതിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്‌. എല്ലാവര്‍ഷവും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി വരുന്ന വിള്ളലാണ്‌ പ്രത്യക്ഷപ്പെടാറ്‌.
വിളനാശത്തിനും മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിനും,നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന അപകടകാരിയാണ്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍.

ഓസോണ്‍ശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ്‌ മോണ്‍ട്രിയല്‍ ഉടമ്പടിക്ക്‌ രൂപം നല്‍കുന്നത്‌.
ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ രാസവസ്‌തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു നടപടി ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്‌.സി.യുടെ സാന്ദ്രത ഈ നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ്‌ അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു.

മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക്‌ നിയമപ്രാബല്യം നല്‍കാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്‌.ഇത്തരം രാജ്യങ്ങള്‍ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച്‌ പ്രവര്‍ത്തിച്ചാലേ ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ വരും വര്‍ഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോണ്‍ദിനം ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല. കൂടുതല്‍ "ഓസോണ്‍ സൌഹൃദപരമായ"സാധനങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന്‌ നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക