.

.

Monday, August 6, 2012

ഇന്ന് ഹിരോഷിമ ദിനം

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.

ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.

ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.
ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ, മരിച്ചു ജീവിച്ചവര്‍ക്കും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക