.

.

Friday, September 30, 2011

സോളാര്‍ കാര്‍ പിറന്നു; ഇന്ത്യന്‍ മണ്ണില്‍

അത്യാധുനിക കാറുകളോട് കിടപിടിക്കാവുന്ന സോളാര്‍ കാര്‍ ഇന്ത്യന്‍ നിരത്തില്‍. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പിറവിയെടുത്ത കാറിന്റെ ആദ്യ യാത്രയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പച്ചക്കൊടി വീശി. രാജ്യത്തെ പ്രമുഖ ശാസ്ത്രസാങ്കേതിക യൂണിവേഴ്സിറ്റികളിലൊന്നായ ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലാണു (പഴയ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ്) കാറിന്റെ പിറവി. 14 എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥികളുടെ എട്ടുമാസം നീണ്ട ഗവേഷണ ഫലമായാണ് സോളാര്‍ കാര്‍ രൂപമെടുത്തത്. യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജെ.പി. കേസരിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

ഭാവി എന്ന അര്‍ഥത്തില്‍ 'അവ്നിര്‍ എന്നു പേരിട്ടിരിക്കുന്ന കാര്‍ ഒക്ടോബര്‍ 16 മുതല്‍ 23 വരെ ഓസ്ട്രേലിയയില്‍ നടക്കുന്ന 2011 വേള്‍ഡ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കും. അഡ്ലെയ്ഡില്‍ നിന്ന് ഡാര്‍വിന്‍വരെയുള്ള 3000 കിലോമീറ്റര്‍ ദൂരമുള്ള പാതയിലെ മല്‍സര ഓട്ടമാണ് സോളാര്‍ ചലഞ്ചിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യയില്‍ നിന്നു വേള്‍ഡ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്ന ആദ്യ സൌരോര്‍ജ വാഹനമാണ് 'അവ്നിര്‍. നാലു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ കാറുമായി ഓസ്ട്രേലിയയിലേക്കു പോകുന്നത്.
ലോകത്തെ പ്രമുഖ സാങ്കേതിക സര്‍വകലാശാലകളും കോളജുകളും സൌരോര്‍ജം വാഹനങ്ങളുമായി അണിനിരക്കുന്ന മേളകൂടിയാണ് 'വേള്‍ഡ് സോളാര്‍ ചലഞ്ച്. സൌരോര്‍ജ മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനം. ഭാവിയില്‍ വാഹനരംഗത്ത് പ്രയോജനപ്പെടുത്താവുന്ന സൌരോര്‍ജ സാങ്കേതിക വിദ്യകള്‍ തിരിച്ചറിയാനും അവയുടെ വ്യാവസായിക നിര്‍മാണത്തിനുമെല്ലാം വഴിയൊരുക്കുകയാണ് സോളാര്‍ ചലഞ്ചിന്റെ ലക്ഷ്യം.

അഭിമാനകരമായ നേട്ടമെന്നും അമ്പരപ്പിക്കുന്ന കണ്ടുപിടുത്തമെന്നും കാറിനെ വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഗവേഷകസംഘത്തെ അഭിനന്ദനങ്ങള്‍കൊണ്ടു പൊതിഞ്ഞു. സിഎന്‍ജിയില്‍ ഓടുന്ന കാറുകള്‍ നിരത്തിലുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വില വര്‍ധന ഇവയെയും ബാധിക്കാറുണ്ട്. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാവുന്ന സാഹചര്യത്തില്‍ ബാറ്ററി കാറുകളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. വരാനിരിക്കുന്ന നാളുകള്‍ സൌരോര്‍ജ വാഹനങ്ങളുടേതാണെന്നു തീര്‍ച്ചയായും പറയാം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന വാഹന വിപണിയെ സൌരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് ഡല്‍ഹി സാങ്കേതിക യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി.ബി. ശര്‍മ പറഞ്ഞു.

മള്‍ട്ടി ക്രിസ്റ്റലൈന്‍ ബാറ്ററികളാണ് കാറിന്റെ ഊര്‍ജകേന്ദ്രം. പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍. ഒരുകിലോവാട്ട് വരെ സോളാര്‍ ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് അവ്നിക്ക്. സ്റ്റിയറിങ് ചലിപ്പിക്കുന്നത് എളുപ്പമാക്കത്തക്കവിധം എയ്റോഡൈനാമിക് ഡിസൈനാണ് കാറിന്റേത്. ബ്രേക്കിടുമ്പോള്‍ ഊര്‍ജം ഉപയോഗം പരിമിതപ്പെടുത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഊര്‍ജനഷ്ടം ഒഴിവാക്കാന്‍ എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 16.66 ശതമാനമാണ് കാറിന്റെ എഫിഷ്യന്‍സി. രാജ്യത്ത് ഏതെങ്കിലും ഒരു വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന എഫിഷ്യന്‍സിയാണ് ഇതെന്നു യൂണിവേഴ്സിറ്റി സംഘം അവകാശപ്പെട്ടു. ശബ്ദമുണ്ടാക്കാത്തതും പുക പുറന്തള്ളാത്തതുമായ കാര്‍ പൂര്‍ണമായും പരിസ്ഥിതി സൌഹൃദ വാഹനമാണ്.

Manoramaonline Environment (എന്‍.പി.സി. രംജിത്)

എന്‍ഡോസള്‍ഫാന്‍ ഉത്‌പാദനത്തിന്‌ നിരോധനം, നിലവിലെ ശേഖരം കയറ്റുമതി ചെയ്യാം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്നു സുപ്രീം കോടതി ഉത്തരവ്. കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം കയറ്റുമതി. നിലവിലുള്ള ശേഖരം മാത്രമേ കയറ്റുമതി ചെയ്യാവൂ. നിലവില്‍ 1,090 ടണ്‍ എന്‍ഡോസള്‍ഫാനാണു ശേഖരത്തിലുള്ളത്. പരിസ്ഥിതി മലിനീകരണം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, ഉല്‍പാദനത്തിനുള്ള നിരോധനം തുടരുമെന്നു കോടതി വ്യക്തമാക്കി.പരിസര മലിനീകരണം പാടില്ല.നിരീക്ഷണത്തിനു ത്രിതല സംവിധാനം വേണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാവുന്നതാണെന്നു കോടതി നിയോഗിച്ച സംയുക്ത സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യത്തേക്കും കയറ്റുമതിയാകാം. എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുക ചെലവാകുമെന്നും, ഇതിനു മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കയറ്റുമതി അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരായ ഡിവൈഎഫ്ഐയുടെ നിലപാട്. ഇന്ത്യയിലുണ്ടായ ദുരന്തം മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ മറുപടി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്.

30.9.2011 ManoramaOnline

മാലിന്യം കൂടുന്നത് കുമരകം പക്ഷിസങ്കേതത്തെ ബാധിക്കുമെന്ന് ആശങ്ക

കോട്ടയം: വിനോദസഞ്ചാര വികസനത്തിന് തയ്യാറാക്കുന്ന പദ്ധതികള്‍ കുമരകസങ്കേതത്തിലെ പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് ആശങ്ക. ഇപ്പോള്‍തന്നെ സന്ദര്‍ശകരുടെ ആധിക്യം, ഹോട്ടലുകളുടെയും മറ്റും വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
പതിനാല് ഏക്കറില്‍ പരന്നുകിടക്കുന്ന പക്ഷിസങ്കേത്തില്‍ സ്വദേശീയവും വിദേശീയവുമായ പക്ഷികള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണംകൂടിയപ്പോള്‍ പക്ഷികളുടെ എണ്ണം കുറഞ്ഞു. കൂടാതെ സന്ദര്‍ശകര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കാക്ക, ഉടുമ്പ്, മരപ്പട്ടി എന്നിവയെ പക്ഷിസങ്കേതത്തിലേക്കാകര്‍ഷിച്ചു. ഇത് ദേശാടനപക്ഷികളുടെ വരവിനെ ബാധിച്ചു. പ്ലാസ്റ്റിക് വസ്തക്കളുമായി സന്ദര്‍ശകര്‍ സങ്കേതത്തിനുള്ളില്‍കയറുന്നത് നിരോധിച്ചിട്ടുണ്ട്. പാതിരാമണലിലെയും സ്ഥിതി ഇതുതന്നെയാണ്.

വേമ്പനാട്ട് കായലില്‍ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി സര്‍ക്കാര്‍ പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമരകത്ത് കേന്ദ്രീകരിക്കുന്നതിന് ഇത് ഇടയാക്കും. അത്‌ദോഷഫലമാണ് ഉണ്ടാക്കുക.

കുമരകത്ത് റിസോട്ടുകളുടെ എണ്ണവും സഞ്ചാരികളുടെ എണ്ണവും വര്‍ധിക്കുന്നത് പുതിയമാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.

കൃത്യമായ ബോധവത്കരണവും നിയമനിര്‍മ്മാണവുമാണ് കുമരകത്തെ മാലിന്യസംസ്‌കരണത്തിന് ആവശ്യമെന്നും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പക്ഷികളെ സങ്കേത്തില്‍ നിന്ന് അകറ്റുമെന്നും പക്ഷിനിരീക്ഷകനും കോട്ടയം നേച്ചര്‍ ക്ലബ് പ്രസിഡന്റുമായ ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു.

നവംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള മാസങ്ങളിലാണ് സൈബീരിയന്‍ കൊക്ക്, ഇരണ്ട തുടങ്ങിയ ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നത്.

30.9.2011 Mathrubhumi Kottayam News

നാടന്‍ പശുവിന് ആവേശത്തോടെ വരവേല്‍പ്പ്

മാള: മാള പള്ളിപ്പുറത്ത് 55 ഏക്കര്‍ പാടശേഖരത്തില്‍ ആരംഭിക്കുന്ന ചെലവില്ലാ പ്രകൃതി നെല്‍കൃഷിക്കായുള്ള നാടന്‍ പശു വ്യാഴാഴ്ച എത്തി. ചേര്‍ത്തല അര്‍ത്തുങ്കലില്‍ നിന്ന് 'ഹള്ളിഗര്‍' ഇനത്തില്‍പ്പെട്ട നാടന്‍ പശുവിനെയും കിടാവിനെയുമാണ് ഘോഷയാത്രയായി അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുവന്നത്. ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വെച്ച് പശുവിനെ കെ.പി. ധനപാലന്‍ എം.പി. വരവേറ്റു. തുടര്‍ന്ന് കൊരട്ടി, ചെറുവാളൂര്‍, അന്നമനട, മാള എന്നിവിടങ്ങളില്‍ കര്‍ഷകരും വിദ്യാര്‍ഥികളും ജനപ്രതിനിധികളും പശുവിനെ വരവേറ്റു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മനേഷ് സെബാസ്റ്റ്യന്‍, ഡെയ്‌സി ഫ്രാന്‍സിസ്, ടി.കെ. സതീശന്‍, ഇന്ദിര ശിവരാമന്‍, ഡെയ്‌സി തോമസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പശുവിനെ സ്വീകരിക്കാനെത്തി. വൈകീട്ട് 6 മണിയോടെയാണ് പശുവും കിടാവും മാള പള്ളിപ്പുറത്തെത്തിയത്. കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തിലാണ് പശുവിനെ വരവേറ്റത്.

സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതികൃഷിരീതി വ്യാപകമായ രീതിയില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇവിടെ പരീക്ഷിക്കുന്നത്. ഈ കൃഷിരീതിയില്‍ ആകൃഷ്ടരായ പലരും പരീക്ഷണാടിസ്ഥാനത്തില്‍ നാമമാത്രമായ കൃഷിയിടങ്ങളില്‍ കൃഷിയിറക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷിയിലെ ഉയര്‍ന്ന വിളവും കുറഞ്ഞ ചെലവുമാണ് 55 ഏക്കറോളം വരുന്ന ഒരു പാടശേഖരം മുഴുവന്‍ ഈ രീതിയില്‍ കൃഷിയിറക്കാന്‍ ഈ രീതിയുടെ പ്രചാരകരായ കെ.എം. ഹിലാല്‍, 'മാര്‍ഗ്ഗം' മുഖ്യകാര്യദര്‍ശി ഡോ. ജോഷി വര്‍ഗ്ഗീസ്, ആചാര്യ വിനയകൃഷ്ണ, സി.എന്‍. മേരി എന്നിവരും കര്‍ഷകരും തയ്യാറായിട്ടുള്ളത്. നെല്‍കൃഷിക്കായുള്ള പാടമൊരുക്കല്‍ ആരംഭിച്ചു. ഞാറ്റടിയും തയ്യാറാക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ 11, 12 തിയ്യതികളിലായി നടീല്‍ നടക്കും. കൃഷിയുടെ ആദ്യവസാനം വളവും കീടനാശിനിയുമായി ഉപയോഗിക്കുക നാടന്‍ പശുവില്‍ നിന്നുള്ള മൂത്രവും ചാണകവും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതമായിരിക്കും. ഒരു പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് 20 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനാകും. 55 ഏക്കറിലേക്കായി 3 പശുക്കളെയായിരിക്കും ഉപയോഗിക്കുക. കൊരട്ടിയിലെ 'മാര്‍ഗ്ഗ'ത്തോടൊപ്പം മാള പള്ളിപ്പുറത്തെ 'ചെറുപുഷ്പം', 'കുടുംബശ്രീ', 'പവിത്രം' സംഘ കൃഷി പ്രവര്‍ത്തകരും കര്‍ഷകരും 'നിറകതിര്‍ 2011' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സുഭാഷ് പലേക്കര്‍ അഷ്ടമിച്ചിറയില്‍ 7 ദിവസം നീണ്ട ശില്‍പ്പശാല നടത്തിയിരുന്നു. അതേത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും കൃഷിവകുപ്പുമന്ത്രിയുമായും ഔദ്യോഗിക ചര്‍ച്ച നടന്നിരുന്നു. സംസ്ഥാന കൃഷിവകുപ്പ് പിന്നീട് ചെലവില്ലാ പ്രകൃതികൃഷി അംഗീകൃത കൃഷിരീതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

30.9.2011 Mathrubhumi Thrissur News

Thursday, September 29, 2011

മാലിന്യനിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയ അറവുശാലകള്‍

കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതും മുന്തിയ പരിഗണന ലഭിക്കേണ്ടതുമായ വിഷയം മാലിന്യനിര്‍മാര്‍ജ്ജനമാണെന്നതില്‍ സംശയമില്ല. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ അറവുശാലകള്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍ തുടങ്ങിയവ ശാസ്ത്രീയ രീതിയില്‍ സ്ഥാപിക്കുക എന്നത് പ്രധാനമാണ്. അശാസ്ത്രീയ അറവ് പ്രക്രിയയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം ദുര്‍ഗന്ധം വമിക്കുന്ന ദേശീയപാതകള്‍, വഴിയോരങ്ങള്‍ എന്നിവ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു.ഇറച്ചിക്കോഴി അവശിഷ്ടങ്ങള്‍ റോഡരികിലേക്കും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതു വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ചുരുക്കത്തില്‍ അശാസ്ത്രീയ അറവു പ്രക്രിയകളും, മാലിന്യ നിക്ഷേപങ്ങളും കേരളത്തില്‍ 25 ശതമാനത്തോളം മാലിന്യ പ്രശ്‌നങ്ങള്‍ക്കിടവരുത്തുന്നു. ഇവ പരിഹരിക്കുന്നതിലൂടെ പൊതുജനാരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കാം.

ആഗോളതലത്തില്‍ വെജിേറ്ററിയനിസം ശക്തിപ്പെട്ടുവരുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ ആശയത്തിന് വേണ്ടത്ര പിന്‍ബലം കൈവന്നിട്ടില്ല. ഇന്ത്യയില്‍ കേരളം, പശ്ചിമബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലാണ് മാട്ടിറച്ചിയുടെ ഉപഭോഗം കൂടുതല്‍. കേരളത്തില്‍ 90 ശതമാനമാളുകളും മാംസാഹാരം കഴിക്കുന്നവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ പന്നിയിറച്ചിയുടെ ഉപഭോഗം കൂടുതലാണ്. പന്നിയിറച്ചി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് കോഴിയിറച്ചിയും തുടര്‍ന്ന് മാട്ടിറച്ചിയുമാണ്.

എന്നാല്‍ കേരളത്തില്‍ കോഴിയിറച്ചിയ്ക്കാണ് മുന്‍തൂക്കം. രണ്ടാം സ്ഥാനം മാട്ടിറച്ചിയ്ക്ക് തുടര്‍ന്ന ആട്ടിറച്ചിയ്ക്കും, പന്നിയിറച്ചിക്കുമാണ്.
കേരളത്തില്‍ ആളോഹരി ഇറച്ചിയുടെ ഉപഭോഗം ഏതാണ്ട് പ്രതിദിനം 4.8 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് പ്രതിശീര്‍ഷ ആവശ്യകത പ്രതിദിനം 13.8 ഗ്രാമാണ്. ഉല്പാദനവും ലഭ്യതയും തമ്മില്‍ വന്‍ അന്തരം നിലനില്ക്കുന്നു. ഇറച്ചിയുല്പാദന സംസ്‌കരണ മേഖലയിലെ അനന്ത സാധ്യതകളിലേയ്ക്കാണിത് വിരല്‍ചൂണ്ടുന്നത്.

സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലും 75 ശതമാനത്തോളെ നഗരസഭകളിലും മാത്രമെ ശാസ്ത്രീയ അറവുശാലകള്‍ നിലവിലുള്ളൂ. മറ്റുള്ള സ്ഥലങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും, വഴിയോരത്തും, റോഡരികിലുമാണ് ഇറച്ചിവില്പ്പന നടക്കുന്നത്. കശാപ്പിനുമുമ്പ് മൃഗങ്ങളെ വെറ്റിനറി ഡോക്ടറുടെ ആന്റിമോര്‍ട്ടം പരിശോധനയ്ക്കും കശാപ്പിനു ശേഷം ഇറച്ചി ഉപയോഗ്യമാണോ എന്നു തീരുമാനിക്കുന്നതിനുള്ള പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്കും വിധേയമാക്കേണ്ടതുണ്ട്. അശാസ്ത്രീയ അറവു പ്രക്രിയ നടക്കുന്ന സ്ഥലങ്ങളില്‍ ഇവ നടപ്പില്‍ വരുത്തുന്നില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇറച്ചി വൃത്തിഹീനമായ ചുറ്റുപാടില്‍ കശാപ്പുചെയ്തതും, ചിലപ്പോള്‍ രോഗം ബാധിച്ചതും ചത്തതുമായ മൃഗങ്ങളില്‍ നിന്നുള്ളതായിരിക്കും. ഇതിലൂടെ 200 ഓളം രോഗങ്ങളാണ് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷയം, റാബീസ്, ആന്ത്രാക്‌സ്, ഭക്ഷ്യവിഷബാധ, സാല്‍മൊണല്ലോഡിസ്, ത്വക്ക് രോഗങ്ങള്‍, ആമാശയ അര്‍ബുദം മുതലായവ ഇവയില്‍ ചിലതുമാത്രം.

ശാസ്ത്രീയ അറവു പ്രക്രിയയില്‍ കശാപ്പിനു മുമ്പ് മൃഗങ്ങള്‍ക്ക് വിശ്രമവും, 4 മണിക്കൂര്‍ മുമ്പ് വരെ വെള്ളവും നല്‍കണം. അറവുശാലയുടെ നിലം ടൈല്‍സ് പതിച്ച് വൃത്തിയാക്കിയിരിക്കണം. ഇറച്ചി നിലത്ത് സ്പര്‍ശിക്കാത്ത രീതിയില്‍ തൂക്കിയിട്ട് അറവു പ്രക്രിയ നടത്തണം.അറവുശാലയില്‍ നിന്നും പാഴായിപ്പോകുന്ന എല്ല്, രക്തം, തുകല്‍ എന്നിവ ശാസ്ത്രീയ രീതിയില്‍ സംസ്‌ക്കരിക്കണം. ഇവയില്‍ നിന്നും വിലയേറിയ ഔഷധങ്ങള്‍, വളം, ലെതര്‍ ഉല്പന്നങ്ങള്‍ മുതലായവ നിര്‍മ്മിക്കാം. ഇവ പാഴാക്കുന്നതിലൂടെ 500 കോടിയിലധികം രൂപയുടെ പ്രതിവര്‍ഷ സാമ്പത്തിക നഷ്ടത്തിനിടവരുന്നു.

ഇറച്ചി സംസ്‌കരണ മേഖലയില്‍ ഭക്ഷ്യസുരക്ഷിത്വം ഉറപ്പുവരുത്താന്‍ ഹാസിപ്പ്, ജി.എം.പി., ജി.ആര്‍.പി. നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ശാസ്ത്രീയ പായ്ക്കിംഗ്, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ അളവില്‍ ലഭിക്കാനുള്ള Divisibility പ്രക്രിയ എന്നിവ അത്യന്താപേക്ഷിതമാണ്. കയറ്റുമതി ലക്ഷ്യമിട്ട യൂണിറ്റുകള്‍ക്കും കേരളത്തില്‍ സാധ്യതകളുണ്ട്. ഇറച്ചിക്കോഴി വില്പന, സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവ കൂടുതലായും പട്ടണപ്രദേശങ്ങളിലും റോഡരികിലുമാണ് പ്രവര്‍ത്തിക്കുന്നത്. മലയാളികളില്‍ അഞ്ച് പേര്‍ക്ക് മാത്രമെ ശിതീകരിച്ച് പായ്ക്ക് ചെയ്ത കോഴിയിറച്ചിയോട് താല്പര്യമുള്ളൂ. കണ്‍മുന്നില്‍ വെച്ച് ഡ്രസ്സ് ചെയ്ത കോഴിയിറച്ചി വാങ്ങാനാണ് ഏവര്‍ക്കും താല്പര്യം. കോഴിയിറച്ചി സംസ്‌കരണ സ്റ്റാളുകള്‍ ടൈല്‍സിട്ട് ശാസ്ത്രീയരീതിയില്‍ രോഗാണുബാധയ്ക്കിടവരാത്ത രീതിയില്‍ നിര്‍മ്മിക്കണം. ശുദ്ധമായ വെള്ളം മാത്രമെ ഉപയോഗിക്കാവൂ.

അറവുശാല, കോഴിയിറച്ചി സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ കഴുകിയ വെള്ളം പൊതുസ്ഥലങ്ങളിലേക്ക് വിടുന്നതാണ് മലിനീകരണത്തിനിടവരുത്തുന്നത്. ഖരമാലിന്യങ്ങള്‍ ഉപോല്പന്നങ്ങളാക്കി മാറ്റാനുള്ള മൂല്യവര്‍ദ്ധിത ഉല്പന്ന പ്രക്രിയ അനുവര്‍ത്തിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, തിരക്കുപിടിച്ച നഗര/പട്ടണ വീഥികള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും നിശ്ചിത അകലത്തിലായിരിക്കണം അറവുശാലകള്‍.

കേരളത്തിലെ അറവുശാലനവീകരണവുമായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ട്ട്മാന്‍ പ്രൊഫസര്‍ രാമസ്വാമി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ തീര്‍ത്തും പ്രായോഗികമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മൃഗങ്ങളെക്കൊണ്ടുവന്ന് കശാപ്പ് ചെയ്ത് ഇറച്ചി വില്പന നടത്തി മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിനു പകരം സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ അറവുശാല സ്ഥാപിച്ച് ഇറച്ചി കേരളത്തിലേയ്ക്ക് ശീതീകരിച്ച് എത്തിയ്ക്കുന്നത് മാലിന്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

താരതമ്യേന ഇറച്ചി ഉപഭോഗം കൂടുതലുള്ള പട്ടണങ്ങളില്‍ നഗരസഭ നേരിട്ടും, ഇറച്ചി ഉപഭോഗം കൂടുതലുള്ള ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് വഴിയും പദ്ധതി നടപ്പിലാക്കാവുന്നതാണ്. ഇറച്ചി ഉപഭോഗം കൂടുതലുള്ള 3-4 പഞ്ചായത്തുകള്‍ക്ക് ഒരു അറവുശാല മതിയാകും.അറവുശാലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനവും, മൂന്ന് മാസത്തിലൊരിക്കല്‍ ആരോഗ്യപരിശോധനയോടൊപ്പം കൈയ്യുറ, മുഖംകൂടി (Facemask) , യൂണിഫോം, ഷൂസ്, എന്നിവയും ലഭ്യമാക്കേണ്ടതാണ്. ആന്റിമോര്‍ട്ടം, പോസ്റ്റ്‌മോര്‍ട്ടം, പരിശോദനയ്ക്ക് വെറ്ററിനറി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം. വലിയ മുതല്‍ മുടക്കിയുള്ള അറവുശാലകള്‍ക്ക് പകരം 5-15 ലക്ഷം രൂപ വരെയുള്ള പരിസ്ഥിതിക്കിണങ്ങിയ ചെറുകിടയൂണിറ്റുകള്‍ സ്ഥാപിക്കാം. ദ്രവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ബയോഗ്യാസ് യൂണിറ്റ് നിര്‍മ്മിക്കാം. മെക്കാനിക്കല്‍, രാസ, ജൈവമലിനീകരണ നിയന്ത്രപ്രക്രിയകള്‍ അവലംബിക്കണം. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗിച്ച് ഇറച്ചി പായ്ക്ക് ചെയ്ത് വിപണനം നടത്താം. ഉല്പാദനച്ചെലവിനാനുപാതികമായി അറവുമൃഗങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ചുമത്തുന്നതും, നികുതി നിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉയര്‍ത്താന്‍ സഹായിക്കും.

സ്വകാര്യപങ്കാളിത്തത്തോടെയുള്ള PPP (Public private partnership) മാതൃകയില്‍ അറവുശാലകള്‍ നിര്‍മ്മിക്കാം. ഈ രംഗത്ത് കേന്ദ്രഭക്ഷ്യ സംസ്‌കരണ മന്ത്രാലയം, APEDA, Dept of Marketing Infrastructure, KSIDC, മൃഗസംരക്ഷണവകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ സാങ്കേതിക/ സാമ്പത്തികസഹായങ്ങള്‍ പ്രയോജനപ്പെടുത്താം.മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇറച്ചിയുടെ ഉപഭോഗം കണക്കിലെടുത്ത് സ്ഥായിയായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇനിയും മറക്കരുത്.

ഡോ. ടി.പി. സേതുമാധവന്‍ (Mathrubhumi Karshikam)

വിചിത്ര ആകൃതിയില്‍ തക്കാളി

കുളത്തൂപ്പുഴ:പച്ചക്കറിക്കടയില്‍നിന്നു വാങ്ങിയ തക്കാളിയുടെ ആകൃതി കൗതുകമായി. ചന്ദനക്കാവ് സ്വദേശിയും വള്ളിക്കാലയില്‍ സ്റ്റുഡിയോ ഉടമയുമായ സുനില്‍ വള്ളിക്കാലയ്ക്കാണ് കൗതുകമുണര്‍ത്തുന്ന തക്കാളി കഴിഞ്ഞ ദിവസം ലഭിച്ചത്.
സാധാരണ വൃത്താകൃതിയിലാണ് തക്കാളി കാണപ്പെടുകയെങ്കില്‍ ഈ തക്കാളിക്ക് രണ്ട് ഇതളുകള്‍ പുറത്തേക്ക് നീണ്ടുനില്‍ക്കുന്നു. ഇതളുകളുടെ ഇടഭാഗം ഉള്ളിലേക്ക് കയറിയ നിലയിലുമാണ്. തക്കാളിക്ക് 30 ഗ്രാമോളം തൂക്കമുണ്ട്.

Mathrubhumi News

Wednesday, September 28, 2011

ജാതിക്ക കൃഷിക്ക് പ്രചാരമേറുന്നു

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന ജാതിക്ക ഇപ്പോള്‍ കാസര്‍കോട് ജില്ലയിലും ചുവടുറപ്പിക്കുന്നു. നല്ല വരുമാനമുള്ള കൃഷിയായതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ പരീക്ഷണാര്‍ഥം ജാതിക്കയിലേക്ക് വരുന്നുണ്ട്. ഇതിന്റെ ചെടി നട്ടാല്‍ അഞ്ച് വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. വിലയ മരമായാല്‍ ഒരു സീസണില്‍ ഒരുമരത്തില്‍നിന്നുതന്നെ വന്‍ തുക വരുമാനം ലഭിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ സമ്മതിക്കുന്നു.
ഇപ്പോള്‍ കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍നിന്നാണ് തൈകള്‍ കൊണ്ടുവരുന്നത്. തൈവില കേട്ടാന്‍ കൈപൊള്ളുമെന്നുമാത്രം. ഒരെണ്ണത്തിന് 400 രൂപ. അത് എത്തിക്കുന്ന ചെലവ് വേറെ. വലിയ കുഴിയെടുത്ത് വളവും ചേര്‍ത്ത് വേണം നടാന്‍. ഈര്‍പ്പമുള്ള മണ്ണിലേ ഉഷാറാകൂ. അതിനാല്‍ കവുങ്ങിന്‍-തെങ്ങിന്‍ തോപ്പുകളിലാണ് നടുന്നത്. ചെറിയ തൈകള്‍ കൊണ്ടവരുന്നവര്‍ ഒന്നുരണ്ട് വര്‍ഷം കൊട്ടകളിലാക്കി നനച്ച് വളര്‍ത്തിയശേഷമാണ് നടാറ്. കവുങ്ങിന്റെയും മറ്റും ഓല വീണാല്‍ ചെടി നശിക്കുമെന്നതിനാലാണ് കുറച്ച് വലുതായശേഷം നടുന്നത്.

ജില്ലയില്‍ ചെങ്കള ഗ്രാമപ്പഞ്ചായത്തില്‍ ജാതിക്ക നന്നായി കൃഷിചെയ്ത് വരുമാനമുണ്ടാക്കുന്നവരുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണില്‍ മരമായി വളര്‍ന്നാല്‍ നിറയെ കായ്ച്ചുതുടങ്ങും. റബ്ബറൊഴികെ മറ്റു കൃഷികള്‍ ലാഭകരമല്ലാത്തതിനാലാണ് പലരും ജാതിക്കയിലേക്ക് മാറുന്നത്. ഇടവിളയായും നടാമെന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. ധാരാളം തോട്ടങ്ങളുള്ള ജില്ലയില്‍ ഇതിന് നല്ല സാധ്യതയുണ്ടെന്ന് കാര്‍ഷിക ശാസ്ത്രജ്ഞരും പറയുന്നു. തെക്കന്‍ ജില്ലകളില്‍ ബഡ്‌ചെയ്ത തൈകള്‍ നഴ്‌സറികളിലൂടെ ധാരാളം വിറ്റുവരുന്നുണ്ട്. ഇവിടെയും നല്ല തൈകള്‍ ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

28.9.2011 Mathrubhumi kasargod News

Tuesday, September 27, 2011

ടൂറിസം ഭൂപടത്തില്‍ ഇടംകിട്ടാതെ ഉറുമ്പിക്കര

 ഇടുക്കി : വേനലിലും ഇടമുറിയാത്ത രണ്ടു വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിയുടെ വരദാനമായി അത്യപൂര്‍വ ദൃശ്യവിരുന്ന്...... ഇതെല്ലാമുണ്ടായിട്ടും പ്രകൃതിയുടെ ഈ പച്ചത്തുരുത്ത് ഇനിയും സര്‍ക്കാരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയില്ല. ഇത് കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയെന്ന പ്രകൃതിരമണീയമായ ഭൂമി. വെമ്പിളിയിലെ പാപ്പാനി, വെള്ളപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും മൊട്ടക്കുന്നുകള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ പ്രദേശത്ത് വിനോദസഞ്ചാരവികസനത്തിന് അനന്തസാധ്യതകളുണ്ട്. സ്വകാര്യ വക്തികള്‍ ഇവിടെ റിസോര്‍ട്ടുകളും കോട്ടേജുകളും പണിതുയര്‍ത്തി വരുമാനം നേടുമ്പോള്‍ വിനോദസഞ്ചാര വകുപ്പുമാത്രം കണ്ണടയ്ക്കുകയാണ്.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഉറുമ്പിക്കര
ഉറുമ്പിക്കരയില്‍നിന്ന് ഏലപ്പാറയ്ക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ഈ പ്രദേശത്തേയ്ക്ക് തേക്കടിയില്‍നിന്നുള്ള സഞ്ചാരികള്‍ക്കും എളുപ്പമെത്താനാകും.
മുണ്ടക്കയത്തുനിന്ന് 22 കി.മീ. മാത്രം അകലെയാണ് ഉറുമ്പിക്കര. ഉറുമ്പിക്കരയിലെ 'ഇരട്ടപ്പാറ' (ട്വിന്റോക്ക്)യില്‍ നിന്നുള്ള ദൃശ്യങ്ങളും മനം കുളിര്‍പ്പിക്കുന്നു. ദിനംപ്രതി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.

27.9.2011 Mathrubhumi Idukki News

വായുമലിനീകരണം ഭീഷണി

ജനീവ: ലോകത്ത് അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും രണ്ടു മില്യന്‍ ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. 91 രാജ്യങ്ങളിലെ 1,100 നഗരങ്ങളിലാണു പഠനം നത്തിയത്.

നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം 15 മടങ്ങുവരെ വര്‍ധിച്ചതായി കണ്ടെത്തി. ഇതുമൂലം ഹൃദ്രോഗം, ക്യാന്‍സര്‍, ആസ്ത് മ, വായു സാംക്രമിക രോഗങ്ങള്‍ എന്നിവ വര്‍ധിച്ചു. വ്യവസായിക മേഖലകളില്‍ താമസിക്കുന്നവരാണ് ഇരകളാകുന്നവരില്‍ ഏറെയും. ഗ്രാമപ്രദേശങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, കുക്കിങ് ഗ്യാസുകള്‍ എന്നിവയെല്ലാം വില്ലന്മാരാകുന്നു.

അന്തരീക്ഷ മലിനീകരണം ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതു ഭാവിയില്‍ വലിയ വിപത്തിനു കാരണമാകുമെന്ന് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നു.

27.9.2011 Metrovaartha

Monday, September 26, 2011

കായലരികിലും കല്ലുവാഴ കുലച്ചു

പാറപ്രദേശങ്ങളില്‍ കാണാറുള്ള കല്ല്‌വാഴ ഉപ്പിന്റെ അംശമേറെയുള്ള കായലരികില്‍ കുലച്ചത് കൗതുകമായി.തൈക്കാട്ടുശ്ശേരി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് കിഴക്ക് തുകലുകുത്തും കടവില്‍ ജനാര്‍ദ്ദനന്റെ വീട്ടുമുറ്റത്താണ് കല്ല്‌വാഴ കൃഷി ചെയ്തത്.

സാധാരണ വളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്. എന്നാല്‍ ശരാശരി വാഴയുടെ ഇരട്ടി പൊക്കമുണ്ടിതിന്. കുലക്കാന്‍ രണ്ടരവര്‍ഷം വേണ്ടിവന്നു. കായലരികില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. എല്ലാത്തരം കൃഷികളും ഇവിടെ പാകാറില്ല. എന്നാല്‍ ഔഷധഗുണമേറെയുള്ള കല്ല്‌വാഴ പ്രതിബന്ധങ്ങള്‍ മറികടന്നു.ഈ വാഴയുടെ ഭാഗങ്ങള്‍ ഉദരരോഗങ്ങള്‍ക്ക് ഉത്തമമാണെന്ന് ആയുര്‍വ്വേദ വൈദ്യന്‍മാര്‍ പറയുന്നു. ആലപ്പുഴയില്‍നിന്ന് കൊണ്ടുവന്ന വിത്ത് പാകിയാണ് ജനാര്‍ദ്ദനന്റെ കുടുംബം കല്ല്‌വാഴ കൃഷി ചെയ്തത്.

26.9.2011 Mathrubhumi Karshikam

ജൊവാനിന്‍സ് തിരവെട്ടി കണ്ണൂര്‍ കടലില്‍

കണ്ണൂര്‍:പക്ഷിനിരീക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി അഞ്ചാമത് കടല്‍പക്ഷി സര്‍വേ സമാപിച്ചു. ആദ്യകടല്‍പക്ഷി സര്‍വേയുടെ ഒന്നാം വാര്‍ഷികമായി സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്തവര്‍ കരയില്‍ നിന്നും 135 കിലോമിറ്ററോളം അകലെവരെ സഞ്ചരിച്ചു. അതീവ വംശനാശഭീഷണിയുള്ള ജെവാനിന്‍സ് തിരവെട്ടിയെ (Jounains Petrel) കണ്ടെത്തിയതാണ് ഈ കടല്‍യാത്രയുടെ പ്രധാനനേട്ടം. കേരളക്കരയില്‍ ചത്ത നിലയില്‍ കണ്ടിട്ടുണ്ടെങ്കിലും ജീവനോടെ ഇതിനെ കാണുന്നത് ആദ്യമാണ്. തവിടന്‍ കാറ്റിളക്കിയെ (Swinhoe's Storm Petrel) യും കണ്ടെത്താന്‍ ഈ യാത്രയില്‍ കഴിഞ്ഞു.

അയിലക്കാക്ക, വില്‍സണ്‍സ് കാറ്റിളക്കി, പരാദമുള്‍വാലന്‍ കടല്‍കാക്ക, കറുത്ത കടലാള, തവിടന്‍ കടലാള, ചെറിയ കടലാള, വലിയ കടലാള, ചോരക്കാലി, ആള, ആളച്ചിന്നന്‍ എന്നീ പക്ഷികളെയും രണ്ടിനം കടല്‍പാമ്പുകളെയും യാത്രയില്‍ നിരീക്ഷകസംഘത്തിന് കാണാന്‍ കഴിഞ്ഞു. ഈ യാത്രകളിലെ വിവരങ്ങള്‍ കോയമ്പത്തൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിക്കും. കേരള ബേഡര്‍, മലബാര്‍ നാച്വറല്‍ സൊസൈറ്റി എന്നിവ തൈക്കടപ്പുറം നൈതലിന്റെ സഹകരണത്തോടെയാണ് കടല്‍പക്ഷി നിരീക്ഷണം സംഘടിപ്പിച്ചത്. ഇരുപത്തിനാലു പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു. ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ട്, പ്രവീണ്‍ ജെ, ദീപു കറുത്തേടത്ത്, പ്രവീണ്‍ നീലേശ്വരം എന്നിവര്‍ നേതൃത്വം നല്‍കി.

സി.സുനില്‍കുമാര്‍  ( 26.9.2011, Mathrubhumi Kannur News)

നൊബേല്‍ ജേതാവ് വങ്കാരി മാത്തായി അന്തരിച്ചു

നെയ്‌റോബി: നൊബേല്‍ സമ്മാന ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ വങ്കാരി മാത്തായി (71) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് നെയ്‌റോബിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നൊബേല്‍ സമ്മാന ജേതാവാകുന്ന ആദ്യ ആഫ്രിക്കന്‍ വനിതയാണ് മാത്തായി. 2004 ലാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്.
2002 ല്‍ എം പിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ കെനിയ പരിസ്ഥിതി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റിന്റെ സ്ഥാപകയാണ്. ആഫ്രിക്കയില്‍ മൂന്നുകോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

മരിക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്തായിയുടെ അടുത്ത് ഉണ്ടായിരുന്നുവെന്ന് ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് അധികൃതര്‍ പറഞ്ഞു. വെറ്റിനറി അനാട്ടമി പ്രൊഫസര്‍ ആയിരുന്ന മാത്തായി 80 കളിലും 90 കളിലും നടത്തിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ലോകശ്രദ്ധ നേടിയത്. 70 കളില്‍ കെനിയയിലെ റെഡ് ക്രോസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Sunday, September 25, 2011

പുഴു കളര്‍ഫുള്‍

കണ്ണൂര്‍: കാക്കടവില്‍ വ്യത്യസ്ത നിറങ്ങളോടുകൂടിയ പുഴുവിനെ കണ്ടെത്തി. കാക്കടവിലെ സുബൈറിന്റെ വീട്ടിന് സമീപത്തെ മരത്തിലാണ് നിറങ്ങളേറിയ പുഴുവിനെ കണ്ടത്. ഇതിനെ കാണാന്‍ ദൂരസ്ഥലങ്ങളില്‍നിന്ന് പോലും ആളുകളെത്തി.

നിങ്ങള്‍ ക്ക് ഈ പുഴുവിനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ തണല്‍ മരത്തെ അറിയിക്കുക.

വിസ്മയമായി ചിത്ര വവ്വാല്‍

മൂവാറ്റുപുഴ: അപൂര്‍വമായി കാണുന്ന ചിത്ര വവ്വാലിനെ ആരക്കുഴ ഗ്രാമത്തില്‍ കണ്ടെത്തി. 'പഴുക്ക വവ്വാല്‍' എന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കുന്ന പെയിന്റസ് ബാറ്റ് (വെസ്​പര്‍ ബാറ്റ്) വവ്വാലിനെ ആരക്കുഴ മഠത്തില്‍ എം.ആര്‍. രാജുവാണ് തന്റെ പുരയിടത്തില്‍ കണ്ടെത്തിയത്.
'കരിവതുല പിക്ട' എന്നാണ് ശാസ്ത്രനാമം. ഷഡ്പദ ഭോജിയായ ഈ വവ്വാലിന്റെ ചിറകുകള്‍ക്ക് കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന നിറമാണ്. പരമാവധി 4.5 സെന്റിമീറ്റര്‍ ശരീരവലിപ്പമുള്ള ഇവയുടെ ചിറകുകള്‍ വിടര്‍ത്തിയാല്‍ 8 സെന്റിമീറ്റര്‍ വരെ വരും.
വാഴത്തോട്ടങ്ങളിലും കമുക് തോട്ടങ്ങളിലും ആണ് ഇവയെ കാണാറുള്ളത്. ഈ വവ്വാല്‍ ഇപ്പോള്‍ വിരളമാണെന്ന് മൂവാറ്റുപുഴ നിര്‍മല കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു. വവ്വാലിനെ രാജു നിര്‍മല കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.

25.9.2011, Mathrubhumi news

ആലപ്പുഴയില്‍ ശീതളപാനീയങ്ങള്‍ക്ക് വീണ്ടും വിലക്ക്

ആലപ്പുഴ: തദ്ദേശീയമായി നിര്‍മിക്കുന്ന ശീതളപാനീയങ്ങള്‍ക്ക് ജില്ലയില്‍ ഞായറാഴ്ചമുതല്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. മഞ്ഞപ്പിത്തം വ്യാപകമായതിനെത്തുടര്‍ന്നാണ് നടപടി. ഒരു മാസത്തേക്കായിരിക്കും നിരോധനം. തദ്ദേശീയമായി നിര്‍മിക്കുന്ന സോഡ, സര്‍ബത്ത്, ജ്യൂസുകള്‍, നാരങ്ങാവെള്ളം എന്നിവയ്ക്കാണ് വിലക്ക്. സിപ്പ്അപ്പും നിരോധിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനയില്‍ മോശം കുടിവെള്ളമുപയോഗിച്ചുകൊണ്ടുള്ള പാനീയങ്ങളുടെ വില്പന കണ്ടെത്തിയാല്‍ കടയുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കളക്ടര്‍ സൗരഭ് ജെയിനാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍-ജൂലായ് മാസങ്ങളില്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചപ്പോഴും അന്ന് ജില്ലാ ഭരണകൂടം രണ്ടുമാസത്തേയ്ക്ക് ശീതളപാനീയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യാപാരികളുടെ ഭാഗത്തുനിന്ന് വ്യാപക എതിര്‍പ്പ് ഉണ്ടായതിനെത്തുടര്‍ന്ന് നിരോധനം ഫലപ്രദമായി നടപ്പാക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും നിരോധനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ജില്ലയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് താത്കാലികമായി നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഞ്ഞപ്പിത്തവും എലിപ്പനിയുമാണ് ജില്ലയില്‍ ഇക്കുറി കടുത്തഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. എലിപ്പനി ബാധിച്ച് ആറുപേരും മഞ്ഞപ്പിത്തം ബാധിച്ച് ഒരാളുമാണ് അടുത്തകാലത്തായി മരിച്ചത്. കൂടാതെ ദിവസേന ശരാശരി മൂന്നും നാലും പേര്‍ക്കുവീതം രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മറ്റുചില പ്രതിരോധനടപടികളും നടപ്പാക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

എലിപ്പനി ബാധിച്ച് അടുത്തിടെ മൂന്നുപേര്‍ മരിച്ച ചേര്‍ത്തല നഗരസഭ, പള്ളിപ്പുറം പഞ്ചായത്ത്, കാവാലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ ബോധവത്കരണപരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും. കുടുംബശ്രീയുമായി ചേര്‍ന്നായിരിക്കും ഇത്. മഞ്ഞപ്പിത്തം തടയുന്നതിനായി ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഇതിനായി എല്ലാ ജലസംഭരണികളും സൂപ്പര്‍ക്ലോറിനേഷന്‍ നടത്തും. മഞ്ഞപ്പിത്തം കൂടുതലായി കണ്ടെത്തിയ തുറവൂര്‍, മുഹമ്മ, മാവേലിക്കര മേഖലകളിലെ ജലസംഭരണികള്‍ ഞായറാഴ്ച മുതല്‍തന്നെ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. മറ്റുള്ള ജലസംഭരണികളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കൂട്ടാനും ധാരണയായി.

സപ്തംബര്‍ 28ന് ജില്ലയില്‍ എല്ലായിടത്തും ശുചീകരണ ദിനമായി ആചരിക്കും. ഇത് തുടര്‍പ്രക്രിയയായി നടത്തിക്കൊണ്ടുപോകും. മാലിന്യങ്ങള്‍ യഥാസമയം നീക്കംചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യനീക്കത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടും. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണവും മറ്റും പരിശോധിച്ച് മോശം ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കും. എല്ലാ വീടുകളിലും ക്ലോറിനേഷന്‍ നടത്താന്‍ ആശാപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള മരുന്ന് ഉറപ്പാക്കാനും ആരോഗ്യവകുപ്പ് അധികൃതരോട് യോഗം നിര്‍ദേശിച്ചു.

സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സതേടുന്നവരുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് ലഭിക്കാത്തതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ എല്ലാ സ്വകാര്യആസ്​പത്രികളും അതത് ദിവസം കൃത്യമായി ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്​പത്രികളിലായി 78 ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇത് അടിയന്തരമായി നികത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ജില്ലയില്‍ 50 പേര്‍ക്ക് ഇതിനകം എലിപ്പനി പിടിപെട്ടിട്ടുണ്ട്. ആറുപേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്ത് എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍.ആര്‍.എച്ച്.എം.) ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്‍. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Mathrubhumi Alappuzha news, 25.9.2011

മാലിന്യം: പെരിയാര്‍വാലി കനാലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

കോതമംഗലം: മാലിന്യം രൂക്ഷമായതിനെ തുടര്‍ന്ന് പെരിയാര്‍വാലി കനാലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷന് സമീപമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.

നൂറുകണക്കിന് ജനങ്ങള്‍ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന ജലമാണ്. കനാല്‍വെള്ളം കടന്നു പോകുന്ന ഭാഗത്തെ കിണറുകളിലേക്ക് കനാലില്‍ നിന്നുള്ള ഉറവ വഴിയാണ് ജലം എത്തുന്നത്.

പള്ളത്തി, ആരോന്‍ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് കനാല്‍ വെള്ളത്തില്‍ ചത്തുകിടക്കുന്നത്.

മത്സ്യ-മാംസ അവശിഷ്ടങ്ങളും മറ്റ് ചപ്പുചവറുകളും രാസമാലിന്യങ്ങളും കൂടിക്കലര്‍ന്നാണ് കനാലില്‍ കിടക്കുന്നത്. ജലത്തിന് കറുപ്പുനിറവും പരിസരമാകെ രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട്. വെള്ളത്തിന് മീതെ കട്ടിയില്‍ ദ്രാവകരൂപത്തില്‍ ഒഴുകി കിടപ്പുണ്ട്.

രണ്ടുവര്‍ഷം മുമ്പ് മഞ്ഞപ്പിത്തമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ച മേഖലയും കൂടിയാണിത്.

ഈ കനാലിന്റെ നെല്ലിക്കുഴി ഭാഗത്ത് രണ്ടാഴ്ചമുമ്പ് മാലിന്യം രൂക്ഷമായതില്‍ വന്‍ ജനരോഷമുയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തധികൃതര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

മഞ്ഞപ്പിത്തവും മലേറിയയും സ്ഥിരീകരിച്ചിട്ടുള്ള നെല്ലിക്കുഴി മേഖലയിലെ പെരിയാര്‍വാലി കനാലുകളില്‍ അടിക്കടിയുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

25.9.2011 Mathrubhumi ernamkulam News

കേരളത്തിന്റെ പച്ചപ്പിന് ഒരു വിലയുമില്ലേ...

കേരളത്തിലെ വനങ്ങളും തോട്ടങ്ങളും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനു നല്‍കുന്ന വന്‍ സംഭാവനകള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഇതു സംബന്ധിച്ച വിദഗ്ധ പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല, വനസംരക്ഷണത്തിന്റെയും പരിസ്ഥിതിയുടെയും പേരില്‍ സംസ്ഥാനത്തിന്റെ പല പദ്ധതികള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്രകൃതിസമ്പത്തും വിഭവങ്ങളും സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംബന്ധമായ ആവശ്യങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 5000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 135.5 കോടി രൂപ (2.7%) മാത്രമാണു കേരളത്തിന്റെ വിഹിതം. അതേസമയം, വനങ്ങളുടെ വിസ്തൃതിയില്‍ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍നില്‍ക്കുന്നു. കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കോണമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് ചെയര്‍മാനും സാമ്പത്തിക വിദഗ്ധനുമായ കെ.കെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്, കേരളത്തിന് ഇതില്‍ കൂടുതല്‍ ഗ്രാന്റായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ്.

വനങ്ങള്‍ക്കു പുറമെ, റബര്‍, കാപ്പി, തേയില തുടങ്ങിയവയുടെ തോട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അര്‍ഹത വീണ്ടും കൂടുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് ഇവയ്ക്കു വലിയ പങ്കുണ്ട്. കേന്ദ്രമന്ത്രി ജയറാം രമേശ് പരിസ്ഥിതി വനംവകുപ്പിന്റെ ചുമതലയിലായിരിക്കെ, കേരളത്തിന് ഗ്രീന്‍ ബോണസ് നല്‍കണമെന്നു പ്രധാനമന്ത്രിയോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

വൈദ്യുതിയുടെ

ഉല്‍പാദനത്തിലും ഉപയോഗത്തിലും പരിസ്ഥിതിക്ക് ഏറ്റവും കുറവ് ദോഷം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. 1980-2000 ലെ ഇന്ധന ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമനുസരിച്ച് കാര്‍ബണ്‍ ഡൈ ഒാക്സൈഡ് പുറത്തുവിടുന്നതില്‍ ഇന്ത്യയിലെ 15 പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളം ഏറ്റവും പുറകില്‍ നില്‍ക്കുന്നു. അതേസമയം, അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതില്‍ സംസ്ഥാനത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. വനഭൂമിയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ഇതിന് 5027 ചതുരശ്ര കിലോമീറ്ററില്‍ റബര്‍ കൃഷിയുണ്ട്. ശാസ്ത്രീയ പഠനമനുസരിച്ച് 21 വര്‍ഷം പ്രായമായ റബര്‍ തോട്ടങ്ങള്‍ക്ക്, വനമേഖലയ്ക്കൊപ്പം കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ആഗിരണം ചെയ്യാന്‍ കഴിയും. റബറിനു പുറമെയാണ് അതിവിശാലമായ കാപ്പി, തേയില, തെങ്ങ്, കശുവണ്ടി തോപ്പുകള്‍. വീടിനോടു ചേര്‍ന്ന പരിസരങ്ങള്‍പോലും ജൈവ വൈവിധ്യംകൊണ്ടു സമ്പന്നം.

ആസൂത്രണ കമ്മിഷനു പുറമെ, രാജ്യാന്തര ഏജന്‍സികളെക്കൂടി ഇക്കാര്യം ബോധ്യപ്പെടുത്തി സംസ്ഥാനത്തിന് സാമ്പത്തികനേട്ടവും ആനുകൂല്യങ്ങളും കൈവരിക്കാമെന്ന് കെ.കെ. ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇവ സംരക്ഷിക്കുന്നതിനുള്ള ചെലവും വനഭൂമി കൃഷിക്കായി ഉപയോഗിക്കാത്തതിലുള്ള നഷ്ടവും വകവച്ചു കിട്ടണം. ജനസാന്ദ്രതയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ പാര്‍പ്പിടപ്രശ്നം രൂക്ഷമാണ്. കൃഷിഭൂമിയുടെ അളവാകട്ടെ, തീരെ കുറവും. ഇന്ത്യയില്‍ ഇത് ശരാശരി 1.32 ഹെക്ടറുള്ളപ്പോള്‍ സംസ്ഥാനത്ത് 0.24 ഹെക്ടര്‍ മാത്രം.

വരുമാനസ്രോതസുകള്‍ മുരടിച്ചുനില്‍ക്കുന്ന കേരളത്തിന്, കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചാല്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണു പഠനം നിര്‍ദേശിക്കുന്നത്. വനസംരക്ഷണം മൂലമുള്ള വരുമാന നഷ്ടം, വര്‍ധിച്ച ചെലവ്, രാജ്യത്തിന് പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുന്നതില്‍ നല്‍കുന്ന സംഭാവന എന്നിവയെല്ലാം വകവച്ചു കിട്ടേണ്ടതാണ്. കൃഷിക്കാര്‍ക്കും ഇതിന്റെ പങ്കു നല്‍കാം. 'ഗ്രീന്‍ ബോണസ് പോലെ 'കാര്‍ബണ്‍ ക്രെഡിറ്റും കാര്‍ഷിക മേഖലയ്ക്കു പുതിയൊരു അവസരം തുറന്നുകൊടുക്കുന്നു.

ആഗോളതാപനത്തിന് വഴിവയ്ക്കുന്ന ഹരിത വാതകമായ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതില്‍ ലോകമെമ്പാടും ആശങ്കയുണ്ട്. ഇൌ വില്ലനെ കാര്‍ബണ്‍ ക്രെഡിറ്റ് എന്ന കച്ചവടച്ചരക്കാക്കിയാണ് രാജ്യങ്ങളും കമ്പനികളും കൃഷിക്കാരുമൊക്കെ നേട്ടമെടുക്കുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന്റെ തോതുമായി ബന്ധിപ്പിച്ച യൂണിറ്റുകള്‍ അവധി വിപണിയില്‍ വില്‍ക്കാനും വാങ്ങാനും വേദിയുണ്ട്. വന്‍ വ്യവസായവികസനം നേടിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇതിന്റെ മുഖ്യ വാങ്ങലുകാര്‍. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ പുറകില്‍ നില്‍ക്കുന്ന ഇന്ത്യയും ചൈനയും വില്‍പനയില്‍ മുന്നിലുണ്ട്.

എം.ഡി.വര്‍ഗീസ്(Manoramaonline Thrissur)

Saturday, September 24, 2011

നദികളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനവുമായി പ്ലാനറ്റേറിയം

കോഴിക്കോട്: വെള്ളമായും വെളിച്ചമായും ജീവന്‍റെ തുടിപ്പായും മാറുന്ന നദികളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനവുമായി പ്ലാനറ്റേറിയം. നദി കുടിവെള്ളമാകുന്നത്, കൃഷിയുടെ ജീവ ജലമാകുന്നത്, അണക്കെട്ടുകളില്‍ നിന്നും വൈദ്യുതിയാവുന്നത്, വ്യവസായത്തിനുതകുന്നത്, ജലഗതാഗതമാകുന്നത് പിന്നെ വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളുമാകുന്നത്... ഇങ്ങനെ നദിയുമായി ബന്ധപ്പെട്ട നാനാമേഖലകളെ അനാവരണം ചെയ്യുന്നതാണ് ഇന്നലെ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ തുടങ്ങിയ പ്രദര്‍ശനം.

രാജ്യത്തെ മുഴുവന്‍ ശാസ്ത്രകേന്ദ്രങ്ങളേയും ലക്ഷ്യമിട്ടു കോല്‍ക്കൊത്ത കേന്ദ്രം ആവിഷ്കരിച്ച നദിപ്രദര്‍ശനം ചെന്നൈയില്‍ നിന്നാണ് കോഴിക്കോട്ടെത്തിയത്. ഒക്റ്റോബര്‍ 30വരെയാണു പ്രദര്‍ശനം. പരമശിവന്‍റെ അഴിച്ചിട്ട മുടിയിലേക്ക് പതിക്കുന്ന ഗംഗയുടെ പുരാണകഥയുടെ സാക്ഷ്യപത്രമായി രവിവര്‍മ വരച്ച പെയിന്‍റിംഗ്പോലും പ്രദര്‍ശനത്തിലുണ്ട്.

ഇതിനൊപ്പം കോഴിക്കോട് പ്ലാനറ്റേറിയം രൂപകല്‍പന ചെയ്ത 17ാമത്തെ പ്രദര്‍ശനമായ പ്രപഞ്ച സീമയ്ക്കും ഇന്നലെ തുടക്കമായി. പ്രപഞ്ചത്തിന്‍റെ അതിരുകള്‍ തേടിയുള്ള ഒരന്വേഷണമാണ് പ്രദര്‍ശനത്തിലൂടെ അനാവരണം ചെയ്യുന്നതെന്നു മേഖലാ ശാസ്ത്രകേന്ദ്രം ഡയരക്ടര്‍ വി.എസ്. രാമചന്ദ്രന്‍ പറഞ്ഞു.

24.9.2011 Metrovaartha News

Friday, September 23, 2011

പശ്ചിമഘട്ടത്തില്‍ മത്സ്യയിനങ്ങള്‍ക്ക് മരണമണി

കോഴിക്കോട് : പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥ കൂട്ടത്തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. മലിനീകരണവും അമിതചൂഷണവും ജൈവഅധിനിവേശവും മൂലമുണ്ടായ പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍, മേഖലയിലെ ഏറെ മത്സ്യയിനങ്ങളും മറ്റ് ശുദ്ധജല ജീവിവര്‍ഗങ്ങളും സസ്യജാതികളും ഭൂമുഖത്തുനിന്ന് താമസിയാതെ അപ്രത്യക്ഷമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

പശ്ചിമഘട്ടമേഖലയിലെ മത്സ്യങ്ങള്‍, കക്കയിനങ്ങള്‍, തുമ്പികള്‍, സസ്യജാതികള്‍ എന്നിങ്ങനെ, ശുദ്ധജല ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണിയെക്കുറിച്ച് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു.സി. എന്‍.) ആണ് പഠനം നടത്തിയത്. മേഖലയില്‍ ശുദ്ധജല ആവാസവ്യവസ്ഥയുടെ ഭാഗമായ സസ്യ-ജീവിയിനങ്ങളില്‍ 16 ശതമാനവും കടുത്ത ഭീഷണി നേരിടുകയാണെന്ന് ഐ.യു.സി.എന്‍. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. സംഘടനയുടെ 'ചുവപ്പുപട്ടിക' യില്‍ ഇടംനേടാന്‍ യോഗ്യതയുള്ളതാണ് ഇത്രയും ഇനങ്ങള്‍.

'ബയോളജിക്കല്‍ ഹോട്ട്‌സ്‌പോട്ടാ' യി നിര്‍ണയിക്കപ്പെട്ട ഇടമാണ് പശ്ചിമഘട്ടം. അത്തരമൊരു മേഖലയില്‍ തന്നെ ജീവിവര്‍ഗങ്ങളും സസ്യയിനങ്ങളും ഇത്ര ഗുരുതരമായ വംശനാശഭീഷണി നേരിടുന്നത് ഭീതിയുണര്‍ത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ശുദ്ധജലയിനങ്ങളില്‍ മത്സ്യങ്ങളാണ് ഏറ്റവും കടുത്ത ഭീഷണി നേരിടുന്നത്. 37 ശതമാനം ശുദ്ധജല മത്സ്യയിനങ്ങളും കടുത്ത ഭീഷണിയിലാണ്.
ശുദ്ധജല മത്സ്യയിനങ്ങളില്‍ 'കറ്റി' യെന്ന് പ്രാദേശികനാമമുള്ള 'ഡെക്കാന്‍ മഷീര്‍' (ടോര്‍ ഖുദ്രീ) ഉദാഹരണമായെടുക്കാം. ഈ മത്സ്യത്തിന് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും മലിനീകരണവും മൂലം ഇവ പശ്ചിമഘട്ടത്തില്‍ ഇന്ന് അപൂര്‍വമായി മാറിയിരിക്കുന്നു. അലങ്കാരമത്സ്യമായി ഉപയോഗിക്കുന്ന 'മിസ് കേരള' ( പുന്റിയസ് ഡെനിസോനീ) യുടെ കഥയും അമിതചൂഷണത്തിന്റേതുതന്നെ. വകതിരിവില്ലാതെ ചൂഷണവും ജലമലിനീകരണവും ഈ മത്സ്യയിനത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണ്.

ഇത് തുടര്‍ന്നാല്‍ സംഭവിക്കുന്ന നഷ്ടം ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ മാത്രമായിരിക്കില്ലെന്ന്, കൊച്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പിലെ രാജീവ് രാഘവന്‍ ചൂണ്ടിക്കാട്ടുന്നു. 'പ്രകൃതി മനുഷ്യന് സൗജന്യമായി നല്‍കുന്ന ഒട്ടേറെ വിലയേറിയ സര്‍വീസുകളും അതുവഴി നഷ്ടമാകും' -അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ശുദ്ധജല ആവാസവ്യവസ്ഥയുടെ അപചയം ഇത്തരം ആവാസവ്യവസ്ഥകളെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ സമൂഹങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് ഐ.യു.സി.എന്‍. പറയുന്നു. പശ്ചിമഘട്ട മേഖലയിലെ മത്സ്യയിനങ്ങളില്‍ 56 ശതമാനവും ശുദ്ധജല കക്കയിനങ്ങളില്‍ 18 ശതമാനവും തദ്ദേശവാസികള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവയാണ്. മേഖലയിലെ ശുദ്ധജല സസ്യയിനങ്ങളില്‍ 28 ശതമാനം ഔഷധങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവയുടെ നാശം, ഈ സ്രോതസ്സുകളെ ആശ്രയിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭീഷണിയാകും-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



23.9.2011 Mathrubhumi Kerala News

കുട്ടിക്കുരങ്ങനും നായ്ക്കുട്ടിയും തമ്മില്‍ അപൂര്‍വസൗഹൃദം

കൊല്ലം: അമ്മക്കുരങ്ങ് ഉപേക്ഷിച്ച കുരങ്ങിനു തുണയായത് നായ്ക്കുട്ടി. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിട്ടുള്ള കുളത്തൂപ്പുഴ ആര്‍.പി.എല്ലിലാണ് ഈ അപൂര്‍വസൗഹൃദം.

ആര്‍.പി.എല്‍.റബര്‍ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ രാജശേഖരനാണ് എസ്റ്റേറ്റില്‍നിന്ന് ഈ കൂട്ടുകാരെ കണ്ടെത്തിയത്. ഇരുവരെയും രാജശേഖരന്‍ അഭയഗിരിയിലുള്ള തന്റെ ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിച്ചു.

അവിടെയും ഇവര്‍ ഒന്നിച്ചുതന്നെയാണ്. നായ്ക്കുട്ടിയുടെ അടിവശത്ത് തലകീഴായാണ് കുട്ടിക്കുരങ്ങന്‍ തൂങ്ങിക്കിടക്കുന്നത്. മനുഷ്യരുമായി അടുത്തിടപഴകുന്ന ഇരുവരും സ്വന്തം വര്‍ഗക്കാരെ അടുപ്പിക്കാറില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓമനകളായിരിക്കുകയാണ് ഇരുവരും. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കലഹമില്ലാതെ പങ്കിട്ടു കഴിക്കുന്നത് അപൂര്‍വകാഴ്ചയാണ്. കുരുങ്ങുകളുടെ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന തൊഴിലാളികളും ഇവരുടെ സൗഹൃദം.



23.9.2011 Mathrubhumi Kollam News

Thursday, September 22, 2011

കടലാമ സംരക്ഷണപ്രവര്‍ത്തന സെമിനാര്‍.

ചാവക്കാട്: ഗ്രീന്‍ ഹാബിറ്റാറ്റിന്റെയും ചാവക്കാട് നഗരസഭ, ദക്ഷിണ്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങളെക്കുറിച് സെമിനാര്‍ നടത്തി. സെമിനാര്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാന കടലാമ പ്രജനനകേന്ദ്രമായാണ് ചാവക്കാട് കടല്‍തീരം കണക്കാക്കുന്നതെന്നും തീരത്തെ 60 ശതമാനത്തോളം കൂടുകളും വിവിധ കാരണങ്ങളാല്‍ നശിപ്പിക്കപ്പെടുകയാണെന്നും ദക്ഷിണിലെ ടര്‍ട്ടിന്‍ സയന്റിസ്റ്റ് സാജന്‍ ജോണ്‍ പറഞ്ഞു. സെമിനാറില്‍ കേരളത്തിലെ കടലാമകളെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.ഡബ്ല്യു.എഫ്. ജില്ലാ സെക്രട്ടറി ജെയിന്‍ ജെ. തേറാട്ടില്‍, കെ.പി. ജോസഫ്, നിസാര്‍ മരതയൂര്‍, എന്‍.ജെ. ജെയിംസ്, അസീസ് മന്ദലാംകുന്ന്, കെ. പ്രകാശന്‍, എന്‍.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി.

മുറ്റത്ത് വളര്‍ത്താം കുമ്പളവള്ളി

ആഷ്‌ഗോഡ,വൈറ്റ്‌ഗോഡ്,വിന്റര്‍ മെലണ്‍ എന്നിങ്ങനെയെല്ലാം ഇംഗ്ലീഷില്‍ അറിയപ്പെടുന്ന കുമ്പളം ജനുവരി-മാര്‍ച്ച്, സെപ്തംബര്‍- ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷി ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ എല്ലായിടത്തും ഇത് വളരും. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യത്തെ 3-4 മഴക്കുശേഷം വിത്ത് നടണം.

കെ.എ.യു ലോക്കല്‍ (ഇടത്തരം വലിപ്പമുള്ള നീണ്ടുരുണ്ട കായ്കള്‍),ഇന്ദു (ഇടത്തരം വലിപ്പമുള്ള ഉരുളന്‍ കായ്കള്‍) എന്നീ ഇനങ്ങളിലുള്ള കുമ്പളച്ചെടികളാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്.ഒരു സെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കുവാന്‍ 4 ഗ്രാം വിത്ത് മതി. ചെടി നടുന്നതിന് മുമ്പ് സ്ഥലം നന്നായി കിളച്ച് നിരപ്പാക്കിയ ശേഷം മണ്ണില്‍ കുമ്മായം ചേര്‍ക്കണം. ഒരാഴ്ചയ്ക്കുശേഷം അടിവളം കൊടുത്ത് വിത്ത് നടാവുന്നതാണ്. അടിവളമായി കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ നല്‍കാം.വെള്ളത്തിലിട്ട് കുതിര്‍ത്ത വിത്ത് കുഴികളെടുത്ത് നടാം.

കുഴികള്‍ തമ്മില്‍ 2 മീറ്ററും വരികള്‍ തമ്മില്‍ 4.5 മീറ്ററും അകലം വേണം. ഓരോ കുഴിയിലും നാലോ അഞ്ചോ വിത്ത് നട്ട് അവ മുളച്ച് കഴിഞ്ഞാല്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകള്‍ നിര്‍ത്തി ബാക്കി പിഴുത് മാറ്റാം.

വളപ്രയോഗം

രണ്ടും മൂന്നും ഘട്ടമായി ഒരുകിലോഗ്രാം കപ്പലണ്ടി പിണ്ണാക്ക് വള്ളി വീശുമ്പോഴും പൂവിടുന്ന സമയത്തും നല്‍കാം.ചെടിയുടെ ചുവട്ടില്‍ കളകള്‍ വളരുവാന്‍ അനുവദിക്കരുത്. ചെടികള്‍ വള്ളി നീട്ടിക്കഴിഞ്ഞാലുടന്‍ ഓലകള്‍ നിരത്തിയോ ചാക്കുകള്‍ നിരത്തിയോ അതിന്റെ മുകളിലൂടെ വേണം പടര്‍ത്തി വിടാന്‍. കുമ്പളച്ചെടിയെ പന്തലിട്ടും വളര്‍ത്താവുന്നതാണ്.

വിത്ത് നട്ട് 45 ദിവസം കഴിയുമ്പോള്‍ ചെടികള്‍ പൂവിടും.വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 34 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുകൊടുക്കണം.
കീടങ്ങളും നിയന്ത്രണവും

കുമ്പളച്ചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ഇലപ്പേന്‍, മൃദുരോമപൂപ്പല്‍, പുഴുക്കുത്ത് എന്നിവയാണ്.ഇലപ്പേനിന് പ്രതിവിധിയായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്‍കാം.

ചെടികള്‍ മൊത്തമായും മഞ്ഞനിറം ബാധിച്ച് ഉണങ്ങി നശിക്കുന്ന വാട്ടരോഗം ബാധിക്കാതെ 'ചാണകപ്പാല്‍' ലായനി തളിച്ചു കൊടുക്കുകയോ, 0.05 ശതമാനം വീര്യമുള്ള മാലത്തിയോണോ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ലായനിയോ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യാം. കുമിള്‍നാശിനി, കീടനാശിനി എന്നിവ ഉപയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിന് മുന്‍പ് കായ്കള്‍ വെള്ളത്തില്‍ നന്നായി കഴുകണം.

കുമ്പളത്തിന്റെ ഔഷധ ഗുണങ്ങള്‍

വളരെ ഔഷധഗുണമുള്ള ഫലമാണ് കുമ്പളങ്ങ.വള്ളികളിന്മേല്‍ ഉണ്ടാകുന്ന ഫലങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് കൂശ്മാണ്ഡം അഥവാ കുമ്പളങ്ങ. കായ, തൊലി, ഇല, നീര്, കുരു എന്നിവയാണ് ഗ്രാഹ്യാംശം. ആയുര്‍വേദത്തിലെ ഫലപ്രദമായ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട കൂശ്മാണ്ഡരസായനത്തിലെ പ്രധാന ചേരുവ കുമ്പളങ്ങയാണ്. പ്രകൃതിചികിത്സകരുടെ ഔഷധങ്ങളില്‍ കുമ്പളങ്ങയ്ക്ക് അഗ്രിമസ്ഥാനം ഉണ്ട്.

ആനാഹം, അമ്ലപ്പിത്തം മുതലായ രോഗങ്ങളില്‍ കാലത്ത് വെറുംവയറ്റില്‍ കുമ്പളങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് പരിണാമശൂല (പെപ്റ്റിക് അള്‍സര്‍)യ്ക്കും ഫലംചെയ്യും. രക്തം ചുമച്ചുതുപ്പുന്നതിനു കുമ്പളങ്ങാനീര് ഫലപ്രദമാണ്.

കുമ്പളത്തിന്റെ വള്ളി ഇലയോടെ കഷായംവെച്ച് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചുട്ടുനീറ്റല്‍, മൂത്രതടസ്സം എന്നിവ മാറുന്നതാണ്. ചുണങ്ങിനു കുമ്പളവള്ളി ചുട്ട ഭസ്മം ഗോമൂത്രത്തില്‍ ചാലിച്ചു പുരട്ടിയാല്‍ ഫലം കിട്ടും.

കുമ്പളത്തിന്റെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് പൊള്ളിയ സ്ഥലത്ത് ധാരചെയ്താല്‍ പൊള്ളല്‍മൂലമുള്ള ഭവിഷ്യത്ത് ഒഴിവാക്കുവാന്‍ സാധിക്കുന്നതാണ്. കുമ്പളങ്ങ അരച്ച് നാഭിയില്‍ പുരട്ടിയാല്‍ മൂത്രതടസ്സം തീര്‍ന്ന് മൂത്രം പോകും.

കുമ്പളങ്ങാത്തൊലി ഇടിച്ചുപിഴിഞ്ഞ് എടുത്ത ഒരൗണ്‍സ് നീരില്‍ 200 മില്ലിഗ്രാം കുങ്കുമപ്പൂവും 10 ഗ്രാം തവിടും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള്‍ കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതാണ്.

കൊത്തമല്ലി, ജീരകം, ഇലമങ്ഗം, ചുക്ക് ഇവ സമം പൊടിച്ച് 10 ഇരട്ടി കുമ്പളങ്ങാ അരച്ചുചേര്‍ത്ത് നെയ്യും ചേര്‍ത്ത് നെയ്യിന്റെ നാലിരട്ടി വെള്ളവും കലര്‍ത്തി കാച്ചി പഞ്ചസാരയും ചേര്‍ത്ത് ലേഹ്യപാകമാക്കുക. ഇത് പതിനഞ്ച് ഗ്രാം വീതം രാവിലെയും രാത്രിയും സേവിച്ചാല്‍ ദേഹപുഷ്ടിയുണ്ടാകും.
രോഗമുള്ള എല്ലാവര്‍ക്കും കുമ്പളങ്ങ കഴിക്കുന്നത് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും ഇത് നിഷിദ്ധമല്ല. കുമ്പളങ്ങയുടെ ഉള്ളിലുള്ള കുരു നാടവിരകള്‍ക്ക് പ്രത്യൗഷധമാണ്.

മധുരരസം. ഗുരുവും രൂക്ഷവുമാണ്. ശീതവീര്യം, പാകത്തില്‍ മധുരം. രക്തപിത്തത്തെ ശമിപ്പിക്കും. മലബന്ധം ഉണ്ടാക്കും. അഗ്നിയെ വര്‍ധിപ്പിക്കും. കഫവാതങ്ങളെ നശിപ്പിക്കും.

കടപ്പാട്-കേരളത്തിലെ ഔഷധച്ചെടികള്‍ (മാതൃഭൂമി ബുക്‌സ്) ഡോ. കെ.ആര്‍.രാമന്‍നമ്പൂതിരി
Mathrubhumi Karshikam 22.9.2011

Wednesday, September 21, 2011

കടലില്‍ വീണ്ടും രൂക്ഷഗന്ധം; കാരണം ജൈവപ്ലവം

തിരുവനന്തപുരം: ശംഖുംമുഖം ഭാഗത്ത് കടലില്‍ നിന്ന് ചൊവ്വാഴ്ച വീണ്ടും രൂക്ഷഗന്ധമുണ്ടായത് തീരദേശവാസികളില്‍ ആശങ്ക പരത്തി. തീരത്ത് അടിഞ്ഞുകയറിയ പശപോലുള്ള വസ്തു പലരുടെയും കാലില്‍ ഒട്ടിപ്പിടിക്കുകയും ചെയ്തു. ക്യാബേജ് മുറിച്ചാലുണ്ടാവുന്ന പോലുള്ള ഗന്ധമാണ് അനുഭവപ്പെട്ടത്.ആല്‍ഗകള്‍ എന്നറിയപ്പെടുന്ന ജൈവപ്ലവം അഥവാ പായല്‍ ചീയുന്നതാണ് ദുര്‍ഗന്ധത്തിനു കാരണമെന്ന് കേരള സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് മറൈന്‍ ബയോ ഡൈവേഴ്‌സിറ്റി മേധാവിയായ ഡോ.കെ.പദ്മകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശങ്ങളില്‍ അടുത്തിടെ തുടര്‍ച്ചയായി അനുഭവപ്പെടുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസിന്റെ സഹകരണത്തോടെ ഗവേഷണം നടത്തുകയാണദ്ദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഡോ.പദ്മകുമാര്‍ ചൊവ്വാഴ്ച തുമ്പയിലെത്തി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഫിയോസിസ്റ്റിസ് എന്ന മൈക്രോ ആല്‍ഗയാണ് കടലിലെ ദുര്‍ഗന്ധത്തിനു കാരണമെന്ന് കൊല്ലം, തുമ്പ, ശംഖുംമുഖം, വലിയതുറ, വിഴിഞ്ഞം മേഖലകളില്‍ ഇതുവരെ നടന്ന പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. 750 ദശലക്ഷം വര്‍ഷം മുമ്പ് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ഫിയോസിസ്റ്റിസ് ആറു തരമുണ്ട്. ഫിയോസിസ്റ്റിസ് അന്റാര്‍ട്ടിക്ക, ഫിയോസിസ്റ്റിസ് കോര്‍ഡാറ്റ, ഫിയോസിസ്റ്റിസ് ഗ്ലോബോ, ഫിയോസിസ്റ്റിസ് ജാഹ്നീ, ഫിയോസിസ്റ്റിസ് പൗഷെറ്റി, ഫിയോസിസ്റ്റിസ് സ്‌ക്രോബിക്യുലാറ്റ എന്നിവയാണ് വകഭേദങ്ങള്‍. ഒരു കോശവും ബഹുകോശവുമായി പലതരം ജൈവരൂപങ്ങളും ഇവയ്ക്കുണ്ട്.

മീന്‍പിടിത്തക്കാരുടെ വല കേടാക്കുന്നതിനാല്‍ 'ശല്യക്കാരന്‍ പായല്‍' എന്ന പേര് ഫിയോസിസ്റ്റിസിനുണ്ട്. കാലാവസ്ഥയുടെ ജൈവനിയന്ത്രണത്തിനു സഹായിക്കുന്നു എന്നതിനാല്‍ ഇവ പാരിസ്ഥിതികമായി പ്രധാനപ്പെട്ടവയാണ്. ഡൈമീതൈല്‍ സള്‍ഫൈഡ് പ്രൊപ്യൊണേറ്റ് പുറത്തുവിടുന്നതു വഴി ആഗോള സള്‍ഫര്‍ ബജറ്റില്‍ തന്ത്രപ്രധാനമായ പങ്ക് ഫിയോസിസ്റ്റിസ് വഹിക്കുന്നു. എന്നാല്‍, ഇവ ചീഞ്ഞു തുടങ്ങുമ്പോള്‍ മെറ്റബൊളൈസേഷന്‍ എന്ന പ്രക്രിയ നടക്കുന്നതിനാല്‍ പുറത്തുവരുന്നത് ഡൈമീതൈല്‍ സള്‍ഫൈഡ് ആകുന്നു. ഇതാണ് കാബേജ് അരിയുമ്പോഴുള്ള ഗന്ധം വമിപ്പിക്കുന്നത്.
മാലിന്യം നിമിത്തം സമുദ്രജലത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നതാണ് തിരുവനന്തപുരം, കൊല്ലം തീരങ്ങളില്‍ ഫിയോസിസ്റ്റിസ് വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. രാസവളങ്ങളിലെ നൈട്രജനും സോപ്പ് പോലുള്ളവയിലെ ഫോസ്ഫറസും ഒഴുകി കടലിലെത്തുന്നത് അടുത്തിടെ വര്‍ദ്ധിച്ചു. ഇവയ്‌ക്കൊപ്പം തീരദേശങ്ങളിലെ വന്‍കിട വ്യവസായശാലകളില്‍ നിന്നു മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്നതും ഈ പ്രതിഭാസത്തിനു കാരണമാണ്.



21.9.2011, Mathrubhumi Thiruvananthapuram News

പ്ലാസ്റ്റിക് പുനഃചംക്രമണ പ്ലാന്റ്: ടെന്‍ഡര്‍ നടപടിയാവുന്നു


കോഴിക്കോട്: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിക്കുന്ന പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റ് ഏറ്റെടുത്ത് നടത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നു.
മൂന്നുകൊല്ലത്തേക്കാണ് ടെന്‍ഡര്‍. പ്രസ്തുത മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അപേക്ഷിക്കാം. കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ അനുസരിച്ചായിരിക്കും യൂണിറ്റ് ഏറ്റെടുത്തു നടത്തേണ്ടത്. ഇതുസംബന്ധിച്ച് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി എടുത്ത തീരുമാനം കൗണ്‍സില്‍ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്.
വെസ്റ്റ്ഹില്‍ വ്യവസായ എസ്റ്റേറ്റിലാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. 220 സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയില്‍ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. കെ.എസ്.യു.ഡി.പി. പദ്ധതിയില്‍പ്പെടുത്തി യന്ത്രസാമഗ്രികള്‍ സ്ഥാപിക്കും. കെട്ടിടത്തിലേക്കുള്ള വൈ്യുതി കണക്ഷന്‍ ഏറ്റെടുത്ത് നടത്താനുള്ള ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഉത്തരവ് കോര്‍പ്പറേഷനു ലഭിച്ചത്.
പ്ലാസ്റ്റിക് പുനഃചംക്രമണത്തിനാവശ്യമായ കെട്ടിടവും ഒമ്പത് യന്ത്രങ്ങളും കോര്‍പ്പറേഷന്‍ നല്‍കും. പ്ലാന്റ് ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്നവര്‍ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് സംസ്‌കരിക്കണം. പരിസ്ഥിതിക്ക് ദോഷം വരാത്തതരത്തിലായിരിക്കണം ഇത്. മാലിന്യം ചേര്‍ന്ന പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഇതിനാവശ്യമായ അനുബന്ധയന്ത്രങ്ങള്‍ ടെന്‍ഡര്‍ എടുക്കുന്ന വ്യക്തിയോ സ്ഥാപനമോ സ്ഥാപിക്കണം.
പ്ലാസ്റ്റിക് ശേഖരണവും സംസ്‌കരണവും കുടുംബശ്രീയെ ഏല്പിക്കുന്ന കാര്യം കോര്‍പ്പറേഷന്‍ ഒഴിവാക്കിയിട്ടുമുണ്ട്.

21.9.2011, Mathrubhumi Kozhikkod News

മലബാര്‍ കലാപം: കിഴക്കന്‍ ഏറനാട്ടിലെ ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്‌


കാളികാവ്: മലബാര്‍ കലാപത്തിന്റെ അലയൊലികള്‍ ഏറ്റെടുത്ത് വെള്ളപ്പട്ടാളത്തിനെതിരെ ധീരമായ ചെറുത്തുനില്പ് നടത്തിയ കിഴക്കന്‍ ഏറനാട്ടുകാരുടെ ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്. പൂക്കോട്ടൂരില്‍ തുടങ്ങിവെച്ച കലാപത്തിന് ആവേശം പകര്‍ന്നത് കിഴക്കന്‍ ഏറനാട്ടിലെ സമരനായകരായ ചെമ്പ്രശ്ശേരി തങ്ങളും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, തുവ്വൂര്‍, കരുവാരകുണ്ട്, കാളികാവ്, പുല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് മലബാര്‍ കലാപത്തിന്റെ സമരനാളം ആളിപ്പടര്‍ന്നത്.

വെള്ളപ്പട്ടാളം തമ്പടിച്ചിരുന്ന കരുവാരകുണ്ടിലെ സൈനികകേന്ദ്രം ആക്രമിച്ചാണ് സമരപോരാളികള്‍ ആയുധം സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ അധീനതയിലുണ്ടായിരുന്ന പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍ ഈറ്റണ്‍ സായിപ്പിന്റെ കൊലപാതകത്തോടുകൂടിയാണ് സമരത്തെ എന്ത് വിലകൊടുത്തും നേരിടാന്‍ സൈന്യം തയ്യാറായത്. പോരാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ കൊന്നൊടുക്കിയ സൈന്യം മരിച്ചവരെ തുവ്വൂരിലെ ഒരു കിണറ്റില്‍ തള്ളി.

ജനങ്ങളില്‍ സമരാവേശം പടര്‍ത്തുന്നതിന് മലവാരത്തില്‍ ഒളിച്ച ഈറ്റണ്‍ സായിപ്പിന്റെ തലവെട്ടിയെടുത്ത് കുന്തത്തില്‍ കുത്തി കാളികാവില്‍ നാട്ടിയിരുന്നു.

പൂക്കോട്ടൂരിലും തിരൂരങ്ങാടിയിലും സമരം തണുത്ത് തുടങ്ങിയിട്ടും കിഴക്കന്‍ ഏറനാട്ടിലെ സമരവീര്യം അണയ്ക്കാന്‍ വെള്ളപ്പട്ടാളം ബുദ്ധിമുട്ടി.

ഒടുവില്‍ ചതിപ്രയോഗത്തിലൂടെ 1922 ജനവരി നാലിന് ചോക്കാടന്‍ മലവാരത്തില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടിയാണ് വെള്ളപ്പട്ടാളം സമരത്തീ കെടുത്തിയത്. സമരനായകന് അഭയം നല്‍കിയ ചീപ്പിപ്പാറയും രക്തസാക്ഷികളുടെ നിണമണിഞ്ഞ തുവ്വൂര്‍ കിണറും ഈറ്റണ്‍ സായിപ്പിന്റെ തലനാട്ടിയ കാളികാവ് ടൗണിലെ സമരമൂലയും വെള്ളപ്പട്ടാളത്തിന്റെ പടയോട്ടത്തിന് വേദിയായ കരുവാരകുണ്ട് കേമ്പിന്‍കുന്ന് സൈനികത്താവളവും കാളികാവ് സ്റ്റേഷന്‍ തുടങ്ങിയ സ്മാരകങ്ങളെല്ലാം വിസ്മൃതിയിലേക്ക് 

21.9.2011 Mathrubhumi malappuram News

Tuesday, September 20, 2011

ഭൂമിയുടെ നഷ്ടതാപം സമുദ്രത്തില്‍ ഒളിക്കുന്നു

ന്യുയോര്‍ക്ക്: ഹരിതഗൃഹവാതക പ്രഭാവത്തിലൂടെ ഭൗമോപരിതലത്തിലെത്തുന്ന താപം എവിടെപ്പോകുന്നു എന്ന നിഗൂഢതയ്ക്ക് ഉത്തരമാകുന്നു. അത് സമുദ്രത്തില്‍ ഒളിക്കുന്നുവെന്നാണ് കൊളറാഡോയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റിസെര്‍ച്ച് കണ്ടെത്തിയിരിക്കുന്നത്.

ഭൗമോപരിതലത്തില്‍നിന്ന് നഷ്ടപ്പെടുന്ന താപം എവിടെപ്പോകുന്നു എന്നത് കാലാവസ്ഥാ ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. അടുത്തകാലത്തായി ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കൂടിയിട്ടും അന്തരീക്ഷത്തിലെ താപനിലയില്‍ കാര്യമായ വ്യത്യാസം വരാത്തത് നിഗൂഢതയേറ്റി. ഭൂമിയിലേക്ക് സൂര്യപ്രകാശം വരുന്നതും ഭൂമിയില്‍നിന്ന് താപം വമിക്കുന്നതും ഉപഗ്രഹചിത്രങ്ങളില്‍നിന്ന് വ്യക്തമായി. ചൂട് പുറന്തള്ളപ്പെടുന്നില്ലെന്നും കണ്ടെത്തി. എന്നിട്ടും ഭൂമിയുടെ ചൂട് കൂടുന്നില്ല.

സമുദ്രപാളികളില്‍ 305 മീറ്ററില്‍ താഴെ കുരുങ്ങിക്കിടക്കുകയാണ് ഈ ചൂട് എന്നാണ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ പത്തുവര്‍ഷമായി ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കൂടിയിട്ടും ഭൂമിയിലെ അന്തരീക്ഷതാപം കൂടാത്തതെന്നാണ് നിഗമനം. വര്‍ഷങ്ങളോളം ഈ നില തുടരാമെന്നാണ് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ ക്ലൈമറ്റ് 
ചെയ്ഞ്ചില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

Mathrubhumi World News, 20.9.2011

Monday, September 19, 2011

വെച്ചൂരിനും കാസര്‍കോടനും പിന്നാലെ വടകര പശുക്കളെയും സംരക്ഷിക്കുന്നു



വടകര: വെച്ചൂര്‍, കാസര്‍കോടന്‍ പശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ വടകരയുടെ തനത് ഇനം പശുക്കള്‍ക്കും നല്ലകാലം വരുന്നു. ഈ പശുക്കളെ സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കി. വടകര പശുക്കള്‍ അന്യംനിന്നുപോകുന്ന സാഹചര്യത്തിലാണ് ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി 1882ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം വടകര പശു സംരക്ഷണ ട്രസ്റ്റ് രൂപവത്കരിച്ചു.

പരമ്പരാഗത കൃഷി-ചികിത്സാ രീതികളെ വീണ്ടെടുക്കാന്‍ വടകരയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന ഹരിതാമൃതം പരിപാടിയുടെ ഭാഗമാണ് ഈ പദ്ധതിയും. 10 പേരാണ് ട്രസ്റ്റിലുള്ളത്.വടകര പശുക്കളെ കണ്ടെത്താന്‍ ട്രസ്റ്റ് ആദ്യം സര്‍വേ നടത്തി. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 31 പശുക്കളെ കണ്ടെത്തിയിട്ടുണ്ട്. എഴുപതോളം വീടുകളില്‍ സര്‍വേ നടത്തിയിരുന്നു.

കാസര്‍കോടന്‍ ഇനത്തേക്കാള്‍ അല്പം ഉയരക്കൂടുതലുള്ളതാണ് വടകര പശു. പാലും കൂടുതല്‍ ലഭിക്കും. ദിവസം മൂന്നു മുതല്‍ നാല് ലിറ്റര്‍ വരെ. പാലിന് നല്ല കൊഴുപ്പുണ്ടാകും. രുചിയിലും വ്യത്യാസമുണ്ട്. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്. ഇപ്പോള്‍ കണ്ടെത്തിയ പശുക്കള്‍ക്കെല്ലാം ഈ പ്രത്യേകതയുണ്ട്.

വിത്തുകാളയെ ഉപയോഗിച്ച് സന്താനോത്പാദനം നടത്തിയവയാണ് ഇവയെല്ലാം. 12 വര്‍ഷം മുമ്പ് മണ്ണുത്തി സര്‍വകലാശാലയിലെ ഡോ.അനില്‍കുമാര്‍ വടകര പശുക്കളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതല്ലാതെ മറ്റൊരു പഠനവും നടന്നിട്ടില്ല.

ഡോ.അനില്‍കുമാറിന്റെ കണ്ടെത്തലുകളും ഇപ്പോഴത്തെ സര്‍വേ റിപ്പോര്‍ട്ടും ട്രസ്റ്റ് പ്രവര്‍ത്തകര്‍ താരതമ്യം ചെയ്താണ് അന്തിമ വിശകലനത്തിലെത്തുക. വളയം, വാണിമേല്‍, വേളം ഭാഗങ്ങളിലാണ് ഇപ്പോള്‍ വടകര പശുക്കള്‍ അവശേഷിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഇതിലും കൂടുതല്‍ പശുക്കള്‍ ഉണ്ടായിരുന്നതായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.ഗിരീഷ്‌കുമാര്‍ പറഞ്ഞു. വളരെ പെട്ടെന്നാണ് ഈ ഇനത്തിന് വംശനാശം സംഭവിക്കുന്നത്. ഈ വര്‍ഗത്തെ നിലനിര്‍ത്തിയശേഷം ശാസ്ത്രീയമായി പഠനം നടത്തുകയാണ് ലക്ഷ്യം.

നിലവില്‍ വടകര പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് അവയെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ് ട്രസ്റ്റ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇവയുടെ ഗുണഗണങ്ങളും വിശദീകരിക്കും. പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. ആരെങ്കിലും വില്പന നടത്തുമ്പോള്‍ ട്രസ്റ്റ് ഇവയെ വാങ്ങി സംരക്ഷിക്കും. ഇതിനായി ഗോശാല തുടങ്ങും. 30 പശുക്കളെയും 10 വിത്തുകാളകളുമുള്ള ഗോശാലയ്ക്കാണ് ലക്ഷ്യം. രണ്ടാം വട്ടത്തില്‍ ഇവയുടെ ബീജം ശേഖരിച്ച് നാടന്‍ ഇനത്തിന്റെ വ്യാപനവും ലക്ഷ്യം വെക്കുന്നു. ഇപ്പോള്‍ തന്നെ ഒരു വിത്തുകാളയെ ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്.

വടകര പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി ട്രസ്റ്റ് സര്‍ക്കാറിനും സമര്‍പ്പിക്കും. സപ്തംബര്‍ 25ന് രാവിലെ 10 മണിക്ക് വടകരയില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനനാണ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. അന്നുതന്നെ ഇത് സംബന്ധിച്ച പദ്ധതി മന്ത്രിക്ക് കൈമാറും.


Mathrubhumi Karshikam, 19.9.2011

Sunday, September 18, 2011

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 120 കോടിയുടെ പദ്ധതി നടപ്പാക്കും -മുഖ്യമന്ത്രി


കൂത്തുപറമ്പ്: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്ത് ഈ വര്‍ഷം 120 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷത്തെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിന്റെ ചെറിയ ശതമാനം മാത്രമേ സംസ്ഥാനത്തിന് വിനിയോഗിക്കാനാവുന്നുള്ളൂ എന്നത് യാഥാര്‍ഥ്യമാണ്. കേന്ദ്രഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 77 കോടിയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 43 കോടികൂടി അനുവദിച്ചത്. ഇതില്‍ അഞ്ചുകോടി കണ്ണൂര്‍ ജില്ലയ്ക്കാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ കൂട്ടായ ശ്രമമാണ് ഇനി വേണ്ടത് -മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായി. കുരുമുളക്-നേന്ത്രവാഴ കൃഷി വ്യാപന പദ്ധതികള്‍, ഫലശ്രീ പദ്ധതി, മഴവെള്ളസംഭരണിക്കുള്ള സഹായധനം എന്നിവ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നാലുപേര്‍ക്കുള്ള സഹായധനവും വിതരണംചെയ്തു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ ഡയറക്ടര്‍ ഡോ.കെ.പ്രതാപന്‍ പദ്ധതി വിശദീകരിച്ചു. 


18.9.2011 Mathrubhumi Kannur News

പത്തുതവളകള്‍ കൂടി


പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു നിന്നും പുതിയ പത്തിനം തവളകളെക്കൂടി കണ്ടെത്തി. ഇതില്‍ നാലെണ്ണം തിരുവനന്തപുരത്തെ ബോണക്കാട് എസ്റ്റേറ്റില്‍ നിന്നാണ് കണ്ടെത്തിയത്.
രണ്ടെണ്ണം ഇടുക്കിയിലെ കടലാര്‍ എസ്റ്റേറ്റില്‍ നിന്നും ഒന്നിനെ പത്തനംതിട്ടയിലെ ഗവിയില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടെണ്ണത്തെ നീലഗിരിയില്‍ നിന്നും കണ്ടെത്തി.
ഇവയെല്ലാം മരത്തവളകളോ മരമേലാപ്പു തവളകളോ ഇലത്തവളകളോ ആണ്. കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ബയോസിസ്റ്റമാറ്റിക്ക എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
റവോര്‍ചെസ്റ്റിസ് അഗസ്ത്യനെന്‍സിസ്, റവോര്‍ചെസ്റ്റിസ് ക്രസ്റ്റെ, റവോര്‍ചെസ്റ്റിസ് കടലാറെന്‍സിസ്, റവോര്‍ചെസ്റ്റിസ് മനോഹരി, റവോര്‍ചെസ്റ്റിസ് രവി, റവോര്‍ചെസ്റ്റിസ് ത്യൂവര്‍കോഫി, റവോര്‍ചെസ്റ്റിസ് തോടൈ, റവോര്‍ചെസ്റ്റിസ് ജോണ്‍സി, ഉത്തമനി, പോളീപിഡേറ്റസ് ബിജു എന്നിങ്ങനെയാണ് ഈ തവളകള്‍ക്കു നല്‍കിയിരിക്കുന്ന ശാസ്ത്രീയനാമം.
ഡോ. അനില്‍ സക്കറിയ, കെ.പി.ദിനേശ്, സി.രാധാകൃഷ്ണന്‍, ഇ.കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ജാഫര്‍ പാലോട്ട്, സി.കെ.വിഷ്ണുദാസ്, സന്ദീപ് ദാസ്, ഡേവിഡ് വി.രാജു എന്നീ ഗവേഷകരാണ് പുതിയ ജനുസില്‍പ്പെട്ട തവളകളെ കണ്ടെത്തിയത്.

Round up kerala News (August 2011)

ഭീമന്‍ മണ്ണിരയെ കണ്ടെത്തി

തൃക്കരിപ്പൂര്‍: അപൂര്‍വമായി മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഭീമന്‍ മണ്ണിരയെ തൃക്കരിപ്പൂരില്‍ കണ്ടെത്തി. നീലംബം പള്ളത്തില്‍ റോഡ്‌ പരിസരത്ത് എന്‍.പി.ഫര്‍സീന്റെ വീട്ടുവളപ്പിലാണ്  അസാധാരണ വലുപ്പത്തിലുള്ള മണ്ണിരയെ കണ്ടെത്തിയത്. അര മീറ്ററോളം നീളമുള്ള വിരക്ക് രണ്ട് സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുണ്ട്. വെളുത്ത നിറമാണ്.
                 ഇരുണ്ട ഇടങ്ങളില്‍ കഴിയുന്നതിനാലാകാം ഇവക്ക് നിറപ്പകര്‍ച്ച ലഭിക്കാത്തതെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ പരാദ ജീവിതം  നയിക്കുന്ന വിരയാവാം ഇതെന്നാണ് ലോക പ്രശസ്ത ചെറു ജീവി പഠന വെബ് സൈറ്റിന്റെ (http://www.whatsthatbug.com/) അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ദാനിയല്‍ അഭിപ്രായപ്പെട്ടു. മറ്റെവിടെയും സമാന ജീവിയെ കുറിച്ചുള്ള വിവരം  ലഭിച്ചില്ലെന്നും അദ്ദേഹം ഇ-മെയില്‍ ആശയ വിനിമയത്തില്‍ സൂചിപ്പിച്ചു.
                  അതേ സമയം, തൃക്കരിപ്പൂരില്‍ കണ്ടെത്തിയ വിര മണ്ണിരയുടെ ജനുസ്സില്‍ പെടുന്നതാണെന്ന് കോഴിക്കോട് സുവളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ ഡോ.ജാഫര്‍ പാലോട്ട് വ്യക്തമാക്കി.  ചിത്രങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്ത ശേഷമാണ് അദ്ദേഹം വിരയെ തിരിച്ചറിഞ്ഞത്. ദ്രാവിഡ നിലമ്പൂരിയന്‍സിസ് എന്നു പേരുള്ള മണ്ണിരയെ ആദ്യമായി നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. പാലക്കാടിന് പുറമെ  ചാലിയാറിന്റെ കരയിലും ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ജാഫര്‍ സൂചിപ്പിച്ചു. പൂര്‍ണ വളര്ച്ചയെത്തിയാല്‍ ഒരു മീറ്ററോളം വളര്‍ന്നേക്കും.

Saturday, September 17, 2011

വയനാട് വന്യജീവി സങ്കേതത്തോട് അധികൃതര്‍ക്ക് അവഗണന

സുല്‍ത്താന്‍ബത്തേരി: ജൈവ വൈവിധ്യത്തിന്റെ കലവറയും വന്യജീവികളാല്‍ സമ്പന്നവുമായ മുത്തങ്ങ വന്യജീവി സങ്കേതത്തെ അധികൃതര്‍ അവഗണിക്കുന്നു. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുമ്പോള്‍ യാതൊരു സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തുന്നില്ല.

ഇവടെയെത്തുന്ന സഞ്ചാരികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കാര്യമായ വികസനം നടത്താന്‍ കഴിയില്ല. ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന വനത്തിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് സോളിങ് ചെയ്ത റോഡാണിത്. ദിവസേന നിരവധി ജീപ്പുകള്‍ സന്ദര്‍ശകരെയും കൊണ്ട് ഇതിലൂടെ പോയി വന്‍കുഴികള്‍ രൂപപ്പെട്ടു. വനം വകുപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് സന്ദര്‍ശകര്‍ക്കായി ബസ്സ് വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ഒരു ബസ്സ് വന്നു. അന്നുതന്നെ കട്ടപ്പുറത്തായി. വനപാതകള്‍ നന്നാക്കാതെ ബസ് വന്നാലും കാര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ മുത്തങ്ങയില്‍ ഉരഗ പാര്‍ക്കിന് രൂപം നല്‍കിയിരുന്നു. കാലം സംരക്ഷിച്ചുവെങ്കിലും പറശ്ശിനിക്കടവ് സംഭവത്തോടെ പദ്ധതി തകര്‍ന്നു. പാമ്പുകളെ വനത്തിലേക്ക് വിട്ടു. പിന്നീട് ഫോറസ്റ്റ് മ്യൂസിയത്തിന്റെ നിര്‍മാണം തുടങ്ങി. ആനയും കടുവയും പുലിയും കരടിയും ഉണ്ടെങ്കിലും സംരക്ഷണത്തിന്റെ കുറവ്മൂലം വേണ്ട രീതിയില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല.

വനം വകുപ്പിന്റെ മറ്റൊരു നല്ല പദ്ധതിയായിരുന്നു ജന്മനക്ഷത്ര മരങ്ങളുടെ സംരക്ഷണം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും അറിയാത്തതുമായ മരങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയും കാര്യമായി നടന്നില്ല. ആനസവാരിയിലൂടെ മുതുമലയും ബന്ധിപ്പൂരും വന്‍ വരുമാനം ഉണ്ടാക്കുമ്പോള്‍ മുത്തങ്ങ കാഴ്ചക്കാരെ പോലെ നില്‍ക്കുകയാണ്.

വയനാട്ടിലെ കാനനസഞ്ചാരമാണ് കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ ആഗ്രഹിക്കുന്നത്.

മൃഗങ്ങളെ ഏറെ കാണാന്‍ കഴിയുന്ന പാത ഉണ്ടെങ്കിലും ഗതാഗതയോഗ്യമല്ല. വന്യജീവികളും മനസ്സിന് കുളിരേകുന്ന അരുവികളും വനമധ്യത്തില്‍ നിറഞ്ഞുനില്ക്കുന്ന തടാകങ്ങളും മുത്തങ്ങയിലല്ലാതെ മറ്റെങ്ങും കാണാനാവില്ല.
വരുമാനത്തിന്റെ കാര്യത്തില്‍ മുത്തങ്ങ മുന്നിലാണ്. ഓരോ വര്‍ഷവും ലക്ഷങ്ങളാണ് വിനോദസഞ്ചാര വരുമാനത്തിലൂടെ ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്കൊപ്പം പോകുന്ന ഗൈഡുകള്‍ക്ക് നേരത്തേ ദിവസക്കൂലിയായിരുന്നു. ഇപ്പോഴും ഒരു ട്രിപ്പിന് 90 രൂപവെച്ചാണ് നല്കുന്നത്. മിച്ചം വരുന്ന ഫണ്ടും വികസനത്തിനായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതിനെല്ലാംപുറമേ ബസ്സുകള്‍ക്ക് 30 രൂപയും ചെറിയ വാഹനങ്ങള്‍ക്ക് 20 രൂപയും ഇരുചക്രവാഹനത്തിന് അഞ്ചുരൂപയും പാര്‍ക്കിങ്ചാര്‍ജും വനംവകുപ്പ് ഈടാക്കുന്നുണ്ട്.
സപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ 3573 മുതിര്‍ന്നവര്‍ സന്ദര്‍ശകരായെത്തി. ഈ ഇനത്തില്‍ 2,14,338 രൂപയും 575 കുട്ടികളില്‍നിന്നായി 17,250 രൂപയും, 715 ജീപ്പുകള്‍ കടന്ന വകയില്‍ 35,750 രൂപയും കിട്ടി. ഈ പത്തുദിവസംകൊണ്ട് 50 വിദേശികളും മുത്തങ്ങ സന്ദര്‍ശിച്ചു. സപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ വയനാട്ടില്‍ കനത്ത മഴയായിരുന്നു. എന്നിട്ടും വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞില്ല.

Mathrubhumi Wayanadu News,17-9-2011

മരം വെട്ടാതിരിക്കാന്‍ 5000 രൂപ; കമലപ്പരുന്തിന്റെ കൂട് കാക്കാന്‍ വനംവകുപ്പ്

വംശനാശ ഭീക്ഷണി നേരിടുന്ന കമലപ്പരുന്ത് എന്ന അപൂര്‍വ്വയിനം പക്ഷിയെ സംരക്ഷിക്കാന്‍ വനം വകുപ്പ് മുന്‍ കൈയെടുക്കുന്നു. ഇതിന്റെ ഭാഗമായി കമലപ്പരുന്ത് കൂട് വെച്ചിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാതിരിക്കാന്‍ വനം വകുപ്പ് സ്വകാര്യ വ്യക്തിക്കള്‍ക്ക് 5000 രൂപ വീതം നല്‍കും. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക സര്‍വ്വേയില്‍ ഈ പക്ഷിയുടെ കൂട് സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമായാണ് കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്നതാണ് കമലപ്പരുന്തിന്റെ വംശത്തെക്കുറിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍. കേരളത്തില്‍ ഇവ 20 മരങ്ങളില്‍ മാത്രമാണ് താ‍മസിക്കുന്നത്. ഈ പ്രത്യേക ഇനം പരുന്ത് ആകെ സംസ്ഥാനത്തുള്ളത് 57 എണ്ണം.

ഇവയെ കാണാനാവുന്നത് മാഹി മുതല്‍ കാസര്‍കോട് വരെ കടലിനോട് ചേര്‍ന്നുള്ള 150 കിലോമീറ്റര്‍ ദൂരത്ത് മാത്രം. കടല്‍ കാണാവുന്ന രീതിയില്‍ ഉയരത്തിലുള്ള മാവ്, ആല്‍, പാല മരങ്ങളാണ് ഇവ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. വനംവകുല്ലിന്റെ കൈയിലുള്ള ഏറ്റവും പുതിയ കണക്കുപ്രകാരം ഇവ കൂട് കൂട്ടിയിരിക്കുന്ന 20 മരത്തില്‍ പത്തെണ്ണം സര്‍ക്കാര്‍ ഭൂമിയിലും പത്തെണ്ണം സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലുമായാണ് കണ്ടെത്തിയത്. സ്വകാര്യവ്യക്തികള്‍ മരം വെട്ടിയാല്‍ ഇവയുടെ വംശം ദ്രുത ഗതിയില്‍ നശിക്കും. മരങ്ങള്‍ വെട്ടിമാറ്റാതെ സംരക്ഷിക്കാന്‍ ഒന്‍പത് കുടുംബങ്ങള്‍ക്കാണ് വകുപ്പ് 5000 രൂപ വീതം നല്‍കുന്നത്.

ഒരു തവണ ഒന്നോ രണ്ടോ മുട്ടകളാണ് ഇവ ഇടുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുട്ട വിരിയിച്ചെടുത്താല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഈ പരുന്തുകള്‍ ഭക്ഷണംനല്‍കി സംരക്ഷിക്കാറുള്ളൂ. അതുകൊണ്ടാണ് ഇവയുടെ വംശവര്‍ധനയുടെ തോത് വളരെ കുറയുന്നത്. ഇപ്പോഴുള്ള 57 പക്ഷികളില്‍ 17 കുഞ്ഞുങ്ങള്‍ മാത്രമാണുള്ളത്. സാധാരണ പരുന്തുകളുമായി ഇവ ഇണചേരുന്നില്ല. അതിനാലാണ് ഇവയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കമലപ്പരുന്തിനെ പിടിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണ്. 'വൈറ്റ് ബെല്ലീഡ് സീ ഈഗിള്‍' എന്ന ശാസ്ത്രീയ നാമമുള്ള പരുന്ത് കാനയ്ക്കന്‍, മുക്കുവത്തപ്പന്‍, മരീത്തലച്ചി, മീഞ്ചാടി എന്നിങ്ങനെ നാടന്‍പേരുകളിലും അറിയപ്പെടുന്നു.

ഇരുന്നാല്‍ 80 സെ.മീ. ഉയരമുള്ള കമലപ്പരുന്ത് സാധാരണ പരുന്തിനേക്കാള്‍ വലിപ്പമുള്ളവയാണ്. ചിറക് വിരിച്ചാല്‍ 2.2 മീറ്റര്‍ നീളം ഈ പക്ഷികള്‍ക്കുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പ്രാപ്പിടിയന്‍ പക്ഷിയായ കമലപ്പരുന്ത് വടക്കേ മലബാര്‍ കഴിഞ്ഞാല്‍ പിന്നെ കാണപ്പെടുന്നത് ആന്‍ഡമാന്‍ ദ്വീപിലാണ്.പക്ഷിനിരീക്ഷകനും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗവുമായ ഡോ. ജാഫര്‍ പാലോട്ട്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് കാസര്‍കോട് ജില്ലാ കോ-ഓഡിനേറ്റര്‍ പി.കൃഷ്ണന്‍, 'സീക്ക്' പരിസ്ഥിതി സംഘടനാ പ്രതിനിധി ഡോ. ഇ.ഉണ്ണികൃഷ്ണന്‍, 'നെയ്തല്‍' പ്രകൃതിസംഘടനാംഗവും അധ്യാപകനുമായ പ്രവീണ്‍ കുമാര്‍ എന്നിവരടുങ്ങുന്ന സംഘമാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷമാദ്യം നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തത്. കേരളത്തില്‍ ഈ പക്ഷിക്കുവേണ്ടി സര്‍വേ നടത്തുന്നത് ഇതാദ്യമായാണ്.

(ചിത്രത്തിന് കടപ്പാട് - വിക്കിപ്പീഡിയ കോമണ്‍സ്, ഫോട്ടോഗ്രാഫര്‍ - ഹാഫിസ് ഇസാദീന്‍ / ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്)

Friday, September 16, 2011

ഓസോണ്‍ പാളിക്ക് ഒന്നും പറ്റല്ലേ!

ഇന്ന് ഓസോണ്‍ ദിനം. ഭൂമിയെ സംരക്ഷിക്കുന്ന ആ വലിയ പുതപ്പിന്റെ സംരക്ഷണം എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഓര്‍ക്കാം.

ഭൂമിക്ക് ഒരുഗ്രന്‍ പുതപ്പുണ്ട്! വെയിലും മഴയും തടയാത്ത പുതപ്പ്.. എന്നാല്‍ സൂര്യനില്‍ നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നല്ലൊരു പങ്ക് ഭൌമപ്രതലത്തിലെത്താതെ ഇൌ പുതപ്പ് തടയുന്നു. 'ഓസോണ്‍ പാളി എന്നറിയപ്പെടുന്ന ഇൌ രക്ഷാകവചത്തിന് തുള വീണാലോ..? നേര്‍ത്ത് നേര്‍ത്ത് ഇൌ പുതപ്പിന്റെ കട്ടി ഇല്ലാതായാലോ...? ഭവിഷ്യത്തുകള്‍ വിവരണാതീതമാണ്. ആഗോള താപനം പോലെതന്നെ മനുഷ്യരാശിയെ ഭീതിയിലാഴ്ത്തുന്നതാണ് ഓസോണ്‍ പാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതം.

എന്താണീ ഓസോണ്‍ പാളി?

രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഓക്സിജന്‍ തന്‍മാത്ര(O2) ഉണ്ടാകുന്നു. മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്ന് ഓസോണ്‍ തന്‍മാത്ര (O3) യാകുന്നു. സക്രിയവും അസ്ഥിരവുമായ വാതകമാണിത്. 1795 ല്‍ വാന്‍മാരം എന്ന ശാസ്ത്രജ്ഞന്‍ വിദ്യുത്സ്ഥിതിക യന്ത്രങ്ങള്‍ക്കടുത്തുള്ള വായുവില്‍ പ്രത്യേക ഗന്ധം ഉണ്ടെന്നു മനസിലാക്കി. ജലം വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോള്‍ ആനോഡില്‍ ഉണ്ടാകുന്ന വാതകത്തില്‍ ഇതേ ഗന്ധം അനുഭവപ്പെടുന്നതായി 1801-ല്‍ ക്രൂക്ഷാങ്ഖ് കണ്ടെത്തി. ഷേണ്‍ബൈന്‍ ആണ് 1840-ല്‍ ഇൌ പുതിയ വാതകത്തിന് ഞാന്‍ മണക്കുന്നു എന്ന അര്‍ഥത്തില്‍ ഓസോണ്‍ എന്ന പേരു നല്‍കിയത്.

ഹൈഡ്രജന്റെ ഒരു ഓക്സൈഡാണെന്ന് ഇൌ വാതകത്തെ അന്ന് കരുതിയെങ്കിലും മാരിഞാക്, ദ് ലാ റീവ്, ടെയ്റ്റ്, സോററ്റ് തുടങ്ങിയവരുടെ പഠനങ്ങളില്‍ നിന്ന് ഇൌ വാതകം ഓക്സിജന്റെ അപരരൂപമാണെന്നും തന്‍മാത്രാ ഫോര്‍മുല O3 ആണെന്നും സമര്‍ഥിക്കപ്പെട്ടു.

ഭൌമാന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അടുത്തുള്ള പാളിയായ ട്രോപ്പോസ്ഫിയറില്‍ ആകെ ഓസോണിന്റെ 10 ശതമാനം നിലനില്‍ക്കുന്നു. ബാക്കിവരുന്ന ഏതാണ്ട് 90 ശതമാനവും തൊട്ടടുത്ത സ്ട്രാറ്റോസ്ഫിയറിലാണ്. ഓസോണ്‍ കൂടുതലുള്ള ഇൌ ഭാഗം ഓസോണോസ്ഫിയര്‍ എന്നറിയപ്പെടുന്നു.

ഇവിടെ കുറഞ്ഞ തരംഗനീളത്തിലുള്ള സൌര- വികിരണങ്ങള്‍ ഏറ്റ് ഓക്സിജന്‍ തന്‍മാത്രകള്‍ വിഘടിതമാകുകയും അങ്ങനെ കിട്ടുന്ന അണുക്കള്‍ O2 തന്‍മാത്രകളോട് സംയോജിച്ച് O3 തന്‍മാത്രകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

വില്ലനായി സിഎഫ്സി!

റഫ്രിജറേറ്ററുകള്‍, സ്പ്രേകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 'ക്ളോറോഫ്ലൂറോ കാര്‍ബണുകള്‍ (സിഎഫ്സി) ആണു മുഖ്യമായും ഓസോണ്‍ പാളിക്ക് ക്ഷതമേല്‍പിക്കുന്നത്. 1920 കളില്‍ തോമസ് മിഡ്ജേയെന്ന എന്‍ജിനീയറാണ് സിഎഫ്സികള്‍ കണ്ടുപിടിച്ചത്. സ്ട്രാറ്റോസ്ഫിയറില്‍ എത്തിച്ചേരുന്ന സിഎഫ്സികള്‍ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് ക്ളോറിനെ സ്വതന്ത്രമാക്കുന്നു. ക്ളോറിന്‍ ഓസോണ്‍ തന്‍മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സിജന്‍ തന്‍മാത്രകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒരു ക്ളോറിന്‍ ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോണ്‍ തന്‍മാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്.

സിഎഫ്സി കൂടാതെ നൈട്രജന്റെ ഓക്സൈഡുകളും ഒാസോണ്‍ പാളിക്കു ക്ഷതം വരുത്താറുണ്ട്. സൂപ്പര്‍സോണിക് വിമാനങ്ങള്‍, സ്പേസ് ഷട്ടിലുകള്‍ എന്നിവയില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന ഇൌ വാതകങ്ങള്‍ ഓസോണുമായി പ്രവര്‍ത്തിച്ച് ഓക്സിജനെ സ്വതന്ത്രമാക്കുന്നു.

വിള്ളല്‍ വീണാല്‍...

ഓസോണ്‍ പാളിക്ക് ക്ഷയം സംഭവിച്ചാല്‍ ഭൂപ്രതലത്തിലെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിക്കും. കൂടുതല്‍ അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റാല്‍ മനുഷ്യരില്‍ മാലിഗ്നന്റ് മെലാനോമ(Malignant Melanoma)പോലുള്ള മാരക ചര്‍മാര്‍ബുദങ്ങള്‍ വര്‍ധിക്കും.

തിമിരം, ജനിതക വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയും വ്യാപകമായുണ്ടാകും. സസ്യങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷി അള്‍ട്രാവയലറ്റ് രശ്മികള്‍ നശിപ്പിക്കും. നെല്ലുപോലുള്ള വിളകള്‍ക്കും ഒാസോണ്‍ ശോഷണം വിനയാകും. പയറു വര്‍ഗങ്ങള്‍, തണ്ണിമത്തന്‍, നിലക്കടല, സോയാബീന്‍ എന്നീ വിളകളുടെ ഉല്‍പാദനം ക്ഷയിക്കും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി നശിപ്പിക്കും. മല്‍സ്യ സമ്പത്ത് ഗണ്യമായി കുറയും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഭൂമിയിലെത്തിയാല്‍ സ്വാഭാവികമായും അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധനയുണ്ടാകും.

1930-കള്‍ മുതല്‍ ഓസോണ്‍ പാളിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. സിഎഫ്സികള്‍ ഓസോണ്‍ പാളിക്ക് ഭീഷണിയാണെന്ന് മനസിലാകുന്നത് 1970 കളില്‍ മാത്രമാണ്. പ്രഫ. പോള്‍ ക്രൂറ്റ്സന്‍, പ്രഫ. ഫ്രാന്‍ക് ഷെര്‍വുഡ് റോളണ്ട്, മരിയോ ജെ. മൊലിന എന്നിവരുടെ പഠനങ്ങളാണ് ഓസോണ്‍ശോഷണത്തിന്റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തിയത്.

അന്റാര്‍ട്ടിക് മേഖലയ്ക്കു മുകളില്‍ വന്‍ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്ന കാര്യം 1986 ഓഗസ്റ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കണ്ടെത്തല്‍ നടത്തിയത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ വിള്ളല്‍ സ്ഥിരീകരിക്കുകയും ഗുരുതരാവസ്ഥയിലാണ് കാര്യങ്ങള്‍ എന്നു വ്യക്തമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 1987 സെപ്റ്റംബര്‍ 16 ന് 'മോണ്‍ട്രിയല്‍ ഉടമ്പടി രൂപം കൊള്ളുന്നത്. ഓസോണ്‍ പാളി ശോഷണത്തിന്റെ ദുരന്ത ഫലങ്ങള്‍ പ്രചരിപ്പിക്കുക, ഓസോണ്‍ശോഷണ വസ്തുക്കളുടെ ഉല്‍പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തുക എന്നിവയായിരുന്നു ഉടമ്പടി ലക്ഷ്യമാക്കിയിരുന്നത്.

1994-ലെ യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിന മായി അംഗീകരിച്ചതോടെ ഓസോണ്‍ ശോഷണത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. സിഎഫ്സി കളുടെ ഉപയോഗം ഏറെ പരിമിതപ്പെട്ടെങ്കിലും ഓസോണ്‍ പാളിക്ക് ഇതിനകമേറ്റ പരുക്ക് ഭേദമാകാന്‍ അര നൂറ്റാണ്ടു കൂടിയെങ്കിലും കഴിയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


അജിത് ചെറുവള്ളി (Manoramaonline Environment News)

സപ്തംബര്‍ 16 ഓസോണ്‍ദിനം

സെപ്റ്റംബര്‍ 16 ന് ലോക ഓസോണ്‍ ദിനം വീണ്ടും കടന്നു വരികയാണ്‌ . ലോകത്തെല്ലായിടത്തും ശാസ്ത്രജ്ഞര്‍ ഭൂമിയുടെ വാതകാവരണത്തിന് വരുന്ന കേടു പാടുകളെ കുറിച്ച് നിരീക്ഷണത്തിലേര്‍പ്പെടുകയും അത് മൂല മുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നു . ഓസോണ്‍ കുടയില്‍ വിള്ളലുണ്ടാകുന്നതിനെ കുറിച്ചും മുന്കരുതലിനായി ശ്രെദ്ധിക്കേണ്ട മലിനീകരണ നിയന്ത്രണങ്ങളെ കുറിച്ചുമുള്ള ബോധ വല്കരണമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് .

സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്‌ അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ ആണ്‌. അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ്‌ ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാര്‍ബണ്‍ (സി.എഫ്‌.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകള്‍ ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു.

അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ ഭീമാകാരമായ ഓസോണ്‍വിള്ളല്‍ വര്‍ഷതോറും പ്രത്യക്ഷപ്പെടുന്നത്‌ 1980-കളില്‍കണ്ടെത്തിയതോടെയാണ്‌ അതിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്‌. എല്ലാവര്‍ഷവും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി വരുന്ന വിള്ളലാണ്‌ പ്രത്യക്ഷപ്പെടാറ്‌.
വിളനാശത്തിനും മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിനും,നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന അപകടകാരിയാണ്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍.

ഓസോണ്‍ശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ്‌ മോണ്‍ട്രിയല്‍ ഉടമ്പടിക്ക്‌ രൂപം നല്‍കുന്നത്‌.
ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ രാസവസ്‌തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു നടപടി ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്‌.സി.യുടെ സാന്ദ്രത ഈ നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ്‌ അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു.

മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക്‌ നിയമപ്രാബല്യം നല്‍കാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്‌.ഇത്തരം രാജ്യങ്ങള്‍ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച്‌ പ്രവര്‍ത്തിച്ചാലേ ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ വരും വര്‍ഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോണ്‍ദിനം ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല. കൂടുതല്‍ "ഓസോണ്‍ സൌഹൃദപരമായ"സാധനങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന്‌ നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കേഴമാനിന് പരിക്ക്‌

പൂക്കോട്ടുംപാടം: അമരമ്പലം ടി.കെ കോളനിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കേഴമാനിന് പരിക്കേറ്റു. വ്യാഴാഴ്ച കാളികാവ് റെയ്ഞ്ച് വനമേഖലയ്ക്ക് സമീപമാണ് പരിക്കേറ്റ മാനിനെ കണ്ടെത്തിയത്.

ഒരുവയസ്സ് പ്രായമുള്ള മാനിന്റെ വയറിനും കാലുകള്‍ക്കും പരിക്കുണ്ട്. വനംഗാര്‍ഡുമാരായ അബ്ദുള്‍ഹമീദ്, ഇ.രാജേഷ്, വാച്ചര്‍ അലി വാവക്കുത്ത്, പറമ്പില്‍ പ്രകാശ് എന്നിര്‍ ചേര്‍ന്ന് ഇതിനെ ആസ്​പത്രിയിലെത്തിച്ചു. അമരമ്പലം വെറ്റിറിനറി സര്‍ജന്‍ മുഹമ്മദ്ബഷീറിന്റെ നേതൃത്വത്തില്‍ മാനിനെ പരിശോധിച്ചു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൃഷ്ണമൃഗം എന്ന വിഭാഗത്തിലാണ് കേഴമാന്‍ പെടുന്നത്.

16.9.2011 Mathrubhumi Malappuram News

കെ. എസ്. ഇ. ബി. കൂട്ടിലടച്ച മണിയരയന്നങ്ങളെ വനം വകുപ്പ് മൃഗശാലയിലേക്ക് മാറ്റി

പാലോട്: മൂന്ന് മാസമായി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം സെന്ററില്‍ കെ. എസ്. ഇ. ബി. കൂട്ടിലടച്ചിരുന്ന മണിയരയന്നങ്ങളെ വനം വകുപ്പ് ഡി. എഫ്. ഒ. യുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത അഞ്ച് അരയന്നങ്ങളേയും തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറും. തിരുവനന്തപുരം ഡി. എഫ്. ഒ. സി. പുകഴ്ജയന്തി, പാലോട് റെയിഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, ഫോറസ്റ്റര്‍ കെ. വിശ്വനാഥന്‍, എസ്.കെ. അനില്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് 12 മണിയോടെ മീന്‍മുട്ടിയിലെത്തി മണിയരയന്നങ്ങളെ കസ്റ്റഡിയിലെടുത്തത്. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഉപേക്ഷിച്ചുപോയ ഈ മിണ്ടാപ്രാണികളെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 ഷെഡ്യൂള്‍ 4 അനുസരിച്ച് മണിയരയന്നങ്ങള്‍ വന്യജീവി വനം വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ്. ഇവയെ വളര്‍ത്തുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ മീന്‍മുട്ടിയില്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ ഈ ഉത്തരവുകളൊന്നും സമ്പാദിച്ചിരുന്നില്ല. 2005-ല്‍ ഹൈഡല്‍ ടൂറിസം ഉദ്ഘാടനത്തോടനുബന്ധിച്ച് മുന്‍മന്ത്രി എ. കെ. ബാലനാണ് ഈ അരയന്നങ്ങളെ വാമനപുരം നദിയിലെ മീന്‍മുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുറന്ന് വിട്ടത്. അന്നും നിയമ സംവിധാനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല.

കഴിഞ്ഞ 6 മാസമായി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു. അധികൃതര്‍ പദ്ധതി ഉപേക്ഷിച്ച് പോകുന്നതിന് മുന്‍പായി നദിയില്‍ നീന്തിത്തുടിച്ചു കളിച്ചിരുന്ന അരയന്നങ്ങളെ പിടികൂടി കൂട്ടിലടച്ചു. അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ത്ത് അധികൃതര്‍ നടത്തിയ ഈ നടപടി പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. പട്ടണി കിടന്ന് ഒരു അരയന്നം ചത്തു. ഈ ഓണക്കാലത്തുപോലും മിണ്ടാപ്രാണികള്‍ തികഞ്ഞ പട്ടിണിയിലായിരുന്നു. എസ്. പി. സി. എ. യുടെ ഇടുക്കി ഡയറക്ടര്‍ എം. എന്‍. ജയചന്ദ്രന്‍, പീപ്പിള്‍ ഫോര്‍ അനിമല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ലീലാ ലത്തീഫ്, പരിസ്ഥിതി പ്രവര്‍ത്തകനായ ഷാരോണ്‍ വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ ജില്ലാ കളക്ടര്‍, ഡി. എഫ്. ഒ., അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ്, ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എന്നിവിടങ്ങളില്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലും മണിയരയന്നങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി.

ഓണ അവധി ആയിരുന്നതിനാലാണ് നടപടി ക്രമങ്ങള്‍ അല്പം വൈകിയതെന്നും മണിയരയന്നങ്ങളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ജീവിക്കാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ടെന്നും ഡി. എഫ്. ഒ. സി. പുകഴ്ജയന്തി പറഞ്ഞു.

16.9.2011 mathrubhumi thiruvananthapuram news.

Thursday, September 15, 2011

മുറ്റത്ത് വളര്‍ത്താം കാബേജും

തണുപ്പുകാലം ആരംഭിക്കുന്നതോടെ കൃഷി ചെയ്യാവുന്ന വിളയാണ് കാബേജ്. സപ്തംബര്‍-ഒക്‌ടോബര്‍ മാസമാണ് കാബേജ് കൃഷിക്ക് നല്ല നടീല്‍ സമയം. ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ്, പുസ ഡ്രംഹെഡ്, െ്രെപഡ് ഓഫ് ഇന്ത്യ എന്നിവയാണ് കേരളത്തിനു പറ്റിയ ഇനങ്ങള്‍. ഇവയ്ക്ക് പുറമെ പുസ മുക്ത (ബാക്ടീരിയല്‍ വാട്ടത്തിനു പ്രതിരോധ ശേഷിയുള്ള ഇനം) ഹരി റാണിശോല്‍ (ഹൈബ്രിഡ്), പുസ സംബന്ധ് (തീവ്രസാന്ദ്രത നടീലിനുള്ള ഇനം.),സെപ്തംബര്‍,പുസ സിന്തറ്റിക്ക്, നാഥ്‌ലക്ഷമി 401 എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നുണ്ട്.

ഒരുസെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കാന്‍ 2-3 ഗ്രാം വിത്ത് മതി. വിത്ത് പാകി തൈകള്‍ മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. ഇവ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ചെടിയായതിനാല്‍ ഇര്‍പ്പം നിലനിര്‍ത്തുകയും നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും വേണം. വിത്ത് മുളച്ച് നാലാഴ്ച കഴിഞ്ഞാല്‍ പറിച്ച് നടാവുന്നതാണ്. കിളച്ച് നിരപ്പാക്കി അടിവളം നല്‍കി തയ്യാറാക്കിയ മണ്ണില്‍ അല്പം ഉയരത്തില്‍ വാരമെടുത്ത് വേണം തൈകള്‍ നടാന്‍. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകള്‍ നടാവുന്നതുമാണ്. ചെടികളും വരികളും തമ്മില്‍ 45 സെ.മീ. അകലം വേണം.തൈകള്‍ നടുന്നതിന് മുന്‍പ് മണ്ണില്‍ അടിവളമായി 4.30 കി.ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 1.90 കി.ഗ്രാം എല്ലുപൊടി, 2.0 കി.ഗ്രാം ചാരം എന്നിവ നല്‍കാം. തൈകള്‍ നട്ട് ഒരുമാസത്തിനുശേഷം 4.30 കി.ഗ്രാം കപ്പലണ്ടി പിണ്ണാക്കും 2.0 കി.ഗ്രാം ചാരവും കൊടുക്കാം. 120 ദിവസമാകുമ്പോള്‍ വിളവെടുക്കാറാവും.

കാബേജ് ചിത്രശലഭം, ആഫീഡ്, ഡയെണ്ട് ബ്ലാക്ക് മോത്ത്:, പുകയില പുഴു എന്നീ കീടങ്ങളള്‍ കാബേജിനെ ആക്രമിക്കാറുണ്ട്. 5% വീര്യമുള്ള വേപ്പെണ്ണ തളിച്ചാല്‍ ഈ കീടങ്ങളെ ഒരു പരിധി വരെ തടയാം.

കരിന്തണ്ട്, ക്ലബ്‌റോട്ട്, ബ്ലാക്ക്‌റോട്ട്: എന്നീ രോഗങ്ങളും കാബേജിനുണ്ടാകാം. രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിച്ചു കളയുകയും നീര്‍വാര്‍ച്ച സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണം. വിത്ത് 50 ീഇ ചൂടുള്ള വെള്ളത്തില്‍ 2530 മിനിട്ട് വരെ മുക്കി വച്ചതിനുശേഷം നടുന്നത് രോഗം തടയാന്‍ ഉപകരിക്കും.

ക്രൂസിഫെറേ (Crucefereae) സസ്യകുടുംബത്തില്‍ പെട്ടതാണ് കാബേജ്. ഇംഗ്ലീഷില്‍ കാബേജ് (cabbage) എന്നും സംസ്‌കൃതത്തില്‍ കേബുകം എന്നും പറയുന്ന ഇതിന് മുട്ടക്കോസ് എന്നും പേരുണ്ട്. ഇതില്‍ വിറ്റാമിന്‍ എയും സിയും കൂടുതലടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യമുണ്ടാകുന്നതിനും ഇത് ഉപകരിക്കും. കഫം, പിത്തം, രക്തദോഷം, ജ്വരം, കുഷ്ഠം, വായുമുട്ടല്‍, ചുമ, അരുചി, പ്രമേഹം, ചര്‍മ്മരോഗം എന്നിവയെ ശമിപ്പിക്കുന്നതാണ്. വാതരോഗികള്‍ക്ക് ഹിതമല്ല. കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരിനീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്‍ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്‌ട്രോളും െ്രെടഗ്ലിസറൈയിഡ്‌സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്. അഞ്ചൈന പെക്ടോറിസ് എന്ന രോഗമുള്ളവരിലും ഈ ഔഷധം ഫലപ്രദമാണ്. സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍ വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് പലരോഗികളിലും ഫലപ്രദമായി കാണാം.

Mathrubhumi Karshikam

വനഭൂമി കൈയേറി പരസ്യഫലകങ്ങള്‍: വനപാലകര്‍ നടപടി സ്വീകരിക്കുന്നില്ല

 കൊല്ലം : പ്രധാന പാതകളുടെ വശങ്ങളിലെ വനഭൂമിയില്‍ അനധികൃതമായി പരസ്യഫലകങ്ങള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നു. തെങ്കാശി-തിരുവനന്തപുരം, അഞ്ചല്‍ -കുളത്തൂപ്പുഴ പാതയോരത്തെ വനഭൂമികളിലാണ് പരസ്യഫലകങ്ങള്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ളത്. കുളത്തൂപ്പുഴ, അഞ്ചല്‍ വനം റേഞ്ചുകളുടെ പരിധിയില്‍പ്പെട്ട ആനവട്ടച്ചിറ, ചോഴിയക്കോട്, അരിപ്പ, ചന്ദനക്കാവ്, തിങ്കള്‍കരിക്കം എന്നിവിടങ്ങളിലാണ് നിയമലംഘനം.

സംരക്ഷിത വനമേഖലയില്‍ അനധികൃതമായി പ്രവേശിക്കുന്നതുപോലും ശിക്ഷാര്‍ഹമാണെന്നിരിക്കെയാണ് ഇത്തരം പ്രവണത തുടരുന്നത്. ചിലയിടങ്ങളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളില്‍ ഇരുമ്പാണി തറച്ചാണ് ഫലകങ്ങള്‍ ഉറപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ആണി മരങ്ങളില്‍ കേടുവരുത്തുന്നതിനും മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീഴുന്നതിനും ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പരസ്യഫലകങ്ങള്‍ മറയ്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിക്കളയുന്നതിനും ചില പരസ്യക്കമ്പനികളുടെ തൊഴിലാളികള്‍ എത്തുന്നുണ്ട്. പരസ്യഫലകങ്ങള്‍ സ്ഥാപിക്കുന്നത് ഉന്നതരായ വനപാലകരുടെ അറിവോടെയാണെന്നാണ് സൂചന.

15.9.2011 Mthrubhumi Kollam News

കടലുണ്ടിയുടെ അതിഥികള്‍ എത്തിത്തുടങ്ങി


കടലുണ്ടി പക്ഷിസങ്കേതം ദേശാടനപ്പക്ഷികളുടെ കലപിലകളാല്‍ മുഖരിതമാകുന്നു. ദേശാടനപ്പക്ഷികളുടെ കൂട്ടത്തോടെയുള്ള വിരുന്നുവരവിന് മുന്നോടിയായി ചെറുപക്ഷിക്കൂട്ടങ്ങള്‍ കടലുണ്ടിയിലെത്തിത്തുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ പക്ഷിക്കൂട്ടങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷി നിരീക്ഷകരും നാട്ടുകാരും. ആഗസ്ത് പകുതി മുതലാണ് ഇവിടെ ദേശാടനപക്ഷികളെത്തിത്തുടങ്ങാറ്. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തോട് ചേര്‍ന്ന് വിശാലമായ ചെളിത്തിട്ടകളാണ് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി എത്തുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം. കടലുണ്ടി റെയില്‍പ്പാലത്തിനും അറബിക്കടലിനുമിടയിലുള്ള 600 ഏക്കറിലാണ് പക്ഷികള്‍ വര്‍ണക്കാഴ്ചളൊരുക്കി ഇരതേടുക. ശരത്കാലത്തെ കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാനായി യൂറോപ്പ്, മധ്യഏഷ്യ, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നായി എത്തുന്ന അറുപതോളം ഇനം ദേശാടനപ്പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്.

പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കാല്‍വരിക്കുന്നും കോട്ടക്കുന്നും പൂച്ചേരിക്കുന്നും കടലുണ്ടിപ്പുഴയിലെ പച്ചത്തുരുത്തുകളും ഒത്തുചേരുന്ന അപൂര്‍വ പ്രകൃതി സംഗമമാണ് ദേശാടനപ്പക്ഷികള്‍ക്ക് ഇവിടെ അനുയോജ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നത്. ഗ്രേറ്റ് ഹോട്ട്, ക്രാബ് പ്ലോവര്‍, താലിപ്പരുന്ത്, പവിഴക്കാലി, പച്ചക്കാലി, വാള്‍കൊക്ക്, തെറ്റിക്കൊക്ക്, കാടക്കൊക്ക്, മണല്‍ക്കോഴി, കടല്‍ക്കൊക്ക്, ആളകള്‍, ഞെണ്ടുപിടിയന്‍, ടേണ്‍സ്റ്റോണ്‍, ഷാര്‍ബേഡ്‌സ്, ഡണ്‍ലിവര്‍,കാലിമുണ്ടി, ചിന്നമുണ്ടി, പെരുമുണ്ടി, ചാരമുണ്ടി, തിരുമുണ്ടി, ചെറുമുണ്ടി, കടലുണ്ടി ആള, ചേരക്കൊക്കന്‍, പുതുക്കി മുണ്ടന്‍, പറക്കും താറാവ്,... തുടങ്ങി സ്വദേശികളും വിദേശികളുമായ ദേശാടനപക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിരുന്നു.

സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കടലുണ്ടി പക്ഷിസങ്കേതത്തില്‍ ദേശാടനപക്ഷികളെ കൂടുതലായി കാണാറ്. ഏപ്രില്‍, മെയ് മാസങ്ങളോടെ ഇവ സ്വദേശങ്ങളിലേക്ക് മടങ്ങും. മാലിദ്വീപ്, ലക്ഷദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശാടനപക്ഷികളുടെ ഇഷ്ടതാവളം കൂടിയാണ് കടലുണ്ടി. ഇവിടെയെത്തുന്ന ചിലയിനം പക്ഷികള്‍ 8,000കിലോമീറ്റര്‍ വരെ താണ്ടിയാണ് എത്തുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ അഭിപ്രായം. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ ഇവിടെ പക്ഷിവേട്ട നിരോധിച്ചിട്ടുണ്ട്. പക്ഷിസങ്കേതത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കടലുണ്ടിക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

Mathrubhumi Kozhikkodu News 15.9.2011

Wednesday, September 14, 2011

കടലിലെ ദുര്‍ഗന്ധം: കാരണത്തെക്കുറിച്ച് ഭിന്നാഭിപ്രായം

കൊല്ലം:കടലില്‍ അനുഭവപ്പൈട്ട ദുര്‍ഗന്ധം കുറഞ്ഞു. എന്നാല്‍ ഈ പ്രതിഭാസത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായം. കടലിലെ സുക്ഷ്മസസ്യങ്ങള്‍ (ആല്‍ഗ) കൂട്ടത്തോടെ ചത്തൊടുങ്ങിയതുമൂലമാണെന്ന് ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കടലിനടിയില്‍ നിന്നുള്ള വാതകമാണെന്ന് പരിസ്ഥിതിഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആശങ്ക വേണ്ടെന്ന് കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു.

കൊല്ലം കടലോരത്ത് ഇരവിപുരം മുതല്‍ തങ്കശ്ശേരിവരെയുള്ള ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കടലില്‍നിന്ന് രൂക്ഷഗന്ധം വമിച്ചത്. സുനാമിയുടെ സൂചനയാണെന്നുവരെ വ്യാഖ്യാനമുണ്ടായി. തീരദേശ വാസികള്‍ പരിഭ്രാന്തരായി.

ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കളക്ടര്‍ പി.ജി.തോമസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പ്രസന്നകുമാറിന് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് അക്വാട്ടിക് ബയോളജിയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടി. അവിടെനിന്ന് ഒരുസംഘം എത്തി കടലില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട ഭാഗത്തെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പരിശോധനാഫലം ബുധനാഴ്ച അറിയാം.

കടലിലെ സൂക്ഷ്മസസ്യങ്ങളായ പ്ലവകങ്ങള്‍ (ആല്‍ഗ) കൂട്ടത്തോടെ ചത്തുപൊങ്ങിയതാണെന്നാണ് പ്രഥാമിക നിഗമനം. മണ്‍സൂണ്‍ ശക്തമായതോടെ കല്ലടയാറ്റില്‍നിന്നും മറ്റും കൂടുതല്‍ ശുദ്ധജലം അഷ്ടമുടിക്കായല്‍വഴി കടലില്‍ എത്തിയതോടെ വെള്ളത്തില്‍ ഉപ്പുരസം കുറഞ്ഞു. നിശ്ചിത അളവില്‍ ഉപ്പുരസമുള്ള കടല്‍വെള്ളത്തില്‍ ജീവിക്കുന്ന സസ്യങ്ങള്‍ ഇതോടെ നശിച്ചുവെന്നും ഇതുമൂലമുണ്ടായ ദുര്‍ഗന്ധമാണിതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പ്രസന്നകുമാര്‍ പറഞ്ഞു. അതേസമയം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടില്ല. സുനാമിയുമായി ഈ പ്രതിഭാസത്തിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണിതെന്ന് പരിസ്ഥിതി ഗവേഷകനായ ഡോ. സൈനുദ്ദീന്‍ പട്ടാഴി അഭിപ്രായപ്പെട്ടു. സൂക്ഷ്മസസ്യങ്ങള്‍ നശിച്ചാല്‍ ദുര്‍ഗന്ധം അനുഭവപ്പെടില്ല.

ഇപ്പോള്‍ കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരയിലും കടലിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. ഇതുനസരിച്ച് ഭൂമിയുടെ പ്രതലങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ കടലിനടിയില്‍നിന്ന് ലാവാപ്രവാഹം ഉണ്ടാകുമെന്നും ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് പോലെയുള്ള വാതകങ്ങള്‍ വമിക്കുമെന്നും സൈനുദ്ദീന്‍ പട്ടാഴി പറഞ്ഞു. കൊല്ലത്ത് കടലില്‍ അനുഭവപ്പെട്ട ദുര്‍ഗന്ധം ഇതുമൂലം സംഭവിച്ചതാണ്.

ഇത്തരം സംഭവം മുമ്പുമുണ്ടായിട്ടുണ്ട്. ഇതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും സുനാമിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുര്‍ഗന്ധത്തിനുകാരണം കടല്‍ക്കറയാണെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നു. എല്ലാ വര്‍ഷവും ഇതുണ്ടാകാറുണ്ട്. ഇതില്‍ അപകടകരമായി ഒന്നുംതന്നെയില്ല.

Mathrubhumi Kollam News 14.9.2011
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക