.

.

Thursday, November 22, 2012

വന്യജീവി കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്

പാലക്കാട്: വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്. വന്യജീവിനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും കേരള വനംവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വന്യജീവിസംരക്ഷണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ അറിവും പരിശീലനവും നല്‍കണമെന്ന് ശില്പശാല ഉദ്ഘാടനംചെയ്ത് പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിജയാനന്ദ് പറഞ്ഞു.

വനം, പോലീസ്, കസ്റ്റംസ്, സെന്‍ട്രല്‍ എകൈ്‌സസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ഒലവക്കോട് ആരണ്യഭവന്‍ ഫോറസ്റ്റ് കോംപ്ലക്‌സിലാണ് ശില്പശാല നടന്നത്. വന്യജീവികളുടെ അനധികൃത വ്യാപാരത്തെക്കുറിച്ച് സൊസൈറ്റിയുടെ പ്രോഗ്രാം മാനേജരും വന്യജീവി കൂറ്റാന്വേഷകനുമായ ടിറ്റോജോസഫ് പ്രഭാഷണം നടത്തി. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്യജീവികള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്.

1994 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം രാജ്യത്ത് അഞ്ചാംസ്ഥാനത്താണ്. ഒന്നാംസ്ഥാനത്ത് മധ്യപ്രദേശാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യ പ്രോജക്റ്റ് ഓഫീസര്‍ എസ്. ഗുരുവായൂരപ്പന്‍ ക്ലാസെടുത്തു. വന്യജീവിനിയമം സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. അവിനാശ്ഭാസ്‌കര്‍ പ്രബന്ധം അവതരിപ്പിച്ചു.

ഉത്തരമേഖലാ മുഖ്യ വന്യജീവിപാലകന്‍ ഒ.പി. കലേര്‍, പീച്ചി വാര്‍ഡന്‍ വൈ.എം. ഷാജികുമാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരായ എം. വിമല്‍, എസ്. ജയശങ്കര്‍, എന്‍.ടി. സാജന്‍, പി.എന്‍. പ്രേമചന്ദ്രന്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ വി. മുരളീധരന്‍, കെ.എം. ഹരിദാസ്, നെല്ലിയാമ്പതി എസ്.ഐ. പി.സി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവിസംരക്ഷണനിയമം ക്വിസ് മത്സരത്തില്‍ ഡെപ്യൂട്ടിറേഞ്ച് ഓഫീസര്‍ എസ്. സുഗതന്‍ ഒന്നാംസ്ഥാനവും ഡി.എഫ്.ഒ. സി.വി. രാജന്‍ രണ്ടാംസ്ഥാനവും നേടി.
22-11-2012 Mathrubhumi Palakkad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക