.

.

Friday, August 5, 2011

ചെണ്ടുമല്ലി വിളവെടുപ്പ് സജീവമായി

സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ഗ്രാമങ്ങളില്‍ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് സജീവമായി. ഇത്തവണത്തെ വില മെച്ചമാണെങ്കിലും ചെടിയെ ബാധിച്ച ഇലകരിച്ചില്‍ രോഗം കൂടുതല്‍ തവണത്തെ വിളവെടുപ്പിന് ഭീഷണി ഉയര്‍ത്തുന്നു.ഒരു കൃഷിയില്‍ നിന്നും നേരത്തെ എട്ടുപത്ത് തവണ വിളവെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇത്തവണ ചെടിയില്‍ പ്രത്യക്ഷപ്പെട്ട ഇലകരിച്ചില്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നു.

എന്നാലും കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയാണ് കര്‍ഷകന് നല്‍കുന്നത്. ഒരു കിലോയ്ക്ക് 5.25 രൂപവരെ ലഭിക്കുന്നു. കൃഷിയിറക്കുന്ന കാലത്ത് കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നത് 4.25 രൂപയായിരുന്നു. വിളവെടുപ്പായപ്പോള്‍ ഒരു രൂപ കൂടുതല്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായി.എ.വി.ടി. അടക്കമുള്ള കമ്പനികളാണ് കര്‍ഷകരുടെ പാടത്ത് വന്ന് പൂവ് വാങ്ങി കൊണ്ടുപോകുന്നത്.

വിത്തും കീടനാശിനിയും ഇവര്‍ മുന്‍കൂറായി നല്‍കും. വന്‍കിട കമ്പനികള്‍ രംഗത്തുള്ളത് കര്‍ഷകര്‍ക്ക് ആശ്വാസവുമാണ്. കഴിഞ്ഞവര്‍ഷം ഒരു കിലോ പൂവ് കമ്പനികള്‍ വാങ്ങിയിരുന്നത് നാല് രൂപവയില്‍ താഴെ വില നല്‍കിയായിരുന്നു.ദേശീയപാതയില്‍ വനപാത കഴിയുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും ചെണ്ടുമല്ലി പൂപ്പാടങ്ങളാണ്. വേനല്‍മഴ കര്‍ഷകര്‍ക്ക് അനുഗ്രഹമായിരുന്നു. ഇപ്പോള്‍ പെയ്യുന്ന മഴയയാണ് ഇലകരിച്ചില്‍ രോഗത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

അതിര്‍ത്തികഴിഞ്ഞുള്ള മദൂര്‍ മുതല്‍ കക്കല്‍തുണ്ടി, വേരമ്പാടി, ചെമ്മല്ലിപുര, ഗോപാല്‍പുര, മദുനുണ്ടി തുടങ്ങി സമീപ ഗ്രാമങ്ങളിലായി നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയുള്ളത്. ഇത്തവണ ഓണം വൈകിയതും ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പ് സജീവമായതും ഓണത്തിന് പൂ ക്ഷാമത്തിന് കാരണമായേക്കും. കമ്പനികള്‍ക്ക് പൂവ് കൊടുക്കുന്നത് 5.25 രൂപയ്ക്കാണെങ്കിലും അലങ്കാരാവശ്യത്തിനായി ഒരു കിലോ പൂവ് കിട്ടണമെങ്കില്‍ പത്ത് രൂപ നല്‍കണം.

പൂവ് ഏറ്റവും കൂടുതല്‍ കിട്ടുന്ന അവസരത്തില്‍ വിലയിതാണെങ്കില്‍ വിളവെടുപ്പുകാലം ഏതാണ്ട് അവസാനിക്കുന്ന സപ്തംബറില്‍ വില കൂടാനാണ് സാധ്യത. ചെണ്ടുമല്ലി പൂവ് വിളവെടുപ്പുകാലം ടൂറിസ്റ്റുകളെയും ഇവിടേക്ക് എത്തിക്കുന്നു. ദേശീയപാത വഴിയുള്ള യാത്രികര്‍ക്ക് ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങള്‍ മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.


05 Aug 2011 Mathrubhumi wayanadu news

കടലുണ്ടിപ്പുഴയുടെ തീരങ്ങള്‍ കോര്‍ത്തിണക്കി വിനോദസഞ്ചാര പദ്ധതി


നിര്‍മാണ ഉദ്ഘാടനം 20ന്
ആദ്യഘട്ടത്തിന് 60 ലക്ഷം അനുവദിച്ചു
;



മലപ്പുറം: പുഴയോര സൗന്ദര്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ ഇരുതീരങ്ങളെയും ബന്ധിപ്പിച്ച് വിനോദസഞ്ചാര പദ്ധതി വരുന്നു. മലപ്പുറം സിവില്‍സ്റ്റേഷന്റെ പിറകിലെ പുഴയോരവും ഇതിന്റെ മറുകരയില്‍ കോഡൂര്‍ പഞ്ചായത്തിലെ പുഴയോര പ്രദേശവും കോര്‍ത്തിണക്കിക്കൊണ്ടുള്ള ടൂറിസം പദ്ധതിക്കാണ് ഇപ്പോള്‍ നടപടികള്‍ തുടങ്ങിയത്.

സിവില്‍സ്റ്റേഷന് പിന്നിലെ റവന്യൂഭൂമി ഉള്‍പ്പെടുന്ന പുഴതീരത്ത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തെ തന്നെ പുഴയോര നടപ്പാത ഉള്‍പ്പെട്ട ടൂറിസം പ്രൊജക്ടിന് നടപടി തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കോഡൂര്‍ പഞ്ചായത്തും ടൂറിസം പദ്ധതി സമര്‍പ്പിച്ചു. ഇവ രണ്ടും സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. സിവില്‍ സ്റ്റേഷന് പിറകിലുള്ള പുഴയോര നടപ്പാത ഉള്‍പ്പെട്ട ടൂറിസം പ്രൊജക്ടിന്റെ ആദ്യഘട്ട നിര്‍മാണം 20ന് തുടങ്ങും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

80 ലക്ഷം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി സമര്‍പ്പിച്ചത്. ഇതില്‍ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സിവില്‍സ്റ്റേഷന് സമീപത്തെ അങ്കണവാടി മുതല്‍ പമ്പ് ഹൗസ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി മധു പറഞ്ഞു.

പ്രവേശനകവാടം, നടപ്പാത, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, റെയിന്‍ഹട്ട്, ബോട്ട്‌ജെട്ടി, പവലിയനുകള്‍, ഓപ്പണ്‍ സ്റ്റേജ്, സാഹസിക യാത്രാ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. ആകെ ആറ് കോടി രൂപയുടെ പദ്ധതിയാണ് നിലവിലുള്ളത്. കോഡൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുഴയോരത്ത് അനക്കടവ് പാലം മുതല്‍ നൂറാടിപ്പാലം വരെയുള്ള പ്രദേശത്താണ് ടൂറിസം പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഈ പ്രദേശത്ത് പദ്ധതി നടപ്പാക്കാന്‍ റവന്യൂ ഭൂമി എത്രയുണ്ടെന്ന് കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇരുകരകളെയും ബന്ധിപ്പിച്ച് തൂക്കുപാലം നിര്‍മിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. പെഡല്‍ ബോട്ടുകളായിരിക്കും ഇവിടെ ഉപയോഗിക്കുക.


05 Aug 2011 Mathrubhumi malappuram news

Thursday, August 4, 2011

ദേശാടനക്കിളികള്‍ വിരുന്നെത്തി

അടൂര്‍: രാത്രി എത്തിയ ദേശാടനക്കിളികള്‍ കൗതുകമായി. കടമ്പനാട് തുവയൂര്‍ നാലാംവയല്‍ ദിവ്യ എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ്പിന്റെ മുറ്റത്താണ് പതിനൊന്ന് ദേശാടനക്കിളികള്‍ ബുധനാഴ്ച രാത്രിയിലെത്തിയത്.

കറുത്ത നിറത്തില്‍ വെളുത്ത പുള്ളികളും ചുണ്ടിന് ചുവപ്പ് നിറവും താറാവിന്റെ രൂപഭംഗിയും ഇവയ്ക്കുണ്ട്. വനമേഖലയില്‍ ധാരാളമായി കാണപ്പെടുന്നവയാണ് ഇവയെന്ന് കരുതുന്നു.

04 Aug 2011 mathrubhumi pathanamthitta news

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍....

കാറ്റിലെ കസ്തൂരിമണം ഇന്ന് പാട്ടില്‍ മാത്രമേയുള്ളൂ. കാരണം, അത്രയും ദുര്‍ലഭവും അമൂല്യവുമാണ് കസ്തൂരി.

'പൊന്നിന്‍െറ വിലയുള്ളത് എന്ന ഉപമ കസ്തൂരിയുടെ കാര്യത്തില്‍ വിലപ്പോവില്ല.
എന്തെന്നാല്‍, സ്വര്‍ണത്തിന്‍െറ ഇരട്ടിയിലേറെ വിലയുണ്ട് അതിന്. അതായത്, കിലോയ്ക്ക് കാല്‍ കോടിയോളം രൂപ!

ഹിമാലയസാനുക്കളിലും റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും കഴിയുന്ന കൊമ്പില്ലാത്ത ചെറുമാനാണ് കസ്തൂരിമൃഗം അഥവാ കസ്തൂരിമാന്‍ (മസ്ക്ഡീര്‍). മനുഷ്യന്‍െറ കണ്‍വെട്ടത്തുപോലും വരാതെ, മലമ്പ്രദേശത്തെ കൊടുങ്കാടുകളില്‍ മാത്രം കഴിയുന്ന ഒരു സാധുമൃഗം. ആണ്‍മാനുകള്‍ ഇണയെ ആകര്‍ഷിക്കുന്നതിനായി പ്രത്യേകതരം സുഗന്ധവസ്തു പുറപ്പെടുവിക്കും. കറുപ്പോ ചുവപ്പു കലര്‍ന്ന ഇളം തവിട്ടോ നിറമുള്ള ഈ ജൈവ വസ്തുവാണ് കസ്തൂരി.

എന്നാല്‍, കസ്തൂരിയുടെ സൌരഭ്യത്തില്‍ പെണ്‍മാനുകളേക്കാള്‍ ആകൃഷ്ടരായത് മനുഷ്യരാണ്. പിന്നീട് പ്രശസ്തമായ പല സുഗന്ധലേപനങ്ങളുടെയും വിശിഷ്ട ഔഷധങ്ങളുടെയും അടിസ്ഥാന ഘടകമായി അത് ഉപയോഗിച്ചു തുടങ്ങി.

5000 വര്‍ഷം മുമ്പു 'മുതല്‍ക്കേ മനുഷ്യന്‍ കസ്തൂരി ഉപയോഗിച്ചിരുന്നു. അക്കാലത്ത്, സ്വര്‍ണവും രത്നങ്ങളും പോലെ കസ്തൂരിയും രാജാക്കന്മാര്‍ തങ്ങളുടെ ഖജനാവില്‍ സൂക്ഷിച്ചു. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുവാന്‍ പലായനം ചെയ്യുന്നതിനിടെയാണ് ഹുമയൂണ്‍ ചക്രവര്‍ത്തിക്കു മകന്‍ പിറന്നത്. ആ സന്തോഷവാര്‍ത്ത അറിയിച്ചവര്‍ക്ക് കൈവശമുണ്ടായിരുന്ന കസ്തൂരി അദ്ദേഹം പങ്കിട്ടുകൊടുത്തു. കസ്തൂരിയുടെ സൌരഭ്യം പോലെ അദ്ദേഹത്തിന്‍െറ പുത്രനായ അക്ബറിന്‍െറ യശസ്സ് പില്‍ക്കാലത്ത് ലോകമെങ്ങും വ്യാപിക്കുകയും ചെയ്തു.

ശ്വാസതടസ്സം അകറ്റാന്‍ കസ്തൂരിക്ക് അസാമാന്യ കഴിവുണ്ട്. മരിക്കാന്‍ കിടക്കുന്നവര്‍ക്ക് കസ്തൂരി ചേര്‍ത്ത വായുഗുളിക അരച്ചുകൊടുക്കുന്നത് നമ്മുടെ നാട്ടിലെ പതിവായിരുന്നു. ആയുര്‍വേദത്തിനു പുറമേ യുനാനി സമ്പ്രദായത്തിലും കസ്തൂരി ഒഴിവാക്കാനാവാത്ത ഔഷധക്കൂട്ടാണ്.

ഒരു കാലത്ത് ഹിമാലയത്തിലെ 2700 മുതല്‍ 4200 മീറ്റര്‍ വരെ ഉയരമുള്ള വനങ്ങളില്‍ കസ്തൂരിമാന്‍ ധാരാളമുണ്ടായിരുന്നു. മനുഷ്യന് ഉപകാരം ചെയ്യുന്ന മറ്റേതൊരു ജീവിയ്ക്കും വന്നുപെടാവുന്ന വിധി പില്‍ക്കാലത്ത് കസ്തൂരിമാനിനെ തേടിയെത്തി. അകാലനാശം! ഹിമാലയമേഖലയില്‍ അപൂര്‍വമായി മാത്രമേ ഇപ്പോള്‍ അവയുള്ളൂ. വന്‍തോതിലുള്ള വനനശീകരണവും വേട്ടയുമാണ് കാരണം.

നിയാസ് കരീം manoramaonline environment life.

മാന്‍കുട്ടി "കുഞ്ഞ്"

കൈവെള്ളയിnല്‍ ഇരിക്കാന്‍ മാത്രം വലുപ്പമുള്ള ഒരു മാന്‍കുട്ടി ! സംഗതി സത്യമാണ്. കാറപകടത്തില്‍ പരിക്കേറ്റ ഒരു അമ്മ മാനിനെ ഇംഗ്ലണ്ടിലെ അസ്റ്റണ്‍ ക്ലിന്റണ്‍ എന്ന സ്ഥലത്തെ ആസ്പത്രിയില്‍ എത്തിച്ചു.
ഗര്‍ഭിണിയായിരുന്ന മാന്‍ മരിച്ചുപോയെങ്കിലും വയറ്റില്‍ കിടന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷിച്ചു. പക്ഷേ, ഒരു കുഴപ്പം. മാന്‍ കുഞ്ഞിന് വലുപ്പം തീരെ കുറവായിരുന്നു. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വെബ് സൈറ്റിലാണ് ഈയിടെ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

Wednesday, August 3, 2011

കേരള പരിസ്ഥിതി ഉച്ചകോടിക്ക് തുടക്കമായി

പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ നയസമീപനവും പരിപാടികളും നിര്‍ദ്ദേശിക്കുക എന്ന ലക്‌ഷ്യം വെച്ചുകൊണ്ട് പ്രഥമ കേരള പരിസ്ഥിതി ഉച്ചകോടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. രാവിലെ ഒന്‍പതിനു പാളയത്തെ സര്‍വകലാശാലാ ആസ്ഥാനത്തുനിന്നു സമ്മേളനസ്ഥലമായ തൈക്കാട് ഗാന്ധിഭവനിലെ സൈലന്‍റ് വാലി നഗറിലേക്കു നടന്ന ഹരിത റാലിയോടെ ആണ് ഉച്ചകോടി തുടങ്ങിയത്. വെള്ളിയാഴ്ച സമാപിക്കും.

വെള്ളിയാഴ്ച വരെ തുടരുന്ന ഉച്ചകോടി സംസ്ഥാനത്ത് വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഏകോപനമുണ്ടാക്കാന്‍ ലക്‌ഷ്യമിടുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കേണ്ട ഘട്ടമായെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഏകോപനമുണ്ടാക്കുകയെന്ന ലക്‌ഷ്യമിടുന്ന ഉച്ചകോടി 14 ജില്ലകളിലും ഏകോപന സമിതികള്‍ ഉണ്ടാക്കുക, സംസ്ഥാന തലത്തില്‍ അപെക്സ് ബോഡി ഉണ്ടാക്കുക എന്നിങ്ങനെ സംഘടനാതലത്തിലുള്ള ഏകീകരണം ലക്‌ഷ്യമിടുന്നു. സംസ്ഥാനത്തിന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്കു പരിഹാരമെന്ന നിലയില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനും സ്കൂള്‍ കേന്ദ്രിതമായി പരിസ്ഥിതി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനുമുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. കേരള സര്‍വകലാശാലയുടെ ഗാന്ധിയന്‍ പഠനകേന്ദ്രം, ഗ്രീന്‍ കമ്മ്യൂണിറ്റി പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ജൈവവൈവിധ്യ ബോര്‍ഡ്, വിവിധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണു ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തു മലിനമായിക്കൊണ്ടിരിക്കുന്ന ജലം, വായു, മണ്ണ്, വിഷമയമാവുന്ന ഭക്ഷണം, വേനല്‍ച്ചൂടിന്റെ ഏറുന്ന കാഠിന്യം, പകര്‍ച്ചവ്യാധികളുടെയും പുതിയ രോഗങ്ങളുടെയും കടന്നുകയറ്റം, അനുദിനം ശോഷിച്ചുവരുന്ന പ്രകൃതിസമ്പത്ത് തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന വിഷയങ്ങള്‍. പതിനാലു ജില്ലാതല റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ 60 പ്രബന്ധങ്ങള്‍, ശാസ്ത്രജ്ഞരുടെയും വിദ്യാര്‍ഥികളുടെയും അവതരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എണ്‍പതോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

തിരുവനന്തപുരം, കാസര്‍കോട് ജില്ലകളുടെ പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി ആഘാതം കുട്ടനാട്ടില്‍, അഗസ്ത്യകൂടവും കാണിക്കാരും, കാവുകളുടെ പരിസ്ഥിതി പ്രാധാന്യം, പ്ലാച്ചിമടയും കോര്‍പറേറ്റ് ചൂഷണവും, ഖരമാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍, പരുക്കേറ്റ പരിസ്ഥിതിയും ശുചിത്വ കേരളവും എന്നിവയാണ് ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.മലയാള മനോരമ ഫൊട്ടോഗ്രഫര്‍മാരുടെ പരിസ്ഥിതി ചിത്രങ്ങളുടെ പ്രദര്‍ശനമായ 'ഹരിതം-2011 ഉച്ചകോടിക്ക് അനുബന്ധമായി നടക്കും. പരിസ്ഥിതി കലോല്‍സവം, ഗ്രീന്‍ ഫിലിം ഫെസ്റ്റിവല്‍, ഹരിത വിദ്യാര്‍ഥി സംഗമം, ഹരിത സാഹിത്യ സംഗമം, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഉണ്ട്.

ആഗസ്റ്റ് 3, 2011

കൃത്രിമക്കാട്ടില്‍ വിരിഞ്ഞ രാജവെമ്പാലകള്‍ നാല്‌പതായി

മംഗലാപുരം:കാടിനൊത്ത സാഹചര്യം കൃത്രിമമായി കൂട്ടിലൊരുക്കി നടത്തിയ പ്രത്യുത്പാദന പരീക്ഷണത്തില്‍ മുട്ട വിരിഞ്ഞ് പുറത്തുവന്ന രാജവെമ്പാലക്കുഞ്ഞുങ്ങളുടെ എണ്ണം നാല്പതായി. മുട്ട മേലുള്ള അടയിരിപ്പ് 82 ദിവസം പൂര്‍ത്തിയായപ്പോള്‍ ആദ്യ നാളില്‍ 32 രാജവെമ്പാലകളാണ് തോടുടച്ച് പുറത്തുവന്നത്. ആദ്യ പരീക്ഷണത്തിലെ ശേഷിച്ച മുട്ടകളും വിരിയുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് പിലിക്കുള നിസര്‍ഗധാം ഉദ്യാനം ഡയറക്ടര്‍ ജയപ്രകാശ് ഭണ്ഡാരിയും സഹപ്രവര്‍ത്തകരും.
രാജവെമ്പാലകളുടെ പ്രത്യുത്പാദനം കൃത്രിമ സാഹചര്യത്തില്‍ നടത്താന്‍ 2007 നവംബറില്‍ പിലിക്കുള നിസര്‍ഗധാമിന് കേന്ദ്ര മൃഗശാല അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിരന്തര നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമായി വന്നതിനാല്‍ പദ്ധതിയുടെ നടത്തിപ്പ് വൈകി.
ഒമ്പത് ആണ്‍ രാജവെമ്പാലകളും അഞ്ച് പെണ്‍ രാജവെമ്പാലകളും ഉദ്യാനത്തില്‍ ഉണ്ടായിരുന്നെങ്കിലും നാലു ജോഡികളെയാണ് അധികൃതര്‍ ഇണചേര്‍ക്കാന്‍ തിരഞ്ഞെടുത്തത്. ഇണചേരല്‍ പൂര്‍ത്തിയായി 52 ദിവസം തികയുമ്പോഴേക്കും പെണ്‍പാമ്പുകള്‍ മുട്ടയിട്ടു. ഇതില്‍ നിന്ന് 82 മുട്ടകളാണ് അടവെച്ചത്.
കുഞ്ഞ് രാജവെമ്പാലകള്‍ക്ക് 17 ഇഞ്ച് നീളമുണ്ട്. പ്രായപൂര്‍ത്തിയായ രണ്ടുപേരെ അരമണിക്കൂറിനകം കൊല്ലാന്‍ ആവശ്യമായ വിഷം ഓരോ കുഞ്ഞിനും ഉണ്ടെന്ന് ഡയറക്ടര്‍ പത്രലേഖകരോട് പറഞ്ഞു. രാജവെമ്പാലകളുടെ ഇത്തരത്തിലുള്ള പരീക്ഷണപ്പിറവി ലോകത്ത് ആദ്യത്തേതാണെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.


ടി.പി.രാജീവന്‍ 03 Aug 2011 mathrubhumi kerala news

Tuesday, August 2, 2011

മലനാട്ടില്‍ കാട്ടുചോലകള്‍ കണ്‍തുറന്നു

കമ്പിളികണ്ടം (ഇടുക്കി):ഹൈറേഞ്ചിലെ മലമേടുകളിലും വനപ്രദേശങ്ങളിലും ഉറവച്ചാലുകളുടെ ഹൃദയംതുറന്ന് കാട്ടുചോലകള്‍ കണിയൊരുക്കി. കനത്തമഴയില്‍ മലഞ്ചെരുവുകളില്‍ പാല്‍പ്പതച്ചാര്‍ത്തുമായി നിരവധി നീര്‍ച്ചാലുകളാണ് പ്രത്യക്ഷപ്പെട്ടത്. ലോവര്‍ പെരിയാര്‍, പാമ്പള വനമേഖലയില്‍മാത്രം ഒരുഡസനിലധികം നീര്‍ച്ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

മലകളുടെ മുടികളില്‍ ഉദ്ഭവിക്കുന്ന ചെറുചാലുകള്‍ താഴേക്ക് ഒഴുകുന്നതിനിടെ കൂടുതല്‍ ഉറവച്ചാലുകളുമായി സംഗമിച്ച് ശക്തമായ നീരൊഴുക്കായി താഴ്‌വരയിലെത്തുന്നു. പെരിയാറിലാണ് കാട്ടുചോലകള്‍ സംഗമിക്കുന്നത്.

മഴക്കാലം ആസ്വദിക്കാന്‍ മലനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് കാട്ടുചോലകള്‍ കണ്ണിന് ഹരം പകരുന്നു. ഡിസംബര്‍വരെ വെള്ളച്ചാട്ടങ്ങളുടെയും നീരൊഴുക്കുകളുടെയും ദൃശ്യവിരുന്ന് മലയോരഗ്രാമങ്ങളിലുണ്ടാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ചോലകള്‍ മിക്കതും പ്രത്യക്ഷമായത്.

31 Jul 2011 mathrubhumi idukki news

വാഴാനിയില്‍ തൂക്കുപാലം

വടക്കാഞ്ചേരി:വിനോദസഞ്ചാരകേന്ദ്രമായി മാറുന്ന വാഴാനിയില്‍ തൂക്കുപാലം നിര്‍മാണം പൂര്‍ത്തിയായി. 30 ലക്ഷം രൂപ ചെലവില്‍ ജലസേചനവിഭാഗത്തിലെ സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങളാണ് തൂക്കുപാലം നിര്‍മാണ ചുമതല വഹിച്ചത്. അണക്കെട്ടില്‍നിന്ന് വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടറുകള്‍ക്ക് മുന്നിലായിട്ടാണ് തൂക്കുപാലം നിര്‍മിച്ചിട്ടുള്ളത്.

അണക്കെട്ട് കേന്ദ്രീകരിച്ചുള്ള മറ്റ് ടൂറിസം പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണതയിലെത്തി. സിഡ്‌കോവിന്റെ പ്രവര്‍ത്തനങ്ങളാണ് ശേഷിക്കുന്നത്. ഉദ്യാനം, പവലിയന്‍ എന്നിവയുടെ വൈദ്യുതാലങ്കാരത്തിന് 16 ലക്ഷം രൂപയുടെ പ്രവൃത്തി അനുമതിയായിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. ഓപ്പണ്‍ എയര്‍ തിയ്യേറ്റര്‍, കുളം ഉദ്യാനനവീകരണം എന്നിവ പൂര്‍ത്തിയായി. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് 45 ലക്ഷം രൂപ ചെലവില്‍ താമസ സൗകര്യം ലക്ഷ്യമിടുന്ന കള്‍ച്ചറല്‍ കോംപ്ലക്‌സിന്റെയും നിര്‍മാണം അന്തിമഘട്ടത്തിലെത്തി.

1.8.2011 mathrubhumi thrissur news

പുതുക്കാട്ട് ആദ്യ ഹരിത വിദ്യാര്‍ഥി സേന ഒരുങ്ങി.

ആമ്പല്ലൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ഹരിത വിദ്യാര്‍ഥി സേനയുടെ ആദ്യ ബാച്ച് പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, അവര്‍ക്ക് യന്ത്രവത്കൃത കൃഷിരീതിയില്‍ പരിശീലനം നല്‍കുക എന്നതാണ് ഗ്രീന്‍ കേഡറ്റ് കോര്‍ അഥവാ ഹരിത വിദ്യാര്‍ഥി സേനയുടെ രൂപവത്കരണത്തോടെ ഉദ്ദേശിക്കുന്നത്. പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആഗോള മുതലാളിത്തം കൃഷിയെ ബിസിനസാക്കി മാറ്റിയെന്ന് എം.എല്‍.എ. പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലക്ക് ജനകീയമാക്കാന്‍ കഴിയാതിരുന്ന ഗാലസ പദ്ധതി പുതുക്കാട് മണ്ഡലത്തില്‍ വിജയപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെങ്ങ് കൃഷിയുടെ പ്രോത്സാഹനത്തിന് നാളികേര വികസന ബോര്‍ഡ് വേണ്ട ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. പരമ്പരാഗത ജൈവ കൃഷിയിലേക്ക് തിരിച്ചു പോകണമെന്ന് കാര്‍ഷിക സര്‍വകലാശാല വി.സി കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. ഹരിത വിദ്യാര്‍ഥി സേവനം വിജയിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സന്റ് അധ്യക്ഷത വഹിച്ചു. എന്‍.സി.സി മാതൃകയില്‍ സേനാംഗങ്ങള്‍ക്ക് ഡ്രില്ലും പരേഡും ഉണ്ടാകും. 54 പേരടങ്ങുന്ന സംഘത്തിന് യൂനിഫോമും പഠനോപാധികളും കാര്‍ഷിക സര്‍വകലാശാല നല്‍കും. ഒരു വര്‍ഷം നീളുന്ന പ്രവൃത്തിപരിചയ പരിശീലന പരിപാടിയില്‍ മുഖ്യപരിശീലകര്‍ എല്ലാ ശനിയാഴ്ചകളിലും സ്‌കൂളില്‍ എത്തി കൃഷിയില്‍ പ്രവൃത്തി പരിചയ പരിശീലനം നല്‍കും. പരിശീലന കാലത്ത് ഒട്ടുമിക്ക കാര്‍ഷിക വിളകളും സേന ഉല്‍പാദിപ്പിക്കും.

ഈ വിളകളില്‍ ഉപയോഗിക്കാവുന്ന കാര്‍ഷിക യന്ത്രങ്ങളിലും പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കി 'ഗ്രീന്‍ കേഡറ്റ് കോര്‍' ആയി അംഗീകരിക്കുകയും പാസിങ് ഔട്ട് പരേഡിലൂടെ ഭക്ഷ്യസുരക്ഷാ സേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.

31.7.2011 madhyamam thrissur news
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക