.

.

Monday, November 7, 2011

ഗതികെട്ടാല്‍ കുരങ്ങും മീന്‍പിടിക്കും

'ഗതികെട്ടാല്‍ പുലി പുല്ലും തിന്നും' എന്നു കേട്ടിട്ടുണ്ട്. പഴങ്ങള്‍ തിന്ന് മരങ്ങള്‍ ചാടി നടക്കുന്ന കുരങ്ങന് ഗതികെട്ടാലോ? ചിലപ്പോള്‍ മീനുകളെയും പിടിക്കും. ഇന്തൊനീഷ്യയിലെ മസാക്വെ കുരങ്ങന്‍മാരാണ് ഇത്തരത്തില്‍ മീന്‍ പിടിച്ച് വയറു നിറയ്ക്കുന്നത്.
ഇന്തൊനീഷ്യയില്‍ കണ്ടു വരുന്ന നീണ്ട വാലുകളുള്ള, വെള്ളി  രോമങ്ങളോടു കൂടിയ മസാക്വെ കുരങ്ങുകളാണ് മീന്‍ പിടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എട്ടു വര്‍ഷത്തിനിടെ മസാക്വെ കുരങ്ങുകള്‍ നാലു തവണ മീന്‍ പിടിച്ച് ഭക്ഷിക്കുന്നതു കണ്ടെത്തിയതായി ദ നേച്ചര്‍ കണ്‍സര്‍വന്‍സിയിലെയും ഗ്രേറ്റ് ഏപ് ട്രസ്റ്റിലെയും  ഗവേഷകര്‍ പറഞ്ഞു.
വടക്കന്‍ സുമാത്രയിലെ കാലിമന്ദന്‍ നദിയില്‍ നിന്നാണ് കുരങ്ങുകള്‍ മീന്‍ പിടിക്കുന്നത് കണ്ടെത്തിയത്. പഴങ്ങള്‍ക്കൊപ്പം ഞണ്ടുകളെയും ഷഡ്പദങ്ങളെയും കുരങ്ങുകള്‍ ഭക്ഷിക്കുന്നത് മുന്‍പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവ മീന്‍ പിടിക്കുന്നത് ആദ്യമായാണ് കണ്ടെത്തിയത്.
ഏറെ കാലത്തെ ഗവേഷണത്തിനു ശേഷമാണ് കുരങ്ങുകളില്‍ അപൂര്‍വമായ ഈ ശീലം കണ്ടെത്തിയതെന്ന് എറിക് മെയ്ജാര്‍ദ് പറഞ്ഞു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് പ്രൈമറ്റോളജിയിലാണ് ഇതേ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നേച്ചര്‍ കണ്‍സര്‍വന്‍സിയിലെ മുതിര്‍ന്ന ശാസ്ത്ര ഉപദേശകനാണ് മെയ്ജാര്‍ദ്.
ഏതെല്ലാം സാഹചര്യത്തിലാണ് മസാക്വെ കുരങ്ങുകള്‍ മീന്‍പിടിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവികള്‍ പുതിയ ഭക്ഷണ സ്രോതസുകള്‍ തേടുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചക്മ ബബൂണ്‍സ്, ഒലീവ് ബബൂണ്‍സ്, ചിംപാന്‍സി, ഒറാങ്കുട്ടന്‍ തുടങ്ങിയ കുരങ്ങു kവര്‍ഗക്കാര്‍ മീന്‍ പിടിക്കുന്നത് മുമ്പും കണ്ടെത്തിയിട്ടുണ്ട്.

 കെ.വി. രാജേഷ്  ManoramaOnline Paristhithi News

Sunday, November 6, 2011

ഇല പോലെ, വടി പോലെ

ശത്രുക്കളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനും ശ്രദ്ധയില്‍പ്പെട്ടാല്‍ത്തന്നെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാനുമുള്ള ശ്രമങ്ങള്‍ പ്രകൃതിയില്‍ ധാരാളായുണ്ട്. ശ്രദ്ധയില്‍പ്പെടാതിരിക്കാനുള്ളസൂത്രവിദ്യക്ക് 'കാമോഫ്ലാഷ്' (Camouflage) എന്നാണു പറയുക. ചുള്ളിക്കമ്പുപോലെ തോന്നിക്കുന്ന Stick Insect,നിലത്തുവീണുകിടക്കുന്ന പഴകിയ ഇലപോലെ തോന്നിക്കുന്ന Deadleaf ബട്റെര്ഫ്ലി എന്നിവ ഉദാഹരണങ്ങളാണ്. 'തൊഴുകയ്യന്‍' എന്നറിയപ്പെടുന്ന 'Praying Mantis' ഇളം നിറത്തിലൂടെ പശ്ചാത്തലത്തോട് ഇണങ്ങിച്ചേരുകയാണ് ചെയ്യുന്നത്. ഒാന്തിനങ്ങള്‍ (chameleon, Calotus etc)സ്വയം നിറംമാറുന്നതിലൂടെയും ശത്രുക്കളുടെ ആക്രമണസാധ്യത കുറയ്ക്കുന്നു.

Manoramaonline environment

മണി മുഴങ്ങുന്നതു കിപൂന്‍ജിക്ക്

ജാതകം എഴുതിത്തുടങ്ങുമ്പോഴേക്കും മരണമണി. ടാന്‍സാനിയയിലെ ഉസുങ്കുവ മലനിരകളില്‍ മൂന്നു വര്‍ഷം മുമ്പ് ആദ്യമായി കണ്ടെത്തിയ കിപൂന്‍ജി (Lophocebus kipunji)  കുരങ്ങുകള്‍ക്കാണ് ഈ ദുര്‍ഗതി. 2005 ല്‍ പുതുതായി ഒരു കുരങ്ങുകുലത്തെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഈ കുരങ്ങുകളുടെ ജനിതകഘടന (ഡിഎന്‍എ) പരിശോധിയപ്പോഴായിരുന്നു രസം.  കുരങ്ങുകളിലെ പുതിയ ജനുസില്‍ പെട്ടവയാണ് കിപൂന്‍ജി. 2006 ല്‍ അതും വന്‍ വാര്‍ത്തയായി. 1923 നു ശേഷം പുതിയൊരു ജനുസ് കുരങ്ങുകളെ കണ്ടെത്തുന്നത് ആദ്യമായായിരുന്നു.  ഇപ്പോള്‍ അവയുടെ കഷ്ടകാലം തുടങ്ങിക്കഴിഞ്ഞുവെന്ന കണ്ടെത്തല്‍ വീണ്ടും വാര്‍ത്തയായി. കുരങ്ങുകളിലെ പുതുമുറക്കാരായ, കാട്ടിനുള്ളിലെ വലിയ വാനരന്മാരായ കിപൂന്‍ജി കുലത്തില്‍ ഇനി 1117 അംഗങ്ങളേ അവശേഷിക്കുന്നുള്ളൂവെന്നു ടാന്‍സാനിയയിലെ വന്യജീവി സംരക്ഷണ സമിതി അടുത്തിടെ കണ്ടെത്തുകയായിരുന്നു. സമിതിയിലെ ശാസ്ത്രജ്ഞര്‍ 2,800 മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അവയ്ക്കു മരണമണി മുഴങ്ങുന്നതായി അറിയിച്ചത്. ഈ കുരങ്ങുകളുടെ ആവാസ മേഖല വെറും 17.69 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞതായും കണ്ടെത്തി. കാരണം?. അതൂഹിക്കാവുന്നതേയുള്ളൂ. വനഭൂമി അമിതമായി കയ്യേറ്റം ചെയ്യപ്പെടുന്നതും കാടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വെട്ടിമാറ്റപ്പെടുന്നതും തന്നെ കാരണം. മാത്രമnല്ല, കുരങ്ങുകള്‍ വനംകൊള്ളക്കാരുടെ തോക്കുകള്‍ക്കു വ്യാപകമായി  ഇരയാവുകയും ചെയ്യുന്നു. അതിനര്‍ഥം, ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ കിപൂന്‍ജിയുടെ കുലമറ്റുപോകും.  കിപൂന്‍ജിയെ വംശനാശ ഭീഷണിയിലായ ജന്തുക്കളുടെ പട്ടികയില്‍ പെടുത്തണമെന്നു ശാസ്ത്രജ്ഞര്‍ ലോക വന്യജിവി സംരക്ഷണ യുണിയനോട് ( വേള്‍ഡ് കണ്‍സര്‍വേഷന്‍ യുണിയന്‍) ആവശ്യപ്പെട്ടിരിക്കുകയാണ്.
കിപൂന്‍ജിയുടെ ഭാവി ദുര്‍ബലമായ നൂലില്‍ തൂങ്ങിനില്‍ക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു കൂട്ടം കുരങ്ങുകള്‍ക്കു വംശനാശം സംഭവിച്ചുപോയാലെന്താ, ആകാശം ഇടിഞ്ഞുവീഴുമോ എന്നു ചോദിക്കുന്നവരുണ്ട്. പണ്ടു സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങുകളെ കുറിച്ചു കുറെ മലയാളികളെങ്കിലും ഇങ്ങനെ ചോദിച്ചിരുന്നതുമാണ്.
എന്നാല്‍ കിപൂന്‍ജിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നു ശാസ്ത്രജ്ഞരും പരിസ്ഥിതി വാദികളും മുന്നറിയിപ്പു നല്‍കുന്നു. ഒന്നാമത്തെ കാരണം അവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ ഇതുവരെ പഠിക്കാനായുള്ളൂ എന്നതാണ്. രണ്ടാമത്തെത് കിപൂന്‍ജിയുടെ കഷ്ടകാലം ഒരു ചൂണ്ടുപലകയാണ്. പരിസ്ഥിതിക്കു കനത്ത നാശമുണ്ടാകുന്നു എന്ന മുന്നറിയിപ്പ്. കാടിനും കാട്ടിലെ ജൈവവൈവിധ്യത്തിനും ഭീഷണിയുണ്ടെന്ന വലിയ മുന്നറിയിപ്പ്. എന്നാല്‍, കിപൂന്‍ജിയെ  സംരക്ഷിക്കാന്‍ ഇനിയും സമയമുണ്ടെന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. വേട്ടക്കാരുടെ വെടിയുണ്ടകള്‍കള്‍ക്കായി ഓരോ നിമിഷവും കിപൂന്‍ജികള്‍ കാത്തിരിക്കുമ്പോഴും.

 വി. ജയദേവ് Manoramaonline environment news

Saturday, November 5, 2011

കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2010-11 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷിവകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള നെല്‍ക്കതിര്‍ അവാര്‍ഡിന് രണ്ട് ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്. മികച്ച സംയോജിത കര്‍ഷകന് നല്‍കുന്ന കര്‍ഷകത്തോമ അവാര്‍ഡ്, മികച്ച യുവകര്‍ഷകവനിതയ്ക്കുള്ള യുവകര്‍ഷക വനിതാ അവാര്‍ഡ്, മികച്ച യുവ കര്‍ഷകനുള്ള യുവകര്‍ഷക അവാര്‍ഡ്, മികച്ച കേര കര്‍ഷകനുള്ള കേര കേസരി, മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര, മികച്ച പുഷ്പ കൃഷിക്കാരനുള്ള ഉദ്യാനശ്രേഷ്ഠ എന്നിവയ്ക്ക് ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവും അവാര്‍ഡായി നല്‍കും. മികച്ച പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകനുള്ള കര്‍ഷക ജ്യോതി, മികച്ച അലങ്കാരപുഷ്പ കയറ്റുമതിക്കാരനുള്ള ഫ്ലവര്‍ എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ് എന്നിവയ്ക്ക് 50,000 രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മികച്ച കര്‍ഷക വനിതയ്ക്ക് നല്‍കുന്ന കര്‍ഷകതിലകം, മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി, മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാന്‍, മികച്ച കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തകനുള്ള കര്‍ഷകമിത്ര അവാര്‍ഡ്, മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ അവാര്‍ഡ്, മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തനത്തകനുള്ള കര്‍ഷക ഭാരതി, സങ്കരയിനം പശുക്കളെ പരിപാലിച്ച് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകുനുള്ള ക്ഷീരധാര അവാര്‍ഡ്, ഇറച്ചിക്കുവേണ്ടിയോ മുട്ടയ്ക്ക് വേണ്ടിയോ കോഴികളെ പരിപാലിക്കുന്ന മികച്ച കര്‍ഷകനുള്ള പൗള്‍ട്രി അവാര്‍ഡ് എന്നിവയ്ക്കായി 25,000 രൂപയം സ്വര്‍ണമെഡലും ഫലകവും പ്രശസ്തി പത്രവും നല്‍കും. കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തതോ ആയ മികച്ച കൃഷിഫാമിനുള്ള ഹരിത കീര്‍ത്തി അവാര്‍ഡിന് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും.

കൃഷി വിജ്ഞാന്‍, കര്‍ഷക മിത്ര എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ജനവരി 16 ന് മുമ്പ് കൃഷിഡയറക്ടര്‍ക്ക് നല്‍കണം. കര്‍ഷക ഭാരതി അവാര്‍ഡിനുള്ള അപേക്ഷ ജനവരി 16 ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് നല്‍കണം. ക്ഷോണി സംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും ക്ഷീരധാര, പൗള്‍ട്രി എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ മൃഗാസ്പിയിലോ, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസിലോ ഡിസംബര്‍ 15 ന് മുമ്പ് സമര്‍പ്പിക്കണം. ഹരിതകീര്‍ത്തി അവാര്‍ഡിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 26 ന് മുമ്പ് പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍ക്ക് നല്‍കണം. മറ്റ് അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ ഡിസംബര്‍ 15 ന് മുമ്പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍.

പടിയിറങ്ങുന്ന നാടന്‍ പഴങ്ങള്‍

നമ്മുടെ നാട്ടില്‍ പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വവുമായ നാടന്‍പഴവര്‍ഗ്ഗച്ചെടികളാണ് മലര്‍ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.

മലര്‍ക്കായ് മരം

നിറയെ ചെറിയ ഇലച്ചാര്‍ത്തും കായ്കളുമായികാണുന്ന ചെറുസസ്യമാണ് മലര്‍ക്കായ്മരം, അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ ചെറു ശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന ഇവയുടെ ശാഖാഗ്രങ്ങളില്‍ കുലകളായി വിരിയുന്ന ചെറുകായ്കള്‍ കാഴ്ചയ്ക്ക് മനോഹരമാണ്. തൂവെള്ളനിറത്തില്‍ ചെറുകായ്കള്‍ വേനല്‍ക്കാലത്താണ് കാണപ്പെടുന്നത്. ഇവയുടെ പഴക്കാലം മെയ്മാസത്തിലാണ് കാണപ്പെടുന്നത്. പൂച്ചപ്പഴം എന്നും മലര്‍ക്കായ്മരത്തിന് വിളിപ്പേരുണ്ട്. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. അലങ്കാരസസ്യമായി വലിയ ചെടിച്ചട്ടികളിലും ഈ ചെടിയെ ഒതുക്കി വളര്‍ത്താം. മലര്‍ക്കായ മരത്തിന്റെ പഴങ്ങള്‍ക്ക് നേരിയ മധുരമുണ്ട് ഇവ ഭക്ഷ്യയോഗ്യമാണ്.

വെട്ടിപ്പഴം

ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് 'വെട്ടി' ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച ഇലകള്‍ ചെറുതാണ്. വേനല്‍ക്കാലത്തിനൊടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്‍ പോലെ പഴങ്ങള്‍ വിളഞ്ഞുപൊട്ടി നില്‍ക്കുന്നതു കാണാം. പഴങ്ങളാല്‍ നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്‍ഷിക്കും. മധുരവുംചെറുപുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്‍ താനെ വളര്‍ന്ന് ഫലം തന്നുകൊള്ളും.

കൊരണ്ടിപ്പഴം

ചെറുകാടുകളിലും കാവുകളിലും വളര്‍ന്നിരിക്കുന്ന വള്ളിച്ചെടിയാണ് കൊരണ്ടി. ചുവപ്പുനിറത്തില്‍ ബള്‍ബുകള്‍ പോലെ ഇവയിലുണ്ടാകുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമാകും. ഇവ ശേഖരിച്ച് പുറത്തെതൊലി നീക്കി ഭക്ഷിക്കാം മാധുര്യം നിറഞ്ഞ പള്‍പ്പിനുള്ളില്‍ ചെറു വിത്തുമുണ്ടാകും. വേനല്‍ക്കാലത്താണ് കുരണ്ടിച്ചെടിയുടെ വള്ളികളില്‍ കായ്കള്‍ കണ്ടുവരുന്നത്. കുരണ്ടിയുടെ വള്ളികള്‍ മുറിച്ച് കുട്ടകള്‍ നിര്‍മിക്കാന്‍ പണ്ടു ഉപയോഗിച്ചിരുന്നു. കൊരണ്ടിച്ചെടികള്‍ ഉദ്യാനകവാടങ്ങള്‍ ഒരുക്കാന്‍ വളര്‍ത്താന്‍ യോഗ്യമാണ്. ഇവയുടെ വിത്തുകള്‍ നട്ടുവളര്‍ത്താം.

ഞാറപ്പഴം

നമ്മുടെ തൊടികളില്‍നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്‍ ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന പൂക്കളില്‍നിന്ന് ചെറു കായ്കള്‍ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്‍ ഇളംകറുപ്പുനിറമാകുന്നു. ചവര്‍പ്പും മധുരവും കലര്‍ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്‍തന്നെ മുപ്പതോളം കായ്കള്‍ കാണുന്നു. വേനല്‍ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്‍വേദ ഔഷധങ്ങളില്‍ ഞാറ ഒരു ചേരുവയാണ്. ഞാവല്‍പ്പഴങ്ങളോട് ഞാറക്കായകള്‍ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്‍ക്കും പുല്‍ത്തകിടികള്‍ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്‍ത്താം. വിത്തുകള്‍ കിളിര്‍പ്പിച്ചു തൈകള്‍ വളര്‍ത്താന്‍ യോഗ്യമാണ്. അതുംനിന്നുപോകാതെ നാടന്‍ ചെടികള്‍ക്ക് പൂന്തോട്ടങ്ങളിലെങ്കിലും ഒരു സ്ഥാനം നല്‍കി വളര്‍ത്താന്‍ നാം ശ്രദ്ധിക്കണം.

കാരമ്പോള

കേരളത്തില്‍ നന്നായി വളര്‍ന്ന് കായ്ഫലം നല്‍കുമെങ്കിലും കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. പഴങ്ങള്‍ക്ക് മധുരവും പുളിയും കലര്‍ന്നസ്വാദുള്ളതിനാല്‍ മധുരപുളിഞ്ചിയെന്നും വിളിപ്പേരുണ്ട്. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകള്‍ താഴേക്ക് ഒതുങ്ങി നില്‍ക്കുന്നു. ശാഖകളില്‍ കുലകളായിപൂക്കള്‍ വിരിയും കായ്കള്‍ക്ക് ദീര്‍ഘചതുരാകൃതിയും നാലരികുകളുമുണ്ടാകും. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കാം. വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ ജാം, സര്‍ബത്ത് തുടങ്ങിയവ നിര്‍മ്മിക്കാനുപയോഗിക്കാം. നിര്‍ലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പന്‍ പുളിയുടെ അടുത്ത ബന്ധുവാണ്. ആന്തരിക രക്തസ്രാവം, പൈല്‍സ് എന്നിവയ്ക്ക് പഴങ്ങള്‍ ഔഷധമായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവര്‍ഷത്തിനുള്ളില്‍ കായ്ഫലം നല്‍കിത്തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495234232

Posted on: 04 Nov 2011 രാജേഷ് കാരാപ്പള്ളില്‍ Mathrubhumi Karshikam

Friday, November 4, 2011

ഭീമന്‍ പുഴു കൗതുകമായി

തൃക്കരിപ്പൂര്‍: പാവയ്ക്കയോളം വലിപ്പമുള്ള അപൂര്‍വയിനം പുഴു കൗതുകമായി. നടക്കാവ് കോളനിയിലെ റിട്ട. വില്ലേജ് അസിസ്റ്റന്റ് എം. ശ്രീധരന്റെ വീട്ടുമുറ്റത്തെ പനിനീര്‍ ചെമ്പകത്തിലാണ് ഭീമന്‍പുഴുവിനെ കണ്ടെത്തിയത്.

പാവയ്ക്കയുടെ നിറവും രൂപവുമുള്ള പുഴുവിന് 20 സെ.മീറ്ററോളം വലിപ്പമുണ്ട്. ശരീരത്തിന്റെ ഒരുഭാഗത്ത് നിറയെ മീന്ന് സെ.മീ.നീളമുള്ള കാലുകളും, തലയിലും വാലിലും പൈനാപ്പിള്‍ മുള്ളുകള്‍ പോലെ നീലയും കറുപ്പും നിറത്തിലുള്ള ഭാഗവും ഇതിനുണ്ട്. മറുഭാഗത്ത് പൂര്‍ണമായും വെള്ളി നിറമാണ്. ഏത് വിഭാഗത്തില്‍പ്പെട്ട പുഴുവാണിതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

Posted on: 04 Nov 2011 Mathrubhumi Kasargod news

Thursday, November 3, 2011

സൂപ്പര്‍ പുള്ളിച്ചി ഒറ്റയിരുപ്പില്‍ നാലു മുട്ടയിട്ടും

തലയോലപ്പറമ്പ്: എട്ടുമാസമാണ് പ്രായം. കണ്ടാല്‍ മറ്റേതു കോഴിയെയും പോലെ നല്ല ഉരുണ്ട പിടക്കോഴി. എന്നാല്‍ മുട്ടയിടുന്ന കാര്യത്തില്‍ പുള്ളിച്ചി ആളു വമ്പത്തിയാണ്. നാട്ടിലും മറു നാട്ടിലുമൊന്നും പുള്ളിച്ചിയെ വെല്ലാന്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല. ഒരിരുപ്പിന് മൂന്നും നാലും മുട്ടയിട്ടാണ് പുള്ളിച്ചി വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിക്കുന്നത്. ഒരു തവണ രണ്ടുമുട്ടയിടുന്നതൊക്കെ അത്ര അപൂര്‍വമല്ലെങ്കിലും ഒരു ദിവസം നാലു മുട്ട വീതം പല തവണ ഇട്ടാണ് പുള്ളിച്ചി റെക്കോഡ് ബുക്കിലേക്ക് ഉരുളുന്നത്. വെള്ളൂര്‍ ഇറുമ്പയം പനങ്കാട്ടില്‍ ഷിബുവിന്റെ വീട്ടിലെ കോഴിയാണ് പുള്ളിച്ചിയെന്ന സുന്ദരി. ഇക്കഴിഞ്ഞ 26-ാം തിയ്യതിയാണ് പുള്ളിച്ചി ഒന്നിച്ച് നാലുമുട്ടയിട്ടത്. ചൊവ്വാഴ്ച മൂന്ന് മുട്ടയിട്ടു. കഴിഞ്ഞ രണ്ട് മാസമായി മിക്ക ദിവസങ്ങളിലും രണ്ടു മുട്ട ഇടുന്നുണ്ടെന്ന് ഷിബുവിന്റെ ഭാര്യ വിജി പറയുന്നു.

ഇടയ്ക്ക് മൂന്നു മുട്ടവീതം കണ്ടപ്പോള്‍ മറ്റേതെങ്കിലും കോഴി ഇട്ടതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. ഇതോടെ അവര്‍ പുള്ളിച്ചിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഞായറാഴ്ച രണ്ടു മുട്ടയിട്ടു, തിങ്കളാഴ്ച മൂന്ന് മുട്ടയും ബുധനാഴ്ച നാലു മുട്ടയും ഇട്ടു. തലയോലപ്പറമ്പ് മൃഗാസ്​പത്രിയിലെ ഡോക്ടറുമായും ഇക്കാര്യം സംസാരിച്ച് സ്ഥിരീകരിച്ചു. കോഴികളില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസമാണിതെന്ന് തലയോലപ്പറമ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍ അറിയിച്ചു. 'സൂപ്പര്‍ ഓവുലേഷന്‍' ആണ് ഇതിന് കാരണമെന്നും ഡോക്ടര്‍ അറിയിച്ചു.

കോട്ടയത്തു നിന്ന് 65 രൂപയ്ക്കാണ് ഈ കോഴിയെ വീട്ടുകാര്‍ വാങ്ങിയത്.

Posted on: 03 Nov 2011 Mathrubhumi kottayam News

Wednesday, November 2, 2011

വെള്ള കിവിക്ക് പുതുജീവന്‍

വെല്ലിങ്ടണ്‍: ലോകത്തെ ഏക വെള്ള കിവിപ്പക്ഷി മനുകുറയ്ക്ക് ശസ്ത്രക്രിയയിലൂടെ പുതുജന്‍മം. ന്യൂസീലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് വന്യജീവി കേന്ദ്രത്തിലെ അന്തേവാസിയാണ് ആറ് മാസം പ്രായമുള്ള മനുകുറ. വിശപ്പില്ലായ്മയായിരുന്നു മനുകുറയുടെ അസുഖം. ഒരഴ്ചയായി തീറ്റയെടുത്തിരുന്നില്ല. എക്‌സ്‌റേ പരിശോധനയില്‍ ആമാശയ അറയില്‍ രണ്ട് വലിയ കല്ലുകള്‍ കണ്ടു. താമസിയാതെ വെല്ലിങ്ടണിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ലേസര്‍ ഉപയോഗിച്ച് കല്ല് പൊടിച്ചു കളയുന്ന രണ്ട് ശസ്ത്രക്രിയകള്‍ നടത്തി.

ഇപ്പോള്‍ മനുകുറ സുഖം പ്രാപിച്ചുവരിയാണെന്ന് വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു. മറ്റുപക്ഷികളെപ്പോലെ കിവികളും ദഹനത്തിന് സാഹായകമാകാന്‍ കല്ലുകള്‍ വിഴുങ്ങാറുണ്ട്. ആമാശയത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികം കല്ലുകള്‍ മനുകുറ വിഴുങ്ങിയതാകാം പ്രശ്‌നമായതെന്നാണ് കരുതുന്നത്. ന്യൂസീലന്‍ഡിന്റെ ദേശീയ പക്ഷിയാണ് പറക്കാത്ത കിവി. കറുപ്പ്, ചാര, ബ്രൗണ്‍ നിറങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. അത്യപൂര്‍വമായ ഒരു വര്‍ണസങ്കരമാണ് മനുകുറയ്ക്ക് വെള്ളനിറം വരാന്‍ കാരണം.
Posted on: 02 Nov 2011 Mathrubhumi world News 

തണ്ണീര്‍ത്തടങ്ങളില്‍ ദേശാടനപ്പക്ഷികള്‍ക്ക് കുരുതിക്കാലം

കോട്ടയം: വേമ്പനാട് കായല്‍ത്തീരത്തും സമീപത്തെ തണ്ണീര്‍ത്തടങ്ങളിലും അതിഥികളായെത്തുന്ന ദേശാടനപ്പക്ഷികളെ വേട്ടയാടുന്നു. പാടങ്ങളിലും കായല്‍ത്തീരങ്ങളിലും തീറ്റയും ആവാസവും തേടിവരുന്ന പക്ഷികളെ കൊന്നു തിന്നുകയാണ്.തണ്ണീര്‍ത്തടങ്ങളുടെ പ്രശാന്തതയില്‍ പറന്നെത്തുന്ന അപൂര്‍വയിനം പക്ഷികളെയാണ് കുരുതിക്കിരയാക്കുന്നത്. ചില ഷാപ്പുകളിലും മറ്റും ഇവയുടെ ഇറിച്ചിക്കറിവെച്ച് നല്‍കുന്നുമുണ്ട്.

സംരക്ഷിതവിഭാഗത്തില്‍പ്പെട്ട ജല പക്ഷികളെ വലയിട്ടും വെടിവച്ചുംമറ്റുമാണ് പിടികൂടുന്നത്.

കായലുകളിലും പാടങ്ങളിലും എത്തുന്ന ദേശാടനക്കിളികളുടെ കൂട്ടത്തില്‍ എരണ്ടകളാണ് കൂടുതല്‍. കോട്ടയം ജില്ലയിലും സമീപപ്രദേശത്തുമുള്ള തണ്ണീര്‍ത്തടങ്ങളിലും പാടശേഖരങ്ങളിലും ആയിരക്കണക്കിന് പക്ഷികളെയാണ് പിടികൂടുന്നത്. കുമരകം പക്ഷിസങ്കേതത്തിനടുത്തുള്ള പ്രദേശങ്ങളിലും തലയോലപ്പറമ്പ്, മിഠായിക്കുന്നം, അടിയം, ചാലുംകരി, കുറിച്ചി, ഇടയാഴം, ആറായിരം കായല്‍, ഇരുപത്തിനാലായിരം കായല്‍ തുടങ്ങിയ സ്ഥലങ്ങളിലും പക്ഷിവേട്ട വ്യാപകമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷലഭിക്കുന്ന കുറ്റമാണിത്. വനം വകുപ്പുദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ വേട്ടക്കാരെ പിടികൂടാന്‍ രംഗത്തുണ്ടെങ്കിലും നടപടികള്‍ പൂര്‍ണവിജയം ആകുന്നില്ല.

എരണ്ട, ചോരക്കാരി (റെഡ്‌സാങ്ക്), പച്ചക്കാലി, ചൂളന്‍ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും നീര്‍ക്കാക്ക, ചേരക്കോഴി, നീലക്കോഴി, പച്ച എരണ്ട, കുഴി എരണ്ട (മുങ്ങാംകോഴി) തുടങ്ങിയ തദ്ദേശീയ ജലപക്ഷികളുമാണ് വേട്ടയാടപ്പെടുന്നത്.

ആയിരക്കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്ന പാടശേഖരങ്ങളിലും കായല്‍ത്തീരങ്ങളിലും വെടിവച്ചും വലവീശിയും ഇവയെ പിടിക്കാന്‍ സംഘങ്ങള്‍ രംഗത്തുണ്ട്.

അസം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഈ പക്ഷികള്‍കൂടുതലായി ഇവിടേക്കെത്തുന്നത്. ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പക്ഷികള്‍ എത്താറുണ്ട്. സപ്തംബറോടെ എത്തുന്ന പക്ഷികള്‍ ഏപ്രിലോടെതിരികെപ്പോകും.

തണ്ണീര്‍ത്തടങ്ങളിലും പാടശേഖരങ്ങളിലും എത്തുന്ന പക്ഷികള്‍ഇവയുടെ തീരത്ത് കൂടുകൂട്ടുന്നു. ചിലപ്പോള്‍ വലിയ ചങ്ങാടംപോലെ ഈ പക്ഷികള്‍ക്ക് വെള്ളത്തില്‍ സഞ്ചരിക്കാനും കഴിയും.

കൂടുകൂട്ടി പ്രജനനം നടത്തുന്ന കിളികളെ കൊന്നൊടുക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമാകും. ഭക്ഷ്യശൃംഖലയിലെ ഒരു കണ്ണിയുടെ നാശം ജീവകുലത്തിന്റെയാകെ നാശത്തിന് കാരണമാകുമെന്ന പാഠം ഇറച്ചിക്കൊതിയില്‍ മനുഷ്യന്‍ മറക്കുന്നു.
Posted on: 02 Nov 2011 Mathrubhumi Kottayam News

രാകേഷ്.കെ.നായര്‍

Tuesday, November 1, 2011

ബാണാസുര സാഗറില്‍ സഞ്ചാരികള്‍ക്ക് നിരാശ

പടിഞ്ഞാറത്തറ: ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും സൗകര്യങ്ങളുടെ പരിമിതികള്‍ വിനയാകുന്നു. ബാണാസുര സാഗര്‍അണക്കെട്ടില്‍ പ്രതിദിനം ശരാശരി ആയിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. കുന്നുകളെ വലംവെച്ച് ബോട്ടുയാത്ര ചെയ്യാനാണ് ഇവിടത്തേക്ക് സഞ്ചാരികള്‍ അതിവിദൂരത്ത് നിന്നുപോലും എത്തുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണിലും കേവലം രണ്ടുബോട്ടുകള്‍ മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. വൈകിട്ട് മൂന്നുമണിയോടെ ടിക്കറ്റുകള്‍ നല്‍കിത്തീരുന്നതിനാല്‍ അതിനുശേഷം വരുന്ന സഞ്ചാരികളാകെ നിരാശരായി തിരിച്ചു പോകേണ്ട ഗതികേടിലാണ്.

പതിനഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ഓരോ ബോട്ടുയാത്രയ്ക്കും 350 രൂപയാണ് ഈടാക്കുന്നത്. അഞ്ചുപേര്‍ക്ക് കയറാന്‍ കഴിയുന്ന ബോട്ടുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും ആരോപണമുണ്ട്. സ്​പീഡ് ബോട്ടല്ലാതെ പെഡല്‍ ബോട്ടുസൗകര്യമില്ല. തേക്കടി മാതൃകയില്‍ വലിയ ബോട്ടുകള്‍ ഇവിടെയെത്തിക്കാന്‍ ഹൈഡല്‍ ടൂറിസം നടപടി എടുത്തിട്ടില്ല. ടിക്കറ്റ് പാസ് ഇനത്തിലും ബോട്ടുസവാരിയിലും വന്‍തുക കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാകുമ്പോഴും ഈ വിനോദകേന്ദ്രത്തെ അവഗണിക്കപ്പെടുകയാണ്.

കര്‍ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ വയനാട്ടിലെ വിനോദ കേന്ദ്രങ്ങളിലേക്ക് വന്നെത്തുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളോടുള്ള അവഗണന തന്നെയാണ് ഇവര്‍ക്ക് പറയാനുള്ളത്.

Posted on: 01 Nov 2011 Mathrubhumi Wayand News
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക