.

.

Friday, February 3, 2012

അലങ്കാരത്തിന് തുണിപൊതിഞ്ഞ വൃക്ഷങ്ങള്‍ ഉണങ്ങുന്നു

പറവൂരിലെ പ്രധാന വീഥികളില്‍ അലങ്കാരത്തിനായി ചുവന്ന തുണി പൊതിഞ്ഞ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ ഉണങ്ങിത്തുടങ്ങി. ഒരു മാസത്തിലേറെയായി തടിയും ചില്ലകളും തുണികൊണ്ട് മൂടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കാണ് വേനല്‍ ശക്തിപ്പെട്ടതോടെ ഉണക്ക് ബാധിച്ചുതുടങ്ങിയത്. ഇത് പ്രകൃതിസ്‌നേഹികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പറവൂരില്‍ നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നഗരം ആകെ ചുവപ്പുമയം ആക്കാനാണ് വൃക്ഷങ്ങള്‍ക്ക് ചുവപ്പുതുണി പുതപ്പിച്ചത്. പ്രധാന തടി ഉള്‍പ്പെടെ ചെറു ശിഖിരങ്ങള്‍ വരെ ചുവന്ന തുണി മുറുകെ ചുറ്റി ആണിക്ക് തുല്യമായ സ്ട്രാപ്ലര്‍ അടിച്ചു. സമ്മേളന പരിപാടികള്‍ കഴിഞ്ഞ് മറ്റ് അലങ്കാരങ്ങള്‍ അഴിച്ചുമാറ്റിയെങ്കിലും വൃക്ഷങ്ങളെ വിരിഞ്ഞുമുറുക്കിയ തുണികള്‍ നീക്കം ചെയ്തില്ല.

നഗരത്തിലെ പ്രധാന റോഡുകളിലും ജങ്ഷനുകളിലുമായി തണല്‍വിരിച്ച് നില്‍ക്കുന്ന 12 ഓളം വൃക്ഷങ്ങളില്‍ ഇങ്ങനെ തുണി ചുറ്റിയിട്ടുണ്ട്.വൃക്ഷങ്ങളുടെ ജീവനത്തിന് വിരുദ്ധമായ രീതിയില്‍ ഇത് ചെയ്തതിനെതിരെ പ്രകൃതിസ്‌നേഹികള്‍ക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ട്. മുസരിസ് പൈതൃക സംരക്ഷണ പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്താണ് ഈ വൃക്ഷഹത്യ.വൃക്ഷത്തെ പൊതിഞ്ഞ് ശ്വാസം മുട്ടിയ്ക്കുന്ന അവസ്ഥയില്‍നിന്ന് അവയെ രക്ഷിച്ചില്ലെങ്കില്‍ ഈ വേനലില്‍ തന്നെ ഇവ ഉണങ്ങിക്കരിയുമെന്ന് പ്രകൃതിസ്‌നേഹികള്‍ സങ്കടപ്പെടുന്നു.
03 Feb 2012 Mathrubhumi Eranamkulam News

അടയാ കൊക്കുകള്‍ വിരുന്നെത്തി

തെന്നിലാപുരം: തെന്നിലാപുരത്തെ വയലേലകളില്‍ അടയാകൊക്കുകള്‍ കൂട്ടത്തോടെ വിരുന്നെത്തി.
മകരക്കൊയ്ത്തുകഴിഞ്ഞ് ചെളിയും വെള്ളവുമുള്ള വയലുകളിലാണ് 'സ്​പൂണ്‍ വില്‍ഡക്ക്' എന്ന അടയാകൊക്കുകള്‍ കൂട്ടത്തോടെ സന്ദര്‍ശനത്തിനെത്തിയത്. 30-40 എണ്ണമുള്ള കൂട്ടമാണ് വയലേലകളില്‍ തീറ്റതേടുന്നത്. ചെറുമീനുകള്‍, ഞണ്ട്, തവള തുടങ്ങിയ ചെറുജീവികളാണ് ദേശാടനക്കൊക്കുകളുടെ ഭക്ഷണം. കഴുത്തിലും ശരീരത്തിലും ചാരനിറവും ഇരുചിറകുകളിലും ചാരംകലര്‍ന്ന കറുപ്പുനിറവുമാണ്. കൊക്ക് സ്​പൂണ്‍ പോലെയാണ്. അടയാകൊക്കുകള്‍ ചാരക്കൊറ്റിയെന്നും നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്നു.സ്‌പെയിനില്‍നിന്നാണ് ഇവ ഇന്ത്യയിലെത്തുന്നത്.
മാര്‍ച്ച് അവസാനത്തോടെ ദേശാടനം കഴിഞ്ഞ് തിരിച്ചുപോവും.
03 Feb 2012 Mathrubhumi Palakkad News

വാല്‌പാറയില്‍ പുലി കെണിയില്‍ കുടുങ്ങി

വാല്പാറ: വാല്പാറനിവാസികളെ മാസങ്ങളായി പരിഭ്രാന്തിയിലാക്കിയിരുന്ന പുലികളില്‍ ഒന്ന് കെണിയില്‍ കുടുങ്ങി. താലൂക്കോഫീസിനുസമീപം കുറ്റിക്കാട്ടില്‍ വനംവകുപ്പുവെച്ച കെണിയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുലി കുടുങ്ങിയത്.
വാല്പാറയില്‍ അണ്ണനഗര്‍, കാമരാജ്‌നഗര്‍, പി.എ.പി. കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തിലധികമായി നിരന്തരം പുലികള്‍ ഇറങ്ങാറുണ്ട്. അടുത്തിടെ, മൂന്ന് ആടുകള്‍, ഒരു പശുക്കുട്ടി, നാല് പട്ടികള്‍ എന്നിവയെ കൊന്നുതിന്നുകയുംചെയ്തിരുന്നു.
നാട്ടുകാര്‍ പുലിഭീതിയിലായതോടെയാണ് വനംവകുപ്പ് കെണിസ്ഥാപിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് പുലി കുടുങ്ങിയത്. പുലിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുപട്ടിയെ കൂട്ടിനുസമീപം കെട്ടിയിട്ടിരുന്നു. പിടിച്ച പുലിയെ കാട്ടില്‍വിടും.
തൊട്ടടുത്തുതന്നെ സ്‌കൂളും കളിസ്ഥലവും ഉണ്ട്. വെള്ളിയാഴ്ച രാത്രി നടുമലയ്ക്കുസമീപം റോഡിലിറങ്ങിയ ആനയും പ്രശ്‌നംസൃഷ്ടിച്ചു. ഒരു ബസ്സിനെ തടഞ്ഞുനിര്‍ത്തിയ ആന ഇവിടെ ഗതാഗതതടസ്സം സൃഷ്ടിച്ചു.
03 Feb 2012 Mathrubhumi Palakkad News

വേളി ടൂറിസ്റ്റ് വില്ലേജില്‍ പെഡല്‍ ബോട്ട് യാത്ര

വികസനത്തിന്റെ ആദ്യഘട്ടമായി വേളി ടൂറിസ്റ്റ് വില്ലേജില്‍ അഞ്ച് പെഡല്‍ ബോട്ടുകളെത്തിച്ചു. കേരളാ ടൂറിസം ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് മേല്‍ക്കൂര സംവിധാനമുള്ള പെഡല്‍ ബോട്ടുകള്‍ ബുധനാഴ്ചയെത്തിയത്.
രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന പെഡല്‍ ബോട്ടുകള്‍ കൂടുതലും യുവനിരയും ദമ്പതികളുമാണ് ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ ബോട്ട് യാത്രയ്ക്ക് 100 രൂപ ഈടാക്കും. വേളി ടൂറിസ്റ്റ് വില്ലേജിലെ മുഖ്യ ആകര്‍ഷണമാണ് ബോട്ടുയാത്ര. പെഡല്‍ ബോട്ടുകള്‍ക്ക് പുറമെ രണ്ട് സ്​പീഡ് ബോട്ടുകള്‍, ഒരു സഫാരി ബോട്ട് എന്നിവയും ഉടനെ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ശംഖുശില്പം നിര്‍മിച്ചിരിക്കുന്ന കുളത്തില്‍ കുട്ടികള്‍ക്കായി കുട്ടയുടെ രൂപത്തിലുള്ള 'ചില്‍ഡ്രന്‍സ് ബോട്ട്' വാങ്ങാനും പദ്ധതിയുണ്ട്. പുതുതായി എത്തിച്ച ബോട്ടുകള്‍ കെ.ടി.ഡി.സി.യുടെ എന്‍ജിനീയര്‍ പരിശോധിച്ചതിനു ശേഷമേ വിനോദസഞ്ചാരികള്‍ക്ക് നല്‍കുകയുള്ളൂവെന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിജയകുമാര്‍ പറഞ്ഞു.
03 Feb 2012 Mathrubhumi Thiruvananthapuram News

Thursday, February 2, 2012

ഇന്നു ലോക തണ്ണീര്‍ത്തട ദിനം

എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ട് ലോക നീര്‍ത്തട ദിനമായി ആചരിക്കുന്നു. 1997ലാണ്  ദിനാചരണം ആരംഭിച്ചത്.
നീര്‍ത്തടസംരക്ഷണമെന്ന മഹത്തായ ലക്ഷ്യത്തിനായി,  1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ റംസറില്‍ ചേര്‍ന്ന ലോക തണ്ണീര്‍ത്തട കണ്‍വന്‍ഷനില്‍ നീര്‍ത്തട ഉടമ്പടി അഥവാ റംസര്‍ ഉടമ്പടി ഒപ്പുവച്ചതിന്റെ സ്മരണ പുതുക്കാനായിട്ടായിരുന്നു ഇത്. ദിനാചരണത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രസംഗങ്ങള്‍, സിനിമാ-വിഡിയോ പ്രദര്‍ശനങ്ങള്‍, പ്രകൃതിയാത്രകള്‍, നീര്‍ത്തട സന്ദര്‍ശനം എന്നിവ നടത്തപ്പെടുന്നു.
എല്ലാ വര്‍ഷവും നീര്‍ത്തട ദിനാചരണത്തിന് ഒരു പ്രമേയം നിശ്ചയിക്കാറുണ്ട്. ഈ വര്‍ഷത്തെ വിഷയം ‘നീര്‍ത്തടങ്ങളും വിനോദസഞ്ചാരവും(Wetlands and Tourism)എന്നതാണ്.

വനവത്കരണ പദ്ധതികള്‍ താളം തെറ്റി

തിരുനെല്ലി: പശ്ചിമഘട്ടത്തിന് അതിരു നില്‍ക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഢി. ഏതുവേനലിലും കുളിരു പകര്‍ന്നൊഴുകിയിരുന്ന കാട്ടരുവികളും ശീതളമായ കാലാവസ്ഥയും പതിറ്റാണ്ടുകളോളം വയനാടിനെ മറ്റു നാടുകളില്‍ നിന്ന് വേര്‍തിരിച്ചു. ശരാശരി താപനില 15 ഡിഗ്രി സെന്റി ഗ്രേഡില്‍ നിലനിന്നിരുന്ന വേനല്‍ച്ചൂട് ഇപ്പോള്‍ ഇരുപത്തിയഞ്ചിലേക്ക് ഉയരുകയാണ്. സദാസമയവും ഉറവ വറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിയും ജനവരി പിന്നിട്ടതോടെ നീര്‍ച്ചാലുകളായി മാറി. നഷ്ടമാകുന്ന ഹരിത വനങ്ങളുടെ കണക്കുകളാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കബനിയുടെ ഉത്ഭവസ്ഥാനമായ തൊണ്ടാര്‍മുടി തുടങ്ങി വയനാടിനെ വളഞ്ഞു നില്‍ക്കുന്ന മലനിരകളാണ് നൂറോളം കാട്ടരുവികളുടെ ജലസ്രോതസ്സ്. അതിരുകടന്ന വനംകൊള്ളയും കാട്ടുതീയും വര്‍ഷംതോറും മലനിരകളിലേക്ക് പടര്‍ന്നുകയറിയതോടെ ഇവ മൊട്ടക്കുന്നുകളായി.

വിസ്തൃതിയില്‍ ഏറെയുള്ള സ്വാഭാവിക വനഭൂമി സംരക്ഷിക്കാന്‍ പദ്ധതികള്‍ വര്‍ഷംതോറും വരുമ്പോഴും ചോലവന സംരക്ഷണത്തിന് യാതൊരു നടപടിയുമില്ല. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള ബാണാസുര മലയില്‍ ചോലവനങ്ങള്‍ ധാരളമുണ്ടായിരുന്നു. ചെമ്പ്ര മലനിരകളേക്കാള്‍ സമ്പന്നവും ജൈവ സമ്പുഷ്ടവുമായിരുന്നു ഇവിടത്തെ കാടുകള്‍.

പുളിഞ്ഞാലില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഉറക്കം ചോല ഇതില്‍ പ്രധാനപ്പെട്ടതാണ്. ജനവരി പിന്നിട്ട് വേനല്‍ കനക്കുന്നതോടെ ഈ കാട്ടുചോലയിലും കാട്ടുതീ പതിവു തെറ്റാതെ എത്തും. വന്‍മരങ്ങള്‍ വരെ ചാമ്പലാക്കിയാണ് തീ പിന്‍വാങ്ങുക. പേരിനു മാത്രമാണ് ഇപ്പോള്‍ ഈ ചോലവനങ്ങളുടെ നിലനില്പ്.

വനംവകുപ്പ് ഏര്‍പ്പെടുത്തുന്ന ഫയര്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കുന്നില്ല എന്നാണ് ആരോപണം. പുല്‍മേടുകളില്‍ നിന്ന് ആഞ്ഞുവീശുന്ന കാറ്റില്‍ കാടുകളിലേക്ക് തീ പടര്‍ന്നു കയറുകയാണ്. മൊട്ടക്കുന്നുകളായി മാറുന്ന മലനിരകളില്‍ വനവത്കരണ പദ്ധതികളും വേണ്ടത്ര പുരോഗമിക്കുന്നില്ല. 1988-ല്‍ നിലവില്‍ വന്ന വനനയത്തിന്റെ ഭാഗമായി അരങ്ങേറുന്ന ജനപങ്കാളിത്ത വനവത്കരണവും മലനിരകള്‍ക്ക് ഹരിതകാന്തി നല്‍കുന്നില്ല. ഭൂരിപക്ഷം ആദിവാസികള്‍ അംഗങ്ങളായിട്ടുള്ള വനസംരക്ഷണ സമിതിയില്‍ പലര്‍ക്കും അധ്വാനിച്ച തുകയ്ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വടക്കേ വയനാട്ടില്‍ നിലവിലുള്ള 17 വനസംരക്ഷണസമിതികള്‍ മുഖേന 2004-05 വര്‍ഷത്തില്‍ 540 ഹെക്ടര്‍ സ്ഥലത്ത് വനം വികസിപ്പിച്ചു എന്നാണ് കണക്ക്. ചൂരല്‍, ഔഷധമരങ്ങള്‍ തുടങ്ങിയവയാണ് ഈ സ്ഥലത്ത് വെച്ചുപിടിപ്പിച്ചത്. എന്നാല്‍ വന്‍തുക ചെലവാക്കി നടത്തിയ ഈ വനവത്കരണം പാഴ്‌വേലയായി. തൈകളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തന്നെ നശിച്ചുപോവുകയായിരുന്നു.

വടക്കെ വയനാട്ടില്‍ മാത്രം 750ഹെക്ടര്‍ സ്ഥലം വനവത്കരിക്കാന്‍ പത്താം പഞ്ചവത്സര പദ്ധതിയില്‍ 246.61ലക്ഷം രൂപയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്ന ഈ പദ്ധതിയില്‍ ആറ് രീതിയിലുള്ള വനവത്കരണമാണ് നിര്‍ദേശിച്ചത്. സ്വാഭാവിക വനം വളര്‍ത്തല്‍, കൃത്രിമ വനവത്കരണം, മുളങ്കാടുകള്‍, ചൂരല്‍, ഔഷധവൃക്ഷം വെച്ചുപിടിപ്പിക്കല്‍, തടിയേതര വൃക്ഷത്തൈകള്‍ നടല്‍ എന്നിവയാണവ.

മംഗലശ്ശേരിമലയില്‍ 35 ഹെക്ടറും പെരിഞ്ചേരിമലയില്‍ 45 ഹെക്ടറും വനവ്യാപ്തി ഉണ്ടാക്കിയതായി വനംവകുപ്പ് അവകാശപ്പെടുന്നു. മുന്‍പത്തേക്കാളും തരിശ്ശായിനില്‍ക്കുന്ന മലനിരകളാണ് ഇവിടെ ഇന്ന് കാണാനുള്ളത്. മാനന്തവാടി, പേരിയ, ബേഗൂര്‍ റെയിഞ്ചുകളില്‍ മാത്രമായി വനവത്കരണത്തിന് അനുവദിച്ചത് 91,03.387 രൂപയാണ്. വനസംരക്ഷണ പദ്ധതികള്‍ക്കായി 41,40,618 രൂപ വീതിച്ചു നല്‍കി. ഈ പണം എങ്ങനെ ചെലവാക്കി എന്നതിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല.

വന,വന്യജീവി സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം വന്നെത്തുന്നത്. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് ആസൂത്രിത പദ്ധതികളാണ് ഇതിന് ആവശ്യം. യൂക്കാലിപ്റ്റസ്, തേക്ക് തുടങ്ങിയവയുടെ വ്യാപനം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്. കാടിനെ കൂടുതല്‍ വരണ്ടതാക്കുന്ന തേക്കിന്‍കാടുകള്‍ കാട്ടുതീയെ ക്ഷണിച്ചുവരുത്തുന്നു.

കാട്ടരുവികള്‍ വേനല്‍ തുടങ്ങുന്നതോടെ കണ്ണടയ്ക്കുന്നതിനാല്‍ വയനാട്ടിലെ തോടുകളും പുഴകളും മെലിഞ്ഞുണങ്ങുന്നു. നാടൊട്ടുക്കും വരള്‍ച്ച പ്രതിവര്‍ഷം വ്യാപിക്കുമ്പോള്‍ കൃഷിയിടങ്ങളും മരുപ്പറമ്പായി മാറുന്നതാണ് കാഴ്ച. സ്വാഭാവിക വനത്തിന്റെ സംരക്ഷണവും വ്യാപനവുമാണ് ഇതിനുള്ള പരിഹാരം.
02 Feb 2012 mathrubhumi Wayandu News

മുള്ളന്‍പന്നിയെ പിടികൂടി

ചാവക്കാട്‌: തിരുവത്ര കുഞ്ചേരി റോഡില്‍ കോട്ടപ്പുറത്ത്‌ ജലീലിന്‍റെ വീട്ടിലെ വിറക്‌ പുരയില്‍ നിന്നും നാട്ടുകാര്‍ മുള്ളന്‍പന്നിയെ പിടികൂടി. ചൊവ്വാഴ്ച രാവിലെ വിറകെടുക്കാന്‍ ചെന്ന വീട്ടിലെ സ്ത്രീകളാണ് മുള്ളന്‍പന്നിയെ കണ്ടത്‌. വിവരമറിഞ്ഞെത്തിയ യുവാക്കള്‍ നാലുമണിക്കൂര്‍ പ്രയത്നിച്ചാണ് മുള്ളന്‍പന്നിയെ ചാക്കുപയോഗിച്ച് പിടികൂടിയത്‌. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ചാവക്കാട്‌ പോലീസ്‌ സ്റ്റെഷനിലെത്തിച്ച മുള്ളന്‍ പന്നിയെ ഫോറസ്റ്റ്‌ ഉധ്യോഗസ്ഥര്‍ക്ക് കൈമാറി. തീരദേശമായ ചാവക്കാട്‌ മേഖലയില്‍ മുള്ളന്‍പന്നിയെ സാധാരണയായി കാണാറില്ല.
chavakkadonline.com News

Wednesday, February 1, 2012

പെരിയാര്‍ ടൈഗര്‍ റിസര്‍വിന് പുതിയ മുഖം

റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ ഗൂഡ്രിക്കല്‍ റേഞ്ചില്‍പ്പെട്ട 148 ചതുരശ്ര കിലോമീറ്റര്‍ വനമേഖല പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിnലേക്ക്. ഇതോടെ പെരിയാര്‍ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന്റെവിസ്തീര്‍ണം 811 ചതുരശ്ര കിലോമീറ്ററാകും. രണ്ട് വര്‍ഷമായി വനപാലകര്‍നടത്തിവന്ന നടപടി ക്രമങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്.
ഗൂഡ്രിക്കല്‍ റേഞ്ചിന്റെ അധീനതയില്‍ ഉണ്ടായിരുന്ന 654 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന വനമേഖലയില്‍ നിന്നു പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ 89 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വള്ളക്കടവ് റേഞ്ചിലേക്കും പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍പ്പെട്ട59 ചതുരശ്ര കിലോമീറ്റര്‍ സ്ഥലംപമ്പാ റേഞ്ചിലേക്കുമാണ് കൈമാറുന്നത്. കഴിഞ്ഞ ദിവസംഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ബെന്നിച്ചന്‍ തോമസ്, സൌത്ത് റീജനല്‍ സിസിഎഫ് മോഹന്‍ദാസ്, പെരിയാര്‍ ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍,കോട്ടയം പ്രോജക്ട് ഡയറക്ടര്‍ സുബ്രഹ്മണ്യം, റാന്നി ഡിഎഫ്ഒ ആര്‍. കമലഹാര്‍, പെരിയാര്‍വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടര്‍ സുനില്‍കുമാര്‍, ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസര്‍ എച്ച്. ടി.ജോസ്, പമ്പാ റേഞ്ച് ഓഫിസര്‍രാജേന്ദ്രപിള്ള, വള്ളക്കടവ് റേഞ്ച് ഓഫിസര്‍ സി. വി. സോമന്‍ തുടങ്ങിയവരുള്‍പ്പെട്ട ഉന്നത വനപാലകര്‍ ഗവിയില്‍ എത്തി സ്ഥലപരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെനിര്‍ദേശപ്രകാരം കടുവകളുടെസുഗമമായ വളര്‍ച്ചയ്ക്കും ആവാസകേന്ദ്രം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇത്രയുംസ്ഥലം കൂടി പെരിയാര്‍ ടൈഗര്‍റിസര്‍വിന്റെ ഭാഗമാക്കുന്നത്. കടുവകളുടെ സുഗമമായ വളര്‍ച്ചയ്ക്ക് 800 മുതല്‍ ആയിരം സ്ക്വയര്‍കിലോമീറ്റര്‍ സ്ഥലം വേണം.ഗൂഡ്രിക്കല്‍ റേഞ്ചിന്റെ കണ്ണായസ്ഥലങ്ങളായ പൊന്നമ്പലമേട്, വരയാടിന്‍കൊക്ക, ചന്താമരകൊക്ക, കൊച്ചുപമ്പയുടെ കുറെഭാഗങ്ങള്‍, ആനത്തോട് ഡാമിനുസമീപം വരുന്ന ഭാഗങ്ങള്‍ തുടങ്ങിയവ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറും.
ഗവി കെഎഫ്ഡിസി, കൊച്ചുപമ്പാ കെഎസ്ഇബി എന്നിവരുടെ അധീനതയിലുള്ള സ്ഥലങ്ങള്‍ തല്‍സ്ഥിതിതുടരും. സ്ഥലം കൈമാറുന്നതിനൊപ്പം വര്‍ക്കിങ് അറേഞ്ച്മെന്റില്‍ഗൂഡ്രിക്കല്‍ റേഞ്ചിലുള്ളകുറച്ച് ഉദ്യോഗസ്ഥരെയും നല്‍കാന്‍ ധാരണയായിട്ടുണ്ട്. ആനത്തോട് ഡാമിനു സമീപം ഐസിടണല്‍ റോഡിനോടു ചേര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന്റെ സ്റ്റേഷന്‍ നിര്‍മിക്കുന്നജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്റ്റേഷന്റെ പ്രവര്‍ത്തനവുംഉടന്‍ ആരംഭിക്കും. പച്ചക്കാനംസ്റ്റേഷനും ഇതോടെ സ്ഥാനചലനമുണ്ടാകും.
Manoramaonline >> Environment >> News

മരത്തിന് മരുന്നെത്തി

തൃശ്ശൂര്‍: ദേഹം മുഴുവന്‍ പടര്‍ന്നുകയറി ചോരയൂറ്റിക്കുടിക്കുന്ന ഇത്തിക്കണ്ണികളാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ പ്രധാന ശാപം. വേരുകള്‍ തിന്നുതീര്‍ക്കുന്ന ഉറുമ്പിന്‍ പറ്റങ്ങളും. ഇതിനെല്ലാം മറുമരുന്നുമായി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ ശ്രീമൂലസ്ഥാനത്തെത്തി. ആലിന് അവര്‍ മരുന്നുകുറിച്ച് സുഖചികിത്സ നേര്‍ന്നു.

ക്ഷീണിച്ച മരത്തിന് ആദ്യം കുടിവെള്ളം നല്‍കുകയാണ് കാര്‍ഷിക സര്‍വകലാശാലയില്‍നിന്നെത്തിയ പ്രൊഫ.എ.എം രഞ്ജിത്ത്, ഫാം ഓഫീസറായ സി.ആര്‍. രേഖ എന്നിവര്‍ ചെയ്തത്. പ്രത്യേകം പൈപ്പിട്ട് അതിന്റെ ചുറ്റും വെള്ളം നിറച്ചു. പിന്നെ ഇവര്‍ കൊണ്ടുവന്ന വിദഗ്ദ്ധ തൊഴിലാളി ആലിന്റെ ഒരോ ചില്ലയിലൂം കയറി ഇത്തിക്കണ്ണിയായി പടര്‍ന്നവ അരിഞ്ഞു മാറ്റിത്തുടങ്ങി. വളരെ അദ്ധ്വാനമുള്ള പണിയാണ് ഇത്. വളരെ നീളമുള്ള ചില്ലയിലും മറ്റും വലിഞ്ഞുകയറി എല്ലാം നീക്കിയെടുക്കണം. ഉറുമ്പിന്റെ ശല്യത്തിനും വേരുകള്‍ക്ക് ബലം കിട്ടാനുമെല്ലാം മരുന്നും കുറിച്ചുനല്‍കി.

വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ നടക്കുന്ന ഗീതാ തത്ത്വസമീക്ഷാ സത്രത്തിനിടെ സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് ആലിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അവസാനമായി അധികൃതരുടെ ശ്രദ്ധക്ഷണിച്ചത്. പ്രഭാഷണത്തിനിടെ ആലിന് വിശ്വാസപ്രകാരം കല്‍പ്പിച്ചുനല്‍കിയ പ്രത്യേക സ്ഥാനവും മറ്റും അദ്ദേഹം വിശദീകരിച്ചു. ഇവിടെയുള്ള ആല്‍മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം നക്ഷത്രമരങ്ങള്‍ എല്ലാം നട്ടുവളര്‍ത്തുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആലിന്റെ അസുഖം മാറ്റാന്‍ ദേവസ്വം അധികൃതര്‍ മുമ്പുതന്നെ ശ്രമം തുടങ്ങിയിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കാര്‍ഷിക സര്‍വകലാശാലയെ വളരെ മുമ്പുതന്നെ ഈ ആവശ്യത്തിനായി സമീപിച്ചു. മരത്തില്‍ പടര്‍ന്നുകയറിയ ഇത്തിക്കണ്ണികള്‍ അരിഞ്ഞുവീഴ്ത്താന്‍ വിദഗ്ദ്ധ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ വൈകിയെന്നാണ് വിശദീകരണം. ശ്രീമൂലസ്ഥാനത്തെ ആലിന് മുകളില്‍ വൈദ്യുതി ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. മരത്തില്‍ ആണിയടിച്ചുകയറ്റിയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഇത് മാറ്റാന്‍ ആവശ്യപ്പെടുമെന്നും കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ അറിയിച്ചു.
01 Feb 2012 mathrubhumi News

ബെന്നാര്‍ഘെട്ടയില്‍ സിംഹക്കുട്ടികള്‍ പിറന്നു

ബാംഗൂര്‍ ബന്നാര്‍ഘെട്ട നാഷനല്‍ പാര്‍ക്കില്‍ നാലു സിംഹക്കുട്ടികള്‍ പിറന്നു. അനു എന്ന എട്ടുവയസ്സുള്ള പെണ്‍സിംഹമാണു പ്രസവിച്ചത്. ഇതോടെ പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതര്‍ അറിയിച്ചു.
Manoramaonline >> Environment >> News
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക