.

.

Wednesday, February 8, 2012

രാസച്ചോര്‍ച്ച: യാങ്സെ നദി മലിനമായി

ചൈനയിലെ പ്രമുഖ വ്യവസായ നഗരമായ ഷാങ്ഹായിലെ പ്രധാന നദിയായ യാങ്സെ രാസച്ചോര്‍ച്ചയെ തുടര്‍ന്ന് മലിനമായി. നൈലോണും ഡിറ്റര്‍ജന്റുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഫിനോള്‍ ആണു ചോര്‍ന്നു നദിയില്‍ കലര്‍ന്നത്. ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്നുള്ള ചോര്‍ച്ചയെ തുടര്‍ന്നാണ് ഫിനോള്‍ ഷാങ്സെ നദിയില്‍ കലര്‍ന്നതെന്നു കരുതുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഇല്ല. എന്നാല്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അസാധാരണ അളവില്‍ രാസപദാര്‍ഥം ഷാങ്സെ നദിയില്‍ കണ്ടെത്തുകയാണെങ്കില്‍ നഗരത്തിലെ ജലസംഭരണി അടയ്ക്കാന്‍ തയാറാണെന്നു പരിസ്ഥിതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Manoramaonline >> Environment >> News

Tuesday, February 7, 2012

വരള്‍ച്ച; കാട്ടാനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക്

അതിര്‍ത്തി വനങ്ങള്‍ വരണ്ടുണങ്ങുമ്പോള്‍ നനവുള്ള ഇടം തേടി കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് എത്തുന്നു. ജല ലഭ്യതയ്ക്കായി വന്യജീവി സങ്കേതത്തിലങ്ങോളമിങ്ങോളം കുഴിച്ചിട്ട കുളങ്ങളാണ് കടുത്ത വേനലിലും വന്യമൃഗങ്ങളുടെ ദാഹമകറ്റുന്ന പ്രധാന ഘടകമായി തീരുന്നത്.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക്, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതം, നാഗര്‍ഹൊളെ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം വരള്‍ച്ച രൂക്ഷമായതാണ് ദാഹജലം തേടിയുള്ള മൃഗങ്ങളുടെ പാലായനത്തിന് കാരണമാകുന്നത്. വേനലില്‍ ഇത്തവണ വന്യജീവി സങ്കേതത്തില്‍ നാല് മേഖലകളില്‍ കാട്ടുതീ ഉണ്ടായെങ്കിലും അത് വനമുണങ്ങി സ്വയം കത്തിയതാണെന്ന് വനം വകുപ്പ് കരുതുന്നില്ല. വനത്തില്‍ അതിക്രമിച്ചു കടന്ന് ചിലര്‍ തീയിട്ടതു തന്നെയാണെന്നാണ് നിഗമനം.

വനം വകുപ്പ് കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ന്നുപോന്ന പ്രവൃത്തികളുടെ ഫലമായി 150 തിലധികം കുളങ്ങള്‍ ഇന്ന് നാലു റേഞ്ചുകളിലുമായുണ്ട്. ഇപ്പോള്‍ എല്ലാ കുളങ്ങളിലും ആവശ്യത്തിന് വെള്ളമുണ്ടെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. കെ. സുനില്‍ കുമാര്‍ പറഞ്ഞു.

വരള്‍ച്ച ഈ നില തുടര്‍ന്നാല്‍ ഒരു മാസം കഴിയുന്നതോടെ 25 ശതമാനവും മാര്‍ച്ച് അവസാനത്തോടെ 50 ശതമാനവും കുളങ്ങള്‍ വറ്റാന്‍ സാധ്യതയുണ്ടെന്നും കാട്ടു തീ നേരിടാന്‍ വാച്ചര്‍മാരെ മുഴുവന്‍ സ്ഥലങ്ങളിലും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത ഫയര്‍ലൈനുകള്‍ തീര്‍ക്കുന്നതിലും വഴിയോരക്കാടുകള്‍ വെട്ടുന്നതിലും തടസ്സമായിട്ടുണ്ടെങ്കിലും മുടങ്ങിക്കിടന്ന വാച്ചര്‍മാരുടെ വേതനം മുഴുവനായി കൊടുത്തു തീര്‍ക്കാനായെന്നാണ് അറിയുന്നത്.

കൂടാതെ സങ്കേതത്തിന്റെ അതിര്‍ത്തികളില്‍ മുഴുവന്‍ ഫയര്‍ലൈനുകള്‍ എടുത്തു തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടു തീയുടെ ചൂടിലും വനത്തിലെ കൃത്രിമ ജലസ്രോതസുകള്‍ വന്യമൃഗങ്ങള്‍ക്ക് തുണയാവുന്നുണ്ട്. കാട്ടാനകളുടെ കൂട്ടത്തോടെയുള്ള വരവ് സഞ്ചാരികള്‍ക്കും കണ്‍നിറയെ കാഴ്ചയാവുന്നുണ്ട്.
Manoramaonline >> Environment >> News

പുത്തനറിവുകളുടെ ഗുഹാമുഖം തുറന്ന് എടക്കല്‍

കോട്ടയ്ക്കല്‍: പാറച്ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ അറിയപ്പെടാതെ കിടന്ന ലിഖിതം കണ്ടെത്തി. എടക്കല്‍ ചിത്രങ്ങളുടെയും ലിഖിതങ്ങളുടെയും കൃത്യമായ കാലം കണ്ടെത്താന്‍ ഇത് സഹായകമാവുമെന്ന് കരുതുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം കണ്ടെത്തി വായിച്ചത്. ചരിത്ര പണ്ഡിതന്‍ ഡോ. എം.ആര്‍. രാഘവവാരിയരാണ്.

ദ്രാവിഡ ബ്രാഹ്മി ലിപിയിലുള്ള ഈ എഴുത്ത് 'ശ്രീ വഴുമി' എന്ന് വായിക്കാം. 'വഴുമി' എന്നത് ബ്രഹ്മാവിന്റെ തമിഴ് രൂപമാണെന്ന് കരുതുന്നു. 'ഴ' കാരം എഴുതാന്‍ തമിഴ് ബ്രാഹ്മി ലിപിയും മറ്റുള്ളവയ്ക്ക് വടക്കന്‍ ബ്രാഹ്മിലിപിയുമാണ് ഉപയോഗിച്ചിട്ടുള്ളത്.

വലിയ ലിംഗമുള്ള ആള്‍ രൂപത്തോട് ചേര്‍ന്നാണ് ഈ ലിഖിതം എന്നത് ശ്രദ്ധേയമാണ്. ഇതുവരെ എടക്കലില്‍ കണ്ടെത്തിയ ചിത്രങ്ങള്‍ക്കൊന്നും ഇത്തരത്തില്‍ പേര് നല്‍കുന്ന രീതി കണ്ടെത്തിയിട്ടില്ല. ചിത്രം സ്വഭാവം കൊണ്ട് ഒരു സൃഷ്ടി ദൈവമാണെന്ന് കരുതുന്നു. അതുകൊണ്ടാണ് 'ശ്രീ വഴുമി' എന്നത് ബ്രഹ്മാവിന്റെ പേരാകാമെന്ന് ചരിത്രകാരന്‍മാര്‍ നിഗമനത്തിലെത്തുന്നത്. ഒരു ഉര്‍വ്വര ബിംബമായാണ് അവര്‍ ഇതിനെ കാണുന്നത്.

എടക്കല്‍ ചിത്രങ്ങളെ ബ്രാഹ്മിലിപിയുമായി ചേര്‍ക്കാനുള്ള മികച്ച തെളിവാണ് ഈ ലിഖിതം വഴി കൈവന്നിട്ടുള്ളത്. ഇത് ശരിയെങ്കില്‍ തമിഴ് സംഘകാലവുമായി ഈ ചിത്രങ്ങള്‍ക്കും ലിഖിതങ്ങള്‍ക്കും എന്തോ ബന്ധമുണ്ടെന്ന് സങ്കല്‍പിക്കാനാവും.

മാത്രമല്ല, പ്രാചീനകാലത്ത് ബൗദ്ധവിഹാരങ്ങളില്‍ ജാതക കഥാചിത്രങ്ങള്‍ കൊത്തി വെക്കുമ്പോള്‍ അടിയില്‍ കഥയുടെ പേരുകൂടി കൊത്തി വെക്കുന്ന പതിവുണ്ടായിരുന്നു. ഇവിടെയും അതുപോലൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കാണുന്നത്. ക്രിസ്തുവര്‍ഷം 3,4 നൂറ്റാണ്ടുകളിലെ ലിപി സമ്പ്രദായമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതെന്ന് ഡോ. എം.ആര്‍. രാഘവവാരിയര്‍ നിരീക്ഷിക്കുന്നു. ആരാധനയ്കും അനുഷ്ഠാനങ്ങള്‍ക്കുമായി പ്രാചീന മനുഷ്യര്‍ എത്തിച്ചേരാറുള്ള ഇടമായിരുന്നു എടക്കല്‍ ഗുഹ എന്നും ന്യായമായി ഊഹിക്കാം. പാറകളില്‍ രാജാക്കന്‍മാരുടെയും സാധാരണക്കാരുടെയും പേരുകള്‍ ഒരുപോലെ കാണുന്നതിന് അതാവാം കാരണം.
07 Feb 2012 Mathrubhumi News(വിമല്‍ കോട്ടയ്ക്കല്‍)

Monday, February 6, 2012

മാലിന്യം 'ഫ്ളാറ്റ്'

തൃശൂര്‍ ലാലൂരില്‍ സമരക്കാര്‍ വണ്ടിതടയുന്നു എന്ന വാര്‍ത്ത വായിച്ചാല്‍ 'തപസ്യ അപ്പാര്‍ട്ട്മെന്റ് നിവാസികളുടെ നെഞ്ചിടിപ്പ് കൂടില്ല. മാലിന്യം റോഡരികിലിട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തയും അവരെ പേടിപ്പിക്കുന്നില്ല.

 
കാരണം, തപസ്യയില്‍ പുറത്തേക്കു 'തള്ളാന്‍ മാലിന്യമില്ല. അമ്പതോളം ഫ്ളാറ്റുകളുള്ള ഇവിടെ ആറുമാസമായി മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുകയാണ്. വളം കിലോ രണ്ടുരൂപ നിരക്കില്‍ വില്‍ക്കാനും വഴിതെളിയുന്നു.

 
നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴൊക്കെ വീട്ടുപടിക്കല്‍ പൊതിക്കെട്ടിന്റെ എണ്ണം കൂടുകയും മാലിന്യം ഒഴിയാബാധയാകുകയും ചെയ്തിരുന്ന കാലം ഇവര്‍ മറന്നു കഴിഞ്ഞു. ഫ്ളാറ്റില്‍നിന്നു മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃത്യമായി എത്താതിരുന്ന ദിവസങ്ങളിലും മാലിന്യം ഇവര്‍ക്കു നാറ്റക്കേസായി. ഒടുവില്‍ ഫ്ളാറ്റ് നിവാസികള്‍ നിര്‍മാണകമ്പനിയുടെ സഹകരണത്തോടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിജയനും സെക്രട്ടറി ഡോ. ജോസ് പൈകടയും പറയുന്നു.

 
80,000 രൂപ ചെലവിലാണ് ഇതു നിര്‍മിച്ചത്. മാലിന്യം ഉണക്കി വളമാക്കുന്നതിന് 15 ദിവസം തളിക്കേണ്ട സ്പ്രേ (ചാണകലായനിയില്‍ നിന്നുണ്ടാക്കുന്നത്)യ്ക്കും ചെലവു വരും. ഇത് എല്ലാവരും ചേര്‍ന്നു കണ്ടെത്തുന്നു. മാലിന്യം നല്ല വളമായതിനാല്‍ ആവശ്യക്കാരെത്തുന്നുമുണ്ട്. എറണാകുളം ആസ്ഥാനമായ ക്രെഡായ് ഏജന്‍സിയുടെ സഹായത്തോടെയാണ് സംസ്കരണം നടപ്പാക്കിയത്. മാലിന്യം വീട്ടുമുന്നില്‍നിന്നു ശേഖരിച്ചു പ്ളാന്റിലെത്തിക്കാനും വേണ്ട സംസ്കരണം നടത്താനും ഒരു വനിതാ തൊഴിലാളിയെയും കെയര്‍ടേക്കറെയും നിയമിച്ചിട്ടുമുണ്ട്.
  • ഏതു ഫ്ളാറ്റുകാര്‍ക്കും അനുകരിക്കാവുന്ന ഈ മാതൃക കാണാനും പരിചയപ്പെടാനും അവസരമുണ്ട്. കെയര്‍ ടേക്കര്‍ വര്‍ഗീസിനെ വിളിക്കുക. ഫോണ്‍: 9745086808.

Sunday, February 5, 2012

വനമിത്രമായി സലിം

ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിനായി പോരാട്ടം നടത്തുന്ന സലിം പിച്ചന് ഒടുവില്‍ അര്‍ഹിച്ച അംഗീകാരം. ജൈവ വൈവിധ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വനമിത്ര അവാര്‍ഡ് നല്‍കിയാണ് സലിമിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചത്.

മധ്യ ഭാരതത്തിലും ഡക്കാന്‍ പീഠഭൂമികളിലും മാത്രമായി കണ്ടിരുന്ന അപൂര്‍വ ഇനങ്ങളില്‍ പെട്ട ഒൌഷധ സസ്യങ്ങളെ ജൈവ വൈവിധ്യങ്ങളുടെ കലവറയായ വയനാട്ടില്‍ നിന്നു ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയതില്‍ സലിം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ശാസ്ത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ സസ്യവര്‍ഗങ്ങളെ കണ്ടെത്തി അവയ്ക്ക് നാമകരണം നല്‍കിയതും സലിമിന്റെ ദൌത്യത്തിന്റെ പുത്തന്‍ ഏടുകളാണ്. ജൈവ വൈവിധ്യ രംഗത്ത് സലിം വേറിട്ട ശൈലിക്കും ഉടമയാണ്. നാടന്‍ വിത്തിനങ്ങളുടെ സംരക്ഷണം, ഒൌഷധ സസ്യ പരിപാലനം, കാട്ടുചെടികളുടെ നിലനില്‍പ്, നീര്‍ത്തടങ്ങളിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കല്‍, തദ്ദേശീയ പക്ഷി വര്‍ഗങ്ങളുടെ നിലനില്‍പ്, കാട്ടുതീ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി-സസ്യ ഫൊട്ടോഗ്രഫിയിലൂടെ പരിസ്ഥിതി സംരക്ഷണം, വംശനാശ ഭീഷണി നേരിടുന്ന ചെടികളെ സംരക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സലിം നിലനിര്‍ത്തുന്ന സൂക്ഷ്മതയും കൃത്യതയും ഇതിനു തെളിവാണ്. സസ്യ വര്‍ഗീകരണ മേഖലയില്‍ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പാരാടാക്സോണമിസ്റ്റുകളില്‍ ഒരാളായി മാറാനും സലിമിന് ചുരുങ്ങിയ കാലംകൊണ്ട് കഴിഞ്ഞു. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ ടെക്നിക്കല്‍ സ്റ്റാഫാണ് പൊഴുതന അത്തിമൂല സ്വദേശിയായ ഇദ്ദേഹം. 1997-98 ലെ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് അവാര്‍ഡ്, 2009 ലെ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അവാര്‍ഡ് തുടങ്ങിയവയ്ക്കും സലിം അര്‍ഹനായിട്ടുണ്ട്.
Manoramaonline >> Environment >> Green Heroes

ഇതാണെന്റെ കണ്ടല്‍ രാജ്യം രാജന്‍

ഈ പുഴയാണ് രാജന്റെ ലോകം. അഞ്ചാംക്ളാസില്‍ പഠനം നിര്‍ത്തുന്നത് തന്നെ എന്നും പുഴയില്‍ ജീവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ പുഴയിലെ മല്‍സ്യസമ്പത്ത് കൊള്ളയടിച്ച് ജീവിക്കുകയായിരുന്നില്ല രാജന്‍. പുഴയോരങ്ങളില്‍ കണ്ടല്‍ചെടികള്‍ വളര്‍ത്തുകയെന്നത് ഇദ്ദേഹത്തിന്റെ ജീവിതചര്യകളിലൊന്നാണ്. താന്‍ വേരൂന്നിയ ചെടികള്‍ ഇന്ന് വലിയൊരു മല്‍സ്യസമ്പത്തിന്റെ കേന്ദ്രമാണെന്ന് രാജന്‍ തിരിച്ചറിയുന്നു.

പഴയങ്ങാടി താവം പാറയില്‍ രാജന്‍ ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നത് പുഴയിലായിരുന്നു. മല്‍സ്യത്തൊഴിലാളിയായ അച്ഛന്‍ കൂവപ്പറവന്‍ അമ്പുവിനൊപ്പം രാജനും ചെറുപ്രായത്തില്‍ തന്നെ തോണിയില്‍ കയറിപ്പോകും. പുഴയെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടപ്പോള്‍ പഠിത്തം ഉഴപ്പി. അഞ്ചാംക്ളാസില്‍ പഠനം നിര്‍ത്തി. പിന്നീട് പഴയങ്ങാടി പുഴയായി രാജന്റെ വിദ്യാലയം. പുസ്തകത്തില്‍ നിന്നു പഠിച്ചെടുക്കാന്‍ സാധിക്കാത്ത അനവധി പാഠങ്ങളാണ് ഇവിടെ നിന്ന് സ്വയം മനസ്സിലാക്കിയെടുത്തത്. അതിലൊന്ന് കണ്ടല്‍പാഠമായിരുന്നു. പുഴയില്‍ കണ്ടല്‍ക്കാടുകള്‍ ധാരാളമുണ്ടായാല്‍ മല്‍സ്യസമ്പത്ത് വര്‍ധിക്കുമെന്ന് നിത്യേനയുള്ള യാത്രയില്‍ നിന്നാണ് അറിഞ്ഞത്. കാരണം കണ്ടല്‍ചെടികള്‍ക്കരികില്‍ ചൂണ്ടയിടുകയോ വലയെറിയുകയോ ചെയ്താല്‍ വലിയ മീനുകള്‍ കിട്ടും. എങ്കില്‍ പിന്നെ എല്ലായിടത്തും കണ്ടല്‍നട്ടാല്‍ നല്ലതല്ലേ എന്നായി ചിന്ത.

എന്നും തോണിയുമായി പോകുമ്പോള്‍ വഴിയില്‍ വച്ച് കുറേ കണ്ടല്‍തൈകള്‍ പറിച്ചെടുക്കും. അങ്ങനെ നട്ട ആയിരക്കണക്കിനു മരങ്ങളാണ് ഈ പുഴയ്ക്കരികിലുള്ളത്. ഏഴോം, താവം, മാട്ടൂല്‍, പള്ളിക്കര എന്നിവിടങ്ങളിലാണ് രാജന്‍ നട്ട കണ്ടലുകള്‍ കൂടുതലുള്ളത്. സ്വന്തമായുള്ള രണ്ട് ഏക്കര്‍ സ്ഥലത്തും കണ്ടല്‍ തന്നെയാണ് വളര്‍ത്തിയത്. വേണമെങ്കില്‍ അവിടെ തെങ്ങോ വിളവുതരുന്ന മറ്റു മരങ്ങളോ നടാമായിരുന്നു. പക്ഷേ രാജന്റെ മനസ്സില്‍ ചെടിയുടെ രൂപത്തില്‍ എന്നും കണ്ടല്‍ മാത്രമേയുള്ളൂ.

ഉപ്പുവെള്ളവും ചെളിയും നിറഞ്ഞ സ്ഥലത്ത് കണ്ടല്‍ നന്നായി വളരും. വിത്ത് വീണാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പറിച്ചുനടാന്‍ പ്രായമാകും. അവ പറിച്ചെടുത്താണ് രാജന്‍ മറ്റിടങ്ങളില്‍ നടുന്നത്. ഇരുപതോളം ഇനം കണ്ടലുകള്‍ ഈ പ്രദേശങ്ങളിലുണ്ട്. ചക്കരക്കണ്ടല്‍, നക്ഷത്രകണ്ടല്‍, ഉപ്പൂറ്റി എന്നിവയാണ് കൂടുതലുള്ളത്.

ജോലി കഴിഞ്ഞെത്തിയാലും കണ്ടല്‍ നടല്‍ തന്നെയാണ് ജോലി. ഇപ്പോള്‍ പുഴയില്‍ തന്നെ കണ്ടലിന്റെ നഴ്സറിയുണ്ടാക്കിയിരിക്കുകയാണ് രാജന്‍. അതില്‍ നിന്നാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ക്ളബ്് പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ടല്‍തേടി മിക്ക ദിവസവും എത്തും. അവര്‍ക്കെല്ലാം നല്‍കാന്‍ ഇപ്പോഴും നഴ്സറിയില്‍ ആയിരത്തിലധികം തൈകളുണ്ട്.

കടലില്‍ നിന്ന് മുട്ടയിടാന്‍ എത്തുന്ന വലിയ മീനുകളുടെയും ഞണ്ടിന്റെയും ഇഷ്ടകേന്ദ്രമാണ് കണ്ടല്‍ക്കാടുകള്‍. ഒരുതവണ അവയെത്തിയാല്‍ പിന്നെ പോകില്ല. കാരണം അത്രയ്ക്കു സുരക്ഷിതത്വമാണ് ഈ ചെടികള്‍ മീനുകള്‍ക്കു നല്‍കുന്നത്. മാലാന്‍, ഇരുമീന്‍, ചെമ്പല്ലി, കട്ല എന്നിവയാണ് കൂടുതല്‍ ഉണ്ടാകുക. ചെറിയൊരു അനക്കമുണ്ടായാല്‍ ഓടിയൊളിക്കുന്ന മീനാണ് മാലാന്‍.

കണ്ടല്‍ക്കാടിനുള്ളിലൊളിച്ചാല്‍ അത്രപെട്ടന്നൊന്നും ആര്‍ക്കും ഇവയെ പിടിക്കാനും സാധിക്കില്ല. കണ്ടലിന്റെ വേരിലുള്ള പൂപ്പലാണ് മീനുകളുടെ ഇഷ്ടഭക്ഷണം. വേലിയേറ്റത്തിലാണ് ഈ മീനുകള്‍ കൂട്ടത്തോടെ പൂപ്പല്‍ തിന്നാന്‍ വരിക. അതിനാല്‍ ഈ സമയത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞത് ആയിരം രൂപയ്ക്കെങ്കിലും മല്‍സ്യം കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കരിമീന്‍ മുട്ടയിട്ടാലും പരിസരം വിട്ടുപോകില്ല. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ അമ്മ അവയെയും കൊണ്ട് കടലിലേക്കു മടങ്ങും. അല്ലെങ്കില്‍ കണ്ടലുകള്‍ക്കിടയില്‍ തന്നെ കഴിയും.

കടലില്‍ നിന്നെത്തുന്ന മുട്ടയിടാന്‍ പാകമായ ഞണ്ടുകള്‍ കണ്ടലിനു ചുവട്ടിലെ ചെളിയില്‍ പതിയും. ഇങ്ങനെയുള്ള ഞണ്ടിനെ വാട്ടര്‍ എന്നാണു വിളിക്കുക. ഒരാഴ്ചയാകുമ്പോള്‍ അവ നന്നായി ഭക്ഷണം കഴിച്ച് തടിച്ചു കൊഴുക്കും.

അഞ്ഞൂറു രൂപ വരെ ഇത്തരം ഞണ്ടിനു വില വരും. മഡ് എന്നാണ് ഈ ഞണ്ടിനെ മല്‍സ്യത്തൊഴിലാളികള്‍ വിളിക്കുക. മുട്ടയിടാന്‍ എത്തിയാല്‍ ഈ ഞണ്ടുകള്‍ പിന്നീട് കടലിലേക്കു പോകില്ല. ഇവയാണ് പുഴ ഞണ്ടുകളായി മാറുന്നത്. ഞണ്ടുകളുടെ ഫാമുകള്‍ തന്നെ ഇവിടെ പലയിടത്തുമുണ്ട്.

ധാരാളം പക്ഷികള്‍ ചേക്കേറുന്ന സ്ഥലം കൂടിയാണ് കണ്ടല്‍ക്കാട്. വവ്വാല്‍, രാക്കൊച്ച് എന്നീ പക്ഷികള്‍ ധാരാളം ഇവിടെയുണ്ടാകും. മുന്‍പ് ദേശാടന പക്ഷികള്‍ ധാരാളമെത്താറുണ്ടെങ്കിലും സമീപപ്രദേശങ്ങളില്‍ ചെമ്മീന്‍ വളര്‍ത്തല്‍ വര്‍ധിച്ചതോടെ പക്ഷികള്‍ വരാതെയായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടു നടത്തുന്ന ചെമ്മീന്‍കെട്ടില്‍ നിന്ന് പക്ഷികള്‍ ചെമ്മീന്‍ കൊത്തിത്തിന്നും. വെടിപൊടിച്ചാല്‍ മാത്രമേ ഇവ ഓടുകയുള്ളൂ. ഒരു തവണ വെടിപൊട്ടിയാല്‍ പക്ഷികള്‍ പിന്നെ രണ്ടുവര്‍ഷത്തേക്ക് ആ പ്രദേശത്തേക്ക് വരില്ല. ഈ വര്‍ഷം പക്ഷികളുടെ വരവ് കുറവാണെന്നാണ് രാജന്‍ പറയുന്നത്. ചക്കരക്കണ്ടലിന്റെ കായയാണ് വവ്വാലുകളുടെ ഇഷ്ടഭക്ഷണം. അതിനാലാണ് വവ്വാലുകള്‍ കൂട്ടത്തോടെ ഇവിടെ കൂടുകൂട്ടുന്നത്. പകല്‍ ആരുടെയും ശല്യവും ഉണ്ടാകില്ല.

ഇറച്ചിക്കടകളിലെ മാലിന്യം ചാക്കില്‍കെട്ടി പുഴയില്‍ തള്ളുന്നതാണ് കണ്ടലുകളുടെ അന്തകനാകുന്നത്.

ചാക്കില്‍ പുഴു നിറയും ഇവ പതുക്കെ ചെടിയിലേക്കു കയറും. ഒരാഴ്ചയ്ക്കകം ആ ചെടി ഉണങ്ങിപോകും. അടുത്തിടെ ഇങ്ങനെ നിരവധി ചെടികള്‍ നശിച്ചതായി രാജന്‍ പറയുന്നു.

മല്‍സ്യം പിടിക്കാനെത്തുന്ന ചിലര്‍ കണ്ടല്‍ ചെടികള്‍ ചവിട്ടിയൊടിക്കുകയും ചെയ്യും. കണ്ടല്‍ ചെടി നടുന്നതുപോലെ തന്നെ അവ സംരക്ഷിക്കാനും കൂടുതല്‍ സമയം മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് രാജന്‍ പറഞ്ഞു. അടുത്തിടെ വീടിനടുത്ത് കുറേ സ്ഥലത്ത് സ്വകാര്യ വ്യക്തി കണ്ടല്‍ വെട്ടിനശിപ്പിച്ചു. ഉടന്‍ തന്നെ വനംവകുപ്പില്‍ വിവരമറിയിച്ചു. അവര്‍ വന്ന് ചെടികള്‍ വെട്ടുന്നത് തടയുകയും ചെയ്തു. ചെമ്മീന്‍വളര്‍ത്താന്‍ വേണ്ടി പലയിടത്തും കണ്ടല്‍ചെടികള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്ന് രാജന്‍ ചൂണ്ടിക്കാണിക്കുന്നു.

പുഴയിലൂടെ ഒലിച്ചെത്തുന്ന പ്ളാസ്റ്റിക് ആണ് മറ്റൊരു ദുരന്തം. ഇവ ചെടികളില്‍ തട്ടി നിന്ന് ചളിയില്‍ പതിയും. അതോടെ കണ്ടലുകളുടെ വേര് വളരാതെയാകും. ശുദ്ധവായു കിട്ടാന്‍ ചില കണ്ടലുകളുടെ വേര് മണ്ണില്‍ നിന്ന് ഉയര്‍ന്നുവരും. എന്നാല്‍ മണ്ണില്‍ പതിയുന്ന പ്ളാസ്റ്റിക് കുപ്പികള്‍ ഈ വേരിനെ നശിപ്പിക്കുകയാണ്.

വനംവകുപ്പില്‍ ഇതേക്കുറിച്ച് വിവരം നല്‍കിയിരുന്നെങ്കിലും കുപ്പി വാരിയെടുക്കാന്‍ പണമില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇപ്പോള്‍ എളമ്പക്ക (കക്ക)യുടെ സീസണാണ്.

ഇനി ഏപ്രില്‍ വരെ എളമ്പക്ക വാരലാണ് രാജന്റെ ജോലി. അഞ്ഞൂറ് രൂപയുടെ എളമ്പക്ക എന്നും വാരിയെടുക്കും. ഈ സമയത്ത് മീന്‍പിടിക്കാന്‍ പോകില്ല. വിഷുവിനോടടുത്താണ് എളമ്പക്ക കൂടുതല്‍ ഉണ്ടാകുക.

കണ്ടലിന്റെ ഔഷധഗുണത്തെക്കുറിച്ചാണ് രാജന്‍ ഇപ്പോള്‍ പഠിക്കുന്നത്. പല കായ്കളും നിരവധി അസുഖങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും ഡോക്ടര്‍മാരോ കമ്പനികളോ ഇക്കാര്യത്തില്‍ സഹായിക്കാന്‍ എത്തിയാല്‍ ഈ മരുന്ന് എല്ലാവര്‍ക്കും ലഭ്യമാക്കാമെന്നാണ് രാജന്‍ പറയുന്നത്.
Manoramaonline >> Environment >> Green Heroes(ടി. അജീഷ്)

സഞ്ചാരികളെ കാത്ത് കാറ്റാടിപ്പാറ

പണിക്കന്‍ കുടി: കൊന്നത്തടി പഞ്ചായത്തിലെ കാറ്റാടിപ്പാറ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ജില്ലയിലെ ചെറുകിട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കാറ്റാടിപ്പാറ നപ്രദേശങ്ങള്‍. ഗതാഗാതസൗകര്യമുണ്ടായാല്‍ ഇവിടേക്ക് ദിനം തോറും നൂറുകണക്കിന് സഞ്ചാരികളെത്തിച്ചേരും. പെരിഞ്ചാംകുട്ടിയിലെ മുളങ്കാടുകളുടേയും പുഴയുടേയും വശ്യസൗന്ദര്യം കാറ്റാടിപ്പാറയില്‍ നിന്നാല്‍ ആസ്വദിക്കാന്‍ കഴിയും. മൂന്നാര്‍ പള്ളിവാസല്‍ കൈലാസം, കത്തിപ്പാറ, മാവടിമലനിരകള്‍, പാമ്പളവന മേഖല വാത്തിക്കുടി, തോനപ്രാംകുടി നപ്രദേശങ്ങള്‍ എന്നിവ വിദൂരകാഴ്ചകളാണ്.

കാറ്റാടിപ്പാറയില്‍ നിന്നു നോക്കിയാല്‍ കാണുന്ന സൂര്യാസ്തമയം അപൂര്‍വ്വാനുഭവം സമ്മാനിക്കും. നട്രക്കിംഗ് പോലുള്ള സാഹസീക വിനോദസഞ്ചാര സാധ്യതകളും ഇവിടെയുണ്ട്. ഇരുപത്തിനാലുമണിക്കൂറും കാറ്റു വീശുന്ന ഇവിടെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും കഴിയും. പണിക്കല്‍കുടി മുള്ളരിക്കുടി റോഡില്‍ നിന്നും കാറ്റാടിപ്പാറയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ റോഡിന്റെ ഒരു കിലോ മീറ്റര്‍ ഭാഗം മാനത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. റോഡ് ഗതാഗതയോഗ്യമാക്കുകയുംമലമുകളില്‍ സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കാറ്റാടിപ്പാറയ്ക്ക് വിനോദസഞ്ചാര കേനന്ദ്രങ്ങളില്‍ മുഖ്യസ്ഥാനം ലഭിക്കും.
05 Feb 2012 Mathrubhumi Idukki News

Saturday, February 4, 2012

മത്സ്യരോഗം പഴങ്കഥ അപ്പര്‍ കുട്ടനാട്ടില്‍ നീറ്റുമീന്‍ ചാകര

ഹരിപ്പാട്: മത്സ്യരോഗം പഴങ്കഥയായതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കൊയ്ത്ത്. ഒരുകിലോഗ്രാമിനോടടുത്ത് തൂക്കമുള്ള വരാലും മുശിയും കല്ലേമുട്ടിയുമൊക്കെയാണ് അപ്പര്‍കുട്ടനാട്ടിലെ തോടുകളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പിടിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പുവരെ മത്സ്യരോഗം നിമിത്തം വരാലും മുശിയുമൊക്കെ ഇവിടെ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഏറെ ബുദ്ധിമുട്ടി മത്സ്യം പിടിച്ചാലും ആവശ്യക്കാരില്ലാത്ത സ്ഥിതിയുമുണ്ടായി. നീറ്റുമീന്‍ എന്നറിയപ്പെടുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍ രോഗംമൂലം വംശനാശഭീഷണിയിലാണെന്ന ആശങ്കയും ഉയര്‍ന്നു. എന്നാലിതിനൊന്നും അടിസ്ഥാനമില്ലെന്നാണ് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളിലെ ഇപ്പോഴത്തെ ചാകരക്കൊയ്ത്ത് തെളിയിക്കുന്നത്.

പരമ്പരാഗത വീശുവല ഉപയോഗിച്ചാണ് ഇപ്പോള്‍ വ്യാപകമായി മത്സ്യം പിടിക്കുന്നത്. ഇതിനൊപ്പം കടലിലെ മിനി ട്രോളിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കാടുവലയും ബംഗാളികള്‍ ഉപയോഗിക്കുന്ന ഉടക്കുവലയുമുണ്ട്. കരയില്‍നിന്ന് മത്സ്യലഭ്യത നോക്കിക്കണ്ടശേഷം വെള്ളത്തിലേക്ക് വീശിയെറിയുന്നതാണ് വീശുവല.

ഒന്‍പതുപേര്‍ കയറുന്ന വള്ളം ആറുകളില്‍ കുറുകെയിട്ടശേഷം നീളമുള്ള വല വലിച്ചുനീട്ടുന്നതും തുടര്‍ന്ന് തീരത്തോടുചേര്‍ത്ത് വലിച്ചുകയറ്റുന്നതുമാണ് കാടുവലപ്രയോഗം. ചെറുതും വലുതുമായ മത്സ്യങ്ങളെല്ലാം ഈ വലയില്‍ കുടുങ്ങും.

ബംഗാള്‍ മത്സ്യത്തൊഴിലാളികള്‍ വിജയകരമായി നടത്തുന്നതാണ് ഉടക്കുവലയിടീല്‍. കുട്ടകൊണ്ടുള്ള വള്ളത്തില്‍ കയറി ആഴമുള്ള ഭാഗങ്ങളില്‍ വലവിരിക്കുന്ന ഇവര്‍ വാള ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടും. രാവിലെ ആറുമണിയോടെ വെള്ളത്തില്‍ ഇറങ്ങുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വൈകുന്നേരത്തോടെ ജോലി അവസാനിപ്പിക്കുമ്പോള്‍ ആളൊന്നിന് 1000 രൂപയുടെയെങ്കിലും വരുമാനം ഉറപ്പാണ്.

കുളങ്ങളുംമറ്റും വറ്റിച്ച് മീന്‍ പിടിക്കുന്നതും വ്യാപകമായിട്ടുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് കുളം വറ്റിച്ചശേഷം നാട്ടുകാര്‍ ചേര്‍ന്ന് മീന്‍ പിടിക്കുകയാണ് പതിവ്.

പിലാപ്പുഴഭാഗത്ത് കഴിഞ്ഞദിവസം കുളം വറ്റിച്ചപ്പോള്‍ വന്‍തോതില്‍ കാരിമത്സ്യം കിട്ടിയിരുന്നു. മത്സ്യങ്ങള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങിയതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും താറാവുവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മറ്റു ജോലികളിലേക്ക് തിരിഞ്ഞു. നാമമാത്രമായി കിട്ടിയിരുന്ന മത്സ്യം പിടിച്ച് ജിവിച്ചിരുന്നവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇപ്പോഴത്തെ മത്സ്യച്ചാകരയുടെ ഗുണഭോക്താക്കള്‍.
04 Feb 2012 Mathrubhumi Alappuzha News

കുട്ടനാടന്‍ കാഴ്ചകള്‍ ഇനി ലോകത്തിന്റെ സ്വത്ത്

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന കുട്ടനാടിനെ രാജ്യാന്തര കാര്‍ഷിക പൈതൃക കേന്ദ്രമായി അംഗീകരിച്ചതോടെ ഈ തണ്ണീര്‍ത്തടം ഇനി ലോക സ്വത്ത്. കുട്ടനാട്ടിലെ ജലം, മണ്ണ്, വായു, ജൈവവൈവിധ്യം എന്നിവയ്ക്കുമേല്‍ എല്ലാത്തരം സംരക്ഷണവും ഉറപ്പു വരുത്തുന്നതാണ് പുതിയ അംഗീകാരമെന്ന് വിദഗ്ധര്‍ പറയുന്നു.

കുട്ടനാട്ടിലെ ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും പരിസ്ഥിതിക്കും ജീവനോപാധികള്‍ക്കും കനത്ത പരുക്കേല്‍പ്പിക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട പരിസ്ഥിതി സവിശേഷതകള്‍ വീണ്ടെടുത്ത് കുട്ടനാടിനെ രക്ഷിക്കണമെന്ന നിര്‍ദേശമായിരുന്നു പഠനം നടത്തിയവര്‍ മുന്നോട്ടുവച്ചത്. രണ്ടു വര്‍ഷം മുന്‍പ് (2010 ഫെബ്രുവരി രണ്ട്) ലോക തണ്ണീര്‍ത്തട ദിനത്തില്‍ ആലപ്പുഴയില്‍ കുട്ടനാട് വികസന സമിതിയും സ്വാമിനാഥന്‍ ഫൌണ്ടേഷനും ചേര്‍ന്ന് നടത്തിയ സെമിനാറിലാണ് ലോകത്തിന്റെ സ്വത്തായി കുട്ടനാടിനെ പരിഗണിക്കണമെന്ന നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്.

സമുദ്രനിരപ്പില്‍നിന്നും 2.5 - 3.5 മീറ്റര്‍ താഴ്ചയില്‍ കൃഷിചെയ്യുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ എക്കാലത്തും കൌതുകമാണ്. ഇവിടെ പാടശേഖരങ്ങളേക്കാള്‍ ഉയര്‍ന്ന ജലനിരപ്പില്‍ നില്‍ക്കുന്ന നദിയിലേക്ക് വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാണ് നെല്‍കൃഷി ചെയ്യുന്നത്. കായല്‍ രാജാവെന്ന് അറിയപ്പെട്ട മുരിക്കനെപ്പോലെ കുട്ടനാട്ടിലെ കര്‍ഷകരും മണ്ണിന്റെ ഭാഗമായിത്തീര്‍ന്ന തൊഴിലാളികളും ചേര്‍ന്ന് സൃഷ്ടിച്ച കുട്ടനാടിന് പകരം വയ്ക്കാന്‍ മറ്റൊരു ഭൂവിഭാഗമില്ലെന്നാണ് കുട്ടനാടിനെ കാര്‍ഷിക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി പരിശ്രമിച്ച ഡോ. എം.എസ്. സ്വാമിനാഥന്‍ പറഞ്ഞത്.

ഇരുന്നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കൃഷിരീതികളും കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങളും മറ്റെങ്ങുമില്ലാത്തതാണ്. ബണ്ട് നിര്‍മിക്കലും നിലം ഒരുക്കലും വിത്തിടീലും ഞാറ് നടീലും കൊയ്ത്തും കളമൊരുക്കലും കളം പിരിയലുമൊക്കെ അന്യമായിത്തുടങ്ങുകയാണ്.

കൊയ്തെടുത്ത നെല്ല് കറ്റകളാക്കി കളത്തില്‍ പായിടം പിടിച്ച് അട്ടിവയ്ക്കുകയും മെതിച്ചു കഴിയുമ്പോള്‍ ഏഴിലൊന്ന് പതം അളന്നു കൊടുക്കാന്‍ ഉപയോഗിക്കുന്ന പറയും ചങ്ങഴിയും നാഴിയും നെല്ല് സൂക്ഷിക്കുന്ന പത്തായവുമെല്ലാം കുട്ടനാടന്‍ കര്‍ഷക സംസ്കാരത്തെക്കുറിച്ചുള്ള ചരിത്രത്തിന്റെ ഭാഗമാകാന്‍ അധികം നാളുകള്‍ വേണ്ടിവരില്ല.

വേമ്പനാട് കായല്‍ ഉള്‍പ്പെടെയുള്ള വിവിധ കായലുകളും കുട്ടനാട്ടിലെ മത്സ്യ, ജൈവ സമ്പത്തും ആര്‍ ബ്ളോക്ക് പോലുള്ള അത്ഭുത ദ്വീപുകളും കൈനകരിയിലെയും സമീപ ദ്വീപുകളിലെയും ജനജീവിതവും അതിന്റെ പ്രത്യേകതകളോടെ കാര്‍ഷിക പൈതൃക കേന്ദ്രത്തില്‍പെടുത്തി സംരക്ഷിക്കുന്നതിനും അധികൃതര്‍ നിര്‍ബന്ധിതരാകും.
Manoramaonline >> Environment >> News

നവീകരിച്ച മലമ്പുഴ ഉദ്യാനം തുറന്നു

മലമ്പുഴ: നവീകരിച്ച മലമ്പുഴ ഉദ്യാനം ആഘോഷപ്പൊലിമയോടെ വെള്ളിയാഴ്ച തുറന്നുകൊടുത്തു. മന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനംചെയ്തത്. 111 ഏക്കര്‍ സ്ഥലത്താണ് നവീകരിച്ച ഉദ്യാനം. 21 കോടി ചെലവിലാണ് രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.
മലമ്പുഴയ്ക്ക് മൂന്നാംഘട്ടവികസനത്തിന് പദ്ധതി തയ്യാറാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചു. കേന്ദ്രസഹായം നേടിയെടുക്കാന്‍ ശ്രമംവേണം. ജലവിഭവവകുപ്പിന്റെ പരിധിയിലുള്ള മറ്റ് അണക്കെട്ടുകളോടുചേര്‍ന്നും ഉദ്യാനങ്ങള്‍ രൂപപ്പെടുത്തി വിനോദസഞ്ചാരകേന്ദ്രങ്ങളാക്കണം -അദ്ദേഹം പറഞ്ഞു.
മലമ്പുഴയില്‍ പ്ലാസ്റ്റിക്‌നിര്‍മാര്‍ജനത്തിന് പ്രത്യേക ശ്രദ്ധവേണമെന്നും ഉദ്യാനത്തെ മാലിന്യമുക്തമാക്കണമെന്നും മന്ത്രി പി.ജെ. ജോസഫ് നിര്‍ദേശിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ആദ്യ ആഴ്ചതന്നെ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഒരുമാസം കഴിയുമ്പോള്‍ താന്‍ നേരിട്ടെത്തി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.ബി. രാജേഷ് എം.പി., ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍മാരായ സി.കെ. രാധാമണി, വി.കെ. മഹാനുദേവന്‍, ജനപ്രതിനിധികളായ പി. രാധാകൃഷ്ണന്‍, സുമലത മോഹന്‍ദാസ്, സി. മണികണ്ഠന്‍, കനക രവി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എ. ഗോകുല്‍ദാസ്, കെ.എം. വര്‍ഗീസ്, പി. സുന്ദരന്‍, കെ.ആര്‍. ഗോപിനാഥ്, ജലഅതോറിറ്റി അംഗം അഡ്വ. കെ.വി. മാണി, കെ. രഘുരാമന്‍, അരുള്‍സുന്ദരം, എ.പി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
04 Feb 2012 Mathrubhumi Palakkad News
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക