.

.

Thursday, January 12, 2012

കടലാമകളുടെ സംരക്ഷകര്‍ക്ക് വനമിത്ര പുരസ്കാരം

ഇൌറ്റില്ലം തേടിയെത്തുന്ന കടലാമകള്‍ക്ക് സുരക്ഷിത തീരമൊരുക്കിയും ആവാസ വ്യവസ്ഥ നിലനിര്‍ത്താന്‍ കണ്ടലുകള്‍ വച്ചു പിടിപ്പിച്ചും സംരക്ഷിച്ചും വനവല്‍ക്കരണം നടത്തിയും പ്രകൃതി സ്നേഹികളുടെ ഹൃദയത്തിലിടം തേടിയവര്‍ക്ക് ഒടുവില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം. കൊളാവിപ്പാലത്തെ തീരം പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വനമിത്ര പുരസ്കാരമാണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറിയത്.

സംസ്ഥാന വനം വകുപ്പ് ജൈവവൈവിധ്യ മേഖലയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബയോഡൈവേഴ്സിറ്റി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് ഇൌ ബഹുമതി നല്‍കുന്നത്.

രണ്ടു പതിറ്റാണ്ടു മുന്‍പാണ് 12 അംഗ സംഘം കടലാമ സംരക്ഷണ യജ്ഞത്തിന് തുടക്കമിടുന്നത്. എം. ടി. സുരേഷ്ബാബു, ചെറിയാവി സുരേഷ്ബാബു, ദിനേശ്ബാബു, കെ. സുരേന്ദ്രബാബു, പി. സതീശന്‍, കൊളാവി വിജയന്‍, പി. കെ. പ്രകാശന്‍, കെ. ടി. പ്രകാശന്‍, കെ. ടി. രമേശന്‍, സി. സദാനന്ദന്‍, പി. സജീവന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഒരു പത്രവാര്‍ത്തയാണ് ഇവരെ ഇതിലേക്ക് നയിച്ചത്. കടലാമകളെ വിവേചനമില്ലാതെ വേട്ടയാടി വിപണനം നടത്തുന്നതും മുട്ടകള്‍ മുഴുവന്‍ മറ്റുള്ള ജീവികളുടെ ഭക്ഷണമായിത്തീരുകയും ചെയ്യുന്നതിനാല്‍ ഇവ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണെന്നായിരുന്നു അത്.

ഇൌ പുതിയ അറിവ് ഇവരെ കടലാമ സംരക്ഷണ പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് കൊളാവി തീരത്തെ പൂഴി മണലില്‍ മാനം നോക്കിക്കിടന്ന് ഇവര്‍ രാവേറെ ചര്‍ച്ച ചെയ്തു. ഒടുവില്‍ കടലാമകള്‍ക്കും മുട്ടകള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

തീരമില്ലെങ്കില്‍ കടലാമകളില്ല എന്ന തിരിച്ചറിവ് തീരസംരക്ഷണത്തില്‍കൂടി ശ്രദ്ധചെലുത്താന്‍ ഇവരെ പ്രേരിപ്പിച്ചു. അതോടെ മണലൂറ്റുകാരുടെ കണ്ണിലെ കരടായി മാറാന്‍ ഏറെ സമയം വേണ്ടിവന്നില്ല. മണലൂറ്റുകാരുമായി നിരന്തര സംഘര്‍ഷവും മര്‍ദനവും കേസുകളും ഒഴിയാബാധയായി മാറി. എന്നിട്ടും കടലാമ സംരക്ഷണ പ്രവൃത്തിയുമായി ഇവര്‍ മുന്നോട്ടുതന്നെ പോയി. നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം 98-ല്‍ വനം വകുപ്പിന്റെ അംഗീകാരവും സഹായവും ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കടലാമകള്‍ സുരക്ഷിത തീരം തേടി പ്രജനനത്തിനായി ഇവിടെയെത്തുന്നത്. വേലിയേറ്റത്തിനനുസരിച്ച് രാത്രിയിലും പുലര്‍ച്ചെയുമാണ് ആമകള്‍ മുട്ടയിടാന്‍ തീരമണയുന്നത്. ഒലിവ് റിഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമകളാണ് ഇവിടെ തീരം തേടിയെത്തുന്നത്. തിക്കോടി ആവിക്കല്‍ മുതല്‍ കോട്ടക്കടപ്പുറം വരെയുള്ള എട്ടു കി. മീ. തീരത്താണ് ഇവ പതിവായി മുട്ടയിടാനെത്തുന്നത്. തീരം പ്രവര്‍ത്തകര്‍ ഉറക്കമൊഴിച്ച് ഉൌഴമിട്ടു മുട്ടതേടിയിറങ്ങും. ആമയുടെ കാലടിപ്പാടുകള്‍ നോക്കിയാണ് മുട്ടകണ്ടെത്തുന്നത്.

കൊളാവി പ്രദേശത്ത് 11 തരം കണ്ടലുകളുണ്ട്. ചുള്ളി, ഉപ്പട്ടി, പ്രാന്തന്‍, നക്ഷത്ര, പെന്‍സില്‍ അഥവാ കുറ്റി, വള്ളി, എഴുത്താണി, ചൊന, നൊച്ചി. ഒതളങ്ങ, പുഴമുഞ്ഞ എന്നിവയാണവ. ഇവയില്‍ ആദ്യത്തെ അഞ്ചെണ്ണം നട്ടുപിടിപ്പിച്ചവയില്‍പ്പെടുന്നു. 98-ല്‍ കൊളാവി അഴിമുഖത്ത് ഒന്നര ഏക്കറില്‍ പ്രാന്തന്‍ കണ്ടല്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭൂവിസ്തൃതി വ്യാപിപ്പിക്കുകയായിരുന്നു. കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ഇവര്‍ക്ക് ലഭിച്ചതോടെ നഴ്സറി ആയി നടത്താനാരംഭിച്ചു. കോട്ടപ്പുഴയോരത്തും അഴിമുഖ തുരുത്തിലും ഏക്കറുകളോളം കണ്ടല്‍ക്കാടുകള്‍ നഴ്സറിയായി മത്സരിച്ചു വളരുന്നു.

ആയിരക്കണക്കിന് കണ്ടല്‍ തൈകളും വൃക്ഷത്തൈകളും തീരം പ്രവര്‍ത്തകര്‍ ഒരുക്കി വിവിധ കോളജുകളിലെയും സ്കൂളുകളിലെയും എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. നാടിന്റെ പലഭാഗങ്ങളിലും പഠന ക്ളാസ്, സ്ളൈഡ് പ്രദര്‍ശനം എന്നിവയും നടത്തിവരുന്നു.
Manoramaonline >> Environment >> News

മൃഗശാലയില്‍ വൈറസ് ബാധ

തിരുവനന്തപുരം മൃഗശാലയില്‍ അതീവഗുരുതരമായ വൈറസ് ബാധ. ഇതേതുടര്‍ന്ന് കുറുക്കന്‍മാരെ ഒന്നടക്കം ദയാവധത്തിന് വിധേയരാക്കിയതിന് പിന്നാലെ വെൈറസ് ബാധിച്ച് കഴുതപ്പുലികളും ചത്തു. സിംഹം അടക്കം മൃഗങ്ങള്‍ക്കും വൈറസ് ബാധിച്ചതായി ആശങ്കയുണ്ട്.

മൃഗങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന കാനൈന്‍ ഡിസ്റ്റെമ്പര്‍ എന്ന വൈറസാണ് മൃഗശാലയില്‍ പടര്‍ന്ന് പിടിക്കുന്നത്. കുറുക്കന്‍മാരിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. നാല് കുറുക്കന്‍മാര്‍ രോഗം ബാധിച്ച് ചത്തു. മറ്റു പോംവഴിയില്ലാതെ നാലണ്ണത്തിനെ ദയാവധത്തിന് വിധേയരാക്കി. കഴിഞ്ഞ ദിവസമാണ് കഴുതപ്പുലികളില്‍ വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഇവയെ കൊല്ലാന്‍ തീരുമാനിച്ചിരിക്കെ രണ്ടും ഉടനടി ചത്തു. ഏഴരവയസുകാരന്‍ കുമാര്‍, പതിനാലുകാരന്‍ രാഹുല്‍ എന്നിവയാണ് ചത്തത്. സിംഹം, കടുവ ഉള്‍പ്പെടെയുള്ള മറ്റുമൃഗങ്ങളിലേക്ക് കൂടി വൈറസ് വ്യാപിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് മൃഗശാലാ അധികൃതര്‍.

വൈറസ് ബാധ ഏറ്റാലും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കാലതാമസമുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി. വൈറസ് പ്രതിരോധമാര്‍ഗങ്ങളും ഫലപ്രദമല്ല. ഫലപ്രദമായ മരുന്നുകളും വിപണിയില്‍ ഇല്ല. ഇതോടെ മൃഗശാലയില്‍ അടുത്തിടെയുണ്ടായ കൂട്ടമരണങ്ങളെല്ലാം കാരണം ഈ വൈറസ് ആണെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ കൂട്ടമരണങ്ങള്‍ അസ്വാഭാവികമാണെന്ന് മനോരമ ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഡോകടറെ നീക്കം ചെയ്തിരുന്നു. വര്‍ഷങ്ങളായി പരിപാലനത്തിലുണ്ടായ അനാസ്ഥ ഇപ്പോള്‍ മൃഗശാലയിലെ നിലനില്‍പിനെ തന്നെ ഭീഷണിയിലാക്കിയിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ആശങ്കപ്പെടുന്നതുപോലെ വൈറസ് ബാധ ഇനിയും വ്യാപിച്ചാല്‍ മൃഗശാല അടച്ചിടേണ്ടിവരുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
Manoramaonline >> Environment >> News

വര്‍ണക്കാഴ്ചയൊരുക്കി കൊച്ചിന്‍ ഫ്ലവര്‍ ഷോ

അറബിക്കടലിന്റെ റാണിക്കിത് വസന്തകാലം... ഓളങ്ങള്‍ വെട്ടുന്ന കായലിനരികില്‍ പൂക്കളുടെ വര്‍ണവസന്തം തീര്‍ത്ത് 'കൊച്ചി ഫ്ലവര്‍ ഷോ' തുടങ്ങി. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്ന ആയിരങ്ങളാണ് എറണാകുളത്തപ്പന്‍ മൈതാനത്തേക്കെത്തുന്നത്. ആസ്വാദകരെ ആകര്‍ഷിക്കുന്നതിനായി പ്രവേശനകവാടം വിവിധ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

നാട്ടിന്‍പുറത്തെ ചെടികള്‍ മുതല്‍ തായ്‌ലന്‍ഡില്‍ നിന്ന് കടല്‍കടന്നെത്തിയ ഇസ്റ്റോമ വരെ ഫ്ലവര്‍ ഷോയിലെ താരങ്ങളാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയില്‍ 15,000 ത്തില്‍പ്പരം ചെടികള്‍ അണിനിരത്തുന്നുണ്ട്. പൂക്കളുടെ നഗരിയായ ബാംഗ്ലൂരില്‍ നിന്നാണ് 7,000 ത്തിലധികം പുഷ്പങ്ങള്‍ എത്തിയിരിക്കുന്നത്. 5,000 ത്തില്‍ അധികം ഇലച്ചെടികളും ഔഷധസസ്യങ്ങളും പ്രദര്‍ശനത്തിനെത്തി. പുഷ്പങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ചുമര്‍ച്ചിത്ര കലയും ചേര്‍ന്നതോടെ ചരിത്രമുറങ്ങുന്ന നഗരത്തിന് വേറിട്ട കാഴ്ചാനൂഭുതിയാണ് ഫ്ലവര്‍ ഷോ നല്‍കുന്നത്. കടും ചുവപ്പ് നിറത്തില്‍ താഴേക്ക് ഞാന്നുകിടക്കുന്ന ഹെലിഗോണിയ വലീഗരക്കാണ് പൂക്കളില്‍ ഏറ്റവും കൂടുതല്‍ വില . ഓറഞ്ചിലും മഞ്ഞയിലും നില്‍ക്കുന്ന ഒരു ഹെലീഗോണിയയുടെ വില 400 രൂപയാണ്.

വ്യത്യസ്ത നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പനിനീര്‍ പൂക്കളാണ് പുഷ്പമേളയിലെ പ്രധാന ആകര്‍ഷണം. ചുവപ്പിന് പുറമെ വെള്ള, മഞ്ഞ, റോസ്, ഇളം മഞ്ഞ നിറങ്ങളില്‍ വിരിഞ്ഞുനില്ക്കുന്ന റോസ പുഷ്പങ്ങളുടെ പവലിയന്‍ മലയാളിയെ പ്രണയ സങ്കല്പങ്ങളിലേക്ക് നയിക്കുന്നു. വിവിധ തരത്തിലുളള ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവ വാങ്ങിക്കാനും നല്ല തിരക്കാണ്. തിരുവനന്തപുരത്തു നിന്നെത്തിയ ഓര്‍ക്കിഡ്, ആനി ബ്ലാക്ക് ഓര്‍ക്കിഡുകളില്‍ പുതുമയാര്‍ന്നവയാണ്. ചുവപ്പ്, വെളള, മഞ്ഞ നിറങ്ങളിലുള്ള ഡാലിയ, ജമന്തി, കോഴിപ്പൂവ്, സൂര്യകാന്തി, കടലാസ് റോസ്, ബോള്‍സ് എന്നീ പുഷ്പങ്ങള്‍ മലയാളത്തനിമ വിളിച്ചോതുന്നു. കൃഷ്ണനും രാധയും അജന്ത എല്ലോറയും മുഗള്‍ ഭരണകാലത്തെ രാജാക്കന്മാരും റാണിമാരും ഫ്ലോറല്‍ പവലിയനിലെ ചുമര്‍ച്ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഇലച്ചെടികളായ ലില്ലി, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. റാന്തലും മാറാല പിടിച്ച ചുമരുകളും ഉണങ്ങിയ ഇലകള്‍ വീണ മുറ്റവും മരഗേറ്റും ചേര്‍ന്ന കുഞ്ഞുവീടും മഞ്ഞ നിറത്തിലുള്ള ഓറിയന്റല്‍ ലില്ലി ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. വിദേശത്തു നിന്നെത്തിയ പൂക്കളില്‍ കൂടുതലായി ആകര്‍ഷിക്കുന്നത് വയലറ്റിലും ക്രീമിലും തീര്‍ത്തിരിക്കുന്ന ബ്രാസിക്ക തന്നെയാണ്. തായ്‌ലന്‍ഡിലെ ഓരോ കാഴ്ചയും ചുമരില്‍ ഇടം നേടിയിട്ടണ്ട്. തായ്‌ലന്‍ഡ് പൂക്കളില്‍ മറ്റൊരു വിത്യസ്ത ഇനമാണ് ഇസ്‌റ്റോമ. പര്‍പ്പിള്‍ നിറത്തില്‍ ഫ്ലോറല്‍ പവലിയനിന്റെ മാറ്റുകൂട്ടുകയണ് ഈ തായ്‌ലന്‍ഡുകാരി.

കേരളത്തിലെ പരമ്പരാഗത ഔഷധ സസ്യങ്ങളുടെ പവലിയനും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. ശതാവരി, താന്നി, സര്‍പ്പഗന്ധി, ദര്‍ഭ, ഇത്തി, രാമച്ചം എന്നിവ ഔഷധസസ്യങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചിരുക്കുന്നു. നക്ഷത്ര വൃക്ഷങ്ങളുടെ നിരയും മേളയിലുണ്ട്. വാടാമല്ലി, കൊങ്ങിണിപ്പൂവ്, കാക്കപ്പൂവ്, കോളാംബി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. വിവിധ വൃക്ഷങ്ങളുടെ തൈകളും വിത്തുകളും പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കും. 20 വര്‍ഷം പ്രായമുളള കൂവളം, 24 വര്‍ഷം പ്രായമുളള പേരാല്‍, 19 വര്‍ഷം പഴക്കമുളള താളിപ്പരുത്തി എന്നിവ വീടിനകത്ത് വയ്ക്കാനാവും.

മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി ബോണ്‍സായ് മരങ്ങളുടെ നീണ്ടനിര തന്നെയാണുള്ളത്. ജൈവ അടുക്കളത്തോട്ടവും ഇതിന്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫ്ലവര്‍ ഷോയുടെ ഭാഗമായി ദിവസവും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. പ്രദര്‍ശനം 16 ന് സമാപിക്കും.
12 Jan 2012 Mathrubhumi >> karshikam

Wednesday, January 11, 2012

ശൂന്യാകാശത്ത് സൌരോര്‍ജ പവര്‍ പ്ലാന്റ് വികസിപ്പിക്കണം: കലാം

സൌരോര്‍ജം ശൂന്യാകാശത്തില്‍വച്ചുതന്നെ സംരക്ഷിക്കാനും ഭൂമിയിലേക്കു സംപ്രേഷണം ചെയ്യാനും 'നാനോ എനര്‍ജി പായ്ക്കുകള്‍ പ്രയോജനപ്പെടുത്തണമെന്നു മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാം. സൂര്യപ്രകാശത്തിലെ ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍പോലും ഭാവിയിലെ ഊര്‍ജാവശ്യങ്ങള്‍ക്കു വലിയ തോതില്‍ പ്രയോജനപ്പെടും. ഭൂമിയിലെ സോളാര്‍ പാനലുകള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. ഇതിനു പകരം ശൂന്യാകാശത്തില്‍ത്തന്നെ സ്ഥാപിക്കാന്‍ കഴിയുന്ന പവര്‍ പ്ളാന്റുകള്‍ ഉപയോഗിക്കണമെന്നും കലാം പറഞ്ഞു. ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ ദേശീയ ലേസര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലാം.

ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള സൌരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് ആറുമുതല്‍ എട്ടു മണിക്കൂര്‍വരെ മാത്രമേ സൌരോര്‍ജത്തെ ശേഖരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ശൂന്യാകാശത്തിലെ പാനലുകളില്‍ 24 മണിക്കൂറും സൌരോര്‍ജം ശേഖരിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇതിനെ ബാധിക്കുകയുമില്ല. നാനോ എനര്‍ജി പായ്ക്കുകളിലൂടെ മൈക്രോവേവ് സാങ്കേതികവിദ്യയിലൂടെയോ ലേസര്‍ സാങ്കേതികവിദ്യയ്ക്കു സമാനമായ മറ്റേതെങ്കിലും തരത്തിലോ ഈ ഊര്‍ജം ഭൂമിയിലെത്തിക്കാന്‍ കഴിയും.

ആണവോര്‍ജ വകുപ്പിന്റെ ബോര്‍ഡ് ഓഫ് റിസര്‍ച് ഇന്‍ ന്യൂക്ളിയര്‍ സയന്‍സസിന്റെയും ഇന്ത്യന്‍ ലേസര്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണു ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഫിസിക്സ്, ടെക്നോളജി, ലേസര്‍ ആപ്ളിക്കേഷന്‍ എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ശില്‍പശാല ചര്‍ച്ച ചെയ്യും. അണ്ണാ സര്‍വകലാശാല - ബിസിടി കലാം സെന്റര്‍ ഫോര്‍ എക്സലന്‍സ് അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. അണ്ണാ സര്‍വകലാശാലയിലെ രാമാനുജന്‍ കംപ്യൂട്ടിങ് സെന്ററും ബഹ്വന്‍ സൈബര്‍ടെക്കും ചേര്‍ന്നാണു കലാം സെന്റര്‍ ഫോര്‍ എക്സലന്‍സ് ആരംഭിക്കുന്നത്.

അണ്ണാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. മന്നാര്‍ ജവഹര്‍, ബഹ്വന്‍ സൈബര്‍ടെക് ഗ്രൂപ്പ് ചെയര്‍പഴ്സന്‍ ഹിന്ദ് ബഹ്വന്‍, സിഇഒയും ഡയറക്ടറുമായ ദുര്‍ഗാപ്രസാദ്, രാമാനുജന്‍ കംപ്യൂട്ടിങ് സെന്റര്‍ ഡയറക്ടര്‍ റെയ്മണ്ട് ഉത്തരരാജ് എന്നിവര്‍ പങ്കെടുത്തു.
Manoramaonline >> Environment >> News

Tuesday, January 10, 2012

വയനാടിന്റെ കുളിര് തേടി സഞ്ചാരികളുടെ പ്രവാഹം

മാനന്തവാടി: ജനുവരിയുടെ തണുപ്പില്‍ വയനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്. മുല്ലപ്പെരിയാര്‍ പ്രശ്നം സജീവമായതോടെ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ ഉൌട്ടി അടക്കമുള്ള കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പോക്ക് കുറഞ്ഞതും വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടാന്‍ ഇടയാക്കി.

മുന്‍പ് വയനാട് കണ്ടാസ്വദിച്ച ശേഷം കര്‍ണാടകയിലേക്ക് കടന്ന് മൈസൂര്‍, കുടക്, ബാംഗൂര്‍ എന്നിവിടങ്ങളിലേക്ക് പോയിരുന്ന സംഘങ്ങള്‍ ഇപ്പോള്‍ പരമാവധി സമയം ജില്ലയില്‍ തന്നെ ചെലവിടുകയാണ്. രാത്രിയാത്രാ നിരോധനത്തോടെ കര്‍ണാടകയാത്ര ദുഷ്കരമായതും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കെത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് കര്‍ണാടക അധികൃതര്‍ പ്രവേശന ഫീസായി വന്‍തുക വാങ്ങുന്നതുമാണ് കാരണം.

അമ്പലവയലിലെ എടക്കല്‍ ഗുഹയില്‍ ക്രിസ്മസ് സീസണില്‍ വന്‍ സന്ദര്‍ശകത്തിരക്കാണ് അനുഭവപ്പെട്ടത്. വീതികുറഞ്ഞ ഗോവണികളിലൂടെയും ഒറ്റയടിപ്പാതയിലൂടെയും ഉള്ള ഗുഹയിലേക്കുള്ള യാത്രക്ക് തടസ്സമാകുമെന്നതിനാല്‍ സന്ദര്‍ശകരെ ഒാരോ മണിക്കൂര്‍ വീതം പ്രവേശന കവാടത്തിലും ടിക്കറ്റ് കൌണ്ടറിലും തടഞ്ഞ് വച്ചാണ് തിരക്ക് നിയന്ത്രിച്ചത്.

വന്യ മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിലും സന്ദര്‍ശകരുടെ തിരക്ക് ഏറിയിട്ടുണ്ട്. മുത്തങ്ങയിലും തോല്‍പെട്ടിയിലും വനപാത സന്ദര്‍ശകര്‍ക്കായി തുറക്കുന്നതിന് മുന്‍പ് തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നടക്കമുള്ള വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ എത്തി കാത്ത് നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്.

ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രധാന സാന്നിധ്യമായിരുന്ന കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. ദ്വീപിന്റെ വാഹകശേഷിയെക്കുറിച്ചുള്ള പഠനം നടത്തിയ ശേഷമേ ഇനി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്ന കാര്യം തീരുമാനിക്കൂ. ഇൌ വിവരം അറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ നിത്യവും കുറുവയിലെത്തി നിരാശരായി മടങ്ങുന്നു.

കുഴിനിലം റോസ് പാര്‍ക്കില്‍ ഇന്നുമുതല്‍ ഫ്ളവര്‍ ഷോ ആരംഭിക്കുകയാണ്. മുന്‍ വര്‍ഷത്തേത് പോലെ ഇക്കുറിയും ഫ്ളവര്‍ഷോക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും അവര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധ ഏജന്‍സികളാണ് ജില്ലയില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

ബാണാസുരയില്‍ വൈദ്യുതി ബോര്‍ഡും, മുത്തങ്ങ, തോല്‍പെട്ടി, കുറുവാ ദ്വീപ് എന്നിവ വനം വകുപ്പിന്റെ കീഴിലും, എടക്കല്‍ ഗുഹയും പഴശ്ശികുടീരവും പുരാവസ്തു വകുപ്പിന് കീഴിലുമാണ്. ഇവയെ കോര്‍ത്തിണക്കി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് സൌകര്യപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന് കഴിയുന്നുമില്ല.
Manoramaonline Wayand News

പ്രജനന കാലത്ത് കടലാമകളുടെ ജഡങ്ങള്‍ തീരത്തടിയുന്നു

ഗുരുവായൂര്‍: കടല്‍തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കാത്തിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അടിഞ്ഞത് കടലാമകളുടെ ജഡങ്ങള്‍. ചാവക്കാട്, പുത്തന്‍കടപ്പുറം, പഞ്ചവടി ഭാഗങ്ങളിലാണ് കടലാമകളുടെ ജഡങ്ങള്‍ അടിയുന്നത്. ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള പ്രജനനകാലത്താണ് കടലാമകള്‍ മുട്ടയിടാന്‍ തീരത്തെത്തുക. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിയാണ് ഇവ തീരത്തെത്തി മുട്ടയിടുന്നത്. കടലാമകളുടെ മുട്ടകള്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെയാണ് കടല്‍ തീരത്ത് ഉറക്കമൊഴിച്ച് മുട്ടകളുടെ സംരക്ഷണത്തിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. കടലാമകളുടെ മുട്ടകള്‍ കണ്ടെത്തി അവക്ക് ഒരുമാസത്തോളം സംരക്ഷണം നല്‍കി മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങി പോകുന്നതുവരെയാണ് സംരക്ഷണം നല്‍കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഇത്തരത്തില്‍ മുട്ടകളൊന്നും കണ്ടെത്താനായിട്ടില്ളെന്ന് ഗുരുവായൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ പി.പി.ശ്രീനിവാസന്‍ പറഞ്ഞു. ചിലയിടത്ത് ആമകള്‍ മണ്ണിനടിയില്‍ നിക്ഷേപിച്ച മുട്ടകള്‍ കുറുക്കന്മാര്‍ മാന്തി ഭക്ഷിച്ച പോലുള്ള അടയാളങ്ങള്‍ മാത്രമാണ് കാണാനായത്. എന്നാല്‍ ഇതിനകം നിരവധി കടലാമകളുടെ ജഡങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ട്. മുട്ടയിടാന്‍ കരയെ ലക്ഷ്യമാക്കി നീന്തിവരുന്നതിനിടെ യന്ത്രവത്കൃത ബോട്ടിന്‍െറ പ്രൊപ്പല്ലറില്‍ കുടുങ്ങിയും മത്സ്യബന്ധന വലകളില്‍ കുടുങ്ങിയുമാണ് ഇവ ചാവുന്നത്. വംശനാശത്തിന്‍െറ വക്കിലെത്തി നില്‍ക്കുന്ന കടലാമകളില്‍ നാലിനമാണ് കേരളത്തിന്‍െറ തീരത്ത് മുട്ടയിടാനെത്തുന്നത്. ഇവയില്‍ തന്നെ ഒലിവ് റിഡ്ലി എന്ന ഇനമാണ് കൂടുതല്‍. പണ്ട് പകല്‍ പോലും ആമകള്‍ മുട്ടയിടാനെത്തിയിരുന്നെങ്കിലും മനുഷ്യാധിവാസം വര്‍ധിക്കുകയും മുട്ടകള്‍ മാത്രമല്ല മുട്ടയിടാനെത്തുന്ന ആമകള്‍ക്കുപോലും രക്ഷയില്ലാതാവുകയും ചെയ്തതോടെ രാത്രി മാത്രമായി കടലാമകളുടെ മുട്ടയിടല്‍. ഇവ കണ്ടെത്തി നശിപ്പിക്കാനും ആളുകള്‍ വര്‍ധിച്ചതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംരക്ഷണവുമായി മുന്നോട്ട് വന്നത്. എന്നാല്‍ മുട്ടകളുടെ സംരക്ഷണത്തിനിറങ്ങിയവര്‍ക്ക് മുന്നില്‍ അടിയുന്നത് കടലാമകളുടെ ജഡങ്ങളാണെന്നു മാത്രം.
10.1.2012 Madhyamam Thrissur News

ആമക്കുഞ്ഞുങ്ങള്‍ കടലിലിറങ്ങും വരെ ഇവര്‍ ഉറങ്ങില്ല

ചാവക്കാട്: തീരത്തു മുട്ടയിട്ടു കടലിലേക്കിറങ്ങിപ്പോയ കടലാമയുടെ മുട്ടകള്‍ കള്ളന്‍മാരില്‍നിന്നും കാറ്റില്‍നിന്നും സംരക്ഷിച്ചു കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയാണ് ഇവര്‍ കടലാമസംരക്ഷകരായത്. പുത്തന്‍കടപ്പുറത്തെ യുവാക്കളും ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകരും അഞ്ചു വര്‍ഷത്തിനുള്ളില്‍ വിരിയിച്ചിറക്കിയത് ആറായിരത്തോളം കുഞ്ഞുങ്ങളെ. കരയ്ക്കു കയറിയ കടലാമയെ ചിലര്‍ തല്ലിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ കടലാമയ്ക്കു മുട്ടയിടാന്‍ സൌകര്യമൊരുക്കിയും കുഞ്ഞുങ്ങളെ സംരക്ഷിച്ചും മാതൃകയാവുകയായിരുന്നു ഇവര്‍.

കടലാമയെക്കുറിച്ചുള്ള കേട്ടറിവുകളില്‍നിന്നും പഴമക്കാര്‍ പകര്‍ന്നു നല്‍കിയ കടലറിവുകളില്‍നിന്നും കാര്യങ്ങള്‍ മനസിലാക്കി തീരത്തു കടലാമയിട്ട മുട്ടകള്‍ കുഞ്ഞുങ്ങളായി കടലിലേക്കിറങ്ങുംവരെ അവര്‍ കാവല്‍ നിന്നു. നാലു വര്‍ഷം മുന്‍പാണു പുത്തന്‍കടപ്പുറം കടലാമസംരക്ഷണ സമിതി രൂപീകരിച്ചു പ്രവര്‍ത്തകര്‍ ഇവിടെ സംഘടിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കടലാമ മുട്ടയിട്ട സ്ഥലം വേലികെട്ടി സംരക്ഷിച്ചും രാത്രികാലങ്ങളില്‍ മാസങ്ങളോളം കാവലിരുന്നും ഇവര്‍ സംരക്ഷകരായി.

രാത്രികാലങ്ങളിലാണു കടലാമകള്‍ കരയ്ക്കു കയറി മുട്ടയിടുന്നത്. പുത്തന്‍കടപ്പുറത്ത് കടലാമ മുട്ടയിട്ടതറിഞ്ഞു തീരമേഖലയിലെ ക്ളബുകളും കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകരും ജാഗ്രതയിലാണ്. കൂടുതല്‍ കടലാമകള്‍ മുട്ടയിടാനെത്തുമെന്ന പ്രതീക്ഷയിലാണിവര്‍. ലെതര്‍ ബാക്ക് ടര്‍ട്ടില്‍, ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്സ് ബില്‍, ഒലീവ് റിഡ്ലി വിഭാഗങ്ങളിലുള്ള ആമകളാണു ജില്ലയിലെ കടപ്പുറത്ത് മുട്ടയിടാനെത്തുന്നത്. മണലിലെ ചൂടുകൊണ്ട് 40 മുതല്‍ 55 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വിരിഞ്ഞിറങ്ങും. 100 മുതല്‍ 200 വരെ മുട്ടകളാണ് ഒരു കുഴിയില്‍ ഉണ്ടാവുക. ഇവയില്‍ 80 മുതല്‍ 140 വരെ മുട്ടകളേ വിരിയാറുള്ളൂവത്രെ.
Manoramaonline >> Environment >> News

Monday, January 9, 2012

ഇനി ഗ്രീന്‍ സിമന്റിന്റെ കാലം?

പരിസ്ഥിതി ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്നതാണ്‌ ഗ്ലോബല്‍ വാമിങ്‌ അഥവാ ആഗോള താപനം. അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ അന്താരാഷ്ട്ര സെമിനാറുകളുടെ സ്ഥിരം അജന്‍ഡയും. അന്തരീക്ഷത്തിലുണ്ടാവുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവ്‌ നിയന്ത്രിക്കുകയാണു കുറുക്കുവഴി. എന്നാല്‍ വാഹനങ്ങള്‍, ഫാക്റ്ററികള്‍ തുടങ്ങി കാര്‍ബണ്‍ സംയുക്തങ്ങള്‍ പുറന്തള്ളുന്ന ഉപകര ണങ്ങളും സ്ഥാപനങ്ങളും നിരവധി. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന സിമന്റുകളാണു കാര്‍ബണ്‍ഡൈഓക്സൈഡ്‌ പുറത്തുവിടുന്ന മറ്റൊരു ഉത്പന്നം. ലണ്ടനിലെ നോവാസെം കമ്പനിയിലെ ചീഫ്‌ സയന്റിസ്റ്റ്‌ നിക്കോളാവോസ്‌ വ്ലാസോപൗലോസ്‌ ഇതിനൊരു പ്രതിവിധിയുമായി രംഗത്ത്‌. കാര്‍ബണ്‍ഡൈഓക്സൈഡ്‌ ആഗിരണം ചെയ്യുന്ന സിമന്റുമായാണ്‌ അദ്ദേഹത്തിന്റെ വരവ്‌. ഗ്രീന്‍ സിമന്റ്‌ എന്നു വിളിക്കാവുന്ന സിമന്റിന്റെ കണ്ടുപിടുത്തം ഗ്ലോബല്‍ വാമിങ്ങിനെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുമെന്നു തീര്‍ച്ച.

ലൈംസ്റ്റോണില്‍ നിന്നാണു സാധാരണ സിമന്റു നിര്‍മിക്കുന്നത്‌. ലൈംസ്റ്റോണ്‍ കത്തിക്കുന്ന ഫര്‍ണസിനു വന്‍താപപ്രതിരോധ ശേഷിയും ആവശ്യമാണ്‌. ഇത്തരത്തില്‍ സിമന്റില്‍ ശേഖരിക്കപ്പെടുന്ന താപോര്‍ജം കാര്‍ബണ്‍ സംയുക്തമായി പുറന്തള്ളും. എന്നാല്‍ നോവാസെം സിമന്റിന്റെ പ്രധാന റോ മെറ്റീരിയല്‍ മഗ്നീഷ്യം സിലിക്കേറ്റുകളാണ്‌. ഇതു സിമന്റായി മാറുന്നതിനു താരതമ്യേന കുറഞ്ഞ ചൂടു മതി. ഈ സിമന്റു സെറ്റാവാന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വേണം. ഇതാവട്ടെ, അന്തരീക്ഷത്തില്‍ നിന്ന്‌ ആവശ്യത്തിനു വലിച്ചെ ടുക്കുകയും ചെയ്യും. ലോകത്തുണ്ടാക്കുന്നര സിമന്റില്‍ നിന്നു പുറത്തുവരുന്നത്‌ അന്തരീക്ഷത്തില്‍ ആകെയുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അഞ്ച്‌ ശതമാനമാണ്‌. ഏവിയേഷന്‍ ഇന്‍ഡസ്ട്രി പുറന്തള്ളുന്നതിലും കൂടുതല്‍. 2020-ആകുമ്പോഴേക്കും സിമന്റിന്റെ ആവശ്യം ഇന്നത്തേതിനേക്കാള്‍ വര്‍ധിക്കും. അതനുസരിച്ച്‌ അപകടകരമല്ലാത്ത രീതിയില്‍ ജൈവസഹായിയായ നോവാസെം സിമന്റു കണ്ടുപിടിച്ചതിന്റെ സന്തോഷത്തിലാണു നിക്കോ ളാവോസ്‌.
Metrovaartha >> VaarthaLife >> Real Estate

കുഞ്ഞുമോള്‍ ജോസ് കര്‍ഷകശ്രീ

കേരളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക പ്രതിഭയ്ക്കു മലയാള മനോരമ നല്‍കുന്ന കര്‍ഷകശ്രീ പുരസ്കാരത്തിന് ഇടുക്കി ജില്ലയില്‍ അടിമാലിക്കടുത്ത് കമ്പിളികണ്ടം പാറത്തോട് നടുവിലേപ്പുരയ്ക്കല്‍ കുഞ്ഞുമോള്‍ ജോസ് അര്‍ഹയായി. 1992 മുതല്‍ നല്‍കിവരുന്ന അവാര്‍ഡ് ആദ്യമായാണ് ഒരു വനിതയ്ക്കു ലഭിക്കുന്നത്. 2,00,001 രൂപയും സ്വര്‍ണമെഡലും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മണ്ണില്‍ അധ്വാനിച്ചു നേട്ടം കൊയ്യുന്ന കര്‍ഷകരെ ആദരിക്കാന്‍ മലയാള മനോരമ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പതിനൊന്നാമത്തെ ജേതാവായി ഇൌ അന്‍പത്തിയൊന്നുകാരി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഷിക രംഗത്തെ വനിതാമുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയായി. 2008ല്‍ മലപ്പുറം വെട്ടത്തെ സി.എം. മുഹമ്മദിനൊപ്പം ഭാര്യ ഷക്കീല മുഹമ്മദും കര്‍ഷകശ്രീ അവാര്‍ഡിന് അര്‍ഹയായിരുന്നു.

രാജ്യാന്തര പ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനും പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ കൂടിയായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മേധാവി ഡോ. കെ. പ്രതാപന്‍, മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, 'കര്‍ഷകശ്രീ മാസിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആര്‍.ടി. രവിവര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്.

കൊല്ലം ചവറ കോട്ടയ്ക്കകം തെക്കേപ്പയ്യാല ജെ. വിജയന്‍ പിള്ള, പാലക്കാട് കാറല്‍മണ്ണ ചുണ്ടയില്‍ വീട്ടില്‍ സി. ശ്രീകുമാരന്‍, മലപ്പുറം വണ്ടൂര്‍ കോന്തക്കുളവന്‍ വീട്ടില്‍ കെ.കെ. സെയ്ത്, വയനാട് പുല്‍പ്പള്ളി പാടിച്ചിറ ചൂനാട്ടു വീട്ടില്‍ വിന്‍സന്റ് ജോര്‍ജ് എന്നിവരാണ് കുഞ്ഞുമോള്‍ക്കൊപ്പം മത്സരത്തിന്റെ അവസാനറൌണ്ടിലെത്തിയത്.

കൃഷിയും മൃഗസംരക്ഷണവും സംയോജിപ്പിച്ചും പ്രകൃതിവിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിച്ചും കുഞ്ഞുമോള്‍ സുസ്ഥിര കൃഷിരീതി സമര്‍ഥമായി നടപ്പാക്കിയിട്ടുള്ളതായി വിധിനിര്‍ണയ സമിതി വിലയിരുത്തി. വിത്തു മുതല്‍ വിപണനം വരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ടു ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുമോള്‍ എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക വനിതകള്‍ക്കു വിശേഷിച്ചും മികച്ച മാതൃകയാണെന്നു ചൂണ്ടിക്കാട്ടിയ സമിതി സുസ്ഥിര കൃഷിരീതിക്കും പച്ചക്കറിക്കൃഷിക്കും അവര്‍ നല്‍കുന്ന പ്രാധാന്യത്തെ പ്രശംസിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലേക്ക് ആദ്യമായി കര്‍ഷകശ്രീ പുരസ്കാരം എത്തിച്ച കുഞ്ഞുമോള്‍ ജോസിനെ അവാര്‍ഡിനു പരിഗണിക്കാനായി നാമനിര്‍ദേശം ചെയ്തത് കൊന്നത്തടി പഞ്ചായത്ത് കൃഷി ഒാഫിസര്‍ എം. ഹാരിസ് ആണ്.
Manoramaonline >> Environment >> News

അഗസ്ത്യാര്‍കൂട തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വനംവകുപ്പ് ഒരുങ്ങി

വിതുര: കേരളത്തിലെ രണ്ടാമത്തെ വലിയ ഗിരിശൃംഗമായ അഗസ്ത്യാര്‍കൂടത്തേക്കുള്ള ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് വനംവകുപ്പിന്റെ വിപുലമായ തയ്യാറെടുപ്പുകളായി. പൈതൃക വനമേഖലയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള അഗസ്ത്യാര്‍കൂടത്തിന് പോറല്‍ ഏല്‍ക്കാത്തവണ്ണം തീര്‍ഥാടനം സംഘടിപ്പിക്കാനാണ് തീരുമാനം. പാസ് വിതരണം 11ന് തിരുവനന്തപുരം പി.ടി.പി. നഗറിലെ ഓഫീസില്‍ തുടങ്ങും.

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ബോണക്കാട് വഴി മാത്രമേ യാത്ര അനുവദിച്ചിട്ടുള്ളൂ. ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍വരെ മാത്രമേ വാഹനത്തില്‍ വരാന്‍പറ്റൂ. പിന്നെ 22 കിലോമീറ്റര്‍ കാല്‍നടയായി കാനനയാത്ര. പിക്കറ്റ് സ്റ്റേഷന്‍, ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പയന്തിയാര്‍, അട്ടയാര്‍, അതിരുമല എന്നീ ആറ് പ്രധാന ഇടത്താവളങ്ങളില്‍ വനംവകുപ്പിന് കേന്ദ്രങ്ങളുണ്ട്. തീര്‍ഥാടകരെ അനുഗമിക്കാന്‍ ഓരോ കേന്ദ്രത്തിലും അഞ്ച് ഗൈഡുകള്‍ വീതമുണ്ടാവും. മൂന്നുവര്‍ഷം മുമ്പ് രണ്ട് തീര്‍ഥാടകരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമാണ് ഇത്തരം സംവിധാനമൊരുക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചത്.

പ്ലാസ്റ്റിക്, മദ്യം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ തീര്‍ഥാടകരുടെ ബാഗ് പരിശോധനയുണ്ടാകും. തീര്‍ഥാടകരെ 15 പേരുള്ള സംഘമായി തിരിച്ചാവും രാവിലെ കയറ്റിവിടുക. യാത്രാമധ്യേ പാചകം അനുവദിച്ചിട്ടില്ല. തീര്‍ഥാടകര്‍ക്കായി വനംവകുപ്പിന്റെ രണ്ട് കാന്റീനുകള്‍ പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഭക്ഷണപ്പൊതികളും ഇവിടെ കിട്ടും. രണ്ട് പകലും ഒരു രാത്രിയുമാണ് തീര്‍ഥാടനത്തിന്റെ സാധാരണ ദൈര്‍ഘ്യം.

ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്ന സസ്യങ്ങളുടെ സാന്നിധ്യമാണ് അഗസ്ത്യാര്‍കൂടത്തിന് പൈതൃക പദവി നേടിക്കൊടുത്തത്. കേരളത്തിലെ നെയ്യാര്‍, തമിഴ്‌നാട്ടിലെ കളക്കാട്-മുണ്ടന്‍തുറൈ വനം റെയിഞ്ചുകളുടെ പരിധിയില്‍ വരുന്ന അഗസ്ത്യാര്‍കൂട മേഖലയിലേക്കുള്ള പ്രവേശനഭാഗമായ ബോണക്കാട് പക്ഷേ, പേപ്പാറ വന്യജീവി റെയ്ഞ്ചിലാണ്. മുന്‍വര്‍ഷങ്ങളിലെപ്പോലെ മകരവിളക്ക് ദിനത്തില്‍ തുടങ്ങുന്ന തീര്‍ഥാടനം ശിവരാത്രിദിവസം സമാപിക്കും. 350 രൂപയാണ് പാസ് വില.
Mathrubhumi Thiruvananthapuram News. 09 Jan 2012
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക