.

.

Thursday, February 16, 2012

വയനാടന്‍ കാഴ്ചകള്‍ തേടി സഞ്ചാരിപ്രവാഹം

കല്പറ്റ: വയനാടിന്റെ ഹരിത സമതലം തേടി സഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ പതിനെട്ടു ശതമാനം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 9987 വിദേശ സഞ്ചാരികളാണ് 2011 ല്‍ വയനാട് കണ്ടുമടങ്ങിയത്. 8450 പേരായിരുന്നു 2010ല്‍ വയനാട്ടിലെത്തിയ വിദേശികള്‍. 2006- ലേതിനേക്കാള്‍ 10.77 ശതമാനം വളര്‍ച്ചയാണ് അന്തര്‍ദേശീയ ടൂറിസ്റ്റുകളുടെ വരവില്‍ ഉണ്ടായത്. 2012 ലെ ജനവരിയില്‍ മാത്രം 1820 വിദേശ വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് വിരുന്നെത്തി. ദിവസേന 90 വിദേശികള്‍ ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ എത്തുന്ന തരത്തിലേക്കാണ് വയനാട് വളര്‍ന്നിരിക്കുന്നത്.

വയനാടിന്റെ കളിപ്പൊയ്കയായ പൂക്കോട് തടാകം കാണാനാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഡി.ടി.പി.സി.യുടെ കണക്ക് പ്രകാരം 5,03,949 സഞ്ചാരികള്‍ 2011 ല്‍ ഇവിടം സന്ദര്‍ശിച്ചു. മൂന്ന് കുന്നുകള്‍ക്കിടയില്‍ കണ്ണാടിപോലെ തിളങ്ങുന്ന ജലാശയത്തില്‍ ബോട്ടുയാത്ര ചെയ്യാനാണ് സഞ്ചാരികള്‍ക്ക് ഏറെ താത്പര്യം. വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറ്റവും ആദ്യം ഇടം തേടിയ പൂക്കോടിന് സമാനതകളില്ലാത്ത സവിശേഷതയാണുള്ളത്.

എടയ്ക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍ കാണാന്‍ 4,64,366 സഞ്ചാരികളാണ് മലകയറി വന്നത്. അറ്റകുറ്റപ്പണികള്‍ക്കായി സന്ദര്‍ശകരെ നിയന്ത്രിച്ചിട്ടും ഇടവേളകളില്‍ വന്നു മടങ്ങിയത് ഇത്രയധികം വിനോദ സഞ്ചാരികള്‍. 2010 ല്‍ 2,29,564 പേരാണ് ഇവിടെ എത്തിയത്. ശിലായുഗകാലത്തെ കൊത്തു ലിഖിതങ്ങള്‍ ചരിത്രകാരന്മാര്‍ക്ക് പുറമെ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെയും പ്രിയ വിനോദ കേന്ദ്രമാണ്.

ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ കുറവയില്‍ പ്രതിദിനം 4500 സഞ്ചാരികള്‍ വരെ വന്നു മടങ്ങി. കൃത്രിമങ്ങളുടെ കലര്‍പ്പില്ലാത്ത ഹരിത ദ്വീപില്‍ സ്വഭാവിക വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകളാണ് ഇതള്‍ വിരിയുന്നത്. ബോട്ടുകളും മുളം ചങ്ങാടങ്ങളും കടന്ന് വന്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന കാട്ടുപാതയിലൂടെ നടന്ന് കുറുവയുടെ ജൈവ വൈവിധ്യമാണ് ടൂറിസ്റ്റുകള്‍ ആസ്വദിക്കുന്നത്.വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഒഴിവാക്കാന്‍ പറ്റാത്ത വിനോദ കേന്ദ്രമായി വന്യജീവി സങ്കേതങ്ങള്‍ മാറിക്കഴിഞ്ഞു. തോല്‍പ്പെട്ടിയിലേക്കും മുത്തങ്ങയിലേക്കുമാണ് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെയും വൈകിട്ടുമായി നൂറുകണക്കിന് സഞ്ചാരികള്‍ വയനാടന്‍ കാടിനെയും വന്യമൃഗങ്ങളെയും അടുത്തറിയുന്നു.

ബാണാസുര സാഗര്‍ അണക്കെട്ട് വശ്യതയാര്‍ന്ന ദൃശ്യാനുഭവമാണ് നല്‍കുന്നത്. കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കുന്നുകളും അതിനെ വലം വെക്കുന്ന ബോട്ടുയാത്രയും ഏവര്‍ക്കും അവിസ്മരണീയ അനുഭവങ്ങള്‍ നല്‍കും. രാജ്യത്ത് ഏറ്റവും സാധ്യതയുള്ള അന്‍പത് വിനോദ കേന്ദ്രങ്ങളില്‍ പതിമൂന്നാം സ്ഥാനമാണ് ബാണാസുര സാഗറിനുള്ളത്. പ്രതിദിനം 4000 സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നു.

ചെമ്പ്രപീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ, മീന്‍മൂട്ടി, ബാണാസുര സ്‌നോഫോള്‍സ്എന്നിവിടങ്ങളിലൊക്കെ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ എത്തുന്നുണ്ട് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഐ.ടി.ഹബ്ബുകളില്‍ നിന്നാണ് കൂടുതലായി ആഭ്യന്തര സഞ്ചാരികള്‍ വയനാട്ടിലേക്ക് യാത്ര തീരുമാനിക്കുന്നത്. വടക്കേ ഇന്ത്യയിലും വയനാട് അറിയപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ ഇവരെ വല വീശിപിടിക്കുന്നുണ്ട്. വയനാടിന്റെ സ്വന്തം ഉത്പന്ന വില്‍പ്പന വിപണിയിലും ഇത് ചലനമുണ്ടാക്കുന്നു. കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വിപണി പച്ചപിടിക്കുന്നതായി വൈത്തിരി വില്ലേജ് ക്രാഫ്ട് ഉടമയായ സുജേഷ് മംഗലശ്ശേരി പറയുന്നു.

222 അംഗീകൃത സ്ഥാപനങ്ങള്‍ സഞ്ചാരികള്‍ക്ക് വയനാട്ടില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. 24 റിസോര്‍ട്ടുകളും 142 ഹോംസ്റ്റേയും 11 ഡോര്‍മിറ്ററികളും, 45 വില്ലകളും പ്രവര്‍ത്തിക്കുന്നു. 2009-10 കാലഘട്ടത്തില്‍ 82 സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് സൗകര്യങ്ങളും മൂന്നിരട്ടി വര്‍ധിച്ചത്.

സഞ്ചാരികളുടെ വര്‍ധന പ്രതിവര്‍ഷം ഉണ്ടാകുമ്പോഴും അതിനനുസരിച്ച് വിനോദ കേന്ദ്രങ്ങള്‍ മോടിയാകുന്നില്ല. പലയിടങ്ങളും അടിസ്ഥാന സൗകര്യവികസനത്തിന് ഇന്നും മടിച്ചു നില്‍ക്കുന്നു. ചീങ്ങേരി പാറ പുതിയ വിനോദകേന്ദ്രമായി മാറ്റാനുള്ള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ .ഏഴുകോടി രൂപയുടെ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ബത്തേരി ടൗണ്‍ സ്‌ക്വയര്‍ നിര്‍മിതിക്ക് 2കോടിരൂപയുടെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. മാവിലാംതോട് പ്രൊജക്ട്, പഴശ്ശിടൂറിസ്റ്റ് റിസോര്‍ട്ട്, കര്‍ളാട് തടാകം വികസനം, മണിച്ചിറ പാര്‍ക്ക് എന്നിവയെല്ലാം അധികൃതരുടെ അവഗണനകൊണ്ട് മന്ദഗതിയിലാണ്. ഉത്തരവാദിത്ത ടൂറിസം മേഖലയും വേണ്ടത്ര ശ്രദ്ധലഭിക്കാതെ മങ്ങലേറ്റു. ശാസ്ത്രീയ പഠനങ്ങളും മികവുറ്റ പദ്ധതികളുമാണ് വയനാടിന് അനിവാര്യം.
16 Feb 2012 Mathrubhumi Wayanad News

ഹില്‍ വ്യൂ പാര്‍ക്ക് ഒരുങ്ങുന്നു, കാഴ്ചകള്‍ നിറച്ച്

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് കാഴ്ചയുടെ വിസ്മയത്തിന് അധികചന്തം ചമച്ച് ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ഉദ്യാനവും ഒരുങ്ങുന്നു. വെള്ളാപ്പാറ ഗവ.ഗസ്റ്റ് ഹൗസിനു സമീപം മലമുകളിലാണ് പഴയ ഹില്‍വ്യൂ പാര്‍ക്ക് നവീകരണത്തിലൂടെ കൂടുതല്‍ സുന്ദരിയായി മാറിയിട്ടുള്ളത്. ചെറുതോണി-കട്ടപ്പന റോഡില്‍ ഇടുക്കി ആര്‍ച്ച് ഡാമിനു താഴെയാണ് പുതിയ ഉദ്യാന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.

4.39 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിയാണ് ഇപ്പോള്‍ അന്തിമ മിനുക്കുപണികളിലേക്ക് കടന്നിട്ടുള്ളത്. കേന്ദ്രടൂറിസം വകുപ്പാണ് മുഴുവന്‍ തുകയും മുടക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സി.യുമാണ് നടത്തിപ്പുകാര്‍. ഹില്‍വ്യൂ പാര്‍ക്ക് ഏവരെയും ആകര്‍ഷിക്കും വിധം പുതുമോടി നേടിക്കഴിഞ്ഞു. കവാടത്തില്‍ ടിക്കറ്റ് കൗണ്ടറും സുരക്ഷാ ജീവനക്കാരുടെ ക്യാബിന്‍ മുതല്‍ മലമുകളില്‍ ഏറ്റവും ഉയരമുള്ള പവിലിയന്‍ വരെ ഹൃദ്യമായ പുതുമോടി നേടിക്കഴിഞ്ഞു.

ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, ഇടുക്കി ജലാശയത്തിന്റെ ഗാംഭീര്യവും വിസ്തൃതിയും നീലയുടുപ്പണിഞ്ഞ മലനിരകളുടെ സൗന്ദര്യം എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കും. ഇടുക്കി തടാകക്കരയിലെ മലമുകളില്‍ പ്രത്യേകം തയ്യാറാക്കിയ വ്യൂപോയിന്റുകളും പര്‍ഗോളയും ലഘുഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പഴയ കുട്ടികളുടെ പാര്‍ക്കിനെ ഒരു സമ്പൂര്‍ണ്ണ ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു.

ഇടുക്കി ഡാം നിര്‍മ്മാണകാലത്ത് പാറപൊട്ടിച്ചു മാറ്റിയിടത്തുള്ള കൃത്രിമ തടാകത്തില്‍ ബോട്ടിങ്ങിനും സൗകര്യം ഉണ്ട്. നേരത്തേ ഉപയോഗിച്ചിരുന്ന രണ്ട് പെഡല്‍ ബോട്ടുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉടന്‍ ഉപയോഗയോഗ്യമാക്കും. പുതിയ രണ്ട് ബോട്ടുകള്‍ കൂടി എത്തിക്കാനും പദ്ധതിയുണ്ട്. ബോട്ടിലിരുന്നും കരയ്ക്കുനിന്നും ഈ കൃത്രിമ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും വൈകാതെ സൗകര്യമൊരുങ്ങും.

ഔഷധസസ്യത്തോട്ടം, അലങ്കാരച്ചെടികള്‍, കല്ലുപാകിയ വഴിത്താരകള്‍ എന്നിവ കൂടി സജ്ജമാക്കുന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാവും. അതിനും കേന്ദ്രഫണ്ട് കിട്ടുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ലൈറ്റുകള്‍ ഘടിപ്പിക്കുകയും പച്ചപ്പുല്ല് വെച്ചുപിടിപ്പിക്കുകയും (ലാന്‍ഡ് സ്‌കേപ്പിങ്) ചെയ്യുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനു സമീപത്തു നിന്നുള്ള റോഡ് ഗതാഗതയോഗ്യമാക്കുകയാണ് ഇനി വേണ്ടത്. അതിന് ടെന്‍ഡര്‍ നടപടി ഉടനുണ്ടാകും. തൊടുപുഴ-പുളിയന്‍ മല സംസ്ഥാന പാതയില്‍ പാര്‍ക്കിലേക്കുള്ള ദൂരവും വഴിയും സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍കൂടി സ്ഥാപിച്ചാല്‍ സഞ്ചാരികള്‍ ഏറെയെത്തും.

ഇതിനോടടുത്ത് സംസ്ഥാന പാതയ്ക്കരികില്‍ തന്നെയാണ് ഇടുക്കി ഉദ്യാന പദ്ധതി പൂര്‍ത്തിയായി വരുന്നത്. അവിടെയും വിശ്രമ കേന്ദ്രങ്ങളുടെയും കോഫി ഷോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ലൈറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവ ആദ്യഘട്ടം പണിയില്‍ ബാക്കിയാണ്. രണ്ടാം ഘട്ടമായി റോക്ക് ഗാര്‍ഡന്‍, നടപ്പാത, പവിലിയന്‍ എന്നിവയുടെ നിര്‍മ്മാണം പിന്നാലെയുണ്ടാകും. ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ഉദ്യാനവും പൂര്‍ണ്ണ സജ്ജമാകുന്നതോടെ വിനോദസഞ്ചാര ഭൂപടത്തില്‍ ജില്ലാ ആസ്ഥാനത്തിന് പ്രത്യേക ഇടം ലഭിക്കും.
16 Feb 2012 Mathrubhumi Idukki News

ചാലിയാര്‍, കടലുണ്ടി പുഴകളില്‍ ചെമ്മീന്‍കൃഷി

റോക്ക് ചാലിയാര്‍, കടലുണ്ടി പുഴകളിലെ കണ്ടല്‍വന മേഖലയില്‍ ഓരുജല കാരചെമ്മീന്‍ വളര്‍ത്തുപദ്ധതിക്ക് തുടക്കമായി. കണ്ടല്‍വനങ്ങളും അതോടനുബന്ധിച്ച ആവാസമേഖലയിലും തനത് മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ്-വനം വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്കുന്നത്. കണ്ടല്‍വന സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പിന്റെ സാമൂഹികവനവത്കരണവിഭാഗം നടപ്പാക്കുന്ന മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സ്യഫെഡിന്റെ കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ചെമ്മീന്‍ ഹാച്ചറിയില്‍ പ്രത്യേകം തയ്യാറാക്കിയ ചെമ്മീന്‍ വിത്തുകളാണ് പുഴകളില്‍ നിക്ഷേപിച്ചത്. അമ്പതിനായിരം വീതം ചെമ്മീന്‍വിത്തുകളാണ് ബുധനാഴ്ച ഇരു പുഴകളിലും ഒഴുക്കിയിട്ടുള്ളത്.
16 Feb 2012 Mathrubhumi Kozhikkod News

Wednesday, February 15, 2012

മാവൂര്‍ നീര്‍ത്തടം സംരക്ഷിക്കപ്പെടേണ്ടത്

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റിന്റെ പഠനത്തില്‍ വടക്കന്‍ കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ട നീര്‍ത്തട പ്രദേശങ്ങളില്‍ ഒന്നാണ് മാവൂര്‍ പഞ്ചായത്തിലേത്. നീര്‍ത്തടങ്ങള്‍ നികത്തുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് സിഡബ്ള്യുഐ മുന്നറിയിപ്പ് നല്‍കുന്നു. ഉദ്യോഗസ്ഥതലത്തിലെ ശ്രമത്തിലൂടെ നികത്തല്‍ ഉടനടി തടയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ജൈവവൈവിധ്യത്തിന്റെ കലവറയെന്നാണ് ഈ നീര്‍ത്തടങ്ങളെ സിഡബ്ള്യുഐയുടെ പഠന റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ലോകനീര്‍ത്തട സംരക്ഷണ ദിനത്തോടനുബന്ധിച്ചായിരുന്നു സിഡബ്ള്യുഐയുടെ പഠനം. വടക്കന്‍ കേരളത്തിലെ നീര്‍ത്തട പ്രദേശങ്ങളും അവയുടെ പ്രാധാന്യവും ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ മാവൂരിലെ നീര്‍ത്തട പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തുന്നതിലുള്ള ആശങ്ക സിഡബ്ള്യുഐ പങ്കുവെയ്ക്കുന്നു.

അപൂര്‍വ്വയിനം ദേശാടക്കിളികളുടെ സാന്നിധ്യം, വൈവിധ്യമാര്‍ന്ന മല്‍സ്യസമ്പത്ത് വിവിധയിനം ജലസസ്യങ്ങളും അനുബന്ധ സൂക്ഷ്മ ജീവികളും മാവൂരിലെ നീര്‍ത്തടങ്ങളുടെ സവിശേഷ സ്വഭാവമാണ്. നീര്‍ത്തടങ്ങള്‍ നശിപ്പിക്കപ്പെടുന്നത് കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിലവിലെ നീര്‍ത്തട വയല്‍ നികത്തല്‍ നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കപ്പെടണം. പഞ്ചായത്ത് ഭരണാധികാരികള്‍ മുതല്‍ കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിലൂടെയും നിരന്തര ബോധവല്‍ക്കരണത്തിലൂടേയും ഇത് സാധ്യമാക്കാമെന്നാണ് സിഡബ്ള്യുഐ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. അതിന് പൂര്‍ണ പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Manoramaonline >> Environment >> News

കിണറ്റില്‍വീണ കലമാനെ പുറത്തെടുത്തു; കാട്ടില്‍ വിട്ടെങ്കിലും ചത്തു

അതിരപ്പിള്ളി: പതിനെട്ട് അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ കലമാനെ കരയ്ക്ക് കയറ്റി കാട്ടില്‍വിട്ടെങ്കിലും കുറച്ചു സമയത്തിനുള്ളില്‍ മാന്‍ ചത്തു. വെറ്റിലപ്പാറ ചിക്ലായി പാലാട്ടി ചെറിയാച്ചന്റെ വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത കിണറ്റിലാണ് മാന്‍ വീണത്.
ചൊവ്വാഴ്ച രാവിലെ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് വലിയ മാന്‍ വീണുകിടക്കുന്നത് കണ്ടത്.
ഉടന്‍തന്നെ വനപാലകരെ വിവരമറിയിച്ചു. പരിയാരം റെയ്ഞ്ച് ഓഫീസര്‍ കെ.ടി. പയസ്സിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
വനപാലകരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് മാനിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. ഏകദേശം നാല് വയസ്സിലേറെ പ്രായമുള്ള ആണ്‍ കലമാനാണ്.
വീഴ്ചയുടെ ആഘാതത്തില്‍ കാലുകള്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സ നല്കിയശേഷം മാനിനെ കാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും കുറച്ചുനടന്നശേഷം വീഴ്ചയിലായ മാന്‍ ചാവുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ജഡം സംസ്‌കരിച്ചു.

15 Feb 2012 Mathrubhumi Thrissur News  

Tuesday, February 14, 2012

കരിമീന്‍ സംരക്ഷണ പദ്ധതി കേന്ദ്രം തള്ളി

കോട്ടയം: സംസ്ഥാന മത്സ്യമായ കരിമീനിന്റെ ജിനോം സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രം അംഗീകരിച്ചില്ല. കുട്ടനാട് പാക്കേജില്‍പ്പെടുത്തി കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ജിനോം (ജനിതക വിത്ത്) സംരക്ഷിക്കാനുള്ള പദ്ധതിയാണ് തള്ളിയത്.

ജീനോം സംരക്ഷിക്കുന്നതിനോടൊപ്പം ഹാച്ചറികളും മറ്റു നിരീക്ഷണസങ്കേതങ്ങളുമൊരുക്കി കരിമീനുകള്‍ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ സുഗമമാക്കാനായിരുന്നു പദ്ധതി.

നാടന്‍ കരിമീനിന്റെ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് കേന്ദ്രം അവഗണിച്ചത്. കൃത്രിമ പ്രജനനം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വേമ്പനാട്ടുകായലിലെ കരിമീന്‍ ഉത്പാദനം കൂട്ടാമെന്ന കണക്കുകൂട്ടല്‍ ഇതോടെ ഫലം കണ്ടില്ല.സംസ്ഥാന ഫിഷറീസ് വകുപ്പാണ് കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി കരിമീന്‍ സംരക്ഷണത്തിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്.

കുട്ടനാടിന്റെ തനതു ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രോജക്ട് ഉള്‍പ്പെടുത്തിയിരുന്നത്.50ലക്ഷം രൂപയുടെ പ്രോജക്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തുക അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ജിനോം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഫിഷറീസ് വകുപ്പാണ് സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്ന അറിയിപ്പോടെയാണ് ഫണ്ട് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചത്.

വേമ്പനാട്ടുകായലിലെ കരീമീന്‍ലഭ്യത ഗണ്യമായി കുറയുന്നതായി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫിഷറീസിന്റെ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നുള്ള ഈ തിരിച്ചടിയും.
14 Feb 2012 Mathrubhumi Kottayam News

നിറഭേദങ്ങളുടെ പൂരക്കാഴ്ചയൊരുക്കി പുഷേ്‌പാത്സവം

കല്പറ്റ: നിറഭേദങ്ങളുടെ പൂരക്കാഴ്ചയൊരുക്കിയ വയനാട് പുഷേ്പാത്സവനഗരിയില്‍ ജനത്തിരക്കേറി. റോസ്, ഡാലിയ, ജമന്തി, ബോണ്‍സായ്, ബോഗന്‍വില്ല, ചെണ്ടുമല്ലി, മെലസ്റ്റോമ തുടങ്ങിയ പൂക്കള്‍ മുതല്‍ ഫലവൃക്ഷങ്ങള്‍, പച്ചക്കറിത്തൈകള്‍, വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയവ കാഴ്ചക്കാരെ വിരുന്നൂട്ടുന്നു.

വയനാട് പുഷേ്പാത്സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് അഞ്ചേക്കറില്‍ മേള സംഘടിപ്പിക്കുന്നത്. 64 കിലോ തൂക്കമുള്ള ആറുമുഖന്‍ ചേന, 60 കിലോ തൂക്കമുള്ളതും ആനയുടെ കാല്പാദത്തിന്റെ ആകൃതിയിലുള്ളതുമായ ഭീമന്‍ ചേന, കാച്ചില്‍, വിവിധനിറങ്ങളിലും രൂപങ്ങളിലുമുള്ള പഴങ്ങള്‍, പൂക്കള്‍, ഫലം കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങള്‍, കുലച്ചുനില്ക്കുന്ന ഫലവൃക്ഷങ്ങള്‍, പൂച്ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും പച്ചക്കറിച്ചെടികളുടെയും ഇവയുടെ വിത്തുകളുടെയും സമ്പന്നശേഖരം, പൂച്ചെടികള്‍ കൊണ്ട് തീര്‍ത്ത ഇന്ത്യയുടെ ഭൂപടം എന്നിവ പുഷ്പമേളയെ ആകര്‍ഷകമാക്കുന്നു.

പച്ചപ്പ് മാഞ്ഞുപോകുന്ന പ്രകൃതിയുടെ വേറിട്ട കാഴ്ചയൊരുക്കി, പുഷ്പനഗരിയില്‍ പുനഃസൃഷ്ടിച്ച ലക്കിടിയിലെ ചങ്ങലമരം വയനാടന്‍ സംസ്‌കൃതിയിലേക്ക് വഴി വെട്ടിത്തെളിച്ച കരിന്തണ്ടനെ ഓര്‍മപ്പെടുത്തുന്നു. വയനാടിന്റെ നേര്‍ക്കാഴ്ചയായ ജലം കെട്ടി നില്ക്കുന്ന കൃഷ്ണശില, കായല്‍പ്പരപ്പില്‍ ഓളമിടുന്ന പായക്കപ്പല്‍, കടവില്‍ തൂക്കിയിരിക്കുന്ന റാന്തല്‍ എന്നിവ ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകളാണ്.

വസ്ത്രങ്ങള്‍, സ്വദേശീയവും വിദേശീയവുമായ കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഫാന്റസി പാര്‍ക്ക്, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രുചിഭേദങ്ങള്‍ വിളമ്പുന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവയൊക്കെ കഴിഞ്ഞ മേളകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. എത്ര ജനത്തിരക്കുണ്ടെങ്കിലും സുഗമമമായി മേള വീക്ഷിക്കാന്‍ കഴിയുന്ന വിശാലമായ വഴിത്താരകള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

പുഷ്പനഗരിയില്‍ വ്യാഴാഴ്ച വൈകിട്ട് വയനാടന്‍ നാടന്‍ പാട്ടുസംഘത്തിന്റെ 'നന്തുണി' നാടന്‍ പാട്ടുത്സവവും തെയ്യവും അരങ്ങേറും.
14 Feb 2012 Mathrubhumi Wayanad News

Monday, February 13, 2012

കാടിന്റെ കുളിര്‍മയില്‍ നാഗര്‍ഹോള

കുട്ട (കര്‍ണാടക):കുളിര്‍മയുടെ ഹരിതവനക്കാഴ്ചകളുമായി നാഗര്‍ഹോള രാജീവ്ഗാന്ധി ദേശീയ ഉദ്യാനം സഞ്ചാരികളുടെ മനം കവരുന്നു. ഇലപൊഴിക്കാത്ത വനങ്ങളും പുല്‍മേടുകളുടെ പച്ചപ്പുമായി വേനല്‍ക്കാല വൈല്‍ഡ് ലൈഫ് ടൂറിസത്തിന് കരുത്തു പകരുകയാണ് ഈ ദേശീയ പാര്‍ക്ക്. 247 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കബനിക്കരയില്‍ നാഗര്‍ഹോള വ്യാപിച്ചുകിടക്കുന്നത്. കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ 280 ഇനം വന്യജീവികളുടെ സാങ്കേതമാണ് ഈ ഹരിതവനം.

കന്നഡയില്‍ പാമ്പിന്റെ വഴി എന്നര്‍ത്ഥം വരുന്ന നാഗര്‍ഹോളെ എന്നാണ് 1955 മുതല്‍ ഈ ഉദ്യാനം അറിയപ്പെട്ടിരുന്നത്. 1975 ല്‍ സമീപവന പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉദ്യാനം വിസ്തൃതികൂട്ടി. മൈസൂര്‍ മഹാരാജക്കന്മാരുടെ വേട്ടവനമായിരുന്നു മുമ്പു കാലത്ത്. കടുവസങ്കേത കേന്ദ്രമായി അനുദിനം വളരുന്ന ഈ കേന്ദ്രത്തില്‍ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കാട്ടുമൃഗങ്ങളെ തേടിയുള്ള കാനന സവാരിക്ക് കര്‍ണാടക വനംവകുപ്പ് പ്രത്യേക വാഹനസൗകര്യം ഇവിയെയൊരുക്കിയിട്ടുണ്ട്.കാട്ടുവഴിയിലൂടെ മെല്ലെപ്പോകുന്ന ചില്ലുപേടകത്തില്‍ നിന്ന് അതിവിദൂരത്തല്ലാതെ വന്യമൃഗങ്ങളെ കാണാം. മറ്റു വന്യസങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി കാട്ടുചോലകള്‍ക്കിടയില്‍ സഞ്ചാരികളോട് സൗഹൃദം പങ്കിടുന്ന മാന്‍കൂട്ടങ്ങള്‍ പതിവു കാഴ്ചയാണ്. സ്വകാര്യ വാഹനങ്ങള്‍ക്കൊന്നും കാടിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. നാഗര്‍ഹോളയുടെ പ്രവേശന കവാടത്തില്‍ ഒരു പെട്ടിക്കടയ്ക്കു പോലും വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദത്തിന്റെ ഉത്തമ മാതൃക കൂടിയാണിത്.

മാര്‍ച്ച് മുതല്‍ മെയ് വരെ 33 സെന്റിഗ്രേഡ് വരെ മാത്രമാണ് ഈ കാടിനുള്ളിലെ താപനില ഉയരുക. കബനി ജലസംഭരണിയില്‍ നിന്ന് കൈവഴികളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് കാടിനെ സമ്പുഷ്ടമാക്കുന്നത്. പ്രതിവര്‍ഷം 1440 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തുവീഴുന്നത്. 64,300 ഹെക്ടര്‍ സ്ഥലത്തായി പരിപാലിക്കപ്പെടുന്ന ഈ ഉദ്യാനം യുനെസ്‌കോ പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

മൂന്നൂറ് കടുവകളെ സംരക്ഷിക്കുന്ന മധ്യപ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് 290 കടുവകളുള്ള കര്‍ണാടക വനം. നാഗര്‍ഹോളയിലാണ് ഇതിന്റെ ഭൂരിഭാഗവും താവളമാക്കിയിട്ടുള്ളത്. മടിക്കേരിയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ നാഗര്‍ഹോളയിലെത്താം. പ്രവേശന കവാടത്തിന് മൂന്ന് കിലോമീറ്റര്‍ അകലത്തായുള്ള ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ചെയ്തു വേണം ഇവിടെയെത്താന്‍. ഇരുചക്ര വാഹനങ്ങളൊന്നും നാഗര്‍ഹോളയിലേക്ക് കടത്തിവിടില്ല. മൈസൂരില്‍ നിന്ന് 96 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 50 കിലോമീറ്ററും ദൂരമുണ്ട്.

വനം വകുപ്പ് യാത്രിക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക ഫോറസ്റ്റ് ഡിവിഷന്റെ വെബ്‌സൈറ്റു വഴി ബുക്കിങ് നടത്താം. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കല്പറ്റ- മാനന്തവാടി- തോല്‍പ്പെട്ടി- കുട്ട വഴിയുള്ള സഞ്ചാര വഴിയാണ് അഭികാമ്യം. വൈകിട്ട് ആറു മണിക്ക് വന്യജീവി സങ്കേതം അടയ്ക്കുന്നതിനാല്‍ രാവിലെയും ഈ കേന്ദ്രം സഞ്ചാരികളുടെ തിരക്കിലാണ്.

ജംഗിള്‍ സഫാരിയുള്‍പ്പെടെയുള്ള പാക്കേജുകള്‍ ഉള്‍പ്പെടുത്തി അതിഥികളെ കാത്തിരിക്കുന്നു. ഇവിടത്തെ റിസോര്‍ട്ടുകള്‍ കുടക് താഴ്‌വരയോട് സ്പര്‍ശിക്കുന്ന വന്യജീവി വിനോദകേന്ദ്രം അവിസ്മരണീയ യാത്രാനുഭവമാണ് നല്‍കുന്നത്.
13 Feb 2012 Mathrubhumi Wayanad News

വിസ്മയക്കാഴ്ചകളുമായി വര്‍ണമത്സ്യ പ്രദര്‍ശനം

കൊച്ചി: വര്‍ണ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ മായക്കാഴ്ചകളില്‍ ഒരു നിമിഷം സ്വയം മറക്കും ഇവിടെ. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഇന്ത്യ അന്താരാഷ്ട്ര അക്വാ ഷോയിലാണ് ഈ വിസ്മയക്കാഴ്ചകള്‍. കേരളത്തിലെ ചെറിയ മത്സ്യങ്ങള്‍ മുതല്‍ ചൈനയില്‍ നിന്നെത്തിയ വമ്പന്മാര്‍ വരെ അക്വാ ഷോയിലുണ്ട്. മൂന്ന് ലക്ഷം രൂപ വിലയുള്ള 'അരോവന'യാണ് ഇത്തവണത്തെ താരം. ചൈനയില്‍നിന്നാണ് ഈ വിഐപിയുടെ വരവ്. ഇത്തരം മത്സ്യങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ഭാഗ്യമാണെന്നൊരു വിശ്വാസമുണ്ട്. ചൈനയുടെ ഫെങ്ങ്ഷൂയി വിശ്വാസ പ്രകാരം വീട്ടില്‍ എത്തുന്ന അതിഥി നല്ലവരാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ഈ മത്സ്യത്തിന്റെ ചലനങ്ങള്‍ കൊണ്ട് സാധിക്കുമത്രേ. ഒന്നര അടി വലിപ്പമുണ്ട്. മലേഷ്യ, ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ ഈ മത്സ്യം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മറ്റു മത്സ്യങ്ങളാണ് അവയുടെ ആഹാരം. റെഡ് അരോവനിനാണ് വില കൂടുതല്‍.

ആഫ്രിക്കയില്‍ നിന്നുള്ള ഫ്‌ളവര്‍ ഹോണും ഒട്ടും മോശമല്ല. 25,000 മുതല്‍ മുകളിലോട്ടാണ് വില. ആമസോണില്‍ നിന്നെത്തിയ എയ്ഞ്ചല്‍ മത്സ്യം വെള്ളത്തിലൂടെ ഊളിയിട്ടപ്പോള്‍ മാലാഖയെ ഓര്‍മിപ്പിച്ചു. വിവിധ തരത്തിലുള്ള എയ്ഞ്ചല്‍ മത്സ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. മത്സ്യ ഫെഡ് സ്റ്റാളില്‍ എത്തിയിരിക്കുന്ന ഖുറാന്‍ എയ്ഞ്ചല്‍ മത്സ്യങ്ങളും പവിഴപ്പുറ്റുകള്‍ക്കിടയില്‍ വസിക്കുന്നവയാണ്. വാലില്‍ അറബിക് പദങ്ങള്‍ കൊത്തിയിട്ടുള്ളതുപോലെ തോന്നുന്നതിനാലാണ് ഇതിന് ഖുറാന്‍ എയ്ഞ്ചല്‍ എന്ന പേര് വീണത്. ഡെനി ഡോണിയ ചാലക്കുടി പുഴയില്‍ കാണുന്ന മത്സ്യങ്ങളാണ്. ഇവയ്ക്ക് കയറ്റുമതി രംഗത്ത് വളരെയധികം സാധ്യതകളുണ്ട്. മത്സ്യങ്ങളിലും ഓസ്‌കാര്‍ താരങ്ങളുണ്ട്.ജപ്പാന്റെ തനതു മത്സ്യമാണ് കോയി കോര്‍പ്പ്. ആഡംബര മത്സ്യ വിഭാഗത്തില്‍പെടുന്ന ഇവയ്ക്ക് ഓറഞ്ച് നിറമാണ്.

സിംഗപ്പൂരില്‍ നിന്നുള്ള പാരറ്റ് മത്സ്യം അക്വാ ഷോയുടെ വ്യത്യസ്ത ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളില്‍ ഇവയെ കാണാം.ക്ലോണ്‍ മത്സ്യങ്ങള്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കാണപ്പെടുന്നവയാണ്. 13 വ്യത്യസ്ത ഇനം ക്ലോണ്‍ മത്സ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. വലിപ്പത്തിനും നിറത്തിനും അനുസരിച്ചാണ് വില.

ലക്ഷദ്വീപില്‍ നിന്നുള്ള ലൈന്‍ മത്സ്യങ്ങളും ആമസോണ്‍ നദിയില്‍ കാണുന്ന ഭക്ഷ്യയോഗ്യമായ പിരാനയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്. ഗോള്‍ഡ് ഫിഷുകളും വിപണനത്തിന് എത്തിയിട്ടുണ്ട്.കേരളത്തിന്റെ മത്സ്യ ഇനങ്ങളായ വിവിധയിനം പരല്‍, ഗപ്പി, പഫര്‍ എന്നിവ അലങ്കാര മത്സ്യമായി അക്വേറിയങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്നു. അലങ്കാര മത്സ്യങ്ങള്‍ കൂടാതെ പേര്‍ഷ്യന്‍ പൂച്ചകളും വില്‍പ്പനയ്ക്കുണ്ട്. പുതിയ രീതിയിലുള്ള അക്വേറിയങ്ങളും പ്രദര്‍ശനത്തിലുണ്ട്. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് സൊസൈറ്റി കേന്ദ്ര കൃഷി മന്ത്രാലയം, കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ വികസന കോര്‍പ്പറേഷന്‍, നാഷണല്‍ ഫിഷറീസ് ഡവലപ്പമെന്റ് ബോര്‍ഡ്, കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യ അന്താരാഷ്ട്ര അക്വാ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 92 ഓളം സ്റ്റാളുകളുണ്ട്. 72 എണ്ണം പൂര്‍ണമായും വര്‍ണമത്സ്യങ്ങളുടേതാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മത്സ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യു.എസ്.എ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യങ്ങളും എത്തിയിട്ടുണ്ട്.
13 Feb 2012 Mathrubhumi Eranamkulam News

Sunday, February 12, 2012

കടുവകളെ സംരക്ഷിക്കാന്‍ ഒരു പൂച്ചക്കണ്ണുകാരന്‍

വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കടുവകളെ സംരക്ഷിക്കാന്‍ ഹോളിവുഡിന്റെ 'പൂച്ചക്കണ്ണുകാരന്‍ വരുന്നു. ഇന്ത്യന്‍ കടുവകളുടെ പ്രധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള അവബോധം ലോകമെങ്ങും എത്തിക്കാനാണ് ലിയനാര്‍ഡോ ഡി കാപ്രിയോ എത്തുന്നത്. ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിലൂടെ താരപദവിയിലെത്തിയ ലിയനാര്‍ഡോ ഡി കാപ്രിയോ ഇന്ത്യന്‍ കടുവകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന വാര്‍ത്ത പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവാ സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും അവര്‍ പറയുന്നു. നിലവില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ (WWF) അംബാസിഡറായി പ്രവര്‍ത്തിക്കുകയാണു കാപ്രിയോ.

രണ്ടു വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണു കടുവാ സംരക്ഷണ പദ്ധതികള്‍ രാജ്യത്ത് ഉൌര്‍ജ്ജിതമാക്കിയത്. കടുവാ വേട്ടക്കാരുടെ തോക്കിന്‍ കുഴലില്‍ നിന്നും പരമ്പരാഗത ആചാരക്കാരുടെ കുന്തമുനകളില്‍ നിന്നും കടുവകളെ സംരക്ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ തയാറാക്കിയെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല. 2009ല്‍ 32 കടുവകളും 2010 ആരംഭത്തില്‍ തന്നെ മുന്നു കടുവകളും തോലിനായി വേട്ടക്കാര്‍ കൊലപ്പെടുത്തിയതായാണ് ഇന്ത്യന്‍ വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ കണക്കുകള്‍.

അടുത്തയിടെ ന്യൂയോര്‍ക്കില്‍ നടന്ന മഴക്കാടുകളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (Coalition for Rainforest Nations) വച്ചു പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ഡി കാപ്രിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണു ഇന്ത്യന്‍ കടുവകളെ സംരക്ഷിക്കാനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ കാപ്രിയോ തീരുമാനിച്ചത്. കാപ്രിയോ പദ്ധതിയുടെ ഭാഗമാകുന്നതു കടുവാ സംരക്ഷണത്തില്‍ നിര്‍ണായക നേട്ടമാണെന്നു പരിസ്ഥിതി മന്ത്രാലയം കരുതുന്നു. കടുവാ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാപ്രിയോ അടുത്തയിടെ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ലോകവ്യാപകമായി 3200 കടുവകള്‍ മാത്രമാണു ശേഷിക്കുന്നതെന്നാണു കണക്കുകള്‍. ഇന്ത്യന്‍ കടുവകളുടെ എണ്ണം 1400 മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

ഒരു പ്രമുഖ ചാനലിന്റെ 'സേവ് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പ് ബോളിവുഡിലെ താരരാജാവ് അമിതാഭ് ബച്ചനും പ്രമുഖ മൊബൈല്‍ കമ്പനിയുടെ 'സേവ് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും കടുവാ സംരക്ഷണ പദ്ധതിയുടെ പ്രചാരകനായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത അവബോധം ഹോളിവുഡ് താരത്തിനു സൃഷ്ടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു പരിസ്ഥിതി മന്ത്രാലയം.
നിഷാദ് കുര്യന്‍ Manoramaonline >> Environment >> Green Heroes
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക