.

.

Wednesday, February 13, 2013

പക്ഷിവീടുകള്‍ പറയുന്നത്‌

പക്ഷികളെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. സലിം അലി, ഇന്ദുചൂഡന്‍ എന്നിവരെപ്പോലുള്ളവര്‍ അപൂര്‍വമായി പക്ഷിനിരീക്ഷണം നടത്തിയിട്ടുണ്ട്. പക്ഷേ, അതിയടം സ്വദേശി പി.വി.പദ്മനാഭന്റെ അന്വേഷണം പക്ഷികളിലല്ല, മറിച്ച് പക്ഷിക്കൂടുകളിലേക്കാണ്.
നമ്മെ വിസ്മയിപ്പിക്കുന്ന പക്ഷിലോകത്തെ ആശാരിമാരുടെയും പെരിതേരിമാരുടെയും ആര്‍ക്കിടെക്ടുമാരുടെയും വീട് (കൂട്) നിര്‍മാണ രീതികളെക്കുറിച്ചുള്ള കഥകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ കൂടുനിര്‍മാണത്തിനും പിന്നിലെ ചന്തവും ചിത്തവും ചാരുതയും ആരെയും വിസ്മയിപ്പിക്കും. അത് നിരീക്ഷിച്ച് കണ്ടെത്തുന്നതിലെ കഷ്ടപ്പാടുകള്‍ തനിക്ക് തന്നത് വല്ലാത്ത നിര്‍വൃതിയാണെന്ന് പദ്മനാഭന്‍മാഷ് പറയുന്നു. അപൂര്‍വമായ കാലിയോളജി (പക്ഷിക്കൂട് പഠനം) എന്ന വിഷയത്തില്‍ ഗവേഷണം നടത്തി പുസ്തകം രചിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പദ്മനാഭന്‍.

തെങ്ങോലത്തുമ്പത്ത് ഏതുകാറ്റിലും മഴയിലും തകര്‍ന്നുവീഴാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും പേറിക്കൊണ്ട് ഊഞ്ഞാലാടൂന്ന തൂക്കണാംകുരുവികളുടെ കൂടുകള്‍ കാണാത്തവര്‍ വിരളം. മിനുമിനുസമുള്ള തെങ്ങോലത്തുമ്പത്ത് എങ്ങനെയാണ് ഈ കൂടുകള്‍ പിടിപ്പിക്കുന്നതെന്ന് നമുക്ക് സംശയം തോന്നിയേക്കാം. കൂടിന്റെ മുകള്‍ഭാഗം കെട്ടിവെക്കാനുദ്ദേശിക്കുന്ന ഓലത്തുമ്പത്ത് ആദ്യമായി കൊക്കുകൊണ്ടുവരയും. ഈ വരയിലാണ് ഓലനാരുകള്‍ ചുറ്റി കൂടിന്റെ മുകള്‍ഭാഗത്തെ കണ്ണി ഉറപ്പിച്ചുനിര്‍ത്തുന്നത്. ഏത് കടുത്ത കാറ്റിലും കെട്ട് ഊരിവീഴുകയില്ല.

തൂക്കണാംകുരുവിയുടെ കൂടുനിര്‍മാണത്തില്‍ കൗതുകങ്ങളേറെയാണ്. ആണ്‍പക്ഷിയാണ് കൂടുണ്ടാക്കുക. ഏകദേശം ഒന്നരമാസം കൊണ്ട് അതിമനോഹരമായ കൂട് ആണ്‍പക്ഷി നിര്‍മിക്കും. വീട് പൂര്‍ത്തിയായ ഉടന്‍ അവന്‍ പെണ്‍കിളിയെ ആകര്‍ഷിച്ച് കൊണ്ടുവരും. തന്റെ കൂട് ഇഷ്ടപ്പെട്ടെങ്കില്‍ കൂടെക്കൂട്ടി താമസിപ്പിക്കലാണ് ലക്ഷ്യം. പെണ്‍പക്ഷി ആദ്യമായി വന്ന് കൂടിനുചുറ്റും പറന്നശേഷം കൂട്ടിനകത്ത് കയറി പരിശോധിക്കും. കൂട് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളിയെ പിടിച്ചു എന്നര്‍ഥം. പിന്നെ അവള്‍ സന്തോഷത്തോടെ കൂടെ പൊറുക്കും. പക്ഷേ, ഇവര്‍ക്കിടയില്‍ ബഹുഭാര്യത്വമുണ്ടെന്നാണ് പദ്മനാഭന്റെ കണ്ടുപിടിത്തം. ഒരു കൂട് പൂര്‍ത്തിയായാല്‍ അടുത്ത കൂടും ആണ്‍പക്ഷി നിര്‍മിക്കും. അവിടെയും കാമുകിമാരെ കൊണ്ടുവന്ന് ഭാര്യയാക്കും. അങ്ങനെ നാലും അഞ്ചും വീടുകള്‍..... അത്രയും ഭാര്യമാര്‍......

ഇത്രയധികം വീടുകള്‍ ഇത്ര മനോഹരമായി വളരെ സൂക്ഷ്മമായി ഓലനാരുകളും നെല്‍ച്ചെടിനാരുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന തൂക്കണാംകുരുവിയുടെ കരവിരുതും ക്ഷമയും അധ്വാനവും അപാരമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഒറ്റമരത്തില്‍ നൂറുകണക്കിന് കൂടുകള്‍ നിര്‍മിച്ച് സമൂഹജീവിതം നയിക്കുന്ന തൂക്കണാംകുരുവിസംഘത്തെ കാണാം. ഒരിക്കല്‍ നിര്‍മിച്ച കൂടുകള്‍ അവ ഒരിക്കലും പിന്നിട് ഉപയോഗിക്കില്ല. അടുത്ത സീസണില്‍ പുതിയ കൂടുകള്‍ നിര്‍മിക്കും. തൂക്കണാംകുരുവിക്കൂടുകള്‍ തേടിയിറങ്ങിയ പദ്മനാഭന്‍ മാസ്റ്റര്‍ക്ക് അപൂര്‍വമായി ചില കൂടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അകത്ത് നാലറയുള്ള കുരുവിക്കൂടാണ് അവയിലൊന്ന്. മൂന്നറയുള്ള കുരുവിക്കൂട് ഒഡിഷയിലെ ഭുവനേശ്വറിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നാലറയുള്ളത് മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
കുരുവികളില്‍ ആയിരത്തിലൊന്നോ മറ്റോ കൂടുകളില്‍ അപൂര്‍വവൈവിധ്യം വരുത്താന്‍ കഴിവുള്ളവരാണ്. 'മാസ്റ്റര്‍ബേഡ്' എന്ന് അതിനെ വിളിക്കാം. അവയാണ് മൂന്നും നാലും അറയുള്ള സ്മാര്‍ട്ട്‌നെസ്റ്റുകള്‍ നിര്‍മിക്കുന്നത്. കൊക്കും കാലും ഉപയോഗിച്ച് ആകാശത്ത് ബാലന്‍സ് ചെയ്താണ് കുരുവികള്‍ ക്ഷമയോടെ കൂട് നിര്‍മിക്കുന്നത്. ആയിരക്കണക്കിന് തവണ നാരുകള്‍ തേടി അവ പറക്കും. വളരെ ശ്രദ്ധയോടെയാണ് പച്ചോലയില്‍നിന്നും നെല്‍ച്ചെടിയില്‍നിന്നും ഉറപ്പുള്ള നാരുകള്‍ അവ കീറിയെടുക്കുന്നത്.
പക്ഷിക്കൂട് പഠനവുമായി ബന്ധപ്പെട്ട് പദ്മനാഭന്‍ മാസ്റ്ററുടെ രണ്ടാമത്തെ പുസ്തകമാണ് 'പക്ഷിക്കൂട് ഒരു പഠനം' എന്നത്. 'കൂട് കെട്ടലിലെ നൂതനപ്രവണതകള്‍' എന്ന മൂന്നാമത്തെ പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

'പക്ഷിക്കൂട് ഒരു പഠനം' എന്ന പുസ്തകത്തിലൂടെ പക്ഷികളുടെ കൂടുനിര്‍മാണത്തെക്കുറിച്ച് ഇതുവരെ പുറത്തുവരാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു. അതിലൊന്നാണ് 'ഇരകൊടുത്ത് കാഷ്ഠം വാങ്ങല്‍ എന്ന ഭാഗം' ചില പക്ഷിവര്‍ഗങ്ങളിലെ തള്ളപ്പക്ഷികള്‍ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുത്തശേഷം കുഞ്ഞിന്റെ വിസര്‍ജ്യം (കാഷ്ഠം) കുഞ്ഞിന്റെ മലദ്വാരത്തില്‍നിന്ന് കൊത്തിയെടുത്ത് കൂട്ടില്‍ നിന്ന് അകലെ കൊണ്ടുപോയി കളയുന്നു. ഇത് പുത്തന്‍ അറിവാണെന്ന് അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് അപ്പിയിടാന്‍ തോന്നുമ്പോള്‍ അമ്മയോട് പറയാറുള്ളതു പോലെ ഈ പക്ഷിക്കുഞ്ഞുങ്ങള്‍ 'പ്രകൃതിയുടെ വിളി' ഉണ്ടാവുമ്പോള്‍ പ്രത്യേകശബ്ദം ഉണ്ടാക്കുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പദ്മനാഭന്‍ മാഷ് പറയുന്നു. ഈ സമയം തള്ളപ്പക്ഷി കുഞ്ഞിന്റെ ഗുദഭാഗത്തുനിന്ന് കാഷ്ഠം കൊത്തിയെടുത്ത് ദുരെ കളയുന്നു. ഇതിന്റെ പിന്നിലെ രഹസ്യം അദ്ദേഹം തേടിയപ്പോള്‍ കൗതുകരമായ ഒരു കാര്യം മനസ്സിലാക്കി.

തള്ളപ്പക്ഷി എത്രദൂരെയാണ് ഈ കാഷ്ഠം കൊണ്ടുപോയി കളയുന്നതെന്നായിരുന്നു ആദ്യത്തെ അന്വേഷണം. കൂട്ടിന്റെ പത്തുമീറ്റര്‍ അകലെയാണ് പല്ലിക്കാട്ടത്തിന്റെ അത്രയും വലുപ്പത്തില്‍ കാഷ്ഠം ഉപേക്ഷിച്ചിരിക്കുന്നത്. ഈ താലിവാലന്‍ പക്ഷിക്കുഞ്ഞിന്റെ കാഷ്ഠം ചരല്‍മണ്ണില്‍ നിന്ന് തിരിച്ചറിയാന്‍ പോലും വിഷമമായിരുന്നു. ഏകദേശം മധുരനാരങ്ങക്കുരുവിന്റെ വലുപ്പത്തിലുള്ള കാഷ്ഠം പ്രത്യേക സഞ്ചിയിലാക്കിയതുപോലെയായിരുന്നു. ചുറ്റും നേരിയ ഒരു 'കവര്‍'. മറ്റൊരു കാര്യം കൂടി അദ്ദേഹം നിരീക്ഷിച്ചു. ഈ കാഷ്ഠം കറുത്ത നിറത്തിലുള്ള ഒരുതരം ഉറുമ്പുകള്‍ പെട്ടെന്ന് മണം പിടിച്ചെത്തി വലിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തുന്നതായും കാണപ്പെട്ടു. അതില്‍നിന്ന് ഒരുകാര്യം മനസ്സിലായി. കൂട്ടില്‍ കാഷ്ഠംതേടി കറുത്ത കടിയനുറുമ്പുകള്‍ വരുന്നത് കുഞ്ഞിന് ഭീഷണിയാവും. അതുകൊണ്ടാണ് തള്ളപ്പക്ഷി മുന്‍കരുതല്‍ സ്വീകരിച്ചത് എന്നാണ്. 

പക്ഷികളുടെ പകലുറക്കത്തെക്കുറിച്ചും അദ്ദേഹം പുതിയ അറിവുകള്‍ പകരുന്നു. അന്യന്റെ കൂട് കൈയേറി സ്വന്തമാക്കി പ്രജനനം നടത്തുന്ന പക്ഷികളെയും അദ്ദേഹം കണ്ടെത്തുന്നു. തൂക്കണാം കുരുവികളുടെ കൂട് കൈയേറി ആറ്റക്കറുപ്പന്മാര്‍ (മുനിയ) മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചതായി കണ്ടെത്തിയത് പക്ഷി നിരീക്ഷണത്തിലെ അത്ഭുതമാണെന്ന് അദ്ദേഹം പറയുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ എഫ്.സി.ഐ. ഗോഡൗണിന് സമീപത്തെ 'നെയ്ത്തുകാരന്‍ പക്ഷി'കളുടെ താവളത്തിലാണ് ഈ അപൂര്‍വകാഴ്ച കണ്ടത്.

വളരെ കഷ്ടപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ആറ്റക്കറുപ്പന്മാരുടെ ഈ 'ലജ്ജാകര'മായ വീടു കൈയേറ്റം കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തൂക്കണാം കുരുവിയുടെ താവളങ്ങളില്‍ സ്ഥിരമായി ആറ്റക്കറുപ്പന്‍മാര്‍ ക്യാമ്പടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സംശയത്തിനിട നല്‍കിയത്. കൂടുകള്‍ക്ക് ചുറ്റും കള്ളത്തരത്തോടെ ഇവ പറന്നുനടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. കുരുവിയില്ലാത്ത സമയങ്ങളില്‍ ഈ കള്ളന്‍മാര്‍ കൂട്ടിനകത്ത് കയറി പെട്ടെന്ന് പുറത്തുവരുന്നതും നിരീക്ഷിച്ചു. പിന്നെ ഇതിന്റെ പിന്നിലായി രാവും പകലും അന്വേഷണം. ഒടുവില്‍ 2008 സപ്തംബര്‍ 25ന് പയ്യന്നൂരിലെ എഫ്.സി.ഐ. ഗോഡൗണിലെ പക്ഷിത്താവളത്തില്‍ തെളിവുകള്‍ വ്യക്തമായി തിരിച്ചറിഞ്ഞു.

തൂക്കണാംകുരുവികളുടെ കൂടുകള്‍ മുനിയകള്‍ കൈയേറി അവയെ ഓടിച്ച് ആ കൂട് സ്വന്തമാക്കുന്നത് ഫോട്ടോയെടുക്കാന്‍ കഴിഞ്ഞു. ആഴ്ചകള്‍ക്കുശേഷം അവിടെനിന്ന് മുനിയയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പറന്നുപോകുന്നതും കാണാനായി. കുരുവിക്കൂടുകള്‍ കൈയേറിയ മുനിയകള്‍ കൂട്ടില്‍ തങ്ങളുടെതായ ചില പ്രത്യേക 'എക്‌സ്ട്രാ ഫിറ്റിങ്ങു'കള്‍ പുല്ലുകളും മറ്റും കൊണ്ട് ഒരുക്കുകയും ചെയ്തിരുന്നു. ഈ കൈയേറ്റത്തെ ചെറുക്കാനാവാത്ത സ്ഥിതിയിലായിരുന്നു പാവം തൂക്കണാംകുരുവികള്‍.

പൗരാണിക കാലത്ത് മനുഷ്യന്‍ കളിമണ്ണുകൊണ്ട് വീടുണ്ടാക്കിയിരുന്നു. എന്നാല്‍, അതിനുമെത്രയോ മുമ്പ് പക്ഷികള്‍ കളിമണ്ണുപയോഗിച്ച് വീടുകള്‍ നിര്‍മിച്ചതായി കാണാം. നെയ്തുകാരന്‍ പക്ഷികള്‍ക്ക് കൂടുവെക്കാന്‍ ഓലനാരുകള്‍ക്കൊപ്പം കളിമണ്ണും വേണം. ഒന്നോ രണ്ടോ കളിമണ്‍ കട്ടകള്‍ കൂട്ടിനകത്തുവെച്ച് നാരുകളില്‍ ബന്ധിപ്പിച്ച് നിര്‍ത്തും. കമ്പിവാലന്‍ കത്രികക്കിളിയും കൂടുനിര്‍മാണത്തില്‍ കളിമണ്ണ് ഉപയോഗിക്കുന്നു. വയലുകളില്‍നിന്നും പുഴയുടെ തീരങ്ങളില്‍നിന്നും കളിമണ്ണ് ഉരുട്ടിയെടുത്ത് പാലങ്ങളുടെയും ഗുഹകളുടെയും മച്ചിനടിയില്‍ ഒട്ടിച്ചു വെച്ചാണ് ഇവ കൂടുണ്ടാക്കുന്നത് -അദ്ദേഹം പറയുന്നു. വളപട്ടണം പാലം, കാട്ടാമ്പള്ളി അണക്കെട്ട് പാലം എന്നിവയുടെ അടിയിലെല്ലാം ഇത്തരം 'കളിമണ്‍വീടുകള്‍' വ്യാപകമായി കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തും വയലില്‍നിന്ന് മണ്‍കട്ടകള്‍ പൊക്കിയെടുത്ത് കൂട്ടില്‍വെച്ച് അതിനടിയിലാണ് അവ മുട്ടയിടുക.
തച്ചുശാസ്ത്രത്തിലെന്നപോലെ കൂടുകളുടെ സ്ഥാനനിര്‍ണയം, കുഞ്ഞിന്റെ ഭക്ഷണം, കൂടിനുള്ളിലെ പറക്കല്‍ പരിശീലനം, നീരാട്ട്, കിളിനാദം, പക്ഷികളുടെ കൂട്ടിനുള്ളിലെ ഉറക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കൗതുകകരമായ അന്വേഷണം പദ്മനാഭന്‍ മാഷ് നടത്തുന്നുണ്ട്.
പക്ഷിനിരീക്ഷണത്തിലും പക്ഷിക്കൂട് ഗവേഷണത്തിലും ഒരു താത്പര്യവുമില്ലായിരുന്ന പദ്മനാഭന്‍ 18 വര്‍ഷം മുമ്പ് ക്ലാസില്‍ പാഠമെടുത്തുകൊണ്ടിരിക്കെ യാദൃച്ഛികമായാണ് പക്ഷിക്കൂട് പഠനത്തിലേക്ക് തിരിഞ്ഞത്. ജറാള്‍ഡ് ഡ്യുറന്‍സ് എന്നയാളിന്റെ ആനിമല്‍ ആര്‍ക്കിടെക്ട് എന്ന പാഠഭാഗം പഠിപ്പിക്കുന്ന സമയം. തുന്നക്കാരന്‍ പക്ഷിയെക്കുറിച്ചായിരുന്നു പാഠഭാഗം. പിറ്റേന്ന് ക്ലാസിലെ ആര്യ എന്ന വിദ്യാര്‍ഥിനിയാണ് ഒരു തുന്നക്കാരന്‍ പക്ഷിയുടെ കൂട് കൊണ്ടുവന്നത്. അവിടം മുതലാണ് പക്ഷിക്കൂടുകളിലെ കൗതുകം പദ്മനാഭനെ പിടികൂടിയത്. തുടര്‍ന്ന് 18 വര്‍ഷമായി അദ്ദേഹം 150 ഓളം പക്ഷികളുടെ കൂടുകളെക്കുറിച്ച് നിരീക്ഷണം നടത്തി. 

പുതുമയാര്‍ന്ന ഒരുപാട് നിരീക്ഷണങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ആള്‍ക്കാര്‍ നടക്കുന്ന പൊതുവഴിക്ക് ചുറ്റും ചില പക്ഷികള്‍ കൂട് കെട്ടുന്നത് അവയ്ക്ക് ഭയമില്ലാത്തത് കൊണ്ടല്ല, മറിച്ച് സുരക്ഷയോര്‍ത്തിട്ടാണ്. സ്ഥിരമായി ആള്‍സഞ്ചാരമുള്ള സ്ഥലങ്ങളില്‍ പാമ്പുകളെപ്പോലുള്ള ശത്രുക്കള്‍ ഉണ്ടാവാറില്ല. മുട്ടകളെയും കിളിക്കുഞ്ഞുങ്ങളെയും വിഴുങ്ങാനെത്തുന്ന പാമ്പുകളില്‍നിന്ന് രക്ഷനേടാനാണ് ഇത്. മണ്ണിലും കരിയിലകള്‍ക്കിടയിലുമാണ് ഇത്തരം പക്ഷികള്‍ കൂടുവെക്കുന്നത്.പക്ഷികള്‍ കുട്ടികളെ കൂട്ടിനുള്ളില്‍ പറക്കാന്‍ പഠിപ്പിക്കുന്നതായും പദ്മനാഭന്‍ കണ്ടെത്തി.

മുണ്ടശ്ശേരി അവാര്‍ഡ്, നൂതന അധ്യാപക അവാര്‍ഡ്, ജനപ്രിയ ശാസ്ത്രസാഹിത്യ അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ഈ പക്ഷിനിരീക്ഷകനെ തേടിയെത്തിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ പക്ഷിക്കൂടുകളെക്കുറിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. രേഖയാണ് ഭാര്യ. രേവതി, കാര്‍ത്തിക് എന്നിവര്‍ മക്കളാണ്. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക