.

.

Saturday, February 9, 2013

വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.
സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേര്‍ണലായ റീഡിയയുടെ പുതിയ ലക്കത്തിലാണ് ഹെങ്കീലിയ പ്രദീപിയാനയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുള്ളത്.
കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ 1997-99 വര്‍ഷങ്ങളില്‍ വെള്ളരിമലയില്‍ സപുഷ്പി സസ്യങ്ങളെക്കുറിച്ച് പഠിച്ച ഡോ. എ.കെ. പ്രദീപ് മുമ്പ് ഈ സസ്യത്തെ വെള്ളരിമലയില്‍നിന്നും ശേഖരിച്ചിരുന്നു. പക്ഷേ, കൂടുതല്‍ സാമ്പിളുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ സാധിച്ചില്ല.

13 വര്‍ഷത്തെ വിസ്മൃതിയ്ക്കുശേഷം തികച്ചും യാദൃച്ഛികമായാണ് പുതിയ കണ്ടെത്തല്‍. കെ.എം. മനുദേവ്, ഡോ. സന്തോഷ് നമ്പി, വിയന്ന സര്‍വകലാശാലയില്‍ ജസ്‌നീറിയേസി സസ്യകുടുംബത്തെക്കുറിച്ച് പഠനം നടത്തുന്ന ഡോ. ആന്‍റണ്‍വെഞ്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ശ്രദ്ധയില്‍ പുതിയ സസ്യത്തെ കൊണ്ടുവരുന്നത്. ഈ ചെടി ആദ്യമായി ശേഖരിച്ച ഡോ. എം.കെ. പ്രദീപിനോടുള്ള ബഹുമാനാര്‍ഥമാണ് ചെടിക്ക് ഹെങ്കീലിയ പ്രദീപിയാന എന്ന് പേരിട്ടത്. 

ഹെങ്കീലിയ ജനുസ്സില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍റ് എന്നിവിടങ്ങളിലായി 56 ഇനങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവയില്‍ പതിനഞ്ചോളം ഇനങ്ങള്‍ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി കണ്ടുവരാറുണ്ട്. ഒറ്റയിലകളും ചെറിയ ഭൂകാണ്ഡങ്ങളും വ്യത്യസ്തമായ നീളത്തില്‍ ജോഡിതിരിഞ്ഞുള്ള പൂങ്കുലകളും ഗോളാകൃതിയിലുള്ള ഫലങ്ങളുമാണ് പുതിയ സസ്യത്തിന്. കാലവര്‍ഷാരംഭത്തോടെ മുളച്ചുവരുന്ന ചെടികള്‍ ജൂലായ് - ആഗസ്ത് മാസങ്ങളിലാണ് പൂവിടുന്നത്. ഒക്ടോബര്‍ അവസാനത്തോടെ കായ്കള്‍ പൊട്ടി ചെടി നശിക്കുകയും ചെയ്യുന്നു.

09 Feb 2013 Mathrubhumi News  നീനു മോഹന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക