അസ്ഥിവൈകല്യം നേരിടുന്ന ആനക്കുട്ടിയുടെ പരിശോധനാഫലം പുറത്ത്; രക്തത്തിൽ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് കുറവ്
ദയാവധത്തിന് വിധിക്കപ്പെട്ടിരുന്ന ഒന്നര വയസ്സുകാരിയായ മായയെ വിദഗ്ധ ചികിത്സയ്ക്കായി 12 ദിവസം മുമ്പാണ് കോടനാട്ടുനിന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് വിമാനമാർഗം മാറ്റിയത്. നേരത്തെ നടത്തിയ പരിശോധനയിൽ ആനക്കുട്ടിക്ക് ഓസ്റ്റിയോപീനിയ എന്ന അസ്ഥിസംബന്ധമായ രോഗം സ്ഥിരീകരിച്ചിരുന്നു.
അസ്ഥികളുടെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന പ്രോട്ടീനാണ് ഓസ്റ്റിയോകാൽസിൻ. ഇതിന്റെ അളവ് കുറഞ്ഞത് മായയുടെ അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകമായാണ് വിലയിരുത്തുന്നത്. കാലിന്റെ താഴ്ഭാഗത്തെ അസ്ഥിക്ക് സ്ഥാനചലനം സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രക്തത്തിൽ അണുബാധയുടെ ലക്ഷണങ്ങളില്ലെന്നത് ചികിത്സയിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്. വൈറ്റമിൻ ഡി, കാൽസ്യം എന്നിവ അടങ്ങിയ മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. പേശികളുടെയും അസ്ഥികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ചലനശേഷി വീണ്ടെടുക്കുന്നതിനുമായി ഹൈഡ്രോതെറാപ്പി ചികിത്സയും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
മായയുടെ ആരോഗ്യനില മെച്ചപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വൻതാരയിലെ വിദഗ്ധസംഘം ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്.
No comments:
Post a Comment