ഒറ്റക്കുത്തിന് തുളഞ്ഞതല്ല ഓസോണ്‍. വര്‍ഷങ്ങള്‍ നീണ്ട തുരക്കല്‍ വേണ്ടിവന്നു അത് ഈ പരുവത്തിലെത്തിച്ചെടുക്കാന്‍. അന്റാര്‍ട്ടിക്കയില്‍ വെയിലുകൊള്ളാനിറങ്ങിയ സായ്പിന്റെ പുറം പൊള്ളിയപ്പോഴാണ് സംഗതിയുടെ ഗൌരവം ലോകത്തിന് ബോധ്യമായത്. ഇത് 1982ല്‍. പിന്നെ മലവെള്ളംപോലെ അന്വേഷണപ്രളയം. ഒടുവില്‍ നാസയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ സത്യം കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ആകാശത്തുള്ള ഓസോണ്‍ പുതപ്പിന് കട്ടി കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ പിഞ്ഞിക്കീറിയിരിക്കുന്നു.
ഓസോണിലെ സുഷിരം എന്ന രോഗം ലോകശ്രദ്ധയിലേക്കു വരുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ഇങ്ങനെയൊരു രോഗം വരുമെന്നും അതിന് കാരണം ഇന്നതിന്നതാണെന്നുമൊക്കെ കണ്ടെത്തിയിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് 1974ല്‍ നേച്ചര്‍ മാഗസിനിലാണ്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഷെര്‍വുഡ് റൌലാണ്ട്, മാരിയോ മൊളീന എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍ (സിഎഫ്സി) ഓസോണിനെ നശിപ്പിക്കും എന്നു കാര്യകാരണ സഹിതം വാദിച്ചിരുന്നു. പ്രതികരണ ശേഷിയില്ലാത്ത പാവത്താനായിട്ടാണ് അതുവരെ ലോകം സിഎഫ്സിയെ കണ്ടിരുന്നത്. \'എനിക്കറിയാമായിരുന്നു ഇവന് ആകാശത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ലെന്ന് -റൌലാണ്ട് അന്നേ പറഞ്ഞുവച്ചു. ഫ്രിഡ്ജിലും എസിയിലുമൊക്കെ ശീതീകാരിയായി ഉപയോഗിക്കുന്ന ഒരു പാവം നിര്‍ഗുണന്‍ എന്നു കരുതിയിരുന്ന സിഎഫ്സി വില്ലനായി മാറിയത് ഈ ലേഖനത്തോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായി. കാരണം വ്യാവസായിക വിപ്ലവത്തിന്റെ ഐസ്ക്രീമും കഴിച്ച് യൂറോപ്പ് എസി മുറിയിലിരിക്കുന്ന കാലമായിരുന്നു അത്. സിഎഫ്സിയാകട്ടെ ആ വ്യവസായ വിപ്ലവത്തിലെ മുഖ്യപോരാളിയും.
എന്നാല്‍ യൂറോപ്പിലെ ഹെയര്‍സ്പ്രേ ഉപയോഗം ചിലിയില്‍ സ്കിന്‍ ക്യാന്‍സറിനു കാരണമാകുന്ന തരത്തില്‍ ഓസോണിന് പ്രശ്നം ബാധിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിനും മറ്റുവഴിയൊന്നുമില്ലാതായി.
അങ്ങനെയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വിജയിച്ച രാജ്യാന്തര ഉടമ്പടിയെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിച്ച മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആവിര്‍ഭാവം. 1987ല്‍ രൂപംകൊണ്ട ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഓസോണ്‍ സംരക്ഷിക്കുക, സിഎഫ്സിയുടെ ഉപയോഗം നിര്‍ത്തുക എന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഒപ്പിട്ടതോടെ സംഗതി ഹിറ്റായി. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പയില്‍ തുല്യം ചാര്‍ത്തിയത്.
ഇന്ത്യക്കാരുടെ മുടിഞ്ഞ തീറ്റയാണ് ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് തട്ടിവിട്ടതുപോലെ തന്നെ, വികസ്വര രാജ്യങ്ങളുടെ വികസന ആര്‍ത്തിയാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമെന്നായിരുന്നു യൂറോപ്പ് വാദിച്ചത്. സത്യത്തില്‍ 1985ല്‍ വികസ്വര രാഷ്ട്രങ്ങളുടെ സിഎഫ്സി ഉപഭോഗം 16 ശതമാനം മാത്രമായിരുന്നു. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളുടേതാകട്ടെ 67 ശതമാനവും.
സിഎഫ്സി ഉപഭോഗം കുറയ്കണമെന്ന വാദം തങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കു തുരങ്കം വയ്ക്കാനാണെന്നാണ് പല വികസ്വര രാഷ്ട്രങ്ങളും ചിന്തിച്ചത്. പത്തുമുപ്പതുവര്‍ഷം എസിയുടെ തണുപ്പിലിരുന്നു സുഖിച്ചവര്‍ ഇന്നലെ വാങ്ങിയ തങ്ങളുടെ എസിയില്‍ കണ്ണുവയ്ക്കുന്നത് അവര്‍ക്കു സഹിക്കാനായില്ല.
ചേരിയില്‍ ജീവിക്കുന്ന മനുഷ്യരോട് വായുവും വെള്ളവും മലിനീരകരിക്കരുത് എന്ന് എങ്ങനെയാണ് ഞാന്‍ പറയുക എന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ചോദ്യമാണ് വികസ്വര രാജ്യങ്ങള്‍ ഒന്നാകെ ഏറ്റുപിടിച്ചത്. വ്യവസായ വല്‍ക്കരണത്തിന്റെ പാതയിലായരുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് സിഎഫ്സിയെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാനാവില്ലായിരുന്നു. പിന്നീടങ്ങോട്ട് ഒത്തു തീര്‍പ്പുകളുടെ കാലമായിരുന്നു. ചര്‍ച്ചകളും ഉച്ചകോടികളും വട്ടമേശ സമ്മേളനങ്ങളും ചായകുടിയും പൊടിപൊടിച്ചു. ലോകമുതലാളിമാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയിലായിരുന്നു എല്ലാവരുടെയും കണ്ണ് എന്നതായിരുന്ന സത്യം. 1990ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പിട്ടവരുടെ എണ്ണം 54 ആയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും മടിച്ചു നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുകയല്ല, അറിവും സാങ്കേതിക വിദ്യയും കൈമാറുകയാണ് വേണ്ടതെന്നായിരുന്ന ഇന്ത്യുടെ വാദം. പക്ഷേ ലേലം വിളികള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക 240 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയപ്പോള്‍ നമ്മളും കവാത്ത് മറന്നു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഒപ്പുവച്ചു. പ്രകൃതിയായിരുന്നില്ല പണം തന്നെയായിരുന്നു നമ്മുടെയും പ്രധാന പരിഗണന. 2010ല്‍ സിഎഫ്സി ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്ന അന്ന് ഇന്ത്യ നല്‍കിയ വാക്ക്. പക്ഷേ എന്തു പറയേണ്ടൂ, ഇന്ന് ലോകത്തെ സിഎഫ്സി ഉത്പാദന- ഉപഭോഗ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈന തന്നെ ഇവിടെയും മുന്‍പില്‍.
മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഒപ്പുവച്ച അമേരിക്ക 2012ല്‍ എത്തുമ്പോള്‍ വ്യവസായ ലോബികള്‍ക്കു വഴങ്ങി പുകനിയമം (സ്മോഗ് റൂള്‍) ഇളവു ചെയ്തിരിക്കുന്നു. എല്ലാവരും കൂടി നമ്മുടെ പൊക കണ്ടേ അടങ്ങൂ എന്നു തോന്നുന്നു.
മനോരമ ഓണ്‍ലൈന്‍ ഓസോണ്‍ ദിനം സ്പെഷല്‍
No comments:
Post a Comment