.

.

Tuesday, May 8, 2012

'നട്ടുവളര്‍ത്തുക' എന്ന ആശയം പുതുതലമുറയിലേക്ക് പകരണം: ആര്‍ച്ച് ബിഷപ്പ്

കൊച്ചി: വെട്ടിനിരത്തലിന് പകരം നട്ടുവളര്‍ത്തുകയെന്ന ആശയം പുതുതലമുറയിലേക്ക് പകരാനാണ് ശ്രമിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യാനാണ് മനുഷ്യന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലദൗര്‍ലഭ്യം മൂലം ജില്ലയിലെ സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു

തലപ്പുഴ: ജില്ലയിലെ വയലേലകളിലുള്ള സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വെള്ളം നിറഞ്ഞ് ഒഴുകിയ തോടുകള്‍ പലതും ഇന്ന് ഇല്ലാതായി. നിലവിലുള്ള തോടുകളാവട്ടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ചെറിയ ചാലുകളായി മാറി. നീര്‍ത്തടങ്ങളായി വര്‍ത്തിച്ചിരുന്ന വയലുകള്‍ അപ്രത്യക്ഷമായതുമൂലം വേനല്‍ക്കാലങ്ങളില്‍ ജലദൗര്‍ലഭ്യത്തിനിടയായി. നെല്‍കൃഷിക്ക് പകരം വന്ന വാഴ, കമുക് തുടങ്ങിയ കൃഷികള്‍ ആവാസ വ്യവസ്ഥയെ തന്നെ തകിടംമറിച്ചു. ഇതോടെ സ്വാഭാവിക നീരുറവകള്‍ ഭൂരിഭാഗവും അപ്രത്യക്ഷമായി.

Monday, May 7, 2012

കാണുന്നില്ലേ, കുന്തിപ്പുഴയെ കൊല്ലുന്നത്?

മണ്ണാര്‍ക്കാട്: നീരുറവ വറ്റിയ കുന്തിപ്പുഴയില്‍ മണലൂറ്റ് വ്യാപകം. ഇതോടെ പുഴ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മണല്‍വാരുന്നത് സംബന്ധിച്ച ഉത്തരവ് കാറ്റില്‍പ്പറത്തി സൈലന്റ്‌വാലിയോടുചേര്‍ന്ന പാത്രക്കടവില്‍നിന്ന് ഉത്ഭവിച്ചിറങ്ങുന്ന പുഴയുടെ പലഭാഗത്തും ഇപ്പോള്‍ വ്യാപകമായ മണലൂറ്റ് നടക്കുകയാണ്. മധ്യഭാഗത്തുമാത്രമായി ചുരുങ്ങിയ പുഴയുടെ ഇരുകരയിലും വന്‍ കുഴികളുണ്ടാക്കിയാണ് അരിപ്പവെച്ച് മണലൂറ്റുന്നത്.

Sunday, May 6, 2012

മുതുമല ടൈഗര്‍ റിസര്‍വ് തുറന്നു

നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീ ഭീതിയും നിലനിന്നിരുന്നതിനാല്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. വേനല്‍മഴയില്‍ വനത്തില്‍ പച്ചപ്പ് വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം തുറന്നത്. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുതുമല ടൈഗര്‍ റിസര്‍വ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടും കേരളത്തിന്റെ വനപ്രദേശങ്ങളോടും ചേര്‍ന്നാണ് കിടക്കുന്നത്.

Saturday, May 5, 2012

വനത്തില്‍ കുട്ടിക്കൊമ്പന്‍ അവശനിലയില്‍

പാലക്കാട്: കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനടുത്ത് വനത്തില്‍ കുട്ടിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും വനപാലകരും മൂന്ന് മണിക്കൂറിലേറെ ശ്രമിച്ച് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഒന്നര വയസ്സുള്ള ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തോളമായി ഈ പ്രദേശത്ത് ആനക്കുട്ടിയെ കണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Friday, May 4, 2012

ആസ്വദിക്കാം, മുളങ്കാടിന്റെ സൗന്ദര്യം

പെരിഞ്ചാംകുട്ടി: കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലെ മുളങ്കാടുകള്‍ വശ്യസൗന്ദര്യമൊരുക്കുന്നു. പ്ലാന്റേഷന്‍ കൈയേറിയവര്‍ നാല്പതു ശതമാനത്തോളം മുളകള്‍ വെട്ടിനശിപ്പിച്ചിരുന്നു. കൈയേറ്റക്കാരെ കുടിയൊഴിപ്പിച്ച സാഹചര്യത്തില്‍ അവശേഷിക്കുന്ന മുളങ്കാടുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ചിന്നാര്‍ പുഴയുടെ ഇരുകരയിലുമായാണ് മുളങ്കാടുകള്‍. വിനോദസഞ്ചാരകേന്ദ്രമായ കാറ്റാടിപ്പാറയുടെ താഴ്‌വാരമേഖലയിലെ മുളങ്കാടുകള്‍ കാഴ്ചയുടെ ഹരിതജാലകമാണ് തുറക്കുന്നത്.

പെരിയാറില്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങി

കൊച്ചി: പെരിയാറില്‍ മഞ്ഞുമ്മല്‍ ആറാട്ട് കടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മാലിന്യംനിറഞ്ഞ കറുത്ത തവിട്ടുനിറത്തിലുള്ള പുഴയില്‍ പകുതി ജീവനായ മത്സ്യങ്ങള്‍ മരണവെപ്രാളത്തോടെ പിടയുന്നത് രാവിലെ പാലത്തിലൂടെ നടക്കാനിറങ്ങിയവരാണ് കണ്ടത്. കരിമീന്‍, ചെമ്മീന്‍, ചെമ്പല്ലി, പള്ളത്തി, പരല്‍, കൂരാന്‍, ബ്രാല്‍, കോലാന്‍ തുടങ്ങിയ മീനുകളൊക്കെ പുഴയില്‍ പൊങ്ങി.

Thursday, May 3, 2012

മനോഹരദൃശ്യങ്ങളാല്‍ പൈതല്‍ മല

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂര്‍ ടൗണില്‍നിന്ന് 65 കിലോമീറ്ററും തളിപ്പറമ്പില്‍നിന്നു 35 കിലോമീറ്ററുമാണ് ഇവിടേക്ക്. സമുദ്രനിരപ്പില്‍ നിന്നു നാലായിരത്തഞ്ഞൂറടി ഉയരത്തില്‍, അഞ്ഞൂറ് ഏക്കറിലായി പരന്നുകിടക്കുന്ന മലയുടെ വടക്കു ഭാഗത്ത് കുടക് കാടുകളാണ്. മനോഹരദൃശ്യങ്ങളാല്‍ സമൃദ്ധമാണ് പൈതല്‍മല. ചെറിയൊരു ട്രെക്കിങിന് താത്പര്യമുള്ളവര്‍ക്ക് കുടുംബവുമൊത്ത് ഈ മലകയറാം. കോടയൊഴിഞ്ഞ സമയമാണെങ്കില്‍ മലമുകളില്‍ നിന്ന് നോക്കിയാല്‍ വളപട്ടണം പുഴയും കണ്ണൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങളും കാണാം. വൈതല്‍ മലയാണ് പിന്നീട് പൈതല്‍ മലയായത്. ആദിവാസി വിഭാഗങ്ങളുടെ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന വൈതല്‍കോന്‍ എന്ന രാജാവിന്റെ അരമന ഇവിടെയുണ്ട്. അതിനാലാണത്രേ വൈതല്‍മലയായത്.
ജില്ല: കണ്ണൂര്‍. യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം: കോഴിക്കോട് (93 കി.മീ). റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ (65 കി.മീ).
റോഡ് മാര്‍ഗ്ഗം: തളിപ്പറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍മല(35 കി.മീ) വഴി പൊട്ടന്‍പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൈതല്‍ മലയിലെത്താം. തലശ്ശേരി-മമ്പറം-ശ്രീകണ്ഠാപുരം വഴിയും ഇവിടെയെത്താം.
എസ്.ടി.ഡി: 0497. ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 2703121, ഡി.ടി.പി.സി: 2706336
താമസം: കണ്ണൂര്‍ ടൗണില്‍: റോയല്‍ ഒമര്‍സ്: 2769091, ക്ലിഫ് എക്‌സോട്ടല്‍: 2712197 ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി: 2767744, കെ.ടി.ഡി.സി. ടാമറിന്റ് ഹോട്ടല്‍: 2700717, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്: 2760220.



പൈതല്‍ മല ട്രക്കിങ്ങ്  ഫോട്ടോസ്

Wednesday, May 2, 2012

ചക്കമധുരം തമിഴകത്തേക്ക്‌

കുന്നിക്കോട്: വരിക്കച്ചക്കയുടെ കൊതിയൂറും സ്വാദ് അതിര്‍ത്തിക്കപ്പുറത്ത് തമിഴകത്ത് രുചിയുണര്‍ത്തുന്നു. ചക്കപ്രിയം വരുമാനമാക്കാന്‍ മലയാളിയും ഉണര്‍ന്നു. നാട്ടിലെ തൊടികളില്‍ വരിക്കപ്ലാവുകള്‍ ഫലസമൃദ്ധമായതോടെയാണ് കിഴക്കന്‍ മേഖലയിലെ വഴിയോരകേന്ദ്രങ്ങള്‍ ചക്ക വിപണനകേന്ദ്രങ്ങളായി മാറിയത്. സീസണ്‍ വ്യാപാരികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്ക തമിഴകത്തേക്ക് കയറ്റി അയയ്ക്കാന്‍ ദേശീയപാതയോരങ്ങളില്‍ സംഭരിക്കുന്നത് പതിവുകാഴ്ചയായി.

Tuesday, May 1, 2012

അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി

താനൂര്‍: അഞ്ചു നിറങ്ങളുള്ള അപൂര്‍വയിനം പക്ഷിയെ താനൂരില്‍ കണ്ടെത്തി. വലിയ പ്രാവിന്‍റെ വലുപ്പമാണ് പക്ഷിക്ക്. അസാധാരണ ഭംഗിയുള്ള ഇതിന് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളാണ് ചിറകുകളില്‍. കണ്ണ് നീല നിറത്തിലും കാലുകള്‍ ചുവന്ന നിറത്തിലും. താനൂര്‍ നടക്കാവ് സ്വദേശി പി.ടി.ആര്‍. ബാവയുടെ മക്കള്‍ പി.ടി. അഷ്റഫിന്‍റെയും ഗഫൂറിന്‍റെയും വീട്ടിലാണ് ഇന്നലെ ഉച്ചയോടെ പക്ഷിയെ കണ്ടത്. പറക്കാന്‍ സാധിക്കാത്തവിധം അവശനിലയിലായ പക്ഷിയെ വീട്ടുമുറ്റത്തുനിന്നാണു കിട്ടിയത്.

1.5.2012 Metrovaartha news
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക