.

.

Friday, March 19, 2010

വേനലിലേയ്ക്ക് ഒരു കരുതല്‍

ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ഭൂമിയില്‍ ആകെയുള്ള വെള്ളത്തിന്റെ ബഹുഭൂരിഭാഗവും (ഏതാണ്ട് 98 ശതമാനം) ഉപ്പുവെള്ളമാണ്. ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ ശുദ്ധജലം കേവലം 0.5 ശതമാനത്തില്‍ താഴെയാണ്. ഇതില്‍ നിന്ന് കുടിവെള്ളം എത്ര കണ്ട് വിലയേറിയ ഒരു പ്രകൃതിവിഭവമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് മഴവെള്ള സംഭരണം പ്രാധാന്യം അര്‍ഹിക്കുന്നത്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകാരണം മോശമല്ലാത്ത രീതിയില്‍ മഴ ലഭിക്കുന്നുണ്ട് (3000 mm). ഇന്ത്യയില്‍ ശരാശരി ഏറ്റവും അധികം മഴ ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ഇതില്‍ പ്രധാനം ജൂണ്‍- സപ്തംബര്‍ മാസത്തിലെ കാലവര്‍ഷമാണ്. അതുകൂടാതെ ഒക്‌ടോബര്‍- ഡിസംബര്‍ മാസത്തിലെ തുലാവര്‍ഷവും ഉണ്ട്. ശരിയായ രീതിയില്‍ ശേഖരിച്ച് സംഭരിച്ചാല്‍, വര്‍ഷകാലത്തെ ജലലഭ്യതയില്‍ നിന്നുതന്നെ വേനല്‍ക്കാലത്തെ ക്ഷാമത്തിനു പരിഹാരമുണ്ടാക്കാം. നമ്മുടെ ജല ഉപഭോഗരീതി ഒന്നു പരിശോധിച്ചാല്‍ മനസ്സിലാകും അമൂല്യമായ വെള്ളം എത്രയാണ് നമ്മള്‍ പാഴാക്കിക്കളയുന്നതെന്ന്. തുറന്നിട്ട ടാപ്പുകള്‍ അടയ്ക്കാന്‍ മറക്കുക, ആവശ്യത്തിന്റെ പത്തിരട്ടിയോളം വെറുതെ കളയുക, പാത്രം കഴുകുമ്പോഴും പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും ടാപ്പ് തുറന്നിടുക. ജലവിതരണസംവിധാനത്തിലൂടെതന്നെ 50 ശതമാനത്തിലേറെ പൈപ്പ് പൊട്ടിയും പാഴാക്കിയും നഷ്ടമാക്കുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നമ്മളൊരു സ്വയംവിമര്‍ശനത്തിന് തയ്യാറാകണം.

മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ശേഖരിച്ച് സംഭരിക്കുന്ന രീതിയാണ് മഴവെള്ള സംഭരണത്തിന് അഭികാമ്യം. ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴവെള്ളം. ഒട്ടും സങ്കീര്‍ണമല്ലാത്ത ശുദ്ധീകരണം വഴി കുടിവെള്ളമായി ഇത് ഉപയോഗിക്കാം.

മഴവെള്ള സംഭരണം ഇങ്ങനെ

1. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുതന്നെയോ വൃഷ്ടിപ്രദേശത്ത് അത് എവിടെയായാലും അവിടെത്തന്നെ സംഭരിച്ച് ശുദ്ധീകരിച്ച് സംഭരണടാങ്കുകളില്‍ ശേഖരിക്കുകയും അധികം വരുന്ന ജലം കിണറിലേക്കോ മറ്റു കുഴികളിലേക്കോ ആഗിരണചാലുകളിലേക്കോ തുറന്നുവിടുക എന്നതാണ്.

2. ഭൂമിയുടെ ഉപരിതലത്തില്‍ പതിച്ച് വെറുതെ ഒഴുകിപ്പോകുന്ന വെള്ളത്തെ, മഴക്കുഴികള്‍, ഭൂമിയെ തട്ടുകളായി തിരിച്ച് ട്രഞ്ചുകളിലേക്ക് ഇറക്കിവിടല്‍, ആഗിരണ ചാലുകളില്‍ നിന്നും ആഴമുള്ള പൈപ്പുകളിലൂടെ കടത്തിവിടല്‍ എന്നീ രീതികളില്‍ മണ്ണില്‍ത്തന്നെ ശേഖരിക്കാം.

പ്രായോഗികവശം

1. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും വരുന്ന വെള്ളത്തെ ഏതാണ്ട് 150160 ാാ ഉള്ള ചാലുകളിലൂടെ കടത്തി 100160 ാാ ഉള്ള ഒരു പൊതുപൈപ്പിലൂടെ താഴേക്കു കടത്തി ശേഖരിക്കുന്നു.

2. ആദ്യമായി പെയ്യുന്ന മഴയില്‍, അന്തരീക്ഷ മലിനീകരണം വഴി മാലിന്യങ്ങള്‍ അടങ്ങിയിരിക്കും. അതിനാല്‍ ആദ്യത്തെ 20 മിനുട്ട് പെയ്യുന്ന വെള്ളത്തെ ശേഖരിക്കാതെ പുറംതള്ളുന്നു.

3. താഴേക്ക് ശേഖരിക്കുന്ന വെള്ളം ഒരു ഫില്‍ട്ടര്‍ വഴി കടത്തിവിടുന്നു. ഈ ഫില്‍ട്ടറില്‍ 20ാാ മെറ്റല്‍, ചരല്‍, തരിമണല്‍, ചിരട്ടക്കരി, എന്നിവ ഏതാണ്ട് 10 cm-20 cm കനത്തില്‍ അടുക്കിയിട്ടുണ്ടാകും.

4. ഫില്‍ട്ടറില്‍ നിന്നും പുറത്തുവരുന്ന വെള്ളം ഒരു വലിയ കോണ്‍ക്രീറ്റ് ടാങ്കില്‍ ശേഖരിക്കുന്നു. സാധാരണയായി ഇതിന് പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കാറില്ല. ഒരു ശരാശരി കുടുംബത്തിന് ഏതാണ്ട് 15,000-20,000 ലിറ്റര്‍ ടാങ്ക് മതിയാകും.

5. മഴയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വെള്ളവും സംഭരിച്ചു ശേഖരിക്കല്‍ പ്രായോഗികമല്ല. വേനല്‍ക്കാലത്തേക്ക് കുടിക്കാനും പാകം ചെയ്യാനും വേണ്ടി ശേഖരിച്ചശേഷം ബാക്കി വരുന്ന വെള്ളം കിണറിലേക്കോ, കുളത്തിലേക്കോ, ആഴത്തില്‍ മണ്ണിലേക്കു തന്നെയോ കടത്തിവിടാം.

ഒരു വീട് പ്ലാന്‍ ചെയ്യുമ്പോള്‍തന്നെ മഴവെള്ള സംഭരണിക്കുള്ള സ്ഥലം തീരുമാനിച്ച് മാര്‍ക്ക് ചെയ്യണം. സംഭരണിയുടെ നിര്‍മാണം വീടിന്റെ നിര്‍മാണത്തിന്റെ ഏതാണ്ട് അവസാനഘട്ടത്തില്‍ ചെയ്താല്‍ മതിയാകും. ഒരു മഴവെള്ള സംഭരണി സ്ഥാപിക്കാന്‍ പരമാവധി 45-50 ദിവസം മതി.

കേരള സര്‍ക്കാരിന്റെ കെട്ടിടനിര്‍മാണച്ചട്ടങ്ങളിലെ ഭേദഗതി നിയമപ്രകാരം മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. എങ്കിലും പലരും അതിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നില്ല.

വളരെ ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഒരു സാധാരണ കുടുംബത്തിന് ആവശ്യമുള്ള മഴവെള്ള സംഭരണ സംവിധാനത്തിന് ഏതാണ്ട് 35,000-50,000 രൂപ ചെലവ് വരും. സംഭരണശേഷിക്കനുസരിച്ച് ചെലവിലും വ്യത്യാസം വരും.

മഴയ്ക്ക് മുന്‍പ് ക്ലീനിങ്

കഴിവതും തുറന്ന, വൃത്തിയുള്ള മേല്‍ക്കൂരയില്‍ നിന്നും വേണം വെള്ളം ശേഖരിക്കാന്‍.

മഴക്കാലം തുടങ്ങുംമുമ്പ് കഴിവതും പ്രതലം കഴുകി ശുദ്ധീകരിക്കണം. ബ്ലീച്ചിങ് പൗഡര്‍ലായനി ഇതിനായി ഉപയോഗിക്കാം.

സീസണ്‍ ആരംഭിക്കുംമുമ്പ്, അരിപ്പയിലെ മെറ്റല്‍, ചരല്‍, കരി ഇവ കഴുകി വീണ്ടും നിക്ഷേപിക്കണം.

ആദ്യത്തെ 1-2 മഴയിലെ വെള്ളം ശേഖരിക്കാതെ പുറംതള്ളണം.

അരിപ്പയില്‍ നിന്നുള്ള വെള്ളം മാത്രമേ സംഭരണടാങ്കിലേക്കു കടത്തിവിടാവൂ.

സംഭരണടാങ്കില്‍ സൂര്യപ്രകാശം കടക്കാന്‍ കഴിവതും അനുവദിക്കരുത്.

കൊതുക്, പല്ലി, പാറ്റ, എലി എന്നീ ക്ഷുദ്രജീവികള്‍ കടക്കാതെ എല്ലാ ദ്വാരങ്ങളും അടച്ച് സീല്‍ ചെയ്യണം.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ക്ലീനിങ് അറ്റകുറ്റപ്പണികള്‍ ചെയ്തിരിക്കണം.

മഴവെള്ള സംഭരണികളില്‍ ശരിയായ രീതിയില്‍ ശേഖരിക്കുന്ന വെള്ളം ഏതാണ്ട് ഒരു വര്‍ഷത്തോളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാം.

കടപ്പാട് : മാതൃഭൂമി Mb4Eves
More deatails  http://www.manoramaonline.com/advt/palathulli/indepth.htm

Thursday, March 4, 2010

പ്രകൃതിയും മലയാള നോവലുകളും

ആദ്യകാല നോവലുകളില്‍ പ്രകൃതി സജീവഭാവമായി കടന്നുവരുന്നില്ല. പ്രകൃതിയുടെ വന്യത അനുഭവിപ്പിക്കുന്ന നോവലാണ് എസ്.കെ.പൊറ്റക്കാടിന്‍ന്റെ വിഷകന്യ. കാടിന്‍ന്റെ വന്യതയും മണ്ണിന്‍ന്റെ ഉര്‍വ്വരതയും മണ്ണിനെ പുല്‍കുന്ന മനുഷ്യനുമൊക്കെ ഇതില്‍ നിറയുന്നു. ഭൂതകാലസ്മൃതിയില്‍ മയങ്ങിക്കിടക്കുന്ന ജീവിതവും പ്രകൃതിയും ചിത്രീകരിക്കുന്ന ബഷീറിന്‍ന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ചുറ്റുമുള്ള പച്ചപ്പിന്‍ന്റെ അനുഭവം പകരുന്ന 'പാത്തുമ്മയുടെ ആട്' എന്നീ നോവലുകള്‍ പരിസ്ഥിതിയെ സൂഷ്മമായി അടയാളപ്പെടുത്തുന്നു.
പ്രകൃതിയുടെ ആത്മീയഭാവം നിറഞ്ഞൊഴുകുന്ന കൃതിയാണ് ഓ.വി.വിജയന്‍ന്റെ 'മധുരഗായതി'. അരയാലും സുകന്യയും പ്രകൃതിയുടെ നിറവില്‍ പുതിയ ഉണ്‍മ കണ്ടെത്തുകയാണ്. ഭാഷയില്‍ പോലും പരിസ്ഥിതിയുടെ സൂഷ്മസ്ഥലികള്‍ അന്വേഷിക്കുന്ന നോവലാണ് ഇത്. ചെതലിയുടെ താഴ്വരയില്‍ ജീവബിന്ദുക്കള്‍ ചെമ്പകവും പെണ്‍കിടാവുമായി പുനര്‍ജ്ജനിയുടെ അനുഭവങ്ങള്‍ നല്‍കുന്ന ഖസാക്കിന്‍െറ ഇതിഹാസവും പ്രകൃതിയെ കണ്ടെത്തുന്ന നോവല്‍ തന്നെ. ഗുരുസാഗരത്തില്‍ ഭൂതപ്പുഴയുടെ ശാന്തിയിലേക്ക് മടങ്ങുന്ന കുഞ്ഞുണ്ണി നാഗരികതയില്‍ നിന്നും പരിസ്ഥിതിയുടെ സത്വത്തിലേക്ക് മടങ്ങുന്ന മനുഷ്യന്‍ന്റെ പ്രതീകമാണ്.
ആദിവാസി ജീവിതത്തില്‍ സ്വാഭാവികത അനുഭവിപ്പിക്കുന്ന പി. വല്‍സലയുടെ നെല്ല് ശ്രദ്ധേയമാണ്. ആദിവാസി ജീവിതത്തിന്‍ന്റെ പശ്ചാതലമായിട്ടല്ല ജീവിതത്തിന്റെ താളമായിട്ടാണ് ഈ കൃതിയില്‍ വനസ്ഥലികള്‍ നിറയുന്നത്. കാടിനോട് ചേര്‍ന്നുള്ള ആദിവാസി ജീവിതത്തിന്‍ന്റെ ചൂടും ചൂരും പകരുന്ന നോവലാണ് കെ.ജെ ബേബിയുടെ മാവേലിമണ്ണും. ഈ നിലയില്‍ പരിസ്ഥിതിയുടെ അന്തരീക്ഷം നിറയുന്ന കൃതിയാണ് നാരായന്‍ന്റെ കൊച്ചരേത്തി.
മിത്തുകളിലൂടെ പ്രകൃതിയെ അനുഭവിപ്പിക്കുന്ന എന്‍.പി മുഹമ്മദിന്‍ന്റെ ദൈവത്തിന്‍ന്റെ കണ്ണ് പി. സുരേന്ദ്രന്‍ന്റെ ജൈവം, കാവേരിയുടെ പുരുഷന്‍ എന്നീ നോവലുകളും മലയാളത്തിലെ പരിസ്ഥിതിക നോവലുകളുടെ പട്ടികയില്‍പെടുത്താവുന്നതാണ്. പ്രകൃതിയുടെ തനിമയെ പ്രതിരോധത്തിലേക്കു ഉയര്‍ത്തുന്ന കൃതിയാണ് സാറാജോസഫിന്‍ന്റെ അലാഹയുടെ പെണ്‍മക്കള്‍. പുരാതനമായ അമരപന്തലിന് കീഴില്‍ ഉരുവം കൊള്ളുന്ന അനുഭവങ്ങളില്‍ കോക്കാഞ്ചിറയുടെ പാരിസ്ഥിതികമായ പതിതാവസ്ഥ പ്രകടമാണ്. പുണ്യപാപബോധങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങളിലും പ്രകൃതിയെ അന്വേഷിക്കുന്ന കൃതിയാണ് ഒതപ്പ്.
വടക്കന്‍ മലബാറിന്‍ന്റെ അന്തരീക്ഷത്തില്‍ അധിനിവേശ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അംബികാസുതന്‍ മങ്ങാടിന്‍ന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' രവിയുടെ അംബാസമുദ്രം, വി.ജെ ജെയിംസിന്‍ന്റെ ലെയ്ക, സുസ്മേഷ് ചന്ദ്രോത്തിന്‍ന്റെ ഡി. ജി. ആര്‍ ഇന്ദുഗോപന്‍ന്റെ മുതല ലായനി 100 % മുതല തുടങ്ങിയ പുതിയ നോവലുകളും വ്യത്യസ്തമായ തലങ്ങളില്‍ പാരിസ്ഥിതക ചിന്തകളാല്‍ സമ്പന്നമാണ്.

സന്തോഷ് ജോര്‍ജ്  (Manaoramaonline Environment)

Wednesday, February 24, 2010

ഒറ്റമൂലികള്‍(നാട്ടുവൈദ്യം)


ഒറ്റമൂലികള്‍ നമ്മുടെ നാടിന്റെ നാട്ടറിവുകളാണ്. പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതും എന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നും നാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചും അറിവുണ്ടായിരുന്നു
.

അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം.ഇന്നത്തെ പുതു തലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗപ്രദമാണ്. സാധാരണയുണ്ടാകാവുന്ന ചില അസുഖങ്ങള്‍ക്കുള്ള ഏതാനും ഒറ്റമൂലികളാണ് ഇവിടെ ചേര്‍ക്കുന്നത്.

           വായ്പ്പുണ്ണ്‌

  • മോരില്‍ കറിവേപ്പില അരച്ച്‌ കലക്കി കവിള്‍ കൊള്ളുക.
  • ത്രിഫല ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത്പുരട്ടുക.
  • അദയാരിഷ്ടം കവിള്‍ കൊള്ളുക.
  • നെല്ലി ത്തോല്‍ തൈരില്‍ ഇട്ട്‌ കഴിക്കുക.


           മഞ്ഞപ്പിത്തം

  • കീഴാര്‍ നെല്ലി അരച്ച്‌ പാലിലോ ഇളനീരിലോ ചേര്‍ത്ത്‌ രാവിലെ കഴിക്കുക.
  • പൂവാന്‍ കുരുന്തിലയും ജീരകവും ചേര്‍ത്ത്‌ അരച്ച പാലില്‍ കഴിക്കുക.
  • വയല്‍ തുമ്പ സമൂലം അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.
  • തേനില്‍ മുള്ളങ്കിനീര്‌ ചേര്‍ത്ത്‌ കഴിക്കുക.

           മുടികൊഴിച്ചില്‍, താരന്‍, അകാലനര

  • ചെമ്പരത്തി പൂവും മെയിലാഞ്ചിയും ചേര്‍ത്ത്‌ എണ്ണ കാച്ചി പുരട്ടുക.
  • അരിത്തവിട്‌ അരിപ്പട്ട ചക്കര ഇടിച്ച്‌ ദിവസേന കഴിച്ചാലകാല നര ഇല്ലാതാകും.
  • തുളസി ഇല, വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണ കാച്ചി തലയില്‍ പുരട്ടുക താരന്‍ മാറികിട്ടും.

          തൊണ്ടവേദന

  • ഗ്രാമ്പു, ഏലത്തരി എന്നിവയിലേതെങ്കിലും വായിലിട്ട്‌ ചതച്ച്‌ തുപ്പി കളയുക.
  • കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ച്‌ പൊടിച്ച്‌ ഇടവിട്ട്‌കഴിക്കുക. തൊണ്ടവേദനയും ചുമയും മാറും.
  • പനങ്കല്‍കണ്ടത്തില്‍ ചുവന്നുള്ളി അരിഞ്ഞ്‌ ചേര്‍ത്ത്‌ ഇളക്കുക. ഇതില്‍ നിന്നും ഊറി വരുന്ന നീര്‌ രണ്ട്‌ സ്പൂണ്‍ വീതം കുടിച്ചാല്‍ തൊണ്ട വേദന ചുമ എന്നിവ ശമിക്കും.
  • പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
  • ചെറുചൂടുവെള്ളത്തില്‍ ഉപ്പുകലര്‍ത്തി കവിള്‍കൊള്ളുക

         വയറുവേദന

  • ഇഞ്ചി, ഇടിച്ചുപിഴിഞ്ഞ തെളിനീര്‌ ഉപ്പ്‌ ചേര്‍ത്ത്‌കഴിക്കുക.
  • കറിവേപ്പില ചതച്ചിട്ട്‌ കഷായം വച്ച്‌ കഴിക്കുക
  • ഉലുവ കഷായം വച്ച്‌ കഴിക്കുക.

          കുഴിനഖം

  • കറ്റാര്‍ വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.
  • പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച്‌ കുഴി നഖമുള്ള വിരലില്‍തേക്കുക.
  • കത്തി നില്‍ക്കുന്ന നിലവിളക്കിലെ തിരിയിലൂടെ എണ്ണ കുഴിനഖത്തില്‍ ഒഴിക്കുക.
  • എരിക്കിന്‍ പാല്‍ ഇടുക.
  • നാടന്‍മഞ്ഞളും മെയിലാഞ്ചി ഇലയും സമം ചേര്‍ത്ത്‌ അരച്ച്‌ നഖം പൊതിഞ്ഞു കെട്ടുക

          കഫക്കെട്ട്‌

  • അയമോദകം പഞ്ചസാര ചേര്‍ത്തു പൊടിച്ചു കഴിക്കുക.
  • കടുക്ക ചാലിച്ച്‌ തേന്‍ ചേര്‍ത്തു കഴിക്കുക.
  • ഉലുവക്കഷായം തേന്‍ ചേര്‍ത്തു കഴിക്കുക.
  • നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.


          മുഖക്കുരുവിന്‌:

  • പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും ചേര്‍ത്തരച്ച്‌ മുഖത്ത്‌ തേക്കുക

          ദഹനക്കേടിന്‌:

  • ജാതിക്കായ പൊടിച്ച്‌ തേനില്‍ ചേര്‍ത്ത്‌ കഴിക്കുക

          പഴുതാര കുത്തിയാല്‍:

  • തുമ്പയിലയും കുരുമുളകും അരച്ചിടുക.

          കണ്ണിനു ചതവുപറ്റിയാല്‍

  • നന്ത്യാര്‍വട്ടപ്പൂവ്‌ കിഴികെട്ടി മുലപ്പാലില്‍ മുക്കിപ്പിഴിഞ്ഞ്‌ കണ്ണില്‍ രണ്ടോ മൂന്നോ തുള്ളി ഒഴിക്കുക.

          രക്തസമ്മര്‍ദ്ദം

  • മുരിങ്ങ ഇല നിത്യവും കഴിക്കുക.
  • ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ നിത്യവും കുടിക്കുക.

          തലവേദന

  • കടുക്ക്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുക.
  • ചുവുള്ളിയും കല്ലുപ്പും അരച്ചുപുരട്ടുക.

         ചെന്നികുത്ത്‌

  • നാല്‍പാമരതോല്‌ അരച്ച്‌ പുരട്ടുക.

          പല്ലുവേദന

  • വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.
  • ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.

         തീപ്പൊള്ളല്‍

  • തേനും നെയ്യും മിശ്രിതമാക്കി പുരട്ടുക.
  • മുള്ളുമുരികിന്റെ തൊലി അരച്ച്‌ പുരട്ടുക.
  • ഉപ്പുവെള്ളമോ മോരോ ഒഴിക്കുക.

          ആണിരോഗം

  • കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പുചാലിച്ചു പുരട്ടുക.
  • കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയില്‍ ചാലിച്ചു പുരട്ടുക.

         ക്യാന്‍സര്‍

  • കറുക പുല്ല്‌ നീരില്‍ വെള്ളം ചേര്‍ത്തു കഴിക്കുക.
  • നിലംപാല അരച്ചെടുത്ത്‌ പാലും ചേര്‍ത്ത്‌ കഴിക്കുക.

         തുമ്മല്‍

  • ചുവന്ന ഉള്ളി എണ്ണ കാച്ചി ഉപയോഗിക്കുക.
  • മഞ്ഞള്‍ കഷ്ണം കത്തിച്ച്‌ പുക ശ്വസിക്കുക.

         പനി

  • കുരുമുളകും ചുക്കും പൊടിയാക്കീഞ്ചി നീരില്‍ ചേര്‍ത്ത്‌ ചൂടാക്കി കുടിക്കുക.
  • തുളസി നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
  • ചുക്കും മല്ലിയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുക.

          അപസ്മാരം

  • വയമ്പ്‌ പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്തു കഴിക്കുക.

          ചുണങ്ങ്‌ മാറുവാന്‍

  • ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ചിടുക.
  • കടുക്ക്‌ അരച്ചെടുത്ത്‌ ചുണങ്ങില്‍ പുരട്ടുക.
  • ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ്‌ ചേര്‍ത്ത്‌ ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.

         ചെങ്കണ്ണ്‌

  • ചെറുതേന്‍ കണ്ണില്‍ ഉറ്റിക്കുക.
  • നമ്പ്യാര്‍വെട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോള്‍ വരു പാല്‍ കണ്ണില്‍ ഉറ്റിക്കുക.

         ജലദോഷം
  • ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
  • തുളസിയില കഷായം വച്ച്‌ കഴിക്കുക.

         നടുവേദന

  • ആവണക്കെണ്ണ ചുടുകഷായത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.
  • അരിക്കാടിയും മുളയില നീരും ചേര്‍ത്ത്‌ തിളപ്പിച്ച്‌ നടുവിന്‌ പുരട്ടുക.

         ചെവിവേദന

  • ഉള്ളി നീര്‌ ചൂടാക്കി ചെറു ചൂടോടെ ചെവിയിലൊഴിക്കുക.
  • ഇഞ്ചി നീര്‌ ചൂടാക്കി അരിച്ചെടുത്ത്‌ ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക.

         പ്രമേഹം

  • തൊട്ടാവാടി നീരില്‍ പാല്‍ ചേര്‍ത്ത്‌ കഴിക്കുക.
  • ബ്രഹ്മി ഉണക്കിപ്പൊടിച്ച്‌ ഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.
  • പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ കഴിക്കുക.

         സന്ധിവേദന

  • തൊട്ടാവാടി ഇടിച്ച്‌ പിഴിഞ്ഞ നീര്‌ തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക.
  • വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കി വേദനയുള്ളിടത്ത്‌ പുരട്ടുക.

         കൊടിഞ്ഞി

  • ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിക്കുക.
  • മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) നെറ്റിയുടെ ഇരുവശങ്ങളിലും അരച്ചിടുക.
  • ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചു പുരട്ടുക.
         കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന്

  • നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ‘ക്ഷണത്തോടൊപ്പം കഴിക്കുക.
  • തൈരും ഇഞ്ചിയും കറിയാക്കി പതിവായി ‘ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക.

          അമിതവണ്ണം

  • തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
  • ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
  • ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

         കാല്‍പാദ സംരക്ഷണത്തിന്

  • ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക.ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.
  • ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടാന്‍ തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി.
  • ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതില്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ പാദത്തിലെ വിണ്ടുകീറല്‍ മാറിക്കിട്ടും.
നിങ്ങള്‍ക്കറിയാവുന്ന ഒറ്റമൂലികള്‍ thanalmaram@hotmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുകയോ അഭിപ്രായങ്ങളായി രേഖപ്പെടുത്തുകയോ ചെയ്യുക.­

Tuesday, February 2, 2010

കറുപ്പന്‍ തേന്‍കിളി

ഭംഗിയുള്ള ഒരു കൊച്ചു പക്ഷിയാണ് കറുപ്പന്‍ തേന്‍കിളി. ആണ്‍പക്ഷിയ്ക്ക് നീലകലര്‍ന്ന കറുപ്പ് നിറവും പെണ്‍പക്ഷിയ്ക്ക് പച്ചകലര്‍ന്ന ഇരുണ്ട നിറവുമാണ്.

പേര് സൂചിപ്പിക്കുംപോലെ തേന്‍ കുടിക്കാന്‍ അനുയോജ്യമായ കൂര്‍ത്ത് വളഞ്ഞ കൊക്ക് കറുപ്പന്‍ തേന്‍ കിളിയുടെ ഒരു സവിശേഷതയാണ്. ഏറെക്കുറെ ചെറുതേന്‍കിളിയുടെ അത്രതന്നെ വലുപ്പമേ ഇവയ്ക്കുള്ളൂ.

വേഗത്തില്‍ പറക്കാനുള്ള കഴിവും പൂവില്‍ നിന്നും പൂവിലേയ്ക്ക് ചാടിച്ചാടി എത്താനുമുള്ള കഴിവും കറുപ്പന്‍ തേന്‍കിളിയ്ക്കുണ്ട്. പൂവിനു മുകളില്‍ കാറ്റ് ചവിട്ടി നില്‍ക്കുന്നതുപോലെ വായുവില്‍ പറന്നുനില്‍ക്കാന്‍ ഇവയ്ക്ക് കഴിയും. ശരിക്കും ഒരു അഭ്യാസിയെപ്പോലെ.

മനോഹരമായ ശബ്ദമാണ് കറുപ്പന്‍ തേന്‍കിളിയുടേത്. ഒറ്റയ്ക്കും കൂട്ടത്തോടെയും ഇവ സഞ്ചരിക്കാറുണ്ട്. തേനും പ്രാണികളുമാണ് പ്രധാന ഇര. വനങ്ങളിലും നാട്ടിലെ തോട്ടങ്ങളിലും കറുപ്പന്‍ തേന്‍കിളികളെ കാണാനാകും. മരക്കൊമ്പിലാണ് ഇവ കൂട് കൂട്ടുന്നത്.

======================================================================

കരിതപ്പി

കാഴ്ചയ്ക്ക് ചക്കിപ്പരുന്തിനോട് സാമ്യമുണ്ടെങ്കിലും ചക്കിപരുന്തിനോളം വലുപ്പമില്ലാത്ത പക്ഷിയാണ് കരിതപ്പി. വിളനോക്കി എന്നും ഇവയ്ക്ക് പേരുണ്ട്.

ചതുപ്പിലും വെള്ളക്കെട്ടുള്ള മേഖലയിലുമാണ് ഇവയുടെ താമസം. വേനല്‍ക്കാലത്ത് യൂറോപ്പ് മുതല്‍ സൈബീരിയ വരെ ഊരുചുറ്റാന്‍ പോകും. ശൈത്യകാലത്ത് ഇവ ഏഷ്യയുടെ ദക്ഷിണമേഖലയിലെത്താറുണ്ട്. ആ സമയത്ത് ഇന്ത്യയുടെ വിവിധ ഭാഗത്തും കേരളത്തിലും ഇവയെ കാണാം.

കറുത്തിരുണ്ട നിറവും വലിയ ചിറകുമാണ് പെണ്‍പക്ഷിയ്ക്ക്. ആണ്‍പക്ഷിയ്ക്ക് ചാരനിറമാണ്. കുഞ്ഞുങ്ങള്‍ക്കാവട്ടെ കറുപ്പുനിറവും.

തവള, മത്സ്യം, ഇഴജന്തുക്കള്‍, മറ്റു പക്ഷിക്കുഞ്ഞുങ്ങള്‍ എന്നിവയാണ് മുഖ്യ ഭക്ഷണം. സഞ്ചാരം ഒറ്റയ്ക്കാണ്. രാത്രി വിശ്രമിക്കുക പാറയിലോ നിലത്തോ ആയിരിക്കും. മരങ്ങളില്‍ വിശ്രമിക്കുന്നത് വിരളമാണ്. നിലത്തോ പാറയുടെ മുകളിലോ ആണ് ഇവ കൂടുണ്ടാക്കുക. ഹിമാലയത്തിനിപ്പുറമുള്ള പ്രദേശങ്ങളില്‍ ഇവ കൂടുകൂട്ടുന്നതായി അറിവായിട്ടില്ല. നീര്‍ത്തടങ്ങളുടെ കുറവ് ഇവയുടെ കേരള സന്ദര്‍ശനത്തെ ബാധിച്ചിട്ടുണ്ട്.

======================================================================

കോഴി വേഴാമ്പല്‍

പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വമായ ഒരു പക്ഷിയാണ് കോഴിവേഴാമ്പല്‍. കേരളത്തിലെ സൈലന്റ് വാലി, തട്ടേക്കാട്, തേക്കടി, ആറളം തുടങ്ങിയ വന്യജീവിസങ്കേതങ്ങളില്‍ ഇവയെ കാണാം.

കോഴിവേഴാമ്പലിന്റെ ദേഹം ആകെക്കൂടി കറുപ്പ് നിറമാണ്. ആണ്‍പക്ഷിയുടെ ചുണ്ടിന് ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറവും പെണ്‍പക്ഷിയുടേതിന് മഞ്ഞനിറവുമാണ്. നീണ്ട കൊക്കാണിവയ്ക്ക്. വാല്‍ ഉള്‍പ്പെടെ രണ്ടടിയോളം നീളമുള്ള ഈ പക്ഷിയുടെ പരന്ന വാലില്‍ അവിടവിടെ ചില വെള്ളവരകള്‍ ഉണ്ടായിരിക്കും.

മിക്കപ്പോഴും ഇണയോടൊപ്പം സഞ്ചരിക്കുന്ന കോഴിവേഴാമ്പലിനെ ശബ്ദം കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാം. പഴങ്ങളും പ്രാണികളും മറ്റുമാണ് പ്രധാനഭക്ഷണം. വന്മരങ്ങളിലാണ് ഇവ മുട്ടയിടുക. കൂട് സുരക്ഷിതമാക്കാനായി ഇവ കൂടിന്റെ ദ്വാരം അടയ്ക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ആണ്‍പക്ഷി ഭക്ഷണമെത്തിക്കും. മനുഷ്യസാമീപ്യമാണ് വേഴാമ്പലുകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വന്മരങ്ങളുടെ കുറവും ഇവയുടെ ആവാസത്തെ ബാധിക്കുന്നു.

======================================================================

കാട്ടൂഞ്ഞാലി

ആകൃതിയിലും സ്വഭാവത്തിലും നാട്ടിലെ ഓലേഞ്ഞാലികളോട് വളരെ സാദൃശ്യമുള്ള കിളിയാണ് കാട്ടുഞ്ഞാലി. ഒലേഞ്ഞാലിയേക്കാള്‍ വലുപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ടെന്നുമാത്രം.

ലോകത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രമേ ഈ പക്ഷിയെ കാണാനാകൂ. നിത്യഹരിതവനങ്ങളും ചോലവനങ്ങളുമാണ് ഇവയുടെ പ്രിയസങ്കേതങ്ങള്‍.

നീളമുള്ള വാലും ബലമുള്ള കാലും കൊക്കും വേഗത്തില്‍ പറക്കാനുള്ള കഴിവുമാണ് മറ്റു കിളികളില്‍ നിന്ന് കാട്ടുഞ്ഞാലിയെ വ്യത്യസ്തമാക്കുന്നത്. ഇവയിലെ ആണിനും പെണ്ണിനും നിറവ്യത്യാസമില്ല.

ഓലേഞ്ഞാലിയേക്കാള്‍ ഉച്ചത്തിലുള്ളതാണ് ഇവയുടെ ശബ്ദം. ഇവ ആനറാഞ്ചിപക്ഷികളുടെ ശബ്ദം അനുകരിക്കാറുണ്ട്. വൃക്ഷങ്ങളില്‍ തുള്ളിച്ചാടി നടക്കുന്ന കാട്ടൂഞ്ഞാലിയുടെ ഭക്ഷണം ഷഡ്പദങ്ങളും പഴങ്ങളും മറ്റുമാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂടുകൂട്ടുക. മനുഷ്യവാസമുള്ളിടത്ത് ഇവ കൂടുകെട്ടില്ല. കൂടുകളുടെ കാര്യത്തിലും ഇവയ്ക്ക് ഓലേഞ്ഞാലികളോട് സാദൃശ്യമുണ്ട്. ഒരു തവണ നാലു മുട്ടകള്‍ വരെ ഇടുന്ന ഇവയുടെ മുട്ടയ്ക്കു പച്ച കലര്‍ന്ന വെള്ളനിറമാണ്. മുട്ടയില്‍ ചുവപ്പ്, തവിട്ട് കുത്തുകളുമുണ്ടാവും.

======================================================================

ഓമനപ്രാവ്

പേരില്‍ മാത്രമല്ല, കാഴ്ചയിലും ഓമനത്തമുള്ള പക്ഷി. അതാണ് ഓമനപ്രാവ്. പ്രാവ് വര്‍ഗത്തിലെ മനോഹരമായ ഈ പക്ഷി പശ്ചിമഘട്ടത്തിലെ അന്തേവാസിയാണ്.

ഏത് പെയിന്റ് കമ്പനിയുടെയും ബ്രാന്‍ഡ് അംബാസഡറാക്കാം ഓമനപ്രാവിനെ. അത്രയ്ക്ക് നിറപകിട്ടാര്‍ന്ന പക്ഷിയാണിത്. ആണ്‍പക്ഷിക്ക് നെറ്റിയും തലയും വെള്ളനിറം. കഴുത്ത് ചാരനിറം. ചിറകും പുറവും കടുത്ത പച്ചനിറം. വെയില്‍ അടുക്കുമ്പോള്‍ ഈ പച്ചനിറത്തിന് തിളക്കമുണ്ടാവും. അടിഭാഗം ചുലപ്പുകലര്‍ന്ന ചാരനിറം.

ഓമന പ്രാവിന്റെ നെറ്റിയില്‍ ഭംഗിയുള്ള വെളുത്ത അടയാളമുണ്ടാകും. ആണ്‍പക്ഷിയുടെ തോളിലുമുണ്ട് ഒരു വെള്ളപ്പാട്. ഇവയുടെ കൊക്കും കാലുകളും ചുവപ്പ് നിറത്തിലാണ്. വാലിനോടു ചേര്‍ന്ന് കറുപ്പും വെള്ളയും നിറങ്ങളുണ്ട്.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന അമ്പലപ്രാവിനേക്കാള്‍ അല്‍പം ചെറുതാണ് ഓമനപ്രാവ്. ഇവയുടെ ദേഹം തടിച്ചുരുണ്ടതാണ്. കേരളത്തിലെ മിക്കവാറും കാടുകളില്‍ ഇവയെ കാണാം. നിലത്തു നടന്ന് ഇരതേടാനാണ് ഇവയ്ക്കു താല്‍പര്യം. ഒറ്റയ്ക്കും ഇണയോടൊപ്പവുമാണ് സഞ്ചാരം. മനുഷ്യനെ കാണുന്ന മാത്രയില്‍ അതിവേഗത്തില്‍ ഇവ പറപറക്കും. ധാന്യങ്ങളാണ് പ്രധാനാഹാരം.

സാധാരണ പ്രാവുകളെപോലെ ശബ്ദിക്കാറില്ല എന്നതാണ് ഓമനപ്രാവുകളുടെ മറ്റൊരു പ്രത്യേകത.

======================================================================

Sunday, January 10, 2010

CONTACT US


Home


മഹത് വ്യക്തികളെ ആദരിക്കല്‍, പ്രകൃതി സംരക്ഷണാര്‍ഥം ബോധവത്കരണ ക്ലാസുകള്‍ നടത്തല്‍, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍,പെഴ്സണാലിറ്റി ഡെവലപ്മെന്‍റ് ക്ലാസുകള്‍, കൗണ്‍സലിങ് പ്രോഗ്രാമുകള്‍

Friday, January 1, 2010

തണ്ണീര്‍ത്തടങ്ങള്‍ക്കായ് ഒരു ദിനം

ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നു. ലക്ഷക്കണക്കിനു ജനങ്ങളുടെ ശുദ്ധജലസ്രോതസായും ഭൂഗര്‍ഭ ജലവിതാനം താഴാതെ നിലനിര്‍ത്തുന്ന ജൈവവ്യവസ്ഥയായും പ്രവര്‍ത്തിക്കുന്ന തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് അറിയാനും അവയെ സംരക്ഷിക്കാനുളള പ്രതിജ്ഞ പുതുക്കാനുമായി ഒരു ദിനം.

എന്താണ് തണ്ണീര്‍ത്തടങ്ങള്‍? പുഴകള്‍, കായലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുകള്‍, കണ്ടല്‍ക്കാടുകള്‍, നെല്‍പ്പാടങ്ങള്‍ തുടങ്ങി ആറു മീറ്ററിലും കുറഞ്ഞ ആഴമുള്ള ജലാശയങ്ങളെ പൊതുവേ തണ്ണീര്‍ത്തടങ്ങള്‍ എന്നു വിളിക്കുന്നു. കരയ്ക്കും കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കു രണ്ടിന്റെയും സ്വഭാവങ്ങളുണ്ട്.വര്‍ഷം മുഴുവനുമോ ചില മാസങ്ങളോ വെള്ളം കെട്ടിക്കിടക്കുക, ഭൂഗര്‍ഭജലം ഉപരിതലം വരെ ഉയര്‍ന്നു നില്‍ക്കുക, ജലസസ്യങ്ങളും ജലപൂരിത മണ്ണും ഉണ്ടാകുക തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളെ നിര്‍വചനത്തില്‍പ്പെടും.

തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ അളക്കാനാവാത്തതാണ്. ഭൂഗര്‍ഭജലവിതാനം പിടിച്ചുനിര്‍ത്തി ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജലസംഭരണികളാണ് അവ. ജീവന്റെ ഉറവയെന്നു കരുതപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയുടെ വൃക്കകളായി വിശേഷിക്കപ്പെടുന്നു. അവ നമുക്കായി ജലം ശുദ്ധീകരിക്കുന്നു,മാലിന്യങ്ങള്‍ സ്വീകരിക്കുന്നു, വര്‍ഷകാലത്തെ അധികജലത്തെ ഉള്‍ക്കൊണ്ട് വെള്ളപ്പൊക്കത്തെ തടയുന്നു, ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നു, കിണറുകളിലും കുളങ്ങളിലും ഉറവയെത്തിക്കുന്നു. ജൈവവൈവിധ്യത്തിന്റെ ഉറവിടം കൂടിയാണു തണ്ണീര്‍ത്തടങ്ങള്‍. രാസമാലിന്യങ്ങള്‍ പോലും ഇവിടെ രൂപാന്തരപ്പെടുന്നുണ്ട്. ഭൂമിയുടെ ശുചീകരണമാണ് ഇവിടെ നടക്കുന്നത്.

മനുഷ്യനും തണ്ണീര്‍ത്തടങ്ങളും തമ്മില്‍ പ്രാചീനകാലം മുതലേ അഭേദ്യമായ ബന്ധമുണ്ട്. വളക്കൂറുള്ള മണ്ണും അവശ്യസാധന ലഭ്യതയും സുലഭമായ ശുദ്ധജലലഭ്യതയുമാണ് പ്രധാന കാരണം. മണ്ണൊലിപ്പു തടയുക, ഭക്ഷ്യശൃംഖല രൂപപ്പെടുത്തുക, തീരദേശം സംരക്ഷിക്കുക, ഭൂര്‍ഗഭജലം ശേഖരിക്കുക തുടങ്ങി വളരെയധികം പാരിസ്ഥിതിക ധര്‍മങ്ങള്‍ തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുന്നു.

എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും പ്രകൃതിയുടെ ഈ വരദാനത്തിന് ഭീഷിണിയാകുകയാണ്. കയ്യേറ്റവും മലിനീകരണവും മൂലം ലോകമാകെ തണ്ണീര്‍ത്തടങ്ങള്‍ നശിച്ച് കൊണ്ടിരിക്കുന്നു. ശുദ്ധജലദൌര്‍ലഭ്യത്തിന്റെ മൂലകാരണമാകാവുന്ന വിപത്തിലേക്കാണ് തണ്ണീര്‍ത്തടങ്ങളുടെ നാശം നയിക്കുന്നത്. ഇത് കൊണ്ട് മനുഷ്യന് മാത്രമല്ല അപകടം, സസ്തനികള്‍, നീര്‍പ്പക്ഷികള്‍, ഉരഗങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇൌ ആവാസവ്യവസ്ഥയെ ആശ്രയിച്ചുകഴിയുന്ന പല ജീവികളും വംശനാശ ഭീഷണിയിലാണ്.

തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇറാനിലെ റംസറില്‍ നടത്തിയ തണ്ണീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷനില്‍ തയാറാക്കിയ രേഖയില്‍ 1971 ഫെബ്രുവരി രണ്ടിന് 35 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇപ്പോള്‍ ഇന്ത്യയടക്കമുളള 158 രാജ്യങ്ങള്‍ അംഗങ്ങളാണ്. ലോകമെമ്പാടുമുള്ള രാജ്യാന്തര പ്രാധാന്യമുള്ള 1828 തണ്ണീര്‍ത്തടങ്ങള്‍ 'റംസര്‍ സൈറ്റു'കളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളെയും നീര്‍പക്ഷികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം റംസര്‍ കണ്‍വന്‍ഷന്‍ രാഷ്ട്രങ്ങളെ ഒാര്‍മിപ്പിച്ചു. ഇതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തട ദിനമാക്കിയത്.

More Stories...

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക