കല്പറ്റ: വയനാട് വന്യജീവിസങ്കേതം സംസ്ഥാനത്തെ മൂന്നാമത്തെ കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു. ഇതിനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. ഇന്ത്യയിലെ മറ്റ് ദേശീയപാര്‍ക്കുകളെ അപേക്ഷിച്ച് വയനാടന്‍ വനമേഖല കടുവകളുടെ വംശവര്‍ധനയില്‍ ഏറെ മുന്നിലാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 70 കടുവകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പിങ് അടക്കമുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചുനടത്തിയ കണക്കെടുപ്പിലാണ് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് വയനാട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞത്.
വയനാട് വന്യജീവിസങ്കേതത്തെ കടുവസങ്കേതമാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതിനകം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വൈകാതെതന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. വയനാടിനെ ഏറ്റെടുക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് പരിസ്ഥിതിമന്ത്രാലയം ഇതിനകംതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വന്യജീവികളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായ വനമേഖലയായതിനാല്‍ കടുവസങ്കേതമാക്കി മാറ്റുന്നതിനുള്ള എതിര്‍പ്പ് അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. കേന്ദ്രപദ്ധതിപ്രകാരം വനഗ്രാമങ്ങളില്‍നിന്നുള്ള ജനങ്ങളുടെ പുനരധിവാസം പ്രഖ്യാപനത്തിന് മുന്നോടിയായി തകൃതിയായി നടക്കുന്നുണ്ട്. പറമ്പിക്കുളം, പെരിയാര്‍ കടുവസങ്കേതങ്ങള്‍ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് വയനാടന്‍ കാടുകള്‍. ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രംകൂടിയാണ് ഈ വനമേഖല.
രണ്ടുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. 2010-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1706 കടുവകളുണ്ട്. 2008-ല്‍ 1411 കടുവകളാണ് ഉണ്ടായിരുന്നത്. രാജ്യത്ത് രണ്ടുവര്‍ഷംകൊണ്ട് ശരാശരി 295 കടുവകള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍, ഈ നിഗമനത്തെ കടത്തിവെട്ടുന്നതാണ് വയനാട് മേഖലയിലെ കടുവകളുടെ എണ്ണപ്പെരുപ്പം.
മുത്തങ്ങയും തോല്‍പ്പെട്ടിയും ചേര്‍ന്നതാണ് വയനാട് വന്യജീവി സങ്കേതം. വനംവകുപ്പ് ഇവിടെ പ്രവേശനകവാടം തീര്‍ത്ത് സന്ദര്‍ശകര്‍ക്ക് വനത്തിനുള്ളിലേക്ക് 'സഫാരി' അനുവദിക്കുന്നുണ്ട്.
27.7.2012 Mathrubhumi Kerala News
No comments:
Post a Comment