പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...
വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും ജലമാണെങ്കിലും അതില്‍ ശുദ്ധജലം മൂന്നു ശതമാനം മാത്രം. അതില്‍തന്നെ നമുക്കു ലഭ്യമായതു വെറും ഒരു ശതമാനം. അതു തന്നെ പൂര്‍ണമായി കുടിക്കാന്‍ പറ്റുന്ന ശുദ്ധജലമല്ല. അതായതു ഭൂമിയിലെ ജലത്തെ മുഴുവന്‍ ഒരു നൂറു ലീറ്റര്‍ ടാങ്കില്‍ കൊള്ളുന്നത്രയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ അതില്‍ മനുഷ്യന് കുടിക്കാന്‍ പറ്റുന്നതു കഷ്ടിച്ച് ഒരു ലീറ്റര്‍ മാത്രം.
ഈ ഒരു ലീറ്ററിനായി ലോകം പരക്കം പായുന്നു. യൂഫ്രട്ടീസിലെയും ടൈഗ്രിസിലെയും ജലം പങ്കിടുന്നതിനെച്ചൊല്ലി സിറിയയിലും ഇറാഖിലും തുര്‍ക്കിയിലും സംഘര്‍ഷം പുകയുകയാണ്. യുഎസ് ഇറാഖിനെ ആക്രമിച്ചതു ജലസമ്പത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാണെന്നു നയതന്ത്രതലത്തില്‍ അന്നേ സംസാരമുണ്ട്. ഈജിപ്തും ഇത്യോപ്യയും സുഡാനും കശപിശ കൂടുന്നതു നൈല്‍ നദിയിലെ വെള്ളത്തെച്ചൊല്ലിയാണ്.
ആളുകളുടെ എണ്ണം കടല്‍ പോലെ പെരുകുമ്പോള്‍ ജല ഉപയോഗവും വര്‍ധിക്കാതെ വയ്യ. ജനങ്ങളുടെ എണ്ണം ഒരു നൂറ്റാണ്ട് കൊണ്ടു മൂന്നു മടങ്ങായപ്പോള്‍ ജല ഉപയോഗം ആറിരട്ടിയായി. ഓരോ നിമിഷവും അതു കൂടിക്കൊണ്ടുമിരിക്കുന്നു. കൂടുതല്‍ ജലസ്രോതസ്സുകള്‍ രൂപം കൊള്ളുന്നില്ല. ഉള്ളവ നശിച്ചുകൊണ്ടിരിക്കുകയുമാണ്.
ഗാന്ധിജിയുടെ വാക്കുകള്‍ കടമെടുത്താല്‍, ലോകത്തിന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള ജലം ഇവിടെയുണ്ട്. ധൂര്‍ത്തടിക്കാതെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണമെന്നുമാത്രം. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വെള്ളം ന്യായമായി പങ്കിടണം. ഈ പങ്കുവയ്ക്കലിനെ ത്വരിതപ്പെടുത്താനും അതിനായി അവബോധം സൃഷ്ടിക്കാനുമാണു രാജ്യാന്തര ജലസഹകരണ വര്‍ഷാചരണം. വിവിധ സമൂഹങ്ങളും സംസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ തമ്മില്‍ നിലനില്‍ക്കുന്ന ജല തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണു ലക്ഷ്യം.
ജല സഹകരണ വര്‍ഷം എന്തിന് ?
- ജലലഭ്യതയുടെ വെല്ലുവിളികള്‍ കൂട്ടായി നേരിടുക.
- ശാസ്ത്രീയ ജല ഉപയോഗം ശീലിക്കുക.
- വിവിധ സ്ഥലങ്ങളിലെ ജലസഹകരണത്തിന്റെ വിജയമാതൃകകള്‍ ലോകത്തിനു പരിചയപ്പെടുത്തുക.
- പുതിയ മാതൃകകള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തി വ്യാപകമാക്കുക.
- ജലസാക്ഷരത ഉറപ്പാക്കുക.
- ജല നയതന്ത്രം രൂപപ്പെടുത്തുക.
- അതിര്‍ത്തികള്‍ കടന്നുള്ള ജലം പങ്കുവയ്ക്കല്‍ സുഗമമാക്കുക.
- ദേശീയ-രാജ്യാന്തര ജല നിയമങ്ങള്‍ നിര്‍മാണം.
- ശുദ്ധജലസ്രോതസ്സുകളുടെ സംരക്ഷണം.
വെള്ളമില്ലാതെ മൂന്നിലൊന്ന് ജനം
രണ്ടു വര്‍ഷം മുന്‍പു 2010 ഡിസംബറിലാണു 2013നെ ജലസഹകരണ വര്‍ഷമായി പ്രഖ്യാപിച്ചത്. പരിപാടികളുടെ ഒൌദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 11നു പാരിസിലെ യുനെസ്കോ ആസ്ഥാനത്ത് നടക്കും. 180 രാജ്യങ്ങളില്‍നിന്നായി ആറായിരത്തിലേറെ ആളുകള്‍ പങ്കെടുത്ത ജലസഹകരണ വര്‍ഷ മുദ്രാവാക്യ മല്‍സരത്തിന്റെ ഫലപ്രഖ്യാപനവുമുണ്ടാകും.
യുഎന്‍ പ്രഖ്യാപിച്ചിരിക്കുന്ന 'ജീവനായി ജലം ദശാബ്ദത്തില്‍ (2005-15) തന്നെയാണു ജല സഹകരണ വര്‍ഷവും എന്ന പ്രത്യേകതയുമുണ്ട്. ജലദിനമായ മാര്‍ച്ച് 22ന് ഇക്കൊല്ലം ലോകവ്യാപകമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ലോക ജനസംഖ്യയുടെ മൂന്നിലൊന്നും ഇപ്പോള്‍തന്നെ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്.
ജലസമൃദ്ധമായിരുന്ന കേരളത്തിന്റെ അവസ്ഥയും പരിതാപകരം. കഴിഞ്ഞ വര്‍ഷം മാത്രം ജലദൌര്‍ലഭ്യംകൊണ്ട് 230 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷി ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പറയുന്നു. നെല്ലും നാണ്യവിളകളുമാണ് ഏറെ നഷ്ടമുണ്ടാക്കിയത്.
ദുരന്തങ്ങളും അപകടങ്ങളും സഹകരണത്തിനു പ്രേരണയാകുമെന്നാണല്ലോ പാഠം. ലോകമെമ്പാടും ഇന്ന് ഇത്തരം ദുരന്തങ്ങള്‍ മാറിമാറി സംഭവിക്കുകയാണ്. യുഎന്‍ സഹകരണത്തോടെ ന്യായമായ ജലവിനിയോഗത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയൂ.
സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഐക്യരാഷ്ട്ര സംഘടന ജലസഹകരണ വര്‍ഷ പരിപാടികള്‍ തയാറാക്കിയിരിക്കുന്നത്.
എല്ലാവര്‍ക്കും പങ്കെടുക്കാനും പകര്‍ത്താനും പരിശീലിക്കാനും കഴിയുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതിനായുള്ള മാര്‍ഗങ്ങളും www.unwater.org എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
No comments:
Post a Comment