.

.

Saturday, March 16, 2013

കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.


ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.


ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനായ പക്ഷിനിരീക്ഷകന്‍ പി പി ശ്രീനിവാസനാണ് പക്ഷികളെ കണ്ടെത്തിയത്. ആന്ധ്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ചാട്ടക്കോഴി എന്ന ലെസസെര്‍ ഫ്ളോറിക്കന്‍, കാടക്കോഴി ഇനത്തില്‍പ്പെട്ട ഗ്രേ പാട്രിജ് എന്നിവയെ ഗുരുവായൂര്‍ പുന്നയൂര്‍, വടക്കേക്കാട് മേഖലകളിലെ കുട്ടാടന്‍ പാടത്തും മറ്റൊരു ഇനമായ മഞ്ഞകണ്ണി തീപ്പിരി (യെല്ലോ വേറ്റില്‍ഡ് ലാറ്റ്വിങ്ങ്) പക്ഷിയെ അരിയന്നൂര്‍ ഭാഗത്തും അടുത്തിടെ കണ്ടെങ്കിലും വയല്‍കണ്ണന്‍ പക്ഷികളെ കണ്ടത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.

 മണ്ണിനോടും ഉണങ്ങിയ ചെടികളോടും സാദൃശ്യമുള്ള നിറമാണ് ഈ ചെറിയ പക്ഷികള്‍ക്ക്. വരണ്ട മണില്‍ കാണുന്ന ചെറുജീവികളാണ് പ്രധാന ഭക്ഷണം. രാത്രി ഇരതേടുന്ന ഇവ പകല്‍ മിക്കവാറും ഉറക്കമായിരിക്കും. ഇണകളില്‍ ഒന്ന് ഉറങ്ങുന്ന സമയത്ത് മറ്റേത് കാവലിരിക്കുകയാണ് പതിവ്. ആക്രമിക്കപ്പെടാവുന്ന സാഹചര്യങ്ങളില്‍ മണ്ണില്‍ അനക്കമില്ലാതെ കിടക്കുന്ന ഇവ തക്കം പാര്‍ത്ത് രക്ഷപ്പെടുകയാണ് പതിവ്.

വരണ്ട കാലാവസ്ഥയില്‍ കാണുന്ന പക്ഷികള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഇവിടുത്തെ മിതോഷ്ണ കാലാവസ്ഥയെ ആശ്രയിച്ച് എത്തിയിരുന്ന പ്രധാന ദേശാടന പക്ഷികളെല്ലാം സംസ്ഥാനം വിട്ടുപോകുന്നത് ആശങ്ക ബലപ്പെടുത്തുന്നു.

ഏപ്രില്‍ അവസാനം മാത്രം കേരളം വിടാറുള്ള എരണ്ടപ്പക്ഷികള്‍ ഇതിനകം കേരളത്തില്‍ നിന്നും പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. സൂചിവാലന്‍ എരണ്ട, വരിയിരണ്ട, കോരി ചുണ്ടന്‍ താറാവ് എന്നിവ കേരളം വിട്ടുകഴിഞ്ഞു

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക