.

.
Showing posts with label ജൈവവൈവിധ്യം. Show all posts
Showing posts with label ജൈവവൈവിധ്യം. Show all posts

Tuesday, November 24, 2026

പത്തുവർഷത്തിനുശേഷം കേരളത്തിൽ വീണ്ടും ചെന്നീലിക്കാളി; അപൂർവ അതിഥിയുടെ വരവിൽ ശ്രദ്ധാകേന്ദ്രമായി പുഞ്ചക്കരി

തിരുവനന്തപുരം: കേരളത്തിൽ അപൂർവമായി മാത്രം എത്തുന്ന ദേശാടനപ്പക്ഷികളിലൊന്നായ ചെന്നീലിക്കാളിയെ (Daurian Starling) വീണ്ടും കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി കായലോരത്തെ പുഞ്ചക്കരിയിലാണ് പക്ഷിനിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ച ഈ അപൂർവ പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഏകദേശം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ പക്ഷിയെ കേരളത്തിൽ വീണ്ടും കണ്ടെത്തുന്നത്.

2026 നവംബർ 22-ന് പക്ഷിനിരീക്ഷകനായ കണ്ണൻ സാവേരി പകർത്തിയ ചിത്രങ്ങളിലൂടെയാണ് പുഞ്ചക്കരിയിലെ ചെന്നീലിക്കാളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അപൂർവ ദേശാടനപ്പക്ഷികൾ ഉൾപ്പെടെ നിരവധി പക്ഷിവർഗങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ് വെള്ളായണി കായലിനോട് ചേർന്നുള്ള പുഞ്ചക്കരി.

സ്റ്റാർലിംഗ് കുടുംബത്തിൽപ്പെടുന്ന ഈ പക്ഷിക്ക് ഏകദേശം മൈനയുടെ വലിപ്പമാണുള്ളത്. വടക്കുകിഴക്കൻ മംഗോളിയ, റഷ്യയിലെ ട്രാൻസ്-ബൈക്കൽ മേഖല, ചൈനയിലെ അമൂർ നദീതടം, ഉത്തരകൊറിയ തുടങ്ങിയ പ്രദേശങ്ങളാണ് ഇവയുടെ പ്രധാന പ്രജനനമേഖലകൾ. ശൈത്യകാലത്ത് തെക്കൻ ചൈന, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മ്യാൻമർ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ഇവ സാധാരണയായി സഞ്ചരിക്കുന്നത്. സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകളിലും ഇവയെ കാണാം.

കേരളത്തിൽ സ്ഥിരമായ ദേശാടനരീതിയില്ലാത്തതും അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്നതുമായ പക്ഷികളിൽ ഒന്നാണിത്. പക്ഷിശാസ്ത്രത്തിൽ ഇത്തരം അപൂർവമായി വഴിതെറ്റി എത്തുന്ന പക്ഷികളെ 'വാഗ്രന്റ്' (Vagrant) വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. 2015 നവംബർ 14-ന് തിരുവനന്തപുരം വെള്ളായണി തണ്ണീർത്തടത്തിൽ ഈ പക്ഷിയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച പഠനം 2016-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് തൃശൂർ കോൾനിലങ്ങളിലെ ഉപ്പുങ്ങലിലും ആലപ്പുഴയിലെ ചങ്ങരം പക്ഷിസങ്കേതത്തിലും ചെന്നീലിക്കാളിയെ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം കേരളത്തിൽ വീണ്ടും സ്ഥിരീകരിക്കപ്പെടുന്ന ശ്രദ്ധേയമായ കണ്ടെത്തലാണ് പുഞ്ചക്കരിയിലേത്.

സാധാരണയായി ചെറിയ കൂട്ടങ്ങളായാണ് ചെന്നീലിക്കാളികൾ സഞ്ചരിക്കുന്നത്. ദേശാടനത്തിനിടെ റോസി സ്റ്റാർലിംഗുകൾ ഉൾപ്പെടെയുള്ള മറ്റു സ്റ്റാർലിംഗുകൾക്കൊപ്പവും മൈനകൾക്കൊപ്പവും ഇവയെ കാണാറുണ്ട്. ചെറുപ്രാണികൾ, പഴങ്ങൾ, പൂന്തേൻ എന്നിവയാണ് പ്രധാന ഭക്ഷണം. തുറസ്സായ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ, തണ്ണീർത്തടങ്ങളോട് ചേർന്നുള്ള മരങ്ങൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും ആഹാരം തേടുന്നത്.

Agropsar sturninus എന്നാണ് ചെന്നീലിക്കാളിയുടെ ശാസ്ത്രീയ നാമം. പർപ്പിൾ-ബാക്ക്ഡ് സ്റ്റാർലിംഗ് (Purple-backed Starling) എന്നും അറിയപ്പെടുന്ന ഈ പക്ഷിയെ ആഗോളതലത്തിൽ വംശനാശഭീഷണി കുറഞ്ഞ വിഭാഗമായ 'ലീസ്റ്റ് കൺസേൺ' (Least Concern) പട്ടികയിലാണ് ഐയുസിഎൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുഞ്ചക്കരിയിൽ ചെന്നീലിക്കാളിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിക്കപ്പെട്ടത് പ്രദേശത്തിന്റെ പക്ഷിജൈവവൈവിധ്യത്തിന്റെയും പാരിസ്ഥിതിക പ്രാധാന്യത്തിന്റെയും തെളിവാണ്. ദേശാടനപ്പക്ഷികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയായി നിലനിൽക്കുന്ന ഇവിടത്തെ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ കണ്ടെത്തൽ ഓർമിപ്പിക്കുന്നു. വികസനപ്രവർത്തനങ്ങളും മനുഷ്യരുടെ ഇടപെടലുകളും മൂലം തണ്ണീർത്തടങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഇത്തരം അപൂർവ പക്ഷികളുടെ സാന്നിധ്യം അവയുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക