കേരള തീരത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ ഉൾപ്പെടെ നടത്തിയ പഠനത്തിൽ നിർണായക കണ്ടെത്തൽ | പഴയ വർഗീകരണത്തിൽ മാറ്റം വരുത്തി ഗവേഷകസംഘം
തിരുവനന്തപുരം: മത്സ്യങ്ങളുടെ ചെകിളകളിൽ പരാദജീവിതം നയിക്കുന്ന ഐസോപോഡ് വിഭാഗത്തിൽപ്പെട്ട ഒരു പരാദജീവിക്ക് പുതിയ ജനുസ്സ് (Genus) തിരിച്ചറിഞ്ഞ് ഗവേഷകർ 'ഗിബ്ബോതോവ' (Gibbothoa) എന്ന് നാമകരണം ചെയ്തു. നേരത്തെ 'അഗാർണ' (Agarna) എന്ന ജനുസ്സിൽ ഉൾപ്പെടുത്തിയിരുന്ന 'അഗാർണ മലായി' (Agarna malayi) എന്ന ഇനത്തെ വിശദമായ രൂപഘടനാ പഠനത്തിന്റെയും ജനിതക പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പുതിയ ജനുസ്സിലേക്ക് മാറ്റിയത്. ഇതോടെ ഈ ജീവിയുടെ ശാസ്ത്രീയ നാമം 'ഗിബ്ബോതോവ മലായി' (Gibbothoa malayi) എന്നായി മാറി.അന്താരാഷ്ട്ര ശാസ്ത്രജേണലായ Marine Biodiversity യിൽ 2026 നവംബർ 11-ന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ വിശദീകരിക്കുന്നത്. 'Revision of the fish parasitic branchial cymothoid genus Agarna Schioedte & Meinert, 1884 (Crustacea: Isopoda: Cymothoidae), with description of Gibbothoa gen. nov.' എന്നാണ് പഠനത്തിന്റെ പേര്.
മത്സ്യങ്ങളുടെ ചെകിളകളിൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന സൈമോത്തോയിഡേ (Cymothoidae) കുടുംബത്തിൽപ്പെട്ട പരാദ ഐസോപോഡുകളെക്കുറിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിയത്. ശരീരത്തിന്റെ ഘടനയിലെ പ്രത്യേകതകൾ, ശരീരഭാഗങ്ങളുടെ വിന്യാസം, മറ്റ് സൂക്ഷ്മമായ രൂപഘടനാ സവിശേഷതകൾ എന്നിവ പരിശോധിച്ചാണ് ഗിബ്ബോതോവയെ അഗാർണയിൽനിന്ന് വ്യത്യസ്തമായ ജനുസ്സായി തിരിച്ചറിഞ്ഞത്.
ഗിബ്ബോതോവ വിഭാഗത്തിൽപ്പെട്ട ജീവിയുടെ ശരീരം അസമമായതും ഒരു വശത്തേക്ക് വളഞ്ഞ് കൂനുപോലെ കാണപ്പെടുന്നതുമാണ് പ്രധാന സവിശേഷത. ശരീരത്തിന്റെ ഒരു വശം ഏതാണ്ട് നേരെയായിരിക്കുമ്പോൾ മറുവശം ശക്തമായി വളഞ്ഞിരിക്കും. ശരീരഭാഗങ്ങളുടെ വീതിയിലും വിന്യാസത്തിലും കാണുന്ന വ്യത്യാസങ്ങളും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്ന സവിശേഷതകളാണ്.
കേരളത്തിലെ വിവിധ മത്സ്യബന്ധന കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളും ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. 2011 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളത്തിന്റെ അറബിക്കടൽ തീരത്തെ ബേക്കൽ, അഴീക്കൽ, അയ്യിക്കര, പൊന്നാനി, നീണ്ടകര, പെരുമാതുറ തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും തമിഴ്നാട്ടിലെ മുട്ടം, ചെന്നൈ മറീന ബീച്ച് എന്നിവിടങ്ങളിൽനിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്.
നാല് മത്സ്യ ഇനങ്ങളുടെ ചെകിളകളിൽനിന്ന് ലഭിച്ച പരാദജീവികളാണ് പ്രധാനമായും പഠനവിധേയമാക്കിയത്. നെമറ്റലോസ നാസസ് (Nematalosa nasus), ടെനുവലോസ ടോളി (Tenualosa toli), അനഡോന്റോസ്റ്റോമ ചാകുണ്ട (Anodontostoma chacunda), ഓസ്റ്റിയോമുഗിൽ കുന്നേഷ്യസ് (Osteomugil cunnesius) എന്നിവയാണ് ഈ മത്സ്യങ്ങൾ.
സൂക്ഷ്മദർശിനികളുടെ സഹായത്തോടെ പരാദജീവികളുടെ ശരീരഘടന വിശദമായി പരിശോധിച്ചതിനൊപ്പം മൈറ്റോകോൺഡ്രിയൽ ഡി.എൻ.എയിലെ COI (Cytochrome c oxidase subunit I) ജീനിന്റെ ഭാഗവും വിശകലനം ചെയ്തു. ഏകദേശം 680 ബേസ് പേയർ നീളമുള്ള ജനിതക ഭാഗമാണ് പരിശോധനയ്ക്കായി ലക്ഷ്യമിട്ടത്. രൂപഘടനാപരമായ നിരീക്ഷണങ്ങൾക്കും ജനിതക വിവരങ്ങൾക്കും പരസ്പര പിന്തുണ ലഭിച്ചതോടെയാണ് പുതിയ ജനുസ്സിനെ സ്ഥാപിക്കാനുള്ള നിഗമനത്തിലെത്തിയത്.
പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ 'അഗാർണ പസ്റ്റുലോസ' (Agarna pustulosa) എന്ന പേരിൽ നേരത്തെ തിരിച്ചറിഞ്ഞിരുന്ന ഇനവുമായി ബന്ധപ്പെട്ടതാണ്. രൂപഘടനാപരവും ജനിതകപരവുമായ പരിശോധനയിൽ ഇത് ഗിബ്ബോതോവ മലായിയുമായി ഒരേ ഇനമാണെന്ന് കണ്ടെത്തി. അതിനാൽ അഗാർണ പസ്റ്റുലോസയെ ഗിബ്ബോതോവ മലായിയുടെ പര്യായനാമമായി കണക്കാക്കി.
അതേസമയം, 'അഗാർണ ബംഗലെൻസിസ്' (Agarna bengalensis) എന്ന ഇനത്തിന്റെ കൃത്യമായ വർഗീകരണം സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ ഇനത്തിന്റെ അടിസ്ഥാന മാതൃകാ സാമ്പിളുകൾ ലഭ്യമല്ലാത്തതും നിലവിലുള്ള വിവരണങ്ങൾ മതിയായ തിരിച്ചറിയൽ വിവരങ്ങൾ നൽകാത്തതുമാണ് ഇതിന് കാരണം.
പഠനത്തിൽ പണയ്ക്കൂൽ തമ്പാൻ അനീഷ്, കെറി എ. ഹാഡ്ഫീൽഡ്, നീൽ എൽ. ബ്രൂസ്, അമേരി കൊട്ടാരത്തിൽ ഹെൽന, നിക്കോ ജെ. സ്മിറ്റ്, എ. ബിജു കുമാർ എന്നിവരടക്കമുള്ള ഗവേഷകർ പങ്കാളികളായി.
സമുദ്രജീവികളുടെ വൈവിധ്യവും അവയ്ക്കിടയിലെ പരസ്പര ബന്ധങ്ങളും കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിന് ഇത്തരം പഠനങ്ങൾ സഹായകമാണ്. ഇതിനകം അറിയപ്പെട്ടിരുന്ന ഒരു ജീവിയുടെ വർഗീകരണത്തിൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്താനാകുമെന്നതും സമുദ്രജൈവവൈവിധ്യ പഠനങ്ങളിൽ രൂപഘടനാ നിരീക്ഷണങ്ങൾക്കൊപ്പം ജനിതക സാങ്കേതികവിദ്യയ്ക്കുള്ള പ്രാധാന്യവും ഈ ഗവേഷണം വ്യക്തമാക്കുന്നു.

No comments:
Post a Comment