.

.

Tuesday, January 1, 2013

നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍

നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.

നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്. കഴിഞ്ഞ പത്തു വര്‍ഷമായി കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നെയ്തലിന്റെ ഈ സീസണിലെ ആദ്യമായി വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് യാത്രയയച്ചത്.

പത്തുവര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 18,000 കടലാമക്കുഞ്ഞുങ്ങളെ നെയ്തല്‍ വിരിയിച്ച് കടലിലേക്ക് വിട്ടിട്ടുണ്ട്. 135 മുട്ടകളായിരുന്നു കൂട്ടില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അതില്‍ 97 മുട്ടകളും വിരിഞ്ഞത്.

അതുകൊണ്ടുതന്നെ പുതുവര്‍ഷ സമ്മാനമായി കുഞ്ഞുങ്ങളെ കടലില്‍ വിടാന്‍ നെയ്തല്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. മുട്ടകള്‍ വിരിയിച്ച് കടലില്‍ ആമക്കുഞ്ഞുങ്ങളെ വിടുന്നതിന് പുറമെ വിവിധ തീരങ്ങളില്‍ പരിക്ക് പറ്റി അവശരായ കടലാമകള്‍ക്കുള്ള ആശ്രയ കേന്ദ്രവും കൂടിയാണ് നെയ്തല്‍.

കപ്പലുകളുടെയും മറ്റും പ്രോപ്പല്ലറുകള്‍ തട്ടിയാണ് കടലാമകളുടെ കൈകാലുകള്‍ നഷ്ടപ്പെട്ടത്. വനംവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ കടലാമകള്‍ക്ക് നെയ്തല്‍ സംരക്ഷണം നല്‍കുന്നത്.

തിങ്കളാഴ്ച നെയ്തല്‍ തീരത്ത് നടന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭാ അധ്യക്ഷ വി.ഗൗരി, കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍, പി.വി.മോഹനന്‍, ടി.പി.കരുണാകരന്‍, കേന്ദ്ര സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. ടോണ്‍ ഗ്രെയ്‌സ്, കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി.പ്രദീപ്, എം.രാഘവന്‍ എന്നിവര്‍ക്കൊപ്പം നെയ്തല്‍ പ്രവര്‍ത്തകരും നാട്ടുകാരുമാണ് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്.
01 Jan 2013 Mathrubhumi Kasargod News
വീഡിയോക്ക് കടപ്പാട് : ഇന്ത്യാവിഷന്‍ ന്യൂസ്


No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക