.

.

Friday, January 18, 2013

പഞ്ചവടി കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,ഗ്രീന്‍ ഹാബിറ്റാറ്റ് ഗുരുവായൂര്‍, തണല്‍ മരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

നവംബര്‍ 29 നു കടപ്പുറത്ത് മുട്ടയിടാനെത്തിയ ഒലിവ് റിഡ് ലി വര്‍ഗത്തില്‍ പെട്ട  കടലാമ 70 മുട്ടകളിട്ടാണ് പഞ്ചവടി കടപ്പുറം വിട്ടത്. ഗ്രീന്‍  ഹാബിറ്റാറ്റ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എന്‍.ജെ ജെയിംസ്‌, സി.ടി മുഹമ്മദ്‌, തണല്‍ മരം അഡ്മിനിസ്റ്റേട്ടെര്‍ സലീം ഐ-ഫോക്കസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ തണുപ്പത്ത് കാവലിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിചെടുത്തത്.
30 കുഞ്ഞുങ്ങളാണ് ഹാച്ചറിയില്‍ നിന്നും വിരിഞ്ഞിറങ്ങിയത്. എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്ന  കടലാമ സംരക്ഷണത്തിന്‍റെ  പന്ത്രണ്ടാം വര്‍ഷത്തിലാണ് ഈ വര്‍ഷത്തെ  ആദ്യ ബാച്ച് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. ഇതുവരെ 650 തോളം കുഞ്ഞുങ്ങളെ കടലിലിറക്കിയിട്ടുണ്ട്.

പഞ്ചവടി കടല്‍ തീരത്ത് നിന്ന് ആദ്യ വര്‍ഷം കടലിലേക്കിറക്കിയ ബാച്ചിലെ ഏതെങ്കിലും ഒരു ഒലിവ് റിഡ് ലി കുഞ്ഞ് വലുതായി തീരം തെറ്റാതെ നമ്മുടെ കടല്‍തീരത്ത്  മുട്ടയിടനെത്തിയതിന്‍റെ കുഞ്ഞുങ്ങളാവാം ഇതെന്ന് ഗ്രീന്‍  ഹാബിറ്റാറ്റ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എന്‍.ജെ ജെയിംസ്‌ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടന്ന ടര്‍ട്ടില്‍ ഏക്ഷന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച  ദേശീയ സെമിനാറില്‍ കേരളത്തെ പ്രതിനിധീകരിച്ച് എന്‍.ജെ ജെയിംസ്,സലീം ഐ-ഫോക്കസ് എന്നിവര്‍ എടക്കഴിയൂര്‍ പ്രദേശത്തെ കടലാമ സംരക്ഷണ പ്രവര്‍ത്തനത്തെ കുറിച്ച് പഠനം അവതരിപ്പിച്ചിരുന്നു.
സീതിസാഹിബ് സ്കൂളിലെ അധ്യാപകരായ ഷാജു ബാസ്റ്റിന്‍,ജലിജ് കെ.ജെ ഹരിതസേനാംഗങ്ങളായ അബൂതാഹിര്‍,ജംഷീര്‍,അലി എന്നിവരും ഗ്രീന്‍ ഹാബിറ്റാറ്റ് തണല്‍ മരം പ്രവര്‍ത്തകരായ ശിഹാബുദ്ധീന്‍ ടി.എം, ബാദുഷ ഇബ്രാഹീം എന്നിവരും കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കുന്നതിനു നേതൃത്വം നല്‍കി.
 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക