.

.

Friday, January 25, 2013

ചാണകവണ്ടുകള്‍ക്ക് വഴികാട്ടാന്‍ ആകാശഗംഗയും

നക്ഷത്രങ്ങളെയും ആകാശഗംഗയെയും നോക്കി ദിശ കണ്ടുപടിക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യരെപ്പോലെ ബുദ്ധിയില്ലാത്തതുകൊണ്ടാണ് മറ്റ് അധികം ജീവികള്‍ ഇത്തരത്തില്‍ വഴികണ്ടുപിടിക്കാത്തത് എന്നാണ് പൊതുവായ ധാരണ. ആ ധാരണ തിരുത്താന്‍ സമയമായി. ആകാശഗംഗയെ നോക്കി വഴികണ്ടെത്തുന്ന ജീവികളുടെ ഗണത്തിലേക്ക് ഒരു ചെറുപ്രാണികൂടി എത്തുന്നു - ചാണകവണ്ട്! 


മത്സരം നിറഞ്ഞ ലോകമാണ് ചാണകവണ്ടുകളുടേത്. വെല്ലുവിളികള്‍ നേരിട്ടു മാത്രമേ പോഷകസമൃദ്ധമായ ചാണയുണ്ട സൃഷ്ടിക്കാനാവൂ. ചാണകയുണ്ട ഉണ്ടാക്കിക്കഴിഞ്ഞാല്‍ മറ്റേതെങ്കിലും മിടുക്കന്‍ അത് തട്ടിയെടുക്കാം എന്ന ഭിഷണിയും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ശക്തിപോലെ തന്നെ പ്രധാനമാണ് ശരിയായ ദിശയിലൂടെ ചാണകയുണ്ടയുമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയെന്നതും. 

നിരന്ന സ്ഥലത്തുകൂടി ചാണകയുണ്ടയുരുട്ടി നേര്‍രേഖയില്‍ സഞ്ചരിക്കുക എന്നതാണ് ശരിയായ തന്ത്രം. പകല്‍ വെളിച്ചത്തില്‍ ഇത് എളുപ്പമാണ്. എന്നാല്‍, ചാണകവണ്ടുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന രാത്രിയില്‍, സഞ്ചാരദിശ മനസിലാക്കി നീങ്ങുക ശരിക്കും വെല്ലുവിളിയാണ്. 

നിലാവുള്ള രാത്രികളില്‍ ചന്ദ്രനെ നോക്കി ചാണകവണ്ടുകള്‍ നീങ്ങാറുണ്ടെന്ന് മുമ്പൊരു പഠനം സൂചന നല്‍കിയിരുന്നു. എന്നാല്‍, നിലാവില്ലാത്ത രാത്രികളിലോ? എങ്ങനെയാണ് വണ്ടുകള്‍ ദിശ നിശ്ചയിക്കുന്നത്.

സ്വീഡനില്‍ ലന്‍ഡ് സര്‍വകലാശാലയിലെ മാരീ ഡേക്കും സംഘവും ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഗവേഷണത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി. 'അത്തരം രാത്രികളില്‍ ദിശ കണ്ടെത്താന്‍ ഒരു അവലംബം (റഫറന്‍സ്) ആയി ആകാശഗംഗയെ ചാണകവണ്ടുകള്‍ ഉപയോഗിക്കാറുണ്ട്'-അവര്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ഒരിനം ചാണകവണ്ടിനെ (Scarabaeus satyrus) ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ പുതിയ ലക്കം 'കറണ്ട് ബയോളജി' ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

നിലാവില്ലാത്ത രാത്രിയില്‍ 19 ചാണകവണ്ടുകള്‍ക്ക് പ്രത്യേകയിനം തൊപ്പിവെച്ചായിരുന്നു പരീക്ഷണം. പത്ത് വണ്ടുകള്‍ക്ക് ആകാശം കാണാതിരിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള തൊപ്പികളുപയോഗിച്ചു. ഒന്‍പതെണ്ണത്തിന് ആകാശം കാണാന്‍ പാകത്തില്‍ സുതാര്യമായ പ്ലാസ്റ്റിക് തൊപ്പികളുപയോഗിച്ചു. എന്നിട്ട്, വണ്ടുകളെ ചാണകയുണ്ടകളുമായി നിരന്ന സ്ഥലത്ത് വിട്ടു. വണ്ടുകളെ തുറന്നുവിട്ട സ്ഥലം വട്ടഭിത്തികൊണ്ട് അടച്ചിരുന്നു. വണ്ടുകളുടെ ചലനം ഇന്‍ഫ്രാറെഡ് ക്യാമറയുപയോഗിച്ച് പകര്‍ത്തി. 

ആകാശം കാണാന്‍ പറ്റാത്ത തരത്തില്‍ തൊപ്പിവെച്ച വണ്ടുകളുടെ സഞ്ചാരപഥത്തിന് ശരാശരി 476.7 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. എന്നാല്‍, ആകാശം കാണാന്‍ കഴിഞ്ഞ ഒന്‍പത് വണ്ടുകള്‍ ശരാശരി 143.4 സെന്റീമീറ്ററേ സഞ്ചരിച്ചുള്ളൂ. ആകാശം കാണാന്‍ കഴിയാത്ത വണ്ടുകള്‍ ദിക്കറിയാതെ കഷ്ടപ്പെട്ടതാണ് അവയുടെ സഞ്ചാരപഥത്തിന് കൂടുതല്‍ നീളമുണ്ടാകാന്‍ കാരണം. 

വണ്ടുകള്‍ ദിശയറിയാന്‍ ആകാശഗംഗയെ ആശ്രയിക്കുന്നുണ്ടോ എന്ന് വ്യക്തത ലഭിക്കാന്‍, ഗവേഷകര്‍ പരീക്ഷണം ജോഹന്നാസ്ബര്‍ഗ് പ്ലാനറ്റേറിയത്തിനകത്ത് നടത്തി. ആകാശഗംഗ ഉള്‍പ്പടെയുള്ള ദൃശ്യങ്ങളെ തലയ്ക്ക് മുകളില്‍ നിയന്ത്രിതമായി കാട്ടിയായിരുന്നു പരീക്ഷണം. ആകാശഗംഗയെ വണ്ടുകള്‍ തങ്ങളുടെ ദിശയറിയാന്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായത് അപ്പോഴാണ്. 

പക്ഷികളും സീലുകളും മനുഷ്യരും മാത്രമേ ദിശയറിയാന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നുള്ളൂ എന്ന സങ്കല്‍പ്പമാണ് ഇതോടെ തകരുന്നത്. നക്ഷത്രങ്ങളെയും ആകാശഗംഗയെയും ദിശയറിയാന്‍ മറ്റേതൊക്കെ ജീവികള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് പുതിയ ഗവേഷണം ഉയര്‍ത്തുന്ന ചോദ്യം. 

25 Jan 2013 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക