തവള ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നാല്‍ എങ്ങനെയിരിക്കും. നീര്‍ക്കുതിരയുടെ വായ, പിന്നിലേക്കുള്ള നടപ്പ്, കാല്‍കിലോ തൂക്കം.. ഒറ്റനോട്ടത്തില്‍ തവളയുടെ വയറ്റില്‍ കാറ്റടിച്ചു ബലൂണ്‍ പോലെ വീര്‍പ്പിച്ച രൂപം.
ഇത് പാതാള്‍..!
പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി കാണുന്ന മണ്ണിനടിയില്‍ (പാതാളത്തില്‍) മാത്രം കാണപ്പെടുന്ന പാതാളനെ ഒരാഴ്ച മുന്‍പു തൃശൂര്‍ മൈലാടുംപാറ പൈപ്പ് ലൈന്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു കിട്ടിയത്. റോഡ് നിര്‍മാണത്തിനു ശ്രമദാനം നടത്തിയിരുന്ന കെ.ബി. ജിജേഷ്, പി.ടി. ഉല്ലാസ്, ടി.കെ. നാരായണന്‍, പ്രഭ, ജോയ് എന്നിവരടങ്ങുന്ന സംഘത്തിനാണു ജീവിയെ കിട്ടിയത്. മരത്തവളയാണെന്നു കരുതി ചിലര്‍ അവഗണിച്ചു. പിന്നീടു കാര്‍ഷിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി.ഒ. നമീറില്‍നിന്നാണ് ഇവന്‍ പാതാള്‍ ആണെന്നു വ്യക്തമായത്.
2003ല്‍ മാത്രം കണ്ടെത്തിയ അപൂര്‍വ ജീവിയാണിത്. ശാസ്ത്രീയ നാമം നാസികാബത്രച്ചസ് സഹ്യാദ്രിനെസിസ് എന്നാണ്. ഇംഗിഷ് പേര് പര്‍പ്പിള്‍ ഫ്രോഗ് അഥവാ പിഗ് നോസ്ഡ് ഫ്രോഗ്. ഭൂമിക്കടിയില്‍ താമസമാക്കിയതിനാല്‍ മലയാളത്തില്‍ പാതാള്‍ എന്നു വിളിക്കും. കുറവന്‍ എന്നും പേരുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രം അപൂര്‍വമായി കാണുന്ന പാതാളിന്റെ ബന്ധുക്കള്‍ ഗോണ്ട്വനാമ വിഭജിച്ചപ്പോഴുണ്ടായ മഡഗാസ്കറിലും സെയ്ക്കല്ലസ് ദ്വീപുകളിലുമാണ് ഉള്ളത്. ഇടുക്കി ജില്ലയില്‍ ഏലത്തോട്ടത്തിനടുത്തുള്ള വനത്തില്‍നിന്നാണ് 2003ല്‍ പാതാളിനെ കണ്ടെത്തുന്നത്. പിന്നീടു കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടില്‍ ആനമലയിലെ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി.
manoramaonline >> Environment >> News
No comments:
Post a Comment