.

.
Showing posts with label കൌതുകലോകം. Show all posts
Showing posts with label കൌതുകലോകം. Show all posts

Friday, November 28, 2014

അപൂര്‍വമത്സ്യം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

കാലിഫോര്‍ണിയ: അത്യപൂര്‍വമായൊരു കടല്‍മത്സ്യത്തെ ചരിത്രത്തിലാദ്യമായി സ്വാഭാവിക പരിതസ്ഥിതിയില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ ആവേശത്തിലാണ് കാലിഫോര്‍ണിയ മോണ്ടറി ബേ അക്വേറിയം അധികൃതര്‍. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് സീ ഡെവിള്‍ എന്ന ചൂണ്ടമത്സ്യത്തെയാണ് സ്വാഭാവിക ഗവേഷകര്‍ കണ്ടെത്തിയത്.

Friday, January 25, 2013

ചാണകവണ്ടുകള്‍ക്ക് വഴികാട്ടാന്‍ ആകാശഗംഗയും

നക്ഷത്രങ്ങളെയും ആകാശഗംഗയെയും നോക്കി ദിശ കണ്ടുപടിക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യരെപ്പോലെ ബുദ്ധിയില്ലാത്തതുകൊണ്ടാണ് മറ്റ് അധികം ജീവികള്‍ ഇത്തരത്തില്‍ വഴികണ്ടുപിടിക്കാത്തത് എന്നാണ് പൊതുവായ ധാരണ. ആ ധാരണ തിരുത്താന്‍ സമയമായി. ആകാശഗംഗയെ നോക്കി വഴികണ്ടെത്തുന്ന ജീവികളുടെ ഗണത്തിലേക്ക് ഒരു ചെറുപ്രാണികൂടി എത്തുന്നു - ചാണകവണ്ട്! 

Sunday, January 6, 2013

തൃശൂരില്‍ വീണ്ടും പാതാള്‍...!

തവള ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നാല്‍ എങ്ങനെയിരിക്കും. നീര്‍ക്കുതിരയുടെ വായ, പിന്നിലേക്കുള്ള നടപ്പ്, കാല്‍കിലോ തൂക്കം.. ഒറ്റനോട്ടത്തില്‍ തവളയുടെ വയറ്റില്‍ കാറ്റടിച്ചു ബലൂണ്‍ പോലെ വീര്‍പ്പിച്ച രൂപം.

ഇത് പാതാള്‍..!
 
പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി കാണുന്ന മണ്ണിനടിയില്‍ (പാതാളത്തില്‍) മാത്രം കാണപ്പെടുന്ന പാതാളനെ ഒരാഴ്ച മുന്‍പു തൃശൂര്‍ മൈലാടുംപാറ പൈപ്പ് ലൈന്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു കിട്ടിയത്.

Tuesday, January 1, 2013

നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍

നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.

നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.

Sunday, October 28, 2012

മാടായിപ്പാറയില്‍ വിരുന്നുകാരനായി യൂറോപ്യന്‍ പനങ്കാക്ക

കണ്ണൂര്‍: നയനാനന്ദകരമായ കാഴ്ചകള്‍ക്കു പുറമെ പക്ഷികളുടെ ദേശാടനസ്ഥലംകൂടിയായ മാടായിപ്പാറയില്‍ പുതിയ വിരുന്നയുടെ നിറത്തില്‍ അല്‍പ്പം വ്യത്യാസമുണ്ട്.

കേരളത്തില്‍ ഇതിനുമുമ്പ് തട്ടേക്കാട് പക്ഷിസങ്കേതം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് കാമറയില്‍ പകര്‍ത്തുന്നത്. പഴയങ്ങാടിയിലെ ശാംഷാ അബ്ദുല്ലയാണ് ചിത്രം പകര്‍ത്തിയത്. മാടായിപ്പാറയിലെത്തിയശേഷം ഒരാഴ്ചയായി പക്ഷി ഇവിടെത്തന്നെ കഴിയുകയാണ്. ഇവിടെനിന്നു നേരെ ആഫ്രിക്കയിലേക്കു പറക്കുമെന്നാണു പക്ഷിശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. കൊറാഷ്യസ് ഗരുലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന യൂറോപ്യന്‍ റോളര്‍ അഥവാ യൂറോപ്യന്‍ പനങ്കാക്കയാണ് മാടായിപ്പാറയിലെത്തിയത്. 52 മുതല്‍ 58 സെന്റിമീറ്റര്‍ വരെ നീളമുള്ള ചിറകുകളുള്ള പനങ്കാക്കയുടെ ചിറകിന്റെ തൂവലിനു വ്യത്യസ്ത നിറങ്ങളാണ്. നീല, റെഡിഷ്, കറുപ്പ് നിറങ്ങളാണു തൂവലിനുള്ളത്. പ്രാണികള്‍, പല്ലി, തേള്‍, തവള എന്നിവയെയാണു ഭക്ഷിക്കുന്നത്.

29 മുതല്‍ 32 സെന്റിമീറ്റര്‍ വരെ നീളമുള്ളവയെയാണു സാധാരണയായി കണ്ടുവരാറുള്ളത്. ഒമാനില്‍ പതിനായിരക്കണക്കിനു പനങ്കാക്കകളുണ്ടായിരുന്നെങ്കിലും അവയെ വേട്ടയാടി ഭക്ഷിക്കുന്നതു കാരണം ഇപ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുള്ളതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ വിവരപ്പട്ടികയായ റെഡ് ഡാറ്റാ ബുക്കില്‍ ഇവയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പനങ്കാക്ക.
thejasnews.com >> കൌതുകം


Saturday, September 29, 2012

അപൂര്‍വ മരനായ ഷോളയാറില്‍

കോട്ടയം: വംശനാശം നേരിടുന്ന മരനായയെ ഷോളയാര്‍ വനത്തില്‍ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലും കാണപ്പെടുന്ന അപൂര്‍വ ജീവിയാണിത്. കറുംവെരുക് എന്നും പേരുള്ള ഈ ജീവി ഷോളയാറിലുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉറപ്പിക്കുന്നത് ഇപ്പോഴാണ്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍.)ന്റെ 'ചുവപ്പുപട്ടിക' പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിയാണ് നീലഗിരി മാര്‍ട്ടന്‍ എന്ന മരനായ. എണ്ണം ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു.

എം.ജി. സര്‍വകലാശാലാ ബയോ മോളിക്യുലാര്‍ ഫിസിക്‌സ് ഗവേഷണ വിദ്യാര്‍ഥിനി പി.അപര്‍ണയാണ് ഷോളയാറില്‍ ഈ ജീവിയെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ചിത്രമെടുത്തത്.
അപര്‍ണയുടെ ഭര്‍ത്താവ് ഡി.അശോക് ഷോളയാറില്‍ വൈദ്യുതിബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറാണ്. ശനിയാഴ്ച അദ്ദേഹത്തോടൊപ്പം പവര്‍ഹൗസ് ഭാഗത്ത് നടക്കുമ്പോഴാണ് ഒരു ജീവി വളരെ വേഗത്തില്‍ മരത്തില്‍ കയറുന്നതുകണ്ടത്. ഉടന്‍ ചിത്രമെടുത്തു. അപ്പോഴറിയില്ലായിരുന്നു വംശനാശം നേരിടുന്ന മരനായയാണ് ഇതെന്ന്. പിന്നീട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റുചെയ്ത്, ജന്തുശാസ്ത്രവിദഗ്ധരും മറ്റും പ്രതികരിച്ചപ്പോഴാണ് തന്റെ ചിത്രത്തിന്റെ വിലയറിയാന്‍ കഴിഞ്ഞതെന്നും അപര്‍ണ പറഞ്ഞു. 

മനുഷ്യസാമീപ്യം അനുഭവപ്പെട്ടാലുടന്‍ വാസസ്ഥലം മാറ്റുമെന്നതിനാല്‍ മരനായകളെ കണ്ടെത്തുക ദുഷ്‌കരം. പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറാണ് കേരളത്തില്‍ ഇതിനുമുമ്പ് ഈ ജീവിയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. പാമ്പാടുംചോലയില്‍വച്ചാണ് ആദ്യമായി കണ്ടത്. പക്ഷേ, അന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, തേക്കടിയിലും നെല്ലിയാമ്പതിയിലും മൂന്നാറിലും അദ്ദേഹം ഇവയെ കണ്ടു. ഷോളയാര്‍ ഭാഗത്ത് ഇവയെ കണ്ടിട്ടുള്ളതായി നേരത്തെ ചില ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും ഫോട്ടോ ലഭിക്കുന്നത് ആദ്യമാണെന്ന് നസീര്‍ പറഞ്ഞു.

കീരി വര്‍ഗത്തില്‍പ്പെടുന്നതാണ് മരനായ. കാഴ്ചയില്‍ മലയണ്ണാനെപ്പോലെ. പര്‍വതമേഖലയിലെ ചോലവനങ്ങളിലേ ഇവയ്ക്ക് അതിജീവനശേഷിയുള്ളൂ. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Monday, September 17, 2012

പുതുകാഴ്ചയായി ‘കറുമ്പന്‍ പുള്ളിപ്പുലി’യും ‘നീളന്‍ കരിമ്പുലി’യും

പാലക്കാട്: സൈലന്‍റ് വാലിയിലെ കരിമ്പുലിയും പറമ്പിക്കുളം കടുവാ സങ്കേതത്തിലെ നിറവ്യത്യാസമുള്ള കറുമ്പന്‍ പുള്ളിപ്പുലിയും അപൂര്‍വ കാഴ്ചയാകുന്നു.
ഏഴ് മാസം മുമ്പാണ് സൈലന്‍റ്വാലി ദേശീയ പാര്‍ക്കില്‍ ഏഴരയടിയോളം നീളമുള്ള കരിമ്പുലിയെ കണ്ടെത്തിയത്. പറമ്പിക്കുളം സങ്കേതത്തില്‍ നിറവ്യത്യാസമുള്ള പുള്ളിപ്പുലിയെ ആറ് മാസം മുമ്പ് കണ്ടെത്തി. എട്ടടിയോളമുള്ള പുലിയെ കാമറ ട്രാപ്പിലൂടെയാണ് കണ്ടെത്തിയത്.സാധാരണ പുലിയേക്കാള്‍ വ്യത്യസ്തനായ ഇതിന്‍െറ പുള്ളികള്‍ക്ക് ഇളം കറുപ്പ് നിറമാണ്. രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഇളംകറുപ്പ് നിറമുള്ള പുള്ളിമാനിനേയും കണ്ടെത്തിയിരുന്നു. അന്നത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാറാണ് മാനിനെ ആദ്യം കാമറയില്‍ പകര്‍ത്തിയത്. 
ദേശീയോദ്യാനമായ സൈലന്‍റ് വാലിയില്‍ കരിമ്പുലിയെ കണ്ടെത്തുന്നത് ആദ്യമായാണ്. ഏഴ് മാസം മുമ്പ് സൈലന്‍റ്വാലി സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്രാ ചീഫ് ജസ്്റ്റിസിനെയും കുടുംബത്തേയും സൈരന്ധ്രിയില്‍ എത്തിച്ച് മടങ്ങവെ വാഹനത്തിന്‍െറ ഡ്രൈവര്‍ എ.കെ. ഗോപിയാണ് കരിമ്പുലിയെ ആദ്യം റോഡോരത്ത് കാണുന്നത്.അദ്ദേഹം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. പന്തേരപാരഡൈസ് എന്നറിയപ്പെടുന്ന കരിമ്പുലിയുടെ വാലിന് അസാധാരണ നീളമുണ്ടായിരുന്നതായി ഗോപി പറഞ്ഞു. സൈരന്ധ്രിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കരുതല്‍മേഖലയിലാണ് കരിമ്പുലിയെ കണ്ടത്. സൈലന്‍റ്വാലി കോര്‍ മേഖലയിലെ രണ്ട് കരിമ്പുലികളെ കൂടി മറ്റ് ചിലര്‍ കണ്ടതായും പറയുന്നു.
ജനിതകമാറ്റമാവാം പറമ്പിക്കുളം സങ്കേതത്തിലെ പുള്ളിപ്പുലിയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മെലാനിന്‍െറ അളവ് കൂടിയതാവാം ഈ അപൂര്‍വപ്രതിഭാസത്തിന് കാരണമെന്ന് സൈലന്‍റ്്വാലി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോഷ്വാര്‍ പറഞ്ഞു.
17.9.2012 Madhyamam Online News

Wednesday, August 22, 2012

കുപ്പിപ്പാല്‍ കുടിക്കാനൊന്നും ബൊമ്മക്കിളിയെ കിട്ടില്ല!

കുഴല്‍മന്ദം: അമ്മക്കിളി പെറ്റമ്മയുടെ മുലപ്പാല്‍ കുടിച്ചുരസിക്കുമ്പോള്‍ ബൊമ്മക്കിളി എങ്ങനെ കുപ്പിപ്പാല്‍ കുടിക്കും? വാശിമൂത്ത ബൊമ്മക്കിളി മറ്റൊരു 'പെറ്റമ്മ'യെ കണ്ടെത്തി പാല്‍ കുടിക്കാന്‍ തുടങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമായി.അമ്മക്കിളിയും ബൊമ്മക്കിളിയും ഇരട്ടപിറന്ന രണ്ട് ആട്ടിന്‍കുട്ടികളാണ്. തേങ്കുറുശ്ശി കയറംകുളം വി.എം.ആര്‍. നിവാസില്‍ ബാലന്റെ വീട്ടിലാണ് ഇവരുടെ ജനനം. രണ്ടുകുട്ടികള്‍ക്ക് വേണ്ടത്ര പാല്‍ തള്ളയാട് ചുരത്തിയില്ല. വീട്ടുടമയായ ബാലന്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങി. 

പെണ്‍കുട്ടിയായ അമ്മക്കിളി തള്ളയാടിന്റെ പാല്‍ കുടിക്കട്ടെ. ആണ്‍കുട്ടിയായ ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ നല്‍കാം. അങ്ങനെ അമ്മക്കിളി തള്ളയുടെ പാല്‍ കുടിക്കാന്‍ തുടങ്ങി. പാവം ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ തീരെ ഇഷ്ടപ്പെട്ടില്ല. കുപ്പിപ്പാല്‍ കുടിക്കാന്‍ കൂട്ടാക്കാതിരുന്ന ബൊമ്മക്കിളിയെ രക്ഷിക്കാന്‍ ബാലന്‍ കണ്ടെത്തിയത് ആടിനെ പട്ടിയാക്കുന്ന ഒരു സൂത്രവിദ്യയാണ്.

ബാലന്റെ വീട്ടിലെ മണി എന്ന പട്ടി പ്രസവിച്ചിട്ട് അധികനാളായില്ല. അതിന്റെ ഓമനക്കുഞ്ഞുങ്ങളെ നാട്ടുകാര്‍ എടുത്തുകൊണ്ടുപോയിരുന്നു. കുഞ്ഞുങ്ങളില്ലാതെ ചുരത്തിയ പാലുമായി നട്ടംതിരിഞ്ഞ മണിയുടെ അടുത്തേക്ക് ബാലന്‍ ബൊമ്മക്കിളിയെ വിട്ടു. ബൊമ്മക്കിളി ഇച്ഛിച്ചതും പാല്, ബാലന്‍ കല്പിച്ചതും പാല്! മണിക്കാണെങ്കില്‍ മുലപ്പാലൊഴിഞ്ഞതിന്റെ ആശ്വാസവും.ഇപ്പോള്‍ ഒരുമാസമായി പട്ടിയമ്മയുടെ പാല്‍കുടിച്ചാണ് കുഞ്ഞാട് വളരുന്നത്.സൂത്രം ഫലിച്ച സന്തോഷത്തിലാണ് ടെയ്‌ലറായ ബാലന്‍. സന്തോഷംപങ്കിടാന്‍ ഭാര്യ ഇന്ദിരയും അമ്മ മീനാക്ഷിയും ഒപ്പമുണ്ട്.
 22 Aug 2012 Mathrubhumi News

Wednesday, July 18, 2012

വെളളമൊഴിച്ചാലും കാറ്‌ ഓടും!


ഇന്ധന വില കണ്ണടച്ചുതുറക്കുമ്പോഴേക്കും മാനംമുട്ടെ ഉയരുന്ന കാലമാണ്‌. അതിനാല്‍ കീശയ്‌ക്ക് കനമില്ലെങ്കില്‍ കാറില്‍ ഒരു സവാരിക്ക്‌ മുതിരാനും നാം മടിക്കും. എന്നാല്‍, പാകിസ്‌താനിലെ വഖാര്‍ അഹമ്മദ്‌ എന്ന എഞ്ചിനിയര്‍ പെട്രോള്‍ വില കൂടി എന്ന്‌ കേട്ടാല്‍ അത്‌ ശ്രദ്ധിക്കുക പോലുമില്ല. കാരണം അദ്ദേഹത്തിന്‌ വെളളമൊഴിച്ച്‌ കാറോടിക്കാനറിയാം!

പാകിസ്‌താനിലെ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും ശാസ്‌ത്രജ്‌ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വഖാര്‍ വെളളത്തിലോടുന്ന കാര്‍ പ്രദര്‍ശിപ്പിച്ചു. വെളളം ഇന്ധനമാക്കാന്‍ സഹായിക്കുന്ന കിറ്റിന്റെ നിര്‍മ്മാണത്തിന്‌ പാക്‌ പാര്‍ലമെന്റ്‌ സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഹൈഡ്രജന്‍ ബോണ്ടിംഗിലൂടെ ഹൈഡ്രജന്‍ വാതകം ഉത്‌പാദിപ്പിക്കുകയാണ്‌ വഖാറിന്റെ കണ്ടുപിടുത്തത്തിന്റെ കാതല്‍. വെളളത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധനമാക്കിയാണ്‌ കാര്‍ ഓടുക.
കടപ്പാട്: മംഗളം ന്യൂസ്‌ 

Sunday, July 15, 2012

നായയ്‌ക്ക് പിറന്നത്‌ പൂച്ചക്കുഞ്ഞ്‌?‍??


നായ പ്രസവിച്ച കുട്ടികളില്‍ ഒരെണ്ണം പൂച്ചക്കുഞ്ഞ്‌. തികച്ചും അസംഭവ്യമായ ഇക്കാര്യം വിശ്വസിക്കാന്‍ അല്‌പം പ്രയാസം തന്നെയാണ്‌. എന്നാല്‍ തെളിവ്‌ സഹിതം ഒരാള്‍ ഇതു പറയുമ്പോള്‍ എങ്ങിനെ അവിശ്വസിക്കും. തെക്കന്‍ കൊറിയക്കാരനായ ജ്യോംഗ്‌ ബോംഗ്‌ പോംഗാണ്‌ തന്റെ നായ ഒരു പൂച്ചയെ പ്രസവിച്ചെന്ന വാദവുമായി രംഗത്ത്‌ എത്തിയത്‌.

നായ പ്രസവിച്ച കുട്ടികളില്‍ ഒന്ന്‌ പൂച്ചക്കുഞ്ഞിനെ പോലെ ഇരിക്കുകയും മ്യാവൂ എന്ന്‌ കരയുകയും ചെയ്യുമ്പോള്‍ എങ്ങിനെ അതിനെ പട്ടിക്കുഞ്ഞായി കരുതും? 63 കാരനായ പോംഗ്‌ ചോദിക്കുന്നു. സാധാരണ ഗതിയില്‍ രാത്രി കാലങ്ങളില്‍ സ്‌ഥിരമായി പുറത്തു പോകാറുള്ള നായയുടെ പ്രസവ സമയത്ത്‌ ഏതെങ്കിലും തള്ളപ്പൂച്ച കുഞ്ഞിനെ കൊണ്ടു ഇട്ടതാകാമെന്ന്‌ ചിന്തിച്ചാല്‍ പോലും എങ്ങിനെ ശരിയാകുമെന്നും പോംഗ്‌ ചോദിക്കുന്നു. വാര്‍ത്ത പരന്നതോടെ പോംഗിന്റെ വീട്ടില്‍ കാഴ്‌ചക്കാരുടെ തിരക്കാണ്‌. നായ്‌ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന പൂച്ചക്കുഞ്ഞിന്റെ പടവും പോംഗ്‌ പുറത്തുവിട്ടു.

ഇക്കാര്യത്തോട്‌ നിഷേധാത്മകമായിട്ടാണ്‌ വിദഗ്‌ദരും പ്രതികരിച്ചിരിക്കുന്നത്‌. ജനിതക പരമായിട്ട്‌ നോക്കിയാല്‍ നായയുടേയും പൂച്ചയുടേയും ക്രോമസോമുകള്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇത്തരത്തില്‍ ഒന്ന്‌ സഭേവിക്കാനുള്ള വിദൂര സാധ്യത പോലും ഇല്ലെന്നും ഒരു പക്ഷേ പൂച്ചക്കുഞ്ഞിനേ പോലെ തോന്നിപ്പിക്കുന്ന പട്ടിക്കുട്ടി തന്നെയാകാം ഇതെന്നുമാണ്‌ വിദഗ്‌ദരുടെ അഭിപ്രായം. അതേ സമയം ഇത്തരത്തില്‍ വീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമൊന്നുമല്ല ഇത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതിന്‌ സമാനമായ ഒരു വാര്‍ത്ത ചൈനയില്‍ നിന്നും പുറത്തു വന്നിരുന്നു. ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രസീലില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കൗതുക വാര്‍ത്ത വന്നിരുന്നു. അത്‌ പൂച്ച പട്ടിക്കുട്ടിയെ പ്രസവിച്ചെന്ന രീതിയില്‍ ആയിരുന്നു.
കടപ്പാട് : മംഗളം ന്യൂസ്‌ 

Monday, July 2, 2012

പൂച്ച കോഴിക്കുഞ്ഞുങ്ങളെ ദത്തെടുത്തു!


കാലം മാറുന്നതിനൊപ്പം ലോകത്ത്‌ സൗഹൃദ കൂട്ടായ്‌മകളിലും മാറ്റം വരുന്നത്‌ സ്വാഭാവികം. എന്നാല്‍, ഒരു പൂച്ചസുന്ദരി കണ്ടെത്തിയ പുതിയ കൂട്ടുകാരെ പറ്റി അറിയുമ്പോള്‍ ആരും മൂക്കത്ത്‌ വിരല്‍ വച്ചുപോകുംഅഞ്ച്‌ കോഴിക്കുഞ്ഞുങ്ങളാണ്‌ ഇവളുടെ കൂട്ടുകാര്‍!

ചൈനയിലെ ഷാങ്‌ഡോങ്‌ പ്രവിശ്യയിലെ ക്വിങ്‌ദാവോയിലാണ്‌ ഈ അസാധാരണ കൂട്ടുകെട്ട്‌. കഴിഞ്ഞ രണ്ടാഴ്‌ചയായി തന്റെ പൂച്ച കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പമാണ്‌ കഴിയുന്നത്‌ എന്ന്‌ ലീ ടോങ്‌ഫാ എന്ന കര്‍ഷകന്‍ പറയുന്നു.

ഒരിക്കല്‍ കോഴിക്കൂടിന്റെ വാതില്‍ തുറന്നിട്ടപ്പോഴാണ്‌ പൂച്ച അവിടെ കയറിപ്പറ്റിയത്‌. തന്റെ അഞ്ച്‌ കോഴിക്കുഞ്ഞുങ്ങളെയും തിന്നുകളയും എന്ന്‌ പേടിച്ച്‌ ലീ ബഹളംവച്ച്‌ പൂച്ചയെ കോഴിക്കൂട്ടില്‍ നിന്ന്‌ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അടുത്ത നിമിഷം തന്നെ കോഴിക്കുഞ്ഞുങ്ങളും പൂച്ചയുമായി സൗഹൃദം പങ്കുവയ്‌ക്കാനും കളിക്കാനും ആരംഭിച്ചതോടെ ഉദ്യമത്തില്‍ നിന്ന്‌ പിന്‍മാറി. ഇപ്പോള്‍ പൂച്ച കോഴിക്കൂട്ടിലേക്ക്‌ കയറുമ്പോഴേ കോഴിക്കുഞ്ഞുങ്ങള്‍ അവളെ സ്വാഗതം ചെയ്യുന്നത്‌ കാണാന്‍കഴിയുമെന്നും ലീ പറയുന്നു. എന്തായാലും ലീയുടെ പൂച്ച 'പാവം പൂച്ച' തന്നെ, അല്ലേ?
കടപ്പാട് : മംഗളം ന്യൂസ്‌ 

Thursday, June 21, 2012

കുട്ടിക്കുരങ്ങിനെ നായ ദത്തെടുത്തു!


തന്റെ കുഞ്ഞല്ല എങ്കിലും മിന്റുവിന്‌ കുരങ്ങന്റെ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌! തന്റെ ഏഴ്‌ കുഞ്ഞുങ്ങള്‍ക്കൊപ്പം മിന്റു എന്ന പെണ്‍പട്ടി ഒരു കുട്ടിക്കുരങ്ങിനെ കൂടി ദത്തെടുത്തു! ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന്‌ രക്ഷിക്കുന്നത്‌ വരെ മിന്റുവാണ്‌.

വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ബിഷ്വന്ത്‌പൂര്‍ ഗ്രാമമാണ്‌ മാതൃവാത്സല്യത്തിന്റെ അപൂര്‍വമായ കഥയ്‌ക്ക് വേദിയാവുന്നത്‌. ഷിപാര്‍ റേസ എന്ന ബ്രിട്ടീഷ്‌ ബംഗ്ലാദേശിയുടെ വളര്‍ത്തു നായയാണ്‌ മിന്റു. കഴിഞ്ഞമാസം, ഒരു നെല്‍പ്പാടത്തില്‍ നാശം കാട്ടിയ കുരങ്ങന്‍മാരെ ഓടിക്കുമ്പോഴാണ്‌ കുട്ടിക്കുരങ്ങ്‌ നാട്ടുകാരുടെ കൈയില്‍ പെട്ടത്‌. അന്നുമുതല്‍ എങ്ങനെയോ മിന്റു അതിന്റെ അമ്മയാവുകയായിരുന്നു.

കുട്ടിക്കുരങ്ങ്‌ മിന്റുവിന്റെ മക്കളോടൊപ്പം കളിക്കുകയും അവരോടൊപ്പം മുലകുടിക്കുകയും ചെയ്യുന്നു. ഈ അപൂര്‍വ സൗഹൃദം കാണുന്നതിനു വേണ്ടി വളരെ ദൂരത്തു നിന്നു പോലും ആളുകള്‍ ഷിപാര്‍ റേസയുടെ വീട്‌ തിരക്കിയെത്തുന്നു. അതേസമയം, കാഴ്‌ചക്കാരില്‍ ആരെങ്കിലും കുട്ടിക്കുരങ്ങനെ ശല്യപ്പെടുത്തിയാല്‍ മിന്റുവിന്റെ വിധം മാറും, അവര്‍ക്ക്‌ കടി കിട്ടുകയും ചെയ്യും!
കടപ്പാട് : മംഗളം ന്യൂസ്‌ 

Tuesday, May 1, 2012

അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി

താനൂര്‍: അഞ്ചു നിറങ്ങളുള്ള അപൂര്‍വയിനം പക്ഷിയെ താനൂരില്‍ കണ്ടെത്തി. വലിയ പ്രാവിന്‍റെ വലുപ്പമാണ് പക്ഷിക്ക്. അസാധാരണ ഭംഗിയുള്ള ഇതിന് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളാണ് ചിറകുകളില്‍. കണ്ണ് നീല നിറത്തിലും കാലുകള്‍ ചുവന്ന നിറത്തിലും. താനൂര്‍ നടക്കാവ് സ്വദേശി പി.ടി.ആര്‍. ബാവയുടെ മക്കള്‍ പി.ടി. അഷ്റഫിന്‍റെയും ഗഫൂറിന്‍റെയും വീട്ടിലാണ് ഇന്നലെ ഉച്ചയോടെ പക്ഷിയെ കണ്ടത്. പറക്കാന്‍ സാധിക്കാത്തവിധം അവശനിലയിലായ പക്ഷിയെ വീട്ടുമുറ്റത്തുനിന്നാണു കിട്ടിയത്.

1.5.2012 Metrovaartha news

Friday, April 20, 2012

ശ്രീലങ്കയില്‍ കോഴി 'പ്രസവിച്ചു'

കൊളംബോ: കോഴിയോ മുട്ടയോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് ശ്രീലങ്കയില്‍ നിന്ന് ഒരു മറുപടി. ഇവിടെ, കോഴി 'പ്രസവിച്ചു', ഒരു കോഴിക്കുഞ്ഞിനെ. മുട്ടയുടെ മേല്‍ അടയിരിക്കുന്ന കോഴിയുടെ ചൂടേറ്റാണ് അത് വിരിയുക. എന്നാല്‍, ശ്രീലങ്കയില്‍ കോഴിക്കുള്ളില്‍ വെച്ച് തന്നെ മുട്ടവിരിഞ്ഞു. 21 ദിവസത്തിന് ശേഷം പുറത്തു വന്നത് ആരോഗ്യമുള്ള ഒരു കോഴിക്കുഞ്ഞ്.

പക്ഷേ, തള്ളക്കോഴി ചത്തുപോയി. കോഴിയുടെ പ്രത്യുത്പാദന സംവിധാനത്തില്‍ രൂപം കൊണ്ട മുട്ട, വിരിയും വരെ അതിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് ജഡം പരിശോധിച്ച മൃഗഡോക്ടര്‍ പി.ആര്‍. യാപ പറഞ്ഞു. ആന്തരിക മുറിവുകളാണ് കോഴി ചാകാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

20 Apr 2012 mathrubhumi News

Tuesday, April 17, 2012

തൊടുപുഴയില്‍ കോഴി 'പ്രസവിച്ചു'

ഇടുക്കി: തൊടുപുഴ കുമ്മങ്കല്ലില്‍ കോഴി കാഷ്ഠിച്ചപ്പോള്‍ പുറത്തുവന്നത് കോഴിക്കുഞ്ഞ്. തള്ളവിരലിനോളം വലിപ്പമുള്ള ജീവനുള്ള കോഴിക്കുഞ്ഞിനെയാണ് കാഷ്ഠത്തോടൊപ്പം കണ്ടെത്തിയത്. കുമ്മങ്കല്ല് ചീനത്തൊട്ടിയില്‍ കെ കെ ബഷീറിന്റെ വീട്ടിലാണ് സംഭവം.
ബഷീറിന്റെ കൊച്ചുമകള്‍ ആറുവയസ്സുകാരി ഷബിന ആണ് കോഴിക്കുഞ്ഞിനെ ആദ്യം കണ്ടത്. ഇന്നലെ രാവിലെ ഒമ്പതിന് മങ്ങാട്ടുകവല മൃഗാശുപത്രിയില്‍ നിന്നു വാങ്ങിയ കോഴിയാണ് 'പ്രസവിച്ചത്'.

കോഴി പ്രസവിച്ച വാര്‍ത്ത അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കോഴിയെയും കോഴിക്കുഞ്ഞിനേയും മങ്ങാട്ടുകവലയിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. ഇത് അസാധാരണ സംഭവമാണെന്നും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സംവിധാനമില്ലെന്നും പറഞ്ഞ് ഡോക്ടര്‍ ഇവരെ മടക്കി. എന്തായാലും കോഴി പ്രസവിച്ച കുഞ്ഞിനെ കാണാന്‍ നിരവധി പേര്‍ ബഷീറിന്റെ വീട്ടിലെത്തുന്നുണ്ട്.

Thursday, April 5, 2012

പ്രകൃതിയിലെ പെരുന്തച്ചന്‍മാര്‍

നിര്‍മാണവിദ്യയില്‍ ആരെയും അമ്പരപ്പിക്കുന്ന അനേകം ജന്തുക്കളുണ്ട്. മിക്ക ജന്തുക്കളും വീടുണ്ടാക്കുന്നതിലാണ് എന്‍ജിനീയറിങ്ങ് മികവ് കാണിക്കുന്നത്. ചിലരാകട്ടെ, ഇരകളെ കുടുക്കാന്‍ കെണികള്‍ ഒരുക്കുന്നതിനായാണ് ഈ മികവ് ഉപയോഗിക്കുന്നത്. ഇല, ചുള്ളിക്കമ്പ്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് ജീവികള്‍ വീടു പണിയുന്നത്. സ്വന്തം ശരീരം തന്നെയാണ് പണിയായുധം. ജന്തുക്കളുടെ നിര്‍മാണവിദ്യകളില്‍ ചിലതെല്ലാം മനുഷ്യര്‍ പഠിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ വിദഗ്ധരായ ചില എന്‍ജിനീയര്‍മാരെ നമുക്ക് പരിചയപ്പെടാം.
------------------------------------------------------------------------------------------------

പൂന്തോട്ടത്തിലെ വലിയ വല

പൂന്തോട്ടത്തിലും മറ്റും കാണുന്ന വൃത്താകൃതിയിലുള്ള മനോഹരമായ വലിയ വല ഒരുക്കുന്ന എട്ടുകാലിയാണ് ഓര്‍ബ് വെബ് വീവര്‍.

ചില്ലകളില്‍ തൂങ്ങി ഒറോ പെന്‍ഡോല

ഒറ്റപ്പെട്ടുനില്‍ക്കുന്ന ഉയര്‍ന്ന മരങ്ങളില്‍ തൂക്കണാംകുരുവിയെപ്പോലെയാണ് ഒറോ പെന്‍ഡോലയുടെ (Oropendola) കൂടൊരുക്കല്‍. അടിഭാഗം ഉരുണ്ട് നീളന്‍ സഞ്ചികള്‍ പോലുള്ള കൂടുകള്‍ നാരുകള്‍ കൊണ്ട് മെടഞ്ഞ് ചില്ലകളില്‍ തൂങ്ങിക്കിടക്കുംവിധമാണ് നിര്‍മിക്കുന്നത്.

ചന്തമുള്ള കൂടുമായി ബോവര്‍

ഭംഗിയുള്ള കൂടുണ്ടാക്കുന്നതില്‍ അതീവ സാമര്‍ഥ്യമുള്ള പക്ഷിയാണ് ബോവര്‍ പക്ഷി (Bower bird).

ആണ്‍കിളികള്‍ കൂട്ടുകാരികളെ ക്ഷണിച്ചു വരുത്താനായി ഒരുക്കുന്ന പ്രത്യേകതരം കൂടുകളാണ് ബോവറുകള്‍. ചില പക്ഷികള്‍ സ്റ്റേജ് പോലുള്ള ബോവറുണ്ടാക്കുമ്പോള്‍ ചിലത് ചുള്ളിക്കമ്പുകള്‍ അടുക്കി വച്ച് അലങ്കരിച്ച തൂണ് പോലെയുള്ള ബോവറാണ് ഉണ്ടാക്കുന്നത്.

വടക്കു കിഴക്കന്‍ ഓസ്ട്രേലിയയിലെ ടൂത്ത് ബില്‍ഡ് ബോവര്‍ പക്ഷി കൂടുണ്ടാക്കുന്നതിന് അഞ്ച് അടിയോളം വിസ്താരമുള്ള സ്ഥലം തിരഞ്ഞെടുത്ത് വൃത്തിയാക്കുന്നു.

ഗോള്‍ഡന്‍ ക്രസ്റ്റഡ് ബോവര്‍ ബേഡ് ഒരു സ്ഥലം വൃത്തിയാക്കിയെടുത്ത് അവിടെ ഒരിനം പന്നല്‍ച്ചെടിക ള്‍ നിരത്തുന്നു. ചുറ്റും ചെറിയ കമ്പുകള്‍ നാട്ടി, കാട്ടുവള്ളി കൊണ്ട് വൃത്താകൃതിയില്‍ വേലി കെട്ടുന്നു. ഉണങ്ങിയ പന്നല്‍ ഇലകളും മരത്തൊലിയും കായകളും കക്കയും വണ്ടിന്‍തോടും തൂക്കി ആ വേലി അലങ്കരിക്കുന്നു.

അണ കെട്ടുന്ന ബീവര്‍

അണക്കെട്ടില്‍ വീടുണ്ടാക്കുന്ന ജീവിയാണ് ബീവര്‍ (Beaver). മരത്തടിയും മണ്ണും ചുള്ളിക്കമ്പുകളും ചെളിയും ഉപയോഗിച്ചാണ് അണക്കെട്ടുണ്ടാക്കുന്നത്.

അണക്കെട്ടും വീടും പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങള്‍ വേണ്ട. വായുടെ മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോടി പല്ലുകളാണ് ആയുധം. ഉളിപോലെ പരന്ന് മൂര്‍ച്ചയേറിയ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കും.

ബീവര്‍ അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ് ആ ഭാഗം ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണി. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് വെള്ളത്തില്‍ വീട് പണിയുന്നത്. ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. വാതില്‍ വെള്ളത്തിനടിയിലാണ്. പതിനഞ്ച് മിനിട്ടോളം വെള്ളത്തിനടിയില്‍ കഴിയാന്‍ ബീവറിന് കഴിയും.

ചങ്ങാട വീടുമായി ഗ്രിബ്

താറാവുവര്‍ഗത്തില്‍പ്പെട്ട ഗ്രിബ് (Grebe) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. ജലസസ്യങ്ങളും ചപ്പുചവറുകളുമൊക്കെ ഉപയോഗിച്ചാണു കൂടുനിര്‍മാണം. വെള്ളത്തില്‍ ഈ കൂട് ഒഴുകിപ്പോകാതിരിക്കാന്‍ എതെങ്കിലും ജലസസ്യവുമായി അതിനെ ബന്ധിപ്പിക്കും.

തുന്നല്‍ക്കാരന്‍ കിളി

ഇലകള്‍ കൂട്ടിത്തുന്നിയാണ് ടെയ്ലര്‍ ബേഡ് (Tailor bird) കൂടുണ്ടാക്കുന്നത്. മുട്ടയിടാറായാല്‍ വീതിയേറിയ ഇലകളുള്ള ചെറിയ മരങ്ങള്‍ കണ്ടെത്തുന്നു. ഏതാനും മീറ്റര്‍ ഉയരമുള്ള തേക്കിന്‍ തൈ, കൂവ, മഞ്ഞള്‍ മുതലായ ചെടികള്‍ കൂട് നിര്‍മിക്കാനായി തിരഞ്ഞെടുക്കുന്നു. വലിയ ഇലയില്ലെങ്കില്‍ ചെറിയ ഇലകളുടെ രണ്ടരികിലും തുന്നലിട്ട് സഞ്ചി പോലുള്ള കൂട് നിര്‍മിക്കുന്നു.

ഇലയുടെ രണ്ടരികിലും ഇടവിട്ട് കൊക്കു കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഇടും. പിന്നീട് എവിടെ നിന്നെങ്കിലും ശേഖരിച്ച അല്‍പം പഞ്ഞിയോ ചിലന്തിവലയോ ഇലയുടെ ഒരരികിലെ ദ്വാരത്തിലൂടെ കടത്തുന്നു. മറ്റേ അരിക് വളച്ചെടുത്ത് പഞ്ഞിയുടെ മറ്റേയറ്റം ആദ്യത്തേതിന് എതിരെയുള്ള ദ്വാരത്തിലൂടെ കടത്തുന്നു. ഇങ്ങനെ നിരനിരയായി തുന്നലുകള്‍ ഇടുന്നതോടെ ഇല സഞ്ചി പോലെയാകുന്നു. അതിനകത്ത് ഒരു കപ്പിന്റെ ആകൃതിയില്‍ പഞ്ഞിനാരു നിറയ്ക്കും. നനുത്ത തൂവല്‍ക്കഷണങ്ങളോ പഞ്ഞിയ കൊണ്ടു വന്ന് വിരിക്കുന്നതോടെ തുന്നല്‍ക്കാരന്റെ കൂട് പൂര്‍ത്തിയാകുന്നു.

നാരിലെ വിരുതന്‍

പന, മുള, തെങ്ങ് എന്നിവയുടെ ഇലത്തുമ്പില്‍ നാരുകളോ വയ്ക്കോലോ ഉപയോഗിച്ച് ഒരു ചരടുപോലെയാക്കി തൂക്കണാംകുരുവി (Hanging bird) കൂട് നിര്‍മിക്കുന്നു. അതിന്റെ അറ്റത്ത് നാരുകൊണ്ടു വളയം തീര്‍ക്കുന്നു. കൂടിന് ഒരു മണിയുടെ ആകൃതിയാകും. ഒരു തട്ട് മെടഞ്ഞൊരുക്കി മണിയുടെ തുറന്ന അടിഭാഗം പകുതിയോളം അടയ്ക്കുകയാണ് അടുത്ത ഘട്ടം. തട്ടിന്റെ മുന്നറ്റം വരമ്പുപോലെ ഉയരത്തില്‍ മെടഞ്ഞൊരുക്കുന്നു. അടുത്തതായി തട്ടിന്റെ തുറന്ന ഭാഗം മൂടുന്ന വിധത്തില്‍ താഴേക്ക് നീണ്ട കുഴല്‍ പണിയുന്നു.

പനങ്കൂളന്റെ പനയോലക്കൂട്

പനയോലയുടെ പാളികള്‍ക്കിടയില്‍ നാരുകളും ഇലക്കഷണങ്ങളും മറ്റും ഉമിനീരില്‍ കുഴച്ച് കപ്പുപോലെ ഒട്ടിച്ചേര്‍ത്താണ് പാം സ്വിഫ്റ്റിന്റെ (പനങ്കൂളന്‍, Palm swift)കൂടുണ്ടാക്കല്‍.

പോട്ടര്‍ വാസ്പിന്റെ കുടംവീട്

വീടിനു ചുറ്റുമുള്ള ചെടികളുടെ വണ്ണം കുറഞ്ഞ കമ്പുകളില്‍ ഒട്ടിച്ചു വച്ച കുടം പോലെയാണ് പോട്ടര്‍ വാസ്പിന്റെ (Potter wasp) കൂടുകള്‍.

ചെടിയുടെ ചുറ്റും കറങ്ങി നല്ല പശയുള്ള മണ്ണ് കണ്ടെത്തുന്നു. വയറ്റില്‍ ശേഖരിച്ചിരിക്കുന്ന വെള്ളം കലര്‍ത്തി കാലുകളും താടിയും ഉപയോഗിച്ച് കുഴച്ച് മണ്ണ് പാകപ്പെടുത്തുന്നു. വായ ഉപയോഗിച്ച് കോരിയെടുത്ത് കൊണ്ടു പോകാവുന്ന വിധം മണ്ണ് ഉരുളയാക്കുകയാണ് അടുത്ത ഘട്ടം. കൊണ്ടുപോകുന്ന മണ്ണുരുള ചെടിക്കമ്പില്‍ പരത്തി തേച്ച് പിടിപ്പിക്കുന്നു. മണ്ണ് തേച്ചു പിടിപ്പിച്ച് കൂട് കുടത്തിന്റെ ആകൃതിയിലാക്കുന്നു.

പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണ്‍

പലയിനം ശലഭങ്ങളുടെയും കുഞ്ഞുങ്ങള്‍ മികച്ച എന്‍ജിനീയര്‍മാരാണ്. മള്‍ബറി സില്‍ക്ക് വേം എന്ന പട്ടുനൂല്‍പ്പുഴു (Silk worm) മീറ്ററുകള്‍ നീളമുള്ള ഒരൊറ്റ സില്‍ക്ക് നാരാണ് ശലഭമാകുന്നതിനു തൊട്ടുമുന്‍പുള്ള കൊക്കൂണുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നത്.

പൈറിഡ് ശലഭപ്പുഴുക്കള്‍ വലിയൊരു സഞ്ചിപോലുള്ള കൊക്കൂണുകളാണ് നിര്‍മിക്കുന്നത്. മെക്സിക്കോയില്‍ കാണുന്ന ഈ പുഴുക്കളുടെ കൊക്കൂണുകള്‍ ആ നാട്ടുകാര്‍ പണസഞ്ചിയായി ഉപയോഗിക്കുന്നു.

മണ്‍കൂട്ടില്‍ ഫ്ളമിംഗോ

മണ്ണില്‍ കൂടു വയ്ക്കുന്ന മിടുക്കന്‍ പക്ഷികളാണ് ഫ്ളമിംഗോ (Flemingo). ചട്ടിയുടെ ആകൃതിയില്‍ ജലനിരപ്പില്‍നിന്ന് ഒന്നരയടിയോളം പൊക്കത്തില്‍ മണ്ണുകൊണ്ടാണ് ഫ്ളമിംഗോ കൂടുണ്ടാക്കുന്നത്.

സ്വര്‍ണപ്പരുന്തിന്റെ കൂട്

പരുന്തിന്റെ കുടുംബത്തിലെ വലുപ്പമേറിയ അംഗങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഈഗിള്‍ (Golden Eagle). ഉയര്‍ന്ന പാറക്കെട്ടുകളിലും വന്‍വൃക്ഷങ്ങളുടെ ഉയര്‍ന്ന ചില്ലകളിലുമാണു കൂടൊരുക്കല്‍. ചുള്ളിക്കമ്പുകളും മരക്കഷണങ്ങളും അടുക്കി പരന്ന തട്ടുപോലെയാണു കൂട്. വര്‍ഷങ്ങളോളം ഒരേ കൂടു തന്നെ ഉപയോഗിക്കുന്നു.

പന്തു പോലൊരു പാര്‍പ്പിടം

കുറച്ചു നാരും പഞ്ഞിയും ഇലക്കഷണങ്ങളുമെല്ലാം ചെളിയില്‍ കുഴച്ച് വലിയ പന്തിന്റെ ആകൃതിയില്‍ കൂട് ഒരുക്കുന്നവയാണ് ഓവന്‍ ബേര്‍ഡ് (Oven bird). ഈ കൂട് വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ കടുകട്ടിയാകും.ഒറ്റത്തവണ ഉപയോഗിച്ച ശേഷം കൂട് ഉപേക്ഷിക്കും.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍.കോം 

Monday, April 2, 2012

സിംഹക്കുട്ടികള്‍ക്ക് കന്നിപ്പിറന്നാള്‍

തിരുവനന്തപുരം: ആകാശിനും ആരാധനയ്ക്കും ഒന്നാം പിറന്നാള്‍ ഗംഭീര ആഘോഷമായി. മൃഗശാലയിലെ സിംഹക്കുട്ടികളായ ആകാശിനും ആരാധനയ്ക്കുമായിരുന്നു ഞായറാഴ്ച പിറന്നാളാഘോഷിച്ചത്.

സിംഹക്കൂട്ടിനു മുന്നില്‍ മൃഗശാല ഡയറക്ടര്‍ കെ. ഉദയവര്‍മന്റെ നേതൃത്വത്തില്‍ കേക്കു മുറിച്ചു. വാര്‍ത്തയറിഞ്ഞെത്തിയ പോങ്ങുംമൂട് സ്വദേശിയായ സജികുമാറിന്റെ മക്കളായ ആദിത്യദേവും അനന്തശ്രീയും കുട്ടി സിംഹങ്ങള്‍ക്കു വേണ്ടി കേക്കുമുറിച്ചു. സിംഹക്കുട്ടികള്‍ക്ക് ഒന്ന് എന്നെഴുതിച്ചേര്‍ത്ത രണ്ടു മരപ്പന്തുകള്‍ സമ്മാനമായി നല്‍കി.

Saturday, March 10, 2012

ചെടിച്ചട്ടിയില്‍ നീര്‍മാതളം പൂത്തു

പരപ്പനങ്ങാടി: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി അനശ്വരമാക്കിയ 'നീര്‍മാതളം' ഔഷധസസ്യകൃഷിയിലൂടെ പ്രശസ്തനായ അബ്ദുറസാഖിന്റെ വീട്ടുമുറ്റത്തെ പൂച്ചട്ടിയില്‍ പൂവിട്ടത് പ്രകൃതിസ്‌നേഹികള്‍ക്കും സഹൃദയര്‍ക്കും കൗതുകമായി. പരപ്പനങ്ങാടി കൊടപ്പാളിയിലുള്ള റസാക്കിന്റെ പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഔഷധച്ചെടിയായി സംരക്ഷിക്കുന്ന നീര്‍മാതളമാണ് വെളുത്ത പൂക്കളും നീളമുള്ള പിങ്ക് കേസരങ്ങളുമായി പൂവിരിയിച്ചത്.
10 മീറ്ററിലേറെ ഉയരം വെക്കുന്ന മരമാണ് നീര്‍മാതളം. നീര്‍മാതളത്തിന്റെ വേരും തൊലിയും ഇലയുമെല്ലാം ഔഷധമാണ്.

Friday, March 9, 2012

കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിച്ചു

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒളരികള്‍ച്ചര്‍ വിഭാഗത്തില്‍ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ വികസിപ്പിച്ചു. ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി പരീക്ഷണം നടന്നുവരികയായിരുന്നു. ഇന്ത്യയിലാദ്യമായാണ് കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഷുനര്‍ ബേബി ഇനത്തിലുള്ള ടെട്രോപ്ലോയിഡ് തണ്ണിമത്തനാണ് പരീക്ഷണത്തില്‍ ഉപയോഗിച്ചത്.

പൂവിനുള്ളില്‍ പൂ വിരിയുന്ന റോസാച്ചെടി

രാജാക്കാട്:പൂവിനുള്ളില്‍നിന്ന് മൊട്ട് കിളിര്‍ത്ത് പൂവായി മാറുന്ന റോസാച്ചെടി കൗതുകമാകുന്നു. രാജകുമാരി പന്നിയാര്‍ ജങ്ഷന്‍ തെങ്ങുംകുടിയില്‍ ജോണ്‍സന്റെ വീട്ടുമുറ്റത്തെ റോസാച്ചെടിയിലാണ് ഈ പ്രതിഭാസം.

മൊട്ട് വിരിഞ്ഞ് പൂവാകുന്നതോടെ പഴയ പൂവിന്റെ ഇതളുകള്‍ കൊഴിയാന്‍ തുടങ്ങും. ഈ വര്‍ഷം മുതലാണ് പൂവിനുള്ളില്‍ പൂവിരിയുന്നത് കണ്ടുതുടങ്ങിയത്. സ്വാഭാവിക ചുറ്റുപാടുകളില്‍ ഇപ്രകാരം സംഭവിക്കുന്നത് അത്യപൂര്‍വ്വമാണെന്നും ജനിതക മാറ്റമാണ് കാരണമെന്നും മൈലാടുമ്പാറ ഐ.സി.ആര്‍.ഐ.ലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും പ്ലാന്റ് പതോളജി വിഭാഗം തലവനുമായ ഡോ. എ.കെ.വിജയന്‍ പറഞ്ഞു.
09 Mar 2012 Mathrubhumi Idukki News
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക