.

.
Showing posts with label മലിനീകരണം. Show all posts
Showing posts with label മലിനീകരണം. Show all posts

Sunday, November 18, 2012

പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും


തൃശ്ശൂര്‍: കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.

സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ.
ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
18 Nov 2012 Mathrbhumi Thrissur News

Saturday, September 15, 2012

മാനത്തെ കാണാക്കുട


ഭാവി തലമുറകള്‍ക്കായി നമ്മുടെ ആകാശവുംഅന്തരീക്ഷവുമൊക്കെ കാത്തുസൂക്ഷിക്കാം എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ഓസോണ്‍ ദിനം കടന്നുവരുന്നത്. Protecting our atmosphere for generationsto come ഇതാണ് ഇത്തവണത്തെ ഓസോണ്‍ദിന സന്ദേശം. ഇത്തവണത്തെ ഓസോണ്‍ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൂടിയാണ് ഈ സെപ്റ്റംബര്‍ 16ന്.

1987 സെപ്റ്റംബര്‍ 16നു മോണ്‍ട്രിയലില്‍ വച്ചാണ് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ളഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) ആണ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. നമ്മള്‍ ചൂടുന്ന കുടയില്‍ തുളകള്‍ വീണാല്‍ എങ്ങനെയിരിക്കും? ഇൌ അവസ്ഥയിലാണിപ്പോള്‍ ഭൂമിയമ്മ. കത്തുന്ന സൂര്യന്റെ അഗ്നിവര്‍ഷത്തില്‍നിന്നു നമ്മെ കാത്തുരക്ഷിക്കുന്ന, നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ തുളകള്‍ വീണു കഴിഞ്ഞിരിക്കുന്നു. സിഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ളോറോ ഫ്ലൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന പ്രധാന വില്ലന്‍.

1920കളുടെ അവസാനം തോമസ് മിഡ്ഗ്ലേ (Thomas Midgley) കണ്ടുപിടിച്ച ഇൌ രാസവസ്തു മിറക്കിള്‍കെമിക്കല്‍ എന്നാണ് അക്കാലത്തു വാഴ്ത്തപ്പെട്ടത്. പിന്നീടങ്ങോട്ട് റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും ശീതീകാരിയായി വന്‍തോതില്‍ ഫ്രിയോണ്‍ പോലുള്ള സിഎഫ്സികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1970കളില്‍ പോള്‍ ക്രൂറ്റ്സണ്‍, ഷെര്‍വുഡ് റൌളണ്ട് മരിയോ മോളിന എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങളാണ് ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്തു കൊണ്ടുവന്നത്. അദ്ഭുത രാസവസ്തുക്കള്‍ എന്നു വാഴ്ത്തിപ്പാടിയ സിഎഫ്സികളാണ് നമ്മുടെ രക്ഷാകവചത്തെ കാര്‍ന്നുതിന്നുന്നത്!

ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍ക്കു പകരം ഉപയോഗിക്കാമെന്ന അവകാശ വാദവുമായി രംഗത്തെത്തിയ ഹൈഡ്രോ ക്ളോറോ ഫ്ലൂറോ കാര്‍ബണുകളും ഹൈഡ്രോ ഫ്ലൂറോ കാര്‍ബണുകളും ഓസോണ്‍ പാളിക്കു ദോഷം തന്നെയാണെന്നു തെളിഞ്ഞതോടെ അവയും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇവയ്ക്കു പകരം ഗ്രീന്‍ ഫ്രീസ് ഹൈഡ്രോകാര്‍ബണ്‍ ടെക്നോളജി ഉപയോഗിക്കാമെന്നാണു പുതിയ കണ്ടെത്തല്‍. 2020 ആകുമ്പോഴേക്കും രാജ്യാന്തരതലത്തില്‍ നിര്‍മിക്കുന്ന 80 ശതമാനത്തോളം റഫ്രിജറേറ്ററുകളിലും ഗ്രീന്‍ ഫ്രീസ് ടെക്നോളജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണു ശാസ്ത്രജ്ഞര്‍പറയുന്നത്.

അപ്പോഴും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പഴയ ശീതീകാരികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.

സീമ ശ്രീനിലയം മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ്‌

പണത്തിലും വലുതാണോ പ്രകൃതി


ഒറ്റക്കുത്തിന് തുളഞ്ഞതല്ല ഓസോണ്‍. വര്‍ഷങ്ങള്‍ നീണ്ട തുരക്കല്‍ വേണ്ടിവന്നു അത് ഈ പരുവത്തിലെത്തിച്ചെടുക്കാന്‍. അന്റാര്‍ട്ടിക്കയില്‍ വെയിലുകൊള്ളാനിറങ്ങിയ സായ്പിന്റെ പുറം പൊള്ളിയപ്പോഴാണ് സംഗതിയുടെ ഗൌരവം ലോകത്തിന് ബോധ്യമായത്. ഇത് 1982ല്‍. പിന്നെ മലവെള്ളംപോലെ  അന്വേഷണപ്രളയം. ഒടുവില്‍ നാസയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ സത്യം കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ആകാശത്തുള്ള ഓസോണ്‍ പുതപ്പിന് കട്ടി കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ പിഞ്ഞിക്കീറിയിരിക്കുന്നു.

ഓസോണിലെ സുഷിരം എന്ന രോഗം ലോകശ്രദ്ധയിലേക്കു വരുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ഇങ്ങനെയൊരു രോഗം വരുമെന്നും അതിന് കാരണം ഇന്നതിന്നതാണെന്നുമൊക്കെ കണ്ടെത്തിയിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് 1974ല്‍ നേച്ചര്‍ മാഗസിനിലാണ്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഷെര്‍വുഡ് റൌലാണ്ട്, മാരിയോ മൊളീന എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍ (സിഎഫ്സി) ഓസോണിനെ നശിപ്പിക്കും എന്നു കാര്യകാരണ സഹിതം വാദിച്ചിരുന്നു. പ്രതികരണ ശേഷിയില്ലാത്ത പാവത്താനായിട്ടാണ് അതുവരെ ലോകം സിഎഫ്സിയെ കണ്ടിരുന്നത്. \'എനിക്കറിയാമായിരുന്നു ഇവന് ആകാശത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ലെന്ന് -റൌലാണ്ട് അന്നേ പറഞ്ഞുവച്ചു. ഫ്രിഡ്ജിലും എസിയിലുമൊക്കെ ശീതീകാരിയായി ഉപയോഗിക്കുന്ന ഒരു പാവം നിര്‍ഗുണന്‍ എന്നു കരുതിയിരുന്ന സിഎഫ്സി വില്ലനായി മാറിയത് ഈ ലേഖനത്തോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായി. കാരണം വ്യാവസായിക വിപ്ലവത്തിന്റെ ഐസ്ക്രീമും കഴിച്ച് യൂറോപ്പ് എസി മുറിയിലിരിക്കുന്ന കാലമായിരുന്നു അത്. സിഎഫ്സിയാകട്ടെ ആ വ്യവസായ വിപ്ലവത്തിലെ മുഖ്യപോരാളിയും.

എന്നാല്‍ യൂറോപ്പിലെ ഹെയര്‍സ്പ്രേ ഉപയോഗം ചിലിയില്‍ സ്കിന്‍ ക്യാന്‍സറിനു കാരണമാകുന്ന തരത്തില്‍ ഓസോണിന് പ്രശ്നം ബാധിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിനും മറ്റുവഴിയൊന്നുമില്ലാതായി.

അങ്ങനെയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വിജയിച്ച രാജ്യാന്തര ഉടമ്പടിയെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിച്ച മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആവിര്‍ഭാവം. 1987ല്‍ രൂപംകൊണ്ട ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഓസോണ്‍ സംരക്ഷിക്കുക, സിഎഫ്സിയുടെ ഉപയോഗം നിര്‍ത്തുക എന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഒപ്പിട്ടതോടെ സംഗതി ഹിറ്റായി. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പയില്‍ തുല്യം ചാര്‍ത്തിയത്.

ഇന്ത്യക്കാരുടെ മുടിഞ്ഞ തീറ്റയാണ് ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് തട്ടിവിട്ടതുപോലെ തന്നെ, വികസ്വര രാജ്യങ്ങളുടെ വികസന ആര്‍ത്തിയാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമെന്നായിരുന്നു യൂറോപ്പ് വാദിച്ചത്. സത്യത്തില്‍ 1985ല്‍ വികസ്വര രാഷ്ട്രങ്ങളുടെ സിഎഫ്സി ഉപഭോഗം 16 ശതമാനം മാത്രമായിരുന്നു. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളുടേതാകട്ടെ 67 ശതമാനവും.

സിഎഫ്സി ഉപഭോഗം കുറയ്കണമെന്ന വാദം തങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കു തുരങ്കം വയ്ക്കാനാണെന്നാണ് പല വികസ്വര രാഷ്ട്രങ്ങളും ചിന്തിച്ചത്. പത്തുമുപ്പതുവര്‍ഷം എസിയുടെ തണുപ്പിലിരുന്നു സുഖിച്ചവര്‍ ഇന്നലെ വാങ്ങിയ തങ്ങളുടെ എസിയില്‍ കണ്ണുവയ്ക്കുന്നത് അവര്‍ക്കു സഹിക്കാനായില്ല.

ചേരിയില്‍ ജീവിക്കുന്ന മനുഷ്യരോട് വായുവും വെള്ളവും മലിനീരകരിക്കരുത് എന്ന് എങ്ങനെയാണ് ഞാന്‍ പറയുക എന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ചോദ്യമാണ് വികസ്വര രാജ്യങ്ങള്‍ ഒന്നാകെ ഏറ്റുപിടിച്ചത്. വ്യവസായ വല്‍ക്കരണത്തിന്റെ പാതയിലായരുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് സിഎഫ്സിയെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാനാവില്ലായിരുന്നു. പിന്നീടങ്ങോട്ട് ഒത്തു തീര്‍പ്പുകളുടെ കാലമായിരുന്നു. ചര്‍ച്ചകളും ഉച്ചകോടികളും വട്ടമേശ സമ്മേളനങ്ങളും ചായകുടിയും പൊടിപൊടിച്ചു. ലോകമുതലാളിമാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയിലായിരുന്നു എല്ലാവരുടെയും കണ്ണ് എന്നതായിരുന്ന സത്യം. 1990ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പിട്ടവരുടെ എണ്ണം 54 ആയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും മടിച്ചു നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുകയല്ല, അറിവും സാങ്കേതിക വിദ്യയും കൈമാറുകയാണ് വേണ്ടതെന്നായിരുന്ന ഇന്ത്യുടെ വാദം. പക്ഷേ ലേലം വിളികള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക 240 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയപ്പോള്‍ നമ്മളും കവാത്ത് മറന്നു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഒപ്പുവച്ചു. പ്രകൃതിയായിരുന്നില്ല പണം തന്നെയായിരുന്നു നമ്മുടെയും  പ്രധാന പരിഗണന. 2010ല്‍ സിഎഫ്സി ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്ന അന്ന് ഇന്ത്യ നല്‍കിയ വാക്ക്. പക്ഷേ എന്തു പറയേണ്ടൂ, ഇന്ന് ലോകത്തെ സിഎഫ്സി ഉത്പാദന- ഉപഭോഗ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈന തന്നെ ഇവിടെയും മുന്‍പില്‍.

മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഒപ്പുവച്ച അമേരിക്ക 2012ല്‍ എത്തുമ്പോള്‍ വ്യവസായ ലോബികള്‍ക്കു വഴങ്ങി പുകനിയമം (സ്മോഗ് റൂള്‍) ഇളവു ചെയ്തിരിക്കുന്നു. എല്ലാവരും കൂടി നമ്മുടെ പൊക കണ്ടേ അടങ്ങൂ എന്നു തോന്നുന്നു.
മനോരമ ഓണ്‍ലൈന്‍ ഓസോണ്‍ ദിനം സ്പെഷല്‍

Wednesday, April 18, 2012

കല്‌പാത്തിപ്പുഴ വിളിക്കുന്നു, മരണമൊഴി കേള്‍ക്കാന്‍

പാലക്കാട്: കല്പാത്തിപ്പുഴയുടെ തീരത്ത് സംന്യാസിമുക്കിനുസമീപം ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചെലവില്‍ സ്ഥാപിച്ച ആ ബോര്‍ഡില്‍ പുഴസംരക്ഷണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. വഴിതെറ്റിയിട്ടില്ല, ബോര്‍ഡ്സ്ഥാപിച്ചവഴി നീളുന്നത് പുഴയിലേക്കുതന്നെ. പുഴയുടെ ഓരത്ത് തകര്‍ന്നുകിടക്കുന്ന തടയണയ്ക്കരികില്‍ നിങ്ങളെ സ്വാഗതംചെയ്യുക മൂക്കുപൊത്തിക്കുന്ന ദുര്‍ഗന്ധമായിരിക്കും.

മൂക്കടച്ചുപിടിച്ച് നടന്നാല്‍ അടുത്തകാഴ്ച നഗരത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ പുറം തള്ളുന്ന മാലിന്യമാണ്. ഈ മാലിന്യത്തില്‍ച്ചവിട്ടി നടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എത്തിച്ചേരുക മലിനജലത്തിലേക്ക് ഒലിച്ചിറങ്ങുന്ന കക്കൂസ്മാലിന്യത്തിലാണ്. അവിടെനിന്ന് പുഴയെ നോക്കിയാല്‍ ഇരുകരകളിലും കുമിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്മാലിന്യത്തിന്റെ കൂമ്പാരം. വലിയൊരു പ്ലാസ്റ്റിക് കുന്ന്. ഒരു മണിക്കൂറോളം മൂക്കുപൊത്തി നടക്കാന്‍ തയ്യാറുള്ള ആര്‍ക്കും പുഴയുടെമരണം നേരിട്ടുകാണാം.

Wednesday, March 28, 2012

വേമ്പനാട്ടുകായല്‍ അപകടാവസ്ഥയില്‍

ആലപ്പുഴ : വേമ്പനാട്ടുകായല്‍ മലിനീകരണം സര്‍വ്വകാല റിക്കോഡിലെത്തിയതായി പഠനറിപ്പോര്‍ട്ട്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിമാസ പഠനറിപ്പോര്‍ട്ടില്‍ ഏറ്റവും ഒടുവിലത്തേതിലാണ് ഏറെ ആശങ്ക പരത്തുന്ന വിവരമുള്ളത്.
വേമ്പനാട്ടുകായല്‍, പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികള്‍ എന്നിവിടങ്ങളിലാണ് കാര്‍ഷിക സര്‍വകലാശാല പഠനം നടത്തിയത്. കായലിനെ അപേക്ഷിച്ച് നദികളുടെ സ്ഥിതി താരതമ്യേന ഭേദമെന്നാണ് കണ്ടെത്തല്‍.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക