.

.
Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, September 29, 2012

അപൂര്‍വ മരനായ ഷോളയാറില്‍

കോട്ടയം: വംശനാശം നേരിടുന്ന മരനായയെ ഷോളയാര്‍ വനത്തില്‍ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലും കാണപ്പെടുന്ന അപൂര്‍വ ജീവിയാണിത്. കറുംവെരുക് എന്നും പേരുള്ള ഈ ജീവി ഷോളയാറിലുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉറപ്പിക്കുന്നത് ഇപ്പോഴാണ്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍.)ന്റെ 'ചുവപ്പുപട്ടിക' പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിയാണ് നീലഗിരി മാര്‍ട്ടന്‍ എന്ന മരനായ. എണ്ണം ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു.

എം.ജി. സര്‍വകലാശാലാ ബയോ മോളിക്യുലാര്‍ ഫിസിക്‌സ് ഗവേഷണ വിദ്യാര്‍ഥിനി പി.അപര്‍ണയാണ് ഷോളയാറില്‍ ഈ ജീവിയെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ചിത്രമെടുത്തത്.
അപര്‍ണയുടെ ഭര്‍ത്താവ് ഡി.അശോക് ഷോളയാറില്‍ വൈദ്യുതിബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറാണ്. ശനിയാഴ്ച അദ്ദേഹത്തോടൊപ്പം പവര്‍ഹൗസ് ഭാഗത്ത് നടക്കുമ്പോഴാണ് ഒരു ജീവി വളരെ വേഗത്തില്‍ മരത്തില്‍ കയറുന്നതുകണ്ടത്. ഉടന്‍ ചിത്രമെടുത്തു. അപ്പോഴറിയില്ലായിരുന്നു വംശനാശം നേരിടുന്ന മരനായയാണ് ഇതെന്ന്. പിന്നീട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റുചെയ്ത്, ജന്തുശാസ്ത്രവിദഗ്ധരും മറ്റും പ്രതികരിച്ചപ്പോഴാണ് തന്റെ ചിത്രത്തിന്റെ വിലയറിയാന്‍ കഴിഞ്ഞതെന്നും അപര്‍ണ പറഞ്ഞു. 

മനുഷ്യസാമീപ്യം അനുഭവപ്പെട്ടാലുടന്‍ വാസസ്ഥലം മാറ്റുമെന്നതിനാല്‍ മരനായകളെ കണ്ടെത്തുക ദുഷ്‌കരം. പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറാണ് കേരളത്തില്‍ ഇതിനുമുമ്പ് ഈ ജീവിയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. പാമ്പാടുംചോലയില്‍വച്ചാണ് ആദ്യമായി കണ്ടത്. പക്ഷേ, അന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, തേക്കടിയിലും നെല്ലിയാമ്പതിയിലും മൂന്നാറിലും അദ്ദേഹം ഇവയെ കണ്ടു. ഷോളയാര്‍ ഭാഗത്ത് ഇവയെ കണ്ടിട്ടുള്ളതായി നേരത്തെ ചില ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും ഫോട്ടോ ലഭിക്കുന്നത് ആദ്യമാണെന്ന് നസീര്‍ പറഞ്ഞു.

കീരി വര്‍ഗത്തില്‍പ്പെടുന്നതാണ് മരനായ. കാഴ്ചയില്‍ മലയണ്ണാനെപ്പോലെ. പര്‍വതമേഖലയിലെ ചോലവനങ്ങളിലേ ഇവയ്ക്ക് അതിജീവനശേഷിയുള്ളൂ. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Tuesday, August 7, 2012

വരള്‍ച്ച നേരിടാന്‍ ഗിര്‍ വനം

മണ്‍സൂണ്‍ ചതിച്ചതോടെ വരള്‍ച്ചാ ഭീഷണി നേരിടാന്‍ നാടൊരുങ്ങും മുന്‍പേ കാടൊരുങ്ങുന്നു. സിംഹങ്ങള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ പ്രധാന ദേശീയോദ്യാനമായ ഗിര്‍ വനത്തിലാണ് വരാന്‍പോകുന്ന വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നത്. വനത്തിലെ 400 കേന്ദ്രങ്ങളില്‍ ചെറിയ ചെക്ക്ഡാമുകള്‍ ഒരുക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടുത്ത വേനല്‍ക്കാലത്തു മാത്രം ചെയ്യാറുണ്ടായിരുന്ന ഈ ക്രമീകരണം ഇപ്പോള്‍ വര്‍ഷം മുഴുവന്‍ തുടരേണ്ടിവരുമെന്നാണ് വനം പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീപ് കുമാര്‍ നന്ദ പറയുന്നത്.
വെള്ളം കോരി ഒഴിച്ചും ട്രാക്ടറില്‍ വെള്ളം കൊണ്ടുവന്നും സോളാര്‍ പമ്പുകള്‍, വിന്‍ഡ് പമ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തും ചെക്ക്ഡാമുകള്‍ നിറയ്ക്കാനാണു പദ്ധതി. വനത്തിലൂടെയും പരിസരങ്ങളിലൂടെയും കടന്നുപോകുന്ന നദികളും കൈവഴികളുമെല്ലാം വറ്റിവരണ്ടുതുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കൃത്രിമ കുളങ്ങളും മറ്റും നിര്‍മിക്കാനും ആലോചിക്കുന്നതായി നന്ദ പറഞ്ഞു. ഒടുവിലത്തെ വന്യജീവി സെന്‍സസ് പ്രകാരം 411 ഏഷ്യന്‍ സിംഹങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികളുടെ ആവാസ സ്ഥാനമാണ് ഗിര്‍ വനം.
 എന്‍.പി.സി. രംജിത manoramaonline environment

Tuesday, May 15, 2012

ഡാംതീരത്തെ പുല്‍മേട്ടില്‍ കാട്ടുജീവികളുടെ നിറവ്

തെന്മല:തെന്മല ഡാമിന്റെ തീരങ്ങളില്‍ വേനല്‍മഴയില്‍ കിളിര്‍ത്ത പുല്‍മേടുകള്‍ കാട്ടുജീവികളുടെ താവളമായി. സസ്യാഹാരികള്‍ക്ക് പിറകെ മാംസാഹാരികള്‍ കൂടി എത്തിയതോടെ ഡാം തീരം ഫലത്തില്‍ മൃഗശാലയായി.

ചെന്തുരുണി വന്യജീവിസങ്കേതത്തിന് നടുവിലെ ഡാമില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൂടുതലായി തെളിഞ്ഞ തീരങ്ങളാണ് ഇപ്പോള്‍ പച്ചപ്പിന് വഴിമാറിയിരിക്കുന്നത്. നിത്യേന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേനല്‍മഴയില്‍ വെള്ളം ഉയര്‍ന്നില്ലെങ്കിലും വിണ്ടുകീറിക്കിടന്ന തീരങ്ങളിലെല്ലാം വലിയ ഉയരത്തില്‍ പുല്ല് വളര്‍ന്നു. ഇതോടെ കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമാക്കിയിരിക്കുകയാണ്.

Sunday, May 13, 2012

വയനാട് കടുവസങ്കേതത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

തിരുനെല്ലി: വയനാട് വന്യജീവി സങ്കേതം കടുവ സംരക്ഷണ കേന്ദ്രമായി മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. രാജ്യത്തെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളില്‍നിന്നും വിഭിന്നമായി കടുവകളുടെ വംശവര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ടൈഗര്‍ റിസര്‍വിന് അനുകൂലമാവുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമംകൂടി വേഗത്തിലാവുന്നതോടെ കേരളത്തിലെ മൂന്നാമത്തെ കടുവസംരക്ഷണ കേന്ദ്രമായി വയനാടന്‍ കാടുകള്‍ മാറും.

Wednesday, May 9, 2012

പരുന്തുംപാറയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

പരുന്തുംപാറ:പരന്തുംപാറയില്‍ സന്ദര്‍ശകത്തിരക്ക്. വേനലവധിക്കാലം ആഘോഷമാക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ പരുന്തുംപാറയിലെത്തുന്നത്. മലനിരകളും അഗാധമായ കൊക്കയും മൂടല്‍മഞ്ഞും സഞ്ചാരികള്‍ക്ക് പരുന്തുംപാറയെ നപ്രിയപ്പെട്ടതാക്കുന്നു. വാഗമണ്ണില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്തും. വാഗമണ്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും പരുന്തുംപാറയും സന്ദര്‍ശിച്ചാണ് മടങ്ങാറ്.

Sunday, May 6, 2012

മുതുമല ടൈഗര്‍ റിസര്‍വ് തുറന്നു

നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീ ഭീതിയും നിലനിന്നിരുന്നതിനാല്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. വേനല്‍മഴയില്‍ വനത്തില്‍ പച്ചപ്പ് വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം തുറന്നത്. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുതുമല ടൈഗര്‍ റിസര്‍വ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടും കേരളത്തിന്റെ വനപ്രദേശങ്ങളോടും ചേര്‍ന്നാണ് കിടക്കുന്നത്.

Thursday, May 3, 2012

മനോഹരദൃശ്യങ്ങളാല്‍ പൈതല്‍ മല

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂര്‍ ടൗണില്‍നിന്ന് 65 കിലോമീറ്ററും തളിപ്പറമ്പില്‍നിന്നു 35 കിലോമീറ്ററുമാണ് ഇവിടേക്ക്. സമുദ്രനിരപ്പില്‍ നിന്നു നാലായിരത്തഞ്ഞൂറടി ഉയരത്തില്‍, അഞ്ഞൂറ് ഏക്കറിലായി പരന്നുകിടക്കുന്ന മലയുടെ വടക്കു ഭാഗത്ത് കുടക് കാടുകളാണ്. മനോഹരദൃശ്യങ്ങളാല്‍ സമൃദ്ധമാണ് പൈതല്‍മല. ചെറിയൊരു ട്രെക്കിങിന് താത്പര്യമുള്ളവര്‍ക്ക് കുടുംബവുമൊത്ത് ഈ മലകയറാം. കോടയൊഴിഞ്ഞ സമയമാണെങ്കില്‍ മലമുകളില്‍ നിന്ന് നോക്കിയാല്‍ വളപട്ടണം പുഴയും കണ്ണൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങളും കാണാം. വൈതല്‍ മലയാണ് പിന്നീട് പൈതല്‍ മലയായത്. ആദിവാസി വിഭാഗങ്ങളുടെ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന വൈതല്‍കോന്‍ എന്ന രാജാവിന്റെ അരമന ഇവിടെയുണ്ട്. അതിനാലാണത്രേ വൈതല്‍മലയായത്.
ജില്ല: കണ്ണൂര്‍. യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം: കോഴിക്കോട് (93 കി.മീ). റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ (65 കി.മീ).
റോഡ് മാര്‍ഗ്ഗം: തളിപ്പറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍മല(35 കി.മീ) വഴി പൊട്ടന്‍പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൈതല്‍ മലയിലെത്താം. തലശ്ശേരി-മമ്പറം-ശ്രീകണ്ഠാപുരം വഴിയും ഇവിടെയെത്താം.
എസ്.ടി.ഡി: 0497. ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 2703121, ഡി.ടി.പി.സി: 2706336
താമസം: കണ്ണൂര്‍ ടൗണില്‍: റോയല്‍ ഒമര്‍സ്: 2769091, ക്ലിഫ് എക്‌സോട്ടല്‍: 2712197 ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി: 2767744, കെ.ടി.ഡി.സി. ടാമറിന്റ് ഹോട്ടല്‍: 2700717, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്: 2760220.



പൈതല്‍ മല ട്രക്കിങ്ങ്  ഫോട്ടോസ്

Monday, April 23, 2012

ഇക്കോടൂറിസം സെന്ററില്‍ ആനകളെ കാണാന്‍ സന്ദര്‍ശക പ്രവാഹം

കോന്നി:ആനകളെ കാണാനും വിശേഷങ്ങളറിയാനും ആനസവാരിക്കുമായി ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്കേറി. സോമന്‍(72), നപ്രിയദര്‍ശനി(24), മീന(22), സുരേനന്ദ്രന്‍(14), ഈവ(3), ഡോണ്‍സിംഗ്(9) എന്നീ ആനകളാണ് ആനക്യാമ്പിലുള്ളത്. ഇതില്‍ ഡോണ്‍സിംഗ് ആളു ചില്ലറക്കാരനല്ല. വനംവകുപ്പ് ഒരുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആന സോമനും, നപ്രിയദര്‍ശനിയുമാണ് സന്ദര്‍ശകരെ ആനസവാരിക്കായി കൊണ്ടുപോകുന്നത്. ആനസവാരിക്ക് ഒരാളിന് 100രൂപയാണ് ടിക്കറ്റ്‌നിരക്ക്. ഉച്ചകഴിഞ്ഞ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാവിലെയാണ് സന്ദര്‍ശകരുടെ വരവ്.

അല്‍ഫോണ്‍സ മുതല്‍ മല്ലിക വരെ

തൊടുപുഴ: അല്‍ഫോണ്‍സ, സുവര്‍ണരേഖ, അന്‍മോള്‍, സിന്ധു, മല്ലിക..... ഇവരെ അറിയാന്‍ തൊടുപുഴ കാസ്ഡിന്റെ ഗ്രീന്‍ഫെസ്റ്റില്‍ എത്തിയാല്‍ മതി. കോളേജ് ബ്യൂട്ടികളൊന്നുമല്ല ഇവരാരും. മറിച്ച് ആരും കൊതിക്കുന്ന മാമ്പഴങ്ങളുടെ പേരുകളാണ്. പേരിലെ വൈവിധ്യം ഇവിടെ തീരുന്നില്ല. പ്രീയോള്‍, നമ്പ്യാര്‍, ബങ്കനപ്പള്ളി, ഫിമാപസന്ത്, ചന്ദ്രക്കാരന്‍, കുദൂസ്, കര്‍പ്പൂരം, മുണ്ടപ്പ, നീലാന്തി പസന്ത്, കല്ലുനീലം, കാലാപ്പാടി...... ഇങ്ങനെ തുടരുന്നു. 39 ഇനം മാങ്ങകള്‍ കാണാനും പരിചയപ്പെടാനും ഗ്രീന്‍ ഫെസ്റ്റില്‍ അവസരമുണ്ട്. ചെറുനാരങ്ങയുടെ വലിപ്പം മുതല്‍ പൊതിച്ചതേങ്ങയുടെ അത്രയും വരെ വലിപ്പമുള്ളവ ഇക്കൂട്ടത്തിലുണ്ട്.

Sunday, April 22, 2012

കാടിന്റെ വിളി

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. പക്ഷി നിരീക്ഷണത്തിനും ചിത്രശലഭനിരീക്ഷണത്തിനും ട്രക്കിങ്ങിനും ഏറ്റവും ഉചിതസ്ഥലമാണിത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ധരാളം പ്രകൃതി സ്നേഹികള്‍ സമയം ചെലവിടാനും പുഴയില്‍ കുളിക്കാനുമായി ഓരോ ദിവസവും ജാനകിക്കാട്ടില്‍ എത്താറുണ്ട്.131 ഹെക്ടര്‍ സ്ഥലമാണ് ജാനകിക്കാട്ടിലുള്ളത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് 2008 ലാണ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കിയത്.

Thursday, April 19, 2012

ചുരം കാണാം


കോഴിക്കോട്-മൈസൂര്‍ ദേശിയപാത 212ല്‍  താമരശ്ശേരി ചുരം റോഡ് ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. ദിനം പ്രതി ടൂറിസ്റ്റുകളുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ താമരശ്ശേരി ചുരത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന വനം വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Saturday, April 14, 2012

നുകരാം ആതിരപ്പള്ളിയുടെ കുളിര്‍മ ആവോളം

സഞ്ചാരികള്‍ക്കായി നേര്‍ത്ത കുളിര്‍മ ആവോളം വിളമ്പാന്‍ കാത്തുനില്‍ക്കുകയാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഒപ്പം ഇതോടുചേര്‍ന്നുള്ള വനഭംഗിയും ആസ്വദിക്കാം. നഗരത്തിരക്കില്‍ ഉരുകുന്നവരില്‍ ഏറെപ്പേരും ഒരു സണ്‍ഡേ ട്രിപ്പിനായാണ് അതിരപ്പിള്ളിയിലെത്തുന്നത്.

പശ്ചിമഘട്ട മലനിരകളിലെ ആനമുടിയില്‍നിന്നു പിറവിയെടുത്ത് അറബിക്കടലില്‍ ലയിക്കാന്‍ വെമ്പിയൊഴുകുന്ന ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യമാണ് അതിരപ്പിള്ളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത കൊതിക്കുന്ന യുവത്വത്തെ മാടിവിളിക്കുന്ന ട്രക്കിങ് പോയിന്റ്. ഒപ്പം ശാന്തമായ വനപ്രദേശം കുടുംബങ്ങളെയും കുട്ടികളെയും കാത്തിരിക്കുന്നു.

Friday, April 13, 2012

കാഴ്ച വിരുന്നൊരുക്കി രാജമല

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് അടച്ചിട്ട ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല, സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ സഞ്ചാരികളെ വരവേറ്റത് പാറക്കെട്ടുകളിലും പുല്‍മേടുകളിലും തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികള്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനനകാലം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ കിഴ്ക്കാന്തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളിലുമാണ് ഇവ പ്രസവിക്കുന്നത്.

70 കുട്ടികള്‍ ഈ സീസണില്‍ രാജമലയില്‍ പിറന്നതായാണ് ഏകദേശ കണക്ക്. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമേ വളര്‍ന്നുവലുതാവുന്നുള്ളു. ശേഷിക്കുന്നവ പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവുംമൂലം ചത്തൊടുങ്ങും. 15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടുകളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ആടിന് 150 കിലോ തൂക്കം വരും. ലോകത്ത് ആകെയുള്ള വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയ ഉദ്യാനത്തിലാണെന്നാണു കണക്ക്.

Wednesday, April 4, 2012

ഗവി യാത്രയ്ക്കു കര്‍ശന നിയന്ത്രണം

പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്നു ഗവി വഴി വിനോദസഞ്ചാരികളുടെ യാത്രയ്ക്കു 15 വരെ കര്‍ശന നിയന്ത്രണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത് ഈ ജൈവവൈവിധ്യ മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാലാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.

Tuesday, March 20, 2012

പക്ഷിസങ്കേതത്തിന്റെ ഭൂപടത്തില്‍ ഇനി മുണ്ടേരിക്കടവും

ചക്കരക്കല്ല്:പക്ഷിസങ്കേതത്തിന്റെ ഭൂപടത്തില്‍ മുണ്ടേരിക്കടവ് പക്ഷിസങ്കേതം- സംസ്ഥാന ബജറ്റിലെ അംഗീകാരം മുണ്ടേരിക്ക് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നാളുകള്‍ സമ്മാനിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലുതും മികച്ചതുമായ പക്ഷിസങ്കേതമായ മുണ്ടേരിക്കടവിന് അര്‍ഹിക്കുന്ന നേട്ടമാണ് ഇതോടെ കൈവന്നിരിക്കുന്നത്.

Sunday, March 18, 2012

ശിരുവാണിയുടെ സൗന്ദര്യം നുകരാം; ഇനി രാവും പകലും

കല്ലടിക്കോട്: നീലഗിരി ജൈവമേഖലയിലെ ശിരുവാണിയുടെ കാനനസൗന്ദര്യം ഇനി രാവും പകലും നുകരാന്‍ അവസരം.
ശിരുവാണിഡാമില്‍നിന്ന് 1,200മീറ്റര്‍ ഉയരത്തില്‍ സംസ്ഥാന ജലസേചനവകുപ്പ് നിര്‍മിച്ച പ്രോജക്ട്ഹൗസ് മന്ത്രി ശനിയാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതോടെയാണ് പ്രകൃതിസ്‌നേഹികള്‍ക്കും സന്ദര്‍ശകര്‍ക്കും സുവര്‍ണാവസരം ഒരുങ്ങുന്നത്.
കോയമ്പത്തൂര്‍ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കാനായി നിര്‍മിച്ച ശിരുവാണി ജലസംഭരണിയുടെ സംരക്ഷണം, നിയന്ത്രണം, പരിശോധന എന്നിവയ്ക്കായി എത്തുന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായാണ് 5,500 ചതുരശ്രയടിയില്‍ പ്രോജക്ട്ഹൗസ് നിര്‍മിച്ചിട്ടുള്ളത്.

Saturday, March 17, 2012

വെള്ളംതേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല ഡാമില്‍ ഇറങ്ങിത്തുടങ്ങി

തെന്മല:വെള്ളം തേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല പരപ്പാര്‍ ഡാമിന്റെ തീരത്തേക്ക് വന്നുതുടങ്ങി. ചെന്തുരുണി വന്യജീവിസങ്കേതം, തെന്മല, ആര്യങ്കാവ്, അഞ്ചല്‍ വനം റേഞ്ചുകള്‍, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടതുറ വന്യജീവിസങ്കേതം എന്നിവിടങ്ങളില്‍ നിന്നാണ് ജീവികള്‍ തീരങ്ങളിലേക്ക് വരുന്നത്.

കടുത്ത ചൂടില്‍ കാട്ടിലെ നീരുറവകള്‍ വറ്റിയതോടെയാണ് ഇവ ഡാം ജലാശയത്തെ ആശ്രയിച്ചു തുടങ്ങിയത്.

Wednesday, March 14, 2012

മുത്തങ്ങയിലേക്ക് പ്രവേശനമില്ല: വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു

സുല്‍ത്താന്‍ബത്തേരി: കാട്ടുതീ ഭീഷണിയില്‍ മുത്തങ്ങ വന്യജീവി സങ്കേതം അടച്ചതോടെ ദിവസേന നൂറ്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ ആളൊഴിഞ്ഞു.
കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതലാണ് മുത്തങ്ങ വന്യജീവിസങ്കേതം അടച്ചത്. ഫിബ്രവരിയില്‍ത്തന്നെ കാട്ടുതീ കാരണം തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര്‍ വന്യജീവി സങ്കേതങ്ങള്‍ അടച്ചിരുന്നു. അതുരണ്ടും അടച്ചതോടെ മുത്തങ്ങയില്‍ വന്‍ തിരക്കായി.

Tuesday, March 6, 2012

കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളം

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതോടെ കല്ലൂര്‍ ഉള്ളിച്ചിറ കയറ്റം കാട്ടാനകളുടെ താവളമായി മാറി.

ഇവിടത്തെ പച്ചപ്പും തൊട്ടടുത്തുകൂടി കല്ലൂര്‍ പുഴ ഒഴുകുന്നതുമാണ് കാട്ടാനകളെ ഉള്ളിച്ചിറ കയറ്റത്തിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ദേശീയപാതയില്‍ ശുദ്ധജല വിതരണപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുമുണ്ട്. അതും കാട്ടാനകള്‍ഉപയോഗപ്രദമാക്കുന്നു. കുട്ടികളുമായുള്ള ആനക്കൂട്ടമാണ് ഏറെയും.

Monday, March 5, 2012

വേനലിലും കുളിരുപകര്‍ന്ന് ലക്ഷ്മണ്‍ തീര്‍ഥ

കുട്ട (കര്‍ണാടക): പൊള്ളുന്ന വേനലിലും പാറക്കെട്ടുകളില്‍ നിന്ന് കുതിച്ചുചാടി, പതഞ്ഞൊഴുകുന്ന, ഇരുപ്പ് വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു.
കര്‍ണാടകയുടെ തെക്കേ അതിര്‍ത്തിയിലാണ് ലക്ഷ്മണ്‍ തീര്‍ഥ എന്ന് അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം. അന്‍പതടിയോളം താഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ നിന്നുമാണ് ഇരുപ്പ് കാട്ടരുവിയുടെ ഉത്ഭവം.
സദാ മഞ്ഞുപെയ്യുന്ന കുടക് താഴ്‌വാരത്തെ വനസ്ഥലികള്‍ പിന്നിട്ടുവേണം കേരളത്തില്‍ നിന്ന് ഇവിടെയെത്താന്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ സഞ്ചാരികളുടെ വിനോദ ഭൂപടത്തില്‍ ഈ ജലപാതം വിസ്മയങ്ങള്‍ കാത്തുവെക്കുന്നു.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക