.

.

Wednesday, September 12, 2012

ശുശ്രൂഷിക്കാന്‍ സംവിധാനങ്ങളില്ല ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവും ചത്തു

തെന്മല: വനത്തില്‍നിന്ന് പരിക്കുകളോടെ എത്തിക്കുന്ന മാനുകളെയും മ്ലാവുകളെയും ശുശ്രൂഷിക്കാന്‍ ഒറ്റക്കല്‍ മാന്‍ പുനരധിവാസകേന്ദ്രത്തില്‍ (മാന്‍ പാര്‍ക്ക്) സംവിധാനങ്ങളില്ല. നെടുമ്പാറയില്‍നിന്ന് പിടികൂടി ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവ് ചൊവ്വാഴ്ച ചത്തതാണ് അവസാനസംഭവം.

വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് ജീവികളെയെങ്കിലും ശുശ്രൂഷയ്ക്കായി ഇവിടെ എത്തിക്കാറുണ്ട്. 1999ല്‍ തുടങ്ങിയ ഈ പുനരധിവാസകേന്ദ്രത്തില്‍ ഇത്തരത്തില്‍ എത്തിച്ച മ്ലാവോ മാനോ ഒന്നും രക്ഷപ്പെട്ടിട്ടില്ല. പ്രത്യേകം തീര്‍ത്ത ഇരുമ്പുകൂട്ടില്‍ ഇവയെ വിടുകമാത്രമാണ് ചെയ്യുന്നത്. ഡോക്ടറുടെ സേവനമോ മറ്റ് പരിചരണങ്ങളോ ഗുരുതരാവസ്ഥയില്‍ എത്തുന്ന ഈ മിണ്ടാപ്രാണികള്‍ക്ക് ലഭിക്കാറില്ല.

12 മാനുകളും 6 മ്ലാവുകളും പുനരധിവാസകേന്ദ്രത്തിലുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടെ ഈ ജീവികളെ ശുശ്രൂഷിക്കാനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്.

നെടുമ്പാറയില്‍ തോട്ടില്‍ അവശനിലയില്‍ വന്നുനിന്ന 6 വയസ്സുള്ള ആണ്‍ മ്ലാവിനെ തെന്മല ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ തിങ്കളാഴ്ച വൈകിട്ടാണ് ഒറ്റക്കല്ലില്‍ കൊണ്ടുവിട്ടത്. വനംവകുപ്പിന്റെ ഡോക്ടറുടെ സേവനം തേടിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ചത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവ് ചെയ്തു. ദയനീയാവസ്ഥയില്‍ എത്തുന്ന ജീവികള്‍ക്ക് ഡോക്ടറുടെ സേവനത്തിന് ഏറെ കാത്തിരിക്കേണ്ടിവരും. മാസങ്ങള്‍ക്കുമുമ്പ് ആര്യങ്കാവില്‍നിന്ന് ഇവിടെയെത്തിച്ച മാന്‍ കഴുത്തിലെ മുറിവില്‍ പുഴുവരിച്ച് ആഴ്ചകള്‍ക്കുശേഷം ചത്തിരുന്നു.

തിരുവനന്തപുരം മൃഗശാലയില്‍നിന്ന് എത്തിച്ച മാനുകളും മ്ലാവുകളുമാണ് ഇവിടെയുള്ളത്. ഇവയും വേണ്ടത്ര ശുശ്രൂഷകിട്ടാതെ ചത്തൊടുങ്ങുന്നതായി പരാതിയുണ്ട്. എന്നാല്‍ വനംവകുപ്പ് ഡോക്ടറുടെ മുഴുവന്‍ സമയ സേവനം ഒറ്റക്കല്ലിനെപ്പോലുള്ള ചെറു പുനരധിവാസകേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ നിലവിലെ സാഹചര്യങ്ങളില്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Posted on: 12 Sep 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക