.

.

Saturday, December 31, 2011

പ്രകൃതിയുടെ നിഘണ്ടുകാരന്‍

വനം കരാറുകാരനായ അച്ഛനൊപ്പം കാട് കയറിയ ഒരു കുട്ടി പക്ഷേ, തടി വെട്ടി വിറ്റ് കാശുണ്ടാക്കാന്‍ നോക്കിയില്ല. തടിയിലെയും ചെടിയിലെയും പ്രപഞ്ചരഹസ്യങ്ങള്‍ തേടുന്നവനായി. കേരളത്തിലെ ചെടികളെ ചെറിയ സൂചനകള്‍ നല്‍കിയാല്‍ ഏത് സാധാരണക്കാരനും തിരിച്ചറിയാനാവും വിധം വര്‍ഗീകരിച്ച സസ്യശാസ്ത്രജ്ഞനായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഡോ. ബി.പി. പാല്‍ഫെലോഷിപ്പ് അവാര്‍ഡ് അദ്ദേഹത്തെ തേടി വന്നു. ഇത് ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഗവേഷകനാണ് കെ.എഫ്.ആര്‍.ഐ.യിലെ ഡിവിഷന്‍ ഓഫ് ഫോറസ്റ്റ് ഇക്കോളജി ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ പ്രോഗ്രാം കണ്‍സര്‍വേറ്ററായ ഈ സീനിയര്‍ സയന്റിസ്റ്റ് ഡോ.എന്‍. ശശിധരന്‍.

കേരളത്തിലെ പൂക്കുന്ന എല്ലാ ചെടികളുടെയും മരങ്ങളുടെയും ഹൃദയരഹസ്യങ്ങള്‍ ഡോ. ശശിധരനറിയാം. നമുക്ക് ഒരു ഇലയോ പൂവോ കിട്ടിയെന്നിരിക്കട്ടെ. അതേത് ചെടിയുടെയെന്നറിയാന്‍ എന്താണ് മാര്‍ഗം ? ഫ്‌ളവറിങ് പ്ലാന്റ്‌സ് ഓഫ് കേരള എന്ന ഡി.വി.ഡി.യെടുക്കുക. അതില്‍ ഇലയുടെ ആകൃതി, അല്ലെങ്കില്‍ പൂവിന്റെ നിറം സംബന്ധിച്ച സൂചന രേഖപ്പെടുത്തുക. അപ്പോള്‍ അതേ ആകൃതിയോ നിറമോ ഉള്ള ചെടികളുടെ വിവരങ്ങള്‍ വരികയായി. കൂടുതല്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഇതില്‍നിന്നു ലഭിക്കും. ഒടുവില്‍ ചെടിയുടെ കൃത്യമായ പേരും അനുബന്ധവിവരങ്ങളും ലഭിക്കും. ചെടികളില്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും സഹായകരമായ ഈ ഡി.വി.ഡി. വികസിപ്പിച്ചെടുത്തത് ഡോ. ശശിധരനാണ്.

18200 ഫോട്ടോകളാണ് ഈ ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം നേരിട്ട് പകര്‍ത്തിവയാണ്. ഒന്നും ഇന്റര്‍നെറ്റില്‍നിന്ന് എടുത്തവയല്ല. ഒരു ചെടിയുടെ പ്രാദേശിക നാമം, ഇംഗ്ലീഷ് നാമം എന്നിവ വഴിയും ഇതില്‍ വിവരങ്ങള്‍ തേടാം. ഓരോ ജില്ലയിലെയും സപുഷ്പികളായ സസ്യങ്ങള്‍ ഏതൊക്കെയാണെന്നും അവയില്‍ ഔഷധങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍, ഉദ്യാനസസ്യങ്ങള്‍, കളസസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ചെടികള്‍ എന്നിവയേതെന്നും മനസ്സിലാക്കാം. ഇല, വിത്ത്, പൂക്കളുടെ സ്വഭാവം എന്നിവയൊക്കെ ചെടികളെ കണ്ടെത്താനുള്ള സൂചകമായി ഉപയോഗിക്കാം.

ഒരു സംസ്ഥാനത്തിലെ ചെടികളെ പഠിക്കാന്‍ ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ ഇതുവരെ മറ്റാരും തയ്യാറാക്കിയിട്ടില്ല. പുസ്തകങ്ങള്‍ ഉണ്ട്. അതില്‍ തപ്പി കണ്ടുപിടിക്കുക എളുപ്പമല്ല. സി.ഡി.കളും മറ്റും അക്കാദമിക് സമൂഹത്തിന് മാത്രം സഹായകരമാംവിധം സാങ്കേതിക ജടിലമാണ്. ഇത്രയും വിവരങ്ങള്‍ ഒരു പുസ്തകത്തിലാക്കിയാല്‍ 1000 രൂപയെങ്കിലും വില വരും. ഈ ഡി.വി.ഡി.യാകട്ടെ 500 രൂപയ്ക്കാണ് കെ.എഫ്.ആര്‍.ഐ. നല്‍കുന്നത്. 15 വര്‍ഷത്തോളം കേരളത്തിലെ കാടും മലകളും കയറിയിറങ്ങിയാണ് ശശിധരനും സംഘവും ഇതിനാവശ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ചത്.


ഒരു മരത്തിലേക്ക് 85 സൂചകങ്ങള്‍


കേരളത്തിലെ മരങ്ങളെ ഇതേരീതിയില്‍ തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു സി.ഡി.യും നേരത്തെ ശശിധരന്‍ തയ്യാറാക്കിയിരുന്നു. ഒരു മരത്തെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന 85 സൂചകങ്ങള്‍ ഉണ്ട്. ഇലയും കാണ്ഡവും മുതല്‍ കറ വരെ ഇതില്‍ വരും. ഒരു മരത്തിന്റെ കറ കിട്ടിയാല്‍ അതിനെ തിരിച്ചറിയാന്‍പോലും ഈ സി.ഡി. സഹായകരമാണെന്നതാണ് സവിശേഷത. കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് യോജിക്കുന്നവ കണ്ടെത്താം. ഒരോ മരത്തിന്റെയും സ്വഭാവവിശേഷങ്ങള്‍ പ്രകടമാക്കുന്ന ഒന്നിലധികം ചിത്രങ്ങള്‍ ഉണ്ട്. ശാസ്ത്രനാമം, പ്രാദേശിക നാമം, കാണപ്പെടുന്ന ആവാസവ്യവസ്ഥ, പ്രദേശം എന്നിവയെല്ലാം വ്യക്തമാണ്. സാങ്കേതിക പദങ്ങള്‍ അറിയാത്തവര്‍ക്കും കേരളത്തിലെ 650 ഇനം മരങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത.


കണ്ടെത്തിയത് 20 ചെടികള്‍


ശശിധരന്‍ കേരളത്തിലെ കാടുകളില്‍നിന്നും മറ്റുമായി 20 ചെടികളെ കണ്ടെത്തി ശാസ്ത്രലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ്. അതില്‍ 7 മരങ്ങളുമുണ്ട്. പാലി, പാതിരി, നീരാല്‍ തുടങ്ങിയവയുടെ ചിലയിനങ്ങളെ ഇദ്ദേഹം കണ്ടെത്തി ശാസ്ത്രീയനാമകരണം ചെയ്തിട്ടുണ്ട്. ഒരു പുതിയ കുറ്റിച്ചെടിക്ക് തന്റെ പേര് ചേര്‍ത്ത് തോട്ടിയാ ശശിധരാനോ എന്നാണ് നാമകരണത്തിന് അപേക്ഷിച്ചിരിക്കുന്നത്. 1977 മുതല്‍ കെ.എഫ്.ആര്‍.ഐ.യില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഈ വര്‍ഷം വിരമിക്കുകയാണ്.

അതിനു മുന്നേയാണ് സമഗ്രസംഭാവനയ്ക്കായി കേന്ദ്രവനം മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് കിട്ടിയത്. മാസശമ്പളത്തിന് തുല്യമായ തുക നികുതിയിളവോടെ എല്ലാ മാസവും ഫെലോഷിപ്പായി കിട്ടും. കൂടാതെ പൊന്‍കരണ്ടി എന്ന ഔഷധത്തെക്കുറിച്ച് പഠിക്കാന്‍ 21 ലക്ഷം രൂപയും അനുവദിച്ചു. ഇതിനുമുമ്പ് ടി.ബി.ജി.ആര്‍.ഐ.യിലെ സി. സതീഷ്‌കുമാറിന് മാത്രമാണ് കേരളത്തില്‍ ഈ ഫെലോഷിപ്പ് ലഭിച്ചത്്.

കൊല്ലം തങ്കശ്ശേരി സ്വദേശിയായ ഈ പ്രതിഭ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡി. നേടിയത്. ഹെര്‍ബേറിയം നിര്‍മാണത്തില്‍ ഇംഗ്ലണ്ടില്‍നിന്നു ഡിപ്ലോമയും ലഭിച്ചു. 2004ല്‍ വി.വി. ശിവരാജന്‍ ഗോള്‍ഡ് മെഡലും നേടിയിരുന്നു.

സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ ചെറിയ നേട്ടങ്ങള്‍പോലും ആഘോഷിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ ശാസ്ത്രജ്ഞര്‍ സംസ്‌കാരത്തിന് നല്‍കുന്ന സംഭാവനകള്‍ അവഗണിക്കപ്പെടുകയാണ് പതിവ്. വേണമെങ്കില്‍ ശശിധരനും ശാസ്ത്രജ്ഞര്‍ക്ക് മാത്രം മനസ്സിലാകുന്ന രീതിയില്‍ തന്റെ അറിവുകളെ വര്‍ഗീകരിച്ച് രേഖപ്പെടുത്താമായിരുന്നു.

പക്ഷേ, അദ്ദേഹം അതിനെ ഏത് മലയാളിക്കും ഉപകാരപ്പെടും വിധം വികസിപ്പിച്ചു. പരിസ്ഥിതി ബോധത്തിലേക്ക്പിച്ചവെയ്ക്കുന്ന കേരളീയര്‍ക്ക് നാളെ വലിയൊരു നിഘണ്ടുവാകുന്ന ചരിത്രദൗത്യമാണ് ഈ മനുഷ്യന്‍ ചെയ്തിരിക്കുന്നതെന്ന് ഒരിക്കല്‍ തിരിച്ചറിയാതിരിക്കില്ല. 'ശാസ്ത്രലോകത്ത് ശാസ്ത്രജ്ഞന് പ്രസക്തിയില്ല.

കണ്ടെത്തലുകള്‍ക്കേ പ്രസക്തിയുള്ളു'- തന്റെ കൂട്ടിലേക്ക് ശശിധരന്‍ ഉള്‍വലിയുന്നു. ഒല്ലൂക്കരയിലെ വീടിന്റെ പേരുപോലും ഒരു ചെടിയുടെതാണ്- മെഡിനില്ല. പക്ഷേ, മെഡിവില്ല എന്ന് മാറ്റിയാണ് തപാല്‍ പലതും വരിക. ശാസ്ത്രബോധത്തില്‍നിന്നു എത്ര അകലെയാണ് നാം.

31.12.2011 Mathrubhumi (ഇ.ജി. രതീഷ്‌)

Friday, December 30, 2011

അച്ചന്‍കോവിലാറ്റില്‍ മാലിന്യക്കൂമ്പാരം

പന്തളം: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി അച്ചന്‍കോവിലാര്‍ മാറി. പ്ലാസ്റ്റിക് കുപ്പികളും അഴുകിയ വസ്തുക്കളും അടക്കം ധാരാളം മാലിന്യം വലിയകോയിക്കല്‍ ക്ഷേത്രക്കടവിലുള്ള തടയണയിലും വലിയപാലത്തിനും താഴെ മുളമ്പുഴ ഭാഗത്തുള്ള തടയണയിലും അടിഞ്ഞുകൂടിയിട്ടുണ്ട്.
പാലങ്ങളില്‍നിന്ന് താഴേയ്ക്ക് തള്ളുന്ന മാലിന്യമാണ് കൂടുതലുള്ളത്. ഇറച്ചിക്കടയിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഉള്‍പ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് പന്തളം, കുളനടപോലെയുള്ള പഞ്ചായത്തുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. റിവര്‍മാനേജ്‌മെന്റിന്റെ ഫണ്ടുപയോഗിച്ച് ഇത്തരം മാലിന്യങ്ങള്‍ ആറ്റില്‍നിന്ന് മാറ്റാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കുന്നുമില്ല.

ആറ്റില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ ഇത്തരം മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ വെള്ളത്തിന് മുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. കുടിവെള്ള പദ്ധതികളുടെ കിണറുകളെല്ലാം നദിയില്‍തന്നെയാണുള്ളത്. മണല്‍ തീരെ കുറവായതിനാല്‍ ഈ കിണറുകളിലേക്ക് വെള്ളം നേരിട്ട് ഒഴുകിയെത്തുകയാണ് ചെയ്യുന്നത്.

Posted on: 30 Dec 2011 mathrubhui pathanamthitta news

സ്റ്റാളുകള്‍ പറയുന്നത് കാര്‍ഷികരംഗത്തെ പുതുവിജ്ഞാനം

തൊടുപുഴ: മനുഷ്യാധ്വാനം ലഘൂകരിക്കുന്ന കാര്‍ഷിക ഉപകരണങ്ങള്‍, പാഴാക്കി ക്കളയുന്ന ഫലങ്ങളില്‍ നിന്നുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് മെഷീന്‍, കീടരോഗബാധയേല്‍ക്കാത്ത പച്ചക്കറികള്‍...
പുതുവിജ്ഞാനത്തിന്റെ കലവറയാണ് കാര്‍ഷികമേളയിലെ ഓരോ സ്റ്റാളും. കാര്‍ഷികമേഖലയിലെ നൂതനസാങ്കേതിക വിദ്യകളാണ് ഓരോസ്റ്റാളിന്റെയും പ്രത്യേകത. കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍വകുപ്പുകളുടെ58 സ്റ്റാളുകളാണ് മേളയുടെ ആകര്‍ഷണം. മുളകൊണ്ടുള്ള വിവിധ നിര്‍മ്മാണ സാമഗ്രികളും ഫര്‍ണിച്ചറുമാണ് കേരള സ്‌റ്റേറ്റ് ബാംബുകോര്‍പ്പറേഷന്റെ സ്റ്റാളിലുള്ളത്. സീലിങ്, പാനലിങ്, പാര്‍ട്ടീഷന്‍ എന്നിവയ്ക്കുപുറമെ വാഹനങ്ങളുടെ ബോഡിപണിയാന്‍ പറ്റുന്ന തരത്തിലുള്ള മുളബോര്‍ഡുകള്‍ ലഭിക്കും. വീടിന്റെ തറയില്‍ ഉപയോഗിക്കാവുന്ന മുളഷീറ്റ് ചതുരശ്ര അടിക്ക് 250 രൂപയാണ് വില.

കൊയ്ത്ത് മെഷീന്‍, ഗാര്‍ഡന്‍ടില്ലര്‍, ടില്ലര്‍ എന്നിവയാണ് കാംകോ സ്റ്റാളിന്റെ പ്രത്യേകത. എത്ര തറഞ്ഞുകിടക്കുന്ന സ്ഥലവും ആറിഞ്ച് ആഴത്തില്‍ കിളച്ചുമറിക്കാന്‍ 45000 രൂപവിലയുള്ള ഗാര്‍ഡര്‍ ടില്ലറിനാകും. കൊയ്ത്ത് യന്ത്രത്തിന് 67,000 രൂപയാണ് വില. 25 ശതമാനം സബ്‌സിഡിയുമുണ്ട്. മാലിന്യ സംസ്‌കരണം ഇനി ഒരു ബുദ്ധിമുട്ടല്ലെന്ന സന്ദേശമാണ് ഖാദിഗ്രാമവ്യവസായ കമ്മീഷന്‍ നല്‍കുന്നത്. ദിവസം മൂന്നുകിലോഗ്രാം വരെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റ് 15,000 രൂപയ്ക്ക് കിട്ടും. പാചകവാതകവും ഇതില്‍ നിന്നുണ്ടാക്കാം.

തെങ്ങില്‍ കയറ്റം ഇനി എത്ര അനായാസമാണെന്ന് കേരള തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാള്‍ ബോധ്യപ്പെടുത്തും. രണ്ട് ഉപകരണങ്ങളാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും പ്രതിവിധികളും ഇവിടെ നിന്ന് മനസ്സിലാക്കാം.

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് പരാതിപറയുന്നവര്‍ക്കുള്ള മറുപടിയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. മട്ടുപ്പാവില്‍ എങ്ങനെ കൃഷി ചെയ്യാമെന്നറിയാന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ കണ്ടറിയാം. ചെടിച്ചട്ടികളില്‍ നിറയെ കായ്ഫലങ്ങളുമായി പച്ചക്കറികള്‍ ഹരിത വര്‍ണ്ണമണിഞ്ഞ് നില്‍ക്കുന്നു. കീടരോഗ ബാധയേല്‍ക്കാത്ത പച്ചക്കറി വിത്തുകള്‍ ഇവിടെ ലഭ്യമാണ്. അരമീറ്റര്‍ നീളമുള്ള വള്ളിപ്പയറും, ചതുരപ്പയറും, നിത്യവഴുതനയും ആരെയും കര്‍ഷകനാക്കാന്‍ പോന്നവയാണ്.

കാര്‍ഷികമേളയുടെ സംഘാടകരായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ സ്റ്റാളില്‍ അത്യുത്പാദന ശേഷിയുള്ള പച്ചക്കറിവിത്തുകള്‍ മിതമായ നിരക്കില്‍ കിട്ടും. തെങ്ങില്‍ തീര്‍ത്ത കരകൗശല വസ്തുക്കളും ഗാര്‍ഹിക ഉപകരണങ്ങളുമാണ് നാളികേരവികസനബോര്‍ഡിന്റെ മുഖമുദ്ര.
മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന മാതൃകയാണ് ഭൂജലവകുപ്പ് ഒരുക്കിയിരിക്കുന്നത്.

കപ്പ അരിയാനും, പൊളിക്കാനുമുള്ള ഉപകരണങ്ങളാണ് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തിലുള്ളത്. മഴക്കൊയ്ത്ത്, ജലസേചന മാതൃകകള്‍, കുടിവെള്ള പരിശോധന, ജലശുദ്ധീകരണ മാതൃക.. ഇവ ജല അതോറിറ്റിസ്റ്റാളില്‍ കാണാം.

ഭൂചലന ഭീഷണിയില്‍ ജീവിക്കുന്ന ഇടുക്കി നിവാസികള്‍ക്ക്, അതിന്റെ കാരണങ്ങള്‍ മനസിലാക്കാം. ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ സ്റ്റാളില്‍. ഇതിന്റെ ഉപഗ്രഹചിത്രങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

അനെര്‍ട്ട്, കോഴിക്കോട് ഐ.ഐ.എസ്.ആര്‍., സിഡ്‌കോ, സ്‌പൈസസ് ബോര്‍ഡ്, കെ.ടി.ഡി.സി., റബ്ബര്‍ ബോര്‍ഡ്, കേരാഫെഡ്, റബ്‌കോ, അരീക്കനട്ട് ആന്‍ഡ് സ്‌പൈസസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ്, കൃഷിവിജ്ഞാനകേന്ദ്രം, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റി, ഓയില്‍പാം, സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ വകുപ്പുകളുടെ സ്റ്റാളുകളും അറിവിന്റെ ഖനികളാണ്. മത്സ്യബന്ധന ഉപകരണങ്ങളാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് സര്‍വ്വേ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകളും ഇവിടെയുണ്ട്.

Posted on: 30 Dec 2011 mathrubhumi Idukki News

ചെലപ്രം പുഴക്കരയില്‍ കണ്ടല്‍ക്കാട് വെട്ടിനശിപ്പിക്കുന്നു

കോഴിക്കോട്: കക്കോടിയിലെ ചെലപ്രംപാലത്തിനു സമീപം അകലാപ്പുഴയോട് ചേര്‍ന്ന പുഴക്കര ഭൂമിയിലെ നീര്‍ത്തടങ്ങളില്‍ വളരുന്ന കണ്ടല്‍ച്ചെടികള്‍ തെങ്ങുകൃഷിക്കും ഭൂമി നികത്തലിനുമായി സ്വകാര്യ ഭൂവുടമകള്‍ വെട്ടിനശിപ്പിക്കുന്നത് പതിവാക്കുന്നു. ഇതേ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചപ്പോള്‍ നാട്ടുകാരും ചില രാഷ്ട്രീയ സംഘടനകളും തടഞ്ഞിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ സംഘടനകളും വില്ലേജ്- പഞ്ചായത്ത് അധികൃതരും മൗനം പാലിക്കുകയാണ്. പഞ്ചായത്തിലെ ബദിരൂരിലെ ചിറ്റടത്തില്‍താഴംഭാഗത്തും പുഴയോട് ചേര്‍ന്ന ഭൂമിയിലും കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിക്കുന്നുണ്ട്.

ഇത്തരം പരാതികളില്‍ നടപടിയൊന്നുമില്ലാത്തത് നശീകരണ പ്രവണത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ ചില സംഘടനകള്‍ ഭൂവുടമകളില്‍നിന്ന് കോഴ വാങ്ങുന്നതായും ആരോപണമുയരുന്നുണ്ട്. ഇതുകാരണം പലര്‍ക്കും പ്രതിഷേധരംഗത്ത് വരാന്‍ കഴിയുന്നില്ല. വില്ലേജ്, പഞ്ചായത്ത്, റവന്യൂ വിഭാഗങ്ങളെ വിവരമറിയിച്ചാല്‍ ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിക്കാറുമില്ല. ഇതുമൂലം പരാതിക്കാര്‍ ഒറ്റപ്പെടുകയാണ്.

Posted on: 30 Dec 2011 Mathrubhumi Kozhikkod News

Thursday, December 29, 2011

വംശം സംരക്ഷിക്കാന്‍ ഈ വീരന്‍

വംശനാശ ഭീഷണി നേരിടുന്ന ഹാക്സ്ബില്‍ ടര്‍ട്ടില്‍ ഇനം ഭീമന്‍ കടലാമയെ പുറ്റെക്കാട് പുഴയോരത്തു കണ്ടെത്തി.
ചൊവ്വാഴ്ചയാണ് രാവിലെയാണ് തീരത്തോടു ചേര്‍ന്ന് അപൂര്‍വ ഇനം കടലാമയെ നാട്ടുകാര്‍ കണ്ടത്. ആകര്‍ഷകമായ പുറംതോടുള്ള കടലാമയ്ക്ക് ഏതാണ്ടു മുക്കാല്‍ മീറ്റര്‍ നീളവും അന്‍പതു കിലോയോളം ഭാരവുമുണ്ട്. ഏറെനേരം പുഴയോരത്തു നിലയുറപ്പിച്ച ആമ വേലിയേറ്റത്തില്‍ പുഴയിലേക്കു നീന്തിപ്പോയി.
പുഴയോരത്തു ഭീമന്‍ കടലാമ എത്തിയതു നാട്ടുകാര്‍ക്കു കൌതുക കാഴ്ചയായി. വിവരമറിഞ്ഞു ദൂരദിക്കുകളില്‍ നിന്നുപോലും ഒട്ടേറെ പേര്‍ ആമയെ കാണാന്‍ എത്തിയിരുന്നു. കടല്‍സഞ്ചാരത്തിനിടെ വഴിതെറ്റി എത്തിപ്പെട്ടതാകാമെന്നാണ് നാട്ടുകാരുടെ സംശയം. കരീബിയന്‍ കടല്‍, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളില്‍ മാത്രമാണ് ഹാക്സ്ബില്‍ കടലാമകളെ കാണപ്പെടാറുള്ളത്.

1972ലെ ഇന്ത്യന്‍ വന്യജീവി നിയമപ്രകാരം സംരക്ഷണം അര്‍ഹിക്കുന്ന കടലാമയാണ് ഇതെന്നു വന്യജീവി വിദഗ്ധര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ആമയ്ക്ക് 55 കിലോ വരെ ഭാരവും പുറംതോടിന്റെ ഉപരിവക്രത്തിന് 80 സെന്റീമീറ്റര്‍ വരെ നീളവും ഉണ്ടാകുമത്രെ. വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചു സുവോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ തയാറാക്കിയ റെഡ് ഡേറ്റാ ബുക്ക് ഒാഫ് ഇന്ത്യന്‍ ആനിമല്‍സില്‍ ഇത്തരം കടലാമകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Manoramaonline >> Environment >> Life

ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹം

കൊച്ചി: ചെറായി ബീച്ചിന്റെ സൗന്ദര്യം നുകരാന്‍ വിദേശീയരുള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ബീച്ച് ടൂറിസം മേള ആരംഭിച്ചതോടെ ആയിരങ്ങളാണ് ദിവസവും ചെറായി ബീച്ചില്‍ എത്തുന്നത്. 31 ന് വൈകീട്ട് നടക്കുന്ന ഗജമേള ആസ്വദിക്കാന്‍ നൂറുകണക്കിന്‌വിദേശികള്‍ റിസോര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.

2001 ലാണ് ചെറായിയില്‍ ബീച്ച് ടൂറിസം മേള അരങ്ങേറിയത്.പതിറ്റാണ്ടിനിടെ ചെറായി ബീച്ച് ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. പുതുവര്‍ഷത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചെറായി ബീച്ച് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി.കുഴുപ്പിള്ളി, ചെറായി, മുനമ്പം എന്നീ മൂന്ന് ബീച്ച് വിനോദ സഞ്ചാര കേന്ദ്രവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണ്.

Posted on: 29 Dec 2011 Mathrubhumi Eranamkulam News.

Wednesday, December 28, 2011

ഹരിത പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2010-2011 സാമ്പത്തിക വര്‍ഷത്തെ ഹരിത പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഹരിത വ്യക്തി (തുക 1,00,000), ഹരിത സ്കൂള്‍ (ഒരു ലക്ഷം), ഹരിത കോളജ് (ഒരു ലക്ഷം), ഹരിത സ്ഥാപനം (ഒരു ലക്ഷം), ഹരിത പത്രപ്രവര്‍ത്തകന്‍ - ഇംഗ്ലീഷ് (50,000), ഹരിത പത്രപ്രവര്‍ത്തകന്‍ - മലയാളം (50,000), ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ - മലയാളം - കേരളത്തില്‍ നിന്ന് (50,000) എന്നിവയാണ് പുരസ്കാരങ്ങള്‍.

സംസ്ഥാനത്തെ ജൈവവൈവിധ്യ സംരക്ഷണത്തില്‍ പരിസ്ഥിതി സംരക്ഷണ / ബോധവല്‍കരണ / പരിപാലന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തി, സ്കൂള്‍, കോളജ്, സ്ഥാപനം, അച്ചടി മാധ്യമ പ്രവര്‍ത്തകന്‍, ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് നടപ്പുവര്‍ഷം (2011) ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

അപേക്ഷകള്‍ 2012 ജനുവരി 15നു മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം - 695024 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരത്തിന് http://www.keralabiodiveristy.org/

Manoramaonline >> Environment >> News

സഞ്ചാരികളുടെ തിരക്കില്‍ നെല്ലിയാമ്പതി വീര്‍പ്പുമുട്ടുന്നു

നെല്ലിയാമ്പതി: ക്രിസ്മസ് അവധി ആഘോഷിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കില്‍ നെല്ലിയാമ്പതി വീര്‍പ്പുമുട്ടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇഴയുന്നതിനാല്‍ താമസസൌകര്യം കിട്ടാതെ ഒട്ടേറെപേര്‍ക്ക് ഇവിടേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടിവരുന്നുണ്ട്. ഗോവിന്ദാമലയില്‍ സര്‍ക്കാര്‍ കോട്ടേജ് പണി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. പാടഗിരിയില്‍ ടിബി പണിയുമെന്ന പൊതുമരാമത്തു വകുപ്പിന്റെ പദ്ധതിയും ഉപേക്ഷിച്ച മട്ടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലേക്ക് യാത്രപോകാനിരുന്ന പല വിനോദ സഞ്ചാരികളും നെല്ലിയാമ്പതിയിലേക്ക് ഒഴുകുന്നതിനാല്‍ ഇവിടെ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പോത്തുണ്ടി ചെക്ക് പോസ്റ്റ് വഴി ദിവസേന ശരാശരി 300 വാഹനങ്ങള്‍ ചെക്ക് പോസ്റ്റ് കടക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഊട്ടിയിലേക്ക് പോകാനിരുന്ന ചില തെക്കന്‍ജില്ലയിലെ സഞ്ചാരികള്‍ ട്രിപ്പ് നെല്ലിയാമ്പതിയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ നിന്നും ഗോവിന്ദാപുരം വഴി മടങ്ങിവരികയായിരുന്ന കേരള റജിസ്ട്രേഷന്‍ വണ്ടികള്‍ക്കുനേരെയുള്ള അക്രമസംഭവം കൂടിയതായ വാര്‍ത്ത പരന്നതോടെയാണ് പലരും തമിഴ്നാട് യാത്ര റദ്ദാക്കി ഇതുവഴി വരുന്നത്.

പോത്തുണ്ടി ഡാമും ഉദ്യാനവും പുതുക്കിപ്പണിത റോഡും ആകാശകാഴ്ചകളും ധാരാളം ഹെയര്‍പിന്‍വളവുകള്‍ കയറിയുള്ള ഹൈറേഞ്ചിലെ കാലാവസ്ഥയുമെല്ലാം കാണികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവിടത്തെ പ്രധാന ആകര്‍ഷണമായ മാന്‍പാറയിലേക്കുള്ള യാത്രാനിരോധനം സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. വനംവകുപ്പിന്റെ സമീപനമാണ് ടൂറിസത്തെ സാരമായി ബാധിക്കുന്നതെന്ന പരാതിയുണ്ട്. എങ്കിലും മാന്‍പാറപോലെതന്നെ കാരാശൂരിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ സംതൃപ്തരാണ്.

നെല്ലിയാമ്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാമിലെ ഉദ്യാനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് അണക്കെട്ടിനു മുകളിലെത്തി തെക്കുഭാഗത്ത് പുതിയതായി സ്ഥാപിച്ച കവാടം വഴി പുറത്ത് കടക്കാന്‍ നിലവില്‍ സംവിധാനമില്ല. ഇത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാല്‍ തിരക്കുള്ള സീസണില്‍ അടച്ചിടുന്ന കവാടത്തില്‍ കാവല്‍ക്കാരെ നിര്‍ത്തി തുറന്നിടാന്‍ നടപടിയെടുത്തുവരുന്നതായി അധികൃതര്‍ പറഞ്ഞു.

28.12.11 Manoramaonline Palakkad News

ആടിന്റെ കരള്‍ തിന്നുന്ന മല്‍സ്യം; മുത്തം തരുന്ന കൊറിയന്‍ തത്ത

പാലക്കാട്: കൌതുകവും കാര്യബോധവും നല്‍കി ചെറിയ കോട്ട മൈതാനിയിലെ അലങ്കാര മത്സ്യപ്രദര്‍ശനം ശ്രദ്ധേയമായി. ആടിന്റെ കരള്‍ ഭക്ഷിക്കുന്ന ഓസ്ട്രേലിയന്‍ മത്സ്യം 'അരബാമ, ചൈനക്കാര്‍ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന 'സില്‍വര്‍ അരവണ, 'ഫ്ളവര്‍ ഹോണ്‍. ചേമ്പിന്റെ ഇല ഭക്ഷിക്കുന്ന 'ജാഗ്വര്‍ ഗൌരാമി തുടങ്ങിയ മല്‍സ്യങ്ങളായിരുന്നു പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം.

'ജര്‍മ്മന്‍ഷെപ്പേര്‍ഡ് നായ മുതല്‍ ചുംബനം തരുന്ന ദക്ഷിണ കൊറിയന്‍ സണ്‍കൊണീര്‍ തത്തവരെയുള്ള വളര്‍ത്തു മൃഗങ്ങളും ഇവി പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇവയുടെ ശാസ്ത്രീയമായ പരിചരണ രീതിയും പരിചയപ്പെടുത്തി. ചെന്നൈ പ്രിസം ഈവന്റ്സാണ് പ്രദര്‍ശനം ഒരുക്കിയത്. ഏറ്റവും വലിയ ശുദ്ധജല മത്സ്യം 'അരബാമ ഓസ്ട്രേലിയയില്‍ നിന്നാണ് കൊണ്ടുവന്നത്. ഒന്നിന് 25,000 രൂപയാണു വില. ഇതിന് സാധാരണ 12 അടിവലുപ്പവും 250 കിലോ തൂക്കവുമുണ്ടാകും. അതിന്റെ ചെറുപതിപ്പാണ് പ്രദര്‍ശനത്തിലുള്ളത്..

ചൈനീസുകാരുടെ ലക്കി മത്സ്യം ഫ്ളവര്‍ ഹോണിന് 35,000 രൂപയാണ് വിലയെന്ന് കോ-ഒാര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍സന്‍ പറഞ്ഞു. മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കറുത്ത പിശാച്, പാല്‍നിലാവ്, പഞ്ചവര്‍ണം, മുത്തുമത്സ്യം, ഭയപ്പെടുത്താത്ത പിരാന, റെഡ് പാരറ്റ് തുടങ്ങി ടാങ്ക് ക്ളീനര്‍ വരെയുള്ള ആയിരത്തിലധികം മത്സ്യങ്ങളും കൌതുകമായി.

Manoramaonline Palakkad News

Tuesday, December 27, 2011

പുസ്തകങ്ങളേ, പൂക്കളേ, പൂമ്പാറ്റകളേ..

പ്രത്യേകതകളും അസാധാരണത്വവും കൊണ്ടു വേറിട്ടു നില്‍ക്കുന്ന ഇടയിലക്കാട് തുരുത്തില്‍ ജൈവവൈവിധ്യങ്ങളുടെ സംരക്ഷകരും സൂക്ഷിപ്പുകാരുമായി മാറുകയാണു നവോദയ വായനശാല ഗ്രന്ഥാലയം പ്രവര്‍ത്തകര്‍. കേരളത്തിലെ തീരദേശക്കാവുകളില്‍ ഏറ്റവും വിസ്തൃതമായ കാവുള്ളത് ഇടയിലക്കാടാണ്. 15 ഏക്കര്‍ വിസ്തൃതിയുണ്ട് ഇവിടുത്തെ രണ്ടു കാവുകള്‍ക്കുമായി. ജൈവവൈവിധ്യങ്ങളുടെ കലവറയാണീ തുരുത്ത്.

കയ്യേറ്റം തുടങ്ങിയപ്പോളാണു നവോദയയും നാടുമുണര്‍ന്നത്. അങ്ങനെയാണു നാഗങ്ങള്‍ക്കും വാനരര്‍ക്കും പാര്‍ക്കാന്‍ കാടിവിടെ ബാക്കി നിന്നതെന്നും പറയാം. പ്രവര്‍ത്തനപഥത്തില്‍ അര നൂറ്റാണ്ടു പിന്നിടുന്ന നവോദയ വായനശാല ഗ്രന്ഥാലയത്തെത്തേടി വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് എത്തിയതും ആ ജാഗ്രതയ്ക്കുള്ള അംഗീകാരവും അഭിനന്ദനവും തന്നെ.

നാട്ടിലൊരു കാട്

കവ്വായിക്കായലിന്റെ ശീതളിമയില്‍ കാഴ്ചക്കാരെ വശീകരിക്കുന്ന ഇടയിലക്കാട് തുരുത്തില്‍ പ്രകൃതിസംരക്ഷണത്തിനു നവോദയ ഗ്രന്ഥാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. തുരുത്തില്‍ വനമുണ്ടായതും ഇവിടെ വാനരക്കൂട്ടം കളിച്ചു തിമര്‍ക്കുന്നതും വിസ്മയം ജനിപ്പിക്കുന്നുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വാനരക്കൂട്ടത്തെ സംരക്ഷിക്കുന്നതില്‍ നവോദയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കുരങ്ങുകള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ ക്രമീകരണം വരുത്താനായത് പ്രജനനശേഷി വര്‍ധിപ്പിച്ചു. ഇരുപതില്‍ നിന്നു കുരങ്ങുകളുടെ എണ്ണം 35 ആയി. വര്‍ഷങ്ങളായി വാനരര്‍ക്ക് ഒാണസദ്യ നല്‍കുന്നതും പതിവാണ്.

ഓരിലത്താമര!

അപൂര്‍വം ഒൌഷധസസ്യങ്ങളുടെ കലവറയാണ് കാവ്. അത്യപൂര്‍വമായ ഒാരില താമരയെന്ന സസ്യത്തെ സംരക്ഷിക്കുന്നതിനു നിരന്തരശ്രമം തന്നെ നടത്തി. മഴ വരുമ്പോള്‍ മുളച്ചു പൊങ്ങുകയും ഒക്ടോബര്‍ മാസത്തോടെ ഭൂമിക്കടിയിലേക്കു തിരിച്ചു ചെല്ലുകയും ചെയ്യുന്ന ഒാരില താമര, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ജനിതക ശേഖരത്തിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി. വൃക്കരോഗത്തിനു വിലപ്പെട്ട മരുന്നുണ്ടാക്കാന്‍ കഴിയുന്ന സസ്യമാണിത്.

കാവിലെ സസ്യങ്ങളുടെ സെന്‍സസ് എടുക്കുകയും ഇവയെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ടാക്കുകയും ചെയ്തു. ഇരുനൂറില്‍പരം സസ്യങ്ങള്‍ കാവിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി.

കാവിലെ എല്ലാ മരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ട്. ഗ്രന്ഥാലയത്തിനു കീഴിലുള്ള ബാലവേദി കുട്ടികളാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മരങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കിയിട്ടത്.

പൂമ്പാറ്റയുടെ കൂട്ടുകാര്‍

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു മരങ്ങളും അതിന്റെ പ്രത്യേകതകളും പരിചയപ്പെടുത്തുന്നതും കുട്ടികളാണ്. കാവിലും പരിസരത്തുമുള്ള പൂമ്പാറ്റകളുടെയും കണക്കെടുപ്പ് കുട്ടികള്‍ നടത്തുകയുണ്ടായി. ചക്കരശലഭത്തെയും ഗരുഢശലഭത്തെയും വിലാസിനിയെയും പുള്ളിക്കുറുമ്പനെയും നാരകക്കാളിയെയും നീച്ചിറകനെയും വരയന്‍ കടുവയെയും വയല്‍ശലഭത്തെയും കൃഷ്ണശലഭത്തെയും കുട്ടികള്‍ക്കു തിരിച്ചറിയാനായത് അങ്ങനെയാണ്.

പഴയ കാലത്തു മെതിയടിക്ക് ഉപയോഗിച്ച കരിങ്ങോട്ടഎന്ന മരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കരിങ്ങോട്ട പാര്‍ക്ക് എന്ന പേരില്‍ സംരക്ഷിത ഏരിയയായി പ്രഖ്യാപിച്ചു. കാവില്‍ എത്തുന്ന ഏറെ അപൂര്‍വമായ വെള്ളവയറന്‍ കടല്‍പരുന്ത് എന്ന പക്ഷിയുടെ നിരീക്ഷണവും പഠനവും കുട്ടികള്‍ക്കുണ്ട്.

കണ്ടലും കുറ്റിമുരിങ്ങയും

കവ്വായിക്കായലില്‍ ഇതിനകം ആയിരത്തില്‍പരം കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒപ്പം വഴിയോര തണല്‍ പദ്ധതി, ഇടയിലക്കാടിന്റെ തെക്കെമുനമ്പില്‍ ഹരിതവല്‍ക്കരണം, ദ്വീപിലെ 250 വീടുകളില്‍ നെല്ലിമരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ബാലവേദി അംഗങ്ങളുടെ വീട്ടില്‍ കുറ്റിമുരിങ്ങകൃഷി, പയര്‍കൃഷി എന്നിങ്ങനെ പ്രവര്‍ത്തനങ്ങളുടെ നിര നീളുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ വിദ്യാലയങ്ങള്‍, കോളജുകള്‍, ക്ളബ്ബുകള്‍, പഠനയാത്രാസംഘങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിപഠന ക്ളാസുകള്‍ കാവിനകത്തു ഗ്രന്ഥാലയം നടത്തുകയുണ്ടായി.

ഇരുനൂറോളം സംഘങ്ങള്‍ക്കു നല്‍കിയ ക്ളാസില്‍ ഏഴായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തെന്നാണ് കണക്ക്. പരിസ്ഥിതി സായാഹ്നങ്ങള്‍, ക്യാംപുകള്‍ എന്നിവ ഇടയ്ക്കിടെ സംഘടിപ്പിച്ചു ജനങ്ങളില്‍ പരിസ്ഥിതി ചിന്ത ഉൌട്ടി ഉറപ്പിക്കുന്നുണ്ട്.
കണ്ടല്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കല്‍, കാവുസംരക്ഷണം, മരങ്ങളെയും കായലിനെയും കടലിനെയും നിരീക്ഷിക്കല്‍, പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ തുടങ്ങിയവയിലൂടെ പ്രകൃതിസംരക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ ക്യാംപുകള്‍ക്ക് ആശ്രയിക്കുന്നത് ഗ്രന്ഥാലയത്തെയാണ്. റവന്യു വകുപ്പിന്റെ കണക്കില്‍ 312.01 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ഇടയിലക്കാട് തുരുത്ത്.

ഉദിനൂര്‍ കൂലോം ദേവസ്വത്തിന്റെ അധീനതയിലായിരുന്നു പണ്ടുകാലത്ത് ഇൌ പ്രദേശം. തിരുവനന്തപുരം ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ 2800 വര്‍ഷമാണ് ഇടയിലക്കാടിന്റെ പ്രായം.
1918 മുതല്‍ മനുഷ്യവാസം തുടങ്ങിയെന്നാണ് പഴമക്കാര്‍ പറയുന്നത്. 1930കളില്‍ കുടിയേറ്റം വ്യാപകമായതോടെയാണ് തുരുത്തില്‍ ആളനക്കം സജീവമായത്.

Manoramaonline(ടി.വി. ചന്ദ്രദാസ്) >> Environment >> News

ഊര്‍ജം പകരുന്ന വാര്‍ത്തയുമായി അനര്‍ട്ട്

ബയോഗ്യാസ് എന്ന ഊര്‍ജസ്രോതസിന്റെ സാധ്യതകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണു സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ട്.

ഇതിന്റെ ഭാഗമായി വയനാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത ട്രെയിനിങ് സംഘത്തിനു 10 ദിവസത്തെ പരിശീലനം നല്‍കി.

ഒരു മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ക്കു സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതു കൃഷിവകുപ്പും അനര്‍ട്ടും സംയുക്തമായിട്ടാണ്. ഒരു മീറ്റര്‍ പ്ളാന്റിന് 4,000 രൂപയും രണ്ടു മുതല്‍ 10 മീറ്റര്‍ വരെയുള്ള പ്ലാന്റുകള്‍ക്ക് 8,000 രൂപയുമാണു സബ്സിഡി. വീട്ടാവശ്യത്തിനു മൂന്നു മീറ്റര്‍ പ്ളാന്റ് മതിയാവും.

Manoramaonline >> Environment >> News

Monday, December 26, 2011

കുപ്പത്തൊട്ടിയാകുന്ന കുറുവ

അപൂര്‍വ ജൈവവൈവിധ്യങ്ങളുടെ അക്ഷയ കലവറയായ കുറുവാ ദ്വീപ് മാലിന്യകേന്ദ്രമാകുന്നു. മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നീലഗിരി ജൈവവൈവിധ്യ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് കുറുവാ ദ്വീപ്. പാല്‍വെളിച്ചം വഴി ടൂറിസം വകുപ്പും പാക്കം വഴി വനം വകുപ്പുമാണ് സഞ്ചാരികളെ ദ്വീപിലേക്കു കയറ്റിവിടുന്നത്. എന്നാല്‍, വംശനാശം നേരിടുന്ന അപൂര്‍വ ജീവജാലങ്ങളുടെ കലവറയായ കുറുവാ ദ്വീപില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ളാസ്റ്റിക് ബാഗുകളും കുറുവാ ദ്വീപില്‍ നിറയുന്നു. അപൂര്‍വ ഇനം പക്ഷികളുടെയും ഇനിയും വേണ്ടത്ര പഠനം നടക്കാത്ത തരത്തിലുള്ള തരങ്ങളില്‍പ്പെട്ട മത്സ്യ ഇനങ്ങളുടെയും ഒാര്‍ക്കിഡുകള്‍ അടക്കമുള്ള കൊച്ചു സസ്യജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പരിസ്ഥിതി മലിനീകരണമാണ് കുറുവാ തീരത്തു നടക്കുന്നത്.
വിദേശികള്‍ അടക്കമുള്ള ധാരാളം സഞ്ചാരികള്‍ എത്തുന്ന കുറുവാ ദ്വീപില്‍ അവര്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും അധികൃതര്‍ പരാജയപ്പെട്ടിരിക്കയാണ്. ദ്വീപിനു സമീപങ്ങളിലെ ഹോട്ടലുകളില്‍ ഉൌണിനും ചായയ്ക്കും ലഘുഭക്ഷണത്തിനുമെല്ലാം അമിത വിലയാണ് ഇൌടാക്കുന്നത്. വിദേശികളായ വിനോദസഞ്ചാരികളില്‍ നിന്നു വന്‍തുക ഭക്ഷണത്തിനായി ഇൌടാക്കുന്നതു പലപ്പോഴും പ്രതിഷേധം ഉയരാന്‍ ഇടയാക്കുന്നുണ്ട്. വില ഏകീകരിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം ഇനിയും ഗൌരവത്തില്‍ എടുത്തിട്ടില്ല.
പാര്‍ക്കിങ് സൌകര്യങ്ങളുടെ അപര്യാപ്തതയും ദ്വീപിലെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട കരാറുകാരനുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാല്‍ ഇപ്പോള്‍ പാര്‍ക്കിങ് ഫീസ് ഇൌടാക്കുന്നില്ല. ഇതു പാര്‍ക്കിങ് സൌകര്യങ്ങളുടെ ക്രമരാഹിത്യത്തിനും ഇടയാക്കുന്നു. 10 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ക്ളോക്ക്റൂമില്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാല്‍ ഇതില്‍ നിന്നു സര്‍ക്കാരിലേക്കു പ്രതിഫലം ലഭിക്കുന്നില്ല. മൂത്രപ്പുരയിലേക്കു പുഴയില്‍ നിന്നു വെള്ളം ചുമന്നു കൊണ്ടുവരികയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ദ്വീപിലെ അപൂര്‍വ ഒാര്‍ക്കിഡുകളും മറ്റും സഞ്ചാരികള്‍ പറിച്ചു കൊണ്ടുപോകുന്നതും സാധാരണ സംഭവമാണ്. കുറുവാ തീരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ദ്വീപിന്റെ സ്വാഭാവിക നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ട്. മദ്യപിച്ചെത്തുന്ന സഞ്ചാരികള്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇവിടെ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
വരുംതലമുറകള്‍ക്കായി നിധി പോലെ സൂക്ഷിക്കേണ്ട പ്രകൃതിയുടെ ഇൌ വരദാനത്തെ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെയാണ് ഇന്നു ചൂഷണം ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നുമില്ല. ജില്ലാ ഭരണകൂടവും വനം-ടൂറിസം വകുപ്പുകളും കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്നതു കുറുവാ ദ്വീപിന്റെ സ്വാഭാവിക ജൈവാവസ്ഥയെ അപകടത്തിലാക്കുകയാണ്. കുറുവാ ദ്വീപിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഒരു അറിവും നല്‍കാതെ വിനോദസഞ്ചാര വികസനം എന്ന പേരില്‍ ദ്വീപിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ സഞ്ചാരികളെ കടത്തിവിടുക മാത്രമാണ് ഇപ്പോള്‍ അധികൃതര്‍ ചെയ്യുന്നത്. പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചു ശാസ്ത്രീയവും ആധികാരികവുമായ പഠനം നടത്താനും പ്രകൃതിയെക്കുറിച്ചുള്ള കൂടുതല്‍ അറിവു പകരാന്‍ കുറുവാ സന്ദര്‍ശനം ഉപകരിക്കുന്നതിനും ഉതകുന്ന പദ്ധതികളാണ് ഇവിടെ ആവശ്യം.

Manoramaonline >> Environment >> News

Sunday, December 25, 2011

ചവറുനീക്കാം, ഇന്റര്‍നെറ്റിലൂടെ

വീട്ടില്‍ കുമിഞ്ഞുകൂടുന്ന ചപ്പും ചവറും ഏങ്ങനെ നീക്കുമെന്ന വിഷമത്തിലാണോ നിങ്ങള്‍? ചെന്നൈയിലാണെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ട. ചവറു നീക്കാന്‍ ഇന്റര്‍നെറ്റ് നിങ്ങളെ സഹായിക്കും. നഗരത്തിലെ ദമ്പതികളും എംസിഎ യോഗ്യതയുമുള്ള ജഗനും സുജാതയുമാണ് പുതിയ പദ്ധതിയുമായി രംഗത്ത്. ഇവര്‍ ആരംഭിച്ച കുപ്പത്തൊട്ടി ഡോട് കോം എന്ന സൈറ്റാണ് ചവറുനീക്കാന്‍ നിങ്ങളെ സഹായിക്കുക. പാല്‍ക്കവറുകള്‍, പഴയ ദിനപത്രങ്ങള്‍, പഴയ പ്ളാസ്റ്റിക്, ഇരുമ്പ്, അലുമിനിയം സാധനങ്ങള്‍ നിങ്ങളുടെ വീട്ടുവാതിലില്‍ എത്തി കൊണ്ടു പോകുന്ന സംവിധാനമാണ് കുപ്പത്തൊട്ടി ഡോട് കോം അവതരിപ്പിക്കുന്നത്.

ഒരു സ്വകാര്യ ഐടി സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന ജഗന്‍ വെബ്സൈറ്റിന്റെ ചുമതല ഭാര്യയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സുജാത ജഗന്‍ എംഡിയായ വെബ്സൈറ്റ് നവംബര്‍ 11 നാണ് പ്രവര്‍ത്തനം തുടങ്ങിയത്. പുതുമയുള്ള എന്തെങ്കിലും പദ്ധതി തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു, തികഞ്ഞ പഠനത്തിനു ശേഷമാണ് ഈ സേവനം തുടങ്ങിയത് - ജഗന്‍ പറയുന്നു. ഇത്തരം സേവനങ്ങള്‍ക്കായി ഇന്ത്യയില്‍ വേറെ വെബ് അധിഷ്ഠിത പദ്ധതികളില്ലെന്നും ജഗന്‍ പറഞ്ഞു.

തിരുനല്‍വേലിയിലെ രാധാപുരം സ്വദേശിയായ ജഗന്‍ പഴയ പത്രങ്ങള്‍, പാത്രം തുടങ്ങിയവ വീടുകളില്‍ നിന്നു പണം നല്‍കി ശേഖരിച്ച് അവ നഗരത്തിലെ വിവിധ ഗോഡൌണുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. നേരിട്ടു പോയി ഇവ ശേഖരിക്കുന്നതിലൂടെ പദ്ധതിയോട് ഉപഭോക്താക്കളുടെ പ്രതികരണവും അറിയാനാവുന്നുണ്ടെന്ന് ജഗന്‍ പറയുന്നു.

ചെന്നൈയിലെ അശോക് നഗര്‍, വെസ്റ്റ് മാംമ്പലം, കോടമ്പാക്കം, വല്‍സരവാക്കം, കെ.കെ. നഗര്‍ പ്രദേശങ്ങളിലാണ് പ്രാഥമിക ഘട്ടത്തില്‍ ഈ സേവനം ലഭ്യമായിരിക്കുന്നത്. 150 ലേറെ പേര്‍ ഈ സേവനത്തിനായി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സൈറ്റിലെ റജിസ്ട്രേഷനും സേവനവും സൌജന്യമാണ്.

Manoramaonline >> Environment >> News

കാര്‍ഷികസമൃദ്ധിയുടെ നേര്‍ക്കാഴ്ചകളുമായി വിളകളുടെ പ്രദര്‍ശനം

ആലപ്പുഴ: പോയകാലത്തെ കാര്‍ഷികസമൃദ്ധി വിളിച്ചറിയിച്ചുകൊണ്ടുള്ള വിളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ആലപ്പുഴ എസ്.ഡി.വി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക-വ്യവസായിക പ്രദര്‍ശനത്തോടുനുബന്ധിച്ചാണ് വിളകളുടെ പ്രദര്‍ശനം നടക്കുന്നത്. 125 കിലോ തൂക്കമുള്ള നൈജീരിയന്‍ കാച്ചില്‍, ദിനോസറിന്റെ ആകൃതിയിലുള്ള മരച്ചീനി എന്നിവ കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. കാര്‍ഷികരംഗത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എലിവാലന്‍ കാച്ചില്‍, വിവിധതരം നാടന്‍ കാച്ചിലുകള്‍, ഭീമന്‍ചേന തുടങ്ങിയവയും കാണികളെ ഏറെ ആകര്‍ഷിക്കുന്നു .

മാരാരിക്കുളം സ്വദേശികളായ അംബുജാക്ഷന്‍, പ്രദീപ് എന്നിവരാണ് 125 കിലോ തൂക്കമുള്ള കാച്ചിലുമായി എത്തിയത്. എം.എന്‍. നമ്പ്യാര്‍ വിളയിച്ചെടുത്ത ഭീമന്‍ കപ്പയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. മൂന്നുകിലോ തൂക്കമുള്ള ബാംഗ്ലൂര്‍ പപ്പായ, ഒന്നരമീറ്ററിലധികം നീളമുളള പപ്പായ തുടങ്ങിയ പത്തോളം പപ്പായകള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മാവേലിക്കര ജില്ലാ കൃഷിത്തോട്ടവും ഉത്ന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. നടീല്‍ വസ്തുക്കളും ഇവിടെ ലഭ്യമാണ്. വഴുതന, വെണ്ട, പയര്‍, ചീര തുടങ്ങിയവയുടെ വിത്തുകള്‍ ഒരുപാക്കറ്റിന് 10 രൂപനിരക്കില്‍ ലഭിക്കും. പലതരം വാഴക്കുലകളും ലഭ്യമാണ്. ഏത്തവാഴവിത്ത് ഏഴുരൂപ നിരക്കിലാണ് വില്‍ക്കുന്നത്. പെരുംജീരകത്തിന്റ ചെടി, കച്ചോലം, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിവയും വിപണനത്തിനുണ്ട്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സില്‍ വിളയിച്ചെടുത്ത വളളിപ്പയറും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമാണ്.

Posted on: 25 Dec 2011 Mathrubhumi Alappuzha news  

തലയില്‍ തവളകളുമായി ഒരു മലയാളി

പഴയ കാലത്ത് ടൈമി'ന്റെയോ 'ന്യൂസ് വീക്കി' ന്റെയോ കവറില്‍ ഒരു ഇന്ത്യക്കാരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് നാട്ടില്‍ വാര്‍ത്തയാകുമായിരുന്നു. അത് പഴങ്കഥ. ഇന്ന് 'ടൈമി'നു പോലും ഏഷ്യയില്‍ ലോക്കല്‍ എഡിഷന്‍ ഉണ്ടെന്നു മാത്രമല്ല ഇന്ത്യയുടെ നിലയും വിലയും കൂടുകയും ചെയ്തു -അമേരിക്കക്കാര്‍ക്കെന്നല്ല പാകിസ്താനികള്‍ക്കു പോലും ഇന്ത്യയുടെ ഒരു കൈ സഹായമില്ലാതെ ജീവിക്കാന്‍ പറ്റില്ല.

കാലം ഇങ്ങനെ മാറിയെങ്കിലും കാര്യമായി മാറ്റം ഉണ്ടാകാത്ത ചിലതിന്റെ കൂട്ടത്തില്‍ മാധ്യമങ്ങളുമുണ്ടാകുമല്ലോ - ടൈമിന്റെയും മറ്റും ജനയിതാക്കള്‍ ജനിക്കുന്നതിനും മുമ്പുള്ള കാലത്ത്, കാള്‍ മാര്‍ക്‌സ് പോലും ബ്രിട്ടീഷ് ലൈബ്രറിയില്‍ വായിച്ചിരുന്ന 'ദ ഇക്കണോമിസ്റ്റ്' വാരികയെ അക്കൂട്ടത്തില്‍ പെടുത്താം. പാശ്ചാത്യ മാധ്യമങ്ങള്‍ പോലും ആദരവോടെ കാണുന്ന ഈ ബ്രിട്ടീഷ് പ്രസിദ്ധീകരണത്തില്‍ ഒരു മലയാളിയെ പറ്റി ഒരു മുഴുനീള ഫീച്ചര്‍ വന്നിരിക്കുന്നു!
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഉഭയജീവിഗവേഷകനായ, തിരുവനന്തപുരത്തുകാരന്‍ ഡോ. സത്യഭാമ ദാസ് ബിജു വാണ് ആ മലയാളി. ബിജുവിനെ ഐ.യു.സി.എന്‍ മൂന്ന് വര്‍ഷം മുമ്പെ സാബിന്‍ അവാര്‍ഡ് നല്‍കി അംഗീകരിച്ചിരുന്നു. വംശനാശത്തിലേക്ക് നീങ്ങുന്ന, പശ്ചിമഘട്ടത്തിലെ ജീവികള്‍ക്ക് അദ്ദേഹം ചെയ്യുന്ന സേവനമറിയാന്‍ ഇക്കണോമിസ്റ്റില്‍ വന്ന ഈ ലേഖനം വായിച്ചുനോക്കു.

Saturday, December 24, 2011

കാഴ്ചയുടെ വസന്തമായി കാര്‍ഷിക വ്യവസായ പ്രദര്‍ശനം

 ആലപ്പുഴ: കണ്ണിലും മനസ്സിലും ഒരായിരം സുഗന്ധങ്ങള്‍ പരത്തി കാഴ്ചയുടെ വസന്തോത്സവം വിരിഞ്ഞു . വിദേശികളും സ്വദേശികളുമായ പൂക്കളുടെയും ചെടികളുടെയും വര്‍ണവിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത് . എസ്.ഡി.വി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക, വ്യവസായിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് പൂക്കളുടെ ഈ ഉത്സവം അര ങ്ങേറിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ചെടികളും നടീല്‍ വസ്തുക്കളും വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഒറ്റ നോട്ടത്തില്‍ത്തന്നെ ആരെയും ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന റോസാ ചെടികളാണ് മേളയിലെ മുഖ്യ ആകര്‍ഷണം . മഞ്ഞയും കടുംചുവപ്പും ഇളംചുവപ്പും വെള്ളയും റോസാ പുഷ്പങ്ങള്‍ മനംകവരും . വലിയ ചെടികള്‍ക്ക് 100രൂപയാണെങ്കില്‍ ചെറുതിന് 25മുതല്‍ 30 രൂപ വ രെയാണ് വില . ഇവരോട് മത്സരിക്കാന്‍ ഓര്‍ക്കിഡുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. കാബേജ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഓര്‍ണമെന്റ്കയില്‍, അരലിയ, ജപ്പാന്‍ പൈന്‍, വൈറ്റ്‌പൈന്‍, സില്‍വര്‍ സൈപ്രസ് , ഗോള്‍ഡ് സൈപ്രസ് എന്നീ ചെടികള്‍ പുഷ്പ -ഫലസസ്യ പ്രദര്‍ശനത്തിന് മിഴിവേകി. ഇവയ്ക്ക് 50 മുതല്‍ 200രൂപ വരെയാണ് വില. ഇതുകൂടാതെ പുഷ്പങ്ങളായ ജമന്തി, സൂര്യകാന്തി, നന്ത്യാര്‍വട്ടം, ചെത്തി, തുടങ്ങിയവയും സ്ഥാനം പിടിച്ചു. ടിഷ്യു വാഴ, തെങ്ങ് , രുദ്രാക്ഷം , മാവ് എന്നിവയുടെ തൈകളും വില്പനയ്ക്കുണ്ട് . ഇതുകൂടാതെ നാടന്‍ ,അലങ്കാര ചെടികളുടെയും വിപുലമായ ശേഖരവും പ്രദര്‍ശനത്തിനുണ്ട് .

നടീല്‍ വസ്തുക്കളുടെ പ്രദര്‍ശന- വിപണനത്തിന് സര്‍ക്കാര്‍ സ്ഥാപനമായ വി.എഫ്.പി.സി.കെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. മുളക്, വഴുതന, തക്കാളി എന്നിവയുടെ വിത്തുകള്‍ രണ്ടുരൂപയ്ക്കും കാബേജ്, ക്വാളിഫ്‌ളവര്‍ എന്നിവ രണ്ടരരൂപയ്ക്കും ഇവിടെ കിട്ടും. റോബസ്റ്റാ ഇനത്തില്‍പ്പെട്ട ഗ്രാന്റ്‌നൈല്‍ വാഴയുടെ വിത്തിന് 20 രൂപയാണ് വില .കൃഷിരീതികളുമായി ബന്ധപ്പെട്ട നിരവധി കൈപ്പുസ്തകങ്ങളും വില്പനയ്ക്കുണ്ട് . ഏഴ് ദിവസത്തെ കാര്‍ഷിക,വ്യവസായിക പ്രദര്‍ശനത്തില്‍ 160തോളം സ്റ്റാളുകള്‍ ഉണ്ട്. ശനിയാഴ്ച മുതല്‍ പ്രദര്‍ശന നഗരിയിലേക്ക് എസ്.ഡി.വി സ്‌ക്കൂളിന്റ മുന്‍വശത്തെ ഗേറ്റ് വഴിയും പ്രവേശനമുണ്ടായിരിക്കും.

Posted on: 24 Dec 2011 Mathrubhumi Alappuzha news  

ക്രിസ്തുരാജാ സ്കൂളിനു വനമിത്ര അവാര്‍ഡ്

വനം വകുപ്പു നല്‍കുന്ന 2010ലെ വനമിത്ര അവാര്‍ഡിന് ഇടുക്കി ജില്ലയില്‍ വലിയതോവാള ക്രിസ്തുരാജാ ഹൈസ്കൂള്‍ അര്‍ഹമായി. എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളാണു സ്കൂളിനെ അവാര്‍ഡിനര്‍ഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സാമൂഹികവല്‍ക്കരണം ഉള്‍പ്പെടെ പരിസ്ഥിതി സൌഹാര്‍ദ്ദപരമായി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതിനാണു സോഷ്യല്‍ ഫോറസ്ട്രിയുടെ അവാര്‍ഡ്. വനവും ജൈവവൈവിധ്യവും തകര്‍ക്കുന്ന പാര്‍ത്തീനിയം, ആനത്തൊട്ടാവാടി, മൈക്കീനിയ, എന്നീ അധിനിവേശ കളകളുടെ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Manoramaonline >> Environment >> News

Friday, December 23, 2011

തിരുമുറ്റത്ത് ചുറ്റിപ്പറ്റി നാല് ഗിനിക്കോഴികള്‍

ശബരിമല: കാതടപ്പിക്കുന്ന വെടിയൊച്ചയും ഉച്ചഭാഷിണിയുടെ ആരവവും ശരണംവിളികളും ഒന്നും ഈ പറവകളെ സന്നിധാനത്തെ തിരുമുറ്റത്തുനിന്ന് അകറ്റുന്നില്ല. പതിനെട്ടാംപടിക്ക് താഴത്തെ തിരുമുറ്റത്തെ നാല് ഗിനിക്കോഴികള്‍ ഇപ്പോള്‍ അയ്യപ്പഭക്തര്‍ക്കൊരു കാഴ്ചകൂടിയാണ്. ദ്രുതകര്‍മ്മസേനയുടെ(ആര്‍.എ.എഫ്.) അംഗങ്ങളെ വിന്യസിപ്പിച്ചിരിക്കുന്നിടത്താണ് ഈ പക്ഷികള്‍ ഏറെനേരവും പറന്നിറങ്ങാറ്. ഏതോ ഒരു അയ്യപ്പഭക്തന്‍ സന്നിധാനത്ത് അയ്യപ്പന് സമര്‍പ്പിച്ചവയാണ് ഈ ഗിനിക്കോഴികളെന്ന് എല്ലാവരും വിശ്വസിക്കുന്നു. ശബരിമലക്കാട്ടില്‍നിന്ന് ഇവ എത്താനുള്ള സാധ്യതയില്ലാത്തതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം.

വലിയ നടപ്പന്തലിന്റെ ആസ്ബസ്‌റ്റോസ് ഷീറ്റില്‍ രാവിലെ ഇവ നിരന്നിരിക്കുന്നത് കാണുമ്പോള്‍ ദ്രുതകര്‍മസേനയിലെ എസ്.ഐ. അര്‍ജുന്‍ ഗോസായി ചിരട്ടയില്‍ വെള്ളം കൊണ്ടുവന്ന് തിരുമുറ്റത്ത് വയ്ക്കും. ഉടന്‍തന്നെ നാലും പറന്നിറങ്ങി വന്ന് വെള്ളം കുടിക്കും. സേനാംഗങ്ങള്‍ അരിയും പഴവും ഒക്കെ കൂടെ നല്‍കും. എല്ലാം തീര്‍ത്തിട്ടേ ഇവ മുറ്റം വിടൂ. ആപ്പിള്‍ കൊടുത്താല്‍ തൊലിയൊഴിച്ചുള്ള ഭാഗം മാത്രമേ തിന്നുകയുള്ളൂ. സന്ധ്യയോടെ തിരുമുറ്റത്തെ വന്‍മരങ്ങളിലേക്ക് പറന്നുകയറുന്നതോടെ ഈ 'അയ്യപ്പദാസന്‍'മാരുടെ ഒരുദിവസം പൂര്‍ത്തിയാകും.

Posted on: 23 Dec 2011 POathanamthitta news 

Thursday, December 22, 2011

കഴുകന്‍ പാവമാണ്

കൊച്ചുകുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകുന്ന പക്ഷികളെപ്പറ്റി ചില കഥകളുണ്ട്. നെടുംകാലന്‍ കൊക്കും കഷണ്ടിത്തലയന്‍ കഴുകനും അതില്‍ കഥാനായകന്മാരായിരുന്നിരിക്കാം. അത്തരം കഥകള്‍ കേട്ടിട്ടും വായിച്ചിട്ടുമുള്ളവര്‍ക്ക് ഈ പക്ഷികളോട് കഠിനമായ വിരോധം തോന്നാനും ഇടയുണ്ട്. പക്ഷേ കഥകള്‍ പലതും വെറും കെട്ടുകഥകളായിരിക്കും. കഴുകനെ കണ്ടാല്‍ ആള് ഭയങ്കരനാണെന്നേ തോന്നൂ. ഹീനകൃത്യം ചെയ്യുന്നവനാണെന്നും കരുതാനിടയുണ്ട്. പക്ഷേ പാവമാണ്. ഭീരുവുമാണ്. അന്യരെ കടന്നാക്രമിക്കുന്ന ശീലക്കാരല്ല. മനുഷ്യകുഞ്ഞിനെയെന്നല്ല ഒരു എലിക്കുഞ്ഞിനെപ്പോലും റാഞ്ചാനുള്ള ധൈര്യമോ കഴിവോ കഴുകനില്ല. പലപ്പോഴും പഴികള്‍ ചാരാന്‍ പറ്റുന്നത് പാവങ്ങളുടെ തലയിലാണല്ലോ. കഴുകന്‍െറ കഷണ്ടിത്തല പോലെ പറ്റിയ സ്ഥാനം ഇതിനു വേറെ എവിടെ കിട്ടാന്‍.

അധികം മഴപെയ്യാത്ത പ്രദേശങ്ങളോടു താത്പര്യമുള്ളവരാണ് കഴുകന്മാര്‍. കേരളത്തില്‍ പൊതുവെ നന്നേ കുറവാണ് ഇക്കൂട്ടര്‍. കൃഷ്ണപ്പരുന്തിനെ കൂടുതലായി കേരളത്തില്‍ കാണാം. പുറംനാടുകളില്‍ കഴുകന്മാരെ കാണാന്‍ പ്രയാസമില്ല.

നാറ്റമോ മണമോ തിരിച്ചറിയാന്‍, ഘ്രാണശേഷി നന്നേ കുറവാണ്. അകത്താക്കുന്നതെന്തും അഗ്നിപോലെ ദഹിപ്പിക്കുവാന്‍ ഉഗ്രമായ ശക്തിയുണ്ട് ആമാശയത്തിന്. എന്തിന് കുറുക്കനോ നായോ മാന്തിപ്പുറത്തിടുന്ന ശവത്തിന്‍െറ അവശിഷ്ടം പോലും അമൃതുപോലെ അകത്താക്കാന്‍ കഴുകന് ആര്‍ത്തിയാണ്.

ആകാശത്ത് അത്യുന്നതങ്ങളില്‍ വട്ടമിട്ടുപറക്കുന്ന കഴുകന്‍െറ കണ്ണ്, താഴെ നിലത്തായിരിക്കും. കാഴ്ചയുടെ കഴിവിന്‍െറ കാര്യത്തില്‍ മറ്റൊരു ജീവിയും കഴുകന്‍െറ അടുത്തു പോലും എത്തുകയില്ല. ചിറകടിക്കാതെയാണ് സഞ്ചാരം. ഒഴിവാക്കാനാവാത്ത വേളകളിലേ ചിറകടിച്ചു പറക്കാറുള്ളു. തറയില്‍ ഇറങ്ങിയാല്‍ ഇരിക്കാനാണ് ഇഷ്ടം. നടപ്പ് നന്നേ വിമ്മിട്ടമുള്ള വേലയാണ്.

സവിശേഷമായ ആഹാരരീതിയിലൂടെ കഴുകന്മാര്‍ കാര്യമായ സേവനം സമൂഹത്തിനു ചെയ്യുന്നുണ്ട്. ആരും അറിയാത്തതും കാണാത്തതും കണ്ടറിയാന്‍ കരുത്തുള്ളതിനാല്‍ നാം അറിയാത്ത മാലിന്യം പോലും കഴിച്ച് പരിസരം വൃത്തിയാക്കും. അതു കൊണ്ടുതന്നെ പരിസര ശുചീകരണത്തിനുള്ള സ്വര്‍ണ്ണപ്പതക്കത്തിന് മറ്റാരേയുംകാള്‍ അര്‍ഹതയുളളവര്‍ കഴുകന്മാര്‍ തന്നെ.

Manoramaonline >> Environment >> Wonders

യുദ്ധം വിതയ്ക്കുന്ന മാലിന്യം

യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ക്കു കണക്കില്ല. മരണം വിതയ്ക്കുന്ന മൈനുകളുടെ കാര്യം മാത്രം കണക്കിലെടുത്താല്‍ പോലും നാം ഞെട്ടിപ്പോകും. 185 രാഷ്ട്രങ്ങളില്‍ 70 രാഷ്ട്രങ്ങളും ലാന്‍ഡ് മൈനുകള്‍കൊണ്ട് മലിനമാണ്. ഇതില്‍ 30 രാജ്യങ്ങളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. ക്രൊയേഷ്യയിലും ബോസ്നിയയിലുമായി ഒന്നിനും കൊള്ളാത്തതും അപകടം പതിയിരിക്കുന്നതുമായ 12000 ച.കി.മീ പ്രദേശമാണ് ലാന്‍ഡ് മൈനുകള്‍ കൊണ്ടു മലിനീകൃതമായിട്ടുള്ളത്. ഒരു വര്‍ഷം ദശലക്ഷങ്ങളുടെ പതിന്മടങ്ങ് ഡോളര്‍ ചെലവഴിച്ചാണ് ഈ മൈനുകള്‍ നീക്കം ചെയ്യുന്നതെന്ന് അറിയുമ്പോള്‍ മലിനീകരണത്തിന്‍െറ വ്യാപ്തിയുടെ ആഴവും പരപ്പും അത് വരുത്തിവയ്ക്കുന്ന സാമ്പത്തിക ചെലവും ഊഹിക്കാവുന്നതേയുള്ളൂ.

മൈനുകള്‍ക്കു പേരെടുത്ത മറ്റൊരു പ്രദേശമാണ് അഫ്ഗാനിസ്ഥാന്‍ പ്രമുഖ നഗരങ്ങളുടെ തെരുവുകളും മറ്റു ചപ്പുചവറുകൂനകള്‍ പോലെയാണ് മൈനുകള്‍ ഉള്ളത്. കാല്‍പാദത്തിന്‍െറ താഴ്ചയില്‍ മണ്ണിട്ടു മൂടപ്പെട്ടവ. ഇറാക്കും ഈകാര്യത്തില്‍ അഫ്ഗാനിസ്ഥാന്‍െറ പിന്‍ഗാമിയാണ്. 1991-ലെ കുവൈറ്റ് യുദ്ധം മലിനീകരണത്തിനു കാര്യമായ സമഭാവന നല്‍കി.

Manoramaonline >> Environment >> News

റബ്ബര്‍ത്തോട്ടത്തില്‍ നിന്ന് കിട്ടിയ ആനക്കുട്ടിയെ കോടനാട്ടെത്തിച്ചു

പെരുമ്പാവൂര്‍: മലപ്പുറം കരുവാരക്കുണ്ടിലെ റബ്ബര്‍ത്തോട്ടത്തില്‍ നിന്ന് കണ്ടുകിട്ടിയ പിടിയാനക്കുട്ടിയെ കോടനാട്ടെ ആനക്കളരിയിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.30 നാണ് ആനക്കുട്ടിയെ പിക്ക്അപ്‌വാനില്‍ കോടനാട് കൊണ്ടുവന്നത്. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിക്ക് 'ഗായത്രി' എന്ന് ഡിഎഫ്ഒ പി.എന്‍. നാഗരാജന്‍ പേരിട്ടു.

കരുവാരക്കുണ്ട് വനാതിര്‍ത്തിയില്‍ കൂട്ടംതെറ്റി ഒറ്റപ്പെട്ടതാണ് കുട്ടിയാന. യാത്രയുടെ ക്ഷീണമൊഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ പി.എസ്. ശിവപ്രസാദ് പറഞ്ഞു. കരിക്കിന്‍വെള്ളമാണ് ഇപ്പോള്‍ മുഖ്യാഹാരം.

ആനക്കളരിയില്‍ ഇതോടെ അന്തേവാസികളുടെ എണ്ണം എട്ടായി. ഗംഗ (ആറുമാസം), കൃഷ്ണന്‍ (ഒന്നര), ആശ (6), അഞ്ജന (7), പാര്‍വ്വതി (8), നീലകണ്ഠന്‍ (20), സുനിത (30) എന്നിവരാണ് മറ്റുള്ളവര്‍.
Posted on: 22 Dec 2011 Mathrubhumi Palakkad News   

Wednesday, December 21, 2011

മാലിന്യം സംസ്‌കരിക്കാം, വീടുകളില്‍ തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരം നേരിടുന്ന വലിയ പ്രശ്‌നമായി മാലിന്യ സംസ്‌കരണം മാറിയിരിക്കുന്നു. വിളപ്പില്‍ശാലയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ ഫാക്ടറി പൂട്ടാന്‍ വിളപ്പില്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരവാസികള്‍ തന്നെ വഴി കണ്ടെത്തേണ്ട സ്ഥിതി.

മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ പലവിധ മാര്‍ഗങ്ങളുണ്ട്. 150 രൂപ മാത്രം ചെലവു വരുന്ന മിനി ബയോ പെഡസ്റ്റല്‍ മുതല്‍ ഇവ തുടങ്ങുന്നു. ഹൈടെക് ആക്ടീവ് ബയോഗ്യാസ് പ്ലാന്റിന് വില 12,500 മുതല്‍ 22,000 വരെയാണ്. വിവിധതരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

വീട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന ചില മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

പ്ലാസ്റ്റിക് റെഡ്യൂസര്‍

ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പല മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും എപ്പോഴും കീറാമുട്ടിയാവുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കാനും ലളിതമായൊരു മാര്‍ഗമുണ്ട്. വായു കയറാതെ അടച്ചുവയ്ക്കാവുന്ന ഒരു ഇരുമ്പ് ടിന്‍ ആണ് ഇതിനായി വേണ്ടത്. സങ്കേതത്തിന്റെ പേര് പ്ലാസ്റ്റിക് റെഡ്യൂസര്‍.

പ്ലാസ്റ്റിക് കവറുകള്‍ ഇരുമ്പു ടിന്നില്‍ നിറച്ചതിനു ശേഷം ചൂടു ലഭിക്കുന്നതിനായി അടുപ്പിന്റെയടുത്ത് ഒരാഴ്ചവയ്ക്കുക. അടുത്തയാഴ്ച അടുപ്പില്‍ നിന്ന് മാറ്റിവയ്ക്കുക. പിന്നീട് ടിന്‍ തുറന്നു നോക്കിയാല്‍ പ്ലാസ്റ്റിക് ഉരുകി പുക പുറത്തുപോകാന്‍ പറ്റാതെ ടിന്നിന്റെ ഉള്‍വശത്ത് പറ്റിപ്പിടിച്ച് ചെറിയ ഉണ്ട പോലെയായിരിക്കുന്നതു കാണാം. ഇതിനുമുകളില്‍ വീണ്ടും പ്ലാസ്റ്റിക് നിറച്ച് പഴയ പോലെ ഈ പ്രക്രിയ ആവര്‍ത്തിക്കാനാവും.

മിനി ബയോ പെഡസ്റ്റല്‍, പ്ലാസ്റ്റിക് റെഡ്യൂസര്‍ തുടങ്ങിയ സങ്കേതങ്ങളുടെ ഉപജ്ഞാതാവ് കോഴിക്കോട് സ്വദേശിയായ രാജന്‍ മണാട്ടിലാണ്. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മാലിന്യപ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിക്കാന്‍ ഈ മാര്‍ഗങ്ങളിലൂടെ സാധിക്കും എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിനി ബയോ പെഡസ്റ്റല്‍

ദ്രാവക രൂപത്തിലുള്ള ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മിനി ബയോ പെഡസ്റ്റല്‍. കഞ്ഞിവെള്ളം, കറികള്‍, മീന്‍ വൃത്തിയാക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിക്ഷേപിക്കാം. ചെറിയ പറമ്പെങ്കിലും ഉള്ളവര്‍ക്കാണ് ഈ സങ്കേതം ഏര്‍പ്പെടുത്താന്‍ സാധിക്കുക.

ആറിഞ്ച് വ്യാസവും ഒന്നര മീറ്റര്‍ നീളവുമുള്ള പി.വി.സി. പൈപ്പ്, ഓഫീസില്‍ പേപ്പര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന വല പോലുള്ള ബക്കറ്റ് എന്നിവയാണ് മിനി ബയോ പെഡസ്റ്റല്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍. പിന്നെ കുറേ ചല്ലിയും ചുടുകട്ടയും. പി.വി.സി. പൈപ്പിന്റെ ഒരറ്റം ഫൗണ്ടന്‍ പേനയുടെ മുന പോലെയാക്കി മുറിക്കണം. വേസ്റ്റ് ബക്കറ്റിന്റെ അടിയില്‍ പി.വി.സി. പൈപ്പ് കടത്തി വയ്ക്കാന്‍ പാകത്തില്‍ ആറിഞ്ച് വ്യാസമുള്ള തുളയുമുണ്ടാക്കണം.

ഭൂമിയില്‍ ഒന്നരയടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. ഈ കുഴിയില്‍ വേസ്റ്റ് ബക്കറ്റ് തലകീഴായി വയ്ക്കാന്‍ സാധിക്കണം. അങ്ങനെ ബക്കറ്റ് കുഴിയിലിറക്കി വെച്ച ശേഷം ചുടുകല്ലും ചല്ലിയുമിട്ട് മൂടുക. ബക്കറ്റിന്റെ അടിയിലിട്ട തുള ഇപ്പോള്‍ മുകളില്‍ കാണാനാവും. അതിലേക്ക് പി.വി.സി. പൈപ്പിന്റെ മുനഭാഗം ഇറക്കിവെച്ച് ഉറപ്പിക്കുക. മിനി ബയോ പെഡസ്റ്റല്‍ തയ്യാര്‍. ഇനി ഇതിലേക്ക് മലിനജലം ഒഴിച്ചുകൊടുത്താല്‍ അത് നീറി വളമായി ഭൂമിയില്‍ ലയിച്ചുപോകും. ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല. ഒരുവീട്ടില്‍ രണ്ട് ബയോ പെഡസ്റ്റല്‍ വയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ദ്രവമാലിന്യങ്ങളും സംസ്‌കരിക്കപ്പെടും.

Posted on: 21 Dec 2011 Mathrubhumi Thiruvananthapuram News

കാട് മടുത്ത് രാജവെമ്പാലകള്‍ നാട്ടിലേക്ക്

രാജവെമ്പാലകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന്റെ കാരണമറിയാതെ വനംവകുപ്പ് കുഴങ്ങുന്നു. കാട്ടില്‍ നല്ല തണുത്ത സ്ഥലങ്ങളില്‍ മാത്രം കഴിയുന്ന രാജവെമ്പാലകള്‍ നാട്ടിലെ ചൂടിലേക്ക് ഇറങ്ങുന്നത് സ്വാഭാവികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജവെമ്പാലകള്‍ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലിറങ്ങുന്നതിന്റെ കാരണം വനംവകുപ്പ് പഠന വിധേയമാക്കുമെന്ന് നിലമ്പൂര്‍ സൌത്ത് ഡിഎഫ്ഒ സി.വി. രാജന്‍ പറഞ്ഞു.

നിത്യഹരിത, അര്‍ധഹരിത വനങ്ങളിലെ തണുപ്പുള്ള മേഖലകളാണ് രാജവെമ്പാലകളുടെ ഇഷ്ടകേന്ദ്രം. പറശ്ശിനിക്കടവ് ഉള്‍പ്പെടെ സ്നേക്ക് പാര്‍ക്കുകളില്‍ ശിതീകരിച്ച കൂടുകളിലാണ് രാജവെമ്പാലയെ പാര്‍പ്പിക്കുന്നത്. സദാ മഴയും തണുപ്പുമുള്ള കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രമായ അഗുംബെ വനത്തില്‍ നിറയെ രാജവെമ്പാലകളുണ്ട്. പൊതുവേ ശാന്തസ്വഭാവമുള്ള പാമ്പുകളാണിവ. ജനവാസ മേഖലയില്‍ കാണാത്തതിനാല്‍ രാജവെമ്പാല കടിച്ചുള്ള മരണം കുറവാണ്.

എന്നാല്‍, കടിച്ചാല്‍ രണ്ടു മിനുട്ടിനുള്ളില്‍ മരണം സംഭവിക്കും. മറ്റു പാമ്പുകളെ അപേക്ഷിച്ച് കൂടുതല്‍ വിഷം പുറന്തള്ളുന്നതാണ് കാരണം. പാമ്പുകളില്‍ അനക്കോണ്ട കഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനം രാജവെമ്പാലയ്ക്കാണ്. പ്രായപൂര്‍ത്തിയായതിന് ഏഴു മീറ്റര്‍ വരെ നീളമുണ്ടാകും. മറ്റു പാമ്പുകളാണ് പ്രധാന ഇര. മുട്ടയിട്ട് വിരിയിക്കുന്ന ഇനമാണ്. കരുളായി വനമേഖലയില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 10 രാജവെമ്പാലകള്‍ കാടുവിട്ട് പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ വയനാട്ടിലും തളിപ്പറമ്പിലും തൃശൂരിലും പാലക്കാട് കല്ലടിക്കോട്ടും ജനവാസമേഖലയില്‍നിന്ന് രാജവെമ്പാലകളെ പിടികൂടിയിരുന്നു.

Manoramaonline >> Environment >> News

Monday, December 19, 2011

പാടത്തെ 'പഴമയും പുതുമയും'

തൃശ്ശൂര്‍: ആധുനിക യന്ത്രങ്ങളും പഴമയുടെ ശൈലിയും കൈകോര്‍ത്ത് ചേനം തരിശ് പടവില്‍ ഞാറ് നട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടീല്‍ പദ്ധതിക്ക് ചേനം സാക്ഷിയായത്. കര്‍ഷകന്റെ കഷ്ടനഷ്ടങ്ങളെ കടപുഴക്കുന്ന പുതിയ സമ്പ്രദായത്തെ ആഘോഷപൂര്‍വമാണ് ചേനം ഗ്രാമം എതിരേറ്റത്. പഴമയുടെ പ്രൗഢിയും ആചാരവും കോര്‍ത്തിണക്കിയായിരുന്നു നടീല്‍ പദ്ധതി സമര്‍പ്പിച്ചത്.

വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു നടീല്‍ പദ്ധതി. ചേനം തരിശ് പടവിലെ 540 ഏക്കറില്‍ ഞാറ് നടീലിനായി 140 പേര്‍ അണിനിരന്നു. പണിക്കിടെ പറളിക്കാട് അയ്യപ്പന്‍, പടവില്‍ കുഴഞ്ഞുവീണ് മരിച്ചു.

ചോറിനായി ചേറിനോട് മല്ലിട്ട് ചോരവിയര്‍പ്പാക്കിയ ആ 73 കാരന്‍ മരണത്തിലും മണ്ണിന്റെ മകനെന്ന് വിളിച്ചുപറഞ്ഞു. നൊമ്പരത്തെ ഞാറ്റുപാട്ടിന്റെ ഈണംകൊണ്ട് അതിജീവിച്ച കര്‍ഷകര്‍ 15 ദിവസംകൊണ്ട് തരിശ്പടവ് മുഴുവന്‍ ഞാറ് പാവി.

അത്യുത്പാദനശേഷിയുള്ള ജ്യോതി നെല്‍വിത്ത് അതത് കണ്ടങ്ങളില്‍ മുളപ്പിച്ച് ആദ്യം നഴ്‌സറി തയ്യാറാക്കി. ഈ ഞാറ്റടിയില്‍നിന്ന് 12 ദിവസം പ്രായമായ ഞാറ് യന്ത്രം ഉപയോഗിച്ച് നട്ടു. ഉത്പാദനവര്‍ധന, കളനിയന്ത്രണം, വരിനെല്‍ നിര്‍മാര്‍ജനം എന്നിവ ഈ നടീല്‍ പദ്ധതി മുഖേന പൂര്‍ണ വിജയമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടത്തുന്നു. കൂടാതെ ഓരോ കര്‍ഷകനും ഈ ഘട്ടത്തിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരില്ലെന്ന വലിയ ആശ്വാസവും.

സമാപനത്തിന്റെ ഭാഗമായി ഞാറ്റൂട്ട് മഹോത്സവം നടത്തി. 'പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പേരിലായിരുന്നു ചടങ്ങ്.

പടവില്‍ മരണപ്പെട്ട അയ്യപ്പന്‍ എന്ന ആ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങ്. വാഴയും ചെത്തിപ്പൂക്കളും കണ്ടത്തിലെ ചെളിയില്‍ മുക്കി ആര്‍പ്പുവിളികളോടെയായിരുന്നു ഞാറ്റൂട്ട് മഹോത്സവം.

ചേനം തരിശ്പടവ് പ്രസിഡന്റ് എ.ജി. ജ്യോതിബാസു അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. രാജു ഉദ്ഘാടനം ചെയ്തു. കെ.കെ. ജലാലുദ്ദീന്‍, പി.പി. ബിജു, അനൂപ് കിഷോര്‍, ടീം ലീഡര്‍ സുരേഷ്, ശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പിന്നെ പടവില്‍ നാടന്‍പാട്ടിന്റെ ശീലുകള്‍ ഒഴുകി. പടിഞ്ഞാറുനിന്ന് അസ്തമയസൂര്യന്റെ ശോഭ തരിശ്പടവിനെ അഭിവാദ്യം ചെയ്തു. പഴമയും പുതുമയും ഇഴചേര്‍ന്ന ഒരു കൃഷിസംസ്‌കാരത്തിന്റെ ഉദയം കൂടിയായിരുന്നു അത്.

Posted on: 19 Dec 2011 Mathrubhmi News >> ബിജു ആന്റണി       

പുഴകളുണ്ടായിട്ടും കേഴുന്നു കേരളം- എം.പി. വീരേന്ദ്രകുമാര്‍


ആലപ്പുഴ: 44 നദികളുണ്ടായിട്ടും കുടിക്കാന്‍ വെള്ളമില്ലാതെ കേഴുന്നവരുടെ നാടായി കേരളം മാറിയെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
അഡ്വ. പി.ജെ. ഫ്രാന്‍സിസ് രചിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 'ആലപ്പുഴ കിഴക്കിന്റെ വെനീസ്' പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 44 പുഴകളെ സംരക്ഷിച്ചാല്‍മാത്രം സമ്പന്നത നേടാവുന്ന ജനതയാണ് നാം. കുവൈറ്റില്‍ ഒരു ലിറ്റര്‍ പെട്രോളിന് 60 ദിനാറാണ്. കുടിവെള്ളത്തിന് 90 ദിനാറും. നദികളിലെ വെള്ളം കയറ്റിയയച്ചാല്‍ നമുക്ക് സുഭിക്ഷമായി കഴിയാം. പക്ഷേ, ഇപ്പോള്‍ പമ്പയും മീനച്ചിലാറും ഒഴുകുന്നില്ല. ഏതു മാലിന്യവും കൊണ്ടിടേണ്ട സ്ഥലമായി പുഴ മാറി. കാടിന്റെ വിസ്തൃതി അറിയാത്തവരാണ് വനസംരക്ഷകര്‍. കാട്ടിലെ മരംവെട്ടുന്നതും പുഴയുടെ ഉത്ഭവസ്ഥാനം നശിക്കുന്നതും അവരറിയുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ 75 കൊല്ലം കഴിയുമ്പോള്‍ ശ്വസിക്കാന്‍ വായു പോലും നമുക്കില്ലാതാകും.
ഒരുനവോത്ഥാന പ്രസ്ഥാനവും ആലപ്പുഴയില്‍ ഉണ്ടായിട്ടില്ല. പക്ഷേ, അതിന്റെ അലയൊലികള്‍ ഇവിടെയുണ്ടായി. ഭിന്നസംസ്‌കാരങ്ങള്‍, വണിക്കുകള്‍, ജനപഥങ്ങള്‍ എല്ലാംചേര്‍ന്ന് വളര്‍ച്ചയുടെ സംസ്‌കാരം ഇവിടെ വളര്‍ന്നു. വെനീസ് ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. വെനീസിന്റെ മഹിമ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നത് കിഴക്കിന്റെ വെനീസിനെ സാധൂകരിക്കാനാണ്. വെനീസ് ഈ നൂറ്റാണ്ടിനവസാനം കാണില്ലെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, ആലപ്പുഴ കാണും- മലിനമായിട്ടാണെങ്കിലും.
സംസ്‌കാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ നാം പണ്ടേ വിമുഖരാണ്. മദ്യഷാപ്പുകളല്ലാതെ ഏതുസംസ്‌കാരമാണ് നമുക്ക് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോചീഫ് ജോയ്‌വര്‍ഗീസിന്റെ സ്മരണകള്‍ പങ്കുവച്ചാണ് വീരേന്ദ്രകുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്. പി.ജെ. ഫ്രാന്‍സിസിന്റെ പുസ്തകം ജോയ്‌വര്‍ഗീസിനാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ആലപ്പുഴയെ പുനര്‍നിര്‍മിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങി ജി.സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. ഒരുപാടുസര്‍ക്കാറുകള്‍ വന്നുപോയെങ്കിലും ആലപ്പുഴയുടെ വികസനത്തിന്‌വേണ്ടി ആത്മാര്‍ഥമായ ഒരു പരിശ്രമവും ഉണ്ടായിട്ടില്ല. ഒരു സെമിനാറും പ്രസംഗവും നടത്താതെയാണ് ദിവാന്‍ രാജ കേശവദാസന്‍ ആലപ്പുഴയെ വികസിപ്പിച്ചത് -സുധാകരന്‍ പറഞ്ഞു.
വെനീസ് പഴമകളെയെല്ലാം കാത്തുസൂക്ഷിച്ചാണ് പെരുമ നേടിയതെന്ന് ഗ്രന്ഥകര്‍ത്താവ് അഡ്വ. പി.ജെ. ഫ്രാന്‍സിസ് പറഞ്ഞു. സമാനതകളോടെ വളര്‍ന്ന സംസ്‌കാരങ്ങള്‍ക്ക് എങ്ങനെയാണ് വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടായതെന്ന് പരിശോധിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.
 

Posted on: 19 Dec 2011 Mathrubhumi Alappuzha News 

Sunday, December 18, 2011

ഫോട്ടോ പ്രദര്‍ശനം തുടങ്ങി

കല്പറ്റ: വയനാട് പ്രസ് ക്ലബ് കെ.ജയചന്ദ്രന്‍ അനുസ്മരണത്തിന്റെ ഭാഗമായി കല്പറ്റ ഡക്കാന്‍ ഐ.ടി.സി ഹാളില്‍ 'വയനാടന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം തുടങ്ങി.ജില്ലയിലെ അന്‍പതോളം വരുന്ന ഫോട്ടോഗ്രാഫര്‍മാരാണ് ഞായറാഴ്ച അവസാനിക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
ആദിവാസി ജീവിതം, ദൃശ്യഭംഗി, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ മേഖലകളിലെ ദൃശ്യവിസ്മയമാണ് ഫോട്ടോകളില്‍ നിറയുന്നത്. ഫ്രാന്‍സീസ് ബേബി, സിബി പുല്പള്ളി, വി.ഡി. മോഹന്‍ദാസ്, ഹരിദാസ് ഫോട്ടോ വോള്‍ഡ്, ആര്‍.ജെ. മാത്യു, ഭാസ്‌കരന്‍ രചന, അജി കൊളോണിയ, ജിയോ, അബ്ദുള്‍ ഷുക്കൂര്‍, ആഷിഫ്, ആല്‍ബര്‍ട്ട് എന്നിങ്ങനെ നിരവധി പ്രശസ്തരും തുടക്കകാരും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നു.
Posted on: 18 Dec 2011 Mathrubhumi wayanad News 

ഭാരതപ്പുഴ സംരക്ഷണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

മായന്നൂര്‍:നദീതീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭാരതപ്പുഴ സംരക്ഷണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. പുല്‍ക്കാടുകള്‍ക്കിടയിലെ പല നീര്‍ച്ചാലായി പുഴ മാറി. വന്‍തോതിലുള്ള മണലെടുപ്പ് പുഴയുടെ ജലസംഭരണശേഷി നഷ്ടപ്പെടുത്തി. ഇതുമൂലം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും.
2007 ഏപ്രില്‍ 21ന് ഒറ്റപ്പലത്താണ് ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. കാര്യമായ പ്രവര്‍ത്തനം ഇതുവരെയും ഉണ്ടായിട്ടില്ല. പുഴയിലെ പുല്‍ക്കാടുകള്‍ നശിപ്പിക്കുക, അനധികൃത മണലെടുപ്പ് അവസാനിപ്പിച്ച് ശാസ്ത്രീയമായും അംഗീകൃതമായും മണലെടുക്കുക, കുടിവെള്ളപദ്ധതി സംരക്ഷിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തി പുഴയുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് വേണ്ടത്.
എന്നാലിത്തരത്തിലുള്ള ചര്‍ച്ചകളൊ പദ്ധതികളൊ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാരിന് അധികബാധ്യത വരാതെതന്നെ ചെയ്യാവുന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയംഗങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്കാന്‍ കഷ്ടപ്പെടുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഈ സാഹചര്യത്തില്‍ അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയില്‍വരുന്ന പുഴയിലെ പുല്‍ക്കാടുകള്‍ തൊഴിലുറപ്പു പദ്ധതിയംഗങ്ങളെക്കൊണ്ട് നീക്കം ചെയ്യാവുന്നതേ ഉള്ളൂ. ഇതിന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും ഏകോപിതമായ ആലോചനയും പദ്ധതികളും കൂടിയേ കഴിയൂ.
ഇപ്പോള്‍ പുഴയില്‍ നിര്‍മിക്കാനുദ്ദേശിച്ചിട്ടുള്ള തടയണകളുടെ പ്രവര്‍ത്തനം എത്രയും പെട്ടെന്നു തുടങ്ങേണ്ടതുണ്ട്. കാലവര്‍ഷം അവസാനിച്ചതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. പല ശുദ്ധജലവിതരണ പദ്ധതികളുടെയും ജലസ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞുതുടങ്ങി. ഇപ്പോള്‍തന്നെ താല്‍ക്കാലിക തടയണ നിര്‍മിച്ചില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ അടച്ചുപൂട്ടേണ്ടിവരും. ഭാരതപ്പുഴ സംരക്ഷണത്തിന് പദ്ധതി വേണമെന്ന ആവശ്യം ശക്തമാണ്.

Posted on: 18 Dec 2011 Mathrubhumi Thrissur News  

Saturday, December 17, 2011

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി-മന്ത്രി കെ.പി.മോഹനന്‍

അമ്പലപ്പുഴ:കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മാലിന്യസംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകളിലൂടെ ജൈവവളം ഉത്പാദിപ്പിച്ച് കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയുടെ ആലപ്പുഴ സീഡ് ഗോഡൗണ്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട്ടിലെ കര്‍ഷകരെ സഹായിക്കാതെ ഒരുസര്‍ക്കാരിനും മുന്നോട്ട് പോവാനാവില്ല. തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയില്‍ നടപ്പാക്കിയാലേ കാര്‍ഷികമേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകൂ. തൊഴിലുറപ്പ് പദ്ധതിയെയും കുടുംബശ്രീയെയും കാര്‍ഷിക മേഖലയുമായി ബന്ധിപ്പിക്കുന്നതിന് മാത്രമേ കരാര്‍കൃഷി അനുവദിക്കുകയുള്ളു.

പരമാവധി കര്‍ഷകരില്‍നിന്ന് പച്ചക്കറി മാര്‍ക്കറ്റ് വിലയ്ക്കുവാങ്ങി സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും കൂടുതല്‍ ഉത്പാദനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍.അജിത്കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ വി.വി.പുഷ്പാംഗദന്‍, തൃശ്ശൂര്‍ സംസ്ഥാന വിത്ത് വികസന അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അശോക്കുമാര്‍ തെക്കന്‍, പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ത്യാഗരാജന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.നളിനകുമാര്‍, ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം സുവര്‍ണ പ്രതാപന്‍, ഗ്രാമപ്പഞ്ചായത്തംഗം ഉഷ ഉണ്ണിക്കൃഷ്ണന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാപ്രസിഡന്റ് പ്രൊഫ. ഡി.നാരായണന്‍കുട്ടി, ഓണാട്ടുകര വികസന ഏജന്‍സി വൈസ്‌ചെയര്‍മാന്‍ കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, പുറക്കാട് കരിനില വികസന ഏജന്‍സി വൈസ്‌ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ജോണി മുക്കം എന്നിവര്‍ പ്രസംഗിച്ചു.

ശാസ്ത്രീയമായ വിത്തുത്പാദനം, സംഭരണം, വിതരണം, എന്ന വിഷയത്തില്‍ മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ.എസ്.ലീനാകുമാരി, സംസ്ഥാന വിത്ത് വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജനാ ദാമോദരന്‍, സീഡ് അനലിസ്റ്റ് സി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Posted on: 17 Dec 2011 Mathrubhumi Alappuzha News  

മുതുമല വനത്തില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി

  എടക്കര: വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവയെ വനപാലകര്‍ രക്ഷപ്പെടുത്തി. മുതുമല കടുവസങ്കേതത്തോട് ചേര്‍ന്ന ബൊക്കാപുരം വനത്തിലാണ് കാലിന് മുറിവേറ്റനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയ്ക്ക് 12 വയസ്സ് പ്രായമുണ്ട്. വനപാലകര്‍ നടത്തിയ പതിവ് റോന്തുചുറ്റലിനിടയില്‍ വെള്ളിയാഴ്ച രാവിലെയാണ് കടുവയെ കണ്ടെത്തിയത്. കടുവാസങ്കേതം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അമീര്‍ കാജ, ഗൂഡല്ലൂര്‍ ഡി.എഫ്.ഒ ദീപക് ബില്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകര്‍ ചേര്‍ന്ന് കൂട്ടിലാക്കിയ കടുവയെ തെപ്പക്കാട് മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ മനോഹരന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം കടുവയ്ക്ക് ചികിത്സതുടങ്ങി.
Posted on: 17 Dec 2011 Mathrubhumi malappuram News  

Friday, December 16, 2011

മൃഗങ്ങള്‍ക്ക് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കുന്നു

  ചെറുതോണി: പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്ഹൗസിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കുന്നു. ഇടുക്കി ഡാമിനു സമീപം വെള്ളാപ്പാറയിലുള്ള റസ്റ്റ്ഹൗസിലെ മാലിന്യങ്ങളാണ് വനത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്.
ആന, കേഴ, മ്ലാവ് എന്നിവ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത്മൂലം പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു.വനത്തിനുള്ളില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍, ഭൂരിഭാഗത്തിന്റെയും മരണകാരണം പ്ലാസ്റ്റിക് ഉള്ളില്‍ച്ചെന്നാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

Posted on: 16 Dec 2011 Mathrubhumi Idukki News 

Thursday, December 15, 2011

മുതുമലയില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍

നിലമ്പൂര്‍: തമിഴ്‌നാട്ടിലെ ക്ഷേത്രംവക ആനകള്‍ക്ക് ഇനി 48 നാള്‍ സുഖചികിത്സയുടെ നാളുകള്‍. വനത്തിന്റെയും മായാര്‍ നദിയുടെയും ശീതളിമയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘത്തിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് സുഖചികിത്സ.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 37 ആനകളാണ് ക്യാമ്പിലെത്തിയിട്ടുള്ളത്. ഒരു കൊമ്പനൊഴികെ ബാക്കിയെല്ലാം പിടിയാനകളാണ്. 48 ദിവസത്തെ ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ആനയ്ക്കും ഒരുലക്ഷംരൂപയുടെ ചെലവാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. മുതുമല ആനക്യാമ്പിന് എതിര്‍വശത്ത് സൗരോര്‍ജവേലി കെട്ടി തിരിച്ചാണ് ആനകള്‍ക്ക് ക്യാമ്പൊരുക്കിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്നുതന്നെ പാപ്പാന്മാര്‍ക്കും സഹായികള്‍ക്കും താമസിക്കാനുള്ള താത്കാലിക ഷെഡ്ഡുകളുമൊരുക്കിയിട്ടുണ്ട്.

പ്രത്യേക ക്യാമ്പിലെ അതേ ചികിത്സകളും മരുന്നുകളും മുതുമലയിലെ സ്ഥിരം ആനക്യാമ്പിലുള്ള 25 ആനകള്‍ക്കും ഇതേ കാലയളവില്‍ നല്‍കുന്നുണ്ട്. മറ്റൊരു ക്യാമ്പ് പൊള്ളാച്ചിയിലും നടത്തുന്നുണ്ട്. അവിടെ 21 ആനകളാണുള്ളത്.

ക്യാമ്പിലേക്ക് വെളിച്ച സംവിധാനമൊരുക്കിയതിനുപുറമെ കാട്ടാനകളുടെ ആക്രമണം തടയാന്‍ കുങ്കിയാനകളെയും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങ് തമിഴ്‌നാട് വനംമന്ത്രി പച്ചൈമാള്‍, ദേവസ്വംമന്ത്രി ആനന്ദ് എന്നിവര്‍ ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്‍ അര്‍ച്ചന പട്‌നായിക് പങ്കെടുത്തു.
Posted on: 15 Dec 2011 Mathrubhumi News  

പ്ളാവ് ജയന് ദേശീയ പുരസ്കാരം

പ്ളാവിന്റെയും ചക്കയുടെയും മഹത്വം പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ളാവ് ജയനു ദേശീയ സിവില്‍ സൊസൈറ്റി അവാര്‍ഡ് ലഭിച്ചു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഹരിതവിപ്ളവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനില്‍ നിന്നാണു പുരസ്കാരം ഏറ്റുവാങ്ങിയത്. വഴിയോരങ്ങളില്‍ പ്ളാവ് വച്ചുപിടിപ്പിക്കുകയും പ്ളാവിന്റെയും ചക്കയുടെയും ഗുണങ്ങളെക്കുറിച്ചു പുസ്തക പ്രസാധനമടക്കമുള്ള വഴികളിലൂടെയും പ്രചാരണം നടത്തുകയാണു ജയന്‍.

Manoramaonline >> Environment >> News

കോരപ്പുഴയുടെ തീരത്ത് കണ്ടല്‍ വച്ചു പിടിപ്പിക്കുന്നു

കോരപ്പുഴയുടെ തീരങ്ങളില്‍ അത്തോളി ഗ്രാമ പഞ്ചായത്ത് കണ്ടല്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. കുനിയില്‍ കടവിനടുത്ത് രണ്ടു കിലോമീറ്റര്‍ തീരത്താണ് കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്.
ഈ ഭാഗങ്ങളില്‍ തീരത്തോടു ചേര്‍ന്ന് തുറസായി കിടക്കുന്ന സ്ഥലങ്ങളിലാണ് മുളപ്പിച്ച തൈകള്‍ നടുന്നത്.
ഇതിനാവശ്യമായ ആയിരം തൈകളും അവ സംരക്ഷിക്കാനുള്ള കമ്പുകളും തൊഴിലുറപ്പു ഫണ്ടുപയോഗിച്ചാണ് വാങ്ങിയത്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് കണ്ടല്‍സംരക്ഷണം നടത്തുന്നത്.
ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറെ തീരം മുഴുവന്‍ രണ്ടുവര്‍ഷംകൊണ്ട് കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് തൊഴിലും തീരത്തിനു സുരക്ഷയും മത്സ്യസംരക്ഷണവും ഒരേ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് പറഞ്ഞു.

Manoramaonline >> Environment >> News

Wednesday, December 14, 2011

പറവൂരിലെ ക്ഷേത്രക്കുളങ്ങള്‍ നശിക്കുന്നു

പറവൂരില്‍ ദേവസ്വം ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള വിശാലമായ ശുദ്ധജല കുളങ്ങള്‍ നാശത്തിന്റെ വക്കില്‍.
ഒരുകാലത്ത് കണ്ണീരുപോലെ തെളിഞ്ഞ ശുദ്ധജലം നിറഞ്ഞു കിടന്നിരുന്ന കുളങ്ങള്‍ കാലങ്ങളായി അധികൃതരുടെ അവഗണനയില്‍ അനുദിനം നാശോന്മുഖമാകുന്നു. ഇത്തരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ കുളങ്ങള്‍ തന്നെ ഇല്ലാതായേക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പറവൂരിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ വലിയ കുളങ്ങള്‍ ഉണ്ട്.

നഗരമധ്യത്തിലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ശുദ്ധജല തടാകമാണുള്ളത്. പടവുകള്‍ കെട്ടാതെ ഇട്ടിരിക്കുന്ന കുളത്തിന്റെ ചിലഭാഗത്ത് മാലിന്യങ്ങളും തള്ളുന്നുണ്ട്.

പെരുവാരം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും രണ്ട് കുളങ്ങളുണ്ട്. ഇതില്‍ കിഴക്കേ നടയിലെ കുളം കാലങ്ങളായി സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലാണ്. പായല്‍ നിറഞ്ഞ് വേനലായതോടെ അവ ഉണങ്ങിക്കിടക്കുന്നു.
കിഴക്കേ നടയിലെ കുളം ഒട്ടേറെപ്പേര്‍ മുങ്ങിക്കുളിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. പായല്‍ നിറഞ്ഞതോടെ കുളി അസാദ്ധ്യമായി. പായല്‍ മുട്ടിയാല്‍ ചൊറിച്ചിലുണ്ടാകും. അതിനാലിപ്പോള്‍ രണ്ട് പട്ടിക കഷ്ണങ്ങള്‍ വലിച്ച് വെള്ളത്തിന്റെ നിരപ്പില്‍ കെട്ടി പായല്‍ അകത്തിയ ശേഷമാണ് കുളിക്കുന്നത്.

ദേവസ്വം വക തോന്ന്യകാവ് ഭഗവതീക്ഷേത്രം, കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, മന്നം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും വിശാലമായ കുളങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണന്‍കുളങ്ങര ക്ഷേത്രക്കുളം മുസരിസ് പൈതൃക പദ്ധതി പ്രകാരം സംരക്ഷിക്കണമെന്ന് ആവശ്യം ഉണ്ട്.
നഗരത്തില്‍ കുടിനീരിന് പലപ്പോഴും വലയുമ്പോഴും പ്രകൃതിദത്ത ശുദ്ധജലമുള്ള ക്ഷേത്രക്കുളങ്ങള്‍ സംരക്ഷണമില്ലാതെ കിടക്കുന്നു. ഇവ ശുചീകരിച്ച് ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.

14.12.2011 Mathrubhmi eranamkulam News

മഞ്ഞ് കാലത്തിന് രുചി പകരാന്‍ ഓറഞ്ച്

മഞ്ഞ് പുതഞ്ഞ പുലരികളുള്ള ഈ കാലമണത്രേ ഓറഞ്ച് നുണയാന്‍ ഏറ്റവും നല്ലത്. പറയുന്നത് മറ്റാരുമല്ല. ആരോഗ്യ വിദഗ്ദരാണ്. പകലിലെ ശക്തമായ വെയിലിനേയും ഇരുട്ടിനൊപ്പമെത്തുന്ന കടുത്ത തണുപ്പിനേയും പ്രതിരോധിക്കാന്‍ ഓറഞ്ച് സഹായകമാണെന്നാണ് പറയുന്നത്. ഓറഞ്ച് അപ്പടി കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഓറഞ്ച് കേക്കുമാകാം. ഏത് രൂപത്തിലായാലും ഗുണത്തിലും രുചിയിലും ഓറഞ്ച് മുന്‍പന്തിയിലാണ്.

ഇതില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ നമ്മുടെ കോശങ്ങളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. മാത്രമല്ല ഓറഞ്ചില്‍ ധാരാളമായി കാല്‍സ്യവും അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ് ഈ സുന്ദരിപ്പഴം. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇതുവഴി നമ്മുടെ പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.

എല്ലാ ദിവസവും ഓറഞ്ച് കഴിക്കുന്നത് കിഡ്നിയില്‍ കല്ല് രൂപപ്പെടുന്നത് ഒരളവോളം കുറക്കാനും സഹായകമാണ്. സൗന്ദര്യ സംരക്ഷണത്തിലുമുണ്ട് ഇതിന് നല്ലൊരു പങ്ക്. ഓറഞ്ചിന്റെ തൊലി നമ്മുടെ തൊലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.

തണുപ്പ് കാലത്ത് ഓറഞ്ചിന് രുചി കൂടുതലാണെന്ന് മാത്രമല്ല വില കുറവുമാണ്. അതുകൊണ്ട് തണുപ്പ് കാലത്തിന് രുചി പകരാന്‍ നമുക്കിനി ഓറഞ്ച് നുണയാം.

Madhyamam News >> Health

വനമിത്ര പുരസ്‌കാരം: അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട്:സംസ്ഥാന വനം വകുപ്പ് 2011 ലെ വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. സാമൂഹിക വനവത്കരണ പദ്ധതികളുടെ നടത്തിപ്പ്, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, ക്രിയാത്മകത, തൈകളുടെ പരിചരണം, തൈകളുടെ വളര്‍ച്ച, ആരോഗ്യം, അതിജീവനം, നിരീക്ഷണ പാടവം, വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനരീതി എന്നിവയാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള മാനദണ്ഡം.

ജില്ലാതലത്തില്‍ 25,000 രൂപയും സര്‍ട്ടിഫിക്കറ്റും സംസ്ഥാന തലത്തില്‍ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് 2011 ലെ വനമിത്ര പുരസ്‌കാരം. 2010-11 ലെ എന്റെമരം പദ്ധതി ഏറ്റവും നല്ല രീതിയില്‍ നടപ്പിലാക്കിയ ഒരു സ്‌കൂളിനും പുരസ്‌കാരങ്ങള്‍ നല്‍കും. എന്റെമരം പദ്ധതി വിഭാഗത്തില്‍ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ അതത് വിദ്യാലയങ്ങളുടെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി, പ്രവര്‍ത്തന റിപ്പോര്‍ട്ട്, പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഫോട്ടോകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട എ.ഇ.ഒ, ഡി.ഇ.ഒ. മുഖേന തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ക്ക് ഡിസംബര്‍ 15 ന് വൈകീട്ട് 5.15 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2320609 എന്നഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Posted on: 14 Dec 2011 mathrubhumi thrissur news

Tuesday, December 13, 2011

ചില്ലുപെട്ടിയില്‍ നീര്‍ക്കോലി; കാവലായി അബ്ബാസും

വളാഞ്ചേരി: ഒന്നും രണ്ടുമല്ല, 57 മുട്ടകള്‍ക്കാണ് വീട്ടിലെ ഒഴിഞ്ഞ ചില്ലുപെട്ടിയില്‍ നീര്‍ക്കോലി അടയിരിക്കുന്നത്.
60 ദിവസം കഴിഞ്ഞ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതും കാത്തിരിക്കുകയാണ് തിരുവേഗപ്പുറ കൈപ്പുറം അബ്ബാസ്.

കൊപ്പം കരിങ്ങനാട്ടെ ഒരുവീട്ടില്‍ പാമ്പുണ്ടെന്ന് കേട്ടപ്പോള്‍ അതിനെ പിടിക്കാന്‍വന്ന അബ്ബാസ് കണ്ടത് ഒത്തവണ്ണവും നീളവുമുള്ള നീര്‍ക്കോലിയെയാണ്. അതിനെ കൊണ്ടുവന്ന് വീട്ടിലെ ഒഴിഞ്ഞ ചില്ലുപെട്ടിയിലിട്ടു. പാമ്പിനെ പിടിക്കുകയും കാട്ടില്‍ വിടുകയും ചെയ്യുന്നത് പതിവാക്കിയ ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്നുതന്നെ നീര്‍ക്കോലി മുട്ടയിടാന്‍ തുടങ്ങി.

ചുളിഞ്ഞ തൊലിയുള്ള കാടമുട്ടയേക്കാള്‍ ചെറുതായ 57 മുട്ടകള്‍. സാധാരണ 20-25 മുട്ടകളെ നീര്‍ക്കോലികള്‍ക്ക് ഉണ്ടാവാറുള്ളൂ എന്നാണ് അബ്ബാസ് പറയുന്നത്.
മുട്ടകളെല്ലാം വിരിഞ്ഞുകഴിഞ്ഞാല്‍ അമ്മയേയും മക്കളേയും കാട്ടില്‍ വിടും. അതുവരെ കുഞ്ഞുതവളകളെയാണ് ഭക്ഷണമായി നല്‍കുന്നത്.

Posted on: 13 Dec 2011 Mathrubhumi >> വി. മധുസൂദനന്‍

പറഞ്ഞിട്ടു കാര്യമില്ല, ഇത് പൈതൃകമായ നീരുറവ

തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥ കാരണം നശിക്കുകയാണ് കുന്നത്തുകുളങ്ങരയിലെ പഴക്കമേറിയ കുളം. ഒരിക്കലും വറ്റാത്ത ജലസ്രോതസ് എന്ന പേരുകേട്ട കുളം ഇന്ന് മാലിന്യങ്ങളുടെ കൂമ്പാരമാണ്.

കടുത്ത വേനലില്‍ പ്രദേശത്തെ കിണറുകള്‍ മുഴുവന്‍ വറ്റിയപ്പോള്‍ ജനങ്ങള്‍ക്ക് ദാഹജലം നല്‍കി അനുഗ്രഹിച്ചത് ഈ കുളമാണെന്ന് പഴമക്കാര്‍ പറയുന്നു.

കുളത്തോടു ചേര്‍ന്നുള്ള വറ്റാത്ത ഒരു നീരുറവയും സ്ഥലവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. ഈ ഭാഗത്ത് കാവും ദുര്‍ഗാദേവിയുടെ വിഗ്രഹവും ഉണ്ടെങ്കിലും ഈ പൈതൃകകേന്ദ്രം സംരക്ഷിക്കുന്ന കാര്യത്തില്‍ അലസത തുടരുകയാണ്.

പത്തു വര്‍ഷത്തോളമായി കുളം ദയനീയാവസ്ഥയിലാണ്. വ്യാപകമായ കൈയേറ്റവും ഈ ഭാഗത്ത് നടക്കുന്നുണ്ട്.

കഴിഞ്ഞ ജനകീയാസൂത്രണപദ്ധതിയില്‍ കുളത്തോട് ചേര്‍ന്നുള്ള റോഡിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും മറ്റു ജോലികള്‍ ഒന്നുംതന്നെ നടന്നില്ല.

കുളത്തിന്റെ ശുദ്ധീകരണവും മൂന്നു വശത്തെ കരിങ്കല്‍കെട്ടും പൂര്‍ത്തിയായാല്‍ മാത്രമേ ഈ ജലസ്രോതസ്സ് സംരക്ഷിക്കാനാകൂ.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുളത്തിലെ മണ്ണുമാറ്റല്‍ പണി ഉടന്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. 2008-09ല്‍ നഗരസഭ ഈ കുളത്തിന്റെ ശുചീകരണത്തിന് പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.
 
Posted on: 13 Dec 2011 Mathrubhumi Thiruvananthapuram News 

കണവ പിടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികള്‍; എട്ടുപേര്‍ അറസ്റ്റില്‍

ചാവക്കാട്:കണവ പിടിക്കുന്നതിന് കടലിലേയ്ക്ക് പ്ലാസ്റ്റിക് കുപ്പികളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വലകളും കൊണ്ടുപോയിരുന്ന രണ്ട് ഫൈബര്‍ വഞ്ചികള്‍ ചാവക്കാട് പോലീസ് പിടികൂടി. 40 കിലോ വീതമുള്ള 4 കെട്ട് വലകളും 4 ചാക്ക് പ്ലാസ്റ്റിക് കുപ്പികളും പിടികൂടി. രണ്ട് വഞ്ചികളിലായി മീന്‍പിടിത്തത്തിന് പോയിരുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു. കന്യാകുമാരി ഇനയം സ്വദേശി ഷാജി (28), തമിഴ്‌നാട് കോയില്‍ തെരുവ് ലോറന്‍സ് (27), കുളച്ചല്‍ കെ.എസ്.എസ്. കോളനി ജോസഫ് (42), കോയില്‍ തെരുവ് അരുള്‍ (25), തിരുനെല്‍വേലി തോമയാല്‍പുരം സുനാമി കോളനി ഫ്രാന്‍സിസ് (31), സുനാമി കോളനി ആന്റണി രാജ് (28), കന്യാകുമാരി രാമന്‍തൊറൈ ജോസഫ് (48), മനകൊടി മരിയ ലിച്ചാര്‍ട്ട് (51) എന്നിവരെയാണ് ചാവക്കാട് സി.ഐ. കെ. സുദര്‍ശനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. കബീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, അഭിലാഷ്, ബാബു എന്നിവരടങ്ങിയ സംഘം ചാവക്കാട് കടപ്പുറത്തുനിന്നു പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 നായിരുന്നു അറസ്റ്റ്. സി.ഐ.യ്ക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കണവ പിടിക്കാന്‍ കുപ്പികള്‍ കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് മാതൃഭൂമി നവംബര്‍ 21 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പ്രകൃതി-പരിസ്ഥിതി-വന്യമൃഗസംരക്ഷണ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി രവി പനയ്ക്കല്‍ മുഖ്യമന്ത്രി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകന്‍ മണി ചാവക്കാട് നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.

പരാതികളെത്തുടര്‍ന്ന് 23 ന് ഫിഷറീസ് സംഘം ചാവക്കാട് കടപ്പുറത്തെത്തി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. തുടര്‍ന്നാണ് പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നത്. കണവ പിടിത്തത്തിന് പ്ലാസ്റ്റക് കുപ്പികളും പ്ലാസ്റ്റിക്ക് വലകളും കടലില്‍ നിക്ഷേപിക്കുന്നത് അനുവദനീയ മല്ലെന്ന് ഫിഷറീസ് സംഘം, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വഞ്ചികളുടെ ഉടമകള്‍ക്കും 30 രൂപയ്ക്ക് ഒരു കിലോ കുപ്പി വില്‍ക്കുകയും ചെയ്യുന്ന ബാറുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും സിഐ കെ. സുദര്‍ശന്‍ പറഞ്ഞു. റെയ്ഡ് തുടരുമെന്നും വീണ്ടും ഇത്തരം പ്രവൃത്തി ആവര്‍ത്തിച്ചാല്‍ വഞ്ചികള്‍ പിടിച്ചെടുക്കുകവരെ ചെയ്യുമെന്നും സി.ഐ. പറഞ്ഞു. കൃത്രിമ കണവ പിടിത്തം പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനീകരണമാണെന്നും മത്സ്യസമ്പത്ത് കുറയുന്നതിനും ഇടയാക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
Posted on: 13 Dec 2011 Mathrubhumi News   

Monday, December 12, 2011

സുഖചികില്‍സ കഴിഞ്ഞ് അമല്‍ കടലിലേക്ക്

പുള്ളിപ്പുലി 'റാണി' യായി

കെണിയില്‍ വീണ പുള്ളിപ്പുലി അവശനിലയിലാണ്. തൃശ്ശൂര്‍ മൃഗശാലയിലെ കൂട്ടില്‍ എഴുന്നേറ്റുനില്‍ക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കക്ഷി കിടപ്പുതന്നെയാണ്. മരുന്നും പരിചരണവുമൊക്കെ മുറയ്ക്ക് നല്‍കുന്നുണ്ടെങ്കിലും പുലിയുടെ മുഖം തെളിഞ്ഞിട്ടില്ല. കാട്ടില്‍ കഴിയേണ്ട എന്നെ എന്തിന് കൂട്ടിലാക്കിയെന്ന ഭാവത്തോടെയാണ് ചുറ്റുമുള്ളവരെ നോക്കുന്നത്. റാണിയെന്ന ഓമനപ്പേരും പുലിക്കിട്ടുകഴിഞ്ഞു.
കോതമംഗലത്തിനു സമീപം മാമലക്കണ്ടം എളമ്പളാശ്ശേരി ആദിവാസിക്കുടിക്കു സമീപത്തെ ഞണ്ടുകുളം ഭാഗത്താണ് പുലി കെണിയില്‍പ്പെട്ടത്. പന്നിയെ പിടിക്കാന്‍വെച്ച കെണിയില്‍ പുലി കുരുങ്ങിയത് കണ്ടത് ശനിയാഴ്ച രാവിലെയാണ്. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുരുക്കഴിച്ച് കൂട്ടിലാക്കി അര്‍ദ്ധരാത്രിയോടെ തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചു.
കോന്നി ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടര്‍ വി. സുനില്‍കുമാര്‍. വെറ്ററിനറി സര്‍ജന്‍ ശ്യാം വേണുഗോപാല്‍ തുടങ്ങിയവര്‍ പുലിയെ പരിശോധിച്ച് മരുന്നു നല്‍കി.
രണ്ടുവയസ്സിലേറെയുള്ള പെണ്‍പുലിക്ക് മൃഗശാലയിലെ ജീവനക്കാരാണ് റാണി എന്നു പേരിട്ടത്. 64 സെ.മീറ്റര്‍ നീളവും ഇരുപത് കിലോയിലേറെ തൂക്കവുമുണ്ട്.
ഇരുമ്പ് കേബിള്‍കൊണ്ടുള്ള കുരുക്ക് മുറുകി തൊലി പൊളിഞ്ഞിട്ടുണ്ട്. കുരുക്കില്‍ രണ്ടുദിവസമെങ്കിലും കിടന്നതായാണ് പരിശോധനയില്‍ മനസ്സിലാകുന്നത്.
അവശതയായതുകൊണ്ടാകും അല്പം പോലും കുറുമ്പില്ല. സൂപ്പര്‍വൈസര്‍ ക്ലീറ്റസ് കൂട്ടിനുള്ളില്‍ കൈയിട്ട് തടവികൊടുത്തപ്പോഴും ആള്‍ അനങ്ങാതെ കിടന്നു. ചുറ്റും ആളുകൂടുമ്പോള്‍ മാത്രം ഗര്‍ര്‍.... എന്ന് മുരളുന്നുണ്ട്. കോഴിയിറച്ചിയൊക്കെ വെച്ചുനീട്ടിയെങ്കിലും കണ്ടമട്ട് വെച്ചില്ല.
രണ്ടുമൂന്നു ദിവസംകൊണ്ട് പുള്ളിപ്പുലി ഉഷാറാകുമെന്ന് മൃഗശാലയിലെ ക്യൂറേറ്റര്‍ ടി.വി. അനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ക്ഷീണം കാണിച്ചാല്‍ എക്‌സ്‌റേ എടുത്ത് വിശദ പരിശോധനകള്‍ നടത്തും.
സമീപകാലത്ത് കെണിയില്‍പ്പെട്ട് തൃശ്ശൂര്‍ മൃഗശാലയിലെത്തിയ മൂന്നാമത്തെ പുള്ളിപ്പുലിയാണ് റാണി. മുമ്പ് വന്ന രണ്ടും ആണ്‍പുലികളായിരുന്നു. അതിലൊന്ന് ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലുണ്ട്. മറ്റേയാള്‍ അപ്പു എന്ന പേരില്‍ തൃശ്ശൂരില്‍ത്തന്നെയുണ്ട്.

Posted on: 12 Dec 2011 Mathrubhumi Thrissur news

Sunday, December 11, 2011

'മാലിന്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ പൊന്നാനിയെ തോല്‍പ്പിക്കാനാവില്ല മക്കളേ..'

പൊന്നാനി: മാലിന്യമില്ലാത്ത തെരുവ് പൊന്നാനിയിലെ അപൂര്‍വകാഴ്ചയാണ്. എവിടെ തിരിഞ്ഞുനോക്കിയാലും അവിടെ മാലിന്യക്കൂമ്പാരങ്ങളുമുണ്ട്. നഗരത്തിലെ നിളാതീരത്തേക്കു പോയാല്‍ മാലിന്യം ഒരു കുന്നായി കിടക്കുന്നു. ഒപ്പംതന്നെ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും അന്തരീക്ഷത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ട്. ദിനംപ്രതി മാലിന്യം വിഴുങ്ങിക്കൊണ്ടിരിക്കുന്ന പൊന്നാനിയെ കരകയറ്റാന്‍ അധികൃതര്‍ രംഗത്തു വരുമോയെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. നഗരസഭാ ഭരണസമിതികള്‍ മാറിമാറി വന്നിട്ടും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ളാന്റ് നിര്‍മിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞിട്ടില്ല.
പൊന്നാനിക്ക് മാലിന്യം ശാപമായി തുടരുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും രംഗത്തിറങ്ങുന്നില്ലെന്നാണ് ആക്ഷേപം. മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുകയെന്നത് പതിറ്റാണ്ടുകളായി തുടരുന്ന പൊന്നാനിയിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഒരു ഭരണസമിതിയും ഇത് യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. പവിത്രമായ നിളാതീരവും മാലിന്യക്കൂമ്പാരത്തില്‍ മുങ്ങുമ്പോള്‍ നഗരം നാശത്തിലേക്കാണ് നീങ്ങുന്നത്. ജനസംഖ്യയിലും കെട്ടിടങ്ങളുടെ കാര്യത്തിലും വാണിജ്യമേഖലയിലും വന്‍ മുന്നേറ്റമുണ്ടായെങ്കിലും നഗരത്തിന്റെ അടിസ്ഥാനവികസനം ശൈശവാവസ്ഥയില്‍ തുടരുകയാണ്. താല്‍ക്കാലിക തട്ടിക്കൂട്ടലുകള്‍ മാത്രമേ തുറമുഖ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഇതുവരെയുണ്ടായിട്ടുള്ളൂ. ചമ്രവട്ടം ജംക്ഷന്‍, കോരവളവ്, കിണര്‍ ജംക്ഷന്‍, 

തെക്കേപ്പുറം തുടങ്ങിയ നഗരത്തിലെ പ്രധാന തെരുവുകളും തിരക്കേറിയ പ്രദേശവുമെല്ലാം മാലിന്യമയമാണ്.
കടകളില്‍നിന്നുള്ള മാലിന്യങ്ങളും മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളും കന്നുകാലികളുടെ വിസര്‍ജ്യങ്ങളും എല്ലാം ചേര്‍ന്ന് പൊന്നാനി പട്ടണം ദുര്‍ഗന്ധപൂരിതമായി. ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും തെരുവുകളിലേക്കുതന്നെ തള്ളുന്നു. പച്ചക്കറിക്കടകളിലെയും മാംസക്കടകളിലെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ മാലിന്യക്കൂമ്പാരത്തില്‍ കടിപിടികൂടുന്ന തെരുവുനായ്ക്കളും പെറ്റുപെരുകുന്ന രോഗാണുക്കളും പരിസരവാസികള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. താലൂക്ക് ആശുപത്രിക്കും ടിബി ആശുപത്രിക്കും അടുത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പൊന്നാനിയുടെ സ്ഥിരം കാഴ്ചയാണ്.                                                                                                

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക