.

.

Saturday, September 29, 2012

അപൂര്‍വ മരനായ ഷോളയാറില്‍

കോട്ടയം: വംശനാശം നേരിടുന്ന മരനായയെ ഷോളയാര്‍ വനത്തില്‍ കണ്ടെത്തി. ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലും കാണപ്പെടുന്ന അപൂര്‍വ ജീവിയാണിത്. കറുംവെരുക് എന്നും പേരുള്ള ഈ ജീവി ഷോളയാറിലുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉറപ്പിക്കുന്നത് ഇപ്പോഴാണ്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍.)ന്റെ 'ചുവപ്പുപട്ടിക' പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിയാണ് നീലഗിരി മാര്‍ട്ടന്‍ എന്ന മരനായ. എണ്ണം ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുന്നു.

എം.ജി. സര്‍വകലാശാലാ ബയോ മോളിക്യുലാര്‍ ഫിസിക്‌സ് ഗവേഷണ വിദ്യാര്‍ഥിനി പി.അപര്‍ണയാണ് ഷോളയാറില്‍ ഈ ജീവിയെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ചിത്രമെടുത്തത്.
അപര്‍ണയുടെ ഭര്‍ത്താവ് ഡി.അശോക് ഷോളയാറില്‍ വൈദ്യുതിബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറാണ്. ശനിയാഴ്ച അദ്ദേഹത്തോടൊപ്പം പവര്‍ഹൗസ് ഭാഗത്ത് നടക്കുമ്പോഴാണ് ഒരു ജീവി വളരെ വേഗത്തില്‍ മരത്തില്‍ കയറുന്നതുകണ്ടത്. ഉടന്‍ ചിത്രമെടുത്തു. അപ്പോഴറിയില്ലായിരുന്നു വംശനാശം നേരിടുന്ന മരനായയാണ് ഇതെന്ന്. പിന്നീട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റുചെയ്ത്, ജന്തുശാസ്ത്രവിദഗ്ധരും മറ്റും പ്രതികരിച്ചപ്പോഴാണ് തന്റെ ചിത്രത്തിന്റെ വിലയറിയാന്‍ കഴിഞ്ഞതെന്നും അപര്‍ണ പറഞ്ഞു. 

മനുഷ്യസാമീപ്യം അനുഭവപ്പെട്ടാലുടന്‍ വാസസ്ഥലം മാറ്റുമെന്നതിനാല്‍ മരനായകളെ കണ്ടെത്തുക ദുഷ്‌കരം. പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറാണ് കേരളത്തില്‍ ഇതിനുമുമ്പ് ഈ ജീവിയുടെ ചിത്രം പകര്‍ത്തിയിട്ടുള്ളത്. പാമ്പാടുംചോലയില്‍വച്ചാണ് ആദ്യമായി കണ്ടത്. പക്ഷേ, അന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, തേക്കടിയിലും നെല്ലിയാമ്പതിയിലും മൂന്നാറിലും അദ്ദേഹം ഇവയെ കണ്ടു. ഷോളയാര്‍ ഭാഗത്ത് ഇവയെ കണ്ടിട്ടുള്ളതായി നേരത്തെ ചില ആദിവാസികള്‍ പറഞ്ഞിരുന്നെങ്കിലും ഫോട്ടോ ലഭിക്കുന്നത് ആദ്യമാണെന്ന് നസീര്‍ പറഞ്ഞു.

കീരി വര്‍ഗത്തില്‍പ്പെടുന്നതാണ് മരനായ. കാഴ്ചയില്‍ മലയണ്ണാനെപ്പോലെ. പര്‍വതമേഖലയിലെ ചോലവനങ്ങളിലേ ഇവയ്ക്ക് അതിജീവനശേഷിയുള്ളൂ. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Wednesday, September 26, 2012

ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്

നീലേശ്വരം:ഹാക്‌സ് ബില്ലും ഗ്രീന്‍ ടര്‍ട്ടിലും സുഖചികിത്സയ്ക്ക്‌ശേഷം കടലിലേക്ക്. നീലേശ്വരം നെയ്തലിന്റെ തൈക്കടപ്പുറത്തെ റസ്‌ക്യൂ ടാങ്കില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന കടലാമകളായ ഹാക്‌സ്ബില്ലും ഗ്രീന്‍ ടര്‍ട്ടിലുമാണ് തിരിച്ചുപോയത്.

മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടുകളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന്റെ പ്രൊപ്പല്ലര്‍ തട്ടി പുറന്തോടില്‍ മാരകമായ മുറിവേറ്റ നിലയിലാണ് ഈ കടലാമകള്‍ കരക്കടിഞ്ഞത്. കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഇവയെ കടലാമകളുടെ സംരക്ഷണകേന്ദ്രമായ നെയ്തലില്‍ എത്തിച്ചത്.

നെയ്തലിന്റെ റസ്‌ക്യൂ ടാങ്കില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ഒരിക്കലും കടലിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത മൂന്നുകടലാമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചികിത്സയിലുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും കൈകാലുകള്‍ മുറിവേറ്റ് നഷ്ടപ്പെട്ട ആമകള്‍ക്ക് കടലില്‍ ശക്തിയായി തുഴഞ്ഞ് സഞ്ചരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും നെയ്തലിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളെ വിരിയിച്ച് അയക്കുന്ന ദൗത്യത്തിലാണ് നെയ്തല്‍ പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസ് പി.കെ.ആസിഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി.പ്രദീപുമാണ് കടലാമകളെ കടലിലേക്ക് വിട്ടത്. നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍ മാസ്റ്റര്‍, ടി.കെ.സനന്ദനന്‍, പി.കൃഷ്ണന്‍, കെ.സുനി, കെ.രാധാകൃഷ്ണന്‍, കെ.വി.സുഹാസ് എന്നിവര്‍ നേതൃത്വംനല്‍കി.
26 Sep 2012 Mathrubhumi Kasargod News

Saturday, September 22, 2012

ബ്രഹ്മഗിരി മലനിരകളില്‍നിന്ന് പുതുസസ്യം

കല്‍പറ്റ: കേരളത്തിന്റെ ജൈവ വൈവിധ്യ പട്ടികയിലേക്ക് ഒരു പുതിയ സസ്യത്തെക്കൂടി കണ്ടെത്തി. ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ വള്ളിച്ചെടിക്ക് 'കോംമ്പ്രീറ്റം റീകര്‍വേറ്റം' എന്നാണ് പേരിട്ടിരിക്കുന്നത്. ബ്രഹ്മഗിരി മലനിരകളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
'അകത്തേക്ക് വളഞ്ഞിരിക്കുന്നത്' എന്ന അര്‍ഥം വരുന്ന ലാറ്റിന്‍ പദമാണ് 'റികര്‍വേറ്റം'. സസ്യത്തിന്റെ പൂവിതളുകള്‍ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നതിനാലാണ് ഇങ്ങനെ നാമകരണം ചെയ്തത്. ചെടിയെക്കുറിച്ചുള്ള പഠനം അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സസില്‍ പ്രസിദ്ധീകരണത്തിന് സ്വീകരിച്ചുകഴിഞ്ഞു.
പശ്ചിമഘട്ട മലനിരകളില്‍ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ വള്ളിച്ചെടികളെ കുറിച്ചുള്ള പഠനത്തിലാണ് പുതുസസ്യത്തെ ബ്രഹ്മഗിരി മലനിരകളില്‍ കണ്ടെത്തിയത്. വയനാട് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ഗവേഷകരായിരുന്ന കെ.എ. സുജന, സീനിയര്‍ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണന്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.
കടുക്ക, താന്നിക്ക, ഇന്ത്യന്‍ ബദാം എന്നീ വാണിജ്യ പ്രാധാന്യമുള്ള വൃക്ഷങ്ങളുള്‍പ്പെടുന്ന 'കോംമ്പ്രീറ്റേസി' സസ്യകുടുംബ്ധിലെ അംഗമാണ് ഈ വള്ളിച്ചെടി. പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. അലങ്കാര ചെടിയായും ഉപയോഗിക്കാം. നിത്യഹരിത വനങ്ങളിലാണ് സാധാരണയായി ഈ സസ്യത്തെ കണ്ടുവരുന്നത്.
Published on Fri, 09/21/2012 Madhyamam News

Monday, September 17, 2012

പുതുകാഴ്ചയായി ‘കറുമ്പന്‍ പുള്ളിപ്പുലി’യും ‘നീളന്‍ കരിമ്പുലി’യും

പാലക്കാട്: സൈലന്‍റ് വാലിയിലെ കരിമ്പുലിയും പറമ്പിക്കുളം കടുവാ സങ്കേതത്തിലെ നിറവ്യത്യാസമുള്ള കറുമ്പന്‍ പുള്ളിപ്പുലിയും അപൂര്‍വ കാഴ്ചയാകുന്നു.
ഏഴ് മാസം മുമ്പാണ് സൈലന്‍റ്വാലി ദേശീയ പാര്‍ക്കില്‍ ഏഴരയടിയോളം നീളമുള്ള കരിമ്പുലിയെ കണ്ടെത്തിയത്. പറമ്പിക്കുളം സങ്കേതത്തില്‍ നിറവ്യത്യാസമുള്ള പുള്ളിപ്പുലിയെ ആറ് മാസം മുമ്പ് കണ്ടെത്തി. എട്ടടിയോളമുള്ള പുലിയെ കാമറ ട്രാപ്പിലൂടെയാണ് കണ്ടെത്തിയത്.സാധാരണ പുലിയേക്കാള്‍ വ്യത്യസ്തനായ ഇതിന്‍െറ പുള്ളികള്‍ക്ക് ഇളം കറുപ്പ് നിറമാണ്. രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഇളംകറുപ്പ് നിറമുള്ള പുള്ളിമാനിനേയും കണ്ടെത്തിയിരുന്നു. അന്നത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാറാണ് മാനിനെ ആദ്യം കാമറയില്‍ പകര്‍ത്തിയത്. 
ദേശീയോദ്യാനമായ സൈലന്‍റ് വാലിയില്‍ കരിമ്പുലിയെ കണ്ടെത്തുന്നത് ആദ്യമായാണ്. ഏഴ് മാസം മുമ്പ് സൈലന്‍റ്വാലി സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്രാ ചീഫ് ജസ്്റ്റിസിനെയും കുടുംബത്തേയും സൈരന്ധ്രിയില്‍ എത്തിച്ച് മടങ്ങവെ വാഹനത്തിന്‍െറ ഡ്രൈവര്‍ എ.കെ. ഗോപിയാണ് കരിമ്പുലിയെ ആദ്യം റോഡോരത്ത് കാണുന്നത്.അദ്ദേഹം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. പന്തേരപാരഡൈസ് എന്നറിയപ്പെടുന്ന കരിമ്പുലിയുടെ വാലിന് അസാധാരണ നീളമുണ്ടായിരുന്നതായി ഗോപി പറഞ്ഞു. സൈരന്ധ്രിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കരുതല്‍മേഖലയിലാണ് കരിമ്പുലിയെ കണ്ടത്. സൈലന്‍റ്വാലി കോര്‍ മേഖലയിലെ രണ്ട് കരിമ്പുലികളെ കൂടി മറ്റ് ചിലര്‍ കണ്ടതായും പറയുന്നു.
ജനിതകമാറ്റമാവാം പറമ്പിക്കുളം സങ്കേതത്തിലെ പുള്ളിപ്പുലിയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മെലാനിന്‍െറ അളവ് കൂടിയതാവാം ഈ അപൂര്‍വപ്രതിഭാസത്തിന് കാരണമെന്ന് സൈലന്‍റ്്വാലി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോഷ്വാര്‍ പറഞ്ഞു.
17.9.2012 Madhyamam Online News

Sunday, September 16, 2012

ചിന്നാറില്‍ 'കള്ളിക്കുയിലിനെ' കണ്ടെത്തി

കൊച്ചി: കേരളത്തില്‍ അപൂര്‍വമായി കാണുന്ന സീര്‍ക്കീര്‍ മല്‍ക്കോഹ പക്ഷിയുടെ ചിത്രം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തി. കള്ളിക്കുയില്‍ എന്നറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം 'ഫിനിക്കോസിയെസ് ലെഷിനോലിറ്റി' എന്നാണ്. ചാരനിറത്തിലുള്ള ഇവയുടെ കൊക്കുകള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. വരണ്ട മുള്‍ക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലും വിരളമായി കാണാറുണ്ട്. കൊച്ചി നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (സിഎന്‍എച്ച്എസ്) വനം വകുപ്പുമായി സഹകരിച്ച് ചിന്നാറില്‍ നടത്തിയ പക്ഷി നിരീക്ഷണ ക്യാമ്പിലാണ് സിര്‍ക്കീര്‍ മല്‍ക്കോഹയെ കണ്ടെത്തിയത്.
ചിന്നാറില്‍ നിന്നും കൂട്ടാറിലേക്കുള്ള വഴിയില്‍ വാച്ച് ടവറിനരികെ കണ്ടെത്തിയ പക്ഷിയെ അമ്പലമേട് സ്വദേശി വിഷ്ണു ശിവദാസ് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു . അപൂര്‍വമായ ഇനം നക്ഷത്ര ആമയേയും ഇവിടെനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുമടക്കം വിവിധ ജില്ലകളില്‍ നിന്നായി 17 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

16 Sep 2012 Mathrubhumi Eranamkulam News

Saturday, September 15, 2012

മാനത്തെ കാണാക്കുട


ഭാവി തലമുറകള്‍ക്കായി നമ്മുടെ ആകാശവുംഅന്തരീക്ഷവുമൊക്കെ കാത്തുസൂക്ഷിക്കാം എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ഓസോണ്‍ ദിനം കടന്നുവരുന്നത്. Protecting our atmosphere for generationsto come ഇതാണ് ഇത്തവണത്തെ ഓസോണ്‍ദിന സന്ദേശം. ഇത്തവണത്തെ ഓസോണ്‍ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൂടിയാണ് ഈ സെപ്റ്റംബര്‍ 16ന്.

1987 സെപ്റ്റംബര്‍ 16നു മോണ്‍ട്രിയലില്‍ വച്ചാണ് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ളഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) ആണ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. നമ്മള്‍ ചൂടുന്ന കുടയില്‍ തുളകള്‍ വീണാല്‍ എങ്ങനെയിരിക്കും? ഇൌ അവസ്ഥയിലാണിപ്പോള്‍ ഭൂമിയമ്മ. കത്തുന്ന സൂര്യന്റെ അഗ്നിവര്‍ഷത്തില്‍നിന്നു നമ്മെ കാത്തുരക്ഷിക്കുന്ന, നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ തുളകള്‍ വീണു കഴിഞ്ഞിരിക്കുന്നു. സിഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ളോറോ ഫ്ലൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന പ്രധാന വില്ലന്‍.

1920കളുടെ അവസാനം തോമസ് മിഡ്ഗ്ലേ (Thomas Midgley) കണ്ടുപിടിച്ച ഇൌ രാസവസ്തു മിറക്കിള്‍കെമിക്കല്‍ എന്നാണ് അക്കാലത്തു വാഴ്ത്തപ്പെട്ടത്. പിന്നീടങ്ങോട്ട് റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും ശീതീകാരിയായി വന്‍തോതില്‍ ഫ്രിയോണ്‍ പോലുള്ള സിഎഫ്സികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1970കളില്‍ പോള്‍ ക്രൂറ്റ്സണ്‍, ഷെര്‍വുഡ് റൌളണ്ട് മരിയോ മോളിന എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങളാണ് ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്തു കൊണ്ടുവന്നത്. അദ്ഭുത രാസവസ്തുക്കള്‍ എന്നു വാഴ്ത്തിപ്പാടിയ സിഎഫ്സികളാണ് നമ്മുടെ രക്ഷാകവചത്തെ കാര്‍ന്നുതിന്നുന്നത്!

ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍ക്കു പകരം ഉപയോഗിക്കാമെന്ന അവകാശ വാദവുമായി രംഗത്തെത്തിയ ഹൈഡ്രോ ക്ളോറോ ഫ്ലൂറോ കാര്‍ബണുകളും ഹൈഡ്രോ ഫ്ലൂറോ കാര്‍ബണുകളും ഓസോണ്‍ പാളിക്കു ദോഷം തന്നെയാണെന്നു തെളിഞ്ഞതോടെ അവയും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇവയ്ക്കു പകരം ഗ്രീന്‍ ഫ്രീസ് ഹൈഡ്രോകാര്‍ബണ്‍ ടെക്നോളജി ഉപയോഗിക്കാമെന്നാണു പുതിയ കണ്ടെത്തല്‍. 2020 ആകുമ്പോഴേക്കും രാജ്യാന്തരതലത്തില്‍ നിര്‍മിക്കുന്ന 80 ശതമാനത്തോളം റഫ്രിജറേറ്ററുകളിലും ഗ്രീന്‍ ഫ്രീസ് ടെക്നോളജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണു ശാസ്ത്രജ്ഞര്‍പറയുന്നത്.

അപ്പോഴും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പഴയ ശീതീകാരികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.

സീമ ശ്രീനിലയം മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ്‌

പണത്തിലും വലുതാണോ പ്രകൃതി


ഒറ്റക്കുത്തിന് തുളഞ്ഞതല്ല ഓസോണ്‍. വര്‍ഷങ്ങള്‍ നീണ്ട തുരക്കല്‍ വേണ്ടിവന്നു അത് ഈ പരുവത്തിലെത്തിച്ചെടുക്കാന്‍. അന്റാര്‍ട്ടിക്കയില്‍ വെയിലുകൊള്ളാനിറങ്ങിയ സായ്പിന്റെ പുറം പൊള്ളിയപ്പോഴാണ് സംഗതിയുടെ ഗൌരവം ലോകത്തിന് ബോധ്യമായത്. ഇത് 1982ല്‍. പിന്നെ മലവെള്ളംപോലെ  അന്വേഷണപ്രളയം. ഒടുവില്‍ നാസയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ സത്യം കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ആകാശത്തുള്ള ഓസോണ്‍ പുതപ്പിന് കട്ടി കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ പിഞ്ഞിക്കീറിയിരിക്കുന്നു.

ഓസോണിലെ സുഷിരം എന്ന രോഗം ലോകശ്രദ്ധയിലേക്കു വരുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ഇങ്ങനെയൊരു രോഗം വരുമെന്നും അതിന് കാരണം ഇന്നതിന്നതാണെന്നുമൊക്കെ കണ്ടെത്തിയിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് 1974ല്‍ നേച്ചര്‍ മാഗസിനിലാണ്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഷെര്‍വുഡ് റൌലാണ്ട്, മാരിയോ മൊളീന എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍ (സിഎഫ്സി) ഓസോണിനെ നശിപ്പിക്കും എന്നു കാര്യകാരണ സഹിതം വാദിച്ചിരുന്നു. പ്രതികരണ ശേഷിയില്ലാത്ത പാവത്താനായിട്ടാണ് അതുവരെ ലോകം സിഎഫ്സിയെ കണ്ടിരുന്നത്. \'എനിക്കറിയാമായിരുന്നു ഇവന് ആകാശത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ലെന്ന് -റൌലാണ്ട് അന്നേ പറഞ്ഞുവച്ചു. ഫ്രിഡ്ജിലും എസിയിലുമൊക്കെ ശീതീകാരിയായി ഉപയോഗിക്കുന്ന ഒരു പാവം നിര്‍ഗുണന്‍ എന്നു കരുതിയിരുന്ന സിഎഫ്സി വില്ലനായി മാറിയത് ഈ ലേഖനത്തോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായി. കാരണം വ്യാവസായിക വിപ്ലവത്തിന്റെ ഐസ്ക്രീമും കഴിച്ച് യൂറോപ്പ് എസി മുറിയിലിരിക്കുന്ന കാലമായിരുന്നു അത്. സിഎഫ്സിയാകട്ടെ ആ വ്യവസായ വിപ്ലവത്തിലെ മുഖ്യപോരാളിയും.

എന്നാല്‍ യൂറോപ്പിലെ ഹെയര്‍സ്പ്രേ ഉപയോഗം ചിലിയില്‍ സ്കിന്‍ ക്യാന്‍സറിനു കാരണമാകുന്ന തരത്തില്‍ ഓസോണിന് പ്രശ്നം ബാധിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിനും മറ്റുവഴിയൊന്നുമില്ലാതായി.

അങ്ങനെയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വിജയിച്ച രാജ്യാന്തര ഉടമ്പടിയെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിച്ച മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആവിര്‍ഭാവം. 1987ല്‍ രൂപംകൊണ്ട ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഓസോണ്‍ സംരക്ഷിക്കുക, സിഎഫ്സിയുടെ ഉപയോഗം നിര്‍ത്തുക എന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഒപ്പിട്ടതോടെ സംഗതി ഹിറ്റായി. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പയില്‍ തുല്യം ചാര്‍ത്തിയത്.

ഇന്ത്യക്കാരുടെ മുടിഞ്ഞ തീറ്റയാണ് ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് തട്ടിവിട്ടതുപോലെ തന്നെ, വികസ്വര രാജ്യങ്ങളുടെ വികസന ആര്‍ത്തിയാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമെന്നായിരുന്നു യൂറോപ്പ് വാദിച്ചത്. സത്യത്തില്‍ 1985ല്‍ വികസ്വര രാഷ്ട്രങ്ങളുടെ സിഎഫ്സി ഉപഭോഗം 16 ശതമാനം മാത്രമായിരുന്നു. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളുടേതാകട്ടെ 67 ശതമാനവും.

സിഎഫ്സി ഉപഭോഗം കുറയ്കണമെന്ന വാദം തങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കു തുരങ്കം വയ്ക്കാനാണെന്നാണ് പല വികസ്വര രാഷ്ട്രങ്ങളും ചിന്തിച്ചത്. പത്തുമുപ്പതുവര്‍ഷം എസിയുടെ തണുപ്പിലിരുന്നു സുഖിച്ചവര്‍ ഇന്നലെ വാങ്ങിയ തങ്ങളുടെ എസിയില്‍ കണ്ണുവയ്ക്കുന്നത് അവര്‍ക്കു സഹിക്കാനായില്ല.

ചേരിയില്‍ ജീവിക്കുന്ന മനുഷ്യരോട് വായുവും വെള്ളവും മലിനീരകരിക്കരുത് എന്ന് എങ്ങനെയാണ് ഞാന്‍ പറയുക എന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ചോദ്യമാണ് വികസ്വര രാജ്യങ്ങള്‍ ഒന്നാകെ ഏറ്റുപിടിച്ചത്. വ്യവസായ വല്‍ക്കരണത്തിന്റെ പാതയിലായരുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് സിഎഫ്സിയെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാനാവില്ലായിരുന്നു. പിന്നീടങ്ങോട്ട് ഒത്തു തീര്‍പ്പുകളുടെ കാലമായിരുന്നു. ചര്‍ച്ചകളും ഉച്ചകോടികളും വട്ടമേശ സമ്മേളനങ്ങളും ചായകുടിയും പൊടിപൊടിച്ചു. ലോകമുതലാളിമാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയിലായിരുന്നു എല്ലാവരുടെയും കണ്ണ് എന്നതായിരുന്ന സത്യം. 1990ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പിട്ടവരുടെ എണ്ണം 54 ആയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും മടിച്ചു നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുകയല്ല, അറിവും സാങ്കേതിക വിദ്യയും കൈമാറുകയാണ് വേണ്ടതെന്നായിരുന്ന ഇന്ത്യുടെ വാദം. പക്ഷേ ലേലം വിളികള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക 240 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയപ്പോള്‍ നമ്മളും കവാത്ത് മറന്നു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഒപ്പുവച്ചു. പ്രകൃതിയായിരുന്നില്ല പണം തന്നെയായിരുന്നു നമ്മുടെയും  പ്രധാന പരിഗണന. 2010ല്‍ സിഎഫ്സി ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്ന അന്ന് ഇന്ത്യ നല്‍കിയ വാക്ക്. പക്ഷേ എന്തു പറയേണ്ടൂ, ഇന്ന് ലോകത്തെ സിഎഫ്സി ഉത്പാദന- ഉപഭോഗ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈന തന്നെ ഇവിടെയും മുന്‍പില്‍.

മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഒപ്പുവച്ച അമേരിക്ക 2012ല്‍ എത്തുമ്പോള്‍ വ്യവസായ ലോബികള്‍ക്കു വഴങ്ങി പുകനിയമം (സ്മോഗ് റൂള്‍) ഇളവു ചെയ്തിരിക്കുന്നു. എല്ലാവരും കൂടി നമ്മുടെ പൊക കണ്ടേ അടങ്ങൂ എന്നു തോന്നുന്നു.
മനോരമ ഓണ്‍ലൈന്‍ ഓസോണ്‍ ദിനം സ്പെഷല്‍

Wednesday, September 12, 2012

ശുശ്രൂഷിക്കാന്‍ സംവിധാനങ്ങളില്ല ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവും ചത്തു

തെന്മല: വനത്തില്‍നിന്ന് പരിക്കുകളോടെ എത്തിക്കുന്ന മാനുകളെയും മ്ലാവുകളെയും ശുശ്രൂഷിക്കാന്‍ ഒറ്റക്കല്‍ മാന്‍ പുനരധിവാസകേന്ദ്രത്തില്‍ (മാന്‍ പാര്‍ക്ക്) സംവിധാനങ്ങളില്ല. നെടുമ്പാറയില്‍നിന്ന് പിടികൂടി ഒറ്റക്കല്ലില്‍ എത്തിച്ച മ്ലാവ് ചൊവ്വാഴ്ച ചത്തതാണ് അവസാനസംഭവം.

വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് ജീവികളെയെങ്കിലും ശുശ്രൂഷയ്ക്കായി ഇവിടെ എത്തിക്കാറുണ്ട്. 1999ല്‍ തുടങ്ങിയ ഈ പുനരധിവാസകേന്ദ്രത്തില്‍ ഇത്തരത്തില്‍ എത്തിച്ച മ്ലാവോ മാനോ ഒന്നും രക്ഷപ്പെട്ടിട്ടില്ല. പ്രത്യേകം തീര്‍ത്ത ഇരുമ്പുകൂട്ടില്‍ ഇവയെ വിടുകമാത്രമാണ് ചെയ്യുന്നത്. ഡോക്ടറുടെ സേവനമോ മറ്റ് പരിചരണങ്ങളോ ഗുരുതരാവസ്ഥയില്‍ എത്തുന്ന ഈ മിണ്ടാപ്രാണികള്‍ക്ക് ലഭിക്കാറില്ല.

12 മാനുകളും 6 മ്ലാവുകളും പുനരധിവാസകേന്ദ്രത്തിലുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടെ ഈ ജീവികളെ ശുശ്രൂഷിക്കാനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്.

നെടുമ്പാറയില്‍ തോട്ടില്‍ അവശനിലയില്‍ വന്നുനിന്ന 6 വയസ്സുള്ള ആണ്‍ മ്ലാവിനെ തെന്മല ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ തിങ്കളാഴ്ച വൈകിട്ടാണ് ഒറ്റക്കല്ലില്‍ കൊണ്ടുവിട്ടത്. വനംവകുപ്പിന്റെ ഡോക്ടറുടെ സേവനം തേടിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ചത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവ് ചെയ്തു. ദയനീയാവസ്ഥയില്‍ എത്തുന്ന ജീവികള്‍ക്ക് ഡോക്ടറുടെ സേവനത്തിന് ഏറെ കാത്തിരിക്കേണ്ടിവരും. മാസങ്ങള്‍ക്കുമുമ്പ് ആര്യങ്കാവില്‍നിന്ന് ഇവിടെയെത്തിച്ച മാന്‍ കഴുത്തിലെ മുറിവില്‍ പുഴുവരിച്ച് ആഴ്ചകള്‍ക്കുശേഷം ചത്തിരുന്നു.

തിരുവനന്തപുരം മൃഗശാലയില്‍നിന്ന് എത്തിച്ച മാനുകളും മ്ലാവുകളുമാണ് ഇവിടെയുള്ളത്. ഇവയും വേണ്ടത്ര ശുശ്രൂഷകിട്ടാതെ ചത്തൊടുങ്ങുന്നതായി പരാതിയുണ്ട്. എന്നാല്‍ വനംവകുപ്പ് ഡോക്ടറുടെ മുഴുവന്‍ സമയ സേവനം ഒറ്റക്കല്ലിനെപ്പോലുള്ള ചെറു പുനരധിവാസകേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ നിലവിലെ സാഹചര്യങ്ങളില്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Posted on: 12 Sep 2012

Wednesday, September 5, 2012

അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി

തൃശൂര്‍: തൊടുപുഴ തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി. ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിയെന്ന് കരുതിയ ക്രിപ്റ്റോത്തില എന്ന ചിലന്തിയെയാണ് കണ്ടെത്തിയതെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുധീര്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മ്യൂസിയത്തില്‍ ഇതിനെ സൂക്ഷിച്ചിരിക്കുകയാണ്. ചിലന്തികളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് എറണാകുളം വരാപ്പുഴ സ്വദേശിയായ ഡോ. സുധീര്‍കുമാര്‍. തൊമ്മന്‍കുഞ്ഞ്വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇക്കഴിഞ്ഞ 27നാണ് പോയത്. ഇതിനിടെ യാദൃച്ഛികമായാണ് കുറ്റിക്കാട്ടില്‍ മണ്ണില്‍ ഇലകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന അപൂവ ചിലന്തിയെ കണ്ടത്. ഈ കണ്ടെത്തല്‍ അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് അരാക്കനോളജിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചതായും ഡോ. സുധീര്‍കുമാര്‍ പറഞ്ഞു.
 1890ല്‍ ബ്രിട്ടീഷുകാരനായ ചിലന്തി ഗവേഷകന്‍ ഡോ. പൊകോക്കാണ് കൊടൈക്കനാലില്‍ ഈ അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തിയത്. ആണ്‍ചിലന്തിയെയാണ് അന്ന് കണ്ടത്. ഇതിനു ശേഷം ഇപ്പോഴാണ് ഇത്തരത്തിലുള്ള ചിലന്തിയെ കണ്ടെത്തുന്നതെന്ന് ഡോ. സുധീര്‍കുമാര്‍ പറയുന്നു.
വെളുത്ത നിറത്തില്‍ ത്രികോണാകൃതിയിലുള്ള മുട്ടസഞ്ചി ഇവയുടെ പ്രത്യേകതയാണ്. കണ്ടുപിടിക്കാന്‍ സാധ്യമല്ലാത്തവ എന്നാണ് 'ക്രിപ്റ്റോത്തില' എന്ന വാക്കിനര്‍ഥം. ഒരു ചെറിയ വണ്ടിന്റെ വലുപ്പം മാത്രമാണുള്ളത്. ചീഞ്ഞുകൊണ്ടിരിക്കുന്ന ഇലകള്‍ക്കിടയില്‍ കാണുന്ന പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം. മണ്ണില്‍ അലിഞ്ഞുചേരുന്ന ഇലകള്‍ക്കിടയിലാണ് ഇതിനെ കാണുക. മണ്ണിന്റെ നിറമായതിനാല്‍ കണ്ടെത്തുക എളുപ്പവുമല്ല.
ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തോട് അനുബന്ധിച്ചുള്ള മ്യൂസിയത്തില്‍ നാനൂറോളം ചിലന്തികളെ സൂക്ഷിച്ചിട്ടുണ്ട്.
5.9.2012 deshabhimani News 
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക