.

.

Tuesday, May 15, 2012

ഡാംതീരത്തെ പുല്‍മേട്ടില്‍ കാട്ടുജീവികളുടെ നിറവ്

തെന്മല:തെന്മല ഡാമിന്റെ തീരങ്ങളില്‍ വേനല്‍മഴയില്‍ കിളിര്‍ത്ത പുല്‍മേടുകള്‍ കാട്ടുജീവികളുടെ താവളമായി. സസ്യാഹാരികള്‍ക്ക് പിറകെ മാംസാഹാരികള്‍ കൂടി എത്തിയതോടെ ഡാം തീരം ഫലത്തില്‍ മൃഗശാലയായി.

ചെന്തുരുണി വന്യജീവിസങ്കേതത്തിന് നടുവിലെ ഡാമില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൂടുതലായി തെളിഞ്ഞ തീരങ്ങളാണ് ഇപ്പോള്‍ പച്ചപ്പിന് വഴിമാറിയിരിക്കുന്നത്. നിത്യേന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേനല്‍മഴയില്‍ വെള്ളം ഉയര്‍ന്നില്ലെങ്കിലും വിണ്ടുകീറിക്കിടന്ന തീരങ്ങളിലെല്ലാം വലിയ ഉയരത്തില്‍ പുല്ല് വളര്‍ന്നു. ഇതോടെ കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമാക്കിയിരിക്കുകയാണ്.

പെരിയാറിനെ ആര് രക്ഷിക്കും

പെരിയാറില്‍ വിഷം കലര്‍ന്ന് കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. വ്യവസായശാലാധികാരികള്‍ കൂസലില്ലാതെ നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. 

മാലിന്യം കലര്‍ന്ന് പെരിയാര്‍ നിറം മാറി ഒഴുകിതുടങ്ങിയിട്ട് 12 ദിവസമായി.

മാടായിപ്പാറയില്‍ പുതുസസ്യം കണ്ടെത്തി

കല്പറ്റ: ശാസ്ത്രലോകം ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ ഇനം സസ്യത്തെ കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ ഗവേഷകസംഘം കണ്ടെത്തി. പാറയിലെ ചെറിയ വെള്ളക്കെട്ടില്‍ വളരുന്ന ഈ ചെടിക്ക് ലിന്‍ഡര്‍ണിയ മാടായിപാറന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്.
എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെയും എറണാകുളം മാലിയങ്കര എസ്.എന്‍.എം.കോളേജിന്റെയും നേതൃത്വത്തിലുള്ള പഠന സങ്കേതത്തെ നയിച്ചത്. ഡോ.എം.കെ.രതീഷ് നാരായണനും ഡോ.സി.എന്‍.സുനിലുമാണ്.

Monday, May 14, 2012

കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു


മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു. യഥേഷ്ടം മത്സ്യങ്ങള്‍ കിട്ടേണ്ട ഈ സമയത്ത് ചെറുമീനുകള്‍ പോലും കിട്ടുന്നില്ല. നല്ല മീനുകള്‍ ചൂണ്ടയില്‍ കൊത്തിയിട്ട് കാലമേറെയായെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തടയിട്ടും ചൂണ്ടയിട്ടും ചെറുതോണികളില്‍ വലയെറിഞ്ഞും പുഴമത്സ്യം പിടിക്കുന്നവര്‍ കടലുണ്ടിപ്പുഴയില്‍ പതിവു കാഴ്ചയായിരുന്നു. ഇപ്പോള്‍ മീന്‍പിടിത്തക്കാരുടെ എണ്ണം വളരെ കുറഞ്ഞു.

Sunday, May 13, 2012

വയനാട് കടുവസങ്കേതത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

തിരുനെല്ലി: വയനാട് വന്യജീവി സങ്കേതം കടുവ സംരക്ഷണ കേന്ദ്രമായി മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. രാജ്യത്തെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളില്‍നിന്നും വിഭിന്നമായി കടുവകളുടെ വംശവര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ടൈഗര്‍ റിസര്‍വിന് അനുകൂലമാവുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമംകൂടി വേഗത്തിലാവുന്നതോടെ കേരളത്തിലെ മൂന്നാമത്തെ കടുവസംരക്ഷണ കേന്ദ്രമായി വയനാടന്‍ കാടുകള്‍ മാറും.

Saturday, May 12, 2012

ഒരു പുഴയെ രക്ഷിക്കാന്‍ മറ്റൊരു പുഴയെ കൊല്ലുന്നു

കൊച്ചി: മരണശയ്യയിലായ ഒരുപുഴയെ സംരക്ഷിക്കാന്‍ അതില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ തള്ളുന്നത് മറ്റൊരു ജലസ്രോതസിലേയ്ക്ക്. ഫലമോ? നല്ല നീരൊഴുക്കും മത്സ്യസമ്പത്തും ഉള്ള അതും ദുര്‍ഗന്ധവാഹിനിയായിരിക്കുന്നു. ഒപ്പം അതിലെ വന്‍തോതിലുള്ള മത്സ്യസമ്പത്തും ചത്തു. ദേശീയ ജലപാതയായ ചമ്പക്കര കനാലാണ് ഇപ്പോള്‍ കറുത്തിരുണ്ട് ഒഴുക്കുന്നത്.

എരൂര്‍ വെട്ടുവേലിച്ചിറ പൊട്ടിച്ചതിനെ തുടര്‍ന്നാണിത്. ചിറയുടെ വടക്കുവശം ചമ്പക്കരകനാലും തെക്കുവശം കോണത്തുപുഴയുമാണ്.

Friday, May 11, 2012

ചാവക്കാട് മാര്‍ക്കറ്റില്‍ പിരാന വില്‍പന വ്യാപകം

ചാവക്കാട്: മാംസഭോജിയും മത്സ്യസമ്പത്തിന് ഭീഷണിയുമായ പിരാന മല്‍സ്യം ആവോലി എന്ന് തെറ്റിദ്ധരിപ്പിച്ച് മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നു. കാഴ്ചയില്‍ ആവോലിയെന്ന് തോന്നിപ്പിക്കാന്‍ തലഭാഗം ഒഴിവാക്കിയാണ് വില്‍പന. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ചൈനീസ് ആവോലിയാണെന്നാണ് മറുപടി. ഒരു കിലോ ആവോലിക്ക് 500 രൂപ വരെയുള്ളപ്പോള്‍ ഒരു കിലോ പിരാനക്ക് 200 രൂപമുതല്‍ വാങ്ങി വെള്ള ആവോലി എന്ന് വിശ്വസിപ്പിച്ചാണ് കച്ചവടം.

റെഡ് ബെല്ലി എന്നറിയപ്പെടുന്ന പിരാനകളാണ് ചാവക്കാട് മേഖലകളില്‍ ആവോലി എന്ന പേരില്‍ വില്‍ക്കുന്നത്. ബ്ളാങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍നിന്നാണ് ഈ മത്സ്യങ്ങളെ ലഭിച്ചതെന്ന് ഏങ്ങണ്ടിയൂരിലെ മത്സ്യക്കച്ചവടക്കാര്‍ പറഞ്ഞു. അഴീക്കോട് മുനമ്പത്തുനിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്ന് വിശ്വസിപ്പിക്കുന്നുണ്ടെങ്കിലും പൊന്നാനിയിലെ വളര്‍ത്തുകേന്ദ്രങ്ങളില്‍നിന്നാണ് ഇവ എത്തുന്നത്.
Published on Fri, 05/11/2012 Madhyamam News

വരണ്ട തീരത്ത് അഴകായി ശലഭസംഗമം

തെന്മല:തെന്മല പരപ്പാര്‍ ഡാമിന്റെ വരണ്ട തീരങ്ങളില്‍ ശലഭങ്ങളുടെ സംഗമം. ദേശാടകരായ കണിക്കൊന്ന ശലഭംമുതല്‍ കരിനീലക്കടുവ വരെയുള്ള ശലഭങ്ങളാണ് എത്തിയിരിക്കുന്നത്.

വെള്ളമിറങ്ങിയതോടെ തെളിഞ്ഞ കുന്നുകളെ പൊതിയുകയാണിവ.

പശ്ചിമഘട്ട മലനിരയില്‍നിന്നും പുതിയ ഉഭയജീവി വര്‍ഗം

വയനാട്ടില്‍ പശ്ചിമഘട്ട മലനിരകളില്‍നിന്നും 'ഗഗനിയോഫിസ് െ്രെപമസ്' എന്ന പുതിയ ഇനം ഉഭയജീവിവര്‍ഗത്തെ കണ്ടെത്തി. അപൂര്‍വ സസ്യജന്തുജാലങ്ങളുടെ കലവറയായ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തില്‍ നിന്നാണ് നാലംഗ ഗവേഷകസംഘം ഇവയെ കണ്ടെത്തിയത്.

'ഗഗനിയോഫിസ്' ജനുസ്സില്‍പ്പെട്ട രണ്ട് ഉഭയജീവിവര്‍ഗങ്ങളെ ഇതിനു മുമ്പ് കണ്ടെത്തിയിരുന്നു. വയനാട്ടിലെ പേര്യയില്‍നിന്ന് 1870ല്‍ കേണല്‍ ബെഡ് ഡോം കണ്ടെത്തിയ ഗഗനിയോഫിസ് കര്‍നോസസും' 1964 ല്‍ തെന്മലയില്‍നിന്നും ടെയ്‌ലര്‍ കണ്ടെത്തിയ 'ഗഗനിയോഫിസ്' രാമസ്വാമിയുമാണവ. 48 വര്‍ഷങ്ങക്കു ശേഷമാണ് ഗഗനിയോഫിസ് ജനുസ്സില്‍പ്പെട്ട മറ്റൊരു ഉഭയജീവിവര്‍ഗത്തെ കണ്ടെത്തുന്നത്.സുഗന്ധഗിരി ഏലത്തോട്ടത്തില്‍, ഫീല്‍ഡ് വര്‍ക്കിനിടയില്‍ 2010 ഒക്ടോബറിലാണ് ആദ്യമായി ഈ ജീവിവര്‍ഗത്തെ കാണുന്നത്. പിന്നീട് 2011 ആഗസ്തിലും. തുടര്‍ന്ന് ഗവേഷണസംഘം വിശദമായ പഠനങ്ങളിലേര്‍പ്പെട്ടു. മഴക്കാലങ്ങളിലാണ് ഇവയെ കാണാനാവുക. ഈര്‍പ്പമുള്ള മണ്ണിനടിയിലാണ് അധിവസിക്കുന്നത്. മണ്ണിരയുടെ രൂപ സാദൃശ്യമാണ്. കണ്ണ് പുറമെ കാണില്ല. 

Thursday, May 10, 2012

എമുവിന്റെ കാല്‍ കീറുന്നു

തിരുവനന്തപുരം: ഈ കൂട്ടിലിത്തിരി പഞ്ചാരമണല്‍ വിരിച്ചുതരുമോ? കൊത്തിത്തിന്നാനല്ല; ഒന്ന് സ്വസ്ഥമായി നടന്നിട്ട് വര്‍ഷം ആറായി. ഇരുകാലുകളും വിണ്ടുകീറി, അവിടവിടെ വീക്കവുമുണ്ട്. മൃഗശാലയിലെ ആകെയുള്ള രണ്ട് എമുപക്ഷികളുടെ ദയനീയാവസ്ഥയാണിത്. മഴ പെയ്താല്‍ വെള്ളം കൂട്ടില്‍ തന്നെ. കുത്തിയൊഴുകുന്ന വെള്ളത്തില്‍ കൂട്ടിനുള്ളിലെ ചെളിമണ്ണ് ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് സൂചി പോലുള്ള കല്ലുകള്‍ പൊന്തിനില്‍പ്പുണ്ട്. അതിനാല്‍ ഓടാന്‍ കഴിയുന്ന എമുപ്പക്ഷികള്‍ ഇവിടെ പതുങ്ങിയേ നടക്കാറുള്ളൂ. രണ്ട് പെണ്‍ എമുപക്ഷികളാണുള്ളത്. ഇണയില്ല. പുതുതായി ഒരാണിനെ കൊണ്ടുവരണമെങ്കില്‍ കൂട് ശരിയാക്കണം.

ജൈവവൈവിധ്യങ്ങളുമായി കുറുവദ്വീപ് അപൂര്‍വമായവയടക്കം 388 സസ്യവര്‍ഗങ്ങള്‍

കല്പറ്റ: വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ അത്യപൂര്‍വമായ സസ്യവര്‍ഗങ്ങളുള്‍പ്പെടെയുള്ള ജൈവ വൈവിധ്യസമ്പത്ത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഇവിടെ 388 ഇനം സസ്യജാലങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. കബനീ നദിയോടു ചേര്‍ന്നുള്ള കുറുവയില്‍ 57 ഓര്‍ക്കിഡ് ഇനങ്ങളുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള സംരക്ഷിത വനത്തിന്റെ ഭാഗമാണ് കുറുവദ്വീപ്.

Wednesday, May 9, 2012

അറവുമാടുകള്‍ക്ക് വീണ്ടും പീഡനകാലം

കുളത്തൂപ്പുഴ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന അറവുമാടുകള്‍ക്ക് വീണ്ടും പീഡനകാലം. പ്രധാന പാതകളില്‍പ്പോലും പോലീസ് നടപടിയെടുക്കാത്തതുമൂലമാണ് പീഡനം വ്യാപകമായത്. തമിഴ്‌നാട്ടിലെ വിവിധ ചന്തകളില്‍ നിന്ന് കേരളത്തിലെ വ്യാപാരികള്‍ വാങ്ങുന്ന മാടുകളെയാണ് പാതകളിലുടനീളം കൊല്ലാക്കൊല ചെയ്യുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ നടത്തുന്നതാണ് പ്രധാന പീഡനം. കൂടാതെ രോഗബാധമൂലം അവശരായി വഴിയില്‍ കുഴഞ്ഞുവീഴുന്ന മാടുകള്‍ക്കുനേരെ കൊടിയ ക്രൂരതകളാണ് അരങ്ങേറുന്നത്.

പരുന്തുംപാറയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

പരുന്തുംപാറ:പരന്തുംപാറയില്‍ സന്ദര്‍ശകത്തിരക്ക്. വേനലവധിക്കാലം ആഘോഷമാക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ പരുന്തുംപാറയിലെത്തുന്നത്. മലനിരകളും അഗാധമായ കൊക്കയും മൂടല്‍മഞ്ഞും സഞ്ചാരികള്‍ക്ക് പരുന്തുംപാറയെ നപ്രിയപ്പെട്ടതാക്കുന്നു. വാഗമണ്ണില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്തും. വാഗമണ്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും പരുന്തുംപാറയും സന്ദര്‍ശിച്ചാണ് മടങ്ങാറ്.

Tuesday, May 8, 2012

'നട്ടുവളര്‍ത്തുക' എന്ന ആശയം പുതുതലമുറയിലേക്ക് പകരണം: ആര്‍ച്ച് ബിഷപ്പ്

കൊച്ചി: വെട്ടിനിരത്തലിന് പകരം നട്ടുവളര്‍ത്തുകയെന്ന ആശയം പുതുതലമുറയിലേക്ക് പകരാനാണ് ശ്രമിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യാനാണ് മനുഷ്യന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലദൗര്‍ലഭ്യം മൂലം ജില്ലയിലെ സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു

തലപ്പുഴ: ജില്ലയിലെ വയലേലകളിലുള്ള സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വെള്ളം നിറഞ്ഞ് ഒഴുകിയ തോടുകള്‍ പലതും ഇന്ന് ഇല്ലാതായി. നിലവിലുള്ള തോടുകളാവട്ടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ചെറിയ ചാലുകളായി മാറി. നീര്‍ത്തടങ്ങളായി വര്‍ത്തിച്ചിരുന്ന വയലുകള്‍ അപ്രത്യക്ഷമായതുമൂലം വേനല്‍ക്കാലങ്ങളില്‍ ജലദൗര്‍ലഭ്യത്തിനിടയായി. നെല്‍കൃഷിക്ക് പകരം വന്ന വാഴ, കമുക് തുടങ്ങിയ കൃഷികള്‍ ആവാസ വ്യവസ്ഥയെ തന്നെ തകിടംമറിച്ചു. ഇതോടെ സ്വാഭാവിക നീരുറവകള്‍ ഭൂരിഭാഗവും അപ്രത്യക്ഷമായി.

Monday, May 7, 2012

കാണുന്നില്ലേ, കുന്തിപ്പുഴയെ കൊല്ലുന്നത്?

മണ്ണാര്‍ക്കാട്: നീരുറവ വറ്റിയ കുന്തിപ്പുഴയില്‍ മണലൂറ്റ് വ്യാപകം. ഇതോടെ പുഴ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മണല്‍വാരുന്നത് സംബന്ധിച്ച ഉത്തരവ് കാറ്റില്‍പ്പറത്തി സൈലന്റ്‌വാലിയോടുചേര്‍ന്ന പാത്രക്കടവില്‍നിന്ന് ഉത്ഭവിച്ചിറങ്ങുന്ന പുഴയുടെ പലഭാഗത്തും ഇപ്പോള്‍ വ്യാപകമായ മണലൂറ്റ് നടക്കുകയാണ്. മധ്യഭാഗത്തുമാത്രമായി ചുരുങ്ങിയ പുഴയുടെ ഇരുകരയിലും വന്‍ കുഴികളുണ്ടാക്കിയാണ് അരിപ്പവെച്ച് മണലൂറ്റുന്നത്.

Sunday, May 6, 2012

മുതുമല ടൈഗര്‍ റിസര്‍വ് തുറന്നു

നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീ ഭീതിയും നിലനിന്നിരുന്നതിനാല്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. വേനല്‍മഴയില്‍ വനത്തില്‍ പച്ചപ്പ് വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം തുറന്നത്. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുതുമല ടൈഗര്‍ റിസര്‍വ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടും കേരളത്തിന്റെ വനപ്രദേശങ്ങളോടും ചേര്‍ന്നാണ് കിടക്കുന്നത്.

Saturday, May 5, 2012

വനത്തില്‍ കുട്ടിക്കൊമ്പന്‍ അവശനിലയില്‍

പാലക്കാട്: കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനടുത്ത് വനത്തില്‍ കുട്ടിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും വനപാലകരും മൂന്ന് മണിക്കൂറിലേറെ ശ്രമിച്ച് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഒന്നര വയസ്സുള്ള ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തോളമായി ഈ പ്രദേശത്ത് ആനക്കുട്ടിയെ കണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Friday, May 4, 2012

ആസ്വദിക്കാം, മുളങ്കാടിന്റെ സൗന്ദര്യം

പെരിഞ്ചാംകുട്ടി: കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലെ മുളങ്കാടുകള്‍ വശ്യസൗന്ദര്യമൊരുക്കുന്നു. പ്ലാന്റേഷന്‍ കൈയേറിയവര്‍ നാല്പതു ശതമാനത്തോളം മുളകള്‍ വെട്ടിനശിപ്പിച്ചിരുന്നു. കൈയേറ്റക്കാരെ കുടിയൊഴിപ്പിച്ച സാഹചര്യത്തില്‍ അവശേഷിക്കുന്ന മുളങ്കാടുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ചിന്നാര്‍ പുഴയുടെ ഇരുകരയിലുമായാണ് മുളങ്കാടുകള്‍. വിനോദസഞ്ചാരകേന്ദ്രമായ കാറ്റാടിപ്പാറയുടെ താഴ്‌വാരമേഖലയിലെ മുളങ്കാടുകള്‍ കാഴ്ചയുടെ ഹരിതജാലകമാണ് തുറക്കുന്നത്.

പെരിയാറില്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങി

കൊച്ചി: പെരിയാറില്‍ മഞ്ഞുമ്മല്‍ ആറാട്ട് കടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മാലിന്യംനിറഞ്ഞ കറുത്ത തവിട്ടുനിറത്തിലുള്ള പുഴയില്‍ പകുതി ജീവനായ മത്സ്യങ്ങള്‍ മരണവെപ്രാളത്തോടെ പിടയുന്നത് രാവിലെ പാലത്തിലൂടെ നടക്കാനിറങ്ങിയവരാണ് കണ്ടത്. കരിമീന്‍, ചെമ്മീന്‍, ചെമ്പല്ലി, പള്ളത്തി, പരല്‍, കൂരാന്‍, ബ്രാല്‍, കോലാന്‍ തുടങ്ങിയ മീനുകളൊക്കെ പുഴയില്‍ പൊങ്ങി.

Thursday, May 3, 2012

മനോഹരദൃശ്യങ്ങളാല്‍ പൈതല്‍ മല

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂര്‍ ടൗണില്‍നിന്ന് 65 കിലോമീറ്ററും തളിപ്പറമ്പില്‍നിന്നു 35 കിലോമീറ്ററുമാണ് ഇവിടേക്ക്. സമുദ്രനിരപ്പില്‍ നിന്നു നാലായിരത്തഞ്ഞൂറടി ഉയരത്തില്‍, അഞ്ഞൂറ് ഏക്കറിലായി പരന്നുകിടക്കുന്ന മലയുടെ വടക്കു ഭാഗത്ത് കുടക് കാടുകളാണ്. മനോഹരദൃശ്യങ്ങളാല്‍ സമൃദ്ധമാണ് പൈതല്‍മല. ചെറിയൊരു ട്രെക്കിങിന് താത്പര്യമുള്ളവര്‍ക്ക് കുടുംബവുമൊത്ത് ഈ മലകയറാം. കോടയൊഴിഞ്ഞ സമയമാണെങ്കില്‍ മലമുകളില്‍ നിന്ന് നോക്കിയാല്‍ വളപട്ടണം പുഴയും കണ്ണൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങളും കാണാം. വൈതല്‍ മലയാണ് പിന്നീട് പൈതല്‍ മലയായത്. ആദിവാസി വിഭാഗങ്ങളുടെ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന വൈതല്‍കോന്‍ എന്ന രാജാവിന്റെ അരമന ഇവിടെയുണ്ട്. അതിനാലാണത്രേ വൈതല്‍മലയായത്.
ജില്ല: കണ്ണൂര്‍. യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം: കോഴിക്കോട് (93 കി.മീ). റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ (65 കി.മീ).
റോഡ് മാര്‍ഗ്ഗം: തളിപ്പറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍മല(35 കി.മീ) വഴി പൊട്ടന്‍പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൈതല്‍ മലയിലെത്താം. തലശ്ശേരി-മമ്പറം-ശ്രീകണ്ഠാപുരം വഴിയും ഇവിടെയെത്താം.
എസ്.ടി.ഡി: 0497. ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 2703121, ഡി.ടി.പി.സി: 2706336
താമസം: കണ്ണൂര്‍ ടൗണില്‍: റോയല്‍ ഒമര്‍സ്: 2769091, ക്ലിഫ് എക്‌സോട്ടല്‍: 2712197 ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി: 2767744, കെ.ടി.ഡി.സി. ടാമറിന്റ് ഹോട്ടല്‍: 2700717, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്: 2760220.



പൈതല്‍ മല ട്രക്കിങ്ങ്  ഫോട്ടോസ്

Wednesday, May 2, 2012

ചക്കമധുരം തമിഴകത്തേക്ക്‌

കുന്നിക്കോട്: വരിക്കച്ചക്കയുടെ കൊതിയൂറും സ്വാദ് അതിര്‍ത്തിക്കപ്പുറത്ത് തമിഴകത്ത് രുചിയുണര്‍ത്തുന്നു. ചക്കപ്രിയം വരുമാനമാക്കാന്‍ മലയാളിയും ഉണര്‍ന്നു. നാട്ടിലെ തൊടികളില്‍ വരിക്കപ്ലാവുകള്‍ ഫലസമൃദ്ധമായതോടെയാണ് കിഴക്കന്‍ മേഖലയിലെ വഴിയോരകേന്ദ്രങ്ങള്‍ ചക്ക വിപണനകേന്ദ്രങ്ങളായി മാറിയത്. സീസണ്‍ വ്യാപാരികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്ക തമിഴകത്തേക്ക് കയറ്റി അയയ്ക്കാന്‍ ദേശീയപാതയോരങ്ങളില്‍ സംഭരിക്കുന്നത് പതിവുകാഴ്ചയായി.

Tuesday, May 1, 2012

അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി

താനൂര്‍: അഞ്ചു നിറങ്ങളുള്ള അപൂര്‍വയിനം പക്ഷിയെ താനൂരില്‍ കണ്ടെത്തി. വലിയ പ്രാവിന്‍റെ വലുപ്പമാണ് പക്ഷിക്ക്. അസാധാരണ ഭംഗിയുള്ള ഇതിന് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളാണ് ചിറകുകളില്‍. കണ്ണ് നീല നിറത്തിലും കാലുകള്‍ ചുവന്ന നിറത്തിലും. താനൂര്‍ നടക്കാവ് സ്വദേശി പി.ടി.ആര്‍. ബാവയുടെ മക്കള്‍ പി.ടി. അഷ്റഫിന്‍റെയും ഗഫൂറിന്‍റെയും വീട്ടിലാണ് ഇന്നലെ ഉച്ചയോടെ പക്ഷിയെ കണ്ടത്. പറക്കാന്‍ സാധിക്കാത്തവിധം അവശനിലയിലായ പക്ഷിയെ വീട്ടുമുറ്റത്തുനിന്നാണു കിട്ടിയത്.

1.5.2012 Metrovaartha news
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക