.

.

Wednesday, August 31, 2011

കൊതുകുകള്‍ വംശനാശ ഭീഷണിയില്‍

കൊതുകുകള്‍ വംശനാശ ഭീഷണയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. കൗതുകത്തിനായോ അല്ലെങ്കില്‍ കബളിപ്പിക്കാനോ ആരെങ്കിലും പ്രചരിപ്പിക്കുന്ന വാര്‍ത്തയല്ല ഇത്‌. അന്താരാഷ്ര്‌ട വാര്‍ത്താ ചാനലായ ബിബിസിയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കേരളത്തിലോ ഇന്ത്യയിലോ അല്ല കൊതുകുകള്‍ വംശനാശഭീഷണി നേരിടുന്നത്‌. അങ്ങ്‌ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്‌ കണികാണാന്‍ കിട്ടാത്തവിധം കൊതുകുകള്‍ അപ്രത്യക്ഷമാകുന്നത്‌. സബര്‍ബന്‍ ആഫ്രിക്കയിലാണ്‌ കൊതുകുകള്‍ ഇല്ലാതാകുന്ന പ്രതിഭാസം ഏറ്റവുംകൂടുതല്‍ ശ്രദ്ധനേടുന്നത്‌.

ഈ മേഖലയില്‍ കൊതുകുകള്‍ പരത്തുന്ന മലേറിയ രോഗം വ്യാപകമായിരുന്നു. ഓരോ വര്‍ഷവും ആയിരങ്ങളാണ്‌ മലേറിയയെത്തുടര്‍ന്ന്‌ ഇവിടങ്ങളില്‍ മരിച്ചുവീണത്‌. എന്നാല്‍, സമീപവര്‍ഷങ്ങളില്‍ മലേറിയ മരണങ്ങള്‍ വിരലിലെണ്ണാവുന്നവയായി ചുരുങ്ങി. 2004-ല്‍ 5,000 മലേറിയ മരണങ്ങള്‍ ഉണ്ടായപ്പോള്‍ 2009-ല്‍ 14 പേര്‍ മാത്രമാണ്‌ ഈ രോഗത്തിന്‌ ഇരയായി മരിച്ചത്‌. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ മലേറി പരത്തുന്ന കൊതുകുകള്‍ സബര്‍ബന്‍ ആഫ്രിക്കയില്‍നിന്നു അപ്രത്യക്ഷമാകുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ടാന്‍സാനിയ, എറിട്രിയ, റുവാണ്ട, കെനിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ്‌ കൊതുകുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌.

മലേറിയ വ്യാപകമായതിനെത്തുടര്‍ന്ന്‌ ഈ രാജ്യങ്ങളില്‍ അന്താരാഷ്ര്‌ട സഹായത്തോടെ നടത്തിയ കൊതുകുപിടിത്തങ്ങളാണ്‌ ഇവയുടെ നാശത്തിനുകാരണമായതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌.

മംഗളം കൌതുക വാര്ത്തകള് 31.8.2011

ഇളനീര്‍ തേടി ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നു

കൃത്രിമ ശീതളപാനീയങ്ങളുടെ നിര്‍മാതാക്കളായ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇളനീര്‍ തേടുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കൃത്രിമ പാനീയങ്ങളോടുള്ള പ്രിയം കുറയുകയും ഏറെ ഗുണങ്ങളുള്ള ഇളനീരിന് ആവശ്യംവര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നും കാനുകളിലാക്കിയ ഇളനീര്‍ തേടുന്നത്. പക്ഷേ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇവര്‍ ആവശ്യപ്പെടുന്ന അത്രയും ഇളനീര്‍ ഉത്പാദിപ്പിച്ച് കാനുകളിലാക്കി നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്. ആഗോള തലത്തില്‍ കരിക്കിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കേരകര്‍ഷകര്‍ അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്

അമേരിക്കയില്‍ നിന്നുള്ള പെപ്‌സി, കൊക്കകോള, വൈറ്റാ കൊക്കോ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഇളനീരിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൊക്കകോള പ്രതിമാസം അഞ്ചുകോടിയും പെപ്‌സി മൂന്നുകോടിയും വൈറ്റാ കൊക്കോ 2.5 കോടിയും ലിറ്റര്‍ വീതമാണ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസ് 'മാതൃഭൂമി'യോട് പറഞ്ഞു. ഇതില്‍ വൈറ്റാ കൊക്കോ പോപ് താരം മഡോണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ്. അതുകൊണ്ടുതന്നെ ഇളനീര്‍ വില്‍പ്പനയ്ക്ക് താരപ്പൊലിമ കൊഴുപ്പുപകരുകയും ചെയ്യുന്നുണ്ട്. ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ വിവിധ കമ്പനികള്‍ ഇളനീര്‍ വാങ്ങുന്നത്. ഇളനീര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്കായിപ്പോലും ഉപയോഗിക്കുന്നത് വ്യപകമാകുകയാണ്.

330 മില്ലീലിറ്റര്‍ ഇളനീര്‍ ഉള്‍ക്കൊള്ളുന്ന കാനുകളോടാണ് ഈ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വാഷിങ്ടണില്‍ നടന്ന ഫാന്‍സി ഫുഡ്‌ഷോയിലും മറ്റു പ്രദര്‍ശനങ്ങളിലും ഇളനീരടക്കമുള്ള നാളികേര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇളനീര്‍ കാനുകളിലാക്കി വില്‍ക്കുന്ന നിര്‍മാണയൂണിറ്റുകള്‍ക്ക് ഇതുസംബന്ധിച്ച വ്യപാരാന്വേഷണം ഉണ്ടായത്. എന്നാല്‍ നിര്‍മാണയൂണിറ്റുകളുടെ അഭാവവും കരിക്ക് ഉത്പാദനത്തിലെ കുറവും കാരണം ഇവിടെ നിന്നും ഇത്രയും കരിക്കിന്‍വെള്ളം നല്‍കാന്‍ ആവില്ലെന്നാണ് നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബോര്‍ഡ് കരിക്കിന്‍വെള്ളം കാനുകളിലാക്കി വിപണിയിലെത്തിക്കുന്നില്ല. എന്നാല്‍ 25ശതമാനം സബ്‌സിഡിയും സാങ്കേതികസഹായങ്ങളും നിര്‍മാണയൂണിറ്റുകള്‍ക്ക് നല്‍കുന്നുണ്ട്.

തമിഴ്‌നാട്ടിലും ആന്ധ്രയിലും രണ്ടുവീതവും കര്‍ണാടകത്തിലും ഒറീസ്സയിലും ഒന്ന് വീതവും നിര്‍മാണയൂണിറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ പുതിയതായി തുടങ്ങുന്ന യൂണിറ്റും ഇതിലുള്‍പ്പെടും. ഈ യൂണിറ്റുകള്‍ നാമമാത്രമായാണ് ഇളനീര്‍ കയറ്റുമതി ചെയ്യുന്നത്. തെങ്ങിനെ കല്‍പവൃക്ഷമായി കരുതുന്ന കേരളത്തിലാവട്ടെ കരിക്ക് കാനുകളിലാക്കി വില്‍ക്കുന്ന ഒറ്റ യൂണിറ്റുമില്ല. കേരളത്തില്‍ വിപണിയിലെത്തുന്ന കരിക്കില്‍ നല്ലൊരു പങ്കും തമിഴ്‌നാട് , ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ്. 20 മുതല്‍ 25 വരെയാണ് ഇവിടെ കരിക്കിന് വില. കേരളത്തിനു പുറത്ത് 200 മില്ലീലിറ്റര്‍ കാനില്‍ കിട്ടുന്ന കരിക്കിന്‍വെള്ളത്തിന് 18 രൂപയാണ് വില. കേരളത്തില്‍ കാനിലുള്ള കരിക്കിന്‍വെള്ളം കിട്ടാനില്ല. കാനിലടച്ച പാനീയത്തിന് 12.5 ശതമാനം നികുതി നല്‍കണമെന്നതും ഈ രംഗത്തുനിന്നും പലരേയും പിന്‍തിരിപ്പിച്ചു.മൂന്നുമുതല്‍ അഞ്ചുവരെ കരിക്കുണ്ടെങ്കിലേ ഒരു ലിറ്റര്‍ ഇളനീര്‍ കിട്ടൂ.

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ യൂണിറ്റുകളാരംഭിക്കാന്‍ അനുകൂലസ്ഥിതിയുണ്ടെന്നും ഇന്ത്യയില്‍ 100 യൂണിറ്റുകളെങ്കിലും ആരംഭിക്കേണ്ടതുണ്ടെന്നും നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നു. കരിക്ക് ഉത്പാദനത്തിന് കേരളത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും ഇതു വെട്ടിയിറക്കാന്‍ പ്രാവീണ്യമുള്ളവരുടെ അഭാവവും സംസ്ഥാനത്തിന് ഈ മേഖലയില്‍ മുന്നേറാന്‍ കഴിയാതിരുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കരിക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായാല്‍ കേരളത്തിലെ കേരകര്‍ഷകര്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധി ഏറെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി. രാജേഷ്‌കുമാര്‍
Mathrubhumi Karshikam

ആദിവാസികളുടെ കുറുമ്പുല്ലുകൃഷി ചുരുങ്ങുന്നു

ഇടുക്കി: ജില്ലയിലെ ആദിവാസികള്‍ നടത്തിവന്ന കുറുമ്പുല്ലുള്‍പ്പെടെയുള്ള ധാന്യകൃഷികള്‍ ചുരുങ്ങുന്നു. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രാചീന കൃഷിരീതികള്‍ക്കിണങ്ങുന്ന ചുറ്റുപാടുകള്‍ നഷ്ടമായതോടെയാണ് കൃഷി നാമമാത്രമായി ചുരുങ്ങിയത്.

പുനംകൃഷി അഥവാ മാറ്റകൃഷിയാണ് ആദിവാസികള്‍ നടത്തിയിരുന്നത്. കാടിനുള്ളിലെ തുറസ്സായ സ്ഥലം കണ്ടെത്തി മണ്ണിളക്കാതെ നെല്ല്, കുറുമ്പുല്ല്, തിന, ചോളം എന്നീ ധാന്യങ്ങളാണ് ആദിവാസികള്‍ കൃഷിചെയ്തിരുന്നത്.

ഒരുസ്ഥലത്ത് രണ്ടോ മൂന്നോ വര്‍ഷം കൃഷിചെയ്താല്‍ മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പിന്നീട് അവിടെ കൃഷിചെയ്യാറില്ല.
വലിയ കോറാന്‍, ചെറുകോറാന്‍, മീന്‍കണ്ണി, ചങ്കിലിക്കോറാന്‍, മട്ടിക്കാവ എന്നിവയണ് കുറുമ്പുല്ലിനങ്ങള്‍. മൂന്നുമാസംകൊണ്ട് വിളയുന്ന ഇളംചാമയും ആറുമാസംകൊണ്ട് വിളയുന്ന വിലയചാമയും ഇവര്‍ കൃഷിചെയ്തിരുന്നു.

കരയിലും വയലിലും കൃഷിചെയ്തിരുന്ന നെല്ലിനങ്ങളായ തലവരശാന്‍, പൊക്കാളി, പെരുനെല്ല്, വെള്ളപ്പെരുവാഴ, മഞ്ഞപ്പെരുവാഴ എന്നീ ഇനങ്ങളും ചുരുങ്ങി. പുനംകൃഷി നിരോധിക്കുകയും വനത്തിനുനടുവില്‍ സെറ്റില്‍മെന്റുകള്‍ രൂപപ്പെടുകയും ചെയ്തതോടെ മണ്ണിന്റെ ഫലപുഷ്ടി കുറയുകയും ആവര്‍ത്തനകൃഷിമൂലം വിളവില്ലാതാവുകയും ചെയ്തതോടെയാണ് പാരമ്പര്യ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങിയത്.

കുറുമ്പുല്ലുകൊണ്ടുള്ള 'കട്ടി' ആദിവാസികള്‍ക്ക് വിശിഷ്ട ഭക്ഷണമായിരുന്നു.
ഇടമലക്കുടി, ചെമ്പകത്തൊഴുകുടി തുടങ്ങിയ ആദിവാസിമേഖലകളില്‍ മാത്രമാണ് ഇന്ന് കുറുമ്പുല്ലുകൃഷി അവശേഷിക്കുന്നത്.

31 Aug 2011 Mathrubhumi idukki news

കടലുണ്ടി പക്ഷിസങ്കേതത്തില്‍ ശുചീകരണം തുടങ്ങി

ദേശാടനപ്പക്ഷികളെ സ്വാഗതംചെയ്ത് കടലുണ്ടി പക്ഷിസങ്കേതത്തില ശുചീകരണപ്രവൃത്തികള്‍ ആരംഭിച്ചു. സപ്തംബര്‍മുതലാണ് കടലുണ്ടിയിലെ പക്ഷിസങ്കേതത്തില്‍ ദേശാടനപ്പക്ഷികളെത്തിത്തുടങ്ങുക. കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച ശുചീകരണപ്രവൃത്തികള്‍ നടന്നത്.

പക്ഷി സങ്കേതത്തിലെ മണല്‍, ചെളി തിട്ടകളില്‍നിന്നായി എട്ട് ചാക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് നീക്കംചെയ്തത്. ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകുന്ന വിധത്തില്‍ പക്ഷിസങ്കേതത്തില്‍ അടിഞ്ഞുകൂടിയതായിരുന്നു ഇവ. പ്ലാസ്റ്റിക് കവറുകള്‍ക്കും ചെരിപ്പ് അവശിഷ്ടങ്ങള്‍ക്കും പുറമെ കുപ്പികള്‍, ചില്ലുകഷണങ്ങള്‍ എന്നിവയും നീക്കംചെയ്തു. ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുംവിധമാണ് ഇവിടെ മാലിന്യനിക്ഷേപം നടക്കുന്നത്.

കടലുണ്ടി പ്പുഴയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വേലിയേറ്റ സമയത്ത് പക്ഷിസങ്കേതത്തിന് സമീപത്തുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് അടിഞ്ഞുകൂടുന്നത്. ദേശാടനപ്പക്ഷികളുടെ ഇഷ്ടപ്പെട്ട ആവാസമേഖലയാണ് സമീപത്തെ കണ്ടല്‍വനങ്ങള്‍. ഇവിടെ മനുഷ്യസാമീപ്യം വര്‍ധിക്കുന്നതും പക്ഷിസങ്കേതത്തിന് ഭീഷണിയായിട്ടുണ്ട്. കടലുണ്ടിക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതുമുതല്‍ വര്‍ഷംതോറും പക്ഷിസങ്കേതത്തില്‍ എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മത്സ്യബന്ധനത്തിനും കക്കപെറുക്കലിനുമായും പക്ഷിസങ്കേതത്തിലെ ചെളിത്തിട്ടകളില്‍ ആളുകളെത്തുന്നുണ്ട്.

നിശ്ശബ്ദമായ ആവാസവ്യവസ്ഥയാണ് ദേശാടനപ്പക്ഷികളെ കടലുണ്ടിയിലേക്കാകര്‍ഷിച്ചിരുന്നത്. 135-ലധികം വിദേശ, നാടന്‍ ഇനം പക്ഷികളെ കടലുണ്ടി പക്ഷി സങ്കേതത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പ്രഭാകരന്‍, വാച്ചര്‍മാരായ ടി.കൃഷ്ണന്‍, കെ.അയ്യപ്പന്‍, പി.എം. കുഞ്ഞാലിക്കുട്ടി, ടി. ചന്ദ്രശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ടി. സുധീര്‍കുമാര്‍, ടി. സിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകാത്തവിധം സംസ്‌കരിക്കുമെന്ന് സെക്രട്ടറി പി.പ്രഭാകരന്‍ പറഞ്ഞു. അവശേഷിക്കുന്ന മാലിന്യങ്ങളും ഉടന്‍തന്നെ നീക്കംചെയ്യും.

31 Aug 2011 Mathrubhumi Kozhikkod News

അത്തം വന്നെത്തി: നാട്ടുപൂക്കള്‍ വിസ്മൃതിയിലേക്ക്

പൊന്നിന്‍ചിങ്ങത്തില്‍ പൂവിളികളുടെ ഗൃഹാതുര സ്മരണകളുണര്‍ത്തി വീണ്ടും അത്തമെത്തി. ചിങ്ങമാസത്തിലെ അത്തം നാളായ ബുധനാഴ്ചമുതല്‍ പത്തുദിവസം മലയാളികളുടെ ഭവനങ്ങള്‍ക്ക് പൂക്കളങ്ങള്‍ വര്‍ണശോഭ പകരും. എന്നാല്‍ ഒരുകാലത്ത് സമൃദ്ധമായിരുന്ന നാട്ടുപൂക്കള്‍ അപ്രത്യക്ഷമായത് പൂക്കളങ്ങളുടെ സ്വാഭാവിക ഭംഗിക്ക് മങ്ങലേല്‍പ്പിക്കുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൃഷിയിടങ്ങളില്‍ വിരിയുന്ന പൂക്കള്‍ കൂടിയ വിലക്കെടുത്ത് വാങ്ങിയാണ് ഇപ്പോള്‍ മലയാളികള്‍ പൂക്കളമൊരുക്കുന്നത്.

പണ്ടൊക്കെ പൂക്കളമൊരുക്കല്‍ കുട്ടികള്‍ക്ക് ഉത്സവം തന്നെയായിരുന്നു. അത്തം പിറക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പെ ഒരുക്കമാരംഭിക്കും. വിശാലമായ മുറ്റം ചാണകം മെഴുകി വൃത്തിയാക്കും. തുടര്‍ന്ന് നടുമുറ്റത്ത് മണ്ണുകൊണ്ട് പൂത്തറ നിര്‍മിച്ച് തൃക്കാക്കര അപ്പന്റെ മണ്‍പ്രതിമ അതിന്റെ നടുവിലായി സ്ഥാപിക്കും. പൂ പറിക്കാന്‍ തെങ്ങോലകൊണ്ടുള്ള ചെറുകൂടകള്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നിര്‍മിച്ചുനല്‍കും. ഇവയുമായി പൂവേ പൊലി പൂവേ പൊലി പാടി കുട്ടികള്‍ ഓടിനടന്ന് പൂ പറിക്കും.

അത്തം തുടങ്ങുന്ന ദിവസം നാഴി തുമ്പയാണ് പൂത്തറയിലിടുക. അന്നൊക്കെ പാടത്തും പറമ്പിലുമൊക്കെ തുമ്പപ്പൂക്കള്‍ സമൃദ്ധമായുണ്ടായിരുന്നു. ഇന്ന് മരുന്നിനുപോലും തുമ്പ കിട്ടണമെങ്കില്‍ 'ഗവേഷണം' നടത്തേണ്ട സ്ഥിതിയാണ്. ആദ്യദിനത്തില്‍ പൂക്കളത്തില്‍ ഒരു കുടകുത്തും. പിന്നീട് ഓരോ ദിവസവും ഓരോ ഇനം പൂവും ഓരോ കുടയും കൂടുതലായി വേണം. തിരുവോണനാളിലെ പൂക്കളത്തില്‍ പത്തിനം പൂക്കളും പത്തു കുടകളുമുണ്ടാകും.

അരിപ്പൂ, കാക്കപ്പൂ, മുക്കുറ്റി, തെച്ചി, വേലിഅരിപ്പൂ, തൊട്ടാവാടിപ്പൂ തുടങ്ങി കുന്നുകളിലും താഴ്‌വരകളിലും കാണുന്ന വൈവിധ്യമാര്‍ന്ന പൂക്കള്‍കൊണ്ട് മനോഹരമായ പൂക്കളങ്ങളാണ് തീര്‍ത്തിരുന്നത്. കുമ്പളത്തിന്റെ ഇല അരിഞ്ഞതും ഉമിക്കരിയും കവുങ്ങിന്‍ പൂക്കുലയുമൊക്കെ പൂക്കളങ്ങള്‍ക്ക് വര്‍ണ വൈവിധ്യം പകരാനായി ഉപയോഗിച്ചിരുന്നു. ചെമ്പരത്തി പൂവോ കുമ്പളപ്പൂവോ ഈര്‍ക്കിലില്‍ കോര്‍ത്താണ് പൂത്തറയില്‍ കുട കുത്തിയിരുന്നത്.

ഇന്ന് മുറ്റത്ത് പൂത്തറയുണ്ടാക്കാനൊന്നും അധികമാര്‍ക്കും സമയമില്ല. പഴയ തറവാടുകളിലും മറ്റുമാണ് ഈ പതിവ് തുടരുന്നത്. മിക്ക വീടുകളിലും പൂക്കളം ഇപ്പോള്‍ വരാന്തയിലാണ്. ഉപയോഗിക്കുന്നതാകട്ടെ ചെണ്ടുമല്ലി, ജമന്തി, റോസ്, വാടാര്‍മല്ലി തുടങ്ങി വിലയ്ക്കുവാങ്ങുന്ന പൂക്കളും. പൊള്ളുന്ന വിലയാണിവയ്ക്ക്. വിപണിയില്‍നിന്നുള്ള വൈവിധ്യവും സൗന്ദര്യവും നഷ്ടപ്പെട്ടു. എങ്കിലും പഴയ ആചാരം കൈവിടാതെ തുടരുന്നതുതന്നെ സുകൃതമെന്നാണ് പഴമക്കാര്‍ ആശ്വസിക്കുന്നത്.

മാതൃഭൂമി 31.8.2011 വയനാട് ജില്ല വാര്‍ത്ത

Tuesday, August 30, 2011

സിംഹ ബ്യൂട്ടീഷന്‍

സൗന്ദര്യ സംരക്ഷണത്തില്‍ ബ്യൂട്ടീഷന്മാരുടെ പങ്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്താണ്‌. സൗന്ദര്യത്തെ ഏറ്റവും മികവോടെ അവതരിപ്പിക്കുന്നതില്‍ വിദഗ്‌ധരാണ്‌ ബ്യൂട്ടീഷന്മാര്‍. മനുഷ്യ സൗന്ദര്യം മാത്രമല്ല മൃഗസൗന്ദര്യവും പരിരക്ഷിക്കുന്നതിലും വര്‍ധിപ്പിക്കുന്നതിലും പ്രത്യേക വൈദഗധ്യം നേടിയ ബ്യൂട്ടീഷന്മാരുണ്ട്‌. മൃഗങ്ങളില്‍ നായ്‌ക്കളുടെ സൗന്ദര്യസംരക്ഷണത്തിനായുള്ള ബ്യൂട്ടീഷന്മാരാണ്‌ ഭൂരിഭാഗവും. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തനായൊരു ബ്യൂട്ടീഷനുണ്ട്‌ ദക്ഷിണാഫ്രിക്കയില്‍. സിംഹങ്ങളുടെ ബ്യൂട്ടീഷനാണ്‌ ഇയാളെന്നുമാത്രം. സിംഹത്തിന്റെ ജഡ ഒരുക്കുന്നതിലാണ്‌ ഇയാളുടെ പ്രാഗത്ഭ്യം. അതോടൊപ്പം സിംഹങ്ങള്‍ക്ക്‌ മാനിക്യൂര്‍ ചെയ്യാനും ഇയാള്‍ മിടുക്കനാണ്‌.

അലക്‌സ് ലോറെന്റിയെന്ന ബ്രിട്ടീഷുകാരനാണ്‌ വ്യത്യസ്‌തനായ ഈ ബ്യൂട്ടീഷന്‍. ട്രക്ക്‌ ഡൈവറായിരുന്ന അലക്‌സ് സിംഹപ്രേമം മൂത്താണ്‌ ദക്ഷിണാഫ്രിക്കയ്‌ക്കു വിമാനം കയറുന്നത്‌. അവിടെ ജോഹന്നാസ്‌ബര്‍ഗിലുള്ള ഒരു മൃഗശാലയില്‍ കയറിക്കൂടിയ അലക്‌സ് സിംഹങ്ങളെ പരിചരിക്കുന്നതില്‍ വൈദഗ്‌ധ്യം നേടി. സിംഹങ്ങളെ മെരുക്കിയെടുക്കാനും പരിശീലപ്പിക്കാനും പ്രഗാത്ഭ്യം ലഭിച്ചതോടെയാണ്‌ എന്തുകൊണ്ട്‌ സിംഹസൗന്ദര്യസംരക്ഷണം ആയിക്കൂടെന്ന്‌ ഈ സാഹസികന്‍ ചിന്തിച്ചത്‌. അങ്ങനെയാണ്‌ ഈ അമ്പതുകാരന്‍ സിംഹങ്ങളുടെ ബ്യൂട്ടിഷനായി മാറിയത്‌. ഹെയര്‍ സ്‌പ്രെയൊക്കെ അടിച്ചാണ്‌ സിംഹങ്ങളുടെ ജഡ ഇയാള്‍ ഒരുക്കുന്നത്‌. മനുഷ്യരേക്കാള്‍ അച്ചടക്കത്തോടെയാണ്‌ സിംഹങ്ങള്‍ തനിക്കായി നിന്നുതരുകയെന്നാണ്‌ അലക്‌സ് പറയുന്നത്‌. അലക്‌സ് സിംഹങ്ങളെ ഒരുക്കിക്കഴിഞ്ഞാല്‍ കാണാനൊരു പ്രത്യേക ചന്തമാണെണ്‌ മൃഗശാലാ അധികൃതര്‍ പറയുന്നത്‌.

30.8.2011 Mangalam kawthukavaarthakal

ഞണ്ടിനോട് സാമ്യമുള്ള ജീവി കൗതുകമായി

അഴീക്കോട്: ഞണ്ടിന്റെ ശരീരാകൃതിയോടുകൂടിയ ആറുകാലുള്ള ജീവി കൗതുകമായി. അഴീക്കോട് പൊയ്ത്തുംകടവില്‍ റോഡരികിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.
സാധാരണ ഞണ്ടുകളുടേതുപോലുള്ള കാലുകളുംഇറുക്കുകാലുകളുമുള്ള ജീവിക്ക് പാറ്റയുടെ ശരീരാകൃതിയാണുള്ളത്. പിന്‍ഭാഗം ചെമ്മീനിന്റേതുപോലെ വളഞ്ഞാണുള്ളത്. കട്ടിത്തോടുമുണ്ട്.
പൊയ്ത്തുംകടവ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റായ അഫ്‌സലാണ് ഇതിനെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളെ കാണിച്ചെങ്കിലും ആരും പുതിയജീവിയെ തിരിച്ചറിഞ്ഞില്ല. ഇനി വിദഗ്ധാഭിപ്രായം തേടാനുള്ള ശ്രമത്തിലാണ് അഫ്‌സല്‍.

Posted on: 30 Aug 2011 mathrubhumi kannur news

കമ്മാടംകാവിനെ രക്ഷിക്കണം -സെമിനാര്‍

കാവുകള്‍ നാടിന്റെ അമൂല്യ നിധിയാണെന്നും അവ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും പി.കരുണാകരന്‍ എം.പി. പറഞ്ഞു. കമ്മാടംകാവ് കൈയേറ്റത്തിന്റെ പിടിയില്‍നിന്ന് സംരക്ഷിക്കാന്‍ ജാതി-മത, രാഷ്ട്രീയ ദേഭമെന്യേ മുഴുവന്‍ നാട്ടുകാരും രംഗത്തിറങ്ങണമെന്നും എം.പി. ആവശ്യപ്പെട്ടു. കമ്മാടം ഭഗവതിക്ഷേത്രത്തിന്റെയും തൈക്കടപ്പുറം നെയ്തലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'കാവുകള്‍ വിശുദ്ധവനങ്ങള്‍' ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി നാരായണന്‍ അടുക്കത്തായര്‍ ഭദ്രദീപം കൊളുത്തി. മുന്‍ എം.എല്‍.എ.മാരായ എം.കുമാരന്‍, കെ.പി.സതീഷ് ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, ജില്ലാപഞ്ചായത്തംഗം ഹരീഷ് പി.നായര്‍, പരപ്പ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു കോഹിനൂര്‍ ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് പന്തമാക്കല്‍, കെ.ജെ.വര്‍ക്കി, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സഹദേവന്‍, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് എം.ജാനു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ലക്ഷ്മി ഭാസ്‌കരന്‍, കെ.ജയദേവന്‍, മടിക്കൈ കമ്മാരന്‍, അഡ്വ. കെ.കെ.നാരായണന്‍, എ.സി.ജോസ്, പി.നാരായണന്‍ നായര്‍, പ്രൊഫ. എം.ഗോപാലന്‍ മാസ്റ്റര്‍, അഡ്വ. എ.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.പത്മനാഭന്‍ മാസ്റ്റര്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

നെയ്തല്‍ പ്രസിഡന്റ് പി.കൃഷ്ണന്‍ മോഡറേറ്ററായിരുന്നു. കെ.പി.കുഞ്ഞമ്പു മാസ്റ്റര്‍ പ്രമേയമവതരിപ്പിച്ചു



Posted on: 30 Aug 2011 Mathrubhumi Ksargod news

Monday, August 29, 2011

'ഹംസ നദി' നദിയല്ലെന്ന് വിദഗ്ധര്‍

ബ്രസീലിയ: മലയാളിയായ പ്രൊഫ. വലിയമണ്ണത്തല്‍ ഹംസയുടെ പേരില്‍ ബ്രസീലില്‍ കണ്ടെത്തിയ ഭൂഗര്‍ഭനദി യഥാര്‍ഥത്തില്‍ നദിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആമസോണിനു സമാന്തരമായി പാറകളിലെ സുഷിരങ്ങളിലൂടെ പുറത്തുവരുന്ന നീരുറവകളില്‍ ലവണാംശം വളരെ കൂടുതലാണെന്നും അവ ഒഴുകുന്നേയില്ലെന്നും ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ സഹകരിച്ച വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. സാധാരണഗതിയില്‍ നമ്മള്‍ കരുതുന്നതുപോലൊരു നദിയല്ല ഇതെന്നും വിശാലാടിസ്ഥാനത്തില്‍ നദി എന്ന് പറഞ്ഞുവെന്നേയുള്ളൂവെന്നും പ്രൊഫ. ഹംസയും പറയുന്നു.

ബ്രസീലിയന്‍ എണ്ണക്കമ്പനിയായ പെട്രോബ്രാസ് ആമസോണ്‍മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച എണ്ണക്കിണറുകളില്‍ റയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ ഹംസയുടെ ബഹുമാനാര്‍ഥം 'റിയോ ഹംസ നദി' എന്ന് ഇതിനു പേരിടുകയും ചെയ്തു.

ആമസോണ്‍ നദിക്ക് നാലുകീലോമീറ്റര്‍ അടിയിലായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദിക്ക് 6000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടെന്നും സെക്കന്‍ഡില്‍ 3000 ക്യുബിക് മീറ്റര്‍ വെള്ളം ഇതിലൂടെ ഒഴുകുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നദി ഒഴുകുന്നുണ്ടെന്നു പറയാനാവില്ലെന്നാണ് പെട്രോബാസിലെ ഭൗമശാസ്ത്രജ്ഞന്‍ യോര്‍ഗെ ഫിഗെറിഡോ പറയുന്നത്. ജലപ്രവാഹത്തിന്റെ വേഗം ഒരു വര്‍ഷത്തില്‍ ഏതാനും സെന്റിമീറ്റര്‍ മാത്രമാണെന്നും അതിനു തന്നെ തുടര്‍ച്ചയില്ലെന്നും അദ്ദേഹം പറയുന്നു. നാലു കിലോമീറ്റര്‍ ആഴത്തില്‍ ശുദ്ധജലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

നദിയെന്നു പറയുന്നുണ്ടെങ്കിലും ഇതിനെ ഒരു സാധാരണ നദിയായി കാണരുതെന്ന് പ്രൊഫ. ഹംസ പറഞ്ഞു. ആമസോണില്‍ മൂന്നു തരം ജലപ്രവാഹങ്ങളുണ്ട്. ഒന്ന് നമുക്ക് കാണാവുന്ന നദീജലപ്രവാഹം. പിന്നെ അതിനു സമാന്തരമായി മുകളിലുള്ള നീരാവിയുടെ നീക്കം. മൂന്നാമത്തേതാണ് ഭൂഗര്‍ഭജലപ്രവാഹം. ആമസോണിന് സമാന്തരമായുള്ള പാറകള്‍ സുഷിരങ്ങള്‍ നിറഞ്ഞതാണെന്നും അതിലൂടെ ജലപ്രവാഹം സാധ്യമാണെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനെ സാമ്പ്രദായികാര്‍ഥത്തില്‍ നദിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Posted on: 29 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

ബ്രസീലില്‍ 'റിയോ ഹംസ' ഒഴുകുന്നു; മലയാളി ശാസ്ത്രജ്ഞന്റെ പേരില്‍

വന്യജീവി സംരക്ഷണം വഴിപാടായി മാറുന്നു

പുല്‍പ്പള്ളി: അധികൃതരുടെ അനാസ്‌ഥമൂലം കുറിച്യാട്‌ വന്യജീവി സങ്കേതത്തിലെ വന്യജീവി സംരക്ഷണം വഴിപാടായി മാറുന്നതായി പരാതി. കര്‍ണാടക വനത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന കുറിച്യാട്‌ വനപ്രദേശത്തു സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വനംവകുപ്പ്‌ കാര്യമായ നടപടി സ്വീകരിക്കുന്നില്ല. വനത്തിന്റെ ഉള്ളിലെ ക്യാമ്പ്‌ ഷെഡ്‌ഡിനടുത്തുവരെ നായാട്ടുകാര്‍ എത്തുന്നതും പതിവായി മാറി. വെളിച്ചംപോലുമില്ലാതെയാണ്‌ ക്യാമ്പ്‌ ഷെഡ്‌ഡിലെ ജീവിതം. വനത്തിനുള്ളില്‍ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ പുറംലോകത്തെ അറിയിക്കാന്‍ സംവിധാനമില്ല. വയര്‍ലസ്‌ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌. ഉള്‍വനത്തിലെ ക്യാമ്പ്‌ ഷെഡ്‌ഡുകളില്‍ വാച്ചര്‍മാര്‍ക്ക്‌ കുടിവെള്ളമോ, റേഷനോ ഇല്ലാത്ത അവസ്‌ഥയാണ്‌. വേട്ടക്ക്‌ തോക്കുമായി വരുന്നവരെ നേരിടാന്‍ മുളവടി മാത്രമാണ്‌ ഉള്ളത്‌. എന്നാല്‍ തൊട്ടടുത്ത കര്‍ണാടക ക്യാമ്പ്‌ ഹൗസുകളില്‍ വനംവകുപ്പ്‌ ജീവനക്കാര്‍ക്ക്‌ എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തുമ്പോഴും കുറിച്യാട്‌ മേഖലയിലെ വനം വാച്ചര്‍മാര്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുന്നു. വാഹനങ്ങളുടെ അപര്യാപ്‌തതമൂലം രാത്രികാല പട്രോളിങ്‌ പോലും നടത്താന്‍ വനംവകുപ്പിന്‌ കഴിയാത്തത്‌ വേട്ടക്കാര്‍ക്ക്‌ സൗകര്യമായി മാറിയിരിക്കുകയാണ്‌.

mangalam 29.8.2011 wayanadu news

Sunday, August 28, 2011

കിളിയും തവളയും ഇരകള്‍

കാലാവസ്ഥാമാറ്റം കിളികളെ ബാധിച്ചു തുടങ്ങിയോ? ഒരു പഠനവും ഇതിനുത്തരം നല്‍കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളോളം കിളികള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്ന, അവയുടെ ജീവിതം ശ്രദ്ധിക്കുന്ന, പക്ഷിനിരീക്ഷകര്‍ക്ക് ആശങ്കകളുണ്ട്. നാട്ടിലെ കാവുകളും മരങ്ങളും ചതുപ്പുകളും ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ കുറഞ്ഞതോടെ പലയിനം കിളികളെയും കാണാതായിട്ടുണ്ട്. കാടുകളില്‍ത്തന്നെ കിളികള്‍ പലതും കുറഞ്ഞുതുടങ്ങി. ഈ സാഹചര്യത്തിലാണ് മാറുന്ന കാലാവസ്ഥയുടെ സ്വാധീനം കൂടുതല്‍ ഭീഷണിയാവുന്നത്.

കിളിമുട്ടകള്‍ വിരിയാതെ നശിക്കുന്ന പ്രവണത കൂടിവരുന്നുവെന്നാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം വെളിപ്പെടുത്തുന്നത്.

വയനാട്ടിലെ തൃക്കൈപ്പറ്റ മുതല്‍ മണിക്കുന്ന് മല വരെയുള്ള മൂന്നു കിലോമീറ്റര്‍ പ്രദേശത്ത് വിവിധ കിളികളുടെ പത്ത് കൂടുകള്‍ വീതം നിരീക്ഷിച്ചത് എന്‍.വി.കൃഷ്ണനാണ്. 2007, 2008, 2009, 2010 ന്റെ ആദ്യപകുതി മാസങ്ങള്‍ എന്നീ കാലങ്ങളിലാണ് കിളിക്കൂടുകള്‍ ശ്രദ്ധിച്ചത്.

ഇരട്ടത്തലച്ചി എന്ന റെഡ്‌വിസ്‌കേഡു ബുള്‍ബുള്ളിന്റെ പത്ത് കൂടുകള്‍ നിരീക്ഷിച്ചപ്പോള്‍ 2007-ല്‍ നാല് കൂട്ടിലെ മുട്ടകളെല്ലാം വിരിഞ്ഞതായി കണ്ടു. ഒരു കൂട്ടിലെ മുട്ടകള്‍ വിരിയാതെ നശിച്ചു. അഞ്ചെണ്ണത്തിലെ മുട്ടകള്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാല്‍ 2009-ലെ പത്ത് കൂടുകളിലെ മൂന്നു കൂടുകളിലേത് മുഴുവന്‍ വിരിഞ്ഞപ്പോള്‍ രണ്ടു കൂടുകളിലേത് വിരിഞ്ഞില്ല. 2010-ല്‍ വിരിയാത്ത കൂടുകള്‍ മൂന്നെണ്ണമായി. ഇതിനനുസരിച്ച് ഈ കിളികളെ കാണുന്നതും കുറഞ്ഞുതുടങ്ങി. നീലപ്പാറ്റപിടിയന്‍ എന്ന ബ്ലാക്ക് നേപ്ഡ് മൊണാര്‍ക്ക്, മരതകപ്രാവ്, പുള്ളിപ്രാവ് എന്നിവയുടെ മുട്ടകളും ഇതുപോലെ വിരിയാന്‍ 'മടിക്കുന്ന'തായി കാണുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റം മാത്രമാണ് ഇതിന് കാരണമെന്ന് തീര്‍ച്ചയില്ലെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കിളികളുടെ തീറ്റയില്‍ വന്ന മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ടാവാം.

ദിവസേന കാണുന്ന മേല്‍പ്പറഞ്ഞ പക്ഷികളുടെ എണ്ണം 2007 മുതല്‍ 74, 77, 62, 54 എന്നിങ്ങനെയാണ്. വംശനാശം വന്ന കിളികളുടെ കൂട്ടത്തിലേക്ക് പുതിയ ഇനങ്ങള്‍ ചേര്‍ക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ഈ നിരീക്ഷണങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളോട് കിളികള്‍ പെട്ടെന്ന് പ്രതികരിക്കുന്നു. ലോകത്ത് എല്ലായിടത്തും അതങ്ങനെയാണ്. വടക്കേ അമേരിക്കയിലെ 305 ഇനം കിളികളില്‍ പകുതിയും മഞ്ഞുകാലദേശാടനത്തിന് മുമ്പ് പോയിരുന്നതിനേക്കാള്‍ 35 മൈല്‍ അകലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഇവയില്‍ ചിലയിനങ്ങള്‍ കൂടുതല്‍ തീറ്റതേടിയും വാസസ്ഥലങ്ങള്‍ തേടിയുമാകാം പോകുന്നത്. എന്നാല്‍, ഇത്രയധികം ഇനം ദേശാടനസ്ഥലം മാറ്റുന്നത് കാലാവസ്ഥാമാറ്റം കൊണ്ടുതന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 40 കൊല്ലത്തെ പഠനങ്ങള്‍ പറയുന്നത്, അമേരിക്കയിലെ ജനവരിയിലെ ശരാശരി ചൂട് അഞ്ചു ഡിഗ്രി ഫാറന്‍ഹീറ്റ് കൂടിയെന്നാണ്.

നമ്മുടെ വീട്ടുപറമ്പിലേക്ക് നോക്കിയാലും ഈ മാറ്റം കാണാം. കടുത്ത വേനലില്‍ അവിടെ കിളികള്‍ വളരെ കുറവായിരിക്കും. കാറ്റും തണുപ്പും വരുന്നതോടെ പലതും വന്നുചേരുന്നു. കാലാവസ്ഥാമാറ്റം കിളികളുടെ വംശവര്‍ധനയെ സാരമായി ബാധിക്കുമെന്നതിന് വയനാട്ടില്‍ നിന്നുമാത്രമല്ല സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും തെളിവുണ്ട്.

2005-ല്‍ അലാസ്‌കയില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം സാന്‍ഫ്രാന്‍സിസ്‌കോയുടെ പടിഞ്ഞാറന്‍ ദ്വീപിലെ 'ഓക്‌ലെറ്റ്' എന്ന കടല്‍പ്പക്ഷികളെ ബാധിക്കുകയുണ്ടായി. അതിങ്ങനെയാണ്: അലാസ്‌ക ഉള്‍ക്കടലില്‍ ഉണ്ടായ മാറ്റംകാരണം അപ്‌വെല്ലിങ് (കടലിലെ അടിവള്ളെം മുകളിലെത്തുന്ന പ്രതിഭാസം) ഇല്ലാതായി. അപ്പോള്‍, പോഷകസമൃദ്ധവും തണുപ്പുള്ളതുമായ വെള്ളം മുകളിലെത്താതാവുകയും ചെറുസസ്യങ്ങളും ചെറുജീവികളും വളരാതാവുകയും ചെയ്തു. ഇതോടെ കടല്‍പ്പക്ഷികള്‍ പട്ടണിയായി. മുട്ടകള്‍ വിരിയാതായി. വിരിഞ്ഞുവന്ന കുഞ്ഞുങ്ങള്‍ തന്നെ പട്ടിണികിടന്നു ചത്തു. ദ്വീപിലെ നാല്പതിനായിരത്തോളം പക്ഷിക്കുഞ്ഞുങ്ങളാണ് ഇങ്ങനെ ഇല്ലാതായത്. ദ്വീപ് വലിയൊരു മോര്‍ച്ചറി പോലെയായി എന്നാണ് ജൈവശാസ്ത്രജ്ഞര്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. കൂട്ടില്‍ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാനാവാതെ അസ്വസ്ഥത പ്രകടിപ്പിച്ച അമ്മക്കിളികള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് അവര്‍ രേഖപ്പെടുത്തുന്നു.

ആഗോളതാപനം കാലക്രമത്തില്‍ കടല്‍പ്പക്ഷികളെ കൂട്ടത്തോടെ വംശനാശം വരുത്തുമെന്ന ഭയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. 2005-ലെ ദുരന്തം തുടര്‍ച്ചയായി ആവര്‍ത്തിക്കാനുള്ള സാധ്യതയും അവര്‍ പ്രവചിക്കുന്നു.
എല്‍നിനോയുടെ ഭാഗമായി ചൂടേറിയവെള്ളം പസഫിക് തീരത്ത് അനേകം ഓക്‌ലെറ്റ് കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്നു. 1983-ലും 1998-ലുമാണ് ഇതുണ്ടായത്. എന്നാല്‍ 2005-ലെ സംഭവമാണ് ഏറ്റവും വലിയ ദുരന്തമായത്. ഇത് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ദുരിതത്തിന്റെ ആഴം കൂട്ടി.

കാലാവസ്ഥാമാറ്റത്തിന്റെ ഭാവിഫലങ്ങള്‍ വിവരണാതീതമാണ്. 25 ശതമാനം ഇനം സസ്തനികളും 12 ശതമാനം ഇനം പക്ഷികളും മുപ്പതോ നാല്പതോ കൊല്ലത്തിനുള്ളില്‍ വംശനാശത്തിലാവും. വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസകേന്ദ്രങ്ങള്‍ നശിക്കുന്നതുകൊണ്ടാണിത് സംഭവിക്കുക. ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങളിലും മനുഷ്യന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എത്തുന്നതുകൊണ്ട് ഈ ജീവികള്‍ക്ക് എവിടേക്കെങ്കിലും ദേശാടനം ചെയ്ത് രക്ഷപ്പെടാനും വഴിയില്ലാതാവും.

തവളകളില്‍ കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന സ്വാധീനം മറ്റൊരു വിധമാണ്. തവളകള്‍ രോഗംവന്നു ചാവുന്നതു കൂടുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ച ഒരു നിരീക്ഷണം ഇങ്ങനെ: ''രോഗം തവളകളെ കൊല്ലുന്ന വെടിയുണ്ടയാണെങ്കില്‍ അതിനുള്ള കാഞ്ചി വലിക്കുന്നത് കാലാവസ്ഥാമാറ്റമാണ്.''

110 ഇനം ഹാര്‍ലിക്വിന്‍ സ്​പീഷിസ് തവളകളില്‍ മൂന്നില്‍ രണ്ടുഭാഗവും നശിച്ചത് ഒരിനം ഫംഗസ് രോഗം കാരണമാണ്. 1980-കളിലും 90 കളിലുമാണ് ഇത് സംഭവിച്ചത്. കനം നന്നേകുറഞ്ഞ തൊലിയുള്ള തവളകളെപ്പോലുള്ള ഉഭയജീവികളെ ചൂട്, ഈര്‍പ്പം, വായു-ജല ഗുണനിലവാരം എന്നിവയിലെ ചെറിയ മാറ്റങ്ങള്‍പോലും സാരമായി ബാധിക്കും. തവളകള്‍ക്ക് ഫംഗസ് രോഗം ബാധിച്ചത് ഇതുകൊണ്ടാണെന്ന് പറയുന്നു. പകല്‍ ചൂട് കുറഞ്ഞിരിക്കുകയും രാത്രി കൂടുകയും ചെയ്യുന്ന കാലാവസ്ഥയില്‍ ഫംഗസ് തവളകളെ രൂക്ഷമായി ബാധിക്കുകയാണുണ്ടായത്. 2050-ഓടെ ഉഭയജീവികളില്‍ മൂന്നിലൊരുഭാഗം അന്യം നില്‍ക്കുമെന്ന് ബ്രിട്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനത്തില്‍ പറയുന്നു.

കടപ്പാട്: എം.കെ.കൃഷ്ണകുമാര്‍ Mathrubhumi മായുന്ന മാമ്പഴക്കാലം-2

പുതിയ കുരങ്ങു വര്‍ഗം കൂടി

വാനരന്മാര്‍ക്കിടയിലേക്ക്‌ പുതിയ കൂട്ടര്‍കൂടി. ബ്രസീലിലെ മാടോ ഗ്രോസോ സംസ്‌ഥാനത്തു നിന്നാണ്‌ പുതിയ വര്‍ഗത്തെ കണ്ടെത്തിയത്‌. കഴിഞ്ഞ വര്‍ഷം നടത്തിയ ഗവേഷണത്തിലാണ്‌ ചുവന്ന മുഖമുളള കുരങ്ങന്മാര്‍ ഗവേഷകര്‍ക്ക്‌ മുന്നിലെത്തിയത്‌ . ടിറ്റി കുരങ്ങുകള്‍ എന്ന വിഭാഗത്തില്‍ ഇവയെപ്പെടുത്താമെന്നാണ്‌ പ്രാഥമിക ധാരണ. എന്നാല്‍ ഇവയ്‌ക്ക് ശാസ്‌ത്രീയ നാമം ആയിട്ടില്ല. ടിറ്റി കുരങ്ങുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ മുഖത്തിനും വാലിനും ഏറെ മാറ്റമുണ്ട്‌ .

പഠനം പൂര്‍ത്തിയായ ശേഷമേ പുതിയ കുരങ്ങന്മാര്‍ക്ക്‌ ശാസ്‌ത്ര ലോകത്തിന്റെ ഔദ്യോഗിക അംഗീകാരമാകൂ.

Saturday, August 27, 2011

ബ്രസീലില്‍ 'റിയോ ഹംസ' ഒഴുകുന്നു; മലയാളി ശാസ്ത്രജ്ഞന്റെ പേരില്‍

കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.

ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യം. ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഈ നദിയിലൂടെ ഒഴുകുന്നത്. ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

കുന്ദമംഗലം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹംസ, 1973-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയില്‍ നിന്ന് ജിയോഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. സാവോപോളോയില്‍ പ്രൊഫസറായും റിസേര്‍ച്ച് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബ്രസീലിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. ഇന്റര്‍നാഷണല്‍ ഹീറ്റ് ഫേ്‌ളാ കമ്മീഷന്‍ സെക്രട്ടറിയുമാണ്. ജിയോതെമിക്‌സ്, ജിയോതെര്‍മല്‍ എനര്‍ജി, ടെക്ടോണോഫിസിക്‌സ്, സീസ്മിസിറ്റി, അപ്ലൈഡ് ജിയോഫിസിക്‌സ്, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഇദ്ദേഹം, ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നൂറിലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Posted on: 27 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

പഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്ന് കുഞ്ഞു ചെടി

കല്പറ്റ: കേരള സിംഹം വീരപഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്നൊരു ചെടി. കല്പറ്റ ഫോറസ്റ്റ് റേഞ്ചിലെ കുറിച്യര്‍മല നിത്യഹരിത വനത്തില്‍ കണ്ടെത്തിയ വെളുത്ത പൂക്കളുള്ള കുഞ്ഞു ചെടിയാണ് ഇനി പഴശ്ശിരാജയുടെ പേരില്‍ അറിയപ്പെടുക.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1800-കളില്‍ വയനാടന്‍ കാടുകളില്‍ പോരാട്ടം നടത്തിയ പഴശ്ശിയോടുള്ള ആദരസൂചകമായി 'ഇംപേഷ്യന്‍സ് വീരപഴശ്ശി' എന്നാണ് ചെടിക്ക് പേര് നല്‍കിയിരിക്കുന്നത്.ബാള്‍സമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്‌കാപിജീറസ് ഇംപേഷ്യന്‍സ് വിഭാഗത്തില്‍പ്പെടുന്നതാണ് മഴക്കാലത്തുമാത്രം കാണുന്ന ഈ ചെടി. മരത്തില്‍ പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.കെ. രതീഷ് നാരായണന്‍, ഡോ. പി. സുജനപാല്‍ എന്നിവര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

ആഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇംപേഷ്യന്‍സ് ചെടികളെക്കുറിച്ച് പഠിച്ച ക്രിസ്റ്റഫര്‍ ഗ്രേവില്‍സണ്‍ ഈ ചെടി ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സസ്യങ്ങളെക്കുറിച്ചുള്ള രാജ്യാന്തര പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച്ച് ടെക്‌സസ്' ഈ ചെടിയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്.

കഷ്ടിച്ച് 15 സെന്‍റിമീറ്റര്‍ ഉയരമുള്ള ചെടിക്ക് നീണ്ട് രോമാവൃതമായ ഇലകളാണുള്ളത്. രണ്ടുമാസം നില്‍ക്കുന്ന പൂക്കള്‍ മഴ കഴിയുമ്പോള്‍ ചെടിക്കൊപ്പം അപ്രത്യക്ഷമാകും. മരത്തില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്ന കിഴങ്ങ് അടുത്ത മഴക്കാലത്ത് വീണ്ടും കിളിര്‍ക്കും.

ജൈവവൈവിധ്യസമ്പന്നമായ വയനാടന്‍ കാടുകളില്‍ പത്തിലധികം പുതിയ ചെടികളെ സംഘം കണ്ടെത്തിയിട്ടുണ്ട്.

Mathrubhumi(ഭൂമിക്കുവേണ്ടി)
ടി.എം. ശ്രീജിത്ത്‌

യുദ്ധത്തിനും കലാപത്തിനും കാലാവസ്ഥാവ്യതിയാനം കാരണമാവുന്നതായി പഠനം

ലോകത്തിലെ പ്രധാനപ്പെട്ട കലാപങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനവും കാരണമാവുന്നെന്ന് ഗവേഷകര്‍. മൂന്നു മുതല്‍ ഏഴുവരെ വര്‍ഷത്തെ ഇടവേളയിലുണ്ടാകുന്ന എല്‍ നിനോ എന്ന പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം എന്ന് യു. എസ്സിലെ കൊളംബിയ, പ്രിന്‍സ്ടണ്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശാന്തസമുദ്രത്തിലുണ്ടാകുന്ന ഈ പ്രതിഭാസം ഉഷ്ണം കൂടാനും അന്തരീക്ഷം വരണ്ടുണങ്ങാനും കാരണമാകുന്നു.

90 ഉഷ്ണമേഖലാ രാജ്യങ്ങളില്‍ 1950-2004 കാലത്ത് നടന്ന കുഴപ്പങ്ങള്‍ പരിശോധിച്ചാണ് കാലാവസ്ഥാ വ്യതിയാനവും കലാപങ്ങളും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിലയിരുത്തിയത്. എല്‍ നിനോയുടെ സമയത്ത് ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമായതായി കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഓരോ അഞ്ച് കലാപങ്ങളില്‍ ഒന്ന് വീതം ഉണ്ടാകുന്നത് ചൂടുകൂടിയതും വരണ്ടതുമായ കാലാവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. 'നേച്ചര്‍' മാസികയുടെ പുതിയ ലക്കമാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥ മാറുമ്പോള്‍ കാര്‍ഷികോത്പാദനം കുറയുന്നു. വിഭവങ്ങളുടെ അസന്തുലിത വിതരണം ആഭ്യന്തര കലാപത്തിനിടയാക്കുന്നു. ചൂടുകൂടുമ്പോള്‍ ആളുകള്‍ കൂടുതല്‍ അക്രമാസക്തരാകുന്നു. ഇത് കുറ്റകൃത്യങ്ങള്‍ കൂട്ടുന്നു-ഗവേഷക സംഘത്തിലെ അംഗമായ സോളമന്‍ സിയാങ് ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡൊനീഷ്യ, സുഡാന്‍, ഹെയ്തി, ഒമാന്‍ തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ നടന്നത് എല്‍നിനോയുണ്ടായ വര്‍ഷങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സ്റ്റന്‍-കൊളംബിയ സംഘങ്ങളുടെ പഠനം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് സെക്യൂരിറ്റി ഡയറക്ടര്‍ ജേക്കബ് റൈനറും വിലയിരുത്തുന്നു.


Posted on: 27 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

നിലമ്പൂര്‍ ടൂറിസം പാക്കെജിനു രൂപരേഖ

നിലമ്പൂര്‍ ടൂറിസം പാക്കെജിനു പുതിയ രൂപരേഖ തയാറാവുന്നു. നിലമ്പൂര്‍ വനമേഖലയെ സംയോജിപ്പിച്ച് ഇക്കോ ടൂറിസത്തിനാണു തുടക്കം കുറിക്കുന്നത്. വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുടെ സന്ദര്‍ശനത്തോടെയാണു പുതിയ രൂപ രേഖ തയാറാക്കുന്നത്. നിലമ്പൂരിനെ സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നു മന്ത്രിമാര്‍ പറഞ്ഞു.

ജില്ലയില്‍ ഏറ്റവും ടൂറിസം സാധ്യതയുള്ള മേഖലയാണു നിലമ്പൂര്‍. വനം വകുപ്പുമായി ചേര്‍ന്നായിരിക്കും ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുക. ഊട്ടി, മൈസൂര്‍, ബംഗളൂരു, വയനാട് തുടങ്ങിയ പ്രദേശങ്ങള്‍ കൂട്ടിയോജിപ്പിച്ചു പ്രത്യേക ടൂറിസം പാക്കെജ് നടപ്പിലാക്കും. മലപ്പുറം ജില്ലയെപോലെ തന്നെ വയനാട് ജില്ലയും അതിവേഗം പുരോഗമിക്കുകയാണ്.

ഈ രണ്ടു ജില്ലകളെയും ബന്ധപ്പെടുത്തി ടൂറിസം പാക്കെജ് നിലവില്‍ വന്നാല്‍ ഏറെ പ്രയോജനപ്പെടും. നിലമ്പൂര്‍ ടൂറിസത്തിന്‍റെ ഇന്‍ഫൊര്‍മേഷന്‍ സെന്‍ററായി വുഡ് കോപ്ലക്സിന്‍റെ പഴയ കെട്ടിടം വിട്ടുനല്‍കും. പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനു ജില്ലാ കലക്റ്റര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.

നിലമ്പൂര്‍ നഗരസഭയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും പദ്ധതിയുമായി സഹകരിക്കും. നിലമ്പൂര്‍ ടൗണും വിപുലമായ രീതിയില്‍ വികസിപ്പിക്കും. കനോലി പ്ലോട്ടില്‍ ഇ - ടോയ്ലെറ്റ് സംവിധാനം നടപ്പാക്കും. ചന്തക്കുന്നിലെ ബംഗ്ളാവ് ഹെറിറ്റെജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും.

നെടുങ്കയത്തെ ബംഗ്ലാവും പുതുക്കി നിര്‍മിക്കും. വനത്തില്‍ വീണുകിടക്കുന്ന മരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വനത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ഡിഎഫ്ഒയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനത്തിലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

ഇന്നലെ രാവിലെ 9.30ന് അരുവാക്കോട് കനോലി പ്ലോട്ടില്‍നിന്നുമാണു മന്ത്രിമാര്‍ സന്ദര്‍ശനം ആരംഭിച്ചത്. നിലമ്പൂര്‍ കനോലി തോട്ടം, വുഡ് കോപ്ലക്സ്, ഇന്‍ഫൊര്‍മേഷന്‍ സെന്‍റര്‍, ചന്തക്കുന്നിലെ ഡിഎഫ്ഒ ബംഗ്ളാവ്, നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രം, നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.

Friday, August 26, 2011

കോഴിമുട്ടയില്‍നിന്നു ദിനോസര്‍ ജനിക്കുന്നു

കോഴിയാണോ ആദ്യമുണ്ടായത്‌ അതോ കോഴിമുട്ടയാണോ എന്ന തര്‍ക്കവിഷയമാണ്‌ കോഴിമുട്ടയും ശാസ്‌ത്രവും എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസിലെത്തുക. ഈ തര്‍ക്കവിഷയത്തിന്റെ ഉത്തരം കണ്ടെത്തലല്ല ശാസ്‌ത്രത്തിന്റെ പണിയെന്നും കോഴിമുട്ടയില്‍ പരീക്ഷണം നടത്തുകയാണ്‌ തങ്ങളുടെ ഉത്തരവാദിത്വമെന്നുമാണ്‌ ബുദ്ധിമാന്മാരായ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഈ ബുദ്ധിമാന്മാര്‍. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ അവര്‍ക്കു സമയമില്ല. കാരണം, കോഴിമുട്ടയില്‍നിന്നു ദിനോസറിനെ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ അവര്‍.

ഇത്തിരിക്കുഞ്ഞന്‍ കോഴി മുട്ടയില്‍നിന്ന്‌ ദിനോസറിനെ പുറത്തിറക്കാനുള്ള കഠിന പരിശ്രമത്തിലാണ്‌ ഹാര്‍വാര്‍ഡിലെ ബയോളജിസ്‌റ്റായ ഡോ. ആര്‍കത്ത്‌ അബസ്‌ഹാനോവിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്‌ഞര്‍. കോഴിമുട്ടയ്‌ക്കുള്ളിലെ ഭ്രൂണത്തില്‍നിന്നു ചീങ്കണ്ണിയുടെ പോലെ നീളമേറിയ മൂക്കുള്ള ജീവിയെ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ക്കു കഴിഞ്ഞതിന്റെ ചുവടുപിടിച്ചാണ്‌ ഹാര്‍വാര്‍ഡ്‌ ശാസ്‌ത്രജ്‌ഞരുടെ പരീക്ഷണം. ജുറാസിക്‌ പാര്‍ക്ക്‌ എന്ന ശാസ്‌ത്ര സിനിമയില്‍ കാണുന്നപോലെ മലപോലുള്ള ദിനോസറിനെയല്ല. ചെറുദിനോസറിനെ സൃഷ്‌ടിക്കാനാണ്‌ ശാസ്‌ത്രജ്‌ഞരുടെ സംഘം പരിശ്രമിക്കുന്നത്‌.

ഐവി ലീഗ്‌ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞരാണ്‌ കോഴിമുട്ടയ്‌ക്കുള്ളിലുള്ള ഭ്രൂണത്തിലെ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ വരുത്തി കോഴിയുടെ കൊക്കുകള്‍ക്കു പകരം ചീങ്കണ്ണിയുടെ മൂക്കുകള്‍പോലുള്ള ജീവിയെ സൃഷ്‌ടിക്കാമെന്നു കണ്ടെത്തിയത്‌.

കോഴിയുടെ ഭ്രൂണത്തിലെ ഡിഎന്‍എയില്‍ മാറ്റം വരുത്തിയാണ്‌ ദിനോസറിനെയും സൃഷ്‌ടിക്കുക. ഭ്രൂണവളര്‍ച്ചയുടെ ആരംഭഘട്ടത്തിലാണ്‌ ഭ്രൂണത്തിലെ ഡിഎന്‍എയില്‍ മാറ്റം വരുത്തുന്നത്‌. പരീക്ഷണം വിജയത്തിലെത്തുമെന്നാണ്‌ ശാസത്രലോകത്തിന്റെ പ്രതീക്ഷ.

26.8.2011 mangalam കൗതുക വാര്‍ത്തകള്‍

വയനാട് വന്യജീവി സങ്കേതത്തിലെ നിരീക്ഷണ സംവിധാനം വിജയത്തിലേക്ക്‌

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവികളെ കുറിച്ചുള്ള നിരീക്ഷണ -പരീക്ഷണങ്ങള്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിങ് ഏജന്‍സിയുടെ സഹായത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്.

കഴിഞ്ഞ മാസം മുത്തങ്ങയില്‍ സ്ഥാപിച്ച ഒളി ക്യാമറയില്‍ തെളിഞ്ഞത് കടുവയുടെയും, ആനയുടെയും പുലിയുടെയും കരടിയുടെയും നിരവധി ചിത്രങ്ങളാണ്. അഞ്ച് കടവയുടെയും രണ്ടു പുലികളുടെയും ചിത്രങ്ങള്‍ ക്യാമറയിലുണ്ടായിരുന്നു. ചിത്രങ്ങള്‍ നോക്കി ഡബ്ല്യു.ഡബ്ല്യൂ. എഫ്. സംഘം ഇവയെ കുറിച്ച് പഠനം നടത്തിവരുന്നു. ഇതിനിടയില്‍ മുത്തങ്ങയില്‍ സ്ഥാപിച്ച ആറു ക്യാമറകളില്‍ ഒന്ന് കാട്ടാന തകര്‍ക്കുകയും ചെയ്തു.

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിലാണ് പരീക്ഷണങ്ങള്‍ നടത്തി വിജയകരമാക്കിയത്. കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന മേഖലയും, തമിഴ്‌നാടിന്റെ മുതുമല വന്യജീവി സങ്കേതവും ഈ റെയ്ഞ്ചിനോട് ചേര്‍ന്നാണ് കിടക്കുന്നത്. ഇവിടം എല്ലാ തരത്തിലുമുള്ള അപൂര്‍വ വന്യജീവികളാലും സമ്പന്നമാണ്. ആവശ്യമായ തീറ്റയും വാസ കേന്ദ്രവും മുത്തങ്ങയെ മറ്റു വന്യജീവി സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കൂടാതെ ഇവിടത്തെ ജൈവ വൈവിധ്യം പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.

കരിമ്പുലികളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുന്ന ആദ്യ ദൗത്യം 2000ല്‍ മുത്തങ്ങയിലാണ് തുടങ്ങിയത്. നേരത്തേ പുലികളില്‍ ഇതു ചെയ്തിരുന്നുവെങ്കിലും കരിമ്പുലികളില്‍ കേരളത്തില്‍ ആദ്യത്തെ പരീക്ഷണം ഇവിടെയാണ് നടന്നത്. ബത്തേരിക്കടുത്ത ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും പിടികൂടിയ കരിമ്പുലിയിലായിരുന്നു ഇത്. ഇത് വിജയകരമാകുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഇതിന്റെ ട്രാന്‍സ്മിറ്ററില്‍ നിന്നും സിഗ്‌നലുകള്‍ കിട്ടിക്കൊണ്ടിരുന്നു. 2000 ഡിസംബര്‍ 12നായിരുന്നു പരീക്ഷണം. ഇതിന് ശേഷം രോഗം വന്ന കാട്ടാനകളെ മയക്കുവെടിവെച്ച് വീഴ്ത്തി ചികിത്സ നടത്തുന്ന പദ്ധതിയും പലപ്പോഴായി നടന്നു. ഇതില്‍ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു.

കടുവ സെന്‍സസിന്റെ പേരില്‍ 2007 മെയ് മാസം തോലെ്പട്ടിയില്‍ ഒളിക്യാമറവെച്ച് കുടുവയടക്കമുള്ള മൃഗങ്ങളുടെ കണക്കെടുപ്പിന് തുടക്കം കുറിച്ചു. ഈ ഒളിക്യാമറ പദ്ധതി വനംവകുപ്പിന് വന്‍നേട്ടമായിരുന്നു. ക്യാമറയില്‍ കടുവയും പുലിയും കരടിയും ഏറെയത്തി കടുവയുടെ ചിത്രങ്ങളിലെ വ്യത്യസ്തത ഗവേഷണത്തിന് വിധേയമാക്കാനും കഴിഞ്ഞു.

2007ല്‍ തന്നെ മുത്തങ്ങയില്‍ വനംവകുപ്പിന്റെ ആനകളെക്കൊണ്ട് ശല്യക്കാരായ കാട്ടാനകളെ മെരുക്കുന്ന പദ്ധതിക്കും രൂപം നല്‍കിയിരുന്നു. ഇതും ഏറെ വിജയകരമായി.

2011 ജൂണില്‍ ശല്യക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ കാട്ടാനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന പദ്ധതിക്ക് വിജയകരമായ തുടക്കം കുറിച്ചു. ഡബ്ല്യു.ഡബ്ല്യു. എഫിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതി തുടക്കത്തില്‍ വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് ഒറ്റയാന്‍ അതിസാഹസികമായി കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ ഊരി എറിഞ്ഞു. ആദ്യം ഒറ്റയാന്റെ നീക്കം അറിഞ്ഞ് കൃഷിയിടത്തില്‍ ഇറങ്ങുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞു.

ഒളിക്യാമറയിലെ ചിത്രങ്ങള്‍ ശേഖരിക്കുന്നതും വന്യജീവി പഠനം നടത്തുന്നതും ഡബ്ല്യൂ. ഡബ്ല്യൂ.എഫിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

26 Aug 2011 mathrubhumi wayanad news

Thursday, August 25, 2011

താടിക്കഴുകന്‍മാര്‍ തിരിച്ചു വരുന്നു

ഇന്ത്യയില്‍ കഴുകന്‍മാരുടെ സംഖ്യ ആശങ്കാജനകമാംവിധം കുറയുന്നതിനിടെ, താടിക്കഴുകന്‍മാരുടെ ഇരുന്നൂറോളം വരുന്ന കൂട്ടത്തെ ഹിമാചല്‍ പ്രദേശിലെ വിദൂര ജില്ലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട വിവരമാണിതെന്നും, ഇക്കാര്യം വന്യജീവിസംരക്ഷണ അധികൃതര്‍ സ്ഥിരീകരിക്കാന്‍ പോകുന്നതേയുള്ളുവെന്നും സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനയ് ടാന്‍ഡന്‍ അറിയിച്ചു.

ചൈന-ഇന്ത്യ അതിര്‍ത്തിയിലെ ഹിമാലയന്‍ മേഖലയിലാണ് താടിക്കഴുകന്‍മാര്‍ (Lammergeiers) കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന വിതാനത്തില്‍ ഇത്രയും വലിയ കൂട്ടത്തെ കണ്ടെത്തിയെന്ന വാര്‍ത്ത പക്ഷിസ്‌നേഹികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനം കഴുകന്‍മാരില്‍ നാലും കടുത്ത ഉന്‍മൂലന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് പ്രധാന്യമേറെയാണ്.

ഹിമാചല്‍ പ്രദേശില്‍ വിദൂരജില്ലയിലെ ലാഹോള്‍-സ്​പിറ്റിയിലാണ് താടിക്കഴുകന്‍മാരുടെ കൂട്ടത്തെ കണ്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നീളമേറിയ ചിറകുകളുള്ള ഈ പക്ഷികള്‍, കൊത്തിയെടുത്ത എല്ലുകള്‍ പറക്കുന്നതിനിടെ പാറകള്‍ക്ക് മേലിട്ട് പൊട്ടിച്ച്, എല്ലിനകത്തെ മജ്ജ കഴിക്കുന്ന ബുദ്ധിമാന്‍മാരാണ്. ലോകത്താകെ രണ്ടായിരത്തിനും പതിനായിരത്തിനും ഇടയില്‍ താടിക്കഴുകന്‍മാര്‍ അവശേഷിക്കുന്നു എന്നാണ് കണക്ക്.

ഇന്ത്യയുള്‍പ്പടെ ദക്ഷിണേഷ്യന്‍ മേഖലയില്‍ കഴുകന്‍മാരുടെ നാശത്തിനിടയാക്കിയത്, കന്നുകാലികള്‍ക്ക് നല്‍കുന്ന വേദനസംഹാരിയായ 'ഡിക്ലോഫെനാക്' ആണ്. ഈ മരുന്നു നല്‍കിയ കാലികളുടെ മാംസം കഴിക്കുന്ന കഴുകന്‍മാര്‍ക്ക് പുനരുത്പാദനത്തിനുള്ള ശേഷി നഷ്ടപ്പെടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഒന്നര പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ കഴുകന്‍മാര്‍ വന്‍തോതില്‍ നശിച്ചത്.

ഈ ഔഷധം മൂലം താടിക്കഴുകന്‍മാര്‍ക്ക്, പക്ഷേ വലിയ കുഴപ്പമുണ്ടായില്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എങ്കിലും അവയുടെ സംഖ്യയും ഇന്ത്യയില്‍ വന്‍തോതില്‍ കുറയുകയായിരുന്നു.

കഴുകന്‍മാരുടെ നാശം പാഴ്‌സികളെപ്പോലുള്ള ജനവിഭാഗങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ ശവസംസ്‌ക്കാരചടങ്ങുകള്‍ പോലും നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. മരിച്ചയാളുടെ ജഢം മതപരമായ ചടങ്ങുകളോടെ, ശ്മശാനത്തില്‍ കഴുകന്‍മാര്‍ക്ക് തിന്നാന്‍ നല്‍കുകയാണ് പാഴ്‌സികളുടെ പതിവ്. നൂറ്റാണ്ടുകളായി നിലനിന്ന ഈ രീതി കഴുകന്‍മാരുടെ എണ്ണം കുറഞ്ഞതോടെ അസാധ്യമായി.

കഴുകന്‍മാരുടെ അഭാവത്തില്‍, മുംബൈ പോലുള്ള നഗരങ്ങളിലെ ശ്മശാനങ്ങളില്‍ ശവം വേഗം ദ്രവിച്ചു നശിക്കാനായി, ഗ്ലാസ് ദര്‍പ്പണങ്ങള്‍ ഉപയോഗിച്ച് അതിലേക്ക് സൂര്യപ്രകാശം പതിപ്പിക്കുന്ന രീതി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താടിക്കഴുകന്‍മാരുടെ വലിയൊരു കൂട്ടത്തെ കണ്ടെത്തി എന്നതുകൊണ്ട്, സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അമാന്തം പാടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം, നടപടികളില്‍ ശക്തമാക്കിയില്ലെങ്കില്‍ പത്ത് വര്‍ഷത്തിനകം അവസാനത്തെ കഴുകനും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് അപ്രത്യക്ഷമാകും- ബേര്‍ഡ് ഇന്റര്‍നാഷണല്‍ വക്താവ് ക്രിസ് ബൗഡെന്‍ പറയുന്നു.

Mathrubhumi News Special

മുളയരി ശേഖരണം റെക്കോഡ് ഭേദിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാടന്‍ കാടുകളില്‍ മുളങ്കാടുകള്‍ വ്യാപകമായി പുഷ്പിച്ച ഈ വര്‍ഷം സൊസൈറ്റികളും വ്യക്തികളും പതിനായിരക്കണക്കിന് കിലോ മുളനെല്ല് കാട്ടില്‍നിന്നും ശേഖരിച്ചു. ഇതിന് മുമ്പൊരിക്കലും ഈ രീതിയില്‍ മുളയരി സംഭരിച്ചിട്ടില്ല.

കല്ലൂരിലെ പട്ടികവര്‍ഗ സഹകരണസംഘം ആദിവാസികള്‍ വഴി 13 ടണ്‍ മുളനെല്ലാണ് സംഭരിച്ചത്. വ്യക്തികളില്‍നിന്നും രണ്ടു ടണ്‍ അരിയും വാങ്ങി സൊസൈറ്റി വഴി വിറ്റു. ഇതിനെക്കാള്‍ ഏറെ മുളനെല്ല് മറ്റു വ്യക്തികളും ആദിവാസികളും കാട്ടില്‍നിന്നും ശേഖരിച്ച് വില്പന നടത്തിയിട്ടുണ്ട്.

കല്ലൂര്‍സംഘം ആദിവാസികളില്‍നിന്നും ഒരു കിലോ 40 രൂപ പ്രകാരം വാങ്ങി ഉണക്കി കുത്തിച്ചാണ് വില്പന നടത്തുന്നത്. 13 ടണ്‍ നെല്ലില്‍നിന്നും സൊസൈറ്റി ഏഴു ടണ്‍ അരിയാക്കി വിറ്റു. നെല്ലായും വിറ്റിട്ടുണ്ട്. മുളയരി മഴക്കാലത്ത് ഉപയോഗിക്കാനാണ് ഏറ്റവും നല്ലത്.

ആദിവാസികളും മറ്റും കാട്ടില്‍നിന്നും ശേഖരിച്ച് വെച്ച മുളനെല്ല് വയനാട്ടില്‍ വന്ന് ചില ഏജന്‍സികള്‍ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍നിന്നും വരുന്നവര്‍ ടണ്‍കണക്കിന് മുള നെല്ലും അരിയും വാങ്ങിക്കൊണ്ടുപോകുന്നു.

കല്ലൂര്‍ സൊസൈറ്റിയുടെ കല്ലൂരിലെ സംഘം സ്റ്റോറില്‍നിന്നും മുത്തങ്ങയിലെയും ബത്തേരി കോട്ടക്കുന്നിലെയും വില്പന കേന്ദ്രങ്ങള്‍ വഴി ആവശ്യക്കാര്‍ക്ക് മുളയരി നല്‍കുന്നുണ്ട്. കിലോക്ക് നൂറു രൂപയാണെന്ന് കല്ലൂര്‍ പട്ടികവര്‍ഗ സഹകരണസംഘം സെക്രട്ടറി പി.എം. ജോര്‍ജ് പറഞ്ഞു. ഇത്തവണ മുളനെല്ല് സംഭരണത്തിലൂടെ ആദിവാസികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപയെത്തി. സംഭരിച്ച നെല്ലില്‍ പ്രാണിശല്യം ഉണ്ടാകാതിരിക്കാന്‍ പുല്‍ത്തൈലത്തിന്റെ പുല്ല് നെല്‍ക്കൂനയില്‍ വിതറിയിടും.

മുപ്പത് മുതല്‍ നാല്പത് വര്‍ഷം കൂടുമ്പോഴാണ് മുളങ്കാടുകള്‍ കൂട്ടമായി പൂക്കുന്നത്. വയനാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തവണയാണ് ഇത്രയധികം മുള പുഷ്പിച്ചത്. മുളങ്കാടിന് ചുറ്റും പ്ലാസ്റ്റിക്പായ കെട്ടിയും വിരിച്ചും കാവലിരുന്നാണ് കാട്ടില്‍നിന്നും മുളയരി ശേഖരിച്ചത്. കൊഴിഞ്ഞുവീഴുന്ന മുളനെല്ല് പാറ്റിപെറുക്കിയെടുക്കുന്നതില്‍ ആദിവാസികളാണ് മുന്നില്‍. കുറുമരും പണിയരും നായ്ക്കരുമെല്ലാം ഇവ കാട്ടില്‍ കാവലിരുന്ന് സംഭരിക്കാറുണ്ട്. മുള പൂത്തുവരുമ്പോള്‍ അത് തിന്നുന്നതിന് കാട്ടാനകളുമെത്താറുണ്ട്.

25 Aug 2011 Mathrubhumi wayanad News

മുളക് വിളവെടുപ്പ് ആരംഭിച്ചു

മലയാളികള്‍ക്കിടയില്‍ പേരുകേട്ട വളാഞ്ചേരി മുളക് വിളവെടുപ്പ് ആരംഭിച്ചു. കൊണ്ടാട്ടം ഉണ്ടാക്കാനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സീസണാകുന്നതോടെ വളാഞ്ചേരിയിലെത്തും. മുളകില്‍ മോരു പുരട്ടി ഉണക്കിയെടുത്താല്‍ മാസങ്ങളോളം മുളക് കേടുവരാതെയിരിക്കും. മറ്റു ഭാഗങ്ങളില്‍നിന്നു ലഭിക്കുന്ന മുളകിനെക്കാളും സ്വാദ് കൂടുതലുള്ളതിനാലാണു പലരും ഇവിടെയെത്തുന്നത്.

എടയൂര്‍ പഞ്ചായത്തിലെ എടയൂര്‍, വടക്കുംപുറം, കരേക്കാട്, ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂര്‍, മങ്കേരി, മേച്ചേരിപറമ്പ് എന്നിവിടങ്ങളിലും ആതവനാട്, വളാഞ്ചേരി, മാറാക്കര, കുറ്റിപ്പുറം പഞ്ചായത്തുകളില്‍പെട്ട അമ്പലപറമ്പ്, പേരശന്നൂര്‍, പൈങ്കണൂര്‍, മൂടാല്‍, കാര്‍ത്തല, അമ്പലപറമ്പ്, താണിയപ്പന്‍കുന്ന്, ആതവനാട്, കരിപ്പോള്‍, കാടാമ്പുഴ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ മുളക് പ്രധാനമായും കൃഷി ചെയ്യുന്നത്.

മഴ തുടങ്ങുന്നതോടെ മുളകില്‍ തൈ പാകും. 15 ദിവസത്തിനകം പറിച്ചു നടും. 60 ദിവസം തീവ്ര പരിചരണം നടത്തിയാല്‍ ഓഗസ്റ്റ് അവസാനത്തോടെ മുളക് വിളവെടുപ്പിനു പാകമാ വും. 50 രൂപയാണ് ഒരു കിലോയ്ക്ക് ഇപ്പോഴത്തെ വില. സീസണാകുന്നതോടെ ഇത് 100 രൂപ വരെയെത്തും.

ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴ വിളവിനെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.

ഇടയ്ക്കിടെ വെയില്‍ ലഭിക്കാത്തതിനാല്‍ തൈകള്‍ വേണ്ട രീതിയില്‍ വളര്‍ന്നില്ല. ഉള്ള തൈകള്‍ക്കു കരുത്തു കുറഞ്ഞതു വിളവിനെ പ്രതികൂലമായി ബാധിച്ചു. വിളവ് കുറഞ്ഞതു മൂലം ഈ വര്‍ഷം വിലയില്‍ വലിയ കുറവു വരില്ലെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.

ചൊവ്വാഴ്ചകളിലെ ആഴ്ച ചന്തയിലാണു വ്യാപാരം. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ കര്‍ഷകര്‍ ചന്തയില്‍ മുളക് എത്തിക്കും. ഈ പതിവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കൊണ്ടാട്ടം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്കാരും വളാഞ്ചേരിയിലെത്തി വലിയ അളവില്‍ മുളകു വാങ്ങാറുണ്ട്.

25.8.2010 Metrovaartha

Wednesday, August 24, 2011

സൂര്യത്തോല്‍ വെള്ളച്ചാട്ടം ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യം

തിരുനന്തപുരം : അഗസ്ത്യ മലനിരകളില്‍ നിന്നു ഉത്ഭവിക്കുന്ന സൂര്യത്തോല്‍ വെള്ളച്ചാട്ടം കാണാന്‍ തിരക്കേറുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടം ടൂറിസം മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.

വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ നെല്ലിക്കുന്ന് ആദിവാസി ഊരില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം. നിബിഡ വനത്തിലൂടെ മലമടക്കുകളും പുല്‍മേടുകളും താണ്ടിയുള്ള സൂര്യത്തോലിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്കു നവ്യാനുഭവമാണു നല്‍കുന്നത്. വനപാലകരുടെ കര്‍ശന നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. അതിനാല്‍ യാത്രയ്ക്ക് അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം. കുതിരപ്പാത മലയില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറു നീരുറവകള്‍ ഒത്തുചേര്‍ന്ന് ഒരു അരുവിയായി തീര്‍ന്നാണ് സൂര്യത്തോലില്‍ എത്തുന്നത്.

അപൂര്‍വ ഔഷധസസ്യങ്ങളുടെ കേന്ദ്രമാണിവിടം. വേഴാമ്പല്‍ തുടങ്ങിയ അപൂര്‍വയിനം പക്ഷികളും കരടി, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍ എന്നിവയും ഇവിടെ ധാരാളമുണ്ട്. വഴുക്കല്‍ പാറകള്‍ നിറഞ്ഞ വെള്ളച്ചാട്ടവും അരുവിയും അപകട സാധ്യതയേറിയതാണ്. ചെറിയൊരു അശ്രദ്ധകൊണ്ടു സഞ്ചാരികള്‍ക്കു ജീവന്‍ വരെ നഷ്ടമായേക്കാം. ഒരുകാലത്തു ആദിവാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമാണിവിടം. എന്നാലിപ്പോള്‍ മൂന്നു കിലോമീറ്റര്‍ താഴെ നെല്ലിക്കുന്നില്‍ മാത്രമാണ് ആദിവാസികളുള്ളത്. ഇവരുടെ മാര്‍ഗനിര്‍ദേശപ്രദാമാണു സഞ്ചാരികളുടെ ഇപ്പോഴത്തെ യാത്ര.

സൂര്യത്തോലിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും വേണ്ടത്ര ഗൈഡുകളെയും നിയമിച്ചാല്‍ ജില്ല യിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറും.

22.8.2011 Metrovaartha Thruvananthapuram News

ദേശാടനക്കിളികള്‍ എത്തി

ചങ്ങനാശേരി : ചീരംചിറ നിവാസികളില്‍ കൗതുകമുണര്‍ത്തി ദേശാടനപ്പക്ഷിക്കൂട്ടം. ചീരംചിറ മണ്ണാത്തിപ്പാറ സെറ്റില്‍മെന്റ് കോളനിയിലാണ് വലിയപക്ഷികളും കുഞ്ഞുങ്ങളുമടങ്ങുന്ന ദേശാടനക്കിളിക്കൂട്ടം വിരുന്നിനെത്തിയത്. കോളനിക്ക് സമീപത്തെ പുരയിടത്തിലാണ് ആദ്യം കിളികളെ കണ്ടത്.
താറാവിനോട് സാദൃശ്യമുള്ള തള്ളപ്പക്ഷിക്ക് ചാരനിറമാണ്. പക്ഷിക്കുഞ്ഞുങ്ങള്‍ക്കും താറാവിന്‍കുഞ്ഞിനോട് സാദൃശ്യമുണ്ട്. വെള്ളയും കറുപ്പും നിറത്തോടുകൂടിയ കുഞ്ഞുങ്ങള്‍ക്ക് ഒരാഴ്ച പ്രായം മാത്രമാണുള്ളത്.
പുരയിടത്തിലെ കുറ്റിക്കാട്ടില്‍നിന്ന് സമീപത്തെ റോഡിലേക്ക് ഇറങ്ങിയ പക്ഷിക്കൂട്ടത്തെ കാക്കയും മറ്റും ആക്രമിക്കാന്‍ എത്തിയതോടെ പക്ഷിക്കുഞ്ഞുങ്ങളെ കോളനിവാസികള്‍ സമീപത്തെ വീടിന്റെ മുറ്റത്ത് പ്രത്യേകം കൂടൊരുക്കി അതിലേക്ക് മാറ്റി.കുഞ്ഞുങ്ങള്‍ക്ക് ഒരുക്കിയ കൂടിന് സമീപത്തെ മരങ്ങളില്‍ തന്നെ തള്ളപ്പക്ഷികളുമുണ്ട്.

24.8.2011 Madhyamam Kottayam News

പാലക്കാട്ട് 50 ടണ്‍ ശേഷിയുള്ള മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ നടപടി

പാലക്കാട്: പ്രതിദിനം 50 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ഖരമാലിന്യ സംസ്കരണ പ്ളാന്റ് പാലക്കാട്ട് സ്ഥാപിക്കാന്‍ നടപടി. വിദേശ കമ്പനിയായ യുണികോയുടെ സഹായത്തോടെ സംസ്ഥാനത്തെ ആദ്യത്തെ പദ്ധതി എന്ന നിലയിലാണ് പാലക്കാട് നഗരസഭയില്‍ ഇത് നടപ്പാക്കുന്നത്.

രണ്ടരകോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.ശേഖരിക്കുന്ന മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റി കമ്പനി തന്നെ വിപണി കണ്ടെത്തി ലാഭത്തിന്റെ ഒരു വിഹിതം നഗരസഭയ്ക്ക് നല്‍കും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിച്ച് ടാറിങ്ങിന് ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ മുന്‍കൈ എടുത്താണ് പാലക്കാട് നഗരസഭയില്‍ പദ്ധതി നടപ്പാക്കുന്നത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടു പ്ളാന്റുകള്‍ നിലവിലെ ഖരമാലിന്യ സംസ്കരണ പ്ളാന്റില്‍ സ്ഥാപിച്ചാണ് സംസ്കരണം. കുടുംബശ്രീയുടെ സഹകരണത്തോടെയാകും മാലിന്യങ്ങള്‍ ശേഖരിക്കുക. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പാലക്കാട് നഗരസഭയില്‍ പദ്ധതി നടപ്പാക്കാന്‍ ചെയര്‍മാന്‍ എ.അബ്ദുല്‍ ഖുദ്ദൂസിന്റെ അധ്യക്ഷതയില്‍ നടന്നകൌണ്‍സില്‍ യോഗം അനുമതി നല്‍കി. നഗരസഭയുടെ സമ്മതം സര്‍ക്കാരിനെ അറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും സ്ഥാപനവും തമ്മില്‍ കരാറും ഒപ്പിടേണ്ടതുണ്ട്. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സഹായം കൂടി ഉള്ളതിനാല്‍ രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് നഗരസഭയില്‍ മാത്രം പ്രതിദിനം 42 ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ അഞ്ചു ടണ്‍ മാലിന്യം മാത്രമാണ് ഇപ്പോള്‍ സംസ്കരിക്കുന്നത്. പദ്ധതി വിപുലീകരിക്കുന്നതോടെ സമീപ പഞ്ചായത്തുകളിലെ മാലിന്യങ്ങളും ഇവിടെ സംസ്കരിക്കാന്‍ സാധിക്കും.

manoramaonline palakkad news

Tuesday, August 23, 2011

മുല്ലശേരി പഞ്ചായത്ത് പ്ളാസ്റ്റിക് വിമുക്തമാക്കല്‍; നടപടി തുടങ്ങി

പാവറട്ടി: മുല്ലശേരി പഞ്ചായത്തും ഭാരത് ഹെറിറ്റേജ് ഫോഴ്സും (ബി.എച്ച്.എഫ്) ചേര്‍ന്ന് പ്ളാസ്റ്റിക് വിമുക്ത പരിപാടി ആംഭിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും പ്ളാസ്റ്റിക് ശേഖരിക്കുന്നതിന് ബി.എച്ച്.എഫ് നല്‍കുന്ന സഞ്ചി നല്‍കി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഭരതന്‍ നിര്‍വഹിച്ചു. വീടുകളില്‍ ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാര്‍ മുഖേന മാസത്തില്‍ ഒരിക്കല്‍ ബി.എച്ച്.എഫ് പ്രതിനിധികള്‍ ശേഖരിക്കും. റീസൈക്ളിങ് ചെയ്ത് ചെടിച്ചട്ടികള്‍, ഡസ്റ്റ്ബിന്‍ മാറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. മുല്ലശേരി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ മുതലായവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ടമായി പഞ്ചായത്തിലെ ജൈവമാലിന്യങ്ങള്‍ ഉല്‍ഭവസ്ഥാനത്തുതന്നെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റി ജൈവ പച്ചക്കറി ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് ബി.എച്ച്.എഫ് അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് കെ.പി. ആലി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സതിവാസു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍. സുഗുണന്‍, വാര്‍ഡംഗങ്ങളാരായ സി.എ. ബാബു, കെ.കെ. സുരേഷ് ബാബു, സബീന ബബ്ലു, മോഹനന്‍ ബിച്ച്.എഫ് ജില്ലാ കോഓഡിനേറ്റര്‍മാരായ ശങ്കരന്‍ കുന്നത്തുവളപ്പില്‍, രഘു എരണേഴത്ത്, ബിജേഷ് പന്നിപുലത്ത്, ഉണ്ണികൃഷ്ണന്‍ കുന്നംകുളം, പി.ടി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്ളാസ്റ്റിക് കവറുകള്‍ നിരോധിക്കുന്നതിന്‍െറ ഭാഗമായി പ്രസിഡന്‍റിന്‍െറയും അംഗങ്ങളുടെയും നേതൃത്വത്തില്‍ വീടുകളില്‍നിന്ന് പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമായി.
തളിക്കുളം സെന്‍ററിലെ വീടുകളില്‍ നിന്ന് പ്ളാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചു. പ്ളാസ്റ്റിക് നിരോധം ആവശ്യപ്പെട്ടുള്ള ലഘുലേഖകളും വിതരണം ചെയ്തു.
പ്രവര്‍ത്തനത്തിന് തുടക്കമിട്ട് വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നോട്ടിസ് അച്ചടിച്ച് വിദ്യാര്‍ഥികള്‍ മുഖേന അറിയിപ്പ് നല്‍കാനും തീരുമാനിച്ചു.
ബോധവത്കരണവും പ്ളാസ്റ്റിക് കവറുകള്‍ നിര്‍ത്തലാക്കുന്നതിനൊപ്പം ബദല്‍ സംവിധാനമെന്ന നിലയില്‍ കുടുംബശ്രീ മുഖേന തുണിസഞ്ചികള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ ആംഭിക്കാനും തീരുമാനിച്ചു.
കുടുംബശ്രീയും പഞ്ചായത്ത് അംഗങ്ങളും ശേഖരിക്കുന്ന പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഹെറിറ്റേജ് ഫോഴ്സ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കൊണ്ടുപോയി റീസൈക്ളിങിലൂടെ ചെടിച്ചട്ടിയും ഡസ്റ്റ്ബിന്നുകളും ഉണ്ടാക്കും. പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന്‍റ ഉദ്ഘാടനം പി.ഐ. ഷൗക്കത്തലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ഗീത വിനോദന്‍ അധ്യക്ഷത വഹിച്ചു.
ചാവക്കാട്: സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധത്തിന്‍റ ഭാഗമായി ചാവക്കാട് നഗരസഭ അതിര്‍ത്തിയില്‍ അടുത്തമാസം രണ്ട് മുതല്‍ പൂര്‍ണമായും പ്ളാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്ളാസ്റ്റിക് കവറുകള്‍ കടകളില്‍ നിന്നും പിടിച്ചെടുത്താല്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കും.

23.8.2011 Madhyamam Thrissur News.

വളയന്‍ തോടു കുളവാഴകള്‍ പൂത്തു

ചാവക്കാട്:വളയന്‍ തോടു പരിസരത്തെ തോടുകളിലെ കുളവാഴകള്‍ പൂത്തു,കണാന്‍ എന്തൊരു ചേല്. ഭാരതത്തിലെ തോടുകള്‍ ഹരിതാഭമാക്കാന്‍ വിദേശി കൊണ്ടുവന്ന ഈ ചെടി തോടായ തോടെല്ലാം കീഴടക്കി.നമ്മുടെ ജലാശയങ്ങളില്‍ പച്ചപ്പു വിരിച്ചു ,ചില കാലങ്ങളില്‍ പച്ചപ്പിനൊടൊപ്പം നീല നിറവും .അരും അറിയാതെ ജലം മലിനമാക്കി.തദ്ദേശിയരായ മീനുകളെ
ഇല്ലാതാകി.കുട്ടികളുടെ നീന്തല്‍ സ്ഥലങ്ങള്‍ ഇല്ലാതാക്കി,കക്കവാരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. അങ്ങനെ എന്തൊക്കെ.... കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതിന്റെ ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കരിംകൂള എന്നും പേരുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്താണിവയുടെ ജന്മദേശം.

തണല്‍ മരം ന്യൂസ് 23.8.2011

Monday, August 22, 2011

ലോക നാട്ടറിവ് ദിനം

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക നാട്ടറിവ് ദിനം ആചരിച്ചു.
നമ്മുടെ ഔഷധ സസ്യങ്ങളായ തുംബ,മുക്കുറ്റി,മുയല്‍ചെവി,പതിമുഗം,കയൂന്നി,ചിറ്റാമ്രുത് എന്നിവക്കൊപ്പം മെക്കയില്‍ നിന്നെത്തിയ ഒരതിഥി കൂടി ഉണ്ടായിരുന്നു പ്രദര്‍ശനത്തിന്.
സുഖപ്രസവത്തിനു ഒരു ഒറ്റമൂലി 24 മണിക്കൂര്‍ വെള്ളത്തിലിട്ടുവെച്ച് ആ വെള്ളം കുടിച്ചാല്‍ മതി,സുഖപ്രസവം സാധ്യം. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റൈന.കെ.കൊച്ചുണ്ണി പ്രദര്‍ശനം ഉല്‍ഘാടനം ചൈതു.അധ്യാപകരായ എന്‍.ജെ ജയിംസ്,പി.കെ സിറാജുദ്ധീന്‍,ഒ.വി. ലതിക,ഷീബ വര്‍ഘീസ്,എന്‍.എ.മോളി,സി.റ്റി.ബീന,വിദ്യാര്‍ത്ഥികളായ സ്നേഹ, സൂരജ്,ആശിഫ,കെ എച്,ഫാത്തിമത്,ഹസീന സി.എ ,എന്നിവരും നേത്രുത്വം നല്‍കി.

തണല്‍ മരം ന്യൂസ് 22.8.2011

പഴവിപണിയില്‍ വിദേശി ആധിപത്യം

കണ്ണൂര്‍: റംസാന്‍കാലമായതോടെ വിപണിയില്‍ വിദേശിപ്പഴങ്ങളുടെ ആധിപത്യം. സപ്പോട്ടയെപ്പോലെ മൊഞ്ചുള്ള ന്യൂസീലന്‍ഡുകാരനാണ് വിപണിയിലെ മുഖ്യതാരം. പേര് കിവി. ഈ പേര് എങ്ങനെ വീണുവെന്ന് കച്ചവടക്കാര്‍ക്കറിയില്ല. കിവി പക്ഷിയുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്നാണ് ഇത് വാങ്ങാനെത്തിയ ഒരാളുടെ അഭിപ്രായം. കൂടെയുള്ളയാള്‍ കുറച്ചുകൂടി ആധികാരികമായി പറഞ്ഞു; കിവി പക്ഷിയുടെ മുട്ടയുടെ ആകൃതിയാണത്രെ ഇതിന്. എങ്കിലും ഈ ന്യൂസീലന്‍ഡുകാരന്‍ രുചിയില്‍ മുമ്പനാണ്. കിലോഗ്രാമിന് 300 രൂപയാണ് കിവിയുടെ വില. മലേഷ്യയില്‍നിന്നുവന്ന 'ലിച്ച്' സുന്ദരന്‍ മാത്രമല്ല, ജനപ്രിയന്‍ കൂടിയാണ്. ഇതിന് ലോഗന്‍ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. കിലോയ്ക്ക് 200 രൂപയാണ് ലിച്ചിന്റെ വില. പഴക്കടകളെ അലങ്കരിച്ചുനിര്‍ത്തുന്നത് മുന്തിരികളാണ്. മനോഹരമായ പായ്ക്കുകളില്‍ കാര്‍വര്‍ണത്തോടെ തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍. പക്ഷേ, മുന്തിരിയെന്നൊന്നും ഇതിനെ ഇപ്പോള്‍ ആരും വിളിക്കാറില്ല. യു.എസ്.ഗ്രേപ്പ് എന്നാണു പേര്. പഴത്തിനുള്ളില്‍ കുരുപോലും കാണില്ല. ഈ സുന്ദരി മുന്തിരിക്ക് വില 350 രൂപ. സൗത്ത് ആഫ്രിക്കയില്‍നിന്നെത്തിയതാണ് 'പിയര്‍' എന്ന പഴം. വിപണിയില്‍ നല്ല ആവശ്യക്കാരാണ്. വില 250 രൂപ. നോമ്പു നോല്‍ക്കുന്നവര്‍ക്ക് ഉറുമാമ്പഴത്തോടാണ് പ്രിയമെന്ന് കണ്ണൂര്‍മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന്‍ സമീര്‍ പറഞ്ഞു. 90 മുതല്‍ 120 രൂപവരെയാണ് ഉറുമാമ്പഴത്തിന്റെ വില.

പുളിയെന്നു കേള്‍ക്കുന്നവര്‍ക്ക് പോലും നാവില്‍ വെള്ളം നിറയും. രുചിക്കുമുമ്പേ പുളിരസത്തിന്റെ അനുഭവമറിയും. പുളിക്ക് മധുരമായാലോ! മുറ്റത്തെ പുളിമരത്തില്‍ തൂങ്ങിയാടുന്ന പുളി കണ്ടാലും തൊടിയില്‍ വീണുകിടക്കുന്ന കൊച്ചുപുളി കണ്ടാലും ക്രമേണ പുളിരസത്തിന്റെ നനവ് നാവില്‍നിന്നകന്നുപോകും. പഴക്കടയില്‍ കയറി പുളി ചോദിച്ചാല്‍ ഇപ്പോള്‍ നല്ല തായ്‌ലന്‍ഡുകാരനെ നല്‍കും. മനോഹരമായ കവറില്‍ നല്ല വാളന്‍പുളി. പക്ഷേ, രുചി മധുരമാണെന്നുമാത്രം. ഈ മധുരപ്പുളിയന്റെ വില 70 രൂപയാണ്. ആപ്പിളുകള്‍ ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികളെപ്പോലെയാണ്. നാട്ടിലെപണിക്കാരെ തരിമ്പിനുപോലും കാണാനുണ്ടാവില്ല. ഒറീസ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ളവരാണ് ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികള്‍. അതുപോലെ ഹിമാലയന്‍ ആപ്പിള്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആപ്പിള്‍ കടയില്‍ കാണാനേയില്ല. ഉണ്ടെങ്കില്‍ത്തന്നെ ഒരു മൂലയില്‍ കാര്യമായ പരിഗണന കിട്ടാതെ ഒതുങ്ങിക്കിടക്കുന്നുണ്ടാകും. വാഷിങ്ടണ്‍ ആപ്പിള്‍, ചൈനയില്‍നിന്നെത്തുന്ന ഫ്യുചി ആപ്പിള്‍, ന്യൂസീലന്‍ഡ് ആപ്പിള്‍ എന്നിങ്ങനെ നീളുന്നു പരദേശി ആപ്പിളിന്റെ പട്ടിക. 120 രൂപമുതല്‍ 150 രൂപവരെയാണ് വില. മലയാളികള്‍ കണ്ടുപരിചയിച്ച ഓറഞ്ച് ഇപ്പോള്‍ കണികാണാന്‍ പോലുമില്ലാതായി. പക്ഷേ, നല്ല സ്റ്റിക്കര്‍ പതിച്ച് സുന്ദരന്മാരായ ഓറഞ്ചിന്റെ നീണ്ടനിര കടകളിലുണ്ട്. സിട്രസ് എന്ന വിളിപ്പേരുമായി ഓസ്‌ട്രേലിയന്‍ ഓറഞ്ച്, യു.എസ്.ഓറഞ്ച്, പുണെ ഓറഞ്ച് എന്നിങ്ങനെയാണവ. ഓസ്‌ട്രേലിയന്‍ ഓറഞ്ചുതന്നെ രണ്ടുതരമുണ്ട്. 70 മുതല്‍ 90 രൂപവരെയാണ് വില. വൈവിധ്യങ്ങളില്‍ മുമ്പന്‍ ഷമാമാണ്. 18 തരം ഷമാമുകളാണ് വിപണിയിലുള്ളത്. യെല്ലോ ഷമാം, വൈറ്റ് ഷമാം എന്നിവയാണ് വിപണിയില്‍ പ്രിയപ്പെട്ടത്. ഈ വിദേശികളുടെ വരവ് ബാംഗ്ലൂര്‍ വഴിയാണ്. റംസാന്‍ അടുത്തതോടെ എല്ലാദിവസവും കണ്ണൂരില്‍ പഴങ്ങളെത്തുന്നുണ്ട്. ചില്ലറവില്പന പോലെതന്നെ മൊത്തക്കച്ചവടവും കണ്ണൂരില്‍ സജീവമായിട്ടുണ്ട്.



Posted on: 22 Aug 2011

പാരിസ്ഥിതിക സന്ദേശം നല്കി സൗഹൃദ സ്‌കൂള്‍ബാഗ്

സുല്‍ത്താന്‍ബത്തേരി: കുരുന്ന് മനസ്സുകളില്‍ പാരിസ്ഥിതിക സന്ദേശം ഉണര്‍ത്തി പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച പാരിസ്ഥിതിക സൗഹൃദ സ്‌കൂള്‍ബാഗ് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിന്നിത്തിളങ്ങുന്ന പ്ലാസ്റ്റിക്‌കൊണ്ടും മറ്റും നിര്‍മിക്കുന്ന ബാഗുമായി വരാന്‍ താത്പര്യമുള്ള പുതു തലമുറയ്ക്ക് പ്രകൃതിയുമായി അടുക്കാനുള്ള വഴിയൊരുക്കുകയാണ് പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍.

ഇവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും രംഗത്തുണ്ട്. ഈ വര്‍ഷം കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ ബാഗും സ്‌കൂളില്‍തന്നെ നിര്‍മിച്ചു. കഴിഞ്ഞ അവധിക്കാലത്ത് തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തയ്യല്‍ മെഷീന്‍ അധ്യാപകരുടെ വീടുകളില്‍ നിന്ന് കൊണ്ടു വന്നു. ചണമാണ് ബാഗിന്റെ പ്രധാന നിര്‍മാണവസ്തു. കുറഞ്ഞ ചെലവില്‍ തന്നെ ബാഗിന്റെ പണിപൂര്‍ത്തിയാക്കി ചിത്രങ്ങള്‍ കൂടി വരച്ചതോടെ ഏറെ മനോഹരമായി.

കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം.ബാഗിന്റെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാല്‍ മണ്ണില്‍തന്നെ ലയിച്ച് ചേരും. പാരിസ്ഥിതിക സന്ദേശ സൗഹൃദ സ്‌കൂള്‍ബാഗുകള്‍ കാണാന്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സ്‌കൂളിലെത്തി. കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംരംഭത്തെ എം.എല്‍.എ.അഭിനന്ദിച്ചു


Posted on: 22 Aug 2011 mathrubhumi wayanadu news

Sunday, August 21, 2011

ഓണപ്പൂക്കളങ്ങള്‍ക്കായി തമിഴ് പാടങ്ങള്‍ പൂവണിഞ്ഞു

തെന്മല: മലയാളിക്ക് ഓണപ്പൂക്കളം തീര്‍ക്കുന്നതിന് അതിര്‍ത്തിയിലെ തമിഴ് പാടങ്ങള്‍ പൂവണിഞ്ഞു. ഇക്കുറി പൂക്കൃഷിയിലേക്ക് അതിര്‍ത്തിയിലെ കൂടുതല്‍ ഗ്രാമങ്ങള്‍ വഴിമാറി.

ജമന്തിയും വാടാമുല്ലയും റോസയും തുമ്പയുംവരെ പാടങ്ങളില്‍ പൂത്തുലഞ്ഞു തുടങ്ങി. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശി, ചെങ്കോട്ട, കടയനെല്ലൂര്‍, ശങ്കരന്‍കോവില്‍, പാവൂര്‍സത്രം എന്നിവിടങ്ങളിലാണ് പൂക്കൃഷി ഏറെയും. പച്ചക്കറിക്കൃഷിക്കൊപ്പം ഇടവിളയായും അല്ലാതെയുമാണ് ഇവ നട്ടുവളര്‍ത്തിയിരിക്കുന്നത്. ഓണക്കാലം ലക്ഷ്യമാക്കിയാണ് ഇവിടങ്ങളിലെ പൂക്കൃഷി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് പ്രധാനമായും കൊണ്ടുവരുന്നത്.

അത്തം തുടങ്ങുന്ന ആഗസ്ത് 31 മുതല്‍ കൂടുതല്‍ പൂക്കള്‍ വിളവെടുപ്പിന് പരുവമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍തന്നെ മിക്ക പാടങ്ങളിലും പൂക്കള്‍ വിരിഞ്ഞുകഴിഞ്ഞു. ഇവ ഓണക്കാലംവരെ കൊഴിയാതിരിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. അങ്ങനെയല്ലാത്തവ ഇപ്പോഴേ കേരളത്തിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.

അത്തം തുടങ്ങുന്നതോടെ തമിഴ്‌നാട്ടിലെ ശങ്കരന്‍കോവിലിലും തെങ്കാശിയിലും പൂവിപണി കൂടുതല്‍ സജീവമാകും. പിന്നെ കൊല്ലം ജില്ലയില്‍നിന്നടക്കം ക്ലബുകളും വിദ്യാര്‍ഥികളുമൊക്കെ അത്തപ്പൂക്കളത്തിന് പൂ വാങ്ങാന്‍ ഇവിടേക്ക് ഒഴുകും. പൂവണിഞ്ഞ പാടങ്ങള്‍ കാണാന്‍ മലയാളികള്‍ ഇപ്പോഴേ തമിഴ്‌നാട്ടിലേക്ക് പോയിതുടങ്ങി. പാടങ്ങളില്‍ കാറ്റിനുപോലും ഇപ്പോള്‍ സുഗന്ധമാണ്.
Posted on: 21 Aug 2011 Mathrubhumi Kollam news

കര്‍ഷക ദിനാചരണം ഗംഭീരം; നെല്‍കൃഷി ചെയ്യാനാളില്ലാതെ വയലുകള്‍

കര്‍ഷക ദിനാചരണവും ആഘോഷങ്ങളും തകൃതിയായി നടക്കുമ്പോള്‍ നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാതെ വയലുകള്‍ തരിശിട്ടിരിക്കുന്നു.നെല്‍കൃഷി ചെയ്തിരുന്ന വയലുകളില്‍ പകുതിയിലേറെയും ഇപ്പോള്‍ വെറുതെ കിടക്കുകയാണ്. കൃഷി ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്ന കുറവും കൃഷിപ്പണിക്ക് ആളെ കിട്ടാനില്ലാത്തതുമാണു പ്രധാനകാരണം.

കൃഷി ചെലവു വര്‍ധിച്ചതും, കാലവര്‍ഷ കെടുതിയും കീടബാധയും ഉല്‍പാദന കുറവുംകൂടിയായപ്പോള്‍ മിക്ക കര്‍ഷകരും കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഞാറു പറിക്കാനും നടാനും ആളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആരെങ്കിലും ഇതിനു തയ്യാറായാല്‍ 500 മുതല്‍ 600 രൂപ വരെയാണ് കൂലി ചോദിക്കുന്നത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരാളം നിര്‍മാണ മേഖലയില്‍ എത്തുന്നുണ്ടെങ്കിലും നെല്‍കൃഷിയില്‍ പരിചയമില്ലാത്തതുകാരണം ഇവര്‍ ഈ മേഖലയില്‍ എത്തിപ്പെടുന്നില്ല. തൊഴിലാളി ക്ഷാമം കാരണം ഹെക്റ്റര്‍ കണക്കിന് ഭൂമിയാണ് കൃഷിയിറക്കാതെ ഇട്ടിരിക്കുന്നത്.

കീടബാധയും കാലവര്‍ഷക്കെടുതിയും കര്‍ഷകര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നു. അമിത രാസവള കീടനാശിനി ഉപയോഗം മൂലം ഉല്‍പാദനം കുറഞ്ഞതും പുതിയ വിത്തുകള്‍ പ്രതീക്ഷിച്ച വിളവു തരാത്തതും നെല്‍കൃഷി നഷ്ടത്തിലാക്കുന്നു.

മൂന്നു വിളയും ഒരുക്കിയിരുന്ന പാടങ്ങള്‍ ഒരു വിള പോലും എടുക്കാതെ കിടക്കുകയാണിപ്പോള്‍. ചിങ്ങ മാസമാകുന്നതോടെ രണ്ടാം വിളക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട കര്‍ഷകന്‍ നെല്‍വയലുകള്‍ ഉഴുതിടാനുള്ള മനസുപോലും കാണിക്കുന്നില്ല.

നെല്‍കൃഷി ചെയ്യുന്നതിനായി കൃഷി ഭവനുകള്‍ മുഖേന നിരവധി പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ വിമുഖത കാണിക്കുകയാണ്.

•Posted: 20/08/2011 metrovaartha news

പ്ലാസ്റ്റിക്കിനെതിരേ "ആര്യംപാടം മോഡല്‍'

തൃശൂര്‍: പ്ലാസ്റ്റിക് വിപത്തിനെതിരേ പോരാടാന്‍ മുന്‍ നിരയില്‍ വിദ്യാര്‍ഥികളും. പ്ലാസ്റ്റിക് സഞ്ചികള്‍ക്കു ബദലായി തുണി സഞ്ചികള്‍ നിര്‍മിച്ചാണു ആര്യംപാടം സര്‍വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള മുണ്ടത്തിക്കോട് പഞ്ചായത്തിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികള്‍ നിര്‍മിച്ച തുണി സഞ്ചികളാണു വിതരണം ചെയ്തത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് നടപ്പാക്കുന്നുവെന്നറിഞ്ഞപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരികയായിരുന്നെന്നു മാനെജര്‍ എം. ശശികുമാര്‍. തുണി സഞ്ചികള്‍ക്കാവശ്യമായ കോട്ടണ്‍ തുണി പഞ്ചായത്താണു നല്‍കിയത്.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷത്തിലെയും രണ്ടാം വര്‍ഷത്തിലെയും 100 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണു തുണി സഞ്ചി നിര്‍മിച്ചത്. നാഷണല്‍ സര്‍വീസ് സ്കീമില്‍ ഉള്‍പ്പെടുത്തി രണ്ടാഴ്ച കൊണ്ട് 22,000 തുണി സഞ്ചികളാണു വിദ്യാര്‍ഥികള്‍ തയ്ച്ചെടുത്തത്. സൗജന്യമായാണ് ആദ്യഘട്ടത്തില്‍ സഞ്ചികള്‍ നല്‍കിയത്. അടുത്ത ഘട്ടത്തില്‍ തുണി സഞ്ചികള്‍ക്ക് ഒരു രൂപ ഈടാക്കുമെന്നും ഇതു വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അജിത്കുമാര്‍.

ഗ്രാമപഞ്ചായത്ത് നല്‍കിയ തുണികള്‍ വിദ്യാര്‍ഥികള്‍ തന്നെയാണു മുറിച്ചെടുത്തതും സ്വന്തമായി തയ്ച്ചതും. സ്ക്രീന്‍ പ്രിന്‍റ് ചെയ്തതും വിദ്യാര്‍ഥികളാണ്. എന്‍എസ്എസ് കോ - ഓര്‍ഡിനേറ്റര്‍ ടോണി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു ദിവസം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിരുന്നു. തുണികള്‍ മുറിച്ചെടുക്കുകയായിരുന്നു ആദ്യപടി. ഒഴിവു സമയങ്ങളും അവധി ദിനങ്ങളും ഉപയോഗപ്പെടുത്തിയാണു ലക്ഷ്യത്തിലെത്തിയത്. സ്ക്രീന്‍ പ്രിന്‍റിങ് ടെക്നോളജി പഠിപ്പിക്കുന്ന വടക്കാഞ്ചേരി സ്കൂളില്‍നിന്ന് അധ്യാപകരെ വരുത്തിയാണു സാങ്കേതിക കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. പഠനത്തോടൊപ്പം തൊഴിലും എന്ന മഹത്തായ ആശയത്തിന്‍റെ പടിക്കലാണു തങ്ങളെത്തി നില്‍ക്കുന്നതെന്നു പ്രിന്‍സിപ്പല്‍ സി.എ. മത്തായി. പ്ലാസ്റ്റിക് വിപത്ത് തുടച്ചു നീക്കുകയെന്ന മഹായജ്ഞത്തില്‍ പങ്കാളികളാവുന്നതിനു വിദ്യാര്‍ഥികളെല്ലാവരും ആവേശത്തോടെയാണെത്തിയതെന്നും പ്രിന്‍സിപ്പല്‍.

പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണവും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്കൂളിനടത്തുള്ള കച്ചവട സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടാണു തുണി സഞ്ചികളെത്തിച്ചത്. ഓഗസ്റ്റ് ഒമ്പതു മുതലാണു മുണ്ടത്തിക്കോട് പഞ്ചായത്തില്‍ 40 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചത്.

Metrovaartha thrissur news21.8.2011

Saturday, August 20, 2011

സൂര്യന്‍ ചിരിക്കുന്നു, പാര്‍ലമെന്റില്‍

ഹരിതവഴിയില്‍ മാതൃകകാട്ടാന്‍ ഇന്ത്യന്‍ പാര്‍ലമെന്റും. പാര്‍ലമെന്റ് വളപ്പില്‍ 80 കിലോവാട്ട് ശേഷിയുള്ള സൌരോര്‍ജ പ്ലാന്റ് ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്ലാന്റിന് പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പാര്‍ലമെന്റ് വളപ്പിലെ അടുക്കളകളില്‍ പാചകാവശ്യത്തിനും വെള്ളം തിളപ്പിക്കാനുമാണ് ഇൌ വൈദ്യുതി പ്രയോജനപ്പെടുത്തുക.

പാര്‍ലമെന്റ് കെട്ടിടത്തില്‍ ഡീസലിന്റെയും മണ്ണെണ്ണയുടെയും ഉപയോഗം കുറയ്ക്കാനും അതുവഴി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ഇല്ലാതാക്കാനും സൌരോര്‍ജ പ്ലാന്റ് സഹായിക്കും. ഇതൊരു തുടക്കം മാത്രമാണെന്നാണ് സ്പീക്കര്‍ മീരാ കുമാര്‍ പറയുന്നത്. സമീപ ഭാവിയില്‍ പാര്‍ലമെന്റ് പരിസരത്തെ തെരുവുവിളക്കുകള്‍ക്കെല്ലാം ഉൌര്‍ജം പകരുക സൂര്യനാവും. അടുക്കള മാലിന്യങ്ങള്‍ ഉൌര്‍ജ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ബയോഗ്യാസ് പ്ലാന്റും ഉടന്‍ സ്ഥാപിക്കും.

പാര്‍ലമെന്റിലെ അടുക്കളയിലെ വൈദ്യുതി ഉപയോഗം മൂന്നു ശതമാനം കുറയ്ക്കാന്‍ ബയോഗ്യാസ് പ്ലാന്റിലൂടെ കഴിയുമെന്നാണു വിശ്വാസം.

2009ല്‍ പുനരുല്‍പാദന ഉൌര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് പാര്‍ലമെന്റിനെ ഹരിതവഴിയിലേക്കു നയിക്കണമെന്ന ആശയത്തിന്റെ തുടക്കം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റ് സൌരോര്‍ജം പ്രയോജിപ്പെടുത്തുന്നതിലൂടെ ലോകത്തിനു മാതൃക കാട്ടുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ആവേശമായിരിക്കുകയാണ്.


എന്‍.പി.സി. രംജിത്
Mnoramaonline Environment Green Heroes

നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു

റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റെയിഞ്ചില്‍പ്പെട്ട വരയാടിന്‍കൊക്ക വനത്തില്‍ രണ്ടുകുട്ടിയാനയടക്കം നാലുകാട്ടാനകള്‍ഇടിമിന്നലേറ്റ് ചരിഞ്ഞു. ബുധനാഴ്ച രാത്രിയാണ് കാട്ടാനകള്‍ക്ക് മിന്നലേറ്റതെന്ന് കരുതുന്നു. ചരിഞ്ഞതില്‍ ഒന്നും രണ്ടും 25ഉം വയസ്സുള്ള മൂന്ന് മോഴയാനകളും 30 വയസ്സുള്ള ഒരു പിടിയാനയുമാണ് ഉള്‍പ്പെടുന്നത്. വരയാടിന്‍കൊക്ക പുല്‍മേടിന്റെ മുകള്‍ ഭാഗത്ത്‌വച്ച് മിന്നലേറ്റ കാട്ടാനകള്‍ അമ്പത് മീറ്ററോളം താഴേക്ക് നിരങ്ങി വന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. രണ്ട് കുട്ടിക്കൊമ്പന്‍മാരുടെയും ഒരുപിടിയാനയുടെയും ജഡം ഒന്നിച്ചും മോഴയാനയുടെ ജഡം അല്പം അകലെയുമാണ് കിടന്നിരുന്നത്. ഇവ ഒരു സംഘമായി മേഞ്ഞുനടക്കുന്നതിനിടെയാണ്മിന്നലേറ്റതെന്ന് കരുതുന്നു.

വെള്ളിയാഴ്ച രാവിലെ പട്രോളിങ്ങിനെത്തിയ വനം വകുപ്പ് വാച്ചര്‍മാരാണ് കാട്ടാനകളുടെ ജഡം കണ്ടെത്തി യത്.പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രവും ആനസംരക്ഷണ കേന്ദ്രമായ ഗൂഡ്രിക്കല്‍ വനമേഖലയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഇവിടം വരയാടുകളുടെ കേന്ദ്രം കൂടിയാണ്.ബുധനാഴ്ച രാത്രി ഈ പ്രദേശത്ത് അതിശക്തമായ മിന്നലുണ്ടായതായി സമീപസ്ഥലമായ കൊച്ചുപമ്പയിലുള്ള നാട്ടുകാരുംവനപാലകരും പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ റാന്നി ഡി.എഫ്.ഒ. കമല്‍ഹാര്‍, ഗൂഡ്രിക്കല്‍ റെയിഞ്ച് ഓഫീസര്‍ ടി.എ ജോസ് ,ഡെപ്യൂട്ടിറെയിഞ്ചര്‍മാരായ ബാബുരാജ പ്രസാദ്, സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ശനിയാഴ്ച പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തി സംഭവസ്ഥലത്തുതന്നെ സംസ്‌കരിക്കും. ഈ റേഞ്ചില്‍ ഇതാദ്യമായാണ് ഇത്രയധികം കാട്ടാനകള്‍ ഇടിമിന്നലേറ്റ് ചരിയുന്നത്. മുമ്പ് വൈദ്യുതാഘാതമേറ്റ് ഇവിടെ കാട്ടാനക്കൂട്ടം കൊല്ലപ്പെട്ടിട്ടുണ്ട്.

Posted on: 20 Aug 2011
Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

നാട്ടിലിറങ്ങിയ മുള്ളന്‍പന്നിക്ക് അപമൃത്യു

എടപ്പാള്‍: വര്‍ഷങ്ങളായി വാസമുറപ്പിച്ചിരുന്ന കാട്ടുപ്രദേശം മണ്ണെടുത്ത് വെളുത്തതോടെ നാട്ടിലിറങ്ങിയ മുള്ളന്‍പന്നിക്ക് ഒടുവില്‍ നടുറോഡില്‍ അപമൃത്യു.

എടപ്പാള്‍-പട്ടാമ്പി റോഡില്‍ വട്ടംകുളം ആറേക്കാവ് ക്ഷേത്രം റോഡിന് സമീപത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ കൂറ്റന്‍ മുള്ളന്‍പന്നി വാഹനമിടിച്ച് ചത്തത്. ഇടിയുടെ ആഘാതത്തില്‍ അര്‍ധപ്രാണനായി കിടന്ന ഈ ജീവിക്കുമുകളിലൂടെ പിറകെവന്ന വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങുകയായിരുന്നു. പുലര്‍ച്ചെയായതിനാലും മഴച്ചാറലുണ്ടായിരുന്നതിനാലും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇതിനെ കാണാനായില്ല. കണ്ടവര്‍ക്കും കുത്തനെയുള്ള ഇറക്കമായതിനാല്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവാത്ത സ്ഥിതിയുമായിരുന്നു. ശരീരത്തിലെ മുള്ളുകള്‍ മുഴുവന്‍ റോഡിന്‍ ചിതറി വെറും മാംസപിണ്ഡമായി പന്നി മാറി. വാഹനങ്ങള്‍ നിര്‍ത്തി പലരും മുള്ളുകള്‍ ശേഖരിക്കുകയും ചെയ്തു.

ശുകപുരം കോക്കനട്ട് കോംപ്ലക്‌സിന്റെ കാടുപിടിച്ചു കിടക്കുന്ന കുന്നിന്‍പുറത്തായിരുന്നു കുറെക്കാലമായി ഇതിന്റെ വാസം. ഇതിനുപുറമെ മയിലുകളും ഇവിടെയുണ്ടായിരുന്നു. അടുത്ത കാലത്തായി ഈ കുന്ന് മരങ്ങള്‍ വെട്ടി മണ്ണെടുത്ത് നിരപ്പാക്കിയതോടെ ഇവരുടെ വാസസ്ഥലം നഷ്ടപ്പെട്ടു.

Posted on: 20 Aug 2011 Mathrubhumi Malapuram News

Friday, August 19, 2011

ഹരിത മലനിരകള്‍

വനം ജീവന് എന്നതാണ് രാജ്യാന്തര വനവര്‍ഷത്തോടനുബന്ധിച്ച് ഇക്കൊല്ലം യുഎന്‍ സ്വീകരിച്ച പ്രമേയം. ഭൂമിയിലെ ഏതാണ്ട് 80% ജീവജാലങ്ങളും ആവാസകേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നതു വനമേഖലയാണ്. മനുഷ്യനും കാടില്ലാതെ കഴിയാന്‍ സാധിക്കില്ല.

ജൈവസമ്പന്നതയാല്‍ സമൃദ്ധമാണ് ഇന്ത്യ. ജൈവസമൃദ്ധിയുടെ മുഖ്യകാരണം പശ്ചിമഘട്ട മലനിരയാണ്. പാരിസ്ഥിതിക സന്തുലനത്തില്‍ പശ്ചിമഘട്ട മലനിരകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഏതാണ്ട് 1600 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തില്‍ അത്യപൂര്‍വമായ ധാരാളം ജീവജാലങ്ങള്‍ വസിക്കുന്നു. ഒപ്പം ഈ ഗിരിനിരകള്‍ നമ്മുടെ കാലാവസ്ഥയെയും നദികളെയും സ്വാധീനിക്കുന്നു. കുടിക്കാന്‍ ജലവും ശ്വസിക്കാന്‍ ശുദ്ധവായുവും ഒരുക്കി നമ്മുടെ ജീവിതത്തിനു പച്ചപ്പിന്റെ മധുരിമ പകരുകയാണ്.

ഈ പര്‍വത നിരയുമായി ബന്ധപ്പെട്ടാണ് കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം തീരെ ചെറിയ ഒരു പ്രദേശമാണ്. എന്നാല്‍ വനങ്ങളുടെയും വന്യജീവികളുടെയും കാര്യത്തില്‍ കേരളം സമ്പന്നമാണ്. അതിനു പ്രധാന കാരണം നമ്മുടെ കിഴക്കു ഭാഗത്ത് ഒരു കോട്ടപോലെ നില്‍ക്കുന്ന പശ്ചിമഘട്ടം തന്നെ.

കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള മലനിരകളെ പശ്ചിമഘട്ടം എന്നാണ് വിളിക്കുന്നത്. ഈ മലനിരകള്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഒരു കോട്ടപോലെ നില്‍ക്കുകയാണ്. പശ്ചിമഘട്ടം എന്നാല്‍ പടിഞ്ഞാറന്‍ പര്‍വതം എന്നാണ് അര്‍ഥമാക്കുന്നത്. പക്ഷേ, ഇതു നമ്മുടെ കിഴക്കന്‍ അതിര്‍ത്തിയായി എന്നത് കൌതുകകരമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മലനിരകളാണിവ. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഈ ഗിരിനിര കേരളത്തിന്റെ കിഴക്കുഭാഗത്തായി വന്നു എന്നതാണ് ഈ കൌതുകത്തിനു കാരണം.

ആര്‍. വിനോദ്കുമാര്‍
Manoramaonline Environment Life

മുയല്‍ കുഞ്ഞന്‍

ലോകത്തിലെ ഏറ്റവും ചെറിയ മുയല്‍ വര്‍ഗമാണ്- പിഗ്മി റാബിറ്റ്. ഒരു മനുഷ്യന്‍റ കൈവെള്ളയില്‍ ഇരിക്കാനുള്ള വലിപ്പമേയുള്ളൂ ഇതിന്, പൂര്‍ണ്ണവളര്‍ച്ചയെത്തിയാലും കാഴ്ചയില്‍ ഒരു മുയല്‍ കുഞ്ഞാണ് ഈ വര്‍ഗം.

അമേരിക്കയില്‍ കാണപ്പെടുന്ന ഈ കുഞ്ഞന്‍മുയലുകള്‍ കുറെക്കാലം മുന്‍പ് കടുത്ത വംശനാശഭീഷണിയിലായിരുന്നു. പരിസ്ഥിതി സംഘടനകളും സര്‍ക്കാരും ഇവയെ സംരക്ഷിക്കാന്‍ പല പദ്ധതികളും നടപ്പിലാക്കിയിരുന്നു.

ഭാഗ്യത്തിന് ഇപ്പോള്‍ ഇവയുടെ എണ്ണം വര്‍ദ്ധിച്ചു. ഇപ്പോള്‍ കുഞ്ഞന്‍ മുയലുകള്‍ക്ക് വംശനാശഭീഷണിയില്ലെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Manoramaonline Environment Life

Thursday, August 18, 2011

കുടംപുളിയും അന്യമാകുമോ ?

ഭക്ഷണ- പാചക രീതികളില്‍ മലയാളിയുടെ എരിവും പുളിയും അടങ്ങിയ മസാല ചേര്‍ന്ന തയ്യാറിപ്പുകള്‍ ലോക പ്രസിദ്ധമാണ്. കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് എന്നും മറ്റുമുള്ള സിനിഗാനങ്ങള്‍ ഇതിനു തെളിവാണ്. സംസ്കാരത്തിന്‍െറ ഭാഗം തന്നെയാണല്ലോ വേഷവിധാനങ്ങളുംപോലെ ഭക്ഷണരീതികളും. ഒരു പ്രദേശത്തിന്‍െറ സംസ്കാരത്തെപ്പോലും സ്വാധീനിച്ച കായ്ഫലമായ കൊടംപുളിയും. വരും തലമുറയ്ക്ക് അന്യമായിത്തീരുമോ എന്ന ആശങ്കയാണിന്നുള്ളത്.

'ഗാര്‍സീനിയ ഗമമിഗേറ്റ എന്ന ശാസ്ത്ര നാമമുള്ള ഈ മരം വീടിനും സമീപമുള്ള പറമ്പുകളിലും പശ്ചിമഘട്ടവനങ്ങളിലും സമൃദ്ധമായിരുന്നു. ഇന്നിതു വംശനാശഭീഷണിയിലാണ്.

ഒരു കാലത്ത് മധ്യതിരുവിതാംകൂറിലെ മലയാളിയുടെ കുത്തകയായി വിശേഷിക്കപ്പെട്ട ഈ ഫലത്തിന്‍െറ തോട് ഉണക്കിയതാണ് രുചിമുകുളങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്നതും വായില്‍ വെള്ളമൂറാന്‍ പ്രേരിപ്പിക്കുന്നതുമായ കൊടംപുളി ഇന്നും എന്നും മലയാളിയുടെ ഭക്ഷ്യവിഭവത്തിലെ രുചികരമായ ഭക്ഷ്യ വിഭവമാണ് കൊടംപുളി ഇട്ട മീന്‍കറി.

വിദേശരാജ്യത്തേക്ക് കയറ്റി അയക്കുവാന്‍ വേണ്ടി, കാട്ടിലെ മരമല്ലേ എന്ന ചിന്തകൊണ്ട് മരം തന്നെ അപ്പാടെ മുറിച്ച് കായ്കള്‍ ശേഖരിക്കുന്നതും വിരളമല്ല. പൊടിയായോ ദ്രാവകരൂപത്തിലോ ഇതു കയറ്റി അയക്കുകയാണ് പതിവ്. ഇതുമൂലം കൊടംപുളിമരം അന്യം നിന്നു പോകുന്ന കാലം അടുത്തുവരുന്നു.

ധന്യലക്ഷ്മി മോഹന്‍
Tag : Manoramaonline Environment Life

'ഗ്രീന്‍പീസി'ന്റെ കപ്പല്‍ ഇനി ആസ്‌പത്രി

സിംഗപ്പൂര്‍: പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 'ഗ്രീന്‍ പീസി ' ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 22 വര്‍ഷം കൂട്ടായിരുന്ന കപ്പല്‍ 'റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ്' ഇനി ഓളപ്പരപ്പിലെ ആസ്​പത്രി. സിംഗപ്പൂരില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ 'ഫ്രണ്ട്ഷിപ്പി'ന് ഗ്രീന്‍പീസ് കപ്പല്‍ കൈമാറി. ബംഗ്ലാദേശ് തീരത്തെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള ആസ്​പത്രിയായി ഈ കപ്പല്‍ ഉപയോഗിക്കും.

മഴവില്ല് എന്ന അര്‍ഥം വരുന്ന ബംഗാളി വാക്കായ 'റൊംഗ്‌ധൊനു ' എന്നാകും കപ്പലാസ്​പത്രി അറിയപ്പെടുക.

ശാന്തസമുദ്രത്തില്‍ ഫ്രാന്‍സ് നടത്തിയ ആണവപരീക്ഷണത്തെ എതിര്‍ത്തതിനുള്ള പ്രതികാരമായി 'റെയിന്‍ബോ വാറിയര്‍ ഫസ്റ്റ്' 1985-ല്‍ ഫ്രാന്‍സ് മുക്കിയതിനെത്തുടര്‍ന്ന് 1989-ലാണ് ' ഗ്രീന്‍പീസ് ' റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ് നീറ്റിലിറക്കിയത്. ഒട്ടേറെ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ സംഘടന ഈ കപ്പല്‍ ഉപയോഗിച്ചു. 2004-ല്‍ ദക്ഷിണേഷ്യന്‍ തീരത്തു വീശിയ സുനാമിയുടെ ഇരകള്‍ക്ക് ദുരിതാശ്വാസം എത്തിക്കാനും മഴക്കാടുകളില്‍ നിന്നുള്ള അനധികൃത തടിവെട്ട് തടയാനും അമിതമായ മത്സ്യബന്ധനത്തിനും തിമിംഗില വേട്ടയ്ക്കും ആഗോള താപനത്തിനും എതിരെ പോരാടാനും 'ഗ്രീന്‍പീസ്' ഉപയോഗിച്ചത് 'റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ്' ആയിരുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലേക്ക് യാത്രയാകുന്ന കപ്പലിനു പകരം 'റെയിന്‍ബോ വാറിയര്‍ തേഡ് ' ജര്‍മനിയില്‍ പണി പൂര്‍ത്തിയായി വരുന്നു. ' ഗ്രീന്‍പീസി ' ന്റെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബറില്‍ ഇത് നീറ്റിലിറക്കും.

Posted on: 18 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

Wednesday, August 17, 2011

ഭാരതപ്പുഴയും ജീവിക്കാന്‍ പഠിക്കുന്നു

ഷൊര്‍ണൂര്‍: പടിഞ്ഞാറോട്ട് ഒഴുകേണ്ട പുഴയില്‍ പ്രവാഹങ്ങള്‍ക്ക് ദിശ മാറുന്നു. ഭാരതപ്പുഴയില്‍ കാണുന്നത് നിലനില്‍പ്പിന് വേണ്ടിയുള്ള ഗതിമാറ്റം. തീരത്തോട് ചേര്‍ന്ന് നീര്‍ച്ചാലാകുന്നത് ഒഴിവാക്കാന്‍ അതിജീവനത്തിന്റെ വഴിയിലാണ് നിളയും. ഷൊര്‍ണൂരില്‍ കൊച്ചി പാലത്തിനടുത്തെത്തുമ്പോള്‍ കാണാം പുഴയുടെ കിഴക്കോട്ടുള്ള ഒഴുക്ക്. കുറച്ചപ്പുറത്ത് മധ്യത്തിലായി കുറുകെയാണ് പുഴയിലെ പ്രവാഹം.

നീരൊഴുക്ക് മുറിഞ്ഞ് കണ്ണീര്‍ക്കാഴ്ച്ചയായി മാറിയിരുന്ന നിളയില്‍ മലമ്പുഴ അണക്കെട്ട് തുറന്ന് വിട്ടതോടെ എത്തിയ വെള്ളമാണ് പലദിശകളിലേക്കൊഴുകി പുഴയെ സംരക്ഷിക്കുന്നത്. തീരങ്ങളോട് ചേര്‍ന്ന് കൈത്തോട് പോലെ കുറേ ദൂരമാൈഴുകി ദിശമാറുകയാണ് പുഴ. നൂലിഴ പോലുമല്ലാത്ത പുഴയായിരുന്നു പോയ മാസത്തെ കാഴ്ച്ച. പക്ഷേ മലമ്പുഴ വെള്ളം നിളയെ വരള്‍ച്ചയില്‍ നിന്ന് കരകയറ്റി. സമുദ്ര നിരപ്പില്‍ നിന്ന് 1964 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പുഴയുടെ തുടക്കം. പിന്നെ 250 കിലോമീറ്റര്‍ സഞ്ചരിച്ച് അറബിക്കടലിലെത്തുന്നു.

ഭാരതപ്പുഴയുടെ ജലച്ചായ്വ് തൂക്കേറിയതാണ്. ചെരിച്ച് വച്ച ഒരു കുഴലിലൂടെ വെള്ളമൊഴുകുന്ന സ്ഥിതി. ഇതിനിടെ പുഴയില്‍ നിന്നുള്ള ക്രമരഹിതമായ മണല്‍ വാരല്‍ തൂക്കേറിയ ജലച്ചായ്വിനെ കൂടുതല്‍ തൂക്കേറ്റുകയാണ്. പറളി മുതല്‍ പൊന്നാനി വരെ മണലെടുക്കുന്നത് പുഴയുടെ ചെരിവ് വര്‍ധിപ്പിച്ചാണ്. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന സ്ഥിതിയാണ് ഇത് മൂലമുണ്ടാകുന്നത്. അരിപ്പ പോലെ പുഴയിലെ ജലവിതാനം പിടിച്ച് നിര്‍ത്തുന്ന മണല്‍പ്പാളികളാണ് നഷ്ടപ്പെട്ടത്. ഇതോടെ വേനലില്‍ അതിജീവനത്തിന് പുഴ പുതിയ ദിശകള്‍ തേടുകയാണ്. ഇനി കാലവര്‍ഷം വരണം പുഴയുടെ പ്രവാഹം വീണ്ടെടുക്കാന്‍.

വള്ളിക്കോട്ട് ഈജിപ്ഷ്യന്‍ കഴുകന്‍

പാലക്കാട്: കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇൌജിപ്ഷ്യന്‍ കഴുകനെ പാലക്കാട് കണ്ടെത്തി. പക്ഷി നിരീക്ഷകനും വന്യ ജീവി ഫോട്ടോഗ്രാഫറുമായ മനുമേനോന്‍ മുണ്ടൂരിനടുത്ത് വള്ളിക്കോടാണ് ഇതിനെ കണ്ടെത്തിയത്. കേരളത്തില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഇവയ്ക്ക് ആയുധം ഉപയോഗിക്കുവാനുള്ള കഴിവുണ്ട്. മറ്റ് പക്ഷികളുടെ മുട്ടയുടെ പുറം തോട് പൊട്ടിക്കാന്‍ ഇവ കല്ല് ഉപയോഗിക്കാറുണ്ട്. കന്നുകാലികള്‍ക്ക് രോഗപ്രതിരോധത്തിനായി കുത്തിവയ്ക്കുന്ന നോണ്‍-സ്റ്റിറേയ്ഡല്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഡ്രഗ് എന്ന മരുന്നാണ് ഇവയുടെ വംശനാശ ഭീഷണിക്ക് കാരണമെന്ന് കരുതുന്നു.

Manoramaonline Palakkad News

'കൂടുമാറ്റം' വരെ മൃഗശാല പ്രവര്‍ത്തിക്കും

തൃശൂര്‍: പുത്തൂരില്‍ പുതിയ മൃഗശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ തൃശൂരിലെ മൃഗശാലയ്ക്ക് രണ്ടു വര്‍ഷത്തേക്കു കൂടി പ്രവര്‍ത്തന അനുമതി നല്‍കാന്‍ കേന്ദ്ര മൃഗശാല അതോറിറ്റി തീരുമാനിച്ചു. ഇതോടെ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രതിസന്ധിക്ക് തല്‍ക്കാലം പരിഹാരമായി.

മൃഗങ്ങളെ സുരക്ഷിതത്തോടെയും ശുചിത്വത്തോടെയും പാര്‍പ്പിക്കുന്നതിന് മൃഗശാലയില്‍ സൌകര്യങ്ങളില്ലെന്ന് അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ നഗര ഹൃദയത്തില്‍നിന്ന് മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളും മുടങ്ങിയതോടെയാണ് കേന്ദ്ര അതോറിറ്റി അനുമതി റദ്ദാക്കിയത്.

മൃഗശാലയുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനം തണുപ്പന്‍ സമീപനമാണ് പുലര്‍ത്തുന്നതെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. കൂടാതെ മൃഗങ്ങളുടെ സ്വൈരവും സുരക്ഷിതവുമായ വാസത്തിന് സൌകര്യങ്ങളില്ലെന്നും അതോറിറ്റി കണ്ടെത്തി. 45 ഇനങ്ങളില്‍പെട്ട അഞ്ഞൂറിലേറെ മൃഗങ്ങളാണ് മൃഗശാലയില്‍ ഉള്ളത്. ഇതില്‍ ഇരുന്നൂറിലേറെ മാനുകളും നൂറിലേറെ കുരങ്ങുകളുമുണ്ട്.

കഴിഞ്ഞ മാസം കേന്ദ്ര അതോറിറ്റി ഉദ്യോഗസ്ഥര്‍ പുത്തൂരിലെ നിര്‍ദിഷ്ട മൃഗശാല സന്ദര്‍ശിക്കാനെത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. പുത്തൂരിലെ സന്ദര്‍ശനത്തിന് ശേഷം തൃശൂര്‍ മൃഗശാലയും സന്ദര്‍ശിച്ച അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉപാധികളോടെ അനുമതി പുതുക്കി നല്‍കാന്‍ തയാറായി. മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതു വരെയുള്ള കാലയളവിലേക്ക് താല്‍ക്കാലിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇത് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശമെന്ന് മൃഗശാല ഡയറക്ടര്‍ ഡോ. ആര്‍. ഉദയവര്‍മന്‍ അറിയിച്ചു.

മൃഗങ്ങളുടെ കൂട്ടില്‍ ശുദ്ധജലം ശേഖരിക്കുന്നതിനുള്ള സജ്ജീകരണങ്ങളില്ല, ചില കൂടുകളില്‍ ചോര്‍ച്ചയുണ്ട്, പക്ഷികളുടെ കൂടിന്റെ ഒരു ഭാഗം മറച്ചിട്ടില്ല തുടങ്ങിയവയായിരുന്നു അതോറിറ്റിയുടെ കണ്ടെത്തലുകള്‍. അതോറിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. കടുവകളെ കൂട്ടില്‍ സൂക്ഷിക്കുന്നതിന് പകരം തുറസായ സ്ഥലത്ത് പാര്‍പ്പിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു പകരം കൂടിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ മൃഗശാല കോംപൌണ്ടില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയത്തിന്റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

manoramaonline thrissur news

Tuesday, August 16, 2011

മഴക്കാട്ടിലെ മലമുഴക്കം

നീണ്ട് മൂര്‍ച്ചയേറിയ കൊക്ക്, വലിയ ശരീരം, പറക്കുമ്പോള്‍ ആവിയന്ത്രം ചലിക്കുന്ന ശബ്ദം...
സഹ്യപര്‍വത മഴക്കാടുകളിലെ വിസ്മയമാണ് മലമുഴക്കി വേഴാമ്പല്‍. വന്‍വൃക്ഷങ്ങളില്‍
സ്വാഭാവികമായി രൂപംകൊള്ളുന്ന പൊത്തുകളാണ് മലമുഴക്കിയുടെ താവളം. ഇത്തരം പൊത്തുകള്‍
കുറയുന്നതിനാല്‍ വേഴാമ്പലിന്റെ വംശം വേരറ്റുപോകുന്നു...


മഴക്കാടുകളുടെ ദൃശ്യഭംഗിയില്‍ ക്യാമറയുടെ ഫ്‌ളാഷ് മിന്നി. ഏറെനേരം കാത്തിരുന്ന അതിഥി മുന്നിലെത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ അറിയാതെ ക്ലിക്ക് ചെയ്തതായിരുന്നു. ആദ്യം ഞെട്ടിയ മലമുഴക്കി വേഴാമ്പല്‍ ആകാംക്ഷയോടെ വെളിച്ചംവന്ന ഭാഗത്തേക്ക് നോക്കി. പച്ച വസ്ത്രങ്ങളിട്ട്, ശ്വസിക്കുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെ വൃക്ഷക്കൊമ്പിലിരുന്ന ഫോട്ടോഗ്രാഫറെ വേഴാമ്പലിന് തിരിച്ചറിയാനായില്ല. എങ്കിലും പന്തികേട് മനസ്സിലായപ്പോള്‍ ചിറകടിച്ച് അത് പറന്നുപോയി. ആവിയന്ത്രം മെല്ലെ നീങ്ങുന്ന ശബ്ദം അപ്പോള്‍ മഴക്കാടിന്റെ ഹൃദയമിടിപ്പായി കേള്‍ക്കാമായിരുന്നു. വേഴാമ്പലിന്റെ ചിറകടിയെ ആവിയന്ത്രമായാണ് പക്ഷിഗവേഷകര്‍ താരതമ്യപ്പെടുത്തിയിട്ടുള്ളത്.
സഹ്യപര്‍വതത്തിലെ മഴക്കാടുകളിലെ വിസ്മയമാണ് മലമുഴക്കി വേഴാമ്പല്‍. കാഴ്ചയില്‍ അസാധാരണമായ ആകൃതി. 'കേരളത്തിലെ പക്ഷികള്‍' എന്ന ഗ്രന്ഥത്തില്‍ വിശാലമായ കുറിപ്പ് തന്നെയാണ്, തന്റെ ഹൃദയം കവര്‍ന്ന മലമുഴക്കിയെക്കുറിച്ച് സലിം അലി രേഖപ്പെടുത്തിയിട്ടുള്ളത്. ''വളരെ ദൂരത്ത് നിന്നാല്‍പോലും മലമുഴക്കിയുടെ ചിറകടി കേള്‍ക്കാം. പക്ഷിയുടെ ശബ്ദം വനത്തിലെ താഴ്‌വരകളിലൂടെ ചിലപ്പോള്‍ പ്രതിധ്വനിക്കുന്നതായി തോന്നും. മലമുഴക്കിയെന്ന പേരിന് അതാണ് കാരണം.''
മലമുഴക്കിയെ (Great Indian hornbill) തേടിയുള്ള യാത്ര ദുഷ്‌കരമാണ്. ആകാശത്തിന് കുടപിടിക്കുന്ന വന്‍വൃക്ഷങ്ങളില്‍ സ്വാഭാവികമായി മാത്രം രൂപപ്പെടുന്ന പൊത്തുകളാണ് വേഴാമ്പലിന്റെ കൂട്. ഇങ്ങനെയുള്ള പൊത്തുകള്‍ കുറയുന്നതിനാല്‍ വേഴാമ്പലിന്റെ വംശവും വേരറ്റു പോകുന്നു.
പ്രമുഖ പക്ഷിഗവേഷകനായ സലിം അലി 1987ലും തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് വയസ്സ് 92. സഹായത്തിന് വാക്കിങ് സ്റ്റിക്ക് വേണമായിരുന്നു. ശിഷ്യനും പക്ഷിഗവേഷകനുമായ ഡോ. സുഗതന്‍ അദ്ദേഹത്തെ അനുഗമിച്ചു. സലിം അലി പലപ്പോഴും തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കി. മലമുഴക്കി വേഴാമ്പലിനെ കാണുകയായിരുന്നു പ്രതീക്ഷാ നിര്‍ഭരമായ ദൗത്യം. ചിറകടി കേള്‍ക്കാതായപ്പോള്‍ മനസ്സ് വേദനിച്ചുകൊണ്ട് അദ്ദേഹം ആത്മഗതമെന്നോണം പറഞ്ഞു- ''വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണോ? അതോ വനംകൈയേറ്റക്കാര്‍ വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തിയിട്ടുവോ? കൂട് കൂട്ടാന്‍ വന്‍മരങ്ങള്‍ ഇല്ലാത്തതിനാല്‍ മലമുഴക്കികള്‍ മറ്റു മലനിരകളിലേക്ക് കുടിയേറിക്കാണും.'' ഡോ. സുഗതന്റെ കൈപിടിച്ച് സലിം അലി തിരിച്ചുനടന്നു. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം അന്തരിച്ചു. മുമ്പൊക്കെ എത്രയോ മലമുഴക്കികളെ ഇവിടെ കണ്ടിരുന്നു. ഇന്ന് ഒന്നുപോലുമില്ല.
1933-ലാണ് തിരുവിതാംകൂര്‍-കൊച്ചി പക്ഷിസര്‍വേക്ക് സലിം അലി ആദ്യമായി കേരളത്തിലെത്തിയത്. സഞ്ചാരം കൂടുതലും കാല്‍നടയായായിരുന്നു. 'ഒരു കുരുവിയുടെ വീഴ്ച' എന്ന അദ്ദേഹത്തിന്റെ ആത്മകഥ അവിസ്മരണീയമായ അനുഭവങ്ങള്‍ നിറഞ്ഞതാണ്. മലമുഴക്കി വേഴാമ്പലിന്റെ വന്‍വ്യൂഹങ്ങളെ അദ്ദേഹം തേക്കടിയിലും പറമ്പിക്കുളത്തും തട്ടേക്കാട്ടും നേരില്‍കണ്ട് മതിമറന്നു. തേക്കടിയില്‍ 62 മലമുഴക്കികളെ ഒറ്റക്കെട്ടായി എണ്ണിയിട്ടുണ്ട്.
വന്‍വൃക്ഷങ്ങളിലെ പൊത്തുകളാണ് വേഴാമ്പല്‍കൂട്. ചിത്രമെടുക്കണമെങ്കില്‍ അതേ ഉയരത്തിലുള്ള സമീപത്തുള്ള മറ്റൊരു മരത്തില്‍ ക്യാമറയുമായി കാത്തിരിക്കണം. ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യം വേഴാമ്പല്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ടോപ്പ് സ്ലിപ്പിലും ആനമല സങ്കേതത്തിലും അങ്ങനെ നീണ്ട കാത്തിരിപ്പിലൂടെയാണ് നസീര്‍ ചിത്രങ്ങള്‍ എടുത്തത്.
നെല്ലിയാമ്പതിയിലെ ഹൃദയഹാരിയായ വിക്ടോറിയ കുന്നുകളില്‍ നിന്നാല്‍, ഒരു വിളിപ്പാടകലെ ഹരിതസമുദ്രമായി മാറിയിരിക്കുന്ന പറമ്പിക്കുളം കാണാം. ആലുകള്‍ പൂത്ത് കായ്കള്‍ നിറയുമ്പോള്‍ മലമുഴക്കികള്‍ കൂട്ടത്തോടെ പറമ്പിക്കുളത്ത് നിന്ന് നെല്ലിയാമ്പതിയിലേക്ക് പറന്നെത്തും.
കാഴ്ചയില്‍ ആരെയും വിസ്മയിപ്പിക്കും മലമുഴക്കി. നീണ്ട് മൂര്‍ച്ചയേറിയതാണ് കൊക്ക്. ശരീരത്തിന് വലിപ്പം കൂടുതലാണ്. നിത്യഹരിത വനങ്ങളാണ് വേഴാമ്പലിന്റെ വാസസ്ഥലം. പറക്കുമ്പോള്‍ കാട്ടിലൂടെ ഒരു ആവിയന്ത്രം ചലിക്കുന്ന ശബ്ദമാണ് കേള്‍ക്കുക. കൂട്ടിനുള്ളിലെ വേഴാമ്പല്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ കാട്ടുജാതിക്കാര്‍ ശ്രമിച്ചപ്പോള്‍ അവരെ മൂര്‍ച്ചയേറിയ കൊക്കുകൊണ്ട് വേഴാമ്പല്‍ ആക്രമിച്ച സംഭവങ്ങളുണ്ട്. ചില കാട്ടുജാതിക്കാരുടെ ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുകള്‍ അന്വേഷിച്ചപ്പോഴാണ്, വാഴച്ചാലില്‍ ഡി.എഫ്.ഒ. ആയിരുന്ന ഡോ. എന്‍.സി. ഇന്ദുചൂഡന്‍ ഇതേക്കുറിച്ച് അറിഞ്ഞത്. ആദിവാസികളുടെ പങ്കാളിത്തത്തോടെ വേഴാമ്പല്‍ സംരക്ഷണത്തിന് പ്രത്യേക പദ്ധതി വാഴച്ചാലില്‍ 2003-ല്‍ നടപ്പാക്കിയത് ഇന്ദുചൂഡനാണ്. വേഴാമ്പല്‍ വേട്ടക്കാരായിരുന്നവര്‍ അങ്ങനെ സംരക്ഷകരായി മാറി.
1933-ല്‍ സലിം അലി സഞ്ചരിച്ച വഴികളിലൂടെ ഒരു സംഘം പക്ഷിഗവേഷകരും ശാസ്ത്രജ്ഞരും ഒരുവര്‍ഷം മുമ്പ് നടന്നു. സി. ശശികുമാറായിരുന്നു സംഘനേതാവ്. പലപ്പോഴായി കണ്ട മലമുഴക്കികളുടെ എണ്ണം വെറും 48 മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അതില്‍, കൂടുതല്‍ എണ്ണത്തെ കാണാന്‍ കഴിഞ്ഞത് തേക്കടിയിലാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പേര് ഇപ്പോള്‍ 'സലിം അലി പക്ഷിസങ്കേത'മെന്നാണ്. ഡോ. സുഗതന്‍ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്- ''മലമുഴക്കികളെ ഇപ്പോള്‍ തട്ടേക്കാട്ട് കാണാന്‍ കഴിയുന്നില്ല. കാലം കഴിഞ്ഞപ്പോള്‍ അവയുടെ എണ്ണവും കുറഞ്ഞു. സലിം അലി 1933-ല്‍ ഇവിടെ വന്നപ്പോഴും കോഴിവേഴാമ്പലുകളെ (Malabar Grey hornbill) കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. കോഴിവേഴാമ്പലുകള്‍ ഇപ്പോഴും തട്ടേക്കാട്ട് കൂടുതലുണ്ട്. മലമുഴക്കികളാകട്ടെ പൂയംകുട്ടിയിലാണ്.''
മലമുഴക്കിയുടെ കൂടുകള്‍ തേടിയുള്ള ദൗത്യത്തില്‍ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറായ എന്‍.എ. നസീറിന്റെ അനുഭവങ്ങള്‍ നിരവധിയാണ്. ''ചെറിയ ഒരനക്കം മതി, വേഴാമ്പല്‍ ചിറകടിച്ച് പറന്നുപോകും. തന്നെ വീഴ്ത്താനുള്ള ശത്രു സ്ഥലത്തുണ്ടെന്നാണ് പക്ഷി കരുതുക. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകര്‍ന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതര്‍ ഉണ്ടെന്നുകണ്ട് ഭയന്നാല്‍ ആണ്‍പക്ഷി മണിക്കൂറുകള്‍ക്കുശേഷമേ തിരിച്ചെത്തൂ. അതീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോള്‍. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകള്‍.
വേഴാമ്പല്‍കൂടുകള്‍ക്ക് ഏറെ നാശം സംഭവിച്ചിട്ടുള്ളത് പഴനി മലനിരകളിലാണെന്ന് പശ്ചിമഘട്ടത്തിലെ വേഴാമ്പലുകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഡോ. ആര്‍. കണ്ണന്‍ പറയുന്നു. കാരണം, വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളിലെ വനപ്രദേശത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിച്ചു. കൂടുതല്‍ സംരക്ഷണ പദ്ധതികള്‍ തേക്കടി, കളക്കാട്, ആനമല എന്നിവിടങ്ങളിലെ വേഴാമ്പലുകള്‍ക്ക് അനുഗ്രഹമാകുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഏഴ് തരത്തിലുള്ള വേഴാമ്പലുകള്‍ ഉണ്ട്. അതില്‍ ഏറ്റവും വലുതാണ് പശ്ചിമഘട്ടത്തില്‍ കാണുന്ന മലമുഴക്കി. വേഴാമ്പലുകള്‍ ഗുരുതരമായ വംശനാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാടും കുന്നും മരവും പുഴയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് മലമുഴക്കിയും ഒരു ഓര്‍മ മാത്രമാവാന്‍ ഇനി അധികസമയം വേണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജി. ഷഹീദ്‌

ചിത്രം 1: വിക്കിപീഡിയയിൽ നിന്ന്
ചിത്രം 2: എന്‍.എ.നസീര്‍
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
Mathrbhumi വാരാന്തം 14 Aug 2011

Monday, August 15, 2011

തട്ടേക്കാട്ട് ചിറകടിക്കുന്നത് 'അവഗണന'

തട്ടേക്കാട് പക്ഷി സങ്കേതത്തിന് അവഗണന. 1930 ല്‍ ഡോക്ടര്‍ സലിം അലി കണ്ടെത്തിയ പക്ഷി സങ്കേതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. 25.16 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണു പക്ഷി സങ്കേതം. 1983 ല്‍ എളിയ രീതിയില്‍ തുടങ്ങിയ സങ്കേതം വളരെ പെട്ടെന്നാണു ലോക ടൂറിസം മാപ്പില്‍ ഇടം തേടിയത്. 320 വിവിധയിനം പക്ഷികളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇവിടത്തെ കാഴ്ചക്കാര്‍ക്കും ഗവേഷകര്‍ക്കും സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള പക്ഷി സങ്കേതത്തിന് 27 വര്‍ഷമായിട്ടും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴു വനപാലകരുടെ നേതൃത്വത്തിലാണ് പക്ഷി സങ്കേതം പ്രവര്‍ത്തിക്കുന്നത്. മിനി കാഴ്ച ബംഗ്ലാവ്, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, അക്വേറിയം, റിസര്‍ച്ച് സെന്റര്‍ എന്നിവയടങ്ങുന്ന സങ്കേതത്തില്‍ ദിവസം നൂറുകണക്കിനു വിദേശിയരാണ് എത്തിയിരുന്നത്. എന്നാല്‍, കെടുകാര്യസ്ഥതയും ആസൂത്രണ പിഴവും മൂലം പക്ഷി സങ്കേതത്തിന്റെ അവസ്ഥ ഏറെ മോശമാണ്. ഇടതിങ്ങിയ വനവും നിത്യഹരിത പുല്‍മേടുകളും പുഴയും അടങ്ങുന്ന സങ്കേതം കടുവ, പുലി, ചെന്നായ്, ആന, വിവിധയിനം ചിത്രശലഭങ്ങള്‍, മല്‍സ്യങ്ങള്‍ തുടങ്ങിയവ കൊണ്ടു സമ്പന്നമാണ്.

വര്‍ഷങ്ങളായി വികസന ഫണ്ടുകള്‍ ക്രിയാത്മകമായി വിനിയോഗിക്കാത്തതില്‍ ഇഡിസികളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. അടുത്ത കാലത്ത് ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന കാഴ്ചബംഗ്ലാവ് നിര്‍ത്തലാക്കി. വന്യമൃഗങ്ങളെ തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകള്‍ക്കു കൈമാറുകയും ചെയ്തു. നിലനില്‍ക്കുന്ന റഫ്യൂജി സെന്ററിലാകട്ടെ മ്ളാവുകള്‍, മാനുകള്‍ എന്നിവ പേരിനു മാത്രം. ഇവയ്ക്കു വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ലെന്നു പരാതിയുമുണ്ട്. 1933 ഫെബ്രുവരി രണ്ടു മുതല്‍ 13 വരെ ഡോ. സലിം അലി തിരുവിതാംകൂര്‍ മാഹാരാജാവിന്റെ നിര്‍ദേശപ്രകാരം തട്ടേക്കാടു തങ്ങി പക്ഷികളെക്കുറിച്ചു പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിലാണിപ്പോഴും അംഗീകാരമില്ലാത്ത പക്ഷി സങ്കേതം പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ടൂറിസം നിരോധിച്ചിരിക്കുകയാണ്. നിയമ പരിമിതിക്കുള്ളിലാണു സങ്കേതത്തിന്റെ നടത്തിപ്പ് എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടായിരുന്ന പക്ഷിസങ്കേതത്തിലിപ്പോള്‍ പ്രവേശന ഫീസിനത്തില്‍ കിട്ടുന്ന ചെറിയ തുകയാണ് സര്‍ക്കാരിനു ലഭിക്കുന്നത്.

പി.ടി. തോമസ് എംപി യുടെ നേതൃത്വത്തില്‍ അടുത്ത നാളില്‍ പക്ഷി സങ്കേതത്തിന്റെ വികസനത്തിനു കൂടിയാലോചനകള്‍ നടന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിനു ശേഷം പക്ഷി സങ്കേതത്തില്‍ ബോട്ടിങ്ങും നിര്‍ത്തി. ടൂറിസ്റ്റുകള്‍ക്കു ഭക്ഷണത്തിനോ, താമസത്തിനോ, ഇവിടെ സൌകര്യമില്ല. 1982-ല്‍ 900 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്ന തട്ടേക്കാട് ഇപ്പോള്‍ പ്രതിവര്‍ഷം 70,000 പേരാണു വന്നു മടങ്ങുന്നത്. വരുമാനം ഏഴു ലക്ഷം. പശ്ചിമഘട്ടത്തില്‍ 1600 കിലോമീറ്റര്‍ നീളത്തിലുള്ള പ്രദേശത്തെ ഒരു ഭാഗം മാത്രമാണു തട്ടേക്കാട്.ഇവിടെയെത്തുന്നവരെ മുഴുവന്‍ ടൂറിസം പ്രദേശത്തേക്കു വിടാനാകാത്ത സ്ഥിതിയാണ് ഇപ്പോഴെന്നു റേഞ്ച് ഒാഫിസര്‍ അന്‍വര്‍ അറിയിച്ചു.

ആറു ലക്ഷം മുടക്കിയുള്ള ഇന്റര്‍പ്രട്ടേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പുതിയ പരിപാടികളും ഭാവിയില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിനു പുത്തനുണര്‍വു നല്‍കുമെന്നു ഡയറക്ടര്‍ ഡോ. സുഗതന്‍ അറിയിച്ചു. തട്ടേക്കാട് പ്രകൃതി ദത്തമായ സൌകര്യങ്ങളോടെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. തൊട്ടടുത്ത ഭൂതത്താന്‍കെട്ട് ടൂറിസം വികസനത്തില്‍ പെടുത്തി തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി പ്രദേശങ്ങളെയും വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കേണ്ടതുണ്ട്. വനവും വന വിസ്മയവും കൊണ്ട് സമ്പുഷ്ടമായ തട്ടേക്കാടിനെ അര്‍ഹമായ രീതിയില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
manoramaonline Eranamkulam news

പക്ഷിസ്നേഹികളെ കാത്ത് തട്ടേക്കാട്

ഓര്‍മകള്‍ക്കു തണലായി മരം

പാലക്കാട്: ആത്മ മിത്രത്തിന്റെ പിറന്നാള്‍ സമ്മാനം മരമായി വളരും. മരം, ഒാര്‍മകളില്‍ ബാല്യകാല സൌഹൃദത്തിനു തണല്‍ വിരിക്കും. പനമണ്ണ യുപി സ്കൂളിലെ വിദ്യാര്‍ഥികളാണു വേറിട്ടൊരു പരിസ്ഥിതി സൌഹൃദ പദ്ധതിക്കു തുടക്കമിടുന്നത്.

ഇവിടെ വിദ്യാര്‍ഥികളുടെ ജന്മദിനത്തില്‍ ആധുനികതയുടെ പൊയ്മുഖം അണിഞ്ഞ സമ്മാനങ്ങള്‍ക്കു പകരം ആത്മമിത്രം സമ്മാനിക്കുന്നതു വൃക്ഷത്തൈകളാണ്. ദേശീയ വനവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പരിസ്ഥിതിയുടെ പ്രാധാന്യം തിരച്ചറിയുന്നതിനാണു സ്കൂളിലെ സാമൂഹിക ശാസ്ത്രക്ളബ് വേറിട്ട പദ്ധതിക്കു തുടക്കമിട്ടത്.

ഒാരോ വിദ്യാര്‍ഥിയുടേയും പിറന്നാളില്‍ ഏറ്റവും അടുത്ത സുഹൃത്ത് സമ്മാനമായി വൃക്ഷത്തൈ നല്‍കുന്ന പദ്ധതിയാണു പിറന്നാള്‍ മരം. വിദ്യാര്‍ഥിയുടെ വീട്ടുവളപ്പില്‍ സുഹൃത്തിനെയെന്ന പോലെ ഇൌ വൃക്ഷത്തെയും പരിപാലിക്കണം.സ്കൂളില്‍ നിന്നും പഠനം കഴിഞ്ഞു മറ്റു മേഖലകളിലേക്കു തിരിഞ്ഞാലും വിദ്യാലയ സ്മരണകള്‍ക്കൊപ്പം ഇൌ വൃക്ഷം ഒരു സുഹൃത്തെന്ന പോലെ കൂടെയുണ്ടാകും.

manoramaonline palakkad news
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക