.

.

Thursday, September 30, 2010

മുളയരി നാമ്പിട്ടില്ല; ഇല്ലിമുളംകാടുകള്‍ വിസ്മൃതിയിലേക്ക്

മാനന്തവാടി: നീണ്ട ഇടവേളയ്ക്കു ശേഷം കതിരണിഞ്ഞ വയനാട്ടിലെ ഇല്ലിമുളം കാടുകള്‍ വിസ്മൃതിയിലേക്ക്. സാധാരണ മുളയരികള്‍ വീണ് മുളംതൈകള്‍ കിളിര്‍ക്കുകയാണ് പതിവ്. ഒരു മുളങ്കൂട്ടം പൂത്ത് നശിക്കുന്നതോടെ നൂറുകണക്കിന് മുളംതൈകള്‍ അവിടെ കിളിര്‍ത്തുപൊങ്ങും. ഇത് പിന്നീട് മുളങ്കൂട്ടങ്ങളായി വളരും.

പ്രകൃതിയുടെ അനുഗ്രഹമായ പരാഗണം വഴിയാണ് വനത്തില്‍ ധാരാളം വൃക്ഷത്തൈകളും മുളംതൈകളും തഴച്ചുവളരുന്നത്. തോലെ്പട്ടി വന്യജീവി സങ്കേതത്തിലും ബേഗൂര്‍ വനത്തിലും വയനാട്ടിലെ മറ്റു വനങ്ങളിലും കാലാവസ്ഥാവ്യതിയാനത്താല്‍ മുളംതൈകള്‍ വിരളമായേ മുളച്ചിട്ടുള്ളൂ. എന്നാല്‍, പാതയോരങ്ങളിലും കാര്‍ഷിക ഗ്രാമങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലും തൈകള്‍ ധാരാളമായി വളര്‍ന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമാണ് മുളയരി മുളയ്ക്കാത്തതെന്ന് കരുതുന്നു.

വയനാട്ടിലെ മിതശീതോഷ്ണ കാലാവസ്ഥയുടെ പ്രധാന ഘടകം ഇവിടത്തെ മുളങ്കൂട്ടങ്ങളായിരുന്നു. മുളങ്കാടുകളുടെ സംഗീതം ആസ്വദിക്കാന്‍ ഒട്ടേറെ സഞ്ചാരികള്‍ എല്ലാ വര്‍ഷവും വയനാട്ടിലെത്തുന്നു. മുളങ്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി മുളവത്കരണത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വയനാട്ടിലുണ്ട്. ചില സംഘടനകള്‍ മുളയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും നൂറിലധികം മുളകളുടെ ശേഖരവും വിതരണവും നടത്തുന്നുണ്ട്.

വയനാടന്‍ കാടുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മുളങ്കൂട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ തൈകള്‍ നട്ടുവളര്‍ത്താനും വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പ്രകൃതിസ്‌നേഹികളുടെ ആവശ്യം.

* മുള

News : Mathrubhumi, 30.09.2010, Wayanad

Monday, September 27, 2010

കേരളത്തിന്റെ തീരക്കടലില്‍ തിരവെട്ടിയും ചോരക്കാലി ആളയും


കണ്ണൂര്‍: കേരളതീരത്തെ ആദ്യ കടല്‍പ്പക്ഷി സര്‍വേയില്‍ കൂടുതല്‍ പക്ഷികളെ കണ്ടെത്തി. കടലുണ്ടിയാള(സാന്‍ഡ്‌വിച്ച് ടേണ്‍), ചോരക്കാലി ആള(കോമണ്‍ ടേണ്‍), ചെറിയ കടലാള(ലെസര്‍ ക്രസ്റ്റഡ് ടേണ്‍) തുടങ്ങിയ കടല്‍പ്പക്ഷികളെയാണ് രണ്ടാം ദിവസം കണ്ടത്. ചില കടല്‍പ്പക്ഷികളുടെ സാന്നിധ്യം ചിലയിനം മത്സ്യങ്ങളുള്ളതിന്റെ സൂചനയാണെന്ന് തിരിച്ചറിയാനായതും സര്‍വേയുടെ നേട്ടമായി. കേരള ബേഡറും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ നടത്തിയത്.

കേരളതീരത്ത് അത്യപൂര്‍വമായ തിരവെട്ടി, പരാദമുള്‍വാലന്‍ കടല്‍ക്കാക്ക, തവിടന്‍ കടലാള തുടങ്ങിയവയെ ധാരാളമായി കാണാനായി. പരാദമുള്‍വാലന്‍ കടല്‍ക്കാക്കയെ കേരളതീരത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. തീരത്തുനിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയായിരുന്നു തവിടന്‍ കടലാളയുടെ ദേശാടനം. കരയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഒരിക്കലും കാണാറില്ലാത്ത കടല്‍പ്പക്ഷികളാണിവയില്‍ പലതും. വഴിതെറ്റി തീരത്തടിയുമ്പോഴാണ് കേരളത്തില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളത്.
തിരവെട്ടിയുടെ എണ്ണം വളരെ കൂടുതലായിരുന്നു. കടലില്‍ അയിലയുടെ സാന്നിധ്യവും കണ്ടു. അയിലയുടെ സാന്നിധ്യമാണ് തിരവെട്ടിയെ കൂടുതലായി കാണാന്‍ കാരണമെന്നാണ് നിഗമനം.

തിരവെട്ടിയെ പ്രാദേശികമായി അയിലക്കാക്കയെന്നും പറയാറുണ്ട്.

ചിത്രശലഭങ്ങളുടെ ദേശാടനവും സര്‍വേയില്‍ കണ്ടു. ചക്കരശലഭം, നാരകശലഭം, വന്‍ചൊട്ട ശലഭം എന്നിവയെ തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെവരെ കണ്ടെത്തി. കടുത്ത കടല്‍ക്കാറ്റിനെ അതിജീവിച്ചാണിവയുടെ സഞ്ചാരം. തുലാത്തുമ്പികളുടെ ദേശാടനം ഇത്തവണ നേരത്തെ തുടങ്ങിയതായും സര്‍വേയില്‍ നിരീക്ഷിച്ചു.
രണ്ട് ദിവസത്തെ സര്‍വേ ഞായറാഴ്ച സമാപിച്ചു. ഡോ. ജാഫര്‍ പാലോട്ട്, കെ.വി.ഉത്തമന്‍, സത്യന്‍ മേപ്പയൂര്‍, ജെ.പ്രവീണ്‍, വി.സി.ബാലകൃഷ്ണന്‍, ബ്രിട്ടീഷ് പക്ഷിനിരീക്ഷകനും കടല്‍പ്പക്ഷി വിദഗ്ധനുമായ മൈക്ക് പ്രിന്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 24 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. കരയിലേക്ക് വരാത്ത കടല്‍പ്പക്ഷികളെക്കുറിച്ചുള്ള ആദ്യ സര്‍വേ വന്‍ വിജയമായ സാഹചര്യത്തില്‍ തുടരാനാണ് തീരുമാനം.


News: Mathrubhumi, 27.09.2010

Saturday, September 25, 2010

കന്യാവന വിശുദ്ധിയില്‍ നിശബ്ദ താഴ്‌വര


മഴക്കാടുകളുടെയും കന്യാവനങ്ങളുടെയും മനംനിറയ്ക്കുന്നദൃശ്യങ്ങളാണ് സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ വനസ്ഥലി മാനവരാശിയുടെ പൈതൃകസമ്പത്തിന്റെ ഭാഗം തന്നെ.

പശ്ചിമഘട്ടമലനിരകളില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 89.52 ചതുരശ്ര കി. മീറ്ററാണ് വിസ്തൃതി. ചുറ്റുമായി 148 ചതുരശ്ര കി. മീറ്റര്‍ ബഫര്‍സോണും ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിലാണ്.

സൈലന്റ്‌വാലിയില്‍ അംഗിണ്ട (2383 മീറ്റര്‍)യാണ് ഏറ്റവും ഉയരമേറിയയിടം. മുക്കാലിയില്‍ നിന്ന് 22 കി. മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് സൈരന്ധ്രിയിലെത്തിയാല്‍ വാച്ച്ടവറുണ്ട്. ഇവിടെ സൈലന്റ്‌വാലിയുടെ ഒരു വിസ്തൃതക്കാഴ്ച ലഭിക്കും.

1847 മുതലേതന്നെ ഈ വനമേഖല സൈലന്റ്‌വാലി എന്നുവിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. 1914 ല്‍ റിസര്‍വ്‌വനമായി പ്രഖ്യാപിക്കപ്പെട്ടു. 1928-29 ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠനറിപ്പോര്‍ട്ട് നിലവില്‍വന്നു. പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി.

120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15 ന് സൈലന്റ്‌വാലിവനം ദേശീയപാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. 1985 സപ്തംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.

സൈലന്റ്‌വാലി ദേശീയപാര്‍ക്കിന്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയും മറുഭാഗത്ത് ഇതിന് സമാന്തരമായെന്നോണം ഒഴുകുന്ന ഭവാനിയുമാണ് ഈ വനമേഖലയുടെ മുഖ്യസവിശേഷത.

ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.

പാലക്കാട്ടുനിന്നുള്ള ദൂരം 80 കി. മീറ്റര്‍. ഏറ്റവും അടുത്ത ടൗണ്‍ മണ്ണാര്‍ക്കാടാണ്-43 കി. മീറ്റര്‍. വിമാനത്താവളം കോയമ്പത്തൂര്‍- 90 കി.മീറ്റര്‍.

സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.

വിലാസം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, സൈലന്റ്‌വാലി ഡിവിഷന്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പിന്‍: 678582. ഫോണ്‍: 04924-222056, ഇമെയില്‍: mail@silentvalleynationalpark.com.

അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, സൈലന്റ്‌വാലി നാഷണല്‍പാര്‍ക്ക്, മുക്കാലി (പി.ഒ.), മണ്ണാര്‍ക്കാട് 678582, ഫോണ്‍: 04924 253225,

ഇമെയില്‍: awlw.silentvalley.gmail.com.

പരിസ്ഥിതി പഠനക്യാമ്പിനും സൗകര്യം

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍
സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന് മുതിര്‍ന്നവര്‍ 25 രൂപവീതം നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപ. ഇളവുലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണം. സ്വന്തം വാഹനത്തിലെത്തുന്നവര്‍ ഗൈഡിന്റെ സേവനത്തന് 150 രൂപകൂടി നല്‍കണം.

സന്ദര്‍ശകര്‍ക്കായി സൈലന്റ്‌വാലിയില്‍ രണ്ട് ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രവേശനഫീസുള്‍പ്പെടെ ഒരാള്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 140 രൂപയും നല്‍കണം. വിദേശികള്‍ക്ക് സന്ദര്‍ശനനിരക്കില്‍ വ്യത്യാസമുണ്ട്.

രണ്ടുദിവസത്തെ പരിസ്ഥിതിപഠനക്യാമ്പിന് ഒരാള്‍ക്ക് 600 രൂപയാണ് നിരക്ക്. പരമാവധി നാല്പതംഗസംഘത്തിന് അനുമതിനല്‍കും. കാട്ടില്‍ കാല്‍നടയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്തങ്ങളായ ട്രക്കിങ്ങുകള്‍ ഉണ്ട്. ഒരാള്‍ക്ക് 50 രൂപവീതം നല്‍കണം. പാത്രക്കടവിലേക്കുള്ള ട്രക്കിങ്ങിന് മൂന്നുപേര്‍ക്ക് 1000 രൂപയാണ് നിരക്ക്.

സൈലന്റ് വാലി ഫോട്ടോ ഫീച്ചര്‍ (എന്‍.പി. ജയന്‍)

മറ്റ് പാക്കേജുകള്‍

1. സൈലന്റ്‌വാലി കോട്ടേജ്, മുക്കാലി-രണ്ടുപേര്‍ക്ക് 3000.

2. ട്രോഗണ്‍ ടവര്‍-കീരിപ്പാറ, 4+4 കി.മീ. ട്രക്കിങ്ങുള്‍പ്പെടെ മൂന്നുപേര്‍ക്ക് 2000.

3. റോക്ക്‌ഹോള്‍ ഹട്ട്, മൂന്നുപേര്‍ക്ക് 3000, അമ്പലപ്പാറയില്‍നിന്ന് കാല്‍നടയായി.News : Mathrubhumi, വി. ഹരിഗോവിന്ദന്‍* അഞ്ചുകോടി വര്‍ഷത്തിന്റെ പൈതൃകം
* സൈലന്റ് വാലി പറയുന്നത്

Thursday, September 23, 2010

കടുവകളുടെ ലേബര്‍ റൂം

രണ്ടു കടുവകള്‍. അതിലൊരെണ്ണം പ്രസവിച്ചിട്ട് ഏറെനാളായിട്ടില്ല. ആണ്‍കടുവയും പെണ്‍കടുവയും ഒരു പാറയ്ക്കു മുകളിലൂടെ ചാടിക്കടന്നു. മഞ്ഞു മൂടിയ വരമ്പിലൂടെ പതുക്കെ നടക്കുന്നു. ഒരു വളവില്‍ പാറക്കെട്ടിനടിയിലെ ഗുഹയ്ക്കുള്ളിലേക്ക് അവ നുഴഞ്ഞു കയറി. ആ ഗുഹയ്ക്കപ്പുറത്തേയ്ക്ക് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് ഹിമാലയം. സമുദ്ര നിരപ്പില്‍ നിന്നു പതിമൂവായിരം അടി മുകളിലേക്ക് ഈ കടുവകളെത്തിയത് പ്രസവിക്കാനാണ്. വേട്ടക്കാരുടെ ശല്യം സഹിക്കവയ്യാതെ കടുവകള്‍ ഹിമാലയത്തിനു മുകളില്‍ കയറിയിരിക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ മനുഷ്യരുടെ ശല്യമില്ലാതെ പ്രസവിക്കുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഹിമാലയത്തിനു മുകളില്‍ കടുവയുണ്ടെന്നത് വെറും കേട്ടുകേള്‍വിയല്ല. വേട്ടക്കാരില്‍ നിന്നു രക്ഷപെടാന്‍ കടുവകള്‍ സ്വയം താവളം കണ്ടെത്തിയത് ഹിമാലയത്തിനു മുകളില്‍. ലോകത്താകെ മൂവായിരത്തി അഞ്ഞൂറ് കടുവകള്‍ മാത്രമേ ഇപ്പോഴുള്ളൂ എന്ന റിപ്പോര്‍ട്ടിനിടെ ബിബിസിയുടെ ക്യാമറ പ്രതീക്ഷകള്‍ നല്‍കുകയാണ്.
ഹിമാലയത്തിനു മുകളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ച് ആറാഴ്ചകള്‍ കാത്തിരുന്നു. കടുവകള്‍ നടന്നു പോകുന്നതിന്‍റെ ദൃശ്യം ലെന്‍സില്‍ പതിഞ്ഞു. ഹിമാലയത്തിനു മുകളില്‍ കടുവയുണ്ടെന്ന് ആദ്യമായി ലോകം കണ്ടു. കടുവകളുടെ മിസിങ് ലിങ്ക് എവിടെയെന്നു ചോദിച്ചാല്‍ ധൈര്യത്തോടെ പറയാം, ഭൂട്ടാന്‍. ആയിരം പെണ്‍ കടുവകള്‍ മാത്രമേ ഭൂമിയിലുള്ളൂ എന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയുടെ ജീവിതകാലം കഴിയും. പിന്നെ, പെണ്‍കടുവകള്‍ ഫോട്ടൊകളില്‍ മാത്രം അവശേഷിക്കും. അങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതിനെതിരേ ലോകം മുഴുവനുള്ള പരിസ്ഥിതി സ്നേഹികള്‍ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോള്‍, വംശത്തെ സംരക്ഷിക്കാന്‍ കടുവകള്‍ സ്വയം വഴി കണ്ടെത്തി. പ്രസവ കാലത്ത് അവ ഹിമാലയത്തിനു മുകളിലേക്കു കയറുന്നു. അല്‍പ്പം തണുപ്പു സഹിച്ചാലും അവിടെ വേട്ടക്കാരെ പേടിക്കേണ്ട.
ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള കാഴ്ചബംഗ്ലാവുകളില്‍ കടുവകളുണ്ട്. അവയില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നു കൊണ്ടുപോയവയാണ്. ലോകത്ത് മൂവായിരത്തഞ്ഞൂറു കടുവകളാണ് അവശേഷിക്കുന്നതെങ്കില്‍ അതില്‍ മുക്കാല്‍ പങ്കും ഏഷ്യയിലാണ്. ഏറ്റവുമധികം കടുവ വേട്ട നടക്കുന്നതും ഏഷ്യയിലാണ്. പുലിത്തോലിനും കടുവത്തോലിനും കോടികള്‍ വിലയുണ്ടെന്നതു തന്നെയാണ് കാരണം. ബിഗ് ക്യാറ്റുകളുടെ തോല്‍ വീടിന്‍റെ പൂമുഖത്തു വയ്ക്കുന്നത് അന്തസിന്‍റെ ഭാഗമായി കാണുന്ന കോടീശ്വ രന്മാര്‍ക്കുവേണ്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാടുകളില്‍ കടുവകള്‍ വേട്ടയാടപ്പെടുന്നു.
ബിബിസി ചാനലിന്‍റെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റിലെ കുറച്ചു പേരാണ് ഹിമാലയത്തിലേക്ക് ക്യാമറയുമായി കയറിയത്. ക്യാമറ ഒളിച്ചു വച്ച് അവര്‍ മറ്റിടങ്ങളില്‍ തങ്ങി. ആറു ദിവസം കൊണ്ട് കുറേ കടുവകള്‍ ക്യാമറയ്ക്കു മുന്നിലൂടെ നടന്നു പോയി. അവയുടെ കാല്‍പ്പാടുകളും ഷൂട്ട് ചെയ്തു. ഹിമാലയത്തിനു മുകളില്‍ കടുവകളുണ്ടെന്നു തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. കടുവകളുടെ വംശം നിലനില്‍ക്കുന്നതിനുള്ള കോറിഡോറായി മാറും ഭൂട്ടാനെന്നാണ് ജന്തുശാസ്ത്ര ഗവേഷകര്‍ പറയുന്നത്.
ഒമ്പതു രാജ്യങ്ങളിലെ നാല്‍പ്പത്തിരണ്ടു സ്ഥലങ്ങളിലാണ് ഏഷ്യയില്‍ കടുവകള്‍ ഉള്ളതെന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി മാപ്പിലുള്ള കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയും ഇല്ലാതാകുമെന്നാണ് സംഘടന നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഭൂട്ടാനില്‍ ഹിമാലയത്തിനു മുകളില്‍ കടുവകള്‍ സ്വസ്ഥമായി പ്രസവിക്കാനെത്തുമ്പോള്‍ അല്‍പ്പം ആശ്വാസം. ഹിമാലയത്തിനു മുകളില്‍ ഏതു ഭാഗത്ത്, എവിടെയൊക്കെയാണ് കടുവകളുള്ളതെന്നും അവ പ്രസവിക്കുന്ന സ്ഥലം ഏതെന്നുമൊക്കെ, ലോസ്റ്റ് ലാന്‍ഡ് ഒഫ് ദ ടൈഗര്‍ എന്ന ഡോക്യുമെന്‍ററിയില്‍ ബിബിസി കാണിക്കും. വേട്ടക്കാരും ടിവി കാണുന്നവരാണ്.
ഹിമാലയത്തിനു മുകളില്‍ കടുവകളെ സംരക്ഷിക്കാന്‍ വാച്ച്മാനുണ്ടാവില്ലെന്ന് അവര്‍ക്ക് അറിയാം. വഴിയും ഗുഹയും പറഞ്ഞുകൊടുത്താല്‍ എന്താകും കടുവകളുടെ അവസ്ഥയെന്ന് മൃഗസ്നേഹികള്‍ ചോദിക്കുമ്പോള്‍ പിന്നെയും ഭയം വര്‍ധിക്കുകയാണ്.


* കടുവ അഥവാ വരയൻപുലി


news: metrovaartha 23.09.2010

Wednesday, September 22, 2010

കല്ലാര്‍ വനമേഖലയില്‍ ബ്ലൂനവാബിനെ കണ്ടെത്തി

തിരുവനന്തപുരം: കേരളത്തിലെ ചിത്രശലഭങ്ങളില്‍ അത്യപൂര്‍വ ശലഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബ്ലൂനവാബിനെ പൊന്മുടി കല്ലാര്‍ വനാന്തരങ്ങളില്‍ കണ്ടെത്തി. 104 വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷ് ചിത്രശലഭ ശാസ്ത്രജ്ഞരായ ജെ.ഡേവിഡ്‌സണ്‍, ടി.ആര്‍.ബെല്‍, ഇ.എച്ച്.ഐറിക്കണ്‍ എന്നിവര്‍ കൂര്‍ഗില്‍ ബ്ലൂനവാബ് ശലഭത്തെ കണ്ടെത്തിയിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് ഈ ചിത്രശലഭത്തെ കണ്ടെത്തുന്നതെന്ന് തിരുവനന്തപുരത്തെ പക്ഷി-പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയായ വാര്‍ബേഡ്‌സ് ആന്‍ഡ് വേഡേഴ്‌സിലെ അംഗങ്ങളായ സി.സുശാന്ത്, കെ.എ.കിഷോര്‍, ബൈജു, പി.ബി.ബിജു എന്നിവര്‍ അവകാശപ്പെട്ടു. ജൂലായില്‍ പൊന്മുടി, കല്ലാര്‍ വനാന്തരങ്ങളില്‍ നടത്തിയ മണ്‍സൂണ്‍ പഠന യാത്രയിലാണ് 'ബ്ലൂനവാബ്' ശലഭത്തെ ഇവര്‍ കണ്ടെത്തിയത്. ശലഭത്തിന്റെ ആഹാരസസ്യമായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത കാട്ടുമന്ദാരത്തിലാണ് ഇവയുടെ ജീവിതചക്രം കണ്ടെത്തിയത്. ഇരുണ്ട നീലനിറത്തോടെയുള്ള ബ്ലൂനവാബിന് ചിറകിന്റെ മധ്യത്തില്‍ വീതിയേറിയ വെളുത്ത പാടുണ്ട്. ചിറക് വിരിക്കുമ്പോള്‍ എട്ടുസെന്റിമീറ്ററോളം നീളംവരും. വളരെ വേഗത്തില്‍ പറക്കുന്ന ഇവ നിത്യ ഹരിതവനങ്ങളുടെ മുകള്‍ഭാഗത്തുമാത്രമേ കാണാറുള്ളൂ.News: Mathrubhumi 22.09.2010

Monday, September 20, 2010

"തണല്‍ മരം,ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്" ജൈവ വൈവിധ്യതമിത്ര സംരക്ഷണ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തണല്‍മരം ഗ്രൂപ്പ്,ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന "ജൈവ വൈവിധ്യതമിത്ര സംരക്ഷണ" അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പിലാക്കിയ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്കാണ്‌ അവാര്‍ഡ് നല്‍കുക. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശുപാര്‍ഷകള്‍ സമര്‍പ്പിക്കാം. അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതമുള്ള ശുപാര്‍ഷകള്‍ ഓക്ടോംബര്‍ 15 നു മുമ്പായി thanalmaram@hotmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം. നവംബര്‍മാസത്തില്‍ കേരളത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കുന്നതാണ്,അവാര്‍ഡിനര്‍ഹമാകുന്ന വ്യക്തികള്‍ക്ക് ബഹുമതിപത്ര വും 5001 രൂപ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

===============================================================
കൂടുതല്‍ വിവരങ്ങള്‍ക്ക് +971553376235 എന്ന നമ്പറില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും facebookthanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക.

===============================================================

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക