.

.

Monday, April 30, 2012

സോളാര്‍ സിറ്റിയാവാന്‍ കൊച്ചി

കൊച്ചി: കൊച്ചി നഗരത്തെ 'സോളാര്‍സിറ്റി'യാക്കുന്ന പദ്ധതിയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് സൂര്യപ്രകാശം ഉപയോഗിക്കുകയും, ചെലവ് ഗണ്യമായി കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി, കോഴിക്കോട് നഗരങ്ങളെയാണ് പരീക്ഷണാര്‍ത്ഥം സോളാര്‍ സിറ്റി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

കൊച്ചിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നഗരസഭാ ഓഫീസുകളിലും സൗരോര്‍ജ്ജം ഉപയോഗിച്ച് വിളക്കുകള്‍ തെളിക്കുവാനാണ് ആദ്യഘട്ടത്തില്‍ പദ്ധതി ഇടുന്നത്.

Sunday, April 29, 2012

വാല്‍പ്പാറയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു

മലക്കപ്പാറ:വാല്‍പ്പാറയ്ക്കടുത്ത് ഉരുളിക്കല്‍ എസ്റ്റേറ്റിലെ പെരിയനഗറില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. വെള്ളിയാഴ്ച വൈകീട്ട് മയക്കുവെടിവെച്ചശേഷം കൂട്ടില്‍ കയറ്റിയപ്പോഴേ അവശനിലയിലായിരുന്നു. പ്രായാധിക്യവും പശുക്കളുടെ ആക്രമണത്തില്‍നിന്നുണ്ടായ മുറിവുകളുമാവാം മരണകാരണമെന്ന് വനപാലകര്‍ പറഞ്ഞു. പന്ത്രണ്ടുവയസ്സ് തോന്നിക്കുന്ന ആണ്‍കടുവയ്ക്ക് ആറടിയിലേറെ നീളമുണ്ട്. നിരവധി പുലികളെ ഈ മേഖലയില്‍ കണ്ടിട്ടുണ്ടെങ്കിലും കടുവയെ കാണുന്നത് അപൂര്‍വ്വമാണ്. ഡോക്ടര്‍ കലൈവാസന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം കടുവയുടെ ജഡം ദഹിപ്പിച്ചു.

29.4.2012 മാതൃഭൂമി പാലക്കാട്‌ ന്യൂസ്‌ 

പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം


പൊതുകിണറുകളും കുളങ്ങളും ശുചിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ളം മുട്ടും. കുടിവെള്ള വിതരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് മുന്നോടിയായി കിണറുകളും കുളങ്ങളും ശുചിയാക്കുന്നതിനുള്ള പദ്ധതി കൂടി നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്ത് വരുന്നത്. കുളങ്ങളും കിണറുകളും ശുചിയാക്കുന്നതിന് പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.

Saturday, April 28, 2012

ഏപ്രില്‍ 28: ലോക തവള സംരക്ഷണദിനം

ഏപ്രില്‍ 28 ലോക തവള സംരക്ഷണദിനമായി ആചരിക്കുന്നു. മഴ വരുന്നെന്ന വാര്‍ത്ത കര്‍ക്കശമായ സ്വരത്തില്‍ വിളംബരം ചെയ്തു കര്‍ഷകമനസ്സുകളില്‍ ആശ്വാസപ്പെരുമഴ പെയ്യിക്കുന്നവരാണ് തവളകള്‍. മനുഷ്യരെ ഇത്രയും പേടിയുള്ള ജീവിവര്‍ഗവും വേറെയില്ല. കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ വെള്ളത്തില്‍ച്ചാടി ഊളിയിട്ട് മറയുന്നവയാണ് തവളകളിലധികവും. പേടി പാടില്ലെന്നു പറയാനുമാവില്ല. കീടനാശിനിയുടെ പ്രയോഗത്തിലൂടെ തവളകളെ ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തിരിക്കുകയാണ് നാം! ഏറ്റവും സാധാരണമായിരുന്ന 'ചൊറിത്തവള (Bufo melanosticus)പോലും ഇന്ന് അപൂര്‍വമായിരിക്കുന്നു. മഴക്കാലത്ത് സുലഭമായി കാണാവുന്ന ചില തവളകളുടെ പേരെങ്കിലും നമുക്ക് ഓര്‍ത്തുവയ്ക്കാം.

Friday, April 27, 2012

കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് പീഡനക്കാലം


നോക്കെത്താദൂരം കത്തിയെരിഞ്ഞ വനപ്രദേശങ്ങള്‍. പച്ചപ്പിന്റെ നാമ്പുപോലും കാണാനാവാതെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ അലയുന്നു. കേരള- കര്‍ണാടക അതിര്‍ത്തി വനങ്ങളിലാണ് അതിജീവനത്തിനായി വനൃമൃഗങ്ങള്‍ പെടാപ്പാടുപെടുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹൊള വനപ്രദേശങ്ങളില്‍ ഇത്തവണ നന്നായി കാട്ടുതീ പടര്‍ന്നു. വേനല്‍ നീണ്ടുനിന്നതോടെ കാട് കരിഞ്ഞ മണ്ണും ഇലകളുമായി വന്യമൃഗങ്ങളുടെ ഭക്ഷണം. നാഗര്‍ഹൊളയില്‍ ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ രണ്ട് കാട്ടാനകള്‍ ചത്തു.

Thursday, April 26, 2012

ഭൂമിയെ പൊള്ളിക്കാതെ സൗരവാതം


കഴിഞ്ഞ എട്ടാം തീയതി ലോകം വനിതാദിനം ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ വലിയൊരു അപകടമാണ് അധികമാരും അറിയാതെ ഭൂമിയെ കടന്നുപോയത്. ഒരു പതിറ്റാണ്ടിനിടയ്ക്കുണ്ടായ ഏറ്റവും ശക്തമായ സൌരവാതം അന്നു ഭൂമിയില്‍ പ്രവേശിച്ച് പിറ്റേന്നു രാവിലെയോടെ പതുക്കെ ഒഴിഞ്ഞുപോയി. ഭൂമിക്ക് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര പ്രശ്നമുണ്ടായില്ല.

Wednesday, April 25, 2012

കുളത്തില്‍ ചത്ത ഭീമന്‍ ആമയ്ക്ക് വയസ്സ് 150

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ ചത്ത ഭീമന്‍ ആമയുടെ പ്രായം 150. വെറ്റിറിനറി ഡോക്ടര്‍മാര്‍ രണ്ടരമണിക്കൂറിലേറെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. പല്ലുകള്‍ പരിശോധിച്ചാണ് പ്രായം നിശ്ചയിച്ചത്. ഏകദേശം 78 കിലോയുണ്ടായിരുന്നു. ശുദ്ധജലത്തില്‍ കാണുന്ന ഇത്രയും ഭാരമുള്ള ആമകള്‍ അപൂര്‍വമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച അമ്പലപ്പുഴ ക്ഷേത്രക്കുളത്തിലാണ് ആമയെ ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ റാന്നി ഫോറസ്റ്റ് റേഞ്ചോഫീസില്‍ അറിയിച്ചു. മറവുചെയ്യുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

Tuesday, April 24, 2012

നശിക്കുകയാണ്; ഔഷധങ്ങളും ചരിത്രവും


വനം വകുപ്പിന്റെ ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് ഒൌഷധ ഉദ്യാനം അവഗണനയില്‍. പരിപാലനത്തിനു ഫണ്ടില്ലാത്തതിനാല്‍ നട്ടു വളര്‍ത്തിയ സസ്യങ്ങള്‍ പലതും കരിഞ്ഞുണങ്ങി. ഉദ്ഘാടനത്തിനു ശേഷം ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. ഇവിടെ ജോലി ചെയ്യുന്ന നാലു വാച്ചര്‍മാര്‍ക്ക് കൃത്യമായി ശമ്പളത്തിനു പോലും ഫണ്ടില്ല.

വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളുമടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്ന ഉദ്യാനമാണ് വനം വകുപ്പിന്റെ അനാസ്ഥയാല്‍ നശിക്കുന്നത്.

Monday, April 23, 2012

കടുത്ത ചൂട്: ഹിമക്കരടി ചത്തു

തൃശൂര്‍ : കടുത്ത ചൂടുമൂലം തൃശൂര്‍ മൃഗശാലയിലെ ഹിമക്കരടി ചത്തു. 34വയസുള്ള പെണ്‍ ഹിമക്കരടിയാണ് ഇന്നലെ പുലര്‍ച്ചെ ചത്തത്. കടുത്ത ചൂടുമൂലം മൂക്കില്‍ നിന്നു രക്തം വന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.

രണ്ടു ഹിമക്കരടികളാണു മൃഗശാലയില്‍ ഉണ്ടായിരുന്നത്. ആണ്‍ ഹിമക്കരടിയും ഗുരുതരാവസ്ഥയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഭക്ഷണം കഴിക്കുന്നുണ്ട്. കടത്തു ചൂടില്‍ കഴിയാനാകാത്തതിനാല്‍ എപ്പോഴും കൂട്ടിലേക്കു വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട്.

ഇക്കോടൂറിസം സെന്ററില്‍ ആനകളെ കാണാന്‍ സന്ദര്‍ശക പ്രവാഹം

കോന്നി:ആനകളെ കാണാനും വിശേഷങ്ങളറിയാനും ആനസവാരിക്കുമായി ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്കേറി. സോമന്‍(72), നപ്രിയദര്‍ശനി(24), മീന(22), സുരേനന്ദ്രന്‍(14), ഈവ(3), ഡോണ്‍സിംഗ്(9) എന്നീ ആനകളാണ് ആനക്യാമ്പിലുള്ളത്. ഇതില്‍ ഡോണ്‍സിംഗ് ആളു ചില്ലറക്കാരനല്ല. വനംവകുപ്പ് ഒരുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആന സോമനും, നപ്രിയദര്‍ശനിയുമാണ് സന്ദര്‍ശകരെ ആനസവാരിക്കായി കൊണ്ടുപോകുന്നത്. ആനസവാരിക്ക് ഒരാളിന് 100രൂപയാണ് ടിക്കറ്റ്‌നിരക്ക്. ഉച്ചകഴിഞ്ഞ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാവിലെയാണ് സന്ദര്‍ശകരുടെ വരവ്.

അല്‍ഫോണ്‍സ മുതല്‍ മല്ലിക വരെ

തൊടുപുഴ: അല്‍ഫോണ്‍സ, സുവര്‍ണരേഖ, അന്‍മോള്‍, സിന്ധു, മല്ലിക..... ഇവരെ അറിയാന്‍ തൊടുപുഴ കാസ്ഡിന്റെ ഗ്രീന്‍ഫെസ്റ്റില്‍ എത്തിയാല്‍ മതി. കോളേജ് ബ്യൂട്ടികളൊന്നുമല്ല ഇവരാരും. മറിച്ച് ആരും കൊതിക്കുന്ന മാമ്പഴങ്ങളുടെ പേരുകളാണ്. പേരിലെ വൈവിധ്യം ഇവിടെ തീരുന്നില്ല. പ്രീയോള്‍, നമ്പ്യാര്‍, ബങ്കനപ്പള്ളി, ഫിമാപസന്ത്, ചന്ദ്രക്കാരന്‍, കുദൂസ്, കര്‍പ്പൂരം, മുണ്ടപ്പ, നീലാന്തി പസന്ത്, കല്ലുനീലം, കാലാപ്പാടി...... ഇങ്ങനെ തുടരുന്നു. 39 ഇനം മാങ്ങകള്‍ കാണാനും പരിചയപ്പെടാനും ഗ്രീന്‍ ഫെസ്റ്റില്‍ അവസരമുണ്ട്. ചെറുനാരങ്ങയുടെ വലിപ്പം മുതല്‍ പൊതിച്ചതേങ്ങയുടെ അത്രയും വരെ വലിപ്പമുള്ളവ ഇക്കൂട്ടത്തിലുണ്ട്.

വയനാടന്‍ കാടുകളില്‍ തേന്‍ ഉത്‌പാദനം കുറയുന്നു

വെള്ളമുണ്ട: കാട്ടിലൊന്നും തേനില്ലാതായതോടെ തേന്‍ കുറുമരുടെ ജീവിതം ദാരിദ്ര്യത്തിന്റേതായി. പ്രതിവര്‍ഷം വയനാടന്‍ കാടുകളില്‍ തേന്‍ ഉത്പാദനം കുറയുകയാണ്. ഉള്‍വനങ്ങളില്‍ പോലും തേന്‍ തേടി നടന്ന കുറുമര്‍ക്ക് ഇത്തവണ പറയാന്‍ കദനകഥകള്‍ മാത്രമാണുള്ളത്. തേന്‍ കൂടുകള്‍ തേടിയായിരുന്നു കാട്ടുനായ്ക്കരുടെയും ഒരു കാലത്തെ ജീവിതം. ഇരുണ്ട വനത്തിലെ മാനംമുട്ടെ വളര്‍ന്ന മരത്തിനു മുകളിലെ ചാഞ്ഞ കൊമ്പില്‍ അറ്റത്തുനിന്നും ഇവര്‍ അതി സാഹസികമായാണ് തേന്‍ പാട്ടകള്‍ അടര്‍ത്തുക. വര്‍ഷത്തില്‍ ഒരു തവണ മാത്രം ലഭിക്കുന്ന തേന്‍ വിപണിയില്‍ നല്‍കിയാണ് ഇവര്‍ ജീവിത വരുമാനം കണ്ടെത്തിയിരുന്നത്.

Sunday, April 22, 2012

കാടിന്റെ വിളി

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. പക്ഷി നിരീക്ഷണത്തിനും ചിത്രശലഭനിരീക്ഷണത്തിനും ട്രക്കിങ്ങിനും ഏറ്റവും ഉചിതസ്ഥലമാണിത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ധരാളം പ്രകൃതി സ്നേഹികള്‍ സമയം ചെലവിടാനും പുഴയില്‍ കുളിക്കാനുമായി ഓരോ ദിവസവും ജാനകിക്കാട്ടില്‍ എത്താറുണ്ട്.131 ഹെക്ടര്‍ സ്ഥലമാണ് ജാനകിക്കാട്ടിലുള്ളത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് 2008 ലാണ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കിയത്.

Saturday, April 21, 2012

ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ഉണങ്ങിവരണ്ടുകിടക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡം സ്ഥിതിചെയ്യുന്നത് വന്‍ ഭൂഗര്‍ഭ ജലശേഖരത്തിനുമേലെയെന്ന് ശാസ്ത്രജ്ഞര്‍. ഉപരിതലത്തില്‍ കണ്ടെത്തിയിട്ടുള്ള ജലത്തേക്കാളും നൂറുമടങ്ങ് വലുതാണ് ആഫ്രിക്കയിലെ ഭൂഗര്‍ഭജലമെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. അമേരിക്കന്‍ മാസികയായ 'എന്‍വിറോണ്‍മെന്‍റല്‍ റിസര്‍ച്ച് ലെറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തിലാണ് ആഫ്രിക്കയിലെ ഭൂഗര്‍ഭജലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

അമ്മയെ കാക്കണം (ഏപ്രില്‍ 22 ലോക ഭൌമദിനം)

പൂര്‍വികരില്‍നിന്നു നമുക്കു പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളില്‍നിന്നു കടംവാങ്ങിയതാണീ ഭൂമി - ഒരേയൊരു ഭൂമി (Only One Earth) എന്ന പുസ്തകത്തിലെ ഇൌ വാക്യങ്ങള്‍ ഒാരോ നിമിഷവും നാം ഓര്‍ക്കണം.

ഒരേ ഒരു ഭൂമിയേ നമുക്കുള്ളൂ. ആ ഭൂമിയമ്മയാവട്ടെ പനിച്ചൂടില്‍ വിറച്ചും മലിനീകരണത്താല്‍ ശ്വാസംമുട്ടിയും ആസന്നമരണയായിക്കഴിഞ്ഞിരിക്കുന്നു. തണുപ്പും തണലും നീരുറവകളും കിളിക്കൊഞ്ചലുകളുമൊക്കെ ഭൂമിയമ്മയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇൌ ദുരവസ്ഥയ്ക്കു കാരണം മക്കളായ മനുഷ്യര്‍ തന്നെ. ഭൂമിയെ രക്ഷിക്കാന്‍, സുസ്ഥിര ഭാവിയിലേക്കു ചുവടുവയ്ക്കാന്‍ നമുക്കു കൈകോര്‍ക്കാം, ഒന്നിച്ചു ശബ്ദമുയര്‍ത്താം. ഇൌ സന്ദേശവുമായാണ് ഏപ്രില്‍ 22ന് ഭൌമദിനം കടന്നുവരുന്നത്.

Friday, April 20, 2012

ശ്രീലങ്കയില്‍ കോഴി 'പ്രസവിച്ചു'

കൊളംബോ: കോഴിയോ മുട്ടയോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് ശ്രീലങ്കയില്‍ നിന്ന് ഒരു മറുപടി. ഇവിടെ, കോഴി 'പ്രസവിച്ചു', ഒരു കോഴിക്കുഞ്ഞിനെ. മുട്ടയുടെ മേല്‍ അടയിരിക്കുന്ന കോഴിയുടെ ചൂടേറ്റാണ് അത് വിരിയുക. എന്നാല്‍, ശ്രീലങ്കയില്‍ കോഴിക്കുള്ളില്‍ വെച്ച് തന്നെ മുട്ടവിരിഞ്ഞു. 21 ദിവസത്തിന് ശേഷം പുറത്തു വന്നത് ആരോഗ്യമുള്ള ഒരു കോഴിക്കുഞ്ഞ്.

പക്ഷേ, തള്ളക്കോഴി ചത്തുപോയി. കോഴിയുടെ പ്രത്യുത്പാദന സംവിധാനത്തില്‍ രൂപം കൊണ്ട മുട്ട, വിരിയും വരെ അതിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് ജഡം പരിശോധിച്ച മൃഗഡോക്ടര്‍ പി.ആര്‍. യാപ പറഞ്ഞു. ആന്തരിക മുറിവുകളാണ് കോഴി ചാകാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

20 Apr 2012 mathrubhumi News

പൂക്കോട് വിനോദസഞ്ചാരകേന്ദ്രം നവീകരിക്കുന്നു

കല്പറ്റ: വയനാട്ടിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഇതിന്റെ നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 2.98 കോടി രൂപയുടെ ഭരണാനുമതി നല്കി. ഒരുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണച്ചുമതല.

സമ്പൂര്‍ണ പ്ളാസ്റിക് നിരോധനം നടപ്പിലാക്കിയ ചാവക്കാട് പ്ളാസ്റിക് കുമിഞ്ഞു കൂടുന്നു

ചാവക്കാട് : നാടും നഗരവും ആഘോഷപൂര്‍വ്വം സമ്പൂര്‍ണ പ്ളാസ്റിക് നിരോധനം നടപ്പിലാക്കി. ഒപ്പംചേര്‍ന്നു ചാവക്കാട് നഗരസഭയിലും പ്ളാസ്റിക് നിരോധിച്ചു. നിരോധനം വന്ന് മാസങ്ങള്‍ കഴിഞ്ഞു. നിയമം നടപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത ഭരണകര്‍ത്താക്കളും ജനവും നിരോധനത്തെകുറച്ച് ബോധപൂര്‍വ്വം മറവി നടിക്കുമ്പോള്‍ ചാവക്കാട് പ്ളാസ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. ബ്ളാങ്ങാട് ബീച്ചിലും പരിസര പ്രദേശങ്ങളിലും പ്ളാസ്റിക് കവറുകള്‍ മാലിന്യവുമായി കുന്നുകൂടി കിടക്കുകയാണ്. റോഡരികിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും കുമിഞ്ഞുകൂടിയ മാലിന്യ കവറുകള്‍ നീക്കം ചെയ്യണമെന്ന് നഗരസഭയെ അറിയിച്ചിട്ടും നടപടിയില്ല. പ്ളാസ്റിക് നിരോധിച്ച നഗരസഭയില്‍ പ്ളാസ്റിക് കവറുകളില്‍ മാലിന്യം നിറച്ച് വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുകയാണ്. ഒരുവര്‍ഷം മുമ്പ് പ്ളാസ്റിക് നിരോധിച്ചപ്പോള്‍ നഗരസഭ കര്‍ശന നടപടി എടുത്തിരുന്നു. എന്നാല്‍ നടപടികള്‍ അവസാനിച്ചതോടെ നഗരസഭയില്‍ വീണ്ടും പ്ളാസ്റിക് തിരിച്ചെത്തുകയായിരുന്നു.

Thursday, April 19, 2012

ചുരം കാണാം


കോഴിക്കോട്-മൈസൂര്‍ ദേശിയപാത 212ല്‍  താമരശ്ശേരി ചുരം റോഡ് ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. ദിനം പ്രതി ടൂറിസ്റ്റുകളുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ താമരശ്ശേരി ചുരത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന വനം വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Wednesday, April 18, 2012

കല്‌പാത്തിപ്പുഴ വിളിക്കുന്നു, മരണമൊഴി കേള്‍ക്കാന്‍

പാലക്കാട്: കല്പാത്തിപ്പുഴയുടെ തീരത്ത് സംന്യാസിമുക്കിനുസമീപം ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചെലവില്‍ സ്ഥാപിച്ച ആ ബോര്‍ഡില്‍ പുഴസംരക്ഷണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. വഴിതെറ്റിയിട്ടില്ല, ബോര്‍ഡ്സ്ഥാപിച്ചവഴി നീളുന്നത് പുഴയിലേക്കുതന്നെ. പുഴയുടെ ഓരത്ത് തകര്‍ന്നുകിടക്കുന്ന തടയണയ്ക്കരികില്‍ നിങ്ങളെ സ്വാഗതംചെയ്യുക മൂക്കുപൊത്തിക്കുന്ന ദുര്‍ഗന്ധമായിരിക്കും.

മൂക്കടച്ചുപിടിച്ച് നടന്നാല്‍ അടുത്തകാഴ്ച നഗരത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ പുറം തള്ളുന്ന മാലിന്യമാണ്. ഈ മാലിന്യത്തില്‍ച്ചവിട്ടി നടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എത്തിച്ചേരുക മലിനജലത്തിലേക്ക് ഒലിച്ചിറങ്ങുന്ന കക്കൂസ്മാലിന്യത്തിലാണ്. അവിടെനിന്ന് പുഴയെ നോക്കിയാല്‍ ഇരുകരകളിലും കുമിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്മാലിന്യത്തിന്റെ കൂമ്പാരം. വലിയൊരു പ്ലാസ്റ്റിക് കുന്ന്. ഒരു മണിക്കൂറോളം മൂക്കുപൊത്തി നടക്കാന്‍ തയ്യാറുള്ള ആര്‍ക്കും പുഴയുടെമരണം നേരിട്ടുകാണാം.

ശലഭതാഴ്‌വരയില്‍ പൂമ്പാറ്റകളെ സംരക്ഷിക്കാന്‍ പദ്ധതി

നുമാലിഗഢ് (അസം): വംശനാശം നേരിടുന്ന പൂമ്പാറ്റകളെ സംരക്ഷിക്കുന്നതിനായി വടക്കു കിഴക്കന്‍ ശാസ്ത്ര സാങ്കേതിക ഇന്‍സ്റ്റിറ്റിയൂട്ട് അസമില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗോലാഘട്ട് ജില്ലയിലെ ബട്ടര്‍ഫൈ്‌ളവാലി (ചിത്രശലഭ താഴ്‌വര) യിലാണ് ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഇവയുടെ പ്രജനനത്തിന് ആവശ്യമായ തരം സസ്യങ്ങള്‍ നട്ടു പിടിപ്പിക്കാനും കണ്ടെത്താനുമുള്ള ശ്രമങ്ങളിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. നുമാലിഗഢ് എണ്ണ ശുദ്ധീകരണ ശാലയുള്‍പ്പെടുന്ന പ്രദേശത്താണ് ശലഭതാഴ്‌വര. പച്ചപ്പും കുന്നുകളും നിറഞ്ഞ 30 ഏക്കറിലാണ് ഇത്.

ലോകപ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം ഇതിനടുത്താണ്. പരിസ്ഥിതി പ്രാധാന്യമുള്ള വടക്കു കിഴക്കന്‍ മേഖലയില്‍ വംശനാശം നേരിടുന്ന പലതരം പൂമ്പാറ്റകളുണ്ട്. അഞ്ച് ചിത്രശലഭ കുടുംബങ്ങളില്‍പ്പെടുന്ന 75 ഇനം പൂമ്പാറ്റകളുണ്ടെന്നാണ് കണ്ടെത്തല്‍. വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന 60,000 സസ്യങ്ങളും ഇവിടെയുണ്ട്.

കലഞ്ഞൂരില്‍ വരുന്നു, രാജ്യാന്തര ഔഷധസസ്യപാര്‍ക്ക്‌

കലഞ്ഞൂര്‍: ഡിപ്പോ ജങ്ഷനിലുള്ള വനംവകുപ്പ് വക സ്ഥലത്ത് സ്ഥാപിക്കുന്നത് രാജ്യാന്തര നിലവാരമുള്ള ഔഷധ സസ്യ പാര്‍ക്ക്.
പദ്ധതിയെപ്പറ്റി ബുധനാഴ്ച നടക്കുന്ന മന്ത്രിതല മീറ്റിങ്ങില്‍ തീരുമാനമെടുക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് മുന്‍കൈയെടുത്താണ് പാര്‍ക്കിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ സ്ഥലത്തോട് ചേര്‍ന്ന്തന്നെ വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലമെന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം വരാന്‍ കാരണമായി.

കുട്ടനാട് പാക്കേജ്: നിര്‍മ്മാണം പൂര്‍ത്തീകരണം അഞ്ചുവര്‍ഷത്തിനകം -എം.എസ്. സ്വാമിനാഥന്‍

മങ്കൊമ്പ്: കുട്ടനാട് കാര്‍ഷിക പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുമെന്ന്, പാക്കേജ് ശില്‍പ്പി ഡോ.എം.എസ്. സ്വാമിനാഥന്‍. നിര്‍മ്മാണം നടക്കുന്ന കായല്‍ പാടശേഖരങ്ങളില്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം അറിയിച്ചതാണിത്.

പരിസ്ഥിതി ആഘാതം ഉണ്ടാവാത്ത തരത്തിലാവണം നിര്‍മ്മാണം. പുറംബണ്ട് നിര്‍മ്മാണം നടക്കുന്ന കായല്‍ പാടശേഖരങ്ങളില്‍ പഴയ കല്ലുകെട്ടില്‍നിന്ന് ഒന്നരമീറ്റര്‍ കായലിലേക്ക് ഇറക്കി പൈലും സ്ലാബും അടിച്ച് കായല്‍ കൈയേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

അട്ടപ്പാടിയില്‍ രണ്ടുമാസത്തിനിടെ കത്തിനശിച്ചത് അരലക്ഷം ഏക്കര്‍ വനം

അഗളി: രണ്ടുമാസത്തിനിടെ അട്ടപ്പാടിയില്‍ കത്തിയമര്‍ന്നത് 50,000ഏക്കറിലേറെ വനം. നീലഗിരി ജൈവവൈവിധ്യ മേഖലയ്ക്ക് കനത്ത ആഘാതമായ തീപ്പിടിത്തത്തില്‍ സൈലന്റ്‌വാലി കരുതല്‍മേഖലയ്ക്കും നാശമുണ്ടായി.ഏഴുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ തീപ്പിടിത്തമാണ് ഈവര്‍ഷത്തേത്. അഹാഡ്‌സിന്റെ പിന്‍വാങ്ങലും വനംവകുപ്പ് കൃത്യമായി ഫയര്‍ലൈന്‍ വെട്ടാത്തതുമാണ് പ്രധാനകാരണമായി വിലയിരുത്തുന്നത്.

Tuesday, April 17, 2012

തൊടുപുഴയില്‍ കോഴി 'പ്രസവിച്ചു'

ഇടുക്കി: തൊടുപുഴ കുമ്മങ്കല്ലില്‍ കോഴി കാഷ്ഠിച്ചപ്പോള്‍ പുറത്തുവന്നത് കോഴിക്കുഞ്ഞ്. തള്ളവിരലിനോളം വലിപ്പമുള്ള ജീവനുള്ള കോഴിക്കുഞ്ഞിനെയാണ് കാഷ്ഠത്തോടൊപ്പം കണ്ടെത്തിയത്. കുമ്മങ്കല്ല് ചീനത്തൊട്ടിയില്‍ കെ കെ ബഷീറിന്റെ വീട്ടിലാണ് സംഭവം.
ബഷീറിന്റെ കൊച്ചുമകള്‍ ആറുവയസ്സുകാരി ഷബിന ആണ് കോഴിക്കുഞ്ഞിനെ ആദ്യം കണ്ടത്. ഇന്നലെ രാവിലെ ഒമ്പതിന് മങ്ങാട്ടുകവല മൃഗാശുപത്രിയില്‍ നിന്നു വാങ്ങിയ കോഴിയാണ് 'പ്രസവിച്ചത്'.

കോഴി പ്രസവിച്ച വാര്‍ത്ത അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കോഴിയെയും കോഴിക്കുഞ്ഞിനേയും മങ്ങാട്ടുകവലയിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. ഇത് അസാധാരണ സംഭവമാണെന്നും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സംവിധാനമില്ലെന്നും പറഞ്ഞ് ഡോക്ടര്‍ ഇവരെ മടക്കി. എന്തായാലും കോഴി പ്രസവിച്ച കുഞ്ഞിനെ കാണാന്‍ നിരവധി പേര്‍ ബഷീറിന്റെ വീട്ടിലെത്തുന്നുണ്ട്.

വിഷു അവധിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് ആയിരങ്ങള്‍

കല്പറ്റ: വയനാടിന്റെ പച്ചപ്പും കുളിരും തേടി വിഷു അവധി ദിനങ്ങളില്‍ സന്ദര്‍ശക പ്രവാഹം. വേനല്‍ചൂടില്‍ കത്തിയെരിയുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇത്തിരി കുളിരുതേടി വയനാടിന്റെ വനവിശാലതയിലേക്ക് ഒഴുകിയെത്തിയത്.

സ്വച്ഛശീതളമായൊഴുകുന്ന ജലാശയങ്ങളും പാല്‍നുര പതയുന്ന വെള്ളച്ചാട്ടങ്ങളും വന്യജീവികള്‍ വിരഹിക്കുന്ന നിത്യഹരിതവനങ്ങളും കുന്നുകളും പുല്‍മേടുകളും വിശാലമായ കൃഷിയിടങ്ങളുമൊക്കെ സന്ദര്‍ശകര്‍ക്ക് സ്വര്‍ഗീയാനുഭൂതിയാണ് പകരുന്നത്.

സ്വാഭാവിക പ്രകൃതിഭംഗി ചൊരിഞ്ഞൊഴുകുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുദിനം വര്‍ധിച്ചുവരികയാണ്.

തേക്കടി വനത്തില്‍ വന്യമൃഗങ്ങള്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം

കുമളി: തെരുവുനായ്ക്കള്‍ വീണ്ടും തേക്കടിയിലെ വന്യമൃഗങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തേക്കടി വനമേഖലയില്‍ കടന്നുകയറുന്ന തെരുവുനായ്ക്കളുടെ സംഘം ഞായറാഴ്ചയും മ്ലാവുകളെ ആക്രമിച്ചു. നായ്ക്കളില്‍നിന്ന് രക്ഷപ്പെടാനായി റോസാപ്പൂക്കണ്ടം കോളനിക്കു സമീപത്തെ കുളത്തില്‍ ചാടിയ മ്ലാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരികെ വനത്തില്‍ വിട്ടു.

ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍ വരവായി

തിരുവനന്തപുരം: സന്ദര്‍ശകര്‍ക്ക് കുളിര്‍ക്കാറ്റും തണലും ആസ്വദിക്കുന്നതോടൊപ്പം പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ മൃഗശാല വളപ്പില്‍ 'ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍' ഒരുക്കുന്നു.

സിംഹക്കൂടിന് താഴെയുള്ള വിശാലമായ വലിയകുളത്തില്‍ മൂന്നും പക്ഷികൂടുകള്‍ക്കടുത്തുള്ള ചെറിയ കുളത്തില്‍ ഒരെണ്ണവുമാണ് സ്ഥാപിക്കുന്നത്. മനോഹരമായ ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടനുകളാണ് അധികൃതര്‍ ഒരുക്കുന്നത്.

Monday, April 16, 2012

പുല്ലിപ്പുഴയോരത്ത് ആര്‍ക്കും എന്തും ആവാം?

ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ ഫറോക്ക് പെരുമുഖം പുല്ലിപ്പുഴയോരത്തെ കണ്ടല്‍ വനമേഖലയില്‍ കയ്യേറ്റങ്ങളും കണ്ടല്‍ നശീകരണവും ഏറുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നില്ല.പ്രകൃതി സ്നേഹികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് കണ്ടലുകളെ നിലനിര്‍ത്തുന്നത്.

Sunday, April 15, 2012

'പലതുള്ളി' പദ്ധതിക്കു ദേശീയ പുരസ്കാരം

മഴസംഭരണവും ജലപരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടു ജനങ്ങളുമായി കൈകോര്‍ത്തു മലയാള മനോരമ നടപ്പാക്കിയ പലതുള്ളി പദ്ധതിക്കു ദേശീയ പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലെ കേന്ദ്ര ജല ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2010ലെ ഗ്രൌണ്ട് വാട്ടര്‍ ഒഗ്മെന്റേഷന്‍ പുരസ്കാരം കേന്ദ്ര ജലവിഭവ, പാര്‍ലമെന്ററി കാര്യ മന്തി പവന്‍ കുമാര്‍ ബന്‍സലില്‍ നിന്നു മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ മാത്യൂസ് വര്‍ഗീസ് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.

Saturday, April 14, 2012

നുകരാം ആതിരപ്പള്ളിയുടെ കുളിര്‍മ ആവോളം

സഞ്ചാരികള്‍ക്കായി നേര്‍ത്ത കുളിര്‍മ ആവോളം വിളമ്പാന്‍ കാത്തുനില്‍ക്കുകയാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഒപ്പം ഇതോടുചേര്‍ന്നുള്ള വനഭംഗിയും ആസ്വദിക്കാം. നഗരത്തിരക്കില്‍ ഉരുകുന്നവരില്‍ ഏറെപ്പേരും ഒരു സണ്‍ഡേ ട്രിപ്പിനായാണ് അതിരപ്പിള്ളിയിലെത്തുന്നത്.

പശ്ചിമഘട്ട മലനിരകളിലെ ആനമുടിയില്‍നിന്നു പിറവിയെടുത്ത് അറബിക്കടലില്‍ ലയിക്കാന്‍ വെമ്പിയൊഴുകുന്ന ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യമാണ് അതിരപ്പിള്ളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത കൊതിക്കുന്ന യുവത്വത്തെ മാടിവിളിക്കുന്ന ട്രക്കിങ് പോയിന്റ്. ഒപ്പം ശാന്തമായ വനപ്രദേശം കുടുംബങ്ങളെയും കുട്ടികളെയും കാത്തിരിക്കുന്നു.

Friday, April 13, 2012

കാഴ്ച വിരുന്നൊരുക്കി രാജമല

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് അടച്ചിട്ട ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല, സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ സഞ്ചാരികളെ വരവേറ്റത് പാറക്കെട്ടുകളിലും പുല്‍മേടുകളിലും തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികള്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനനകാലം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ കിഴ്ക്കാന്തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളിലുമാണ് ഇവ പ്രസവിക്കുന്നത്.

70 കുട്ടികള്‍ ഈ സീസണില്‍ രാജമലയില്‍ പിറന്നതായാണ് ഏകദേശ കണക്ക്. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമേ വളര്‍ന്നുവലുതാവുന്നുള്ളു. ശേഷിക്കുന്നവ പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവുംമൂലം ചത്തൊടുങ്ങും. 15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടുകളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ആടിന് 150 കിലോ തൂക്കം വരും. ലോകത്ത് ആകെയുള്ള വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയ ഉദ്യാനത്തിലാണെന്നാണു കണക്ക്.

Thursday, April 12, 2012

അശാസ്ത്രീയമായ കളിമണ്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാകുന്നു

കോഴിക്കോട്: അശാസ്ത്രീയവും അനിയന്ത്രിതവുമായ കളിമണ്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. അനുവദനീയമായതിലും കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നത്. ഗുണമേന്മയുള്ള കളിമണ്‍ ലഭിക്കാനായാണ് പരിധിയില്‍ കവിഞ്ഞ ആഴത്തില്‍ ഖനനം നടത്തുന്നത്. എന്നാലിത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഫറോക്ക്, രാമനാട്ടുകര മേഖലയിലെ വയലുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനികള്‍ കൂടുതലായി കളിമണ്‍ ശേഖരിക്കുന്നത്. പരിമ്പരാഗത തൊഴില്‍ മേഖലയായ ഓടുവ്യവസായത്തിന്റെ നിലനില്പിന് കളിമണ്‍ ലഭ്യത അത്യാവശ്യമാണെങ്കിലും നിയന്ത്രണമില്ലാത്ത ഖനനമാണ് പരിസ്ഥിതിക്ക് ഭീഷണിയായി മാറുന്നത്.

Wednesday, April 11, 2012

പരിക്കേറ്റ കാട്ടാനയ്ക്ക് ഇന്ന് ചികിത്സ തുടങ്ങും

എടക്കര: വഴിക്കടവ് വനത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട മോഴയാനയ്ക്കുള്ള ചികിത്സ ബുധനാഴ്ച തുടങ്ങും.

മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഡോ. അരുണ്‍ സക്കറിയ, ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപ് എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെ വഴിക്കടവ് വെള്ളക്കട്ട വനത്തില്‍ ആനയെ നിരീക്ഷിച്ചിരുന്നു. ആനയുടെ പിന്‍വശത്തെ വലതുകാല്‍ മുട്ടിനോടുചേര്‍ന്ന് ഒടിഞ്ഞ നിലയിലാണ്. മയക്കുവെടിവെച്ച് വീഴ്ത്തി ചികിത്സിക്കാന്‍ കഴിയില്ല.

Tuesday, April 10, 2012

'സസ്യ സര്‍വസ്വ'ത്തിന് ശനിദശ

കോഴിക്കോട്: ഫണ്ട് ലഭിക്കാതെയും പരിചരണത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാതെയും ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്‍വസ്വം പാര്‍ക്ക് നാശത്തിലേക്ക്.

2010 ജൂണില്‍ ഉദ്ഘാടനംചെയ്ത പാര്‍ക്കിന് തുടര്‍ഫണ്ടുകള്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്. മലബാറിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്റീഡ് തയ്യാറാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസില്‍ (മലബാറിന്റെ പൂന്തോട്ടം) രേഖപ്പെടുത്തിയിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളെയും ഒരുകുടക്കീഴില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി നടപ്പാക്കിയത്.

വനം വകുപ്പിന്റെ ചാലിയത്തെ തടിഡിപ്പോയോടനുബന്ധിച്ചുള്ള പത്തേക്കറിലാണ് പാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. വാന്റീഡ് രേഖപ്പെടുത്തിയ 742 ഇനം സസ്യജാലങ്ങളില്‍ 590 ഇനങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍, ഉദ്ഘാടനശേഷം 19 മാസം കഴിഞ്ഞിട്ടും പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും ഇനിയും നടപ്പാക്കാനായിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്.

Monday, April 9, 2012

പരിക്കേറ്റ കാട്ടാനയെ തേടി വനപാലകസംഘം കാട്ടിലെത്തി

കുളത്തൂപ്പുഴ:ഒരാഴ്ചയോളമായി പരിക്കേറ്റ നിലയില്‍ മലയോരഗ്രാമങ്ങളില്‍ അതിക്രമം കാട്ടുന്ന കൊമ്പനെത്തേടി വനപാലകസംഘം ഡാലിക്കരിക്കം വനത്തിലെത്തി.

കുളത്തൂപ്പുഴ വനം റേഞ്ചിലെ കിഴക്കേ ഡാലി ഗ്രാമത്തിലാണ് ശനിയാഴ്ച കാട്ടാനയെ അവസാനമായി കണ്ടത്. അതേത്തുടര്‍ന്നാണ് ഞായറാഴ്ച വനംവകുപ്പിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍കുമാര്‍ ഉള്‍പ്പെട്ട സംഘം എത്തിയത്.

Sunday, April 8, 2012

തേക്കടി വനത്തിലെ മൃഗങ്ങള്‍ക്ക് തെരുവുനായ്ക്കള്‍ ഭീഷണി

കുമളി: തേക്കടി വനത്തില്‍ കടക്കുന്ന തെരുവുനായ്ക്കള്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. പെരിയാര്‍ കടുവാസങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വനത്തില്‍ കടന്ന തെരുവുനായ്ക്കളുടെ കൂട്ടം വെള്ളിയാഴ്ച മ്ലാവിനെ ആക്രമിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച മ്ലാവ് റോസാപ്പൂക്കണ്ടത്തെ കുളത്തില്‍ വീണ് ചത്തു. തേക്കടി വനത്തിലെ മ്ലാവ്, കേഴ, പന്നി, കൂരാന്‍ തുടങ്ങി നിരവധി മൃഗങ്ങള്‍ തെരുവുനായ്ക്കള്‍ക്ക് ഇരയാകുന്നുണ്ട്.

സംരക്ഷണത്തിനായി വനം വകുപ്പ് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നത്. വേനലായതോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ കുമളി ഗ്രാമപ്പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച കുമളി ഹോളിഡേ ഹോമിനു സമീപം മ്ലാവിനെ തെരുവുനായ്ക്കള്‍ കൊന്ന് ഭക്ഷണമാക്കിയിരുന്നു.
 08 Apr 2012 Mathrubhumi Idukki News

Saturday, April 7, 2012

പ്രകൃതി പാനീയമേള ശ്രദ്ധേയമാകുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ജീവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൃക്ക രക്ഷ 2012 ന്‍റെ ഭാഗമായി നടക്കുന്ന പ്രകൃതി പാനീയമേള ശ്രദ്ധേയമാകുന്നു, ഏപ്രില്‍ ഒന്ന് മുതല്‍ ഗുരുവായൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന് വരുന്ന വൃക്ക രക്ഷ 2012 ആരോഗ്യ സെമിനാറിനോടനുബന്ധിച്ച് സംഘാടകരൊരുക്കിയിരിക്കുന്ന പ്രകൃതി പാനീയമേളയില്‍ പത്ത്‌ രൂപക്ക്‌ മൂന്ന് പാനീയങ്ങള്‍ ലഭിക്കും.

Friday, April 6, 2012

അശാസ്ത്രീയ മത്സ്യബന്ധനം - കടലാമകള്‍ ചത്തൊടുങ്ങുന്നു

ചാവക്കാട്‌: കടലിലെ അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും, തീരത്തോടടുക്കുന്ന കപ്പലുകളും തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കടലാമാകള്‍ക്ക് ദുരിതമാകുന്നു. കടല്‍തീരത്തേക്ക്‌ മുട്ടയിടാനെത്തുന്ന കടലാമകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ഭീമന്‍ കടലാമകള്‍ ചാവക്കാട്‌ കടല്‍തീരത്ത്‌ ചത്തടിഞ്ഞ് കാക്കകള്‍ കൊത്തിവലിക്കുന്ന കാഴ്ച ദയനീയമാണ്. ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മത്സ്യബന്ധനത്തിന് കപ്പലുകള്‍ ഭീഷണിയായപ്പോഴാണ് തീരക്കടലിലേക്ക് മത്സ്യബന്ധനം മാറ്റിയത്‌. കടലിന്‍റെ അടിഭാഗംവരെ അരിച്ചെടുക്കുന്ന മത്സ്യബന്ധന രീതിയാണ് കടല്‍ജീവികളുടെ വംശനാശത്തിനു കാരണമാകുന്നത്.

Thursday, April 5, 2012

പ്രകൃതിയിലെ പെരുന്തച്ചന്‍മാര്‍

നിര്‍മാണവിദ്യയില്‍ ആരെയും അമ്പരപ്പിക്കുന്ന അനേകം ജന്തുക്കളുണ്ട്. മിക്ക ജന്തുക്കളും വീടുണ്ടാക്കുന്നതിലാണ് എന്‍ജിനീയറിങ്ങ് മികവ് കാണിക്കുന്നത്. ചിലരാകട്ടെ, ഇരകളെ കുടുക്കാന്‍ കെണികള്‍ ഒരുക്കുന്നതിനായാണ് ഈ മികവ് ഉപയോഗിക്കുന്നത്. ഇല, ചുള്ളിക്കമ്പ്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് ജീവികള്‍ വീടു പണിയുന്നത്. സ്വന്തം ശരീരം തന്നെയാണ് പണിയായുധം. ജന്തുക്കളുടെ നിര്‍മാണവിദ്യകളില്‍ ചിലതെല്ലാം മനുഷ്യര്‍ പഠിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ വിദഗ്ധരായ ചില എന്‍ജിനീയര്‍മാരെ നമുക്ക് പരിചയപ്പെടാം.
------------------------------------------------------------------------------------------------

പൂന്തോട്ടത്തിലെ വലിയ വല

പൂന്തോട്ടത്തിലും മറ്റും കാണുന്ന വൃത്താകൃതിയിലുള്ള മനോഹരമായ വലിയ വല ഒരുക്കുന്ന എട്ടുകാലിയാണ് ഓര്‍ബ് വെബ് വീവര്‍.

ചില്ലകളില്‍ തൂങ്ങി ഒറോ പെന്‍ഡോല

ഒറ്റപ്പെട്ടുനില്‍ക്കുന്ന ഉയര്‍ന്ന മരങ്ങളില്‍ തൂക്കണാംകുരുവിയെപ്പോലെയാണ് ഒറോ പെന്‍ഡോലയുടെ (Oropendola) കൂടൊരുക്കല്‍. അടിഭാഗം ഉരുണ്ട് നീളന്‍ സഞ്ചികള്‍ പോലുള്ള കൂടുകള്‍ നാരുകള്‍ കൊണ്ട് മെടഞ്ഞ് ചില്ലകളില്‍ തൂങ്ങിക്കിടക്കുംവിധമാണ് നിര്‍മിക്കുന്നത്.

ചന്തമുള്ള കൂടുമായി ബോവര്‍

ഭംഗിയുള്ള കൂടുണ്ടാക്കുന്നതില്‍ അതീവ സാമര്‍ഥ്യമുള്ള പക്ഷിയാണ് ബോവര്‍ പക്ഷി (Bower bird).

ആണ്‍കിളികള്‍ കൂട്ടുകാരികളെ ക്ഷണിച്ചു വരുത്താനായി ഒരുക്കുന്ന പ്രത്യേകതരം കൂടുകളാണ് ബോവറുകള്‍. ചില പക്ഷികള്‍ സ്റ്റേജ് പോലുള്ള ബോവറുണ്ടാക്കുമ്പോള്‍ ചിലത് ചുള്ളിക്കമ്പുകള്‍ അടുക്കി വച്ച് അലങ്കരിച്ച തൂണ് പോലെയുള്ള ബോവറാണ് ഉണ്ടാക്കുന്നത്.

വടക്കു കിഴക്കന്‍ ഓസ്ട്രേലിയയിലെ ടൂത്ത് ബില്‍ഡ് ബോവര്‍ പക്ഷി കൂടുണ്ടാക്കുന്നതിന് അഞ്ച് അടിയോളം വിസ്താരമുള്ള സ്ഥലം തിരഞ്ഞെടുത്ത് വൃത്തിയാക്കുന്നു.

ഗോള്‍ഡന്‍ ക്രസ്റ്റഡ് ബോവര്‍ ബേഡ് ഒരു സ്ഥലം വൃത്തിയാക്കിയെടുത്ത് അവിടെ ഒരിനം പന്നല്‍ച്ചെടിക ള്‍ നിരത്തുന്നു. ചുറ്റും ചെറിയ കമ്പുകള്‍ നാട്ടി, കാട്ടുവള്ളി കൊണ്ട് വൃത്താകൃതിയില്‍ വേലി കെട്ടുന്നു. ഉണങ്ങിയ പന്നല്‍ ഇലകളും മരത്തൊലിയും കായകളും കക്കയും വണ്ടിന്‍തോടും തൂക്കി ആ വേലി അലങ്കരിക്കുന്നു.

അണ കെട്ടുന്ന ബീവര്‍

അണക്കെട്ടില്‍ വീടുണ്ടാക്കുന്ന ജീവിയാണ് ബീവര്‍ (Beaver). മരത്തടിയും മണ്ണും ചുള്ളിക്കമ്പുകളും ചെളിയും ഉപയോഗിച്ചാണ് അണക്കെട്ടുണ്ടാക്കുന്നത്.

അണക്കെട്ടും വീടും പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങള്‍ വേണ്ട. വായുടെ മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോടി പല്ലുകളാണ് ആയുധം. ഉളിപോലെ പരന്ന് മൂര്‍ച്ചയേറിയ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കും.

ബീവര്‍ അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ് ആ ഭാഗം ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണി. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് വെള്ളത്തില്‍ വീട് പണിയുന്നത്. ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. വാതില്‍ വെള്ളത്തിനടിയിലാണ്. പതിനഞ്ച് മിനിട്ടോളം വെള്ളത്തിനടിയില്‍ കഴിയാന്‍ ബീവറിന് കഴിയും.

ചങ്ങാട വീടുമായി ഗ്രിബ്

താറാവുവര്‍ഗത്തില്‍പ്പെട്ട ഗ്രിബ് (Grebe) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. ജലസസ്യങ്ങളും ചപ്പുചവറുകളുമൊക്കെ ഉപയോഗിച്ചാണു കൂടുനിര്‍മാണം. വെള്ളത്തില്‍ ഈ കൂട് ഒഴുകിപ്പോകാതിരിക്കാന്‍ എതെങ്കിലും ജലസസ്യവുമായി അതിനെ ബന്ധിപ്പിക്കും.

തുന്നല്‍ക്കാരന്‍ കിളി

ഇലകള്‍ കൂട്ടിത്തുന്നിയാണ് ടെയ്ലര്‍ ബേഡ് (Tailor bird) കൂടുണ്ടാക്കുന്നത്. മുട്ടയിടാറായാല്‍ വീതിയേറിയ ഇലകളുള്ള ചെറിയ മരങ്ങള്‍ കണ്ടെത്തുന്നു. ഏതാനും മീറ്റര്‍ ഉയരമുള്ള തേക്കിന്‍ തൈ, കൂവ, മഞ്ഞള്‍ മുതലായ ചെടികള്‍ കൂട് നിര്‍മിക്കാനായി തിരഞ്ഞെടുക്കുന്നു. വലിയ ഇലയില്ലെങ്കില്‍ ചെറിയ ഇലകളുടെ രണ്ടരികിലും തുന്നലിട്ട് സഞ്ചി പോലുള്ള കൂട് നിര്‍മിക്കുന്നു.

ഇലയുടെ രണ്ടരികിലും ഇടവിട്ട് കൊക്കു കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഇടും. പിന്നീട് എവിടെ നിന്നെങ്കിലും ശേഖരിച്ച അല്‍പം പഞ്ഞിയോ ചിലന്തിവലയോ ഇലയുടെ ഒരരികിലെ ദ്വാരത്തിലൂടെ കടത്തുന്നു. മറ്റേ അരിക് വളച്ചെടുത്ത് പഞ്ഞിയുടെ മറ്റേയറ്റം ആദ്യത്തേതിന് എതിരെയുള്ള ദ്വാരത്തിലൂടെ കടത്തുന്നു. ഇങ്ങനെ നിരനിരയായി തുന്നലുകള്‍ ഇടുന്നതോടെ ഇല സഞ്ചി പോലെയാകുന്നു. അതിനകത്ത് ഒരു കപ്പിന്റെ ആകൃതിയില്‍ പഞ്ഞിനാരു നിറയ്ക്കും. നനുത്ത തൂവല്‍ക്കഷണങ്ങളോ പഞ്ഞിയ കൊണ്ടു വന്ന് വിരിക്കുന്നതോടെ തുന്നല്‍ക്കാരന്റെ കൂട് പൂര്‍ത്തിയാകുന്നു.

നാരിലെ വിരുതന്‍

പന, മുള, തെങ്ങ് എന്നിവയുടെ ഇലത്തുമ്പില്‍ നാരുകളോ വയ്ക്കോലോ ഉപയോഗിച്ച് ഒരു ചരടുപോലെയാക്കി തൂക്കണാംകുരുവി (Hanging bird) കൂട് നിര്‍മിക്കുന്നു. അതിന്റെ അറ്റത്ത് നാരുകൊണ്ടു വളയം തീര്‍ക്കുന്നു. കൂടിന് ഒരു മണിയുടെ ആകൃതിയാകും. ഒരു തട്ട് മെടഞ്ഞൊരുക്കി മണിയുടെ തുറന്ന അടിഭാഗം പകുതിയോളം അടയ്ക്കുകയാണ് അടുത്ത ഘട്ടം. തട്ടിന്റെ മുന്നറ്റം വരമ്പുപോലെ ഉയരത്തില്‍ മെടഞ്ഞൊരുക്കുന്നു. അടുത്തതായി തട്ടിന്റെ തുറന്ന ഭാഗം മൂടുന്ന വിധത്തില്‍ താഴേക്ക് നീണ്ട കുഴല്‍ പണിയുന്നു.

പനങ്കൂളന്റെ പനയോലക്കൂട്

പനയോലയുടെ പാളികള്‍ക്കിടയില്‍ നാരുകളും ഇലക്കഷണങ്ങളും മറ്റും ഉമിനീരില്‍ കുഴച്ച് കപ്പുപോലെ ഒട്ടിച്ചേര്‍ത്താണ് പാം സ്വിഫ്റ്റിന്റെ (പനങ്കൂളന്‍, Palm swift)കൂടുണ്ടാക്കല്‍.

പോട്ടര്‍ വാസ്പിന്റെ കുടംവീട്

വീടിനു ചുറ്റുമുള്ള ചെടികളുടെ വണ്ണം കുറഞ്ഞ കമ്പുകളില്‍ ഒട്ടിച്ചു വച്ച കുടം പോലെയാണ് പോട്ടര്‍ വാസ്പിന്റെ (Potter wasp) കൂടുകള്‍.

ചെടിയുടെ ചുറ്റും കറങ്ങി നല്ല പശയുള്ള മണ്ണ് കണ്ടെത്തുന്നു. വയറ്റില്‍ ശേഖരിച്ചിരിക്കുന്ന വെള്ളം കലര്‍ത്തി കാലുകളും താടിയും ഉപയോഗിച്ച് കുഴച്ച് മണ്ണ് പാകപ്പെടുത്തുന്നു. വായ ഉപയോഗിച്ച് കോരിയെടുത്ത് കൊണ്ടു പോകാവുന്ന വിധം മണ്ണ് ഉരുളയാക്കുകയാണ് അടുത്ത ഘട്ടം. കൊണ്ടുപോകുന്ന മണ്ണുരുള ചെടിക്കമ്പില്‍ പരത്തി തേച്ച് പിടിപ്പിക്കുന്നു. മണ്ണ് തേച്ചു പിടിപ്പിച്ച് കൂട് കുടത്തിന്റെ ആകൃതിയിലാക്കുന്നു.

പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണ്‍

പലയിനം ശലഭങ്ങളുടെയും കുഞ്ഞുങ്ങള്‍ മികച്ച എന്‍ജിനീയര്‍മാരാണ്. മള്‍ബറി സില്‍ക്ക് വേം എന്ന പട്ടുനൂല്‍പ്പുഴു (Silk worm) മീറ്ററുകള്‍ നീളമുള്ള ഒരൊറ്റ സില്‍ക്ക് നാരാണ് ശലഭമാകുന്നതിനു തൊട്ടുമുന്‍പുള്ള കൊക്കൂണുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നത്.

പൈറിഡ് ശലഭപ്പുഴുക്കള്‍ വലിയൊരു സഞ്ചിപോലുള്ള കൊക്കൂണുകളാണ് നിര്‍മിക്കുന്നത്. മെക്സിക്കോയില്‍ കാണുന്ന ഈ പുഴുക്കളുടെ കൊക്കൂണുകള്‍ ആ നാട്ടുകാര്‍ പണസഞ്ചിയായി ഉപയോഗിക്കുന്നു.

മണ്‍കൂട്ടില്‍ ഫ്ളമിംഗോ

മണ്ണില്‍ കൂടു വയ്ക്കുന്ന മിടുക്കന്‍ പക്ഷികളാണ് ഫ്ളമിംഗോ (Flemingo). ചട്ടിയുടെ ആകൃതിയില്‍ ജലനിരപ്പില്‍നിന്ന് ഒന്നരയടിയോളം പൊക്കത്തില്‍ മണ്ണുകൊണ്ടാണ് ഫ്ളമിംഗോ കൂടുണ്ടാക്കുന്നത്.

സ്വര്‍ണപ്പരുന്തിന്റെ കൂട്

പരുന്തിന്റെ കുടുംബത്തിലെ വലുപ്പമേറിയ അംഗങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഈഗിള്‍ (Golden Eagle). ഉയര്‍ന്ന പാറക്കെട്ടുകളിലും വന്‍വൃക്ഷങ്ങളുടെ ഉയര്‍ന്ന ചില്ലകളിലുമാണു കൂടൊരുക്കല്‍. ചുള്ളിക്കമ്പുകളും മരക്കഷണങ്ങളും അടുക്കി പരന്ന തട്ടുപോലെയാണു കൂട്. വര്‍ഷങ്ങളോളം ഒരേ കൂടു തന്നെ ഉപയോഗിക്കുന്നു.

പന്തു പോലൊരു പാര്‍പ്പിടം

കുറച്ചു നാരും പഞ്ഞിയും ഇലക്കഷണങ്ങളുമെല്ലാം ചെളിയില്‍ കുഴച്ച് വലിയ പന്തിന്റെ ആകൃതിയില്‍ കൂട് ഒരുക്കുന്നവയാണ് ഓവന്‍ ബേര്‍ഡ് (Oven bird). ഈ കൂട് വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ കടുകട്ടിയാകും.ഒറ്റത്തവണ ഉപയോഗിച്ച ശേഷം കൂട് ഉപേക്ഷിക്കും.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍.കോം 

Wednesday, April 4, 2012

ഗവി യാത്രയ്ക്കു കര്‍ശന നിയന്ത്രണം

പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്നു ഗവി വഴി വിനോദസഞ്ചാരികളുടെ യാത്രയ്ക്കു 15 വരെ കര്‍ശന നിയന്ത്രണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത് ഈ ജൈവവൈവിധ്യ മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാലാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.

Tuesday, April 3, 2012

ജീവജലം 2012 ഫോട്ടോഗ്രഫി മല്‍സരം

ലോക ജലദിനത്തോടനു ബന്ധിച്ചു മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി വിഭാഗം നടത്തുന്നു ജീവജലം 2012 ഫോട്ടോഗ്രഫി മല്‍സരം. ജലം വിഷയമായ ഏതു ഫോട്ടോയും പോസ്റ്റ് ചെയ്യാം. പക്ഷേ, ഒരൊറ്റ ചിത്രത്തിലൂടെ എന്തെങ്കിലും സന്ദേശം ജനങ്ങളോട് പറയാന്‍ കഴിയണം. മികച്ച അഞ്ചു ചിത്രത്തിനു സമ്മാനം.

നിങ്ങളുടെ പൂര്‍ണ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെട്ടതായിരിക്കണം ഫോട്ടോകള്‍. ഒരാള്‍ക്ക് മൂന്ന് ഫോട്ടോ വരെ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് മികച്ച 25 എണ്ണം വിദഗ്ധസമിതി തിരഞ്ഞെടുത്തു മനോരമ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും.

ഇവയ്ക്കു ഏപ്രില്‍ 22 മുതല്‍ ഒരു മാസത്തേക്കു പ്രേക്ഷകര്‍ക്കു വോട്ട് ചെയ്യാം. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന അഞ്ചു ചിത്രത്തിനാണു സമ്മാനം. അവസാന തീയതി ഏപ്രില്‍ 20.

നിബന്ധനകള്‍
1. ജലം വിഷയമായ ചിത്രങ്ങള്‍ മാത്രം അപ്ലോഡ് ചെയ്യുക.
2. കഴിവതും എന്തെങ്കിലും സന്ദേശം കൊടുക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ അയച്ചു തരിക.
3. ഒരാള്‍ക്ക് മൂന്ന് ഫോട്ടോകള്‍ വരെ അപ്ലോഡ് ചെയ്യാം.
4. അവസാന തീയതി ഏപ്രില്‍ 20.

Monday, April 2, 2012

സിംഹക്കുട്ടികള്‍ക്ക് കന്നിപ്പിറന്നാള്‍

തിരുവനന്തപുരം: ആകാശിനും ആരാധനയ്ക്കും ഒന്നാം പിറന്നാള്‍ ഗംഭീര ആഘോഷമായി. മൃഗശാലയിലെ സിംഹക്കുട്ടികളായ ആകാശിനും ആരാധനയ്ക്കുമായിരുന്നു ഞായറാഴ്ച പിറന്നാളാഘോഷിച്ചത്.

സിംഹക്കൂട്ടിനു മുന്നില്‍ മൃഗശാല ഡയറക്ടര്‍ കെ. ഉദയവര്‍മന്റെ നേതൃത്വത്തില്‍ കേക്കു മുറിച്ചു. വാര്‍ത്തയറിഞ്ഞെത്തിയ പോങ്ങുംമൂട് സ്വദേശിയായ സജികുമാറിന്റെ മക്കളായ ആദിത്യദേവും അനന്തശ്രീയും കുട്ടി സിംഹങ്ങള്‍ക്കു വേണ്ടി കേക്കുമുറിച്ചു. സിംഹക്കുട്ടികള്‍ക്ക് ഒന്ന് എന്നെഴുതിച്ചേര്‍ത്ത രണ്ടു മരപ്പന്തുകള്‍ സമ്മാനമായി നല്‍കി.

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക