.

.

Saturday, November 20, 2010

കണവപിടിത്തിത്തിനുള്ള പാറക്കെട്ട് നിര്‍മാണം പരിസ്ഥിതിക്ക് ഭീഷണി

ചാവക്കാട്: കൃത്രിമ പാറക്കൂട്ടങ്ങള്‍ കടലില്‍ സൃഷ്ടിച്ച് വ്യാപകമായി കണവപിടിത്തം നടത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ചാവക്കാട് കടപ്പുറത്ത് 500 ഓളം കണവപിടിത്തത്തിന് പോകുന്ന ഫൈബര്‍ വഞ്ചികളുണ്ട്. ഒരു പ്രാവശ്യം മത്സ്യബന്ധനത്തിന് പോകുമ്പോള്‍ 10 മുത ല20 വരെ മണല്‍ നിറച്ച ചാക്കുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് മണല്‍നിറച്ച് കടലില്‍ നിക്ഷേപിക്കുന്നത്. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത.
തെങ്ങിന്‍ കൊരഞ്ചിലുകളും മിനി കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് കണവ പിടിത്തം നടത്തുന്നത്. കൊരഞ്ചിലുകള്‍ നൈലോണ്‍ ചരടില്‍ കോര്‍ത്ത് മണല്‍ നിറച്ച ചാക്കുകളോട് ബന്ധിച്ച് കടലില്‍ താഴ്ത്തും. കൊരഞ്ചിലുകള്‍ നിക്ഷേപിക്കുന്ന സ്ഥലം മിനി കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തും. ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്സ്യത്തൊഴിലാളികള്‍ കൊരഞ്ചില്‍ നിക്ഷേപിച്ചയിടങ്ങിലെത്തി ചൂണ്ടകള്‍ ഉപയോഗിച്ച് കണവകളെ പിടികൂടും. കുളച്ചല്‍, മാര്‍ത്താണ്ഡം, വിഴിഞ്ഞം, പൂവ്വാര്‍ എന്നീ തെക്കന്‍ പ്രദേശങ്ങളിലുള്ളവരാണ് ചാവക്കാട് കടപ്പുറത്ത് കണവ പിടിത്തത്തിനെത്തിയിരിക്കുന്നത്. ആഴക്കടലിലെ പ്രകൃതിദത്തമായ പാറക്കെട്ടുകള്‍ക്കിടയിലാണ് കണവ സാധാരണ പ്രജനനം നടത്തുക. ആഴക്കടലിലെ മത്സ്യബന്ധനം അപകടമേറിയതും ചെലവേറിയതുമാണ്. തുടര്‍ന്നാണ് തീരക്കടലില്‍ കൃത്രിമ പാറക്കെട്ടുകള്‍ കൊരഞ്ചില്‍ ഉപയോഗിച്ച് സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തുന്നത്.



mathrubhumi thrissur news 14 Nov 2010

കാട് വിഴുങ്ങി വിഷവള്ളി പടരുന്നു; സൈലന്റ് വാലിയിലെ അപൂര്‍വ്വ വൃക്ഷങ്ങള്‍ നശിക്കുന്നു

വിഷവള്ളി പശ്ചിമഘട്ട താഴ്‌വരയിലേക്കും സൈലന്റ് വാലി ബഫര്‍ സോണിലേക്കും പടര്‍ന്നു. ചോക്കാടന്‍ മലവാരത്തില്‍നിന്ന് പടരുന്ന വിഷവള്ളി കാടിനെ മുഴുവന്‍ വിഴുങ്ങിയാണ് വളരുന്നത്. വിഷവള്ളികയറുന്ന വന്‍വൃക്ഷങ്ങള്‍പോലും ഉണങ്ങുകയാണ്.

ചോക്കാട് മലവാരത്തിന് താഴെയുള്ള സ്വകാര്യ വ്യക്തി കൃഷിഭൂമിയില്‍ പടര്‍ത്തിയ വള്ളിയാണ് അതിരുകള്‍ ഭേദിച്ച് വനമേഖലയാകെ വ്യാപിച്ചിട്ടുള്ളത്. റബ്ബര്‍ തോട്ടത്തിലെ മറ്റുചെടികളുടെ വളര്‍ച്ച തടയുന്നതിന് 25 വര്‍ഷം മുമ്പാണ് വള്ളി വളര്‍ത്തിയത്. കൃഷിയിടത്തിനു തന്നെ ഭീഷണിയാകുമെന്ന് കണ്ടതോടെ തോട്ടത്തില്‍നിന്ന് വിഷവള്ളി പൂര്‍ണമായും നീക്കം ചെയെ്തങ്കിലും പുറത്തേക്ക് വ്യാപിച്ച വള്ളി മലവാരത്തിലേക്ക് പടര്‍ന്നിരുന്നു. മറ്റ് ചെടികളെവിഴുങ്ങി വളരെപെട്ടെന്നാണ് വള്ളി വളരുന്നത്.

വെട്ടിമാറ്റിയാലും വിഷവള്ളിനീക്കം ചെയ്യാന്‍ കഴിയുകയില്ല. വള്ളിയുടെ വേരൂന്നിയഭാഗം കണ്ടുപിടിച്ച് കിളച്ച് പറിച്ച് കളയുകതന്നെ വേണം. സ്വകാര്യ വ്യക്തികള്‍ കൃഷിയിടങ്ങളുടെ സംരക്ഷണാര്‍ഥം വള്ളികള്‍ നീക്കം ചെയെ്തങ്കിലും വനമേഖലയിലേക്ക് പടര്‍ന്ന വിഷവള്ളി നശിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല.

ചോക്കാട് വനസംരക്ഷണ സമിതിയുടെ കീഴില്‍ സൈലന്റ് വാലി ബഫര്‍ സോണില്‍ ചോക്കാട്മലവാരത്തില്‍ വെച്ചുപിടിപ്പിച്ച തൈവൃക്ഷങ്ങള്‍ പൂര്‍ണമായും വള്ളി പടര്‍ന്ന് ഉണങ്ങിയിട്ടുണ്ട്. കണിക്കൊന്ന, ഇരുട്ടി, നെല്ലി തുടങ്ങിയ വൃക്ഷങ്ങളാണ് നശിച്ചിട്ടുള്ളത്.

വിഷവള്ളിയുടെ പടര്‍പ്പ് തടയാന്‍ കഴിയാതെവന്നാല്‍ പശ്ചിമഘട്ടത്തിന്റെ പ്രധാന വനമേഖലയെക്കൂടി വിഴുങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചോക്കാട് മലവാരത്തില്‍ ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലും വള്ളിപടര്‍ന്ന് വിളകള്‍ നശിച്ചിട്ടുണ്ട്.


mathrubhumi malappuram news 14 Nov 2010

രാവിന് ഉന്മാദഗന്ധം പകര്‍ന്ന് പാലകള്‍ പൂവണിഞ്ഞു

കൊല്ലം,പുനലൂര്‍: വീഥികളില്‍ മാദകഗന്ധമുണര്‍ത്തി നാടെങ്ങും കള്ളിപ്പാലകള്‍ പൂത്തുലഞ്ഞു. കാഴ്ചയുടെ നിറവിനൊപ്പം പരിമളത്തിന്റെ സുഖംകൂടി സമ്മാനിക്കുകയാണിവ.
ദൈവപ്പാല, ഏഴിലംപാല തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന പാല, കേരളത്തിലെ പ്രധാന തണല്‍മരങ്ങളിലൊന്നാണ്. ഒക്ടോബര്‍മാസമെത്തിയാല്‍ പൂത്തുതുടങ്ങുന്ന പാല രാത്രികളില്‍ സുഗന്ധം നിറയ്ക്കും. യക്ഷികളുടെയും ഗന്ധര്‍വന്‍മാരുടെയും കഥകളുമായി കെട്ടുപിണയുന്ന ഈ വൃക്ഷത്തിന്റെ പ്രത്യേകതയും തുളഞ്ഞുകയറുന്ന ഗന്ധംതന്നെ.
'അള്‍സ്റ്റോണിയ സ്‌കോളാരിസ്' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വൃക്ഷത്തിന് ഡെവിള്‍ ട്രീ എന്നാണ് ഇംഗ്ലീഷിലെ പേര്. നിലാവുള്ള രാത്രികളില്‍ സംഗീതം പൊഴിക്കുന്ന ഗന്ധര്‍വന്മാരും ഭയപ്പെടുത്തുന്ന യക്ഷികളും പാലയില്‍ വന്നണയുന്നു എന്ന കെട്ടുകഥയുടെ പശ്ചാത്തലത്തില്‍ യക്ഷിപ്പാല എന്ന് മലയാളത്തില്‍ പേര്. ഒരേ ഞെട്ടില്‍നിന്ന് ഏഴിലകള്‍ കിളിര്‍ക്കുന്നതിനാല്‍ ഏഴിലംപാലയെന്ന് മറ്റൊരു പേര്. ഇതിന് സമാനമായി സപ്തവര്‍ണ എന്ന് സംസ്‌കൃതനാമം.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളമായിക്കാണുന്ന പാല 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. പുറംതൊലിപോലുള്ള വൃക്ഷഭാഗങ്ങള്‍ മലമ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണത്രെ. സ്‌കൂളുകളില്‍ വേണ്ട സ്ലേറ്റുകളും ബോര്‍ഡുകളും നിര്‍മ്മിക്കാന്‍ പാലയുടെ തടി ഉപയോഗിക്കുന്നതിനാലാണ് ശാസ്ത്രീയനാമത്തില്‍ സ്‌കോളാരിസ് എത്തിയത്. ശ്രീലങ്കയില്‍ ശവപ്പെട്ടി നിര്‍മ്മാണത്തിന് ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് പാലയുടെ കട്ടികുറഞ്ഞ തടിതന്നെ.
മലയാള ചലച്ചിത്രസംഗീതലോകത്തിന് എന്നും ഇതിവൃത്തമായിരുന്നു കള്ളിപ്പാല. പാലപ്പൂവേ, നിന്‍ തിരുമംഗല്യത്താലി തരൂ, ഏഴിലംപാല പൂത്തു, പാലപ്പൂവിതളില്‍ തുടങ്ങിയ അനവധി ഗാനങ്ങളില്‍ പാലപ്പൂവിന്റെ സൗരഭ്യം നുകരാം.
തെക്കന്‍ കേരളത്തിലെ പ്രധാന തണല്‍മരങ്ങളിലൊന്നായ ഏഴിലംപാലയ്ക്കിപ്പോള്‍ പൂക്കാലമാണ്.
രാത്രിയിലാണ് പാലകള്‍ ഗന്ധമുണര്‍ത്തുന്നത് എന്നതാണ് പ്രത്യേകത. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഉടനീളം പാലകള്‍ പൂത്തുനില്‍ക്കുകയാണ്. പുഷ്പിച്ച പാലകള്‍ തെന്മല ഇക്കോ ടൂറിസം മേഖലയില്‍ സുഗന്ധം പരത്തുന്നത് മറ്റൊരു ആകര്‍ഷണം.


mathrubhumi kollam news 15 Nov 2010

കീടനാശിനി ഉപയോഗം വര്‍ധിക്കുന്നു; വയനാടന്‍ കൃഷിനിലങ്ങള്‍ വിഷലിപ്തം

വെള്ളമുണ്ട: ആര്‍ക്കും തോന്നിയതുപോലെ ഏതുതരം കീടനാശിനിയും വയനാട്ടില്‍ വിറ്റഴിക്കാം. കര്‍ഷകര്‍ക്കാകട്ടെ ഏതു വാങ്ങണമെന്ന് നിശ്ചയമില്ല. കീടം നശിക്കണമെന്ന് മാത്രമാണ് നിര്‍ബന്ധം. എന്‍ഡോസള്‍ഫാന്‍ അടങ്ങിയ കീടനാശിനികുടെ സാന്നിധ്യം വയനാട്ടില്‍ ഒന്നര വര്‍ഷം മുമ്പേ ശ്രദ്ധിക്കപ്പെട്ടിട്ടും അധികൃതര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. വയനാട്ടിലെ കൃഷിയിടങ്ങളിലേക്ക് ക്വിന്റല്‍ കണക്കിന് രാസവളങ്ങളും ടണ്‍കണക്കിന് കീടനാശിനിയും അലിഞ്ഞുചേരുമ്പോഴും നിസ്സംഗത മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നു പ്രകടമാവുന്നത്.മാരകമായ കീടനാശിനികളാണ് വയനാട്ടില്‍ വിറ്റഴിയുന്നത്. അപരനാമത്തില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയ കീടനാശികളും സുലഭമാണ്. ഗ്രാമീണ മേഖലയിലെ വളക്കടകളില്‍പ്പോലും ഇവ ലഭിക്കും. കീടനാശിനി ഏജന്റുമാര്‍ നേരിട്ടാണ് ഇവ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഓരോ തവണയും പുതിയ ബ്രാന്‍ഡുകളുമായാണ് ഇവര്‍ എത്തുന്നത്. കീടനാശിനി ഉപഭോഗത്തിനും വില്പനയ്ക്കും യാതൊരു നിയന്ത്രണവുമില്ലെന്നത് പരിസ്ഥിതിക്ക് വന്‍ ആഘാതമാണ് ഏല്പിക്കുന്നത്.

നേന്ത്രവാഴ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമാണ് മരുന്നുതളിയില്‍ യാതൊരു നിയന്ത്രണവും പാലിക്കാത്തത്. ചെറുകിട കര്‍ഷകര്‍ പച്ചക്കറിയില്‍ ദിവസങ്ങള്‍ ഇടവിട്ട് കീടനാശിനികള്‍ തളിക്കാറുണ്ട്. കീടരോഗബാധയേറിയതിനാല്‍ ജൈവ കീടനാശിനികളൊന്നും ഫലപ്രദമാകാറില്ല. തിമറ്റ്, ഫോറേറ്റ്, ഫ്യൂരിഡാന്‍ തുടങ്ങി വിവിധങ്ങളായ കീടനാശിനികള്‍ കര്‍ഷര്‍ക്ക് സുപരിചിതമാണ്.

വാഴക്കൃഷിയില്‍ വിത്തുപാകുന്ന വേളയില്‍ വാഴയൊന്നിന് ഇരുപതു ഗ്രാം വരെ തിമറ്റ് വിതറുന്നുണ്ട്. പലപ്പോഴും ഇതിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. പാട്ടത്തിനെടുത്ത വയലാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ല. പരമാവധി ലാഭമുണ്ടാക്കാന്‍ രാസവളങ്ങളുടെ അളവും പാട്ടക്കാര്‍ ഉയര്‍ത്തും. കുലച്ചുതുടങ്ങിയ വാഴയുടെ ചുണ്ടില്‍ തിമറ്റ് കെട്ടിവെക്കുന്നതും വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. പിണ്ടിപ്പുഴുവിനെ അകറ്റാന്‍ വാഴക്കൂമ്പില്‍ രണ്ടോ മൂന്നോ തവണ തിമറ്റ് നിക്ഷേപിക്കുന്നതും പതിവാണ്.

രാസവളമാകട്ടെ ടണ്‍കണക്കിന് ഓരോ കര്‍ഷകനും വേണ്ടിവരും. മണ്ണിന്റെ ജൈവഘടനയെ തകര്‍ത്തെറിയുന്ന തരത്തിലേക്കാണ് ഇതിന്റെ ഉപഭോഗം വളര്‍ന്നത്. ജൈവ വളങ്ങള്‍ക്ക് പുല്ലുവിലയാണ് കര്‍ഷകര്‍ കല്പിക്കുന്നത്. വിള ഉത്പാദനത്തിനും പരിപോഷണത്തിനും കാര്യമായ പുരോഗതി ജൈവവള ഉപഭോഗത്തിലൂടെ സാധിക്കുന്നില്ല എന്നാണ് കര്‍ഷകരുടെ പരാതി. കൃഷിയെ വ്യാവസായികമായി സമീപിച്ചതോടെ ജൈവ പരീക്ഷണങ്ങള്‍ക്കൊന്നും കര്‍ഷകര്‍ തയ്യാറാവുന്നില്ല. നേന്ത്രവാഴ ക്കൃഷിയില്‍ രോഗബാധയേറിയതോടെ ഇവയെ ചെറുക്കാന്‍ വീര്യം കൂടിയ കീടനാശിനികള്‍ തേടി കര്‍ഷകര്‍ പരക്കം പായുകയാണ്. ഇത് മുതലെടുത്ത് രാസകീടനാശിനി കമ്പനികള്‍ വീര്യം കൂടിയ ഉത്പന്നങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് കീടനാശിനി ഉപയോഗത്തിലൂടെ വ്യാപിക്കുന്നത്. ജില്ലയില്‍ തവിഞ്ഞാല്‍, വെള്ളമുണ്ട പഞ്ചായത്തുകളില്‍ വ്യാപകമായി കണ്ടുവരുന്ന കാന്‍സര്‍ ബാധയ്ക്ക് കാരണം കീടനാശിനി ഉപഭോഗമാണ് എന്ന് തെളിയിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ വിശദമായ പഠനങ്ങളും ഇതു ശരിവെക്കുന്നുണ്ട്. പത്തിലധികം പഠനങ്ങള്‍ നടന്നപ്പോള്‍ കാന്‍സര്‍ രോഗികളുടെ വര്‍ധനയ്ക്ക് ശമനമില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഈ പഠനങ്ങളെയെല്ലാം നിരാകരിക്കുന്ന വിധത്തിലാണ് അധികൃതര്‍ പെരുമാറുന്നത്. പ്രതിവര്‍ഷം നൂറോളം പേര്‍ക്ക് ഈ മേഖലയില്‍ കാന്‍സര്‍ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഭൂരിഭാഗം പേരും വയനാട്ടില്‍ നിന്നുള്ളതാണെന്ന കണക്കുകളും ഞെട്ടിക്കുന്നു. തിമറ്റിന്റെയും ഫോറേറ്റിന്റെയും അമിതമായ ഉപഭോഗമാണ് ഇതിനുകാരണമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളില്‍ വന്‍ തോതില്‍ രാസകീടനാശിനികളുടെ സാന്നിധ്യമുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച് പഠനത്തിന് വിധേയമാക്കാനുള്ള തീരുമാനം വൈകുകയാണ്.

വയനാട്ടിലെ കീടനാശിനി ഉപഭോഗം പഠനത്തിന് വിധേയമാക്കണമെന്ന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ വികസന സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എട്ടംഗ സമിതിയെയും നിയോഗിച്ചു. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

മാനന്തവാടി പയ്യമ്പള്ളി മേഖലയില്‍ കുടിവെള്ളത്തില്‍ വന്‍തോതില്‍ എന്‍ഡോസള്‍ഫാനും മറ്റു കീടനാശിനികളും അടങ്ങിയിട്ടുണ്ട് എന്നതാണ് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ വെളിപ്പെടുത്തല്‍. ജൈവ വള പ്രയോഗത്തിന് വന്‍ പ്രാധാന്യം കൊടുത്തതാണ് ഒരു കാലത്ത് വയനാട്ടിലെ കാര്‍ഷിക മേഖല. നെല്‍കൃഷി മുതല്‍ കുരുമുളക് വിളകള്‍ക്കു വരെ രാസവളം തൊടുവിക്കാത്തതുമായിരുന്നു മുതിര്‍ന്ന തലമുറയുടെ ശീലങ്ങള്‍. കൃഷി കൂടുതല്‍ സങ്കീര്‍ണത നേരിട്ടതോടെ രാസവളങ്ങളും കീടനാശിനികളും അശാസ്ത്രീയമായി
ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ജൈവ വയനാട് എന്ന സ്വപ്നം പോലും ഇതിനിടയില്‍ വിസ്മൃതിയിലായി.



mathrubhumi wayanad news 18 Nov 2010

വര്‍ണവിസ്മയങ്ങളുമായി ചിത്രശലഭങ്ങളെത്തുന്നു

സുല്‍ത്താന്‍ബത്തേരി: വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് ചിത്രശലഭങ്ങളുടെ വരവായി. സാധാരണ ഡിസംബറോടെയാണ് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം നവംബറോടെത്തന്നെ അവ എത്താന്‍ തുടങ്ങി.

വനത്തില്‍നിന്നുമാണ് വിവിധവര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍ അധികവും എത്തുന്നത്. വ്യത്യസ്തങ്ങളായ നൂറുകണക്കിന് ചിത്രശലഭങ്ങളെ ഒറ്റയടിക്ക് കാണുന്നത് ആരെയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നിനൊന്ന് ആകര്‍ഷകമാണ് ഓരോന്നും. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചെടികള്‍ ഓരോന്നായി പൂക്കാന്‍ തുടങ്ങിയതോടെയാണ് ശലഭങ്ങളും നാട്ടിലേക്കിറങ്ങുന്നത്. വനത്തിലാണ് അധികവും ഇവയുടെ ആവാസം. വനപുഷ്പങ്ങളുടെ രുചിനുണഞ്ഞ് പിന്നീട് ഗ്രാമത്തിലേക്കും നഗരത്തിലേക്കും പാറിപ്പറന്ന് വരികയാണ്. ചെറിയ ഇനത്തില്‍പ്പെട്ടവയാണ് അധികവും കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുന്നത്.

കേരള-കര്‍ണാടക-തമിഴ്‌നാട് വനാതിര്‍ത്തിയായതിനാല്‍ ബത്തേരിയിലും പരിസരത്തും കൂടുതലായി ശലഭങ്ങളെ കാണാം. ഇതിനിടയില്‍ ചിലപ്പോഴെല്ലാം പാമ്പിന്റെയും പക്ഷികളുടെയും രൂപങ്ങളുള്ള ചിറകുമായി പ്രത്യേക ഇനം നിശാശലഭങ്ങളും എത്താറുണ്ട്. കാലവര്‍ഷം കഴിയുന്നതോടെയാണ് ഇവയുടെ വരവ്.


Mathrubhumi wayanad news 20 Nov 2010

Friday, November 5, 2010

മാലിന്യസംസ്‌കരണവും മണ്ണിരക്കമ്പോസ്റ്റും; ചിന്മയകോളേജില്‍നിന്ന് ഒരു മാതൃക

കണ്ണൂര്‍: മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തിലൂടെയുള്ള മാലിന്യസംസ്‌കരണത്തിന് ചാലയിലെ ചിന്മയ വനിതാ കോളേജില്‍നിന്ന് ഒരു മാതൃക. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ ആദ്യമായാണ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണവും മണ്ണിര ക്കമ്പോസ്റ്റ് നിര്‍മാണവും നടക്കുന്നത്.

കോളേജിനും കാമ്പസിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള കാന്റീനില്‍നിന്നു പച്ചക്കറി അവശിഷ്ടങ്ങളും മറ്റുമാണ് മണ്ണിരക്കമ്പോസ്റ്റിനായി ഉപയോഗിക്കുന്നത്. ആറ് ടാങ്കുകളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ മണ്ണിരയേയും ഓസ്‌ത്രേല്യന്‍ മണ്ണിരയേയുമാണ് ടാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. മണ്ണിരക്കമ്പോസ്റ്റും ടാങ്കുകളില്‍ നിന്നുള്ള വെര്‍മിവാഷും കാമ്പസില്‍തന്നെ പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.സുധ പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഗ്രൗണ്ടിലെ പുല്‍ത്തകടിയിലും മറ്റുംവെര്‍മിവാഷ് തളിച്ചുകൊടുക്കുന്നുണ്ട്.

കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റില്‍ 125 വളണ്ടിയര്‍മാരാണുള്ളത്. വളണ്ടിയര്‍ ലീഡര്‍ ഹൃദ്യ ഹരീന്ദ്രന്റെയും സെക്രട്ടറി മേഘ വത്സന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പ്രിന്‍സിപ്പല്‍ പ്രൊഫ. ശ്യാമള രവീന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.എ.വത്സലകുമാരി, സ്റ്റാഫ് അഡൈ്വസര്‍ പി.വി.ഷീജ, അധ്യാപിക കെ.എം.പ്രിയ തുടങ്ങിയവരും എല്ലാക്കാര്യങ്ങളിലും സഹകരിക്കുന്നു. 2009-10ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകളിലൊന്നായി കോളേജിലെ എന്‍.എസ്.യൂണിറ്റിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അംഗീകാരം കെ.സുധയ്ക്കും ലഭിച്ചു. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഗ്രാന്റിനും അനുമതിയായി. ജൈവ വാതക പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കോളേജിലെ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വീട്ടിലും ഇത് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ സിതാര സജീവും എം.വി.തസ്‌നിമും ശാദിയ ഖലീലുമൊക്കെ.


Mathrubhumi kannur news 05 Nov 2010

അറ്റ്‌ലസ് ശലഭത്തെ കണ്ടെത്തി

അരീക്കോട്: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ കുടുംബത്തില്‍പ്പെട്ട അറ്റ്‌ലസ് മോത്തിനെ കണ്ടെത്തി. മൂര്‍ക്കനാട് ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ കൊടിയത്തൂരിലെ പി. അബ്ദുള്ളയുടെ വീട്ടിലാണ് ഇതിനെ കണ്ടെത്തിയത്.
നിശാശലഭങ്ങളെക്കുറിച്ച് പഠനംനടത്തുന്ന വടക്കുംമുറിയിലെ മണ്ണില്‍തൊടി അയൂബിനെ വരുത്തി ഇതിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരണം നല്‍കി. അറ്റ്‌ലസ്‌മോത്ത് പേര, ആത്ത, നെല്ലി, ഏലം തുടങ്ങി പത്തോളം ചെടികളില്‍ മുട്ടയിടുമെന്നും ഇതിന്റെ ലാര്‍വ ഈ ചെടികളുടെ ഇലകളെ ഭക്ഷണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിരീക്ഷണത്തിനും പഠനത്തിനുംശേഷം ഇതിനെ കൊടുമ്പുഴ വനം ഡിവിഷനുകീഴിലെ അരിമ്പ്രക്കുത്ത് വനഭൂമിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയച്ചു.

Mathrubhumi malappuram news 05 Nov 2010

Tuesday, November 2, 2010

ജൈവവൈവിധ്യ സമ്പന്നതയില്‍ വയനാട് ഒന്നാമത്

കല്പറ്റ: പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യ സമ്പന്നതയില്‍ വയനാട് ഒന്നാമത്. ഇതുവരെ നടന്ന പഠനങ്ങളില്‍ വയനാടന്‍ വനമേഖലയില്‍ 2100-ലേറെ പുഷ്പിത സസ്യങ്ങളെ കണ്ടെത്തി. കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 4054 പുഷ്പിത സസ്യങ്ങളുടെ പകുതിയോളം വരുമിത്. അതുകൊണ്ടുതന്നെ സസ്യവൈവിധ്യത്തില്‍ കേരളത്തില്‍ പ്രഥമസ്ഥാനത്തുള്ള ജില്ലയായി വയനാടിനെ കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

പശ്ചിമഘട്ട മലനിരകള്‍ സസ്യങ്ങളുടെ എണ്ണത്തിലും തരത്തിലും ദേശ്യ സ്വഭാവങ്ങളിലും ലോകത്തിലെ മറ്റേതൊരു ജൈവവൈവിധ്യമേഖലയോടും കിടപിടിക്കുന്നതാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പരുവപ്പെടുത്തിയ മഴക്കാടുകളുടെ സമൃദ്ധിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അപൂര്‍വയിനം സസ്യ-ജന്തു ജനുസ്സുകളാല്‍ സമ്പന്നമായ അഗസ്ത്യമല, ആനമല, നീലഗിരി തുടങ്ങിയ പര്‍വതനിരകളാണ് പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകള്‍. ഇതില്‍ ഏറെ സമ്പന്നം നീലഗിരി ജൈവ മണ്ഡലത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വയനാടാണെന്നത് ശ്രദ്ധേയമാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന എല്ലാതരം വനങ്ങളാലും സമൃദ്ധമാണ് ഇവിടത്തെ പ്രകൃതി. വനങ്ങള്‍, കുറ്റിക്കാടുകള്‍, പാറകള്‍ നിറഞ്ഞ പുല്‍മേടുകള്‍, ചതുപ്പ്, വയലുകള്‍ തുടങ്ങി സമ്മിശ്രവും സങ്കീര്‍ണവുമായ ഒരു ആവാസ വ്യവസ്ഥയാണ് വയനാട്ടിലുള്ളത്.

വയനാട്ടില്‍ കാണുന്ന 55 സസ്യങ്ങള്‍ കേരളത്തില്‍ മാത്രം രേഖപ്പെടുത്തിയവയാണ്. ലോകത്ത് വയനാടന്‍ കാടുകളില്‍ മാത്രം രേഖപ്പെടുത്തിയ 21 സസ്യങ്ങളുണ്ട്. ശാസ്ത്രലോകം പുതുതായി തിരിച്ചറിഞ്ഞ മിലിയൂസവയനാടിക്ക, മിലിയൂസ ഗോഖലെ തുടങ്ങിയ ചെറുമരങ്ങളും ഒബറോണിയ സ്വാമിനാഥനി എന്ന കുഞ്ഞന്‍ ഓര്‍ക്കിഡും ഇതില്‍ ഉള്‍പ്പെടും. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ

സീനിയര്‍ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്.
വയനാട്ടിലെ 130-ലധികം വരുന്ന സസ്യഇനങ്ങള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന ഇന്ത്യന്‍ റെഡ് ഡാറ്റാ ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തുനിന്ന് അപ്രത്യക്ഷമായെന്ന് കരുതുന്ന യുജീനിയ അര്‍ജന്‍ഷിയ, ഹിഡിയോട്ടിസ് വയനാടന്‍സിസ് എന്നീ ചെറുമരങ്ങള്‍ കുറിച്യാര്‍മല, ചന്ദനത്തോട്, ചെമ്പ്ര തുടങ്ങിയ മലകളിലെ നിത്യഹരിതവനങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നു.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഓര്‍ക്കിഡുകളുടെ 60 ശതമാനത്തിലധികവും വയനാടന്‍ വനാന്തരങ്ങളിലുണ്ട്. ലോകത്ത് സൈലന്റ് വാലിയില്‍ മാത്രം അവശേഷിക്കുന്നുവെന്ന് കരുതിയിരുന്ന 'ഇപ്‌സിയ മലബാറിക്ക' എന്ന മനോഹരമായ ഓര്‍ക്കിഡ് വയനാട്ടില്‍ ചെമ്പ്രമലയോടു ചേര്‍ന്ന പുല്‍മേടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ മഴക്കാടുകളില്‍ ചില അപൂര്‍വ മരങ്ങളും സമൃദ്ധമായി വളരുന്നു. ഗ്ലിപ്‌റ്റോ പെറ്റാലം ഗ്രാന്‍ഡിഫ് ലോറം, സയനോമിട്ര ട്രാവന്‍കോരിക്ക, സയനോമിട്ര ബെഡോമി, സൈസിജിയം, സ്റ്റോക്‌സി, അറ്റുന ഇന്‍ഡിക്ക തുടങ്ങിയവ ഇവയില്‍ ചിലതാണ്.
വയനാടന്‍ കാടുകളെ നിത്യഹരിതവനങ്ങള്‍, അര്‍ധ നിത്യഹരിതവനങ്ങള്‍, ഇലകൊഴിയും ആര്‍ദ്രവനങ്ങള്‍, ഇലകൊഴിയും വരണ്ട വനങ്ങള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. ഇടകലര്‍ന്നും ഒറ്റതിരിഞ്ഞും കാണപ്പെടുന്ന മുളങ്കാടുകള്‍, പുഴയോര സസ്യജാലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയും വയനാടന്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
തെക്കുപടിഞ്ഞാറുള്ള ചെമ്പ്ര-വെള്ളരിമല, പടിഞ്ഞാറ് കുറിച്യാര്‍മല, ബാണാസുരമല, ചന്ദനത്തോട് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലകള്‍ എന്നിവ നനവാര്‍ന്ന നിത്യഹരിത വനങ്ങളാലും ചോലവനങ്ങളാലും പുല്‍മേടുകളാലും സമ്പന്നമാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ ഇലപൊഴിയും കാടുകള്‍ കൂടുതലായി കാണുന്നു.
ദേശ്യങ്ങളായ സസ്യങ്ങളാല്‍ സമ്പന്നമായ വയനാട്ടിലെ മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളുമെല്ലാം പല തരത്തിലുള്ള ഭീഷണികള്‍ നേരിടുകയാണ്. വനങ്ങള്‍ തുണ്ടമാക്കല്‍, കാട്ടുതീ, വന്‍കിട ജലസേചന പദ്ധതികള്‍, ടൂറിസം വികസനത്തിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളില്‍പോലും ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വനചൂഷണം തുടങ്ങിയവ ഇതില്‍ ചിലതാണ്. അന്യ സസ്യജനുസ്സുകളുടെ കടന്നുകയറ്റവും ഭാവിയില്‍ ഗുരുതരമായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നമാണ്.
വയനാടിന്റെ ജൈവവൈവിധ്യ സമ്പന്നതയുടെ പ്രാധാന്യം മനസ്സിലാക്കിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇത് പരിസ്ഥിതി സ്നേഹികളെയും ഈ രംഗത്തെ വിദഗ്ധരെയും ആശങ്കപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


Mathrubhumi wayanadu news 01 Nov 2010

Wednesday, October 27, 2010

വംശനാശഭീഷണിയെ അതിജീവിച്ച് ചേരക്കോഴികള്‍

ആലപ്പുഴ,ചാരുംമൂട് : വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രം ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയില്‍ കണ്ടെത്തി. സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ പക്ഷിസര്‍വെയിലാണ് ചേരക്കോഴികളുടെ 150 ഓളം കൂടുകള്‍ കണ്ടെത്തിയത്. 750 ഓളം പക്ഷികള്‍ ഈ കൂടുകളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ആദിക്കാട്ടുകുളങ്ങര കുളത്തിന്റെ വടക്കേതില്‍ ജമാലുദ്ദീന്റെ പുരയിടത്തിലെ പന്ത്രണ്ടോളം ആഞ്ഞിലി മരങ്ങളിലാണ് ചേരക്കോഴികള്‍ കൂടൊരുക്കിയിട്ടുള്ളത്.

ഇന്റര്‍നാഷണല്‍ വാട്ടര്‍ഫാള്‍ ആന്‍ഡ് വെറ്റ് ലാന്‍ഡ്‌സ് ബ്യൂറോ, ഏഷ്യന്‍ വെറ്റ്‌ലാന്‍ഡ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തില്‍ 1993ല്‍ നടത്തിയ സര്‍വേയില്‍ 64 ചേരക്കോഴികള്‍ മാത്രമെ കേരളത്തിലുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ 1,196ഉം ഏഷ്യയില്‍ 1,526ഉം ചേരക്കോഴികള്‍ മാത്രമാണ് ഉള്ളതെന്നും സര്‍വെ വെളിപ്പെടുത്തുന്നു.

സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്‍ സംസ്ഥാനത്തെ ചേരക്കോഴികളുടെ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ആദിക്കാട്ടുകുളങ്ങരയിലും കണക്കെടുത്തത്. പക്ഷിനിരീക്ഷകരായ പി.കെ. ഉത്തമന്‍, പ്രൊഫ. കെ. കുഞ്ഞികൃഷ്ണന്‍, ബാലന്‍ മാധവന്‍, സി. റഹീം, കെ. അനില്‍ കുമാര്‍, ബിജു പനവിള എന്നിവരാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ചേരക്കോഴികള്‍ ആദിക്കാട്ടുക്കുളങ്ങരയില്‍ കൂടൊരുക്കുന്നുണ്ട്. ചേരക്കോഴികള്‍ കൂടൊരുക്കുന്നതിനാല്‍ പുരയിടത്തില്‍ കൃഷികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള അപൂര്‍വ പക്ഷികള്‍ കൂടൊരുക്കുന്ന സ്വകാര്യഭൂമി ഉടമയ്ക്ക് ആവശ്യമായ സഹായധനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് നിവേദനം നല്‍കിയതായി സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സി.റഹീം പറഞ്ഞു.

1985 മുതല്‍ 1995വരെ നൂറനാടും സമീപപ്രദേശങ്ങളും നീര്‍പ്പക്ഷി താവളമായിരുന്നു. നീര്‍ക്കാക്ക, ചിന്നക്കൊക്ക്, പെരുംകൊക്ക്, ചേരക്കോഴി തുടങ്ങിയ പക്ഷികളിവിടെയുണ്ടായിരുന്നു. കെ.പി. റോഡിന്റെ ഇരുവശവുമുള്ള വന്‍മരങ്ങളിലായിരുന്നു ഇവ കൂടുകൂട്ടിയിരുന്നത്. കാലക്രമേണ ഈ മരങ്ങള്‍ നശിക്കുകയും നീര്‍പ്പക്ഷികള്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു.



Mathrubhumi Alappuzha news 27 Oct 2010

മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും പോഷകപ്രദം വെളിച്ചെണ്ണ - ഡോ. ബി.എം.ഹെഗ്‌ഡെ


കാസര്‍കോട്: അമ്മയുടെ മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും പോഷകപ്രദം വെളിച്ചെണ്ണയാണെന്നും അതിന് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും 'മാഹി' യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.എം.ഹെഗ്‌ഡെ പറഞ്ഞു. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ അന്താരാഷ്ട്ര നാളികേര സെമിനാറില്‍ അമ്മയുടെ മുലപ്പാലിന് തുല്യം വെളിച്ചെണ്ണ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

വെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയുപയോഗിച്ച് ആഹാര സാധനങ്ങള്‍ തയ്യാറാക്കാം. തേങ്ങാപ്പാലും വെളിച്ചെണ്ണയും ഉപയോഗിച്ച് പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം പ്രദാനംചെയ്യും. മറ്റേതൊരു എണ്ണയേക്കാളും ആരോഗ്യം നിലനിര്‍ത്തുക വെളിച്ചെണ്ണയുടെ ഉപയോഗമാണ്.

മേധക്ഷയം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള ശേഷി വെളിച്ചെണ്ണയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തേങ്ങയും ആരോഗ്യവും എന്ന വിഷയത്തിലും സെമിനാര്‍ നടന്നു. എ.പി.സി.സി. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. റോമുലോ അരാങ്കണിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ഓര്‍ഗാനിക് ഫാമിങ്ങിനെക്കുറിച്ച് പി.രത്തിനം ക്ലാസെടുത്തു. നാളികേര ജൈവ വൈവിധ്യത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ശാസ്ത്രജ്ഞര്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


Mathrubhumi kasargode news 27 Oct 2010

Tuesday, October 26, 2010

ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം: നിരാശരായി സഞ്ചാരികള്‍

വെള്ളമുണ്ട: നോക്കെത്താ ദൂരത്തോളം കുന്നുകളെ വലംവെച്ച് ജലാശയം. മലനിരകള്‍ തൊടുന്ന ഹരിതകാന്തി. ഇതൊക്കെയായിട്ടും ബാണാസുര സാഗര്‍ സഞ്ചാരികളെ നിരാശരാക്കുന്നു. സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന പ്രശ്‌നം. കാട്ടുപുല്ലുകള്‍ വളര്‍ന്ന അവഗണനയുടെ വികൃതരൂപമായി മാറുകയാണ് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം പ്രദേശം. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ഈ കേന്ദ്രം സഞ്ചാരികളെ സ്വീകരിക്കുന്നത്.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. എന്നാല്‍ പലരും നിരാശയോടെയാണ് തിരിച്ചുപോകുന്നത്. പ്രവേശന കവാടം താത്കാലികമായ അണക്കെട്ടിന് സമീപത്തേക്ക് മാറ്റിയതിനാല്‍ ചെളി നിറഞ്ഞ മണ്‍പാതകള്‍ ഏറെ ദൂരം താണ്ടിവേണം അണക്കെട്ടിനു മുകളിലെത്താന്‍.

തെരുവു പുല്ലുകള്‍ വളര്‍ന്ന് മൂടിയ വഴികളിലൂടെ ഹൈഡല്‍ ടൂറിസകേന്ദ്രം തിരഞ്ഞു നടക്കേണ്ട അവസ്ഥയാണുള്ളത്. നവീകരിക്കാന്‍ കോടിക്കണക്കിന് രൂപ വകയിരുത്തി എന്നല്ലാതെ വികസനം എപ്പോള്‍ വരുമെന്ന് ആര്‍ക്കുമറിയില്ല. വന്‍തുക വരുമാനമുണ്ടാകുമ്പോഴും മെല്ലെപ്പോക്ക് നയം വികസനം മന്ദഗതിയിലാക്കുന്നു.

വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായി ബാണാസുര സാഗര്‍ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മാറിയത്. ഓളപ്പരപ്പുകളും ദൃശ്യഭംഗികളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സഞ്ചാരികളുടെ ടൂര്‍പാക്കേജില്‍ ഈ കേന്ദ്രം ഉള്‍പ്പെടാതെ പോകുന്നില്ല.

പരിസ്ഥിതി സൗഹൃദ വിനോദ കേന്ദ്രമായി വളരെ എളുപ്പത്തില്‍ ബാണാസുര സാഗറിനെ മാറ്റാന്‍ കഴിയുമെങ്കിലും ഇതൊന്നും കെ.എസ്.ഇ.ബി.യുടെ പരിഗണനയില്‍ വരുന്നില്ല. ബോട്ടു സവാരിമാത്രമാണ് ഇവിടെ സഞ്ചാരികള്‍ക്കു ലഭിക്കുക. വൈദ്യുതി ഉത്പാദനത്തിലും ടൂറിസം നടത്തിപ്പിലും വന്‍ലാഭം കൊയ്യുമ്പോള്‍ സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ വിമുഖതയാണ്. ഫേ്‌ളാട്ടിങ് ഹട്ടുകള്‍ ഉള്‍പ്പെടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി ബൃഹദ് പദ്ധതിയാണ് ഇതിനുവേണ്ടി ആസൂത്രണം ചെയ്തത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് ഏറെ താമസം നേരിടുന്നതിനാല്‍ ബാണാസുര സാഗറിന്റെ വികസന സ്വപ്നങ്ങളും അതി വിദൂരത്താണ്.


Mathrubhumi wayanad news 26 Oct 2010

മനോരമ ഓണ്‍ലൈന്‍ ജീവജലം ഫോട്ടോഗ്രഫി അവാര്‍ഡ് -തണല്‍മരത്തിന് അഭിമാനം


മനോരമ ഓണ്‍ലൈന്‍ ജീവജലം ഫോട്ടോഗ്രഫി അവാര്‍ഡ് മത്സരത്തില്‍ തണല്‍ മരത്തിന് അഭിമാനമായി ടോപ്‌ ടെന്‍ ഫോട്ടോസില്‍ ആറാമതായി ഇടം നേടിയ അബ്ദുല്‍ സലീമിന്റെ ഫോട്ടോ. ഫൈസ്ബുക്ക്‌ തണല്‍ മരം ഗ്രൂപ്പ്‌ , ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് തണല്‍ മരം ഗ്രൂപ്പ്‌ എന്നിവയുടെ ക്രിയേട്ടെര്‍ കൂടിയാണ് അബ്ദുല്‍ സലീം (സലീം ഐ - ഫോക്കസ് )

ഫോട്ടോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

Monday, October 25, 2010

നറുമണം പരത്തി കൈതകള്‍ പൂത്തു

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ പുഴയോരങ്ങളിലും ചതുപ്പുകളിലും നിറഞ്ഞുനിന്നിരുന്ന കൈതകള്‍ ഇന്ന് ഏറെ കാണാനില്ല. എന്നാല്‍, കൈതകള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ അവ പൂത്തുതുടങ്ങി. കാറ്റില്‍ കൈതപ്പൂവിന്റെ നറുമണം പരന്നുതുടങ്ങി. കാലവര്‍ഷത്തിലാണ് കൈതകള്‍ തളിര്‍ക്കുക. കന്നിമാസം പകുതിയോടെ മൊട്ടിടും. കന്നി അവസാനിക്കാറാകുമ്പോള്‍ പൂത്ത് നറുമണം പരത്താന്‍ തുടങ്ങും. തുലാമാസത്തിലാണ് വ്യാപകമായി കൈതകള്‍ പൂക്കുക.

കൈതപ്പൂ പറിക്കാന്‍ പഴമക്കാരാണ് അധികവും എത്തുന്നത്. കൈതപ്പൂ ഔഷധമാണെങ്കിലും വീട്ടില്‍ സൂക്ഷിക്കാനാണ് കൂടുതലും പറിച്ചെടുക്കുന്നത്. വസ്ത്രങ്ങള്‍ക്കിടയില്‍ കൈതപ്പൂ വെച്ചാല്‍ അടുത്ത വര്‍ഷം കൈത പൂക്കുന്നതുവരെ അതിന്റെ സുഗന്ധം നിലനില്‍ക്കുമെന്നാണ് പറയുന്നത്. കൂറകളെ തുരത്താനും കൈതപ്പൂവിന്റെ സുഗന്ധത്തിന് കഴിയും.

കാടുകളിലും കൈതപൂക്കാന്‍ തുടങ്ങി. കൈതപ്പൂവിന്റെ മണം പിടിച്ച് പാമ്പുകള്‍ പൂവില്‍ ചുറ്റിക്കിടക്കുക പതിവാണ്. അതിനാല്‍ പൂ പറിക്കാനെത്തുന്നവര്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്യണം. കൈതകള്‍ കുറെയെങ്കിലും സംരക്ഷിക്കുന്ന കൈപ്പഞ്ചേരി തോടിന്റെ ഭാഗത്താണ് അവ കൂട്ടത്തോടെ പൂത്തത്. പൂ ശേഖരിക്കാന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബൈപ്പാസ് റോഡ് വക്കിലായതിനാല്‍ ഇതുവഴി പോകുന്നവരുടെയും വരുന്നവരുടെയുമെല്ലാം കൈകളില്‍ കൈതപ്പൂ കാണാം.


Mathrubhumi wayanad news 25 Oct 2010

Sunday, October 24, 2010

ഫാല്‍ക്കനുകള്‍ക്കും പാസ്പോര്‍ട്ട്


സൗദി അറേബ്യയില്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്പോര്‍ട്ട്. ഇതു സംബന്ധിച്ചു സൗദി അധികൃതരും യുഎന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇനി മുതല്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കു യാതൊരു തടസവും കൂടാതെ ഉടമകള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യാം. മൂന്നു വര്‍ഷമാണു പാസ്പോര്‍ട്ടിന്‍റെ കാലാവധി. ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്പോര്‍ട്ടിലുണ്ടാകും.
അറബ് രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണു ഫാല്‍ക്കന്‍. വന്‍വില കൊടുത്താണു പലരും ഇതിനെ സ്വന്തമാക്കുന്നത്. എന്നാല്‍ നിയമപരമായ തടസങ്ങളാല്‍ ഇവയുമായി വിദേശത്തേക്കു യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. കായിക ആവശ്യങ്ങള്‍ക്കും മത്സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടു പോകുന്നവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
metrovaartha news 24.10.2010

Friday, October 22, 2010

അപൂര്‍വയിനം തവളയെ കണ്ടെത്തി

ഇടുക്കി,മുക്കടം: കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപ്പതാലില്‍ അപൂര്‍വയിനം തവളയെ കണ്ടെത്തി. പര്‍പ്പിള്‍ ഫ്രോഗ് അഥവാ പിഗ്‌നോമ്പ് ഫ്രോഗ് എന്ന ഇനത്തില്‍പ്പെടുന്ന ഈ തവള പശ്ചിമഘട്ടമലനിരകളോടു ചേര്‍ന്ന പ്രദേശത്ത് കാണപ്പെടുന്നതാണ്. ഏഴു വര്‍ഷം മുമ്പ് ജില്ലയില്‍ ഈ ഇനം തവളയെ കട്ടപ്പന ഭാഗത്തു കണ്ടെത്തിയിരുന്നു.
അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥനായ പി.വി.മത്തായി പള്ളിപ്പറമ്പിലിന്റെ വീട്ടുവളപ്പില്‍ നിന്നാണ് തവളയെ കണ്ടെത്തിയത്. 'പാതാള തവള' യെന്നും അറിയപ്പെടുന്ന ഈ ഇനം വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രമേ മണ്ണിനു മുകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഏഴു സെന്റീമീറ്ററോളം നീളവും ചെറിയതലയും കാലുകളും മാംസളമായ ശരീരവും പ്രത്യേകതയാണ്.

ഇതുമൊരു തവള!


Mathrubhumi Idukki news 22 Oct 2010

Thursday, October 21, 2010

സരിസ്ക നാശത്തിലേക്ക്

ജയ്പുര്‍: രാജസ്ഥാനിലെ ആരവല്ലി പര്‍വതമേഖലയിലുള്ള സരിസ്ക കടുവ സങ്കേതം അടുത്ത എതാനും നാളുകള്‍ക്കുള്ളില്‍ ഇല്ലാതാകും. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനമാണ് ഇതിനു കാരണം. ഈ മേഖലയില്‍ 40 പുതിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടുവകളുടെ ജീവനു ഭീഷണിയാകും. ഈ വര്‍ഷമാദ്യം ഹരിയാനയിലെ ആരവല്ലി മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു സുപ്രീംകോടതി നിയോഗിച്ച പാനലിന്‍റെ നിര്‍ദേശങ്ങളനുസരിച്ചു ചിലര്‍ക്കു ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ വളച്ചൊടിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഖനനം വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.



metrovaartha news 21.10.2010

Friday, October 15, 2010

ഒറീസ്സയില്‍ ബ്രാഹ്മണി നദി മരിക്കുന്നു

ജാജ്പുര്‍: ഒറീസ്സയിലെ ജാജ്പുര്‍, കേന്ദ്രപാഡ ജില്ലകളില്‍ ഏറെ ഗ്രാമങ്ങള്‍ക്കു ജീവശക്തി പകര്‍ന്ന ബ്രാഹ്മണി നദി മരണത്തോട് അടുക്കുന്നു. ഒരു കാലത്ത് ഒട്ടേറെ മത്സ്യങ്ങളുണ്ടായിരുന്ന ബ്രാഹ്മണിയിലെ തെളിനീരായിരുന്നു ഇരുകരകളിലും ജീവിക്കുന്ന മൂന്നു ലക്ഷത്തോളം പേരുടെ ആശ്രയം. ഉത്ഭവ കേന്ദ്രങ്ങളില്‍ മണ്ണടിഞ്ഞും വ്യവസായശാലയിലെ മലിനജലം കെട്ടിനിന്നും പലയിടത്തും കറുത്ത, ദുര്‍ഗന്ധം വമിക്കുന്ന നീര്‍ച്ചാലായി മാറിയിരിക്കുന്നു ഇന്ന് ഇത്. കലിംഗ നഗര്‍ മേഖലയിലെ വ്യവസായശാലകള്‍ അനധികൃതമായി ജലം ചൂഷണം ചെയ്യുന്നതായി ബ്രാഹ്മണി നദി സംരക്ഷണ സമിതി കണ്‍വീനര്‍ ഗഗന്‍ ബെഹരി പറയുന്നു. ''മഴ കുറഞ്ഞതുകാരണം നദി വരണ്ട് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത് ഈ വര്‍ഷമാണ്. ജലസേചനത്തിനുപോലും വെള്ളമില്ല''- അവര്‍ പറഞ്ഞു.

മഴവെള്ളം സംഭരിക്കുകയും മലിനജലം ശുദ്ധീകരിച്ചു വിടുകയും വഴി നദിയെ രക്ഷിക്കാനാകുമെന്ന് അവര്‍ വ്യക്തമാക്കി. ബ്രാഹ്മണിയുടെ വൃഷ്ടിപ്രദേശമായ ജെനപുരിലും ബേദിപുരിലും മണ്ണിടിച്ചിലും മണല്‍ വന്നടിയുന്നതും ഒഴിവാക്കിയാല്‍ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് ജല വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുപ്രത്ദാസ് അഭിപ്രായപ്പെട്ടത്. ജലവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടന്നുവരികയാണ്.


Mathrubhumi news 15 Oct 2010

ചൂടേറുന്നു; വള്ളിച്ചെടി ഓടുന്നു, ഉയരങ്ങള്‍ തേടി


കാലാവസ്ഥാവ്യതിയാനം നേരിടാന്‍ ഒരു സസ്യം സുരക്ഷിത ഇടം തേടി 'ഓടുന്ന'തായി ശാസ്ത്രജ്ഞര്‍. 50 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ചൂടേറിയ താഴ്‌വാരങ്ങളില്‍ കാണപ്പെട്ട സൊലിവ അന്തിമിഫോളിയ എന്ന ചെടി ഇപ്പോള്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് 'ദേശാടനം' നടത്തിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ദക്ഷിണ അമേരിക്കയും ഓസ്‌ട്രേലിയയുമാണ് ഈ പടര്‍വള്ളിച്ചെടിയുടെ ജന്മദേശം. 1963ല്‍ ഉത്തര്‍പ്രദേശില്‍ 630 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ ഈ ചെടിയെ കാണാമായിരുന്നു. ഹിമാചല്‍പ്രദേശില്‍ 1300 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഈ ചെടി വളരുന്നത്. വടക്കോട്ടു ദേശാടനം തുടങ്ങിയ ചെടിയെ 1966ല്‍ ഡെറാഡൂണില്‍ കണ്ടെത്തിയിരുന്നു. 1973ല്‍ ഡല്‍ഹിയിലും പിന്നീട് ജമ്മുകശ്മീരിലെ 400-700 മീറ്റര്‍ ഉയരത്തിലും കണ്ടെത്തി. തുടര്‍ന്ന് ഇതിനെ കണ്ടത് ഹിമാചല്‍ പ്രദേശിലെ 1000 മീറ്റര്‍ ഉന്നതിയിലാണ്. സസ്യത്തിന്റെ സഞ്ചാരം പിന്തുടര്‍ന്ന ഗവേഷകര്‍ അവസാനമായി ഇവയെ കണ്ടത് 1300 മീറ്റര്‍ ഉയരത്തിലുള്ള പലംപുരിലാണ്.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ പലംപുരിലെ ഊഷ്മാവ് 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. താരതമ്യേന ഈര്‍പ്പമുള്ളതും മെച്ചപ്പെട്ട മഴ ലഭിക്കുന്നതുമായ പലംപുര്‍ ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്.

കേന്ദ്ര ശാസ്ത്ര,വ്യവസായ ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഹിമാലയന്‍ ബയോ റിസോഴ്‌സ് എന്ന സംഘടനയാണ് പഠനം നടത്തിയത്.



Mathrubhumi News 15 Oct 2010

Thursday, October 7, 2010

ഇരുനൂറോളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി


വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം ‘പുതിയ’ ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്.
ലോകത്തെ പ്രധാന മഴക്കാടുകളിലൊന്നായ പാപ്പുവ ജൈവവൈവിധ്യംകൊണ്ട് സമ്പന്നമാണ്. ഭൂമിയിലെ ഒട്ടേറെ ജീവജാലങ്ങള്‍ വംശനാശഭീഷണി നേരിടുമ്പോള്‍ മനുഷ്യന്റെ ഇടപെടല്‍ അത്ര ശക്തമല്ലാത്ത പാപ്പു ന്യൂഗിനി ഇന്നും ജീവജാലങ്ങള്‍ക്ക് സുരക്ഷിത താവളമാണ്. ന്യൂഗിനിയില്‍ എവിടെപ്പോയാലും ഒരു പുതിയ ജീവിയെ കണ്ടെത്താനാവുമെന്ന് തനിക്കുറപ്പുണ്ടെന്നാണ് പര്യവേക്ഷണ സംഘാംഗമായ സ്റ്റീവ് റിച്ചാര്‍ഡ്‌സ് പറയുന്നത്.
200-ഓളം പുതിയ ജീവജാലങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും വെളുത്ത വാലുള്ള സുന്ദരന്‍ എലിയും രണ്ടു സെന്‍റിമീറ്റര്‍ നീളത്തില്‍ മൂക്കുള്ള തവളയും പിങ്ക് കണ്ണുള്ള പുല്‍ച്ചാടിയും ബഹുവര്‍ണത്തവളയുമടക്കം നൂറു ജീവികളെക്കുറിച്ചാണ് സംഘം ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളത്








mathrubhumi 06 Oct 2010

Tuesday, October 5, 2010

ചീറ്റപ്പുലികള്‍ മടങ്ങിവരുമ്പോള്‍

ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജന്തുക്കളാണ്. ഇന്ത്യയിലെ കാടുകളിലേക്ക് ഇവയെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതിക്ക് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നു. ഈ പദ്ധതി വിജയിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.
ഒരുകാലത്ത് ഭാരതത്തിലെ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ ആവാസവ്യവസ്ഥകളുടെ പതാകവാഹകരായ ജന്തുക്കളായിരുന്നു വേഗത്തിന്റെയും കരുത്തിന്റെയും പര്യായമായ ചീറ്റപ്പുലികള്‍. നമ്മുടെ ആവാസ വ്യവസ്ഥകളുടെ കരുത്തും വന്യജീവി പൈതൃകത്തിന്റെ അടയാളങ്ങളുമായിരുന്ന ഈ സസ്തനികളെ വേട്ടയാടി രാജാക്കന്മാര്‍ തങ്ങളുടെ കരുത്തുതെളിയിക്കുകയും പിന്നീട് ഇവയെ ഇണക്കി വളര്‍ത്തി വേട്ടയ്ക്ക് സഹായികളായി മാറ്റുകയും ചെയ്തു. തങ്ങള്‍ക്ക് ജീവിക്കാനുള്ള ഇടങ്ങളിലേക്ക് മനുഷ്യന്‍ കടന്നുകയറുകയും നിരന്തരമായി വേട്ടയാടപ്പെടുകയും ചെയ്തപ്പോള്‍ ചീറ്റപ്പുലികളുടെ വംശംതന്നെ കുറ്റിയറ്റുപോയി. കിഴക്കന്‍ മധ്യപ്രദേശില്‍ സുഗുജയിലെ മഹാരാജാവ് വെടിവെച്ചുകൊന്ന മൂന്ന് ചീറ്റപ്പുലികളിലൂടെയാണ് ഇവയുടെ സാന്നിധ്യം രാജ്യത്ത് അവസാനമായി രേഖപ്പെടുത്തപ്പെട്ടത്. ഇത് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം തന്നെയായിരുന്നുവെന്നത് തികച്ചും യാദൃച്ഛികമാവാം.
ചീറ്റപ്പുലികള്‍ മണ്‍മറഞ്ഞ് ആറ് ദശകങ്ങള്‍ കഴിയുമ്പോള്‍ അവയെ ആഫ്രിക്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള 300 കോടി രൂപയുടെ ബൃഹത്തായ ഒരു പ്രോജക്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു. ഇതനുസരിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥാനങ്ങളില്‍, ഓരോന്നിലും ആറെണ്ണം വെച്ച് മൊത്തം 18 ചീറ്റപ്പുലികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരമായിരിക്കുന്നത്. മധ്യപ്രദേശിലെ കുനോ – പാല്‍പുര്‍, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.

വൈവിധ്യമാര്‍ന്ന നിറത്തോടുകൂടിയ ശരീരം എന്ന് അര്‍ഥംവരുന്ന ‘ചിത്രകായ’ എന്ന സംസ്‌കൃതവാക്കില്‍ നിന്നാണത്രെ ‘ചീറ്റ’യുടെ ഉത്ഭവം. മെലിഞ്ഞ് ദൃഢമായ ശരീരവും മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറവും അതില്‍ വട്ടത്തിലുള്ള കറുത്ത പൊട്ടുകളുള്ള ചെറിയ രോമങ്ങള്‍ ഉള്ള ചര്‍മവും ചെറിയ തലയും അവയ്ക്കു മുകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കണ്ണുകളും ചെറിയ ചെവികളും കണ്ണിന്റെ മൂലയില്‍ നിന്ന് മൂക്കിന്റെ വശങ്ങളിലൂടെ വായ വരെയെത്തുന്ന ‘കണ്ണീര്‍ ചാലുകള്‍ പോലുള്ള കറുത്ത അടയാളവും മാര്‍ജാരവംശത്തിലെ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയെ വ്യതിരിക്തമാക്കുന്നു.
ആധുനിക തന്മാത്രാവര്‍ഗീകരണ പഠനങ്ങള്‍ ചീറ്റകളുടെപൊതുവായ മുന്‍ഗാമി ഏഷ്യയില്‍ 11 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. പിന്നീട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് വ്യാപിച്ച ഇവ ഇപ്പോള്‍ കിഴക്കന്‍, മധ്യ, തെക്കുകിഴക്കന്‍ ആഫ്രിക്കയുടെ ചില പ്രത്യേകഭാഗങ്ങളിലും ഏഷ്യയില്‍ ഇറാനിലെ ചുരുക്കം ചില പ്രവിശ്യകളിലുമായി ചുരുങ്ങിയിരിക്കുന്നു. ആഗോളതലത്തില്‍ നിലവില്‍ ഇവയുടെ അംഗസംഖ്യ പതിനായിരത്തിനു താഴെയാണ്. പല ഭൂഭാഗങ്ങളിലായി ചീറ്റപ്പുലികളുടെ അഞ്ചോളം ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ ഏറ്റവും ഗുരുതരമായി വംശനാശഭീഷണിയിലായിരിക്കുന്നത് ഏഷ്യന്‍ ചീറ്റപ്പുലികളാണ്. ഇറാനിലെ ജീവശാസ്ത്രജ്ഞനായ ഫോര്‍മോസ് ആസാദിയുടെ നിരീക്ഷണങ്ങള്‍ അറുപതോളം ഏഷ്യന്‍ ചീറ്റകളേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. ഇവയില്‍ മിക്കവയും ഇറാനിലെ കവിര്‍ മരുഭൂമിയിലാണ്. അവശേഷിക്കുന്നവ ഇറാന്‍ – പാകിസ്താന്‍ അതിര്‍ത്തിയിലെ വരണ്ട ഭൂഭാഗങ്ങളിലും. യുദ്ധങ്ങള്‍ വ്യാപകമായ ഈ പ്രദേശങ്ങളില്‍ ഇവയുടെ തുടര്‍ച്ച ചോദ്യചിഹ്നമായി നില്‍ക്കുന്നു. (ഒരു കാലത്ത് ഇന്ത്യന്‍ ചീറ്റ എന്നറിയപ്പെട്ടിരുന്ന ഇവ ഇപ്പോള്‍ ഇറാനിയന്‍ ചീറ്റ എന്ന് അറിയപ്പെടുന്നു!)
ചീറ്റപ്പുലികള്‍ വംശനാശത്തിന്റെ വക്കിലെത്താന്‍ നിരവധികാരണങ്ങള്‍ ഉണ്ടെങ്കിലും ആവാസവ്യവസ്ഥ നാശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഭാരതത്തില്‍ നിരന്തരമായ വേട്ടയാടലും കന്നുകാലികളുടെ സംരക്ഷണത്തിനായി ആട്ടിടയന്മാര്‍ വ്യാപകമായി കൊലചെയ്തതും ഇവയുടെ നാശത്തിന് ആക്കം കൂട്ടി. ഒപ്പം, എണ്ണത്തില്‍ കുറവായ ചീറ്റകളില്‍ തുടര്‍ന്നുവരുന്ന അന്തഃപ്രജനനം (inbreeding) നിരവധി ജനിതകവൈകല്യങ്ങള്‍ക്കും പ്രതിരോധശേഷിക്കുറവിനും പ്രത്യുത്പാദന വൈകല്യങ്ങള്‍ക്കും കാരണമായി. ജനസംഖ്യയില്‍ വളരെ ചെറിയ ജനിതക വൈവിധ്യശേഖരവുമായി ജീവിക്കുന്ന ചീറ്റപ്പുലികള്‍ ഒരു ജൈവജാതിയായി നിലനില്ക്കുന്ന കാര്യംതന്നെ സംശയമാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ചീറ്റപ്പുലിയെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി.) ഇവയുടെ ക്ലോണിങ് നടത്താന്‍ ആരംഭിച്ച പ്രോജക്ടിലൂടെയാണ്. ഇറാനില്‍നിന്നു ചീറ്റയെ നല്കാന്‍ അവര്‍ വിസമ്മതിക്കുകയും വിദഗ്ധ അഭിപ്രായം അവശേഷിക്കുന്ന ഏഷ്യന്‍ ചീറ്റകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍നിന്നും മാറ്റുന്നതിന് എതിരാവുകയും ചെയ്തപ്പോള്‍ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ചീറ്റപ്പുലിയെ വീണ്ടും ഇന്ത്യയില്‍ എത്തിക്കുന്നതിന് ഒരു പദ്ധതി വിഭാവനം ചെയ്തു.
ഇതിനായി ഇവര്‍ ലോകത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സമ്മേളനം 2009 സപ്തംബറില്‍ രാജസ്ഥാനിലെ ഗജ്‌നറില്‍ സംഘടിപ്പിക്കുകയുണ്ടായി. വളരെയധികം വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ചീറ്റകള്‍ക്കു പകരമായി എണ്ണത്തില്‍ കൂടുതലുള്ള ആഫ്രിക്കന്‍ ചീറ്റകളെ നാട്ടിലെത്തിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. ഏഷ്യന്‍ ചീറ്റകളും ആഫ്രിക്കന്‍ ചീറ്റകളും തമ്മില്‍ കാര്യമായ ജനിതകവ്യതിയാനങ്ങള്‍ ഇല്ലെന്നും അവ തമ്മില്‍ ഉപജാതികളായി വേര്‍പെട്ടിട്ട് കേവലം 500 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീറ്റകളെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കാന്‍ അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വിശദമായ സര്‍വേ നടത്താന്‍ അനുമതി നല്കുകയും ചെയ്തു. ഇപ്രകാരം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് 2010 ജൂലായ് മാസത്തില്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും കേന്ദ്ര സര്‍ക്കാര്‍ 300 കോടിയുടെ പ്രോജക്ടിന് അനുമതി നല്കുകയും ചെയ്തു.
എന്നാല്‍ ഇത്തരം ബൃഹത്തായ പ്രോജക്ടിന്റെ പ്രായോഗികതയെ പല പരിസ്ഥിതിവാദികളും ഇപ്പോള്‍ ചോദ്യം ചെയ്യുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ ചീറ്റകളെ കൃത്രിമമായി പ്രജനനം നടത്തുന്ന മധ്യപൗരസ്ത്യ പ്രദേശത്തുനിന്നും ചീറ്റകളെ ഇവിടെ എത്തിച്ചാലും തുടക്കത്തില്‍ തുറന്ന മൃഗശാലകളില്‍തന്നെ അവയെ സംരക്ഷിക്കേണ്ടിവരും. ആവാസവ്യവസ്ഥ നിലനിര്‍ത്താതെയും ഇരയുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്താതെയും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഒഴിവാക്കാതെയും പരിപാലിക്കാന്‍ കഴിയില്ലെന്ന് ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആഫ്രിക്കയില്‍ നിന്ന് കുറേ ചീറ്റപ്പുലികളെ നമ്മുടെ വനാന്തരങ്ങളില്‍ എത്തിച്ച് കൃത്രിമമായ ആഹാരങ്ങള്‍ നല്കി വളര്‍ത്തുന്നത് കുതിരയ്ക്കു മുമ്പില്‍ വണ്ടിയിടുന്നതിന് സമാനമാണെന്ന് പ്രശസ്ത വന്യജീവി വിദഗ്ധനായ ഡോ ഇല്ലാസ് കാരന്ത് അഭിപ്രായപ്പെടുന്നു. ചീറ്റകളുടെ സ്വതന്ത്രവിഹാരത്തിന് അനുയോജ്യമായ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കന്നുകാലികളും മനുഷ്യരും ഇല്ലാത്ത, എന്നാല്‍ ചീറ്റപ്പുലിയുടെ ഇരകള്‍ നിറഞ്ഞ ഭൂപ്രദേശം ഇന്ത്യയില്‍ എവിടെയാണ് നിലനില്ക്കുന്നത് എന്നും വ്യക്തമല്ല. കൂടാതെ, ചീറ്റപ്പുലികളെ ഒരു പ്രത്യേക പ്രദേശത്ത് വളര്‍ത്തുകയാണെങ്കില്‍ അവിടെ മനുഷ്യവാസം ഒഴിവാക്കേണ്ടിവരും. പ്രോജക്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുള്ള വന്യജീവികളും ചിറ്റപ്പുലികളും തമ്മില്‍ ആഹാരത്തിനുവേണ്ടിയുള്ള മത്സരം എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമല്ല. ആഗോളതലത്തില്‍ ചീറ്റപ്പുലി സംരക്ഷണ പദ്ധതികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അവയുടെ അന്തഃപ്രജനനവും അതുകൊണ്ടുണ്ടാകുന്ന ജനിതകവൈവിധ്യശോഷണവുമാണ്. കേവലം 18 ചീറ്റപ്പുലികളെ വെച്ച് നമ്മുടെ ആവാസവ്യവസ്ഥയില്‍ പുനര്‍വിന്യസിക്കാന്‍ തക്ക എണ്ണത്തില്‍ ചീറ്റകളെ ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യവും സംശയമാണ്.
ഇനി ഭാരതത്തില്‍ ഇതുവരെ നടത്തിയ വന്യജീവി പുനര്‍വിന്യാസത്തിന്റെ ഫലങ്ങള്‍ പരിശോധിക്കാം. 1950-ല്‍ ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തില്‍ പുനര്‍വിന്യസിക്കപ്പെട്ട സിംഹങ്ങള്‍ വേട്ടയാടപ്പെട്ടു. 1920-കളില്‍ ദുര്‍ഗാപുറില്‍ പുനര്‍വിന്യസിക്കപ്പെട്ട കടുവകളെ 1950-ല്‍വെടിവെച്ചു കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഏഷ്യന്‍ സിംഹങ്ങള്‍ വന്യ-ആവാസവ്യവസ്ഥയില്‍ അവശേഷിക്കുന്ന ഗീര്‍വനങ്ങളില്‍നിന്ന് കുറച്ച് സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി ജലരേഖയായി തുടരുന്നു.
ഭാരതത്തിന്റെ ദേശീയ മൃഗമായ ബംഗാള്‍ കടുവകളെ സംരക്ഷിക്കാന്‍ നാം എന്തൊക്കെ ചെയ്തുവെന്നതും വിലയിരുത്തേണ്ടതാണ്. 1970-കളില്‍ രാജ്യത്ത് കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മുന്‍കൈയെടുത്ത് സമര്‍ഥരായ ഉദ്യോഗസ്ഥരെയും ദീര്‍ഘദൃഷ്ടിയുള്ള ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയാണ് ‘പ്രോജക്ട് ടൈഗര്‍’ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഫലം പ്രകടമായിരുന്നു. ഭാരതത്തില്‍ കടുവകളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. എന്നാല്‍ പിന്നീട് കാര്യക്ഷമതയില്ലാത്ത നേതൃത്വവും സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും കൂടിയായപ്പോള്‍ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് രാജ്യത്ത് മൊത്തം കടുവകളുടെ എണ്ണം ഇപ്പോള്‍ 1500-ല്‍ താഴെയാണ്. രാജസ്ഥാനിലെ സരിസ്‌കാ കടുവസങ്കേതത്തില്‍ കടുവകള്‍ ഒന്നുംതന്നെയില്ലാത്ത അവസ്ഥയും വന്നു.
ഭാരതത്തില്‍നിന്ന് ചീറ്റപ്പുലികള്‍ തിരോധാനം ചെയ്യാനുണ്ടായ സാഹചര്യങ്ങള്‍ കുറച്ചുകൂടി രൂക്ഷമായ രീതിയില്‍ നിലനില്ക്കുമ്പോള്‍ അവയെ വിജയകരമായി നമ്മുടെ ആവാസവ്യവസ്ഥകളില്‍ പുനഃസ്ഥാപിക്കാനാവുമോ? ഇത്തരം ശ്രമങ്ങള്‍ക്കു മുമ്പ് ചീറ്റകളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആവാസവ്യവസ്ഥ, ഇരകള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ഇവയെക്കുറിച്ചള്ള വ്യക്തമായ അറിവുശേഖരണം അനിവാര്യമാണ്.
രാജ്യത്ത് നിലവില്‍ വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഭാവനാപൂര്‍ണവും പ്രായോഗികവുമായ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാന്‍ നമുക്കു കഴിയണം. ലോകത്ത് ഏറ്റവും വേഗം ജനസംഖ്യാവര്‍ധന ഉണ്ടാകുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തില്‍ വന്യജീവികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ആവാസവ്യവസ്ഥാ നാശവും വേട്ടയുമാണ്. അതുകൊണ്ടുതന്നെ ചില സാഹചര്യങ്ങളില്‍ ജനപങ്കാളിത്തത്തോടുകൂടിയും ചിലപ്രത്യേക സാഹചര്യങ്ങളില്‍ വന്യജീവി സംരക്ഷണ പ്രദേശങ്ങളില്‍ മനുഷ്യവാസം പൂര്‍ണമായും ഒഴിവാക്കി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടിവരും.


ഡോ.എ.ബിജുകുമാര്‍ (കാര്യവട്ടം കേരള സര്‍വകലാശാല അക്വാറ്റിക് ബയോളജി വിഭാഗം)
posted on : 5.10.2010 mathrubhumi news

Thursday, September 30, 2010

മുളയരി നാമ്പിട്ടില്ല; ഇല്ലിമുളംകാടുകള്‍ വിസ്മൃതിയിലേക്ക്

മാനന്തവാടി: നീണ്ട ഇടവേളയ്ക്കു ശേഷം കതിരണിഞ്ഞ വയനാട്ടിലെ ഇല്ലിമുളം കാടുകള്‍ വിസ്മൃതിയിലേക്ക്. സാധാരണ മുളയരികള്‍ വീണ് മുളംതൈകള്‍ കിളിര്‍ക്കുകയാണ് പതിവ്. ഒരു മുളങ്കൂട്ടം പൂത്ത് നശിക്കുന്നതോടെ നൂറുകണക്കിന് മുളംതൈകള്‍ അവിടെ കിളിര്‍ത്തുപൊങ്ങും. ഇത് പിന്നീട് മുളങ്കൂട്ടങ്ങളായി വളരും.

പ്രകൃതിയുടെ അനുഗ്രഹമായ പരാഗണം വഴിയാണ് വനത്തില്‍ ധാരാളം വൃക്ഷത്തൈകളും മുളംതൈകളും തഴച്ചുവളരുന്നത്. തോലെ്പട്ടി വന്യജീവി സങ്കേതത്തിലും ബേഗൂര്‍ വനത്തിലും വയനാട്ടിലെ മറ്റു വനങ്ങളിലും കാലാവസ്ഥാവ്യതിയാനത്താല്‍ മുളംതൈകള്‍ വിരളമായേ മുളച്ചിട്ടുള്ളൂ. എന്നാല്‍, പാതയോരങ്ങളിലും കാര്‍ഷിക ഗ്രാമങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലും തൈകള്‍ ധാരാളമായി വളര്‍ന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമാണ് മുളയരി മുളയ്ക്കാത്തതെന്ന് കരുതുന്നു.

വയനാട്ടിലെ മിതശീതോഷ്ണ കാലാവസ്ഥയുടെ പ്രധാന ഘടകം ഇവിടത്തെ മുളങ്കൂട്ടങ്ങളായിരുന്നു. മുളങ്കാടുകളുടെ സംഗീതം ആസ്വദിക്കാന്‍ ഒട്ടേറെ സഞ്ചാരികള്‍ എല്ലാ വര്‍ഷവും വയനാട്ടിലെത്തുന്നു. മുളങ്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി മുളവത്കരണത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വയനാട്ടിലുണ്ട്. ചില സംഘടനകള്‍ മുളയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും നൂറിലധികം മുളകളുടെ ശേഖരവും വിതരണവും നടത്തുന്നുണ്ട്.

വയനാടന്‍ കാടുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മുളങ്കൂട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ തൈകള്‍ നട്ടുവളര്‍ത്താനും വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പ്രകൃതിസ്‌നേഹികളുടെ ആവശ്യം.

* മുള

News : Mathrubhumi, 30.09.2010, Wayanad

Monday, September 27, 2010

കേരളത്തിന്റെ തീരക്കടലില്‍ തിരവെട്ടിയും ചോരക്കാലി ആളയും


കണ്ണൂര്‍: കേരളതീരത്തെ ആദ്യ കടല്‍പ്പക്ഷി സര്‍വേയില്‍ കൂടുതല്‍ പക്ഷികളെ കണ്ടെത്തി. കടലുണ്ടിയാള(സാന്‍ഡ്‌വിച്ച് ടേണ്‍), ചോരക്കാലി ആള(കോമണ്‍ ടേണ്‍), ചെറിയ കടലാള(ലെസര്‍ ക്രസ്റ്റഡ് ടേണ്‍) തുടങ്ങിയ കടല്‍പ്പക്ഷികളെയാണ് രണ്ടാം ദിവസം കണ്ടത്. ചില കടല്‍പ്പക്ഷികളുടെ സാന്നിധ്യം ചിലയിനം മത്സ്യങ്ങളുള്ളതിന്റെ സൂചനയാണെന്ന് തിരിച്ചറിയാനായതും സര്‍വേയുടെ നേട്ടമായി. കേരള ബേഡറും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ നടത്തിയത്.

കേരളതീരത്ത് അത്യപൂര്‍വമായ തിരവെട്ടി, പരാദമുള്‍വാലന്‍ കടല്‍ക്കാക്ക, തവിടന്‍ കടലാള തുടങ്ങിയവയെ ധാരാളമായി കാണാനായി. പരാദമുള്‍വാലന്‍ കടല്‍ക്കാക്കയെ കേരളതീരത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. തീരത്തുനിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയായിരുന്നു തവിടന്‍ കടലാളയുടെ ദേശാടനം. കരയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഒരിക്കലും കാണാറില്ലാത്ത കടല്‍പ്പക്ഷികളാണിവയില്‍ പലതും. വഴിതെറ്റി തീരത്തടിയുമ്പോഴാണ് കേരളത്തില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളത്.
തിരവെട്ടിയുടെ എണ്ണം വളരെ കൂടുതലായിരുന്നു. കടലില്‍ അയിലയുടെ സാന്നിധ്യവും കണ്ടു. അയിലയുടെ സാന്നിധ്യമാണ് തിരവെട്ടിയെ കൂടുതലായി കാണാന്‍ കാരണമെന്നാണ് നിഗമനം.

തിരവെട്ടിയെ പ്രാദേശികമായി അയിലക്കാക്കയെന്നും പറയാറുണ്ട്.

ചിത്രശലഭങ്ങളുടെ ദേശാടനവും സര്‍വേയില്‍ കണ്ടു. ചക്കരശലഭം, നാരകശലഭം, വന്‍ചൊട്ട ശലഭം എന്നിവയെ തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെവരെ കണ്ടെത്തി. കടുത്ത കടല്‍ക്കാറ്റിനെ അതിജീവിച്ചാണിവയുടെ സഞ്ചാരം. തുലാത്തുമ്പികളുടെ ദേശാടനം ഇത്തവണ നേരത്തെ തുടങ്ങിയതായും സര്‍വേയില്‍ നിരീക്ഷിച്ചു.
രണ്ട് ദിവസത്തെ സര്‍വേ ഞായറാഴ്ച സമാപിച്ചു. ഡോ. ജാഫര്‍ പാലോട്ട്, കെ.വി.ഉത്തമന്‍, സത്യന്‍ മേപ്പയൂര്‍, ജെ.പ്രവീണ്‍, വി.സി.ബാലകൃഷ്ണന്‍, ബ്രിട്ടീഷ് പക്ഷിനിരീക്ഷകനും കടല്‍പ്പക്ഷി വിദഗ്ധനുമായ മൈക്ക് പ്രിന്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 24 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. കരയിലേക്ക് വരാത്ത കടല്‍പ്പക്ഷികളെക്കുറിച്ചുള്ള ആദ്യ സര്‍വേ വന്‍ വിജയമായ സാഹചര്യത്തില്‍ തുടരാനാണ് തീരുമാനം.


News: Mathrubhumi, 27.09.2010

Saturday, September 25, 2010

കന്യാവന വിശുദ്ധിയില്‍ നിശബ്ദ താഴ്‌വര


മഴക്കാടുകളുടെയും കന്യാവനങ്ങളുടെയും മനംനിറയ്ക്കുന്നദൃശ്യങ്ങളാണ് സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ വനസ്ഥലി മാനവരാശിയുടെ പൈതൃകസമ്പത്തിന്റെ ഭാഗം തന്നെ.

പശ്ചിമഘട്ടമലനിരകളില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 89.52 ചതുരശ്ര കി. മീറ്ററാണ് വിസ്തൃതി. ചുറ്റുമായി 148 ചതുരശ്ര കി. മീറ്റര്‍ ബഫര്‍സോണും ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിലാണ്.

സൈലന്റ്‌വാലിയില്‍ അംഗിണ്ട (2383 മീറ്റര്‍)യാണ് ഏറ്റവും ഉയരമേറിയയിടം. മുക്കാലിയില്‍ നിന്ന് 22 കി. മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് സൈരന്ധ്രിയിലെത്തിയാല്‍ വാച്ച്ടവറുണ്ട്. ഇവിടെ സൈലന്റ്‌വാലിയുടെ ഒരു വിസ്തൃതക്കാഴ്ച ലഭിക്കും.

1847 മുതലേതന്നെ ഈ വനമേഖല സൈലന്റ്‌വാലി എന്നുവിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. 1914 ല്‍ റിസര്‍വ്‌വനമായി പ്രഖ്യാപിക്കപ്പെട്ടു. 1928-29 ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠനറിപ്പോര്‍ട്ട് നിലവില്‍വന്നു. പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി.

120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15 ന് സൈലന്റ്‌വാലിവനം ദേശീയപാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. 1985 സപ്തംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.

സൈലന്റ്‌വാലി ദേശീയപാര്‍ക്കിന്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയും മറുഭാഗത്ത് ഇതിന് സമാന്തരമായെന്നോണം ഒഴുകുന്ന ഭവാനിയുമാണ് ഈ വനമേഖലയുടെ മുഖ്യസവിശേഷത.

ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.

പാലക്കാട്ടുനിന്നുള്ള ദൂരം 80 കി. മീറ്റര്‍. ഏറ്റവും അടുത്ത ടൗണ്‍ മണ്ണാര്‍ക്കാടാണ്-43 കി. മീറ്റര്‍. വിമാനത്താവളം കോയമ്പത്തൂര്‍- 90 കി.മീറ്റര്‍.

സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.

വിലാസം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, സൈലന്റ്‌വാലി ഡിവിഷന്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പിന്‍: 678582. ഫോണ്‍: 04924-222056, ഇമെയില്‍: mail@silentvalleynationalpark.com.

അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, സൈലന്റ്‌വാലി നാഷണല്‍പാര്‍ക്ക്, മുക്കാലി (പി.ഒ.), മണ്ണാര്‍ക്കാട് 678582, ഫോണ്‍: 04924 253225,

ഇമെയില്‍: awlw.silentvalley.gmail.com.

പരിസ്ഥിതി പഠനക്യാമ്പിനും സൗകര്യം

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍
സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന് മുതിര്‍ന്നവര്‍ 25 രൂപവീതം നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപ. ഇളവുലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണം. സ്വന്തം വാഹനത്തിലെത്തുന്നവര്‍ ഗൈഡിന്റെ സേവനത്തന് 150 രൂപകൂടി നല്‍കണം.

സന്ദര്‍ശകര്‍ക്കായി സൈലന്റ്‌വാലിയില്‍ രണ്ട് ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രവേശനഫീസുള്‍പ്പെടെ ഒരാള്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 140 രൂപയും നല്‍കണം. വിദേശികള്‍ക്ക് സന്ദര്‍ശനനിരക്കില്‍ വ്യത്യാസമുണ്ട്.

രണ്ടുദിവസത്തെ പരിസ്ഥിതിപഠനക്യാമ്പിന് ഒരാള്‍ക്ക് 600 രൂപയാണ് നിരക്ക്. പരമാവധി നാല്പതംഗസംഘത്തിന് അനുമതിനല്‍കും. കാട്ടില്‍ കാല്‍നടയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്തങ്ങളായ ട്രക്കിങ്ങുകള്‍ ഉണ്ട്. ഒരാള്‍ക്ക് 50 രൂപവീതം നല്‍കണം. പാത്രക്കടവിലേക്കുള്ള ട്രക്കിങ്ങിന് മൂന്നുപേര്‍ക്ക് 1000 രൂപയാണ് നിരക്ക്.

സൈലന്റ് വാലി ഫോട്ടോ ഫീച്ചര്‍ (എന്‍.പി. ജയന്‍)

മറ്റ് പാക്കേജുകള്‍

1. സൈലന്റ്‌വാലി കോട്ടേജ്, മുക്കാലി-രണ്ടുപേര്‍ക്ക് 3000.

2. ട്രോഗണ്‍ ടവര്‍-കീരിപ്പാറ, 4+4 കി.മീ. ട്രക്കിങ്ങുള്‍പ്പെടെ മൂന്നുപേര്‍ക്ക് 2000.

3. റോക്ക്‌ഹോള്‍ ഹട്ട്, മൂന്നുപേര്‍ക്ക് 3000, അമ്പലപ്പാറയില്‍നിന്ന് കാല്‍നടയായി.



News : Mathrubhumi, വി. ഹരിഗോവിന്ദന്‍



* അഞ്ചുകോടി വര്‍ഷത്തിന്റെ പൈതൃകം
* സൈലന്റ് വാലി പറയുന്നത്

Thursday, September 23, 2010

കടുവകളുടെ ലേബര്‍ റൂം

രണ്ടു കടുവകള്‍. അതിലൊരെണ്ണം പ്രസവിച്ചിട്ട് ഏറെനാളായിട്ടില്ല. ആണ്‍കടുവയും പെണ്‍കടുവയും ഒരു പാറയ്ക്കു മുകളിലൂടെ ചാടിക്കടന്നു. മഞ്ഞു മൂടിയ വരമ്പിലൂടെ പതുക്കെ നടക്കുന്നു. ഒരു വളവില്‍ പാറക്കെട്ടിനടിയിലെ ഗുഹയ്ക്കുള്ളിലേക്ക് അവ നുഴഞ്ഞു കയറി. ആ ഗുഹയ്ക്കപ്പുറത്തേയ്ക്ക് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് ഹിമാലയം. സമുദ്ര നിരപ്പില്‍ നിന്നു പതിമൂവായിരം അടി മുകളിലേക്ക് ഈ കടുവകളെത്തിയത് പ്രസവിക്കാനാണ്. വേട്ടക്കാരുടെ ശല്യം സഹിക്കവയ്യാതെ കടുവകള്‍ ഹിമാലയത്തിനു മുകളില്‍ കയറിയിരിക്കുന്നു. മരം കോച്ചുന്ന തണുപ്പില്‍ മനുഷ്യരുടെ ശല്യമില്ലാതെ പ്രസവിക്കുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഹിമാലയത്തിനു മുകളില്‍ കടുവയുണ്ടെന്നത് വെറും കേട്ടുകേള്‍വിയല്ല. വേട്ടക്കാരില്‍ നിന്നു രക്ഷപെടാന്‍ കടുവകള്‍ സ്വയം താവളം കണ്ടെത്തിയത് ഹിമാലയത്തിനു മുകളില്‍. ലോകത്താകെ മൂവായിരത്തി അഞ്ഞൂറ് കടുവകള്‍ മാത്രമേ ഇപ്പോഴുള്ളൂ എന്ന റിപ്പോര്‍ട്ടിനിടെ ബിബിസിയുടെ ക്യാമറ പ്രതീക്ഷകള്‍ നല്‍കുകയാണ്.
ഹിമാലയത്തിനു മുകളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ച് ആറാഴ്ചകള്‍ കാത്തിരുന്നു. കടുവകള്‍ നടന്നു പോകുന്നതിന്‍റെ ദൃശ്യം ലെന്‍സില്‍ പതിഞ്ഞു. ഹിമാലയത്തിനു മുകളില്‍ കടുവയുണ്ടെന്ന് ആദ്യമായി ലോകം കണ്ടു. കടുവകളുടെ മിസിങ് ലിങ്ക് എവിടെയെന്നു ചോദിച്ചാല്‍ ധൈര്യത്തോടെ പറയാം, ഭൂട്ടാന്‍. ആയിരം പെണ്‍ കടുവകള്‍ മാത്രമേ ഭൂമിയിലുള്ളൂ എന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയുടെ ജീവിതകാലം കഴിയും. പിന്നെ, പെണ്‍കടുവകള്‍ ഫോട്ടൊകളില്‍ മാത്രം അവശേഷിക്കും. അങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതിനെതിരേ ലോകം മുഴുവനുള്ള പരിസ്ഥിതി സ്നേഹികള്‍ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോള്‍, വംശത്തെ സംരക്ഷിക്കാന്‍ കടുവകള്‍ സ്വയം വഴി കണ്ടെത്തി. പ്രസവ കാലത്ത് അവ ഹിമാലയത്തിനു മുകളിലേക്കു കയറുന്നു. അല്‍പ്പം തണുപ്പു സഹിച്ചാലും അവിടെ വേട്ടക്കാരെ പേടിക്കേണ്ട.
ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള കാഴ്ചബംഗ്ലാവുകളില്‍ കടുവകളുണ്ട്. അവയില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നു കൊണ്ടുപോയവയാണ്. ലോകത്ത് മൂവായിരത്തഞ്ഞൂറു കടുവകളാണ് അവശേഷിക്കുന്നതെങ്കില്‍ അതില്‍ മുക്കാല്‍ പങ്കും ഏഷ്യയിലാണ്. ഏറ്റവുമധികം കടുവ വേട്ട നടക്കുന്നതും ഏഷ്യയിലാണ്. പുലിത്തോലിനും കടുവത്തോലിനും കോടികള്‍ വിലയുണ്ടെന്നതു തന്നെയാണ് കാരണം. ബിഗ് ക്യാറ്റുകളുടെ തോല്‍ വീടിന്‍റെ പൂമുഖത്തു വയ്ക്കുന്നത് അന്തസിന്‍റെ ഭാഗമായി കാണുന്ന കോടീശ്വ രന്മാര്‍ക്കുവേണ്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാടുകളില്‍ കടുവകള്‍ വേട്ടയാടപ്പെടുന്നു.
ബിബിസി ചാനലിന്‍റെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റിലെ കുറച്ചു പേരാണ് ഹിമാലയത്തിലേക്ക് ക്യാമറയുമായി കയറിയത്. ക്യാമറ ഒളിച്ചു വച്ച് അവര്‍ മറ്റിടങ്ങളില്‍ തങ്ങി. ആറു ദിവസം കൊണ്ട് കുറേ കടുവകള്‍ ക്യാമറയ്ക്കു മുന്നിലൂടെ നടന്നു പോയി. അവയുടെ കാല്‍പ്പാടുകളും ഷൂട്ട് ചെയ്തു. ഹിമാലയത്തിനു മുകളില്‍ കടുവകളുണ്ടെന്നു തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. കടുവകളുടെ വംശം നിലനില്‍ക്കുന്നതിനുള്ള കോറിഡോറായി മാറും ഭൂട്ടാനെന്നാണ് ജന്തുശാസ്ത്ര ഗവേഷകര്‍ പറയുന്നത്.
ഒമ്പതു രാജ്യങ്ങളിലെ നാല്‍പ്പത്തിരണ്ടു സ്ഥലങ്ങളിലാണ് ഏഷ്യയില്‍ കടുവകള്‍ ഉള്ളതെന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി മാപ്പിലുള്ള കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയും ഇല്ലാതാകുമെന്നാണ് സംഘടന നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഭൂട്ടാനില്‍ ഹിമാലയത്തിനു മുകളില്‍ കടുവകള്‍ സ്വസ്ഥമായി പ്രസവിക്കാനെത്തുമ്പോള്‍ അല്‍പ്പം ആശ്വാസം. ഹിമാലയത്തിനു മുകളില്‍ ഏതു ഭാഗത്ത്, എവിടെയൊക്കെയാണ് കടുവകളുള്ളതെന്നും അവ പ്രസവിക്കുന്ന സ്ഥലം ഏതെന്നുമൊക്കെ, ലോസ്റ്റ് ലാന്‍ഡ് ഒഫ് ദ ടൈഗര്‍ എന്ന ഡോക്യുമെന്‍ററിയില്‍ ബിബിസി കാണിക്കും. വേട്ടക്കാരും ടിവി കാണുന്നവരാണ്.
ഹിമാലയത്തിനു മുകളില്‍ കടുവകളെ സംരക്ഷിക്കാന്‍ വാച്ച്മാനുണ്ടാവില്ലെന്ന് അവര്‍ക്ക് അറിയാം. വഴിയും ഗുഹയും പറഞ്ഞുകൊടുത്താല്‍ എന്താകും കടുവകളുടെ അവസ്ഥയെന്ന് മൃഗസ്നേഹികള്‍ ചോദിക്കുമ്പോള്‍ പിന്നെയും ഭയം വര്‍ധിക്കുകയാണ്.


* കടുവ അഥവാ വരയൻപുലി


news: metrovaartha 23.09.2010

Wednesday, September 22, 2010

കല്ലാര്‍ വനമേഖലയില്‍ ബ്ലൂനവാബിനെ കണ്ടെത്തി

തിരുവനന്തപുരം: കേരളത്തിലെ ചിത്രശലഭങ്ങളില്‍ അത്യപൂര്‍വ ശലഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബ്ലൂനവാബിനെ പൊന്മുടി കല്ലാര്‍ വനാന്തരങ്ങളില്‍ കണ്ടെത്തി. 104 വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷ് ചിത്രശലഭ ശാസ്ത്രജ്ഞരായ ജെ.ഡേവിഡ്‌സണ്‍, ടി.ആര്‍.ബെല്‍, ഇ.എച്ച്.ഐറിക്കണ്‍ എന്നിവര്‍ കൂര്‍ഗില്‍ ബ്ലൂനവാബ് ശലഭത്തെ കണ്ടെത്തിയിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് ഈ ചിത്രശലഭത്തെ കണ്ടെത്തുന്നതെന്ന് തിരുവനന്തപുരത്തെ പക്ഷി-പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയായ വാര്‍ബേഡ്‌സ് ആന്‍ഡ് വേഡേഴ്‌സിലെ അംഗങ്ങളായ സി.സുശാന്ത്, കെ.എ.കിഷോര്‍, ബൈജു, പി.ബി.ബിജു എന്നിവര്‍ അവകാശപ്പെട്ടു. ജൂലായില്‍ പൊന്മുടി, കല്ലാര്‍ വനാന്തരങ്ങളില്‍ നടത്തിയ മണ്‍സൂണ്‍ പഠന യാത്രയിലാണ് 'ബ്ലൂനവാബ്' ശലഭത്തെ ഇവര്‍ കണ്ടെത്തിയത്. ശലഭത്തിന്റെ ആഹാരസസ്യമായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത കാട്ടുമന്ദാരത്തിലാണ് ഇവയുടെ ജീവിതചക്രം കണ്ടെത്തിയത്. ഇരുണ്ട നീലനിറത്തോടെയുള്ള ബ്ലൂനവാബിന് ചിറകിന്റെ മധ്യത്തില്‍ വീതിയേറിയ വെളുത്ത പാടുണ്ട്. ചിറക് വിരിക്കുമ്പോള്‍ എട്ടുസെന്റിമീറ്ററോളം നീളംവരും. വളരെ വേഗത്തില്‍ പറക്കുന്ന ഇവ നിത്യ ഹരിതവനങ്ങളുടെ മുകള്‍ഭാഗത്തുമാത്രമേ കാണാറുള്ളൂ.



News: Mathrubhumi 22.09.2010

Monday, September 20, 2010

"തണല്‍ മരം,ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്" ജൈവ വൈവിധ്യതമിത്ര സംരക്ഷണ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തണല്‍മരം ഗ്രൂപ്പ്,ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന "ജൈവ വൈവിധ്യതമിത്ര സംരക്ഷണ" അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പിലാക്കിയ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്കാണ്‌ അവാര്‍ഡ് നല്‍കുക. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശുപാര്‍ഷകള്‍ സമര്‍പ്പിക്കാം. അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതമുള്ള ശുപാര്‍ഷകള്‍ ഓക്ടോംബര്‍ 15 നു മുമ്പായി thanalmaram@hotmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം. നവംബര്‍മാസത്തില്‍ കേരളത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കുന്നതാണ്,അവാര്‍ഡിനര്‍ഹമാകുന്ന വ്യക്തികള്‍ക്ക് ബഹുമതിപത്ര വും 5001 രൂപ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

===============================================================
കൂടുതല്‍ വിവരങ്ങള്‍ക്ക് +971553376235 എന്ന നമ്പറില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും facebookthanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക.

===============================================================

Thursday, August 26, 2010

കടലാമകൾക്കുവേണ്ടി ഒരു ഗ്രാമം

വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടൽതീരവാസികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ നിതാന്ത ജാഗ്രതയിലാണ്. കടൽ കടന്നെത്തുന്ന അതിഥികളെ കാത്തുരക്ഷിക്കാൻ അവർ ഉറക്കമുപേക്ഷിച്ച് കടൽതീരത്ത് കാവലിരിക്കുന്നു. ആരാണ് ഈ വിശിഷ്ടാതിഥികൾ എന്നല്ലെ? കടലോരവാസികൾ വെള്ളാമ എന്നു വിളിക്കുന്ന ഒലീവ് റിഡ് ലെ ആമകൾ. ഒലീവ് റിഡ് ലെ ഇനത്തിലുള്ള കടലാമകൾ മുട്ടയിടാനെത്തുന്ന അപൂർവ്വം തീരങ്ങളിൽ ഒന്നാണിത്. കടലാമ മുട്ടകൾ വേട്ടയാടാൻ എത്തുന്നവരെ ഗ്രാമവാസികൾ കയ്യോടെ പിടികൂടുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പുലർച്ചെ രണ്ടു മണിമുതൽ മുട്ടയിടാൻ കരയ്ക്കു കയറുന്ന ആമകളേയും അവയിടുന്ന മുട്ടകളേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഈ ഗ്രാമവാസികൾ മനസ്സിലാക്കിയിരിക്കുന്നു. ആഗോളവന്യജീവി സംഘടനയുടെ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒലീവ് റിഡ് ലെ ആമകൾ ബ്ളാങ്ങാടു മുതൽ മന്ദലംകുന്ന് വരെയുള്ള കടൽതീരത്ത് ചേക്കേറി മുട്ടയിടാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി. ആമ മുട്ടകൾ ഭക്ഷണമായി
ഉപയോഗിച്ചിരുന്ന ഗ്രാമവാസികൾക്ക് ഈ അടുത്തകാലംവരെ ഇതൊരു വരുമാന മാർഗ്ഗമായിരുന്നു. അതുകൊണ്ടുതന്നെ നാൾക്കുനാൾ വിരിഞ്ഞിറങ്ങുന്ന ആമകളുടെ എണ്ണം കുറഞ്ഞു വന്നു. ഇത് ഒലീവ് റിഡ് ലെ ആമകളെ ചാവക്കാട് കടൽത്തീരത്തു നിന്ന് അപ്രത്യക്ഷമാക്കുമെന്നു തിരിച്ചറിഞ്ഞ ജില്ലയിലെ പരിസ്ഥിതി സംഘടന ഗ്രീൻ ഹാബിറ്റാറ്റ് നടത്തിയ വിപ്ളവകരമായ ശ്രമങ്ങൾ ഇവിടെ വിജയം വരിക്കുകയാണ്. 1887ൽ ബ്രസീലിനടുത്തുള്ള ഫെർണാണ്ടോ ഡി. നെരോണ ദ്വീപിൽ ആണ് എച്ച്.എൻ.റിഡ്ലെ എന്നയാൾ ഈ പ്രത്യേക ഇനം ആമയെ കണ്ടത്. ആമക്ക് പിന്നീട് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു. ലെപ്പിഡോചെലീസ് ഒലിവാസിയ എന്നാണ് ഒലീവ് റിഡ്ലെ ആമകളുടെ ശാസ്ത്ര നാമം. ശരാശരി 70 സെന്റീമീറ്റർ വലുപ്പമുള്ള ഇവ പൂർണ്ണ വളർച്ചയെത്തിയാൽ 45 കിലോഗ്രാം തൂക്കമുണ്ടാകും. അങ്കോള, ആസ്ത്രേലിയ, ബംഗ്ളാദേശ്, ബ്രസീൽ, കോസ്റററിക്ക, എൽസൽവദോർ, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമല, ഗയാന, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, മഡ്ഗാസ്കർ, മലേഷ്യ, മെക്സിക്കോ, മൊസാബിക്, മ്യാൻമർ, നിക്ക്വരാഗ, ഒമാൻ, പാക്കിസ്താൻ, പനാമ, പപ്പുവ ന്യൂഗനിയ, പെറു, സെനിഗൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലണ്ട്, ട്രിനിഡാഡ്, ടൊബാഗോ, വെനിസുല എന്നിവിടങ്ങളിലാണ് ഒലീവ് റിഡ് ലെ ആമകൾ തീരത്ത് അടുക്കുന്നത്. മുട്ടയിടാനായിട്ടാണ് ഇവ സാധാരണ കരയിലേക്ക് കയറി വരുന്നത്. തീരത്ത് മണൽമാളങ്ങളുണ്ടാക്കി മുട്ടയിട്ടു കഴിഞ്ഞാൽ കടലിലേക്ക് തിരിച്ചുപോകുന്നു. ഒരാമ ഒരു തവണ 110ൽ ഏറെ മുട്ടകളിടും. 52 മുതൽ 58 ദിവസങ്ങൾക്കകം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്കിറങ്ങും. സൂര്യപ്രകാശവും സൂര്യതാപവുമേറ്റാണ് മുട്ടകൾ വിരിയുക. മുട്ടയിട്ടു കഴിഞ്ഞു കടലിലേക്കു പോകുന്ന തള്ള ആമകൾ പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ല. കടലാമകളേയും മുട്ടയേയും വേട്ടയാടുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷാർഹമാണെങ്കിലും നാൾക്കുനാൾ ഇവയുടെ എണ്ണം കുറഞ്ഞ് വംശനാശത്തിന്റെ വക്കിലാണ്. ലോകത്ത് മുട്ടയിടുന്ന എട്ടുലക്ഷത്തോളം ഒലീവ് റിഡ് ലെ ആമകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ചിലയിടങ്ങളിലും ബംഗാൾ ഉൾക്കടൽ തീരത്ത് ഒരിടത്തുമാണ് ഈ കടലാമകൾ മുട്ടയിടാൻ എത്തുന്നത്. ഏറ്റവും കൂടുതൽ ആമകൾ കൂട്ടത്തോടെ മുട്ടയിടാൻ കര കയറുന്നത് ഒറീസയിലെ റുഷ്ക്കുലിയ തീരത്താണ്. കേരളത്തിന്റെ പടിഞ്ഞാറെ തീരത്ത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടലോരപ്രദേശമായ ബ്ളാങ്ങാട്, എടക്കഴിയൂർ, മന്ദലംകുന്ന് എന്നിവിടങ്ങളിലും, കോഴിക്കോട് കോലാവി തീരത്തും, തിരുവനന്തപുരത്തെ വിഴിഞ്ഞം തീരത്തും ഒലീവ് റിഡ് ലെ ആമകൾ മുട്ടയിടാൻ എത്തുന്നു. കടൽ ഭിത്തിയില്ലാത്ത തീരമാണ് ആമകൾക്ക് കരയ്ക്കെത്താൻ സൗകര്യം. ബ്ളാങ്ങാടു മുതൽ മന്ദലംകുന്നുവരെയുള്ള തീരം ആമകൾക്ക് മുട്ടയിടാൻ അനുയോജ്യമാണെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ ഫോറസ്ട്രി കോളേജിലെ ഫാക്കൽറ്റി ഡോ. പി.ഒ. നമീർ പറയുന്നു. കടലാമ മുട്ടകൾ ശേഖരിച്ച് തീരദേശവാസികൾ വില്പന നടത്തിയിരുന്ന കാലമുണ്ടായിരുന്നു. മുട്ട ഒന്നിന് 13 രൂപവരെ വില കിട്ടിയിരുന്നതായി ഗ്രാമീണർ പറയുന്നു. അക്കാലത്ത് ആമ മുട്ട സവിശേഷ ഭക്ഷ്യയിനമായി ചില ഹോട്ടലുകളിൽ വില്പനയും നടത്തിയിരുന്നു. മുട്ടകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതിനാൽ മുട്ട വേട്ട വ്യാപകമാകാൻ കാരണമായി. ഇതിനു പുറമെ, കടലാമ മുട്ടകൾ ഭക്ഷിച്ചാൽ ആസ്തമ തുടങ്ങിയ രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്ന ധാരണ ആമ മുട്ടകൾ അപഹരിക്കപ്പെടാൻ ഇടയാക്കി. ആമ മുട്ടകൾക്ക് ഔഷധഗുണമുണ്ടെന്ന ധാരണ ഇന്നും പരക്കെയുണ്ട്. കടലാമകളുടേയും മുട്ടകളുടേയും നാശം ക്രമാതീതമായ ഘട്ടത്തിലാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രദ്ധ കടലോരത്ത് എത്തിയത്. കടലോരവാസികൾക്ക് ബോധവൽക്കരണം നടത്തികൊണ്ടാണ് ഗ്രീൻ ഹാബിറ്റാറ്റ് രംഗപ്രവേശനം ചെയ്തത്. എടക്കഴിയൂർ സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിതസേനയുടെ പ്രവർത്തകർ ഇതിന് ആക്കം കൂട്ടി.
ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനുമായ എൻ.ജെ. ജെയിംസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഹരിതസേനയുടെ നേതൃത്വത്തിൽ ആമ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണപരിപാടി നടത്തിയത്. 2003 നവംബറിൽ സ്കൂൾ ബസ്സിൽ ആമകളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു ബാനറുമായി ഹരിതസേന യാത്ര ആരംഭിച്ചപ്പോൾ അത് പിന്നീട് ഒരു ഗ്രാമത്തിന്റേയും ഗ്രാമീണരുടേയും വികാരമായി മാറുമെന്ന് ആരും കരുതിയില്ല. ആദ്യമൊക്കെ ചിലരിൽനിന്നും എതിർപ്പുകളുണ്ടായെങ്കിലും കടലാമ സംരക്ഷണത്തിന്റെ ആവശ്യകത നന്നേ ബോധ്യമായിരുന്ന അന്നത്തെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച ആർ.പി. മൊയ്തൂട്ടി അടക്കമുള്ളവർ പിന്തുണയും സഹായവുമായി മുന്നോട്ടു വന്നു. ചാവക്കാട് നഗരസഭ ബജറ്റിൽ വകയിരുത്തി ഗ്രീൻ ഹാബിറ്റാറ്റിന് പണം നൽകി ആമ സംരക്ഷണത്തിൽ പങ്കാളികളായി. തുടർന്ന് ഹരിതസേനയും ഗ്രീൻഹാബിറ്റാറ്റും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ ജാഥകൾ, ബോധവൽക്കരണക്ളാസ്സുകൾ, ക്യാമ്പുകൾ, ഫിലിം ഷോകൾ, ഓരോ വീടും കയറിയിറങ്ങിയുള്ള ബോധവൽക്കരണം, ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സെമിനാറുകൾ, സ്ററിക്കറുകൾ, ബ്രോഷറുകൾ, നോട്ടീസുകൾ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്ക് ആശയമെത്തിച്ചു. രക്ഷാകർത്തൃസംഘടനകളുടെ സഹകരണത്തോടെ അയൽ വിദ്യാലയങ്ങളിലും കടലാമസംരക്ഷണ സന്ദേശമെത്തിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമസഭകളിലും കടലാമ സംരക്ഷണം ചർച്ചാ വിഷയമായി. ഇതോടെ, കടലോരത്തെ പൗരപ്രമുഖരും വിവിധ ക്ളബ്ബുകളും സംഘടനകളും ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രമങ്ങളിൽ പങ്കാളികളാകുകയായിരുന്നു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ആമ ക്ളബ്ബുകളും (Turtle Clubs) രൂപീകരിച്ചു. കടലാമ സംരക്ഷണത്തിന് പ്രചരണ ഉപാധിയായി ദുബായിലെ ഹൈമാഗ് കമ്മ്യൂണിക്കേഷൻസ് ആറ് മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചലച്ചിത്രം നിർമ്മിച്ച് ഗ്രീൻ ഹാബിറ്റാറ്റിന് നൽകി. സന്ദീപ് പി. ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം കടലാമ മുട്ട വേട്ടയാടുന്ന തീരദേശവാസി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതും അവിടെവെച്ച് പശ്ചാതപിച്ച് മനംമാറ്റമുണ്ടായി, ജയിൽ വിമോചിതനായപ്പോൾ ആമ സംരക്ഷകനാകുന്നതുമാണ്.

ഇതിനിടയിൽ ലോകപ്രശസ്ത കടലാമ ശാസ്ത്രജ്ഞനായ ഡോ. ബി. സി. ചൗധരിയുടെ സന്ദർശനം ചാവക്കാടൻ തീരത്തിന് ലഭിച്ച അംഗീകാരമായി. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്ററിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ അദ്ദേഹത്തോടൊപ്പം മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. ശരവണനും ഉണ്ടായിരുന്നു. ഇവർ ആമ സംരക്ഷണ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുക മാത്രമല്ല, ഒലീവ് റിഡ്ലെ ആമകൾ മുട്ടയിടാനെത്തുന്ന തീരങ്ങളുടെ പട്ടികയിൽ ബ്ളാങ്ങാട് മുതൽ മന്ദലംകുന്ന്വരെയുള്ള പ്രദേശങ്ങളേയും ഉൾപ്പെടുത്തി. ഇതോടെ ഈ തീരപ്രദേശം ലോക ശ്രദ്ധ നേടി. നൂറ്റാണ്ടുകളായി ആയിരക്കണക്കിന് കടലാമകളെയാണ് മാംസത്തിനും തോടിനുമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒലീവ് റിഡ് ലെ ആമകളെ മെക്സിക്കോ വംശനാശം നേരിടുന്ന അപൂർവ്വ ജിവിയായിട്ടാണ് കണക്കാക്കുന്നത്. ലോകമെമ്പാടും ഉള്ള കടലോരങ്ങളിൽ വേൾഡ് ലൈഫ് ഫണ്ട് ആമസൗഹൃദ മത്സ്യബന്ധനത്തിനായി പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നു. ഗ്രീൻ ഹാബിറ്റാറ്റിന്റെ അഞ്ചുവർഷത്തിലേറെയായി നടക്കുന്ന പ്രവർത്തനഫലമായി ചാവക്കാടൻ കടലോരത്ത് ഇപ്പോഴാരും കടലാമ മുട്ടകൾ തേടി എത്താറില്ല. അഥവാ ആരെങ്കിലും വന്നാൽ അവർക്ക് താക്കീത് നൽകി തിരിച്ചയക്കാൻ ഗ്രാമീണർ സദാ ജാഗ്രതയിലാണ്. എടക്കഴിയൂർ കടലോരത്ത് ഒരു ഹാച്ചറി സ്ഥാപിക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. സോഷ്യൽ ഫോറസ്ട്രിയിലേക്ക് ഇതിനായി അപേക്ഷ നൽകി കാത്തിരിക്കയാണ് പ്രവർത്തകർ. ഒറീസ കടലോരത്തുള്ളതുപോലെ കടലാമകൾക്ക് മുട്ടയിടാനും മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് ജീവഭീഷണിയില്ലാതെ കടലിലേക്ക് പോകാനും സൗകര്യമൊരുക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ (കോഴിയെപോലുള്ള ഭൂമിയിലെ ഏറ്റവും വലിയ പക്ഷി) ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്. ഒപ്പം ആയിരക്കണക്കിന് ഗ്രാമീണരുടെ നിതാന്ത ജാഗ്രതയിലൂടെ നമുക്ക് നഷ്ടമാകാതിരിക്കുന്നത് ജൈവ വൈവിധ്യത്തിന്റെ തുടിപ്പുകൂടിയാണ്.
ജോയി ഏനാമാവ്

Wednesday, August 25, 2010

ആഗോളതാപനത്തിന്റെ ആദ്യ ഇര


അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്) എന്നാണ് ആ ജീവിയുടെ പേര്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക് ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.


കോസ്റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത് ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത് വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ് മൂടിയ ഉഷ്ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ് സാവേജ് കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്' (Bufo periglenes) എന്ന് ശാസ്ത്രീയനാമം നല്‍കിയത് 1966-ല്‍ മാത്രമാണ്. എഴുപതുകളില്‍ കോസ്റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നു.
സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്തംഭിച്ച് നിന്നുപോകുമെന്ന്, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ് എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന് ആദ്യം വിശ്വാസം വരില്ലെന്നാണ് അവര്‍ പറയുന്നത്. 'കാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവ' ഇന്‍ സെര്‍ച്ച് ഓഫ് ദി ഗോള്‍ഡന്‍ ഫ്രോഗ് എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച് സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ് സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു എന്നാണ് കണക്ക്.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ് ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍-മെയ് കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ് പുറത്തിറങ്ങുക. പ്രജനനം നടത്താനാണ് ആ വരവ്. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക് ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന് തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത് ആണ്‍തവളയ്ക്ക് ഏത് ഇണയെ കിട്ടും എന്നത് പ്രവചിക്കാനേ കഴിയില്ല. 'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്ച' എന്നാണ് മാര്‍ട്ടി ക്രംപ് ഇതെപ്പറ്റി പറയുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന് അവ രണ്ടുമാസംകൊണ്ട് വിരിഞ്ഞ് വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന് മോന്റെവെര്‍ഡെ ക്ലൗഡ് ഫോറസ്റ്റ് റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്, 1987 ഏപ്രില്‍ 15-ന് 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന് വറ്റി. തവളകള്‍ തിരിച്ചു പോയതിന് പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ് നശിക്കുന്ന കാഴ്ചയാണ് ദിവസങ്ങള്‍ കഴിഞ്ഞ് ആ ഗവേഷക നിരീക്ഷിച്ചത്.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന് ശേഷം മഴപെയ്തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത് ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ് കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന് കണ്ടെത്താനായില്ല. 1988 ജൂണ്‍ 18-ന് അവര്‍ തന്റെ നോട്ട്ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'അവസാനം നീണ്ട വേനലിന് അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന് വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ് 15-ന് മാര്‍ട്ടി ക്രംപ് വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്റ്റാറിക്കയില്‍ പിന്നീട് ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത് പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത്. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന് പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന് ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999-ല്‍ 'നേച്ചര്‍' മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന് കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന് സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയ്ക്ക് കീഴില്‍ ക്ലൈമറ്റ് റിസര്‍ച്ച് യൂണിറ്റിലെ മൈക്ക് ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന് നടത്തിയ ആ പഠനത്തില്‍, 1970-കള്‍ക്ക് ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്മാവ് വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്തു. അതാണ് മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന് കോടമഞ്ഞ് അകറ്റിയത്. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്പവുമാണ്. അത് അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ് ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ് ആഗോളതാപനത്തിലെ മുഖ്യപ്രതി. 'നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ് നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയാലെന്നപോല'- ദി വെതര്‍ മേക്കേഴ്‌സ് എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടിം ഫ്ലനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച് കോസ്റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്, 'അവയെ ആരാണോ കണ്ടെത്തുന്നത് അയാള്‍ക്ക് ആനന്ദം ലഭിക്കും' എന്നാണ്. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക് എന്താണ് ലഭിക്കാനിരിക്കുന്നത്!


അവലംബം:
Crump, Marty (2000), In Search of the Golden Frog (Chicago: The Chaicago University Press)

Flannery, Tim (2005), The Weather Makers: How Man Is Changing the Climate and What It Means for Life on Earth (Melbourne: The Text Publishing Company)

Silver, Jerry (2008), Global Warming and Climate Change Demystified (New York: McGrawHill Books)

www.mathrubhumi.com

മറഞ്ഞുപോയ അത്ഭുത ജീവികള്‍

എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്‍ക്കുമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക.


1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്‍ഷം മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്‍ണരൂപത്തിലുള്ളതാണ്.




2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്‍ത്തിയായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്‍ഗത്തിന്റെ തിരോധാനം പൂര്‍ത്തിയായി.




3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഈ ജീവിവര്‍ഗം, ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്‍ഗം അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്‍പ്പിട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി.




4. സ്‌റ്റെല്ലാര്‍സ് കടല്‍പ്പശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്‍പ്പശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്‍ഗം അന്യംനിന്നു. ഇവയുടെ പാര്‍പ്പിട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.




5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്.


6. കാസ്പിയന്‍ കടുവ (Caspian Tiger): കടുവകളുടെ ഉപവര്‍ഗമായ ഇവയ്ക്ക് പേര്‍ഷ്യന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1970-ഓടെ അന്യംനിന്നു. കാസ്​പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്‍കടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.



7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്‍ത്തുമൃഗമായിരുന്നു അത്. 20 ലക്ഷം വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ജീവിവര്‍ഗം, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്‍ഷം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്‍ഡാവിയ, ട്രാന്‍സില്‍വാനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്‍ഗം കുറ്റിയറ്റു.


8. ഭീമന്‍ ഓക്ക് (Great Auk): പെന്‍ഗ്വിനുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്‍ഗത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്‍ഗത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.




9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്‍ഗമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്‍ഷം മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്‍ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്‍ഷം മുമ്പാകണം ഈ വര്‍ഗത്തിന് വന്‍തോതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്‍ഷം മുമ്പുവരെ ബാള്‍ക്കന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.




10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്‍ണമായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.




11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്‍വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്‍ത്തിയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്‍ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്‍സിനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.




12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്‍ഷം മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്‍വം ബ്രിട്ടന്‍ ഈ ജീവിവര്‍ഗത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്‍ഡ് രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍മായി ഉന്‍മൂലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.




13. സുവര്‍ണ തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്‍ണ തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്‍ണ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്‍പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്‍നിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്‍ണ തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്.

(കടപ്പാട്: ICUN; UNEP; World Watch Institute, www.mathrubhumi.com)
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക