.

.

Monday, October 31, 2011

വലിച്ചെറിയേണ്ട; പ്ലാസ്റ്റിക് കുപ്പികൊണ്ട് വീടുണ്ടാക്കാം

ബ്യൂണസ് അയേഴ്‌സ്: ലോകത്തിന് മുഴുവന്‍ ഉപദ്രവകാരികളായ പ്ലാസ്റ്റിക് കുപ്പികള്‍ വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ് ആല്‍ഫ്രെഡോ സാന്റാ ക്രൂസ്. പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികള്‍ മാത്രം ഉപയോഗിച്ച് വലിയൊരു വീട് നിര്‍മിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനക്കാരന്‍.

വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും വെള്ളക്കുപ്പികളും ശേഖരിച്ചാണ് സാന്റാ ക്രൂസ് സ്വപ്നഭവനം പണിതത്. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടത്തിനു സമീപമാണ് സാന്റക്രൂസിന്റെ 'പ്ലാസ്റ്റിക് വീടെ'ന്നതിനാല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുന്ദരമായ വീട് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് സന്ദര്‍ശകരെ പഠിപ്പിച്ചും സാന്റാക്രൂസ് വരുമാനമുണ്ടാക്കുന്നു.

സാമ്പത്തികമാന്ദ്യം അര്‍ജന്റീനയെ ഉലച്ച 2001-ല്‍ ചവറ്റുകൂനയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് സാന്റാക്രൂസ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതിനിടെ തന്റെ ഇളയമകള്‍ക്കായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിവീട് നിര്‍മിച്ചു. കളിവീടിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ ഉറപ്പ് കണ്ട് കുടുംബത്തിനായി ഒറ്റമുറി പ്ലാസ്റ്റിക് കോട്ടേജും പണികഴിപ്പിച്ചു. ഇവ പ്രചോദനമായപ്പോഴാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വലിയൊരു വീടുണ്ടാക്കാമെന്ന മോഹം സാന്റാ ക്രൂസിനുണ്ടായതും അതു പ്രാവര്‍ത്തികമാക്കിയതും.

കിടക്ക, കസേരകള്‍, ഷെല്‍ഫുകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് വീട്ടിലെ മുഴുവന്‍ വസ്തുക്കളും നിര്‍മിച്ചത് കുടിവെള്ളം നിറച്ചെത്തുന്ന പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ്. രണ്ട് ലിറ്ററിന്റെ കുപ്പികള്‍ ഉപയോഗിച്ചാണ് വീടിന്റെ കതകുകള്‍ പണിതത്. ജൂസിന്റെയും മറ്റും ടെട്രാപാക് കാര്‍ട്ടണുകള്‍ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ചു. അലുമിനിയം പൂശിയ ഭാഗം മുകളിലേക്കാക്കി വെയിലിനെ പ്രതിരോധിച്ച് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും സാന്റാക്രൂസ് ശ്രദ്ധിച്ചു. മഴമൂലം ഇവ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനു മുകളില്‍ പ്ലാസ്റ്റിക് വിരിച്ചു. ഇത് മേല്‍ക്കൂരയെ 20 വര്‍ഷത്തിലെറെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.

Posted on: 31 Oct 2011 Mathrubhumi News.

Sunday, October 30, 2011

സൈലന്റ്‌വാലിയില്‍ കരിമ്പുലി

മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി റോഡില്‍ കരിമ്പുലിയെ കണ്ടെത്തി. കഴിഞ്ഞദിവസം മുക്കാലിയില്‍നിന്ന് സൈരന്ധ്രിയിലേക്ക് പോകുകയായിരുന്ന വനപാലകസംഘമാണ് മുക്കാലി-സൈരന്ധ്രിറോഡില്‍ കരിമ്പുലിയെ കണ്ടത്. പാന്തേര ഓണ്‍ക എന്നാണിതിന്റെ ശാസ്ത്രീയനാമം.

Posted on: 30 Oct 2011 Mathrubhumi Palakkad news

Saturday, October 29, 2011

വേമ്പനാട്ടുകായലില്‍ പോളശല്യം ; യാത്രയും മീന്‍പിടിത്തവും പ്രതിസന്ധിയില്‍

മുഹമ്മ/ആലപ്പുഴ: വേമ്പനാട്ടുകായലിന്റെ ആലപ്പുഴമുതല്‍ കൊച്ചി വരെയുള്ള മേഖലകളില്‍ പോളശല്യം രൂക്ഷം. മത്സ്യവിനോദസഞ്ചാര-ഗതാഗത മേഖലകള്‍ ഇതിന്റെ കഷ്ടതയനുഭവിക്കുകയാണ്. കാലംതെറ്റിയെത്തുന്ന മഴ, ഒഴുക്കില്ലായ്മ, ഉപ്പുകയറാത്തത് ഇതെല്ലാമാണ് പ്രകൃത്യാലുള്ള പോളനശീകരണത്തിന് വിഘാതമായിട്ടുള്ളത്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും പോള നശീകരണത്തിനായി ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്.
വേമ്പനാട്ടുകായലിന്റെ ഇരുകരകളിലുമായി പോള കൂടുതല്‍ തിങ്ങിക്കിടക്കുന്നത് തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കുഭാഗത്താണ്. കൃഷിയിറക്കലിന്റെ ഭാഗമായി കുട്ടനാടന്‍ പാടശേഖരങ്ങളില്‍നിന്ന് തള്ളിയ പോളയും കൂടി കായലിലേക്കെത്തിയപ്പോള്‍ ആര്‍. ബ്ലോക്ക് മുതല്‍ തണ്ണീര്‍മുക്കം ബണ്ടുവരെയുള്ള ഭാഗത്ത് പോള തിങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ ചീനവലകളൊന്നും ഇപ്പോള്‍ മത്സ്യം പിടിക്കാന്‍ താഴ്ത്തുന്നില്ല. താഴ്ത്തിയാല്‍ പോളനിറഞ്ഞ് വല പൊട്ടിപ്പോകുന്ന അവസ്ഥയാണ്. വേമ്പനാട്ടുകായലിന്റെ കൈവഴികളായ കൈതപ്പുഴ, കുമ്പളങ്ങി, വെളുത്തുള്ളി കായലിലും ഇതാണവസ്ഥ. നീട്ടുവല, ഒഴുക്കുവല, വീശുവല, ഊന്നിവല എന്നിവ ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. വലയിട്ടാല്‍ വല പൊട്ടിപ്പോകും. കുറ്റിയും ഒടിച്ചുകൊണ്ടുപോകും.
മുഹമ്മ, തവണക്കടവ്, അരൂക്കുറ്റി, പെരുമ്പളം തുടങ്ങിയ ജെട്ടികളില്‍നിന്നുള്ള യാത്രാബോട്ടുകളുടെ സഞ്ചാരം ഏറെ ബുദ്ധിമുട്ടിലാണ്. പ്രൊപ്പല്ലറില്‍ പായല്‍ കുരുങ്ങി പലപ്പോഴും ബോട്ടിന്റെ യാത്ര മുടങ്ങും. ഒരു ബോട്ടുമാത്രമുള്ള സ്ഥലങ്ങളില്‍ മിക്കവാറും യാത്രക്കാര്‍ കുടുങ്ങിയതുതന്നെ. കാക്കത്തുരുത്തുപോലുള്ള ചെറുദ്വീപുകളില്‍ താമസിക്കുന്നവരാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്.
വേമ്പനാട്ടുകായലിലൂടെയുള്ള കോട്ടപ്പുറം കൊല്ലം ദേശീയ ജലപാതയില്‍ പെട്രോളും ഡീസലുമായി പോകുന്ന ബാര്‍ജുകള്‍ക്കും പോള തടസ്സമുണ്ടാക്കുകയാണ്.
തീരദേശവാസികള്‍ പോളശല്യം കൂടിയതോടെ ഭീതിയിലാണിപ്പോള്‍. പോളനിറഞ്ഞ മേഖലകളില്‍ കൊതുകുശല്യം കൂടുതലാണ്. ഇഴജന്തുക്കളും നീര്‍നായയും കൂടുതലായെത്തുന്നതും ഭയം വര്‍ധിപ്പിക്കുന്നു.വിനോദസഞ്ചാരികളുമായി ഹൗസ് ബോട്ടുകള്‍ക്ക് സഞ്ചാരം നടത്തുന്നതിനും പോള പ്രശ്‌നമാകുന്നു. തീരത്തെ റിസോട്ടുകളില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് കായലില്‍ ചവിട്ടുബോട്ടുകളില്‍ ഉല്ലാസം നടത്താനും പോള തടസ്സമാണ്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വേമ്പനാട്ടുകായലില്‍ മാത്രം പോളവാരാന്‍ ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും വെറുതെയായി. ലക്ഷങ്ങള്‍ മുടക്കി കുട്ടനാട്ടില്‍ പോള വാരല്‍ യന്ത്രം കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് പോളയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമവുമായെത്തിയെങ്കിലും വിജയം കണ്ടില്ല. അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ പോള വളത്തിനും വൈദ്യുതിക്കും മറ്റുമായി വിജയകരമായി ഉപയോഗിക്കുമ്പോഴും ഇവിടെ കരാറുകാര്‍ക്കുമാത്രമാണ് പോളകൊണ്ട് ലാഭം.
Posted on: 29 Oct 2011 mathrubhumi Alappuzha news.

Friday, October 28, 2011

ആഫ്രിക്കന്‍ ഒച്ച് പെരുകുന്നു


ആലത്തൂര്‍: കാര്‍ഷികവിളകള്‍ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ മെനിഞ്ചൈറ്റിസ് രോഗഭീഷണിയും ഉയര്‍ത്തുന്നു. പീച്ചിയിലെ കേരള വനഗവേഷണസ്ഥാപനം നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 29 സ്ഥലത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യവും എണ്ണവും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍, പാലക്കാട് ജില്ലയിലും പത്തനംതിട്ടയിലെ കോന്നി, കണ്ണൂരിലെ പറശ്ശിനക്കടവ് എന്നിവിടങ്ങളിലും അപകടരമായ തോതിലാണ് ഇതിന്റെ പെരുപ്പം.
ആഫ്രിക്കന്‍ ഒച്ചിന്റെ ഇറച്ചി, കക്കായിറച്ചിയെന്ന പേരില്‍ കള്ളുഷാപ്പുകളിലും മറ്റും കറിയാക്കി വില്‍ക്കുന്നുണ്ട്. എറണാകുളംജില്ലയിലെ കോലഞ്ചേരിയില്‍ അടുത്തിടെ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികാരികളിടപെട്ട് ഇത് കര്‍ശനമായി തടയുകയായിരുന്നു. മെനിഞ്ചൈറ്റിസ് രോഗത്തിന്റെ രോഗാണുവാഹകരാണ് ആഫ്രിക്കന്‍ ഒച്ചുകളെന്ന് പീച്ചി വനഗവേഷണകേന്ദ്രത്തിലെ ഡോ.ടി.വി. സജീവ് പറഞ്ഞു.
പനിയുടെ ലക്ഷണത്തോടെയുണ്ടാകുന്ന മെനിഞ്ചൈറ്റിസ് തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള പാടപോലുള്ള ഭാഗത്തുണ്ടാകുന്ന അണുബാധയാണ്. മരണകാരണമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. ആഫ്രിക്കന്‍ ഒച്ചിന്റെ മാംസം കക്കയിറച്ചിയെന്ന് ധരിച്ച് കഴിക്കുന്നത് രോഗം വരുത്തിവെക്കുമെന്ന് ഡോ. ടി.വി. സജീവ് വ്യക്തമാക്കി. ഇറച്ചി വേവിക്കുന്ന ഊഷ്മാവിലും രോഗാണു നശിക്കാത്തതുകൊണ്ടാണിത്. പൂര്‍ണ വളര്‍ച്ചയെത്തിയ ആഫ്രിക്കന്‍ ഒച്ചിന് മനുഷ്യന്റെ കൈപ്പത്തിയുടെ വലിപ്പവും നൂറുഗ്രാം ഇറച്ചിയുമുണ്ടാകും.
മൂന്നുനാല് വര്‍ഷമായി ആഫ്രിക്കന്‍ ഒച്ചുകളെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കണ്ടുവരുന്നു. ചൈനയില്‍ ഭക്ഷ്യാവശ്യത്തിന് വ്യാവസായികാടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ ഒച്ചിനെ വളര്‍ത്തി കയറ്റുമതിചെയ്തിരുന്നു. എന്നാല്‍, മെനിഞ്ചൈറ്റിസ് രോഗാണുവാഹകരാണെന്ന് സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കന്‍ ഒച്ചിന്റെ മാംസം ഇറക്കുമതിചെയ്യുന്നത് നിരോധിക്കയായിരുന്നു.
ജില്ലയില്‍ കുഴല്‍മന്ദം, കാവശ്ശേരി, നെന്മാറ, കൊടുവായൂര്‍, വെണ്ണക്കര, കഞ്ചിക്കോട്, കല്ലേപ്പുള്ളി പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത്.
തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറിവിളകള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവ ആഫ്രിക്കന്‍ഒച്ചുകള്‍ നശിപ്പിക്കുന്നുണ്ട്.
മുളതിന്ന് നശിപ്പിക്കുന്നതിനൊപ്പം കായ്കളുടെ നീരൂറ്റി കുടിക്കുകയും ചെയ്യും.
'അറ്റ്കാര' എന്ന ജൈവകീടനാശിനിയുപയോഗിച്ച് ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാം. പുകയിലയും തുരിശും വെള്ളത്തില്‍ ലയിപ്പിച്ച് തയ്യാറാക്കുന്ന മിശ്രിതം തളിച്ചും ഇവയെ തുരത്താം.
ആഫ്രിക്കന്‍ ഒച്ചുള്ള സ്ഥലത്ത് കാബേജ് ഇല വിതറിയിട്ടാല്‍ അവ കൂട്ടത്തോടെ ഇത് തിന്നാനെത്തും. അപ്പോള്‍ കീടനാശിനി പ്രയോഗിക്കുന്നതാണ് ഉത്തമം.
ബോധവത്കരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, വായനശാലകള്‍, സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയും ആഫ്രിക്കന്‍ ഒച്ച് നിയന്ത്രണത്തിന് പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പീച്ചി വനഗവേഷണ കേന്ദ്രം നിര്‍ദേശിക്കുന്നത്. തുടര്‍പ്രവര്‍ത്തനം അനിവാര്യമാണ്. കക്കയിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആഫ്രിക്കന്‍ ഒച്ചിന്റെ ഇറച്ചിവില്‍ക്കുന്നത് കൃത്യമായി തടയുകയും വേണം.

Posted on: 28 Oct 2011 Mthrubhumi Palakkad news 

കാഴ്ചക്കാരെ വിസ്മയഭരിതരാക്കി പള്ളിവാസല്‍

ചിത്തിരപുരം: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലെ പള്ളിവാസല്‍ പ്രകൃതിഭംഗിയുടെ വിസ്മയക്കാഴ്ചയൊരുക്കുന്നു.
ജില്ലാ ആസ്ഥാനമായ പൈനാവിലെയും തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ട് വരെയുള്ള മലനിരകള്‍തന്നെ ഏറെ ചേതോഹരമാണ്.
ചെങ്കുളം, ഇടുക്കി, പൊന്മുടി അണക്കെട്ടുകള്‍ ഇവിടെനിന്ന് നോക്കിയാല്‍ കാണാം. ചിത്തിരപുരത്തിന്റെ മൊട്ടക്കുന്നിലും താഴ്‌വരകളിലുമുള്ള പൂമരങ്ങള്‍ പൂത്ത കാഴ്ച തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികള്‍ക്ക് ഹരംപകരുന്നതാണ്.

ഇവിടെ വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനോ ഇതുവഴി കടന്നുപോകുന്ന സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിന് വാഹനങ്ങള്‍ വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്നതിനോ യാതൊരു സൗകര്യവും ഇല്ല. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിന് വാച്ച് ടവറുകളും പാതയോരങ്ങളില്‍ പാര്‍ക്കിങ് സൗകര്യവും ഉണ്ടാക്കിയാല്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇങ്ങോട്ട് എത്തുമെന്നതില്‍ തര്‍ക്കമില്ല.

Posted on: 28 Oct 2011 idukki kottayam news..

Thursday, October 27, 2011

തുലാവര്‍ഷവും കനിഞ്ഞു;വനമേഖലയിലെ കുളങ്ങള്‍ ജലസമൃദ്ധം

സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷം നേരത്തേതന്നെ എത്തി. വൈകിയും തുടര്‍ന്ന കാലവര്‍ഷം വനമേഖലയിലെ കുളങ്ങളെ ജലസമൃദ്ധമാക്കിക്കഴിഞ്ഞു. നിരന്തരം പെയ്ത മഴയില്‍ പച്ചപ്പുകള്‍ വര്‍ധിച്ചപ്പോള്‍ വന്യജീവികള്‍ക്ക് അതൊരനുഗ്രഹമായി. തുലാവര്‍ഷവും മനമറിഞ്ഞ് പെയ്തതോടെ വയനാട് വന്യജീവിസങ്കേതത്തിലെ കുളങ്ങള്‍ നിറഞ്ഞുതുളുമ്പി.

വൈകിയാണെങ്കിലും കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയിലെ കുളങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വെള്ളംകൊണ്ട് നിറഞ്ഞുകവിഞ്ഞു. ദേശീയപാതയോട് ചേര്‍ന്ന കര്‍ണാടകവനത്തിലെ പരമ്പരാഗതകുളം -ആനക്കുളം- നിറഞ്ഞ് വെള്ളം ദേശീയപാതവരെയെത്തി. സാധാരണ കാലവര്‍ഷത്തില്‍ നിറയാറുണ്ടെങ്കിലും ഇത്രയും നിരപ്പ് ഉയരുന്നത് ആദ്യം.ബന്ദിപ്പുര്‍ വനമേഖലയിലെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഏറ്റവുമധികം വന്യജീവികളുടെ നീരാട്ടുകേന്ദ്രമാണ് ആനക്കുളം. ആനകള്‍ക്കും കാട്ടുപോത്തിനും കടുവയ്ക്കും പുലികള്‍ക്കും നീരാട്ടിന് സമയക്രമമുണ്ട്. വേനല്‍ക്കാലത്തെ ജലക്ഷാമം മുന്നില്‍ക്കണ്ട് കര്‍ണാടകവനത്തില്‍ പലഭാഗത്തും കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. ഒരുഭാഗത്തെ മണ്ണ് നീക്കി ചിറപോലെയാണ് കുളങ്ങള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ആനക്കുളം ഉറവകളുള്ള ചെറുതടാകമാണ്. അതിനാല്‍ വേനലിലും കുറെയല്ലാം വെള്ളം നിലനില്‍ക്കും.

സപ്തംബര്‍ അവസാനം നീരൊഴുക്ക് കുറയാറുള്ള പുഴകളിലും ഇപ്പോള്‍ നല്ല നീരൊഴുക്കാണ്. ഇതിനാല്‍ കര്‍ണാടകവനത്തില്‍നിന്നും കേരളത്തിലെ വനത്തിലേക്കുള്ള വന്യജീവികളുടെ വരവ് ഇതുവരെയും തുടങ്ങിയിട്ടില്ല. വിട്ടുമാറാത്ത മഴ നല്ല തീറ്റകിട്ടാനും കാരണമായി. ഇതിനാല്‍ പാതയോരത്തേക്കുള്ള ആനകളുടെയുംമറ്റും വരവും തീരെ കുറവാണ്. കേരള വനത്തോട് ചേര്‍ന്നുള്ള കര്‍ണാടകയുടെ കുളങ്ങളിലാണ് വെള്ളം കൂടുതലുള്ളത്.

വിട്ടുമാറാത്ത മഴ കേരളവനങ്ങളിലെ കുളങ്ങളിലും ജലനിരപ്പുയര്‍ത്തി. മുത്തങ്ങ വനത്തിലെ മുത്തപ്പന്‍കൊല്ലിയിലും മറ്റുമുള്ള കുളങ്ങള്‍ നിറഞ്ഞൊഴകി. ഇവിടെ കാട്ടാനകളുടെ താവളമായി മാറിയിരിക്കുകയാണ്. വയനാടന്‍ വനങ്ങളിലെ കുളങ്ങള്‍ അധികവും ചതുപ്പിലും മറ്റുമാണ്. അതുകൊണ്ടുതന്നെ വറ്റാത്ത നീരുറവയ്ക്കും ജലസമൃദ്ധിക്കും കാരണമായി.

Posted on: 27 Oct 2011 mathrubhui Wayand news

ലോക ജനസംഖ്യ 700 കോടിയിലേക്ക്

യുനൈറ്റഡ് നേഷന്‍സ്: ഒക്ടോബര്‍ 31ന് ലോക ജനസംഖ്യ 700 കോടിയിലെത്താനിരിക്കെ, മുഴുവന്‍ ജനങ്ങളുടെയും ക്ഷേമമുറപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യ 700 കോടിയിലെത്തിക്കുന്ന കുഞ്ഞ് ഒക്ടോബര്‍ 31നു ജനിക്കുമെന്നാണ് കണക്കാക്കുന്നത്. 1804ലാണ് ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ 200 കോടിയായി. 1999ല്‍ 600 കോടിയായി. ഇന്നത്തെ നിലയ്ക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനസംഖ്യ ആയിരം കോടിയിലെത്തുമെന്ന് സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ 2011 എന്ന യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.

Posted on: 27 Oct 2011 Mathrubhumi World News

Wednesday, October 26, 2011

വയനാട്ടില്‍ 28 ഇനം പരുന്തുകളെന്ന് പഠനം

കല്പറ്റ: സംസ്ഥാനത്ത് അപൂര്‍വമായ രണ്ടുതരം കഴുകന്മാരെയും 28 ഇനം പരുന്തുകളെയും വയനാട്ടില്‍ കണ്ടെത്തി.കാതിലക്കഴുകന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍), ചുട്ടിക്കഴുകന്‍ (വൈറ്റ് റംപഡ് വള്‍ച്ചര്‍) എന്നിവയാണ് കഴുകന്മാര്‍. വയനാട് വന്യജീവി സങ്കേതത്തിലാണ് കഴുകന്മാരെ കണ്ടെത്തിയത്. ഐ.യു.ഡി.എന്‍. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പക്ഷിയാണ് ചുട്ടിക്കഴുകന്‍. വയനാട്ടില്‍ ഇതിന്റെ കൂടും കണ്ടെത്തി. 75-85 സെന്റീമീറ്റര്‍ നീളവും കറുപ്പ് കലര്‍ന്ന തവിട്ടുനിറവുമാണ് ചുട്ടിക്കഴുകനുള്ളത്. കാതിലക്കഴുകന് 85 സെന്റീമീറ്റര്‍ നീളവും കറുത്ത നിറവും ആണ്. റെഡ് ലിസ്റ്റില്‍പ്പെട്ട പക്ഷിയാണ് ഇതും.

ചുട്ടിപ്പരുന്ത്, തേന്‍കൊതിച്ചി പരുന്ത്, കരിമ്പരുന്ത് എന്നിങ്ങനെ 28 പരന്തുകളാണ് വയനാട് വന്യജീവി സങ്കേതം, തോലെ്പട്ടി വന്യജീവി സങ്കേതം, അതിര്‍ത്തി വനങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടത്. ഇതില്‍ മിക്കതും അപൂര്‍വമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയധികം പരുന്തുകളെ കണ്ടെത്തുന്ന പഠനം ആദ്യമായാണ്. കേരള വനം വകുപ്പ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദീപക്കുമാര്‍ നാരായണക്കുറുപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത്.

2009 ജൂണ്‍ മുതല്‍ 2010 മെയ്‌വരെ ബ്രഹ്മഗിരി, ബേഗൂര്‍, ബാണാസുരമല, പടിഞ്ഞാറത്തറ അണക്കെട്ട്, പുളിയാര്‍മല, ചെമ്പ്ര, ലക്കിടി, പനമരം, ഊട്ടിപ്പാറ, മുത്തങ്ങ എന്നീ പത്ത് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഏറ്റവും കൂടുതല്‍ എണ്ണത്തെ കണ്ടത് മുത്തങ്ങയിലും കുറവ് പുളിയാര്‍മലയിലുമായിരുന്നു.

വനത്തില്‍ മാത്രം കാണുന്ന പട്ടവാലന്‍ എന്ന പരുന്തിന്റെ കൂട് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയതും ഈ പഠനത്തിന്റെ പ്രത്യേകതയാണ്. ലോകത്തില്‍ത്തന്നെ ഏറ്റവും വേഗതയേറിയ പക്ഷികളിലൊന്നായ ഷഹീന്‍ ഫാല്‍ക്കണെ ബ്രഹ്മഗിരി മലയില്‍ കാണാനായത് പക്ഷി നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

തമിഴ്‌നാട്-കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മഴക്കാലങ്ങളില്‍ പരുന്തുകളുടെ കുടിയേറ്റം നടക്കുന്നു. ഇതില്‍ത്തന്നെ ജൂണില്‍ 221 തവണയും ഡിസംബറില്‍ 77 തവണയും ചുട്ടിക്കഴുകനെയും കാതിലക്കഴുകനെ ജൂണില്‍ 21 തവണയും കണ്ടു. ഇത് സൂചിപ്പിക്കുന്നത് ജൂണിലാണ് ഏറ്റവും കൂടുതല്‍ പരുന്തുകളും കഴുകന്മാരും ഉണ്ടാകുന്നത് എന്നതാണ്.

യൂറേഷ്യന്‍ പ്രാപ്പിടിയന്‍, താലിപ്പരുന്ത്, എറിയന്‍ എന്നിവയെ പഠനകാലയളവില്‍ ഓരോന്നു വീതം കണ്ടു. പുല്പള്ളിയില്‍ മാത്രമുണ്ടായിരുന്ന ചക്കിപ്പരുന്ത്, ദേശാടന പ്പരുന്തായ വെള്ളിക്കറുപ്പന്‍ എന്നിവയും ശ്രദ്ധയില്‍പ്പെട്ടു. ഷിക്ര, പട്ടവാലന്‍, ചുട്ടിപ്പരുന്ത്, മലമ്പുള്ളി, മീന്‍മൂങ്ങ, കാട്ടുമൂങ്ങ, വെള്ളിമൂങ്ങ എന്നീ ഏഴിനങ്ങളുടെ കൂടും വയനാടന്‍ വനാന്തരങ്ങളില്‍ കണ്ടെത്താനായി.

പരുന്തുകള്‍ ഇര തേടുന്നവയും കഴുകന്മാര്‍ മാംസഭുക്കുകളുമാണ്. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നവയാണ് പരുന്തുകളില്‍ മിക്കവയും. വ്യത്യസ്ത ആവാസ വ്യവസ്ഥകള്‍ ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ ഇത്രയെങ്കിലും എണ്ണം കണ്ടെത്തിയതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. മലമുകളിലാണ് മിക്കതിന്റെയും വാസം. പ്രകൃതി ചൂഷണവും അമിത കീടനാശിനി പ്രയോഗവും ജൈവവ്യവസ്ഥയുടെ ഭാഗമായി ഇവറ്റകളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നു.


Posted on: 26 Oct 2011 Mathrubhumi Wayanad News

Tuesday, October 25, 2011

വയനാട്ടില്‍ ഇനി പച്ചക്കറി കൃഷിയുടെ കാലം

സുല്‍ത്താന്‍ബത്തേരി: പച്ചക്കറി കൃഷിക്ക് കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ അനുയോജ്യ ജില്ലയായ വയനാട്ടില്‍ പച്ചക്കറി കൃഷിക്ക് സമയമായി. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ മുപ്പതിനായിരത്തോളം കര്‍ഷകര്‍ കൃഷിചെയ്തതായി വയനാട് ജില്ലാ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിങ് സൊസൈറ്റീ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. സൊസൈറ്റി തന്നെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കി. ഓരോ ദിവസവും കൂടുതല്‍ കുടുംബങ്ങളും കര്‍ഷകരും പച്ചക്കറി കൃഷിയിലേക്ക് തിരിച്ചുചെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമായി.

വയനാട്ടില്‍ ഏത് ഭാഗത്ത് ചെന്നാലും ഇന്ന് പച്ചക്കറി കൃഷി കാണാം. പയര്‍, പാവല്‍, പടവലം, ശീതകാല ഇനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയൊക്കെ വയനാടന്‍ മണ്ണില്‍ തഴച്ചുവളരുന്നു. വാങ്ങുന്ന പച്ചക്കറിയിലെ അമിതമായ കീടനാശിനി പ്രയോഗമാണ് കൂടുതല്‍ കുടുംബങ്ങളെ പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവര്‍ വേറെയുമുണ്ട്. സ്വന്തം ഉപയോഗത്തിന് സ്വയം കൃഷിചെയ്യുക എന്ന ആശയം കര്‍ഷകരില്‍ എത്തിക്കാന്‍ സൊസൈറ്റി വഹിക്കുന്ന പങ്കും ശ്ലാഘനീയമാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വകുപ്പ് മുഖേന പച്ചക്കറി വിത്തുകള്‍ നല്‍കിയതും കൃഷിയുടെ മുന്നേറ്റത്തിന് കാരണ
മായി.

വയനാട്ടില്‍ സപ്തംബര്‍ മുതല്‍ ഫിബ്രവരിവരെ ശീതകാലമായതിനാല്‍ കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, ബീന്‍സ്, കാരറ്റ്, ബീറ്റ്‌റൂട്ട്, നോല്‍ക്കോലു എന്നിവ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമാണ്. ഡിസംബര്‍ മുതല്‍ പയര്‍, പടവലം, പാവല്‍, മത്തന്‍, കാപ്‌സിക്കം എന്നിവ കൃഷിചെയ്യാം.

കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിക്കുന്ന കൃഷിയാണിത്. സ്വന്തം ആവശ്യവും വില്പനയും സാധ്യമാകും. ഇതിനെല്ലാം പുറമെ വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, കക്കിരി, പച്ചമുളക് എന്നിവയും കൃഷിചെയ്യാം. വേനല്‍ക്കാലത്ത് ഏറെ ആവശ്യക്കാര്‍ ഉള്ളത് പച്ചക്കറിക്കാണ്. വെള്ളരിയും കക്കിരിയും തണ്ണിമത്തന്‍ കൃഷിയും വയനാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഈ വര്‍ഷം കൂടുതല്‍ പേര്‍ പച്ചക്കറി കൃഷിയിലേക്ക് തിരിയുമെന്നാണ് സംഘം പ്രസിഡന്റ് ജോര്‍ജ് മുണ്ടക്കന്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം വിളയിറക്കല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ത്തന്നെ പച്ചക്കറി വിത്തുകള്‍ തേടി ഏറെപ്പേരെത്തി. കൂടാതെ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ കൂട്ടായ്മകളും പച്ചക്കറി കൃഷിയില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കഴിഞ്ഞവര്‍ഷം മിക്ക സംഘങ്ങളും വന്‍ വരുമാനമാണ് പച്ചക്കറി കൃഷിയിലൂടെ നേടിയത്. ആറ് മാസംകൊണ്ട്തന്നെ നല്ലൊരു വരുമാനം എന്ന ലക്ഷ്യംവെച്ച് ഈ രംഗത്തേക്ക് യുവാക്കളും ഇറങ്ങിയാല്‍ ഏറെ നേട്ടം കൊയ്യാന്‍ കഴിയും. കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയും മറ്റും പച്ചക്കറി കൃഷിയില്‍കൂടി മാത്രമാണ് മുന്നേറുന്നത്. അതേ കാലാവസ്ഥതന്നെയായി മാറിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ ആ വഴി തുടരാന്‍ കഴിയും.

കര്‍ഷകര്‍ പച്ചക്കറിയിലേക്ക് തിരിയുന്നത് കണ്ട് വയനാട് ജില്ല പഴം, പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘം കല്പറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍ എല്ലാത്തരം പച്ചക്കറി വിത്തുകളും ഹൈബ്രീഡും അല്ലാത്തതുമായവ എത്തിച്ചിട്ടുണ്ട്.

Posted on: 25 Oct 2011 Mathrubhumi wayanad News

പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ജീവന്‍രക്ഷാ വസ്ത്രം

ഉപയോഗശൂന്യമായ കാലിക്കുപ്പികള്‍ ഉപയോഗിച്ച് ജീവന്‍രക്ഷാ വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളപൊക്കമുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ പെട്ടുപോയവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും സഹായിക്കും. ഒപ്പം, പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പറമ്പില്‍ അനാഥമായി കിടന്ന് ദുരിതം ഉണ്ടാക്കില്ല.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെക്കൊണ്ട് ഇങ്ങനെ രണ്ടു കാര്യമുള്ളത് തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാവസ്ത്രം രൂപകല്പന ചെയ്തത് കാലിക്കറ്റ് സര്‍വകലാശാലയിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ശ്രീപ്രിയ എടക്കളത്തിലാണ്. പല പ്രായക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സ്ട്രച്ചറും ശ്രീപ്രിയ രൂപകല്പനചെയ്തിട്ടുണ്ട്.

കുപ്പികള്‍ സ്ഥാപിക്കാന്‍ ധാരാളം അറകളോട് കൂടിയ ജാക്കറ്റും ട്രൗസറും റോമ്പറുമാണ് പുത്തന്‍ രൂപകല്പന. മുളകള്‍ കൊണ്ട് ചങ്ങാടം നിര്‍മിക്കുന്ന മാതൃകയിലാണ് കുപ്പികള്‍ ചേര്‍ത്ത് സ്‌ട്രെച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. റെക്‌സിന്‍ ഉപയോഗിച്ചാണ് വസ്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം രണ്ട് മാര്‍ഗത്തില്‍ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ' ഡ്യുവല്‍ ഡെ സൗവിറ്റേജ് ' എന്നാണ് ഈ ജീവന്‍രക്ഷാ വസ്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രോജക്ട് ഗൈഡായ ഷാന്‍ഗ്രെല്ല രാജേഷിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ച് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

വെള്ളക്കെട്ടുകളില്‍ പെട്ടുപോകുന്ന അവശരായ ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുന്നതിനാണ് സ്‌ട്രെച്ചര്‍ ഉപയോഗിക്കുന്നത്. ട്രൗസറും ജാക്കറ്റും റോമ്പറുമെല്ലാം ഇത്തരം ആപത്ഘട്ടങ്ങളിലും അല്ലാതെ പുഴയിലും കുളത്തിലുമെല്ലാം കുളിക്കാന്‍ ഇറങ്ങുമ്പോഴും ഉപയോഗിക്കാനാകും. ഉപയോഗിക്കാത്ത സമയങ്ങളില്‍ കുപ്പികള്‍ ഊരിയെടുത്താല്‍ വസ്ത്രം ചെറുതായി മടക്കി സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇവ നിര്‍മിക്കാനാകുമെന്നും എല്ലാ സ്‌കൂളുകള്‍ക്കും പുഴത്തീരങ്ങളിലും മറ്റുമുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാനാകുമെന്നും ഗോവിന്ദപുരം സ്വദേശിനിയായ ശ്രീപ്രിയ എടക്കളത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ആഷിക് കൃഷ്ണന്‍  Mathrubhumi News 25.10.2011

Monday, October 24, 2011

അപൂര്‍വയിനം ശലഭങ്ങളെ കണ്ടെത്തി

കല്പറ്റ: വടക്കേ വയനാട് വനത്തില്‍ അത്യപൂര്‍വ ശലഭങ്ങളെ കണ്ടെത്തി. വനംവകുപ്പും ഫേണ്‍സ് എന്ന സംഘടനയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 12 അപൂര്‍വ ശലഭങ്ങളെ വയനാടന്‍ വനത്തിലും കണ്ടെത്തിയത്. നീലഗിരി കടുവ, യെല്ലോ, ജാക് സെയ്‌ലര്‍, ലെയ്‌സ് ശലഭം, ഗദചുണ്ടന്‍, ഓറഞ്ച് ഔലറ്റ് തുടങ്ങിയവയെയാണ് കണ്ടെത്തിയത്.ആറളം, തട്ടേക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് ചിത്രശലഭ സര്‍വേ നടത്തിയത്.

വടക്കേ വയനാട്ടില്‍ മൂന്നാം തവണയാണ് സര്‍വേ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 150 ശലഭങ്ങളെയാണ് കണ്ടെത്തിയത്. ഇത്തവണ അത് 167 ആയി. മുമ്പ് തിരുനെല്ലി കാടുകളില്‍ നടത്തിയ സര്‍വേയില്‍ 127 എണ്ണം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ പഠനങ്ങള്‍ക്കുശേഷം ഇത്തവണ ആദ്യമായാണ് മിക്ക ശലഭങ്ങളെയും കണ്ടതെന്ന് സര്‍വേയില്‍ പങ്കെടുത്ത പി.എ. വിനയന്‍ പറഞ്ഞു.
പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും മാത്രം കാണുന്നതും വംശനാശ ഭീഷണി ഉള്ളതുമായ ലെയ്‌സ് ശലഭങ്ങളെ അപൂര്‍വമായേ കാണാറുള്ളൂ. കാടുകളിലെ ഭംഗിയേറിയ ശലഭമാണിത്. ഇതിന് തിളങ്ങുന്ന തവിട്ട് കലര്‍ന്ന ചുവപ്പു നിറത്തിലുള്ള ചിറകുകളില്‍ കറുത്ത പാടുകളും പുള്ളികളുമുണ്ട്. പറക്കുമ്പോള്‍ വരയന്‍ കടുവയെ അനുസ്മരിപ്പിക്കുന്ന ശലഭമാണിത്. നിത്യഹരിത വനങ്ങളില്‍ കാണുന്ന 'ക്രൂയ്‌സര്‍' എന്ന മനോഹര ശലഭത്തെയും വടക്കേ വയനാട്ടില്‍ കണ്ടു.

കൊങ്ങിണി പൂക്കളോട് പ്രത്യേക പ്രതിപത്തിയുള്ള ഇത് മാംസഭുക്കുകളുടെ കാഷ്ഠത്തില്‍ മതിമറന്നിരിക്കുന്നത് ശ്രദ്ധേയമാണ്.
കാടുകളില്‍ മാത്രം കാണുന്ന ഭൂപടശലഭം, പുള്ളിപരപ്പന്‍ എന്നിങ്ങനെ ഒട്ടേറെ ശലഭങ്ങളെ നിരീക്ഷകര്‍ രേഖപ്പെടുത്തി.
എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മിക്ക ശലഭങ്ങളും വംശനാശ ഭീഷണി നേരിടുന്നു. കീടനാശിനി പ്രയോഗവും മനുഷ്യരുടെ കടന്നുകയറ്റവും മിക്ക ശലഭങ്ങളെയും ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നു.കുഞ്ഞോം, മക്കിമല, തിരുനെല്ലി എന്നിവിടങ്ങളില്‍ ഏഴു ടീമുകളായി 40 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. തൃശ്‌സൂര്‍ ഫോറസ്ട്രി കോളേജ്, എ.വി.സി. കോളേജ് മൈലാടുംതുറൈ, പൂക്കോട് സെന്‍ട്രല്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ബയോളജി മാനന്തവാടി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്, മേരി മാതാ കോളേജ് മാനന്തവാടി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്.വെള്ളിയാഴ്ച തുടങ്ങിയ സര്‍വേ ഞായറാഴ്ച വൈകുന്നേരമാണ് പൂര്‍ത്തിയായത്.

അനീഷ് ജോസഫ്‌ Posted on: 24 Oct 2011 Mathrubhumi Wayanad News

Sunday, October 23, 2011

ആമകളുടെ വര്‍ഷം 2011

ആമകളുടെ വര്‍ഷം(Year of the Turtle)കൂടിയാണ് 2011. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമെന്ന നിലയിലാണ് ജനപങ്കാളിത്തത്തോടെ ആമകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇൌ വര്‍ഷാചരണം.

പരിണാമ ചരിത്രത്തില്‍ ആമകളുടെ ആവിര്‍ഭാവം ദിനോസറുകളോടൊപ്പമാണ്; 220 കോടി വര്‍ഷം മുന്‍പ്. രൂപത്തില്‍ പിന്നീട് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും നാശത്തെ അതിജീവിക്കാന്‍ ആമകള്‍ക്കു കഴിഞ്ഞു. ഉരഗവിഭാഗത്തില്‍ കിലോണിയ ഉപജാതിയിലാണ് അവ ഉള്‍പ്പെടുന്നത്.

ആമയുടെ പ്രധാന പ്രത്യേകത കട്ടിയുള്ള പുറംതോടുതന്നെ. മുകളിലെ തോടിന് Carapace എന്നും കീഴ്ത്തോടിന് Plastron എന്നും പറയും. കെരാറ്റിന്‍ എന്ന പ്രത്യേകതരം പ്രോട്ടീന്‍ കൊണ്ടുള്ള ശല്‍ക്കങ്ങള്‍ മൂടിയതാണ് പുറംതോട്. ശീതരക്ത ജീവികളാണ് ആമകള്‍. ജീവിക്കുന്ന ചുറ്റുപാടിലെ താപനിലയോടു ശരീരം ഇണങ്ങിച്ചേരും.ലോകത്താകെ 328 ഇനം ആമകളാണുള്ളത്. ഇതില്‍ മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളാണ്. കരയില്‍ കാണുന്ന ആമകള്‍ക്ക് Tortoise എന്നും കടലാമകള്‍ക്ക് Turtle എന്നുമാണു പറയുക.

കായലുകളും പുഴകളും കടലില്‍ ചേരുന്ന ഭാഗങ്ങളിലെ ഉപ്പുവെള്ളം കലര്‍ന്ന ശുദ്ധജലത്തില്‍ ജീവിക്കുന്ന ആമകള്‍ Terrapin എന്നറിയപ്പെടുന്നു. തല പൂര്‍ണമായും തോടിനകത്തേക്കു വലിക്കാന്‍ കഴിയുന്ന(Pleurodira), തല വലിക്കാനാവാത്ത എന്നീ രണ്ടു ഭാഗങ്ങളായും ആമകളെ തിരിച്ചിട്ടുണ്ട്. കടലാമകളും കരയാമകളും ശ്വസിക്കുന്നത് അന്തരീക്ഷവായു തന്നെയാണ്. എന്നാല്‍, ഓസ്ട്രേലിയയിലെ ഒരിനം ശുദ്ധജല ആമകള്‍ക്ക് മത്സ്യങ്ങളെപ്പോലെ ജലത്തിലെ ഓക്സിജന്‍ സ്വീകരിച്ച് ശ്വസിക്കാനാവും.

കടലാമകള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കുന്ന വെള്ളത്തിലെ അമിതമായ ഉപ്പുരസം കണ്ണിനിരുവശത്തുമുള്ള പ്രത്യേക ഗ്രന്ഥിയിലൂടെ പുറത്തേക്കുകളയാനുമാകും.

ആമകള്‍ക്കായി

2011 ആമവര്‍ഷമായി ആചരിക്കുന്നത് 'പാര്‍ക് എന്ന സംഘടനയാണ് . മുഴുവന്‍ പേര്: Partners in Amphibian and Reptile Conservation (PARC). ഉരഗങ്ങളുടെയും ഉഭയജീവികളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണിത്. www.yearoftheturtle.org എന്ന വെബ്സൈറ്റും ട്വിറ്ററും ഫേസ്ബുക്കുമെല്ലാം സജീവമായി രംഗത്തുണ്ട്. Turtle എന്നാല്‍ കടലാമയാണെങ്കിലും വര്‍ഷാചരണം, മുഴുവന്‍ ആമകളുടെയും സംരക്ഷണം ലക്ഷ്യം വച്ചാണ്.

ലക്ഷ്യങ്ങള്‍:

- കടലാമകളുടെ ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കുക
- അവയുടെ പ്രജനനത്തിന് സൌകര്യമൊരുക്കുക
-ആമമുട്ട മോഷണം തടയുക
- കടലാമക്കുഞ്ഞുങ്ങളെ കടലിലെത്താന്‍ സഹായിക്കുക
- ആമവേട്ടയും കള്ളക്കടത്തും തടയുക
- വംശനാശ ഭീഷണി നേരിടുന്ന ആമയിനങ്ങളുടെ കണക്കെടുക്കുക
- പുതിയ ആമവര്‍ഗങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുക

മുട്ടയിട്ടാല്‍ ഗുഡ്ബൈ!

കരയില്‍ കുഴിയുണ്ടാക്കിയാണ് ആമകള്‍ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളാണ് പുറത്തുവരിക. പിറന്ന ഉടനെ ഇവയ്ക്ക് സഞ്ചരിക്കാനാവും. കടലാമകള്‍ തിരയിളക്കത്തിന്റെ തിളക്കത്തില്‍ ആകൃഷ്ടരായി കടലിലേക്കു പോവും. മുട്ടയിടുന്നതിനപ്പുറം അമ്മയാമയ്ക്കു കുഞ്ഞുങ്ങളുമായി ഒരു ബന്ധവുമില്ല. ചൂടു കൂടുതലുള്ള സമയങ്ങളില്‍ വിരിയുന്ന മുട്ടകളില്‍ മിക്കവാറും പെണ്‍കുഞ്ഞുങ്ങളാണുണ്ടാവുക എന്ന കൌതുകവുമുണ്ട്.

ആയുഷ്മാന്‍

ആയുസില്‍ മുന്‍പന്മാരാണ് ആമകള്‍. കരയാമകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 120-140 വര്‍ഷമാണ്. കടലാമകളുടേത് 20-40 വര്‍ഷവും. ജീവിതാവസാനം വരെ ശരീരത്തിലെ എല്ലാ അവയവങ്ങളും പൂര്‍ണ ആരോഗ്യത്തോടെ നിലനില്‍ക്കുന്നു എന്നത് ലോകത്ത് ആമകളുടെ മാത്രം പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതായി കണക്കാക്കുന്നത് ചൈനയിലെ ടോംഗന്‍ രാജകുടുംബം വളര്‍ത്തിയ 'ട്യൂയിമാലില എന്ന ആമയാണ്. 188 വര്‍ഷം! സെന്റ് ഹെലേന ദ്വീപില്‍ ജീവിക്കുന്ന ജൊനാതന്‍ എന്ന ആമയ്ക്ക് 176 വയസ്സിലേറെ പ്രായം കണക്കാക്കുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ജീവി ജയന്റ് ടൊര്‍ടിസ് ഇനത്തില്‍പ്പെട്ട ഇൌ ആമയാണ്. ഗാലപ്പഗോസ് ദ്വീപില്‍ കാണപ്പെടുന്ന ഇൌ ആമവര്‍ഗം വംശനാശത്തിന്റെ വക്കിലാണ്. ഓസ്ട്രേലിയയിലെ ഒരു മൃഗശാലയിലുണ്ടായിരുന്ന 'ഹാരിയറ്റ് എന്ന ഗാലപ്പഗോസ് ആമ 176 വയസ്സ് വരെ ജീവിച്ചിരുന്നു. ഇന്ത്യയിലെ അലിപൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സില്‍ 'അദ്വൈത എന്ന ആമ 150 വയസ്സുവരെ ജീവിച്ചു.

വേട്ടക്കാര്‍ പിന്നാലെ ...

ആമകള്‍ക്കു ഭീഷണി പലതരമാണ്. ഭക്ഷണത്തിനു മുതല്‍ മന്ത്രവാദത്തിനുവരെ വേട്ടയാടുന്നു. ഇവയുടെ ആവാസവ്യവസ്ഥയും സ്വാഭാവിക പ്രജനനത്തിനുള്ള സൌകര്യങ്ങളും നശിപ്പിക്കുന്നതാണ് മറ്റൊരു ഭീഷണി. കള്ളക്കടത്തുകാരുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത് നക്ഷത്ര ആമകളാണ്. കേരളത്തില്‍നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ ധാരാളം ആമക്കടത്തുകാരെയാണു പിടികൂടുന്നത്. കേരള വന്യജീവി നിയമപ്രകാരം ആമകളെ വേട്ടയാടുന്നതു ശിക്ഷാര്‍ഹമാണ്. മൂന്നു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റം.

എം. കുഞ്ഞാപ്പ ManoramaOnline Environment Life

* 2011 Year of the Turtle Flyer 1 (PDF)
* 2011 Year of the Turtle Flyer 2 (PDF)


കുങ്കിച്ചിറ: തൊണ്ടാര്‍മുടിയിലെ കാട്ടുപൊയ്ക

വയനാട്/നിരവില്‍പ്പുഴ: തൊണ്ടാര്‍മുടിയുടെ നെറുകയിലെ കുങ്കിച്ചിറ ചരിത്രവിസ്മയമാകുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജലാശയം തെളിനീരുറവകൊണ്ടും ചരിത്രപാരമ്പര്യംകൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. വര്‍ഷകാലത്ത് ചിറ കവിഞ്ഞൊഴുകുന്നത് മാഹിപ്പുഴയിലേക്കും കബനിയിലേക്കുമാണ്. രണ്ടു ജില്ലകളിലെ പ്രധാന പുഴകളുടെ പ്രഭവകേന്ദ്രമായും കുങ്കിച്ചിറ അറിയപ്പെടുന്നു.

വടക്കന്‍ കഥകളിലെ കുങ്കിക്കോട്ടയുടെ മുന്‍വശത്തായിരുന്നു ഈ കുളം. പിന്നീട് പഴശ്ശിപ്പോരാട്ട ചരിത്രത്തിലും ഈ ജലാശയം പരാമര്‍ശിക്കപ്പെടുന്നു. പഴശ്ശി സമരയോദ്ധാക്കള്‍ കുങ്കിച്ചിറയില്‍ മുങ്ങിക്കുളിച്ചാണ് സമരദിനങ്ങള്‍ തുടങ്ങിയിരുന്നത്. നിബിഡവനത്തിന് നടുവിലായിരുന്നു ഒരുകാലത്ത് ഈ ജലാശയം. ഇവിടെയൊക്കെ ജനങ്ങള്‍ താമസമാക്കിയതോടെ കുളത്തിന് ഗ്രാമീണതയും കൈവന്നു.

നിരവില്‍പ്പുഴയില്‍ നിന്ന് കുഞ്ഞോം അങ്ങാടി വഴിയാണ് കുങ്കിച്ചിറയിലെത്തുക. ചിറയ്ക്ക് അഭിമുഖമായുള്ള കുന്നിന്‍മുകളിലെ പാറയുടെ മുകളില്‍ കയറിയാല്‍ താഴെ നാടിന്റെ വിദൂരക്കാഴ്ചകള്‍ കാണാം. ചെങ്കുത്തായ മലയുടെ താഴ്‌വാരത്തില്‍ അങ്ങുദൂരെ കടല്‍ പരന്നുകിടക്കുന്നതും അപൂര്‍വദൃശ്യമാണ്. വയനാട്ടില്‍നിന്ന് കടല്‍ കാണാന്‍ കഴിയുന്ന ഏക വ്യൂപോയന്റ് ഇന്നും അറിയപ്പെടാതെ കിടക്കുകയാണ്.
Posted on: 23 Oct 2011 Mathrubhumi Wayanad News  

Saturday, October 22, 2011

മുന്ന മറന്നില്ല; സ്നേഹത്തിന്റെ രുചി

നിലമ്പൂര്‍: ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ മുന്ന മടങ്ങിയെത്തിയപ്പോള്‍ വനപാലകരുടെ ആഹ്ളാദത്തിന് അതിരില്ല. കാടിനെ പരിപാലിക്കുന്നവര്‍ക്ക് കാടിന്റെ സ്നേഹവും സൌഹൃദവും പകരാനെത്തിയ മലയണ്ണാനാണ് മുന്ന. അപൂര്‍വമായൊരു ചങ്ങാത്തത്തിന്റെ കഥകൂടിയാണിത്. മൂന്നു വര്‍ഷം മുന്‍പാണ് കവളമുക്കട്ട ചക്കിക്കുഴി സ്റ്റേഷനിലേക്ക് വിരുന്നുകാരിയായി മുന്ന എത്തുന്നത്, ഡപ്യൂട്ടി റേഞ്ചര്‍ എം. മോഹന്‍ദാസ് ചുമതലയേറ്റ വേളയില്‍. ഒരു ദിവസം അതിരാവിലെ സ്റ്റേഷന്‍ പരിസരത്തെത്തിയ മലയണ്ണാന് മോഹന്‍ദാസ് പഴം എറിഞ്ഞുകൊടുത്തു. പിറ്റേന്നും ഇതേനേരത്ത് കക്ഷിയെത്തി. പിന്നെ മഴയായാലും മഞ്ഞായാലും മുന്നപതിവു തെറ്റാത്ത സന്ദര്‍ശകയായി. കറുപ്പുകലര്‍ന്ന കടുംതവിട്ട് നിറവും ഇളംമഞ്ഞനിറവുമുള്ള നീണ്ട രോമങ്ങളുമായി എത്തുന്ന മലയണ്ണാന് മുന്ന എന്നു പേരിട്ടു.

കുറച്ചുകഴിഞ്ഞ് വരവ് ഇണയോടൊപ്പമായി. അവന്ഉണ്ണിയെന്നും പേരിട്ടു. രണ്ടുംമോഹന്‍ദാസിന്റെ മക്കളുടെ പേരു തന്നെ. ഫോറസ്റ്റര്‍മാരായ പി.കെ. ദേവാനന്ദന്‍, വി. രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുമായും ഇവര്‍ ചങ്ങാത്തത്തിലായി. ഇരുവര്‍ക്കുമായി ദിവസവും ഒരു കിലോ ചെറുപഴം വാങ്ങിനല്‍കും. എപ്പോഴും മരത്തിനു മുകളില്‍ കഴിയുന്ന ഇവ സ്റ്റേഷനിലേക്കു വരുന്നതു തന്നെ ആഹ്ളാദത്തോടെ ഉച്ചത്തില്‍ ചിലച്ചു കൊണ്ടാണ്. സ്റ്റേഷനില്‍ നിന്ന് പഴം കിട്ടിയില്ലെങ്കില്‍ മോഹന്‍ദാസിനെ തിരഞ്ഞ് ക്വാര്‍ട്ടേഴ്സിലുമെത്തും. ഇതിനിടെയാണ് ഒരുദിനം ഇരുവരെയും കാണാതായത്. സാധ്യമായിടത്തെല്ലാം തിരഞ്ഞു. വേട്ടക്കാരുടെ കണ്ണില്‍പ്പെട്ടോ എന്നും ആശങ്കയായി.
കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞദിവസം വള്ളിപ്പടര്‍പ്പില്‍ തൂങ്ങി മുന്നയെത്തിയത്. ദൂരെ എവിടെയോ കൂടുകൂട്ടി പ്രസവിച്ചശേഷമാണ് വരവെന്നു കരുതുന്നു. അല്‍പം തടിച്ച് മിനുങ്ങിയിട്ടുണ്ട്. വൈകാതെ ഉണ്ണിയുമെത്തിയതോടെ സ്റ്റേഷന്‍ പഴയപോലെ ശബ്ദ മുഖരിതമാണിപ്പോള്‍. 'ദമ്പതികള്‍ മക്കളെക്കൂടി ഉടന്‍ കൊണ്ടുവരുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

Manoramaonline Malappuram News 21.10.2011

പള്ളിക്കര ബീച്ചില്‍ ജീവജാലങ്ങളുടെ പഠന കേന്ദ്രം

ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) കീഴിലുള്ള പള്ളിക്കര ബീച്ചില്‍ ജീവജാലങ്ങളുടെ പഠന കേന്ദ്രം ഒരുങ്ങുന്നു. വിവിധ വളര്‍ത്തുപക്ഷികള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ജീവജാലപഠനകേന്ദ്രം.

ഫാന്‍സി വിഭാഗത്തില്‍പെട്ട കോഴികള്‍ ഉള്‍പ്പെടെ 30 ഇനം കോഴികള്‍ ഇവിടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എത്തിയിട്ടുണ്ട്. അങ്കക്കോഴി, വെറ്റ്‌സില്‍ക്കി, ബ്ലാക്ക് ഗോള്‍ഡന്‍സില്‍കി തുടങ്ങിയവ കോഴി ഇനത്തില്‍പ്പെടുന്നു.

ഡോബര്‍മെന്‍, ജര്‍മ്മന്‍ഷെപ്പേര്‍ഡ് തുടങ്ങി വിവിധ പട്ടിക്കുഞ്ഞുങ്ങള്‍, വിവിധ ഇനത്തിലുള്ള പ്രാവുകള്‍, ആഫ്രിക്കന്‍ പക്ഷികള്‍ തുടങ്ങിയവ എത്തിക്കൊണ്ടിരിക്കുന്നു. ചൈനയില്‍ നിന്നുമുള്ള ആതേവന ഉള്‍പ്പെടെ അറുപതിനം മത്സ്യങ്ങളം പഠനകേന്ദ്രത്തിന്റെ ആകര്‍ഷണമാണ്. ഗൗരാമി ഇനം ഇതിലുള്‍പ്പെടുന്നു. 20 മുതല്‍ 15000 രൂപവരെ വിലയുള്ള മത്സ്യങ്ങളുണ്ട്.

കരിം കോഴി, ആസ്‌ട്രേലിയയിലെ യെമു, അരയന്നങ്ങള്‍ എന്നിവ എത്തിക്കഴിഞ്ഞു. 25000 രൂപ വില മതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയാണ് പൂച്ചകളുടെ കൂട്ടത്തിലെ രാജ്ഞി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പാകത്തിലാണ് ജീവജാലസമുച്ചയം ഒരുക്കിയിരിക്കുന്നത്. വിവിധ പക്ഷികളെ കുറിച്ചും മറ്റു ജീവജാലങ്ങളെകുറിച്ചും സഞ്ചാരികള്‍ക്ക് വിവരിച്ചുകൊടുക്കാന്‍ ഗൈഡുകളെ ഏര്‍പ്പെടുത്തും.
Posted on: 21 Oct 2011

കാവുങ്കല്‍ നാരായണന്‍ Mathrubhumi karshikam

Friday, October 21, 2011

വന്‍മതില്‍ അപകട ഭീഷണിയില്

‍ബീജിങ്: ലോകാദ്ഭുതങ്ങളിലൊന്നായ ചൈനീസ് വന്‍മതില്‍ അപകട ഭീഷണിയില്‍. വന്‍മതില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ മതിലിന്‍റെ അടിത്തറയ്ക്കു ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്.

വന്‍മതില്‍ സംരക്ഷണ സമിതിയാണു ഭീഷണി മുന്നറിയിപ്പു നല്‍കിയത്. 11 പ്രവിശ്യകളിലായി കടന്നു പോകുന്ന മതിലിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. മതില്‍ കടന്നു പോകുന്ന പ്രവിശ്യകളില്‍ അനേകം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ അധികവും അനധികൃതമാണ്. ചില ക്വാറികള്‍ മതിലിനു നൂറു മീറ്റര്‍ വരെ അടുത്തു പ്രവര്‍ത്തിക്കുന്നവയാണ്. കരിങ്കല്‍, ഇരുമ്പ്, നിക്കല്‍, കോപ്പര്‍ തുടങ്ങിയവയാണ് ഇവിടെ നിന്നും പ്രധാനമായും ഖനനം ചെയ്യുന്നത്.

വന്‍മതിലിന്‍റെ ഏകദേശം 70 ശതമാനത്തോളം കാലപ്പഴക്കം കൊണ്ടു നശിച്ചു തുടങ്ങി. 1937 മുതല്‍ 1945 വരെ നടന്ന സീനോ- ജപ്പാന്‍ യുദ്ധത്തില്‍ മതിലിനു സാരമായ നാശം സംഭവിച്ചിരുന്നു. മാത്രമല്ല ക്വാറിയില്‍ നിന്നു പുറത്തേക്കു പോകുന്ന വാഹനങ്ങളില്‍ നിന്ന് അന്തരീക്ഷ മലിനീകരണവും മറ്റൊരു പ്രശ്നമാണ്. കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണു നേരിടുന്നതെന്നു സമീപവാസികള്‍ ആരോപിക്കുന്നു.

ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും നഗ്നനേത്രം കൊണ്ടു കാണാം എന്ന ഖ്യാതിയും വന്‍മതിലിനുണ്ട്.

21.10.2011 metrovaartha News

പ്ലാസ്റ്റിക് കാരിബാഗിനെതിരെ ചാവക്കാട് മനുഷ്യച്ചങ്ങല തീര്‍ത്തു

ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ കാരിബാഗ് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്‌കൂള്‍വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസഭാംഗങ്ങള്‍, നഗരസഭാ ജീവനക്കാര്‍, അധ്യാപകര്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍, വ്യാപാരി വ്യവസായികള്‍, സാംസ്‌കരിക നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണിയായി.
പ്ലാസ്റ്റിക് വിരുദ്ധപ്രതിജ്ഞ നഗരസഭാ അധ്യക്ഷ എ.കെ. സതീരത്‌നം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്യായനി, വൈസ്‌ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. സുരേഷ്‌കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സുധീരന്‍, കെ.എം. അലി, ടി.എസ്. ബുഷറ, കെ.വി. സത്താര്‍, കെ.വി. ഷാനവാസ്, കോണ്‍ഗ്രസ് നേതാക്കളായ ഫിറോസ് പി. തൈപ്പറമ്പില്‍, കെ. നവാസ്, ബി.ജെ.പി. നേതാക്കളായ മുരളി, തേര്‍ളി നാരായണന്‍, സി.പി.എം. നേതാക്കളായ എ.എച്ച്. അക്ബര്‍, എന്‍.കെ. അക്ബര്‍, മര്‍ച്ചന്റ്‌സ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി തുടങ്ങിയവ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി. നവംബര്‍ ഒന്നിന് ചാവക്കാട് നഗരസഭയെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് വിമുക്ത നഗരസഭയായി പ്രഖ്യാപിക്കും.


Posted on: 21 Oct 2011 Mathrubhumi Thrissur News
Photo: chavakkadonline.com

ഒഹിയോ ഫാമില്‍ നിന്ന് രക്ഷപ്പെട്ട വന്യമൃഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊളംബസ് (ഒഹിയോ): കിഴക്കന്‍ ഒഹിയോവിലെ ഗ്രാമീണ മേഖലയില്‍ സ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്ന് രക്ഷപ്പെട്ട ഡസന്‍കണക്കിന് വന്യമൃഗങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അതിനിടെ,സിംഹവും കടുവയുമടക്കം 48ഓളം മൃഗങ്ങളെ പൊലീസ് വെടിവെച്ചു കൊന്നു.
സംഭവത്തെത്തുടര്‍ന്ന് സെയ്ന്‍സ്വില്ളെ ജില്ലയിലെ വിദ്യാലയങ്ങള്‍ അടച്ചു. ഹൈവേകളിലുടനീളം വന്യമൃഗങ്ങളെ സൂക്ഷിക്കാനും വാഹനങ്ങള്‍ നിര്‍ത്താനുമുള്ള അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചു. രക്ഷപ്പെട്ട് അലഞ്ഞുനടക്കുന്ന കാട്ടുപൂച്ച,കരടി,ചെന്നായ അടക്കമുള്ള ഹിംസ്ര മൃഗങ്ങളെ വേട്ടയാടാന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫാമിന്‍െറ ഉടമ ടെറി തോംസണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന ഫാം തുറന്ന നിലയിലുമായിരുന്നു. എന്നാല്‍, ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
സിംഹം,കടുവ,ചെന്നായ,ചീറ്റ,ഒട്ടകം,കരടി, ജിറാഫ് തുടങ്ങിയ മൃഗങ്ങള്‍ ഫാമിനകത്തുണ്ടായിരുന്നതായി സംശയിക്കുന്നു. വളരെ വലുതും വന്യമായവയുമാണ് ഇവയെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. 50ലേറെ വിദഗ്ധരടങ്ങുന്ന പൊലീസ് സംഘം കാറുകളിലും ട്രക്കുകളിലുമായി 40 ഏക്കര്‍ വരുന്ന ഫാം അരിച്ചുപെറുക്കി. തോംസന്‍റ ഫാമിനെതിരെ അടുത്ത കാലങ്ങളിലായി നിരവധി  പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Madhymam 20.10.2011 News..

Thursday, October 20, 2011

മലബാറില്‍ 340 ഇനം പക്ഷികളെന്ന് സര്‍വെ

കല്പറ്റ: മലബാറിന്റെ ജൈവവൈവിധ്യത്തിന് മുതല്‍ക്കൂട്ടായുള്ളത് 340 ഇനം പക്ഷികള്‍. ഇതില്‍ പതിന്നാലിനം അപൂര്‍വയിനത്തില്‍പെട്ടവയാണ്. 23 ഇനം വംശനാശഭീഷണിയുള്ളവയും. വനം-വന്യജീവി വകുപ്പ് നടത്തിയ പക്ഷി സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍. 2010 നവംബര്‍ മുതല്‍ 2011 ഒക്ടോബര്‍വരെ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച അധികൃതര്‍ക്ക് സമര്‍പ്പിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 12 പ്രദേശങ്ങളിലാണ് സര്‍വെ നടത്തിയത്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, മലബാര്‍ വന്യജീവി സങ്കേതം, സൈലന്‍ഡ് വാലി ദേശീയ ഉദ്യാനം, റിസര്‍വ് വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, അട്ടപ്പാടി, ശിരുവാണി, നിലമ്പൂര്‍ എന്നിവിടങ്ങളാണ് സര്‍വെപരിധിയില്‍ ഉണ്ടായിരുന്നത്.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (ഐ.യു.സി.എന്‍.) വംശനാശഭീഷണിയില്‍ ഉള്‍പ്പെടുത്തിയ 23 ഇനം പക്ഷികളെ മേഖലയില്‍ കണ്ടെത്തിയതാണ് സര്‍വെയ്ക്ക് മറ്റൊരു നേട്ടം. വയനാട്ടില്‍ മാത്രമുള്ള കാതിലക്കഴുകന്‍, ചുട്ടിക്കഴുകന്‍ എന്നിവയും പുള്ളിപ്പരുന്ത്, കരിവയറന്‍ ആള, മലമുഴക്കി വേഴാമ്പല്‍, ബാണാസുര ചിലുചിലപ്പന്‍, കരിഞ്ചെമ്പന്‍ പാറ്റപ്പിടിയന്‍ എന്നിവ വംശനാശഭീഷണിയുള്ളവയാണ്. പരുന്തുകളില്‍ പ്രാപ്പരുത്ത്, എറിയന്‍ എന്നിവ അപൂര്‍വമാണ്.

പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 15 ഇനം പക്ഷികളാണുള്ളത്. ഇതില്‍ 53 ശതമാനം ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്നവയാണ്. മരപ്രാവ്, മലവരമ്പന്‍, നീലഗിരി ചിലുചിലപ്പന്‍, പോതക്കിളി എന്നിവയിതില്‍ ഉള്‍പ്പെടുന്നു. മഞ്ഞചിന്നന്‍, ചെറുതേന്‍കിളി, ഇളംപച്ചപ്പൊടി, കുരുവി, ചിന്നക്കുട്ടുറവന്‍, കാട്ടുമൈന, കരിമ്പന്‍ കാട്ടുബുള്‍ബുള്‍, ഇരട്ടത്തലച്ചി എന്നിങ്ങനെ 15 ഇനം ഏറ്റവും കൂടുതലുള്ളവയാണ്. മൂടിക്കാലന്‍ കുരുവി, താമ്രോദരന്‍ ഗൗളിക്കിളി, മീന്‍കൊത്തി, ചിന്നന്‍, മരവരമ്പന്‍, കള്ളിക്കുയില്‍, വലിയപേക്കുയില്‍ എന്നിങ്ങനെ 14 ഇനം അപൂര്‍വവുമാണ്. 58 ഇനങ്ങളുടെ കൂടുകളും നിര്‍മാണരീതിയും മനസ്സിലാക്കാന്‍ സാധിച്ചത് പക്ഷിനിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുന്നു.

നീലഗിരി ചിലുചിലപ്പന്‍, തവളച്ചുണ്ടന്‍, മലവരമ്പന്‍, പുല്ലുപ്പന്‍, പതുങ്ങന്‍ചിലപ്പന്‍ എന്നിങ്ങനെയുള്ള പക്ഷികളുടെ കൂടാണ് ഇതിലുള്ളത്. ഇതില്‍ പുള്ളിച്ചുണ്ടന്‍ താറാവിന്റെ കൂട് കേരളത്തില്‍ ആദ്യമായാണ് കണ്ടെത്തുന്നത്. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം പരിസരത്താണ് കൂടുള്ളത്. മലബാറില്‍ ആദ്യമായി പാറനിരങ്ങന്‍ എന്ന പക്ഷിയെ ചെമ്പ്രമലയില്‍ കണ്ടെത്തി. ഇതിനുപുറമെ 102 കൊറ്റില്ലങ്ങളില്‍ 12 ഇനം പക്ഷികളുടെ 8677 കൂടുകളുമുണ്ട്.

ഒരു ചതുരശ്ര കിലോമീറ്ററില്‍ സാന്ദ്രത കണക്കാക്കുമ്പോള്‍ 48 ഇനം പക്ഷികളുണ്ടെന്ന് വലിയിരുത്തുന്നു. പശ്ചിമഘട്ടത്തില്‍ മാത്രമുള്ള ചാരത്തലയന്‍ ബുള്‍ബുള്‍ 9.1, മഞ്ഞ ചിന്നന്‍-122.4, ദേശാടനപ്പക്ഷികളില്‍ ഇളംപച്ച പൊടിക്കുരുവി-91.1 എന്നിങ്ങനെയാണ് ചതുരശ്രകിലോമീറ്ററിലെ സാന്ദ്രത.

32 ഇനത്തില്‍പ്പെട്ട 1149 എണ്ണം പരുന്തുകളാണ് മലബാറിലുള്ളത്. ഇതില്‍ ഒമ്പത് ശതമാനവും ദേശാടനം ചെയ്യുന്നവയാണ്. ഏറ്റവും കൂടുതലുള്ളത് തേന്‍കൊതിച്ചി പരുന്ത്, കരിമ്പരുന്ത് എന്നിവയും ദേശാടനപ്പരുന്തില്‍ വെള്ളിക്കറുപ്പനുമാണ്.

സി.ശശികുമാറിന്റെ നേതൃത്വത്തില്‍ എസ്.രാജു, സി.കെ.വിഷ്ണുദാസ്, വി.എ.ഷെബിന്‍, പി.എ.വിനയന്‍ എന്നിവരാണ് സര്‍വേ നടത്തിയത്.

അനീഷ് ജോസഫ്‌  Posted on: 20 Oct 2011 Mathrubhumi Wayanad News

Wednesday, October 19, 2011

മുത്തങ്ങയില്‍ വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് തുടങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി: വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന വന്യജീവി സങ്കേതമായ മുത്തങ്ങയില്‍ വനപാതയില്‍ ട്രക്കിങ് ആരംഭിക്കുന്നു. മുമ്പ് ട്രക്കിങ് ഉണ്ടായിരുന്നുവെങ്കിലും വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഇതു തുടര്‍ന്നുവരുന്നുണ്ട്. വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ക്ക് ഈ സാഹസിക വനസഞ്ചാരം ഏറെ ഇഷ്ടപ്പെട്ടതായിരുന്നു. മൂന്ന് വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്ന് കിടക്കുന്നതെന്ന പ്രത്യേകതയും മുത്തങ്ങയ്ക്ക് മാത്രമുള്ളതാണ്. വേനല്‍ക്കാലത്ത് പച്ചപ്പ് നിറഞ്ഞ വന്യജീവി സങ്കേതമാണിത്. തൊട്ടടുത്ത് കിടക്കുന്ന മുതുമലയും ബന്ദിപ്പുറും നവംബറോടെ തന്നെ ഉണങ്ങാന്‍ തുടങ്ങും. അതിനാല്‍ വിദേശികളടക്കമുള്ള സഞ്ചാരികള്‍ മുത്തങ്ങയെയാണ് തിരഞ്ഞെടുക്കാറ്.

മുത്തങ്ങയില്‍ നിന്നും തുടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് മുതല്‍ ആറ് മണിക്കൂര്‍വരെ സമയം നീളുന്നതാണ് വനയാത്ര. അഞ്ച്‌പേര്‍ വരുന്ന ഒരു സംഘത്തിന് 1500 രൂപയാണ് ചാര്‍ജ്. കൂടുതല്‍ വരുന്ന ഓരോ ആള്‍ക്കും 400 രൂപവീതം അധികം നല്‍കണം. ഇവരുടെ സംരക്ഷണത്തിനും സഞ്ചാരപാതകള്‍ കാണിച്ച് കൊടുക്കാന്‍ ഒരു വാച്ചറും ഗൈഡും വെറേയുമുണ്ടാകും. ഏറെ സാഹസികത നിറഞ്ഞ ട്രക്കിങ്ങിന് കൂടുതല്‍ സഞ്ചാരികള്‍ ഉണ്ടാകും. ഇത് തുടങ്ങുന്നതോടെ വാഹനത്തിലുള്ള യുവാക്കളുടെയും മറ്റും വനയാത്ര കുറയും.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ മുത്തങ്ങയില്‍ ആരംഭിക്കുമെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രദീപ് കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മുത്തങ്ങ നെല്ലൂര്‍വയലില്‍ പണി പൂര്‍ത്തിയായ വാച്ച് ടവര്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. അഞ്ചുപേര്‍ അടങ്ങുന്ന ഒരു സംഘത്തിന് 24 മണിക്കൂറിന് 5000 രൂപയാണ് വാടക ഈടാക്കുക. മൃഗങ്ങളെ ഏറ്റവുമധികം കാണാന്‍ കഴിയുന്ന സ്ഥലമാണ്

നെല്ലൂര്‍ വയല്‍. ഇതിനെല്ലാം പുറമെ വേനല്‍ തുടങ്ങുന്നതോടെ മറ്റ് വന്യജീവി സങ്കേതങ്ങളില്‍ നിന്ന് തീറ്റയും വെള്ളവും തേടിയുള്ള വന്യജീവികളുടെ ഒഴുക്കും വര്‍ധിക്കും. പച്ചപ്പുകള്‍ നിറഞ്ഞ ഭാഗത്ത് വന്യജീവികള്‍ തമ്പടിക്കുന്നതോടെ നെല്ലൂര്‍ വയല്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും.

വാഹനങ്ങളുടെ തുടരെത്തുടരെയുള്ള പോക്ക് കാരണം പലപ്പോഴും സഞ്ചാരികള്‍ക്ക് മൃഗങ്ങളെ കാണാനോ വനസൗന്ദര്യം ആസ്വദിക്കാനോ കഴിയാതെ വരുന്നു. എന്നാല്‍ ട്രക്കിങ് ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ സംഘങ്ങള്‍ ഇതിലേക്ക് തിരിയും.
അടുത്ത കാലത്തായി വിദേശ വിനോദ സഞ്ചാരികള്‍ മുത്തങ്ങയില്‍ ഏറെയെത്തിയെങ്കിലും ട്രക്കിങ് ഇല്ലാത്തതിനാല്‍ തിരിച്ച് പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രക്കിങ് പുനരാരംഭിക്കാനും വാച്ച്ടവര്‍ തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.
Posted on: 19 Oct 2011 Mathrubhumi Wayanad News

പ്ലാവ്ജയന്‍ ചോദിക്കുന്നു, 'ചക്കക്കുരു കുഴിച്ചിടാന്‍ എന്തിനാ ഫണ്ട്?'


കോട്ടയം : 'കോട്ടയത്തിനു സ്വന്തമായി എത്ര ചക്കയിനങ്ങളുണ്ട്?' ചോദ്യം തമാശയ്ക്കു ചോദിച്ചതാണെങ്കിലും ഉത്തരം കേട്ട കുട്ടികള്‍ വാ പൊളിച്ചിരുന്നു പോയി. മികച്ച ചക്കയിനങ്ങളുടെ ഈറ്റില്ലം തന്നെയാണ് അക്ഷര നഗരി. മുട്ടം ചക്ക, വാകത്താനം ചക്ക, കുട്ടനാടന്‍ ചക്ക, പത്താമറ്റം ചക്ക എന്നിങ്ങനെ ഒരുപിടി തേനൂറും രുചികള്‍ കുട്ടനാടിന്റെ അയല്‍വക്കമായ കോട്ടയത്തിനുണ്ട്. വരിക്കച്ചക്കയുടെ രുചിഭേദങ്ങളിലെ ഈ കഥകള്‍ കുട്ടികളുമായി പങ്കുവച്ചത് സാക്ഷാല്‍ പ്ലാവ് ജയന്‍ തന്നെ . കോട്ടയം പബ്‌ളിക് ലൈബ്രറിയില്‍ കണ്ടല്‍ ദിനസംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് പ്ലാവ് ജയന്‍. പ്ലാവു നടുകയെന്ന ഒറ്റയാള്‍ പോരാട്ടത്തില്‍ ആരും കൂട്ടിനില്ലാത്ത തൃശ്ശൂര്‍ സ്വദേശി ജയന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ലാഭേച്ഛയില്ലാത്ത കഥകള്‍ കുട്ടികളുമായി പങ്കുവച്ചു.

തേങ്ങച്ചക്ക, പഴച്ചക്ക മുതല്‍ ചക്കവൈവിധ്യത്തിന്റെ പേരുകള്‍ ഈണത്തില്‍ ചൊല്ലിയും ഔഷധ ഗുണങ്ങള്‍ വിവരിച്ചും പ്ലാവ് ജയന്‍ കുട്ടികള്‍ക്ക് പ്ലാവിനെക്കുറിച്ചറിയേണ്ടതെല്ലാം പറഞ്ഞു കൊടുത്തു.

പ്ലാവിലേക്ക് ആകര്‍ഷിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനു മറുപടിയായി കഷ്ടപ്പാടിന്റെ കുട്ടിക്കാലം ജയന്‍ കുട്ടികളോടു വിവരിച്ചു. ചക്ക തിന്നു വിശപ്പടക്കിയും പ്ലാവിലകള്‍ പെറുക്കി നല്‍കി വീട്ടിലെ ആകെയുള്ള വരുമാനമാര്‍ഗമായ ആടുകളെപ്പോറ്റിയും കഴിഞ്ഞിരുന്ന ജയന് ഏഴാം ക്ലാസ്സില്‍ വച്ച് കുട്ടികള്‍ നല്കിയ വിളിപ്പേരാണ് പ്ലാവ് ജയന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ തൊടിയില്‍ നിറയെ പ്ലാവുകള്‍ വച്ചു പിടിപ്പിക്കുന്ന ശീലമുണ്ടായിരുന്നു ജയന്. അന്ന് ചക്കപ്പഴം അക്ഷരാര്‍ത്ഥത്തില്‍ അമൃത് തന്നെയായിരുന്നു . വളരുന്തോറും ചക്കപ്രേമവും പ്ലാവുപോലെ പടര്‍ന്നു പന്തലിച്ചു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 500 പ്ലാവുകള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തിലധികം പ്ലാവുകള്‍ പരിസ്ഥിതിക്ക് ജയന്റെ സമ്മാനമാണ്. ' ഒരു വൃക്ഷം വേണം , ഒരു തണലും ' എന്നു തോന്നുന്നിടത്തെല്ലാം പ്ലാവുകള്‍ നട്ടു ജയന്‍. ആരാണ് ജയന്റെ ഈ യജ്ഞത്തില്‍ സഹായിക്കുന്നത്?. കുട്ടികളുടെ ചോദ്യത്തിനുത്തരം ജയന്റെ മറുചോദ്യം ' ചക്കക്കുരു കുഴിച്ചിടാന്‍ എന്തിനാ ഫണ്ട്?

പബ്‌ളിക് ലൈബ്രറിയും ഫ്രണ്ട്‌സ് ഓഫ് ട്രീസും ഗിഫ്റ്റഡ് ചില്‍ഡ്രനും ചേര്‍ന്ന് സംഘടിപ്പിച്ച കണ്ടല്‍ സംരക്ഷണ ദിനാചരണത്തില്‍ പബ്‌ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. സംഘാടക സമിതി അംഗം കെ. ബിനു കണ്ടല്‍ ദിന സന്ദേശം നല്കി. കണ്ടല്‍ ഫോട്ടോപ്രദര്‍ശന ഉദ്ഘാടനം ടി.ശശികുമാര്‍ നിര്‍വഹിച്ചു. സി.ജി.വാസുദേവന്‍ നായര്‍ , ഡോ. കെ. വിജയകുമാര്‍ , ഡോ.പ്രവീണ്‍ ജോര്‍ജ് ഇട്ടിച്ചെറിയ , സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Posted on: 19 Oct 2011 Mathrubhumi Kottayam News 

Tuesday, October 18, 2011

പ്ലാസ്റ്റിക് പാഴ്‌വസ്തു അല്ലാതാകുന്നു

ലോകം പാഴ് വസ്തുക്കളെക്കൊണ്ട് പൊറുതി മുട്ടുകയാണ്. അവയില്‍ ഏറ്റവും പ്രയാസമേറിയതാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന് ഏറ്റവും കുറഞ്ഞ പുനരുപയോഗമൂല്യമാണുള്ളത്. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ലോകത്തെമ്പാടും വീടുകളിലും റോഡുകളിലും ജലാശയങ്ങളിലുമെല്ലാം പെരുകുന്നു.

ഏറ്റവും കുറച്ചുമാത്രം റീസൈക്കിള്‍ ചെയ്യപ്പെടുന്ന വസ്തുവും പ്ലാസ്റ്റിക് ആണത്രെ. പത്ത് ശതമാനംപോലും ഫാക്റ്ററികളില്‍ എത്തി മറ്റൊരു ഉല്പന്നമായി മാറുന്നില്ല. അനേകമനേകം തരത്തില്‍ പെട്ടതാണ് പ്ലാസ്റ്റിക് എന്നതുതന്നെ വലിയ പ്രശ്‌നം. അവ വേര്‍തിരിക്കുകയാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഇക്കാരണങ്ങള്‍ കൊണ്ട് അത്യുപൂര്‍വം സ്ഥാപനങ്ങളേ പ്ലാസറ്റിക് ശേഖരിക്കുകയോ ഫാക്റ്ററികളില്‍ അവ റീ സൈക്ലിങ് നടത്തുകയോ ചെയ്യുന്നുള്ളൂ.

എന്നാല്‍ ഇതാ നല്ല വാര്‍ത്ത. പ്ലാസ്റ്റിക് വെയ്സ്റ്റ് വേര്‍തിരിക്കാനും പുനരുപയോഗിച്ച് പുത്തന്‍ സാധനങ്ങളാക്കി മാറ്റാനുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടിയവര്‍ ലോകത്തുണ്ട്. മൈക് ബിഡ്ല്‍ എന്തുപറയുന്നു എന്നുകേള്‍ക്കൂ. അത് വേണമെങ്കില്‍ വായിക്കാനും പ്രശസ്ത പ്രഭാഷണ സൈറ്റ് ആയ ടെഡ് (TED) ഒരുക്കിയ ഈ പേജില്‍ സൗകര്യമുണ്ട്. പ്രഭാഷകനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Posted on: 16 Oct 2011 Mathrubhumi news

Monday, October 17, 2011

പറിച്ചെടുക്കും ഈ ആണികള്‍

തൃശ്ശൂര്‍: ദേഹം നിറയെ ആണികളുമായി നില്‍ക്കുന്ന നഗരത്തിലെ മരങ്ങളെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറല്ല. ചുറ്റികയും പ്ലെയറും മറ്റ് ആയുധങ്ങളുമായി ഇവര്‍ തെരുവിലേക്കിറങ്ങി. ആദ്യം കണ്ടത് വടക്കെ സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബദാം മരം. വളരെ പഴക്കമുള്ള ഈ മരത്തിനുമുകളില്‍ ആണികള്‍ നിരവധിയുണ്ടായിരുന്നു. പലതും ആഴ്ന്നിറങ്ങിയിരിക്കുന്നു. ചിലതെല്ലാം പറിച്ചെടുക്കാന്‍ പാടുപെടേണ്ടിവന്നു. എല്ലാം തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. മരത്തിന്റെ ഭാഗങ്ങള്‍ പലതും കേടുവരുത്തി തുടങ്ങിയിരിക്കുന്നു.

വിചാരിച്ചത്ര എളുപ്പമുള്ള പണിയല്ല ഇതെന്ന് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. എങ്കിലും ഇവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ആദ്യം കൊണ്ടുവന്ന ആയുധങ്ങള്‍ മതിയായില്ല. തുടര്‍ന്ന് വേറെ ആയുധങ്ങള്‍ കൊണ്ടുവന്നു. പിന്നെ ആഞ്ഞുപറിച്ചുതുടങ്ങി. കോണിയും ഇവര്‍ കൊണ്ടുവന്നിരുന്നു. ഉയരത്തിലുള്ള ആണികളും ബാനറുകളും കോണിവെച്ചു കയറി പറിച്ചെടുത്തു. ഈയിടെ അടിച്ച ആണികള്‍ പറിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ പലതും വര്‍ഷങ്ങളുടെ പഴക്കമുള്ളതായിരുന്നു. മരങ്ങള്‍ വളര്‍ന്നതുമൂലം പലതും ഉള്ളിലേക്ക് ഇറങ്ങിപ്പോയിരുന്നു. ഇതെല്ലാം പറിക്കാന്‍ പെടാപാട് പെടേണ്ടിവന്നു.

മരത്തിലെ ആണി പറിക്കുന്നതു കണ്ട് നാട്ടുകാര്‍ കൂടി. എല്ലാവര്‍ക്കും അതിശയം. പലരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മരത്തില്‍ ആണിയടിക്കരുതെന്ന ബോര്‍ഡുകൂടി വെയ്ക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കുട്ടികളും പ്രായമായവരും സ്ത്രീകളും യുവാക്കളുമെല്ലാം കൂടിയിരുന്നു ഇത് കാണാന്‍. പലര്‍ക്കും സംശയം എന്തിനാണ് ഇത് പറിക്കുന്നതെന്ന്. മരത്തില്‍ ആണിതറച്ചാലുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ ഇവര്‍ തലകുലുക്കി സമ്മതിച്ചു. വടക്കെ സ്റ്റാന്‍ഡിലെ തന്നെ പല മരങ്ങളിലെയും ആണികള്‍ ഇവര്‍ പറിച്ചെടുത്തു.

മുന്‍ മേയര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇത്തരമൊരു ദൗത്യത്തിന് ഇറങ്ങിയത്. തൃശ്ശൂര്‍ നോര്‍ത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ.കെ. സുരേഷ്, വൈസ് പ്രസിഡന്റ് ഷൈജു, രാജേന്ദ്രന്‍, രാംലാല്‍, ദിലീപ് ശങ്കരന്‍കുളങ്ങര, കൃഷ്ണദാസ്, കുര്യന്‍, എം.ആര്‍. ചന്ദ്രനാരായണന്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുത്തത്. വരുംദിവസങ്ങളിലും ഇത് തുടരുമെന്ന് ഇവര്‍ അറിയിച്ചു. ആണിയടിച്ച മരങ്ങള്‍ വേറെയും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. സാഹിത്യ അക്കാദമി പരിസരം, സൂ പരിസരം... ഇത്തരത്തില്‍ പലതും. വരുംദിവസങ്ങളില്‍ അവിടത്തെ മരങ്ങളും ആണികളില്‍നിന്നു മുക്തി നേടും.

17-10-2011 Mathrubhumi News

ഭൗമ സൂചികയിലും പ്രതീക്ഷയില്ല സുഗന്ധം പൂക്കാതെ നെല്‍പ്പാടങ്ങള്‍

പടിഞ്ഞാറത്തറ: ഭൗമസൂചികയില്‍ ഇടം നേടിയിട്ടും വയനാടന്‍ വയലുകളില്‍നിന്നും ഗന്ധകശാലകൃഷി അന്യമാവുന്നു. വയനാടിന്റെ കാര്‍ഷികപാരമ്പര്യത്തോടൊപ്പം പഴക്കമുള്ള തനതു കൃഷിയും നെല്‍വിത്തുകളുമാണ് ഇതോടെ നാമാവശേഷമാകുന്നത്. ചില ഗോത്ര തറവാട്ടുകാര്‍ പഴയ നെല്‍വിത്തുകള്‍ ഇപ്പോഴും കൃഷിചെയ്യുന്നതൊഴിച്ചാല്‍ സുഗന്ധനെല്ലിനങ്ങള്‍ മറഞ്ഞുപോയ വയനാടന്‍ വയലുകളാണ് അവശേഷിക്കുന്നത്.

അരീക്കായ്, ചുണ്ടന്‍, നവര, ചേറ്റുമുണ്ടന്‍ തുടങ്ങിയ നൂറ്റിപ്പതിനഞ്ചോളം നെല്ലിനങ്ങള്‍ വയനാട്ടില്‍നിന്നും ഇതിനകം അപ്രത്യക്ഷമായിട്ടുണ്ട്. പൂര്‍ണമായും ജൈവ വളത്തെയും കാര്‍ഷിക കാലാവസ്ഥാ കലണ്ടറിനെയും ആശ്രയിച്ചായിരുന്നു മുന്‍കാലത്തെ കൃഷി. കഴുത്തിനൊപ്പം വളര്‍ന്നുപൊങ്ങിയ നെല്ലോലകളും സുഗന്ധം പരത്തുന്ന വയലേലകളും വയനാടിന്റെ ഒളിമങ്ങാത്ത ഗതകാല ഓര്‍മകളാണ്.

നെല്ലിന്റെ പിറന്നാളായ ആയില്യംനാള്‍മുതല്‍ കൊയ്ത്തുകാലമായ വൃശ്ചികംവരെ ഉത്തരേന്ത്യയിലെ ഗോതമ്പ് പാടങ്ങള്‍ക്ക് സമാനമായിരുന്നു വയനാടിന്റെ വയല്‍ക്കാഴ്ചകള്‍. വിവിധതരം നെല്‍വിത്തുകള്‍ പാടങ്ങള്‍ വേര്‍തിരിച്ചു കൃഷിചെയ്യുകയായിരുന്നു പഴയ തലമുറയിലെ കര്‍ഷകരുടെ ശീലം. സുഗന്ധനെല്ലിനങ്ങള്‍ക്ക് വയലിന്റെ ഒരു ഭാഗത്ത് പ്രത്യേകമായ സ്ഥാനമുണ്ട്. കാലിവളവും പച്ചിലവളവും കൂടുതല്‍ അളവില്‍ നല്‍കി ഇവയെ പ്രത്യേകമായി പരിചരിക്കാനും മുന്‍തലമുറ മറക്കാറില്ല. മറ്റുള്ള നെല്ലിനങ്ങളുമായി പരാഗണം നടന്ന് നെല്ലിനങ്ങള്‍ കൂട്ടുകലര്‍ന്ന് ജൈവമാറ്റം സംഭവിക്കാതിരിക്കാന്‍ അകന്നുള്ള കൃഷിയാണ് സുഗന്ധനെല്ലിനങ്ങള്‍ക്ക് വേണ്ടിയിരുന്നത്.

ഉയരംകൂടിയ സുഗന്ധനെല്ലിനങ്ങള്‍ക്ക് കാലാവസ്ഥയും പ്രധാനപ്പെട്ടതാണ്. ചാത്തുവീഴുന്ന നെല്‍പ്പാടം കൊയ്ത്തുകാലത്ത് പെയ്തുവീഴുന്ന മഴ പാടെ നശിപ്പിക്കുന്നു. മുട്ടിനൊപ്പം മാത്രം വളര്‍ന്നു നില്‍ക്കുന്ന നൂതനയിനം സങ്കര നെല്ലിനങ്ങള്‍ ഇതിനൊപ്പം അതിജീവിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കര്‍ഷകര്‍ക്ക് കണ്ണീരാവും സുഗന്ധ നെല്‍ക്കൃഷി.

ജീരകശാല പൂര്‍ണമായും വയനാട്ടില്‍ നിന്നും അകന്നു കഴിഞ്ഞു. നെല്‍വയലുകളുടെ വിഭജനവും നൂതന കൃഷിയിലേക്കുള്ള കര്‍ഷകരുടെ ചുവടുമാറ്റവുമാണ് തിരിച്ചടിയാവുന്നത്. പുരാതന നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ വന്നെങ്കിലും വയനാടിന് ആശ്വാസകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. ഗന്ധകശാല കൃഷി ചെയ്യുന്നവരുടെ പ്രത്യേക കാര്‍ഷിക സമിതികള്‍ നിലവിലുണ്ടെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കാത്തതിനാല്‍ ഇവയെല്ലാം കൃഷിയില്‍ നിന്നും അകന്നുപോവുകയാണുണ്ടായത്.

തനതു നെല്ലുകള്‍ സംരക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും പ്രത്യേക വിപണി വയനാട്ടില്‍ നിലവിലില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ വൈകിയതിനാലും ഇതിന്റെ സാധ്യതകളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുമെന്ന് കൃഷിവകുപ്പ് അടിവരയിടുമ്പോഴും നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ ലഭ്യതക്കുറവും ധനസഹായത്തിന്റെ പരിമിതിയും ഇതിനൊക്കെ വെല്ലുവിളിയായി തുടരുകയാണ്.

ചേകാടി, തിരുനെല്ലി തുടങ്ങിയ വനഗ്രാമങ്ങള്‍ നഷ്ടങ്ങള്‍ സഹിച്ചും ഇപ്പോഴും നെല്‍ക്കൃഷിയെ പരിപാലിക്കുന്നുണ്ട്. വയനാടിന്റെ ഹരിതാഭമായ നെല്‍പ്പാടങ്ങള്‍ കാണണമെങ്കില്‍ ഇവിടെത്തന്നെ പോകണമെന്നാണ് അവസ്ഥ. വന്യമൃഗങ്ങളുടെ ശല്യവും നഷ്ടക്കണക്കുകളും തൊഴിലാളിക്ഷാമവുമെല്ലാം സഹിച്ച് നെല്ലറയെ കാത്തുവെക്കുകയാണ് ഈ ഗ്രാമങ്ങള്‍.

Posted on: 17 Oct 2011 Mathrubhumi Wayanad News

പുഞ്ചവയലുകള്‍ വഴിമാറിയതറിയാതെ താറാവിന്‍കൂട്ടമെത്തി

തൃക്കരിപ്പൂര്‍ :കന്നിമാസത്തില്‍ പുഞ്ചകൃഷിക്കൊരുങ്ങുന്ന വടക്കന്‍ മലബാറിലെ വയലുകള്‍തേടി പതിവുതെറ്റാതെ ഇത്തവണയും താറാക്കൂട്ടങ്ങളെത്തി. കൊയ്ത്തുപാട്ടും നാട്ടിപ്പാട്ടും നിലച്ച പാടങ്ങളിലെ മാറ്റം വിശ്വസിക്കാനാവാതെ താറാവിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന തൊഴിലാളികള്‍ അദ്ഭുതപ്പെടുകയാണ്. കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരമായി താറാവുകളുമായി എത്തുന്നവരാണ് തിരുവല്ലക്കാരായ കെ.ജോസും കുഞ്ഞുമോനും.

കഴിഞ്ഞവര്‍ഷംപോലും കൃഷിചെയ്ത പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഒന്നാം വിളയുടെ വിളവെടുപ്പിനൊടുവിലാണ് താറുവുകള്‍ ഇവിടെയെത്തുക. വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തിലെ ഒഴിഞ്ഞ നെല്‍ക്കതിരുകളും ചെറുമത്സ്യങ്ങളും ജീവികളുമാണ് ഇവയുടെ ആഹാരം. പണ്ട് ഒരു സ്ഥലത്ത് താവളമടിച്ചാല്‍ ആഴ്ചകളോളം താറാവുകള്‍ക്ക് മേയാന്‍ വയലുകളുണ്ടാവും. ഇപ്പോള്‍ ഒരാഴ്ചകൊണ്ട് മറ്റു താവളം തേടേണ്ട അവസ്ഥയാണ് താറാവുകള്‍ക്ക്. അഞ്ഞൂറോളം താറുവുകളാണ് കഴിഞ്ഞദിവസം തങ്കയം ചെറുകാനം ഭാഗത്തെ വയലുകളിലെത്തിയത്.
Posted on: 17 Oct 2011 Mathrubhumi Kasarkod News
PHOTO: Paachu(http://www.kazhchaas.blogspot.com)

Sunday, October 16, 2011

വിസ്മയക്കാഴ്ചയായി പൂത്തുലഞ്ഞ കാടുകള്‍

മൂന്നാര്‍: എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാട്ടുപൂക്കള്‍ മാത്രം. ഇതു കാട്ടുചെടികള്‍ പൂവിടുന്ന കാലം. സമതല പ്രദേശത്തു നിന്ന് വരുന്നവര്‍ക്കാണ് ഈ മനോഹര കാഴ്ച കാണാന്‍ കഴിയുക. മിക്കവരും പൂക്കള്‍ പറിച്ച് വാഹനത്തിനു മുന്നില്‍ വച്ചുകെട്ടി പോകുന്നതു കാണാം.
ആറ്റോരങ്ങളിലും കുറ്റിക്കാടുകളിലുമായി  ഹെനിയന്‍തു എന്ന നാമത്തിലുള്ള മഞ്ഞപ്പൂക്കള്‍ ഇടതിങ്ങി നില്‍ക്കുന്നതു മനോഹര കാഴ്ചയാണ്. ഇതിനിടയില്‍ മറ്റ് പലതരം ചെടികളും പൂവിട്ടു നില്‍ക്കുന്നു. വെളുത്ത കോളാമ്പി പൂക്കളുമായി ബെറ്റൂറ്റ സ്ട്രോമോണിയന്‍ എന്ന സസ്യം കുലകുലയായി പൂവിട്ടു നില്‍ക്കുന്നതും കാണാം. അഞ്ചോളം വകഭേദത്തിലുള്ള ഉണ്ണിച്ചെടി പൂക്കളും മോണിങ് ഗ്രോറിയുടെ മൂന്നു തരം പൂക്കളും കാട്ടുഡാലിയ കുറ്റിക്കാടുകളില്‍ പൂവിടുന്നതും വരെ കാണാം.
ഇതിനിടയില്‍ ലിയ സ്പെത്തോഡിയ മരം പൂവിട്ടു നില്‍ക്കുന്നതും മനോഹരമായ കാഴ്ചയാണ്. ചെറുതും വലുതുമായ നിരവധി ചെടികളാണ് ഈ സമയം പൂവിടുന്നത്. വലിയ മഴ കഴിഞ്ഞാലുടന്‍ തന്നെ കാട്ടുചെടികള്‍ പൂവിടല്‍ ആരംഭിക്കും.

16.10.2011 ManoramaOnline Idukki News

വയനാട് ജൈവമണ്ഡലം ആശങ്കയില്‍

വയനാട്/പടിഞ്ഞാറത്തറ: ജില്ലയില്‍ പരിസ്ഥിതി ചൂഷണത്തിന്റെ നിയന്ത്രണരേഖകള്‍ അതിരുകടന്നതോടെ വയനാട് ജൈവമണ്ഡലം കനത്ത ഭീഷണിയില്‍. അതീവ ലോലപ്രദേശത്തുപോലും പരിസ്ഥിതി സംരക്ഷണനിയമങ്ങളെ തകിടം മറിച്ചാണ് പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നത്. പുഴയോരങ്ങള്‍ മുതല്‍ ഗിരിനിരകള്‍വരെ കടന്നുകയറ്റം വ്യാപകമാണ്. നീലഗിരി ജൈവമണ്ഡലത്തോടു ചേര്‍ന്ന വയനാട് ഭൂമണ്ഡലത്തില്‍ അതീവ പ്രാധാന്യമുള്ള സസ്യജനുസ്സുകളെയും ജീവിവര്‍ഗങ്ങളെയും ഇത് സാരമായി ബാധിക്കും.

ബാണാസുരമല, കുറിച്ച്യാട്, ബ്രഹ്മഗിരി മലനിരകള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള സാഹചര്യം പ്രതീക്ഷ നല്കുന്നതല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ചെമ്പ്രഗിരി പര്‍വതം കഴിഞ്ഞാല്‍ ബാണാസുരമലയാണ് ഗ്രീന്‍ സോണായി അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള മലയുടെ ഒരുഭാഗം ചോലവനങ്ങളാല്‍ സമൃദ്ധമാണ്.

മലയുടെ താഴ്‌വാരത്തില്‍ മാത്രം മുമ്പ് തുടങ്ങിയ പാറഖനനം ഇപ്പോള്‍ ഏതാണ്ട് പകുതിയോളം വ്യാപിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത ചൂണ്ടിക്കാണിച്ചാണ് ക്വാറി ഉടമകള്‍ പുതിയവയ്ക്ക് അനുമതി നേടുന്നത്. പ്രാദേശികമായി നേരിടുന്ന എതിര്‍പ്പുകളെ ഭീഷണികൊണ്ട് നേരിട്ടും പണംകൊണ്ട് സ്വാധീനിച്ചുമാണ് അന്യദേശക്കാരായ കരിങ്കല്‍ മുതലാളിമാരുടെ കടന്നുകയറ്റം.

റവന്യൂ-വനം ഭൂമികളും വന്‍കൈയേറ്റത്തിന് വിധേയമാവുന്നുണ്ട്. വില്ലേജ് ഓഫീസര്‍മാരും മറ്റു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഈ കൈയേറ്റത്തിന് പലപ്പോഴായി കൂട്ടുനില്ക്കുന്നതായാണ് ആരോപണം. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലും ബാണാസുരമലയില്‍ സക്രിയമല്ല. പഞ്ചായത്തിന്‍െംറയും മറ്റും ലൈസന്‍സ് കരസ്ഥമാക്കാന്‍ എളുപ്പവഴികള്‍ കണ്ടെത്തിയ പാറവ്യവസായികള്‍ ഈ മലനിരകള്‍ കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയാണ്.

പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ കേവലം ദിവസങ്ങള്‍ മാത്രം നിലനില്ക്കുന്ന സ്റ്റേ ഓര്‍ഡര്‍ വരും. പിന്നീട് ആരും അറിയാതെ ഇതെല്ലാം നീക്കിയെടുക്കും. ഇത്തരം നടപടികള്‍ പേരിനു മാത്രമാണ് എന്നാണ് ആരോപണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ബാണാസുരമലയില്‍ രണ്ടായിരം ഹെക്ടര്‍ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കര്‍ഷകരെ വന്‍തുക നല്കി മലയില്‍നിന്ന് ഒഴിപ്പിച്ചെടുത്തത്. റിസോര്‍ട്ട് തുടങ്ങാനാണ് ഭൂമി വാങ്ങുന്നത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ വന്‍കിട ഫ്‌ളാറ്റ്‌നിര്‍മാണ കമ്പനികളുടെ വന്‍ കരിങ്കല്‍പ്ലാന്റ് തുടങ്ങാനാണ് ഇവരുടെ നീക്കം.

അതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ബാണാസുരമലയ്ക്ക് ഏറ്റവും ഒടുവില്‍ തുണയാവുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ പഠനം നടത്തിയ ജൈവ വൈവിധ്യബോര്‍ഡുമായി ആശയം പങ്കുവെച്ചിട്ടുണ്ട്. ചെറുകിട ക്വാറി വ്യവസായത്തിനുപോലും ഇത് തിരിച്ചടി നല്കും. ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മാത്രം പരിസ്ഥിതി സൗഹൃദ ഖനനം നടത്തുന്ന ചെറിയ ക്വാറികള്‍ വന്‍കിടക്കാരുടെ അമിതാവേശം നിമിത്തം ഈ തൊഴിലില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നിട്ടുണ്ട്. വലിയ യന്ത്രങ്ങള്‍ സ്ഥാപിച്ചാണ് ചില ക്വാറികള്‍ ബാണാസുരമലയെ അരിഞ്ഞെടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം പാറമടകളാണ് പരിസ്ഥിതിയെ മാറ്റിമറിക്കുന്നത്. ഇവര്‍ക്കുവേണ്ടി നിര്‍മാണ വസ്തുദൗര്‍ലഭ്യം ഉയര്‍ത്തിക്കാട്ടി സമരം ചെയ്യാനും സംഘടനകള്‍ രംഗത്തുവരുന്നുണ്ട്.

ബാണാസുരമലയിലെ കരിങ്കല്‍ ഖനനം പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കുന്നതായി സംസ്ഥാന ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രീയ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2003-ല്‍ സെസ്സിലെ ജി. ശങ്കര്‍, ആര്‍. അജയകുമാര്‍ വര്‍മ, സി.എന്‍. മോഹനന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് പാറഖനനത്തിന്റെ തീവ്രത വെളിപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ വൈകുകയാണ്. നരിപ്പാറയില്‍ ഇരുനൂറോളം ആദിവാസികുടുംബത്തിന്റെയും മുന്നൂറോളം മറ്റു കുടുംബങ്ങളുടെയും ജീവന്‍ പണയപ്പെടുത്തിയാണ് ക്വാറി പ്രവര്‍ത്തനം.

ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം ഭൂമി താഴല്‍ പോലുള്ള പ്രതിഭാസം സംഭവിക്കാന്‍ സാധ്യതയുള്ളതായാണ് സെസ്സ് മുന്നറിയിപ്പ് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാരാമ്പറ്റയിലെ പത്തോളം വീടുകള്‍ക്ക് പാലം നിര്‍മാണത്തിനായി പാറഖനനം നടത്തിയപ്പോള്‍ വിള്ളലേറ്റിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമായ ബാണാസുരസാഗറിനെപ്പോലും പാറഖനനം പ്രതികൂലമായി ബാധിക്കും.

ജിയോളജിയുടെയും വനംവകുപ്പിന്റെയും പ്രാദേശികഭരണ നിര്‍വഹണ സംവിധാനത്തിന്റെയും അനാസ്ഥയാണ് വയനാട് ജൈവമണ്ഡലത്തിന് വന്‍ തിരിച്ചടിയാവുന്നത്. പാരിസ്ഥിതിക ദുരന്ത മുന്നറിയിപ്പുകളെല്ലാം അവഗണിക്കുന്നതില്‍ വയനാട് മുന്നിലാണ്. കാലവര്‍ഷമെത്തുമ്പോള്‍ മലനിരകളില്‍ ഉരുള്‍പ്പൊട്ടല്‍ പതിവാണ്. വര്‍ഷംതോറും നിരവധി ജീവന്‍ പൊലിയുമ്പോഴും താത്കാലിക മുന്‍കരുതലുകളല്ലാതെ നടപടിയൊന്നുമില്ല.

1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സര്‍വേഷന്‍ റൂള്‍, 1999-ലെ ഗ്രാനൈറ്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റൂള്‍ എന്നിവ പ്രകാരം പ്രകൃതിദത്ത ജലശ്രോതസ്സുകള്‍ക്കോ വനത്തിനോ യാതൊരു കോട്ടവും വരുത്താതെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വിശദമായ മൈനിങ് പ്ലാന്‍ സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ ക്വാറിലീസും ജിയോളജി പെര്‍മിറ്റും അനുവദിക്കാന്‍ പാടുള്ളൂ. മൈനിങ് പ്ലാനിന്റെ നഗ്‌നമായ ലംഘനമാണ് വയനാട് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പരമാവധി 20 അടി താഴ്ചയില്‍ മാത്രമാണ് ഖനനം നടത്താന്‍ നിയമം അനുവദിക്കുക. എന്നാല്‍, വയനാട്ടിലെ ക്വാറികള്‍ 175 അടിയിലധികം താഴ്ചയിലുള്ളതാണ്.

സഹകരണ മേഖലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങിയാല്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധപക്ഷം. അനധികൃത മണല്‍വാരലും വനംകൊള്ളയും മറുഭാഗത്ത് മുന്നേറുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നിയമ നടപടികള്‍ അത്യാവശ്യമാണ്.

Posted on: 16 Oct 2011 Mathrubhumi wayanad News

Saturday, October 15, 2011

സഞ്ചാരികളുടെ മനംകവര്‍ന്ന് പ്രകൃതിഭംഗികള്‍

വയനാട്/പടിഞ്ഞാറത്തറ: മഴ മാറിയതോടെ വയനാടിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തിരക്കിലായി. നൂറുകണക്കിന് മറുനാടന്‍ സഞ്ചാരികളും അഭ്യന്തര ടൂറിസ്റ്റുകളുമാണ് വയനാടിനെ സ്‌നേഹിച്ചെത്തുന്നത്. ചരിത്രപൈതൃകം സൃഷ്ടിക്കുന്ന ശിലാഗുഹയായ എടക്കലിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ചെങ്കുത്തായ എടയ്ക്കല്‍ മലകയറാന്‍ പ്രായഭേദമെന്യേ വന്‍ തിരക്കാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാലിഖിതമാണ് ഈ ഗിരിപര്‍വതത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നത്.

വയനാടിന്റെ കളിപ്പൊയ്കയായി വിശേഷിപ്പിക്കുന്ന പൂക്കോട് തടാകത്തില്‍ ഉല്ലാസബോട്ടുയാത്ര അവിസ്മരണീയ അനുഭവമാണ്. പൂജാ അവധിവേളയില്‍ മൂവായിരത്തിലധികം സഞ്ചാരികളാണ് കര്‍ണാടകയില്‍നിന്നു മാത്രം ഇവിടെയെത്തി മടങ്ങിയത്. നാലു കുന്നുകള്‍ക്ക് നടുവിലായുള്ള തടാകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നോഡല്‍ കേന്ദ്രമാണ്.

മാനം തൊട്ടുനില്ക്കുന്ന മലനിരകള്‍ക്ക് അഭിമുഖമായി നിലകൊള്ളുന്ന ബാണാസുരസാഗറാണ് വയനാട്ടിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിനോദകേന്ദ്രം. ഏഷ്യയിലെ രണ്ടാമത്തെ എര്‍ത്ത്ഫാം എന്നു വിശേഷിപ്പിക്കുന്ന ബാണാസുരസാഗറില്‍ കെ.എസ്.ഇ.ബി. ഹൈഡല്‍ പദ്ധതിയാണ് നടപ്പാക്കുന്നത്. ഏഴു കിലോമീറ്ററോളം കുന്നുകളെ വലംവെച്ച് തടാകത്തിലൂടെ ബോട്ടുയാത്രയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പോലും സഞ്ചാരികള്‍ ഇവിടെ ഏറെ നേരം ചെലവിടുന്നു.

വന്യജീവി സങ്കേതങ്ങള്‍, കുറുവാ ദ്വീപ്, തീര്‍ഥാടകരുടെ പുണ്യഭൂമിയായ തിരുനെല്ലി എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങള്‍, പക്ഷിപാതാളം എന്നിവ കാണാന്‍ പ്രത്യേകമായി എത്തുന്ന സാഹസിക സഞ്ചാരികളും ഏറെയുണ്ട്. സ്വാഭാവിക വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് വയനാടിന് മുതല്‍ക്കൂട്ടാവുന്നത്. റി സോര്‍ട്ടുകളും മറുനാടന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ഇതിനെ ചൂഷണം ചെയ്ത് സഞ്ചാരികളെ പിഴിയുന്നു എന്ന ആരോപണവുമുണ്ട്.
വിനോദകേന്ദ്രങ്ങളില്‍ നിന്നും ഡി.ടി.പി.സി.യും വനംവകുപ്പും പുരാവസ്തു വകുപ്പും കെ.എസ്.ഇ.ബിയും വന്‍ വരുമാനം ഉണ്ടാക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി. ഓരോ വര്‍ഷവും വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ ഇങ്ങനെ പതിവു പരാതികള്‍ പറയുമ്പോഴും നില മെച്ചപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വികലവികസനത്തിന് മാതൃകയാവുകയാണ് വയനാടന്‍ വിനോദകേന്ദ്രങ്ങള്‍.

ആദിവാസികളടക്കമുള്ളവരെ പങ്കാളികളാക്കി വിനോദ വ്യവസായം വളര്‍ത്തുന്നതില്‍ അവഗണന തുടരുകയാണ്. മാനന്തവാടി പഴശ്ശി പാര്‍ക്ക്, കര്‍ലാട് തടാകം, കുങ്കിച്ചിറ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്.
'എന്‍ ഊര്‍' പോലുള്ള പദ്ധതികള്‍ വൈകുന്നതിനാല്‍ വികസനസ്വപ്നങ്ങള്‍ മന്ദീഭവിക്കുകയാണ്.
അനുദിനം സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോഴും വയനാട് സൗകര്യം ഒരുക്കുന്നതില്‍ പിന്നോട്ടുപോവുകയാണ്.

Posted on: 15 Oct 2011 Mathrubhumi Wayanad News

Friday, October 14, 2011

'പച്ചിലക്കൂട്ട്' ദേശീയ വന്യജീവി ചലച്ചിത്രോത്സവത്തിലേക്ക്‌

എന്‍ഡോസള്‍ഫാന്‍ ഭീതിയില്‍ കഴിയുന്ന ഒരു കുഞ്ഞന്‍ പുഴുവിന്റെയും നാടന്‍ ഉറുമ്പിന്റെയും കഥ ആനിമേഷനിലൂടെ പറഞ്ഞ് 'പച്ചിലക്കൂട്' അന്താരാഷ്ട്ര പരിസ്ഥിതി സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രാധാന്യമേറിയ പരിസ്ഥിതി ചലച്ചിത്ര ഫെസ്റ്റിവലായ ദേശീയ വന്യജീവി ചലച്ചിത്രം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത് ഒന്ന് കൂടി സ്ഥിരീകരിക്കപ്പെട്ടു. ഡല്‍ഹിയില്‍ ഈ വര്‍ഷം ഡിസംബര്‍ ആറ് മുതല്‍ പത്തുവരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആനിമേഷന്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഹ്രസ്വചിത്രങ്ങളില്‍ ഒന്നാണ് പച്ചിലക്കൂട്.

42 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള ഹ്രസ്വചിത്രം ചില ഭേദഗതികള്‍ വരുത്തി ദൈര്‍ഘ്യംകുറച്ചും പേര് 'മൈ ഹോം ഈസ് ഗ്രീന്‍' എന്നാക്കി മാറ്റിയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്. സംഭാഷണം ഒട്ടുമില്ലാതെ ഏത് ഭാഷക്കാര്‍ക്കും ഏത് പ്രായക്കാര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രശസ്ത ആനിമേറ്ററുമായ കോഴിക്കോട് സ്വദേശി സാജന്‍ സിന്ധുവാണ് സിനിമയുടെ സംവിധാനവും തിരക്കഥയും ഒരുക്കിയിട്ടുള്ളത്.

എല്ലോറ മള്‍ട്ടിമീഡിയ മുന്‍ ഡയറക്ടറായ സാജന്‍ അവിടെ നിന്നാണ് സിനിമ നിര്‍മിച്ചത്. കുട്ടികളെയും പ്രകൃതിയെയും സഹജീവികളെയും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ സാരാംശം. എന്‍ഡോള്‍ഫാന്‍ തുള്ളികള്‍ ശരീരത്തില്‍ പതിക്കുമെന്ന് ഭയന്ന് ജീവിതം തള്ളിനീക്കുന്ന പുഴുവും ഉറുമ്പും കുട്ടികളെ സ്വാധീനിക്കാന്‍തക്ക രീതിയിലാണ് കഥ പറയുന്നത്. ജിബിന്‍ അബ്രഹാം, ആകേഷ് നടരാജന്‍, ആല്‍ബിന്‍ രാജ്, ഷബീബ്, ജസീര്‍, രാകേഷ്, അനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മിഥുനും ഷാനും ചേര്‍ന്നാണ് സംഗീതം സംവിധാനം ചെയ്തിട്ടുള്ളത്. കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ക്ക് സാജന്റെ ഈ ഹ്രസ്വചിത്രം നേരത്തേ അര്‍ഹമായിട്ടുണ്ട്. നഷ്ടപ്പെട്ടുപ്പോയ കാര്‍ഷിക വിത്തിനെ അന്വേഷിക്കുന്നവന്റെ കഥ പറയുന്ന 'കൈയ്യേണി' യാണ് സാജന്റെ പുതിയ ആനിമേഷന്‍ ചിത്രം.

14 October 2011 Mathrubhumi News.

പാരിസ്ഥിതിക അനുമതിക്ക് ഇനി സംസ്ഥാന അതോറിറ്റി

ന്യൂഡല്‍ഹി: വികസനപദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനത്ത് പ്രത്യേക അതോറിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക വിജ്ഞാപനമുണ്ടാവും.
ഇതോടെ സംസ്ഥാനത്തെ വികസന-വ്യവസായ പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതി ഇനി കേരളത്തില്‍ത്തന്നെ നല്‍കാനാവും. പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

2006-ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനതലസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സംസ്ഥാനതല പാരിസ്ഥിതികാഘാത അതോറിറ്റിയും പാരിസ്ഥിതികാഘാതം വിലയിരുത്താനുള്ള വിദഗ്ധസമിതിയും രൂപവത്കരിക്കാന്‍ നിര്‍ദേശവും സമര്‍പ്പിച്ചു. ചെയര്‍മാനടക്കം മൂന്നംഗങ്ങളുള്ളതാവും അതോറിറ്റി. മൂന്നു വര്‍ഷം കാലാവധി. അതോറിറ്റി ചെയര്‍മാനായി കേന്ദ്ര സമുദ്രവികസനവകുപ്പിലെ മുന്‍സെക്രട്ടറി ഡോ. എ. ഇ. മുത്തുനായകത്തെയും മെമ്പര്‍ സെക്രട്ടറിയായി പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറെയും അംഗമായി എം.ജി. സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. ജോയിയെയും നിയമിക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. 16 അംഗങ്ങളുള്ള വിദഗ്ധ സമിതിയുടെ പാനലും അംഗീകാരത്തിനായി സമര്‍പ്പിച്ചു. കഴിഞ്ഞ മാസം മന്ത്രിസംഘത്തോടൊപ്പം ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

പാരിസ്ഥിതികാനുമതി ആവശ്യമുള്ള കേന്ദ്ര പദ്ധതികളെ 'എ' വിഭാഗത്തിലും സംസ്ഥാന പദ്ധതികളെ 'ബി' വിഭാഗത്തിലും ഉള്‍പെടുത്തിയുള്ളതാണ് കേന്ദ്രവിജ്ഞാപനം. എല്ലാ പുതിയ പദ്ധതികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതികാനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ച് പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്ന കാര്യം അതോറിറ്റി തീരുമാനിക്കും. ഒരു പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിശോധന, സാധ്യത, പൊതുചര്‍ച്ച, വിലയിരുത്തല്‍ എന്നീ നാലു കടമ്പകളുണ്ടാവും. സംസ്ഥാനതലത്തില്‍ പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് 'ബി' വിഭാഗത്തിലുള്ള പദ്ധതികളാണ്. ഇവയെ ബി-ഒന്ന്, ബി-രണ്ട് എന്നിങ്ങനെ വേര്‍തിരിക്കും. വിശദമായ പാരിസ്ഥിതികാഘാതപഠനം ആവശ്യമുള്ളവയെ ബി-ഒന്നില്‍ ഉള്‍പെടുത്തും. അല്ലാത്തവയെ ബി രണ്ടിലും ഉള്‍പ്പെടുത്തും.

പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന്റെ ഭാഗമായുള്ള പൊതുചര്‍ച്ച സംഘടിപ്പിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് ഉത്തരവാദിത്വം. ജില്ലാ മജിസ്‌ട്രേറ്റിന്റെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് റാങ്കില്‍ കുറയാത്ത വ്യക്തിയുടെയോ സാന്നിധ്യത്തിലായിരിക്കണം പൊതുചര്‍ച്ച. പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ കിട്ടി 45 ദിവസത്തിനകം ഇതു പൂര്‍ത്തിയാക്കണം. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പദ്ധതി വിവരണം, പരിസ്ഥിതി വിവരണം, പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കും സാങ്കേതികവിദ്യയ്ക്കും സ്ഥലത്തിനുമായി ബദല്‍ മാര്‍ഗങ്ങള്‍, പദ്ധതിയുടെ ഗുണഫലങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും വിശദീകരിക്കണം. ഈ റിപ്പോര്‍ട്ട് ലഭിച്ച് 45 ദിവസത്തിനുള്ളില്‍ പാരിസ്ഥിതികാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.

ധാതുഖനനം, തീരദേശങ്ങളിലെ എണ്ണ-വാതക പര്യവേക്ഷണം, അമ്പതു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലപദ്ധതികള്‍, പുഴയോര പദ്ധതികള്‍, 500 മെഗാവാട്ട് വരെ ഉത്പാദന ശേഷിയുള്ള താപോര്‍ജനിലയങ്ങള്‍, ആണവോര്‍ജ പദ്ധതികള്‍, വര്‍ഷത്തില്‍ ദശലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള സിമന്റ് പ്ലാന്റുകള്‍, പെട്രോളിയം വ്യവസായം, തുകല്‍ സംസ്‌കരണം, രാസവള ഫാക്ടറികള്‍, കീടനാശിനി ഉത്പാദനം, പേപ്പര്‍-പള്‍പ്പ് വ്യവസായം, ഡിസ്റ്റിലറികള്‍ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം ഇനി സംസ്ഥാനതലത്തില്‍ പാരിസ്ഥിതിക അനുമതി നല്‍കാം. ഇവയ്‌ക്കെല്ലാം നിര്‍ബന്ധമായും പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

നിലവിലുള്ള ജലസേചനപദ്ധതികളുടെ ആധുനികീകരണം, ഇപ്പോഴുള്ള വ്യവസായ പാര്‍ക്കിലെയും വ്യവസായ എസ്റ്റേറ്റിലെയും പദ്ധതികള്‍, അധികമായി ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ലാത്ത ദേശീയപാത, റോഡ് വികസനം, കെട്ടിട നിര്‍മാണ പദ്ധതികള്‍, ടൗണ്‍ഷിപ്പ് എന്നിവയ്‌ക്കൊന്നും പാരിസ്ഥിതികാഘാതപഠനം ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രസമിതിയുടെ പാരിസ്ഥിതികാനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ തുടരും.

(പി.കെ. മണികണ്ഠന്‍) Mathrubhumi 14.10.2011 News

കിണറ്റിലെ വെള്ളം കത്തുന്നു; കാണാന്‍ ജനത്തിരക്ക്‌

താനൂര്‍: താനൂര്‍ കടപ്പുറത്തെ ഒരു വീട്ടിലെ കിണറ്റിലെ വെള്ളം കത്തുന്നത് കാണാന്‍ ജനത്തിരക്ക്. കോര്‍മന്‍കടപ്പുറത്ത് ഫക്കീര്‍ പള്ളിക്കുസമീപം ചോയീന്റെ പുരക്കല്‍ അബ്ബാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണിത്. 11 റിങ്ങുകള്‍ കൊണ്ടുണ്ടാക്കിയ കിണറില്‍ ഒരു റിങ് മാത്രമേ വെള്ളമുള്ളൂ.

ഒരാഴ്ചയിലേറെയായി വെള്ളത്തിന് രൂക്ഷമണ്ണെണ്ണഗന്ധം ഉണ്ട്. ആരെങ്കിലും മണ്ണെണ്ണ ഒഴിച്ചതാകാമെന്ന് കരുതി വെള്ളം വറ്റിച്ചു. പിന്നീടും മണ്ണെണ്ണമണവും നേരിയ കൊഴുപ്പും വെള്ളത്തിന് കണ്ടെത്തി. നാലുതവണ വറ്റിച്ചിട്ടും ഗന്ധവും നിറവ്യത്യാസവും മാറ്റമില്ലാത്തതിനെത്തുടര്‍ന്നാണ് വെള്ളം കത്തിച്ചുനോക്കിയത്.

കടലാസോ തുണിയോ വെള്ളത്തില്‍ മുക്കിയാല്‍ തീകത്തിച്ചാല്‍ നല്ലരീതിയില്‍ കത്തുന്നുണ്ട്. കടലില്‍നിന്നും 400 മീറ്റര്‍ അകലെയാണ് കിണര്‍. താനൂര്‍ സി.എച്ച്.സിയിലെ ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി ജലം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പ്രതിഭാസം കാണാന്‍ വിവിധ സ്ഥലങ്ങളില്‍നിന്നും ജനമെത്തുന്നുണ്ട്.

Posted on: 14 Oct 2011 Mathrubhumi Malappuram News   

Thursday, October 13, 2011

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കംകണ്ടം സന്ദര്‍ശിച്ചു ചക്കംകണ്ടം കണ്ടല്‍ വനമാപ്പില്‍ സ്ഥാനം പിടിക്കും

ചാവക്കാട്: സംസ്ഥാനത്തെ കണ്ടല്‍ വനമാപ്പിലേയ്ക്ക് ചക്കംകണ്ടവും സ്ഥാനം പിടിക്കുന്നു. ചക്കംകണ്ടം കായലിന്റെ കരകളോട് ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ച്ചെടികളെ ഇക്കാലമത്രയും വനംവകുപ്പ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികളുടെ സമൃദ്ധി സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ സി.എഫ്. ജോര്‍ജ് സര്‍ക്കാരിനും വനംവകുപ്പിനും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനും നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ജോര്‍ജിന്റെ ശ്രമങ്ങള്‍ക്കാണ് ഫലമുണ്ടാകാന്‍ പോകുന്നത്.

ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികള്‍ പരിശോധിക്കാന്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ ചക്കംകണ്ടം മേഖല സന്ദര്‍ശിച്ചു. വനംവകുപ്പ് വടക്കാഞ്ചേരി റേഞ്ച് ഓഫീസര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍നായര്‍, എരുമപ്പെട്ടി ഡ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.സി. ജോണ്‍സണ്‍, ഗാര്‍ഡുമാരായ എസ്. രാജേഷ്, കെ.ടി. ഹരിപ്രസാദ്, കെ.എ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചക്കംകണ്ടത്തെത്തിയത്. ജോര്‍ജില്‍നിന്നും പരിസരവാസിയായ കെ.എ. ശ്രീധരനില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.

ചക്കംകണ്ടത്ത് രണ്ട് തരത്തിലുള്ള കണ്ടല്‍ ച്ചെടികളുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു. ചക്കംകണ്ടത്തെ കണ്ടല്‍ച്ചെടികളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. സമീപപ്രദേശങ്ങളും കുണ്ടുവക്കടവും കനോലിക്കനാലിന്റെ വിവിധ തീരങ്ങളും സംഘം സന്ദര്‍ശിച്ചു. ചക്കംകണ്ടം കായലിലെ കണ്ടല്‍ച്ചെടികള്‍ നാശത്തിന്റെ വക്കിലാണെന്ന് ഒരു വര്‍ഷം മുമ്പ് കെ.എഫ്.ആര്‍.ഐ. വന്യമൃഗ ജീവശാസ്ത്രം വിഭാഗത്തിലെ ഡോ.ഇ.എ. ജെയ്‌സണ്‍ ചക്കംകണ്ടത്തെത്തി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Posted on: 13 Oct 2011 Mathrubhumi Thrissur News

Wednesday, October 12, 2011

കുട്ടനാട്ടില്‍ കരിങ്കല്‍ ബണ്ടിനു നീക്കം

കോട്ടയം: പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിനു കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തപ്പെട്ട പല നിര്‍ദേശങ്ങളും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുകയാണ്. വ്യക്തിഗത സഹായങ്ങള്‍ക്കും പാടശേഖരങ്ങളുടെ പുറംബണ്ടു നിര്‍മാണത്തിനു മാണ് മുന്‍ഗണന.

അശാസ്ത്രീയ ബണ്ട് നിര്‍മാണം കുട്ടനാടിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. കുട്ടനാടിനെ തകര്‍ക്കുംവിധമുള്ള കരിങ്കല്ലു നിര്‍മാണങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം.

പാക്കേജിലെ 3500 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിന്റെ ശേഷിയെ എങ്ങനെ ബാധിക്കുമെന്നുള്ള യാതൊരു പഠനവും നടത്തിയിട്ടില്ല.

ഡോ. സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ചെളി കൊണ്ടുള്ള ബണ്ട് നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്നാണ്. ലക്ഷക്കണക്കിനു ടണ്‍ കരിങ്കല്ല് കുട്ടനാട്ടില്‍ കൊണ്ടിട്ടാല്‍ അവിടത്തെ ലോലമായ പാരിസ്ഥിതിക ആവാസവ്യവസ്ഥ തകരും. അവിടെ ആവശ്യമായി വരുന്ന കരിങ്കല്ലെല്ലാം തന്നെ മലയോര ജില്ലകളെ തകര്‍ത്ത് പൊട്ടിച്ചെടുക്കേണ്ടി വരും. നിയമം ലംഘിച്ചുള്ള പാറമടകള്‍ മറ്റൊരു പാരിസ്ഥിതിക തകര്‍ച്ചയ്ക്കും ഇടയാക്കും.

മുരിക്കന്‍ 20 അടി താഴ്ചയുള്ള കായലുകള്‍ ഒന്നാന്തരം നെല്‍പ്പാടങ്ങളാക്കിയത് ജലപാതകളില്‍ നിന്ന് ചെളി കുത്തിയെടുത്താണ്.
ജലപാതകളില്‍നിന്നു ചെളിയെടുത്തു ബണ്ടു കെട്ടുമ്പോള്‍ ഇവയുടെ ആഴം കൂടും. നീരൊഴുക്കു പുനഃസ്ഥാപിക്കുകയും ജലസസ്യങ്ങള്‍ മാറ്റപ്പെടുകയും ചെയ്യും. മല്‍സ്യസമ്പത്ത് വര്‍ധിക്കും.

കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള നിര്‍മാണത്തിനുവരുന്ന പണച്ചെലവ് പരിഗണിക്കപ്പെടുന്നതേയില്ല. വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളിലുള്‍പ്പെടുത്തി 75% കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാനുള്ള ബന്ധപ്പെട്ട ഒൌദ്യോഗിക സംവിധാനത്തിന്റെ ശ്രമം ഇതിന്റെ പിന്നിലുണ്ട്. കഴിഞ്ഞകാലങ്ങളില്‍ കുട്ടനാട് വികസനപദ്ധതികളിലുള്‍പ്പെടുത്തി പാതിവഴി ഉപേക്ഷിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങള്‍. എ.സി. കനാലും, തണ്ണീര്‍മുക്കം ബണ്ടും ഉദാഹരണം. ബണ്ടുനിര്‍മാണത്തിലും ഇൌ ഗതി വന്നുകൂടായ്കയില്ല.
ഡോ. സ്വാമിനാഥന്റെ ശുപാര്‍ശ പരിഗണിച്ച് ചെളി ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തുകയും വിവിധതരം ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങളും കൂടാതെ സാധ്യമായ സ്ഥലങ്ങളില്‍ ജിയോ ടെക്സ്ടൈല്‍ ഉപയോഗിച്ച് ബണ്ടു കൂടുതല്‍ ബലപ്പെടുത്തണം.

പരിസ്ഥിതി പ്രശ്നങ്ങള്‍ കുട്ടനാടന്‍ ജനതയുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു. ആറുകളും തോടുകളും ചെളിയടിഞ്ഞും, ജലസസ്യങ്ങള്‍ വളര്‍ന്നും നീരൊഴുക്ക് നിലച്ച മട്ടാണ്. മാലിന്യങ്ങള്‍ ഇടാനുള്ള കുപ്പത്തൊട്ടികളായി മാറിയതോടെ രോഗാണു കേന്ദ്രങ്ങളായി ജലസ്രോതസ്സുകള്‍ മാറി. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് നിലനിര്‍ത്തണമെന്ന് കുട്ടനാട് പാക്കേജില്‍ ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്യുന്നു. 700 കിലോമീറ്ററോളം വരുന്ന കനാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുദ്്ധാരണത്തിന് യാതൊരു പരിഗണനയും നല്‍കപ്പെട്ടിട്ടില്ല.
ജലസ്രോതസ്സുകള്‍ വംശനാശഭീഷണി നേരിടുന്ന കുട്ടനാടന്‍ മല്‍സ്യങ്ങളുടെ വളര്‍ച്ചയ്ക്കും ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനും അനിവാര്യമാണ്. മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നത് പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും മല്‍സ്യാഹാരത്തിലെ ലഭ്യത പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ജലസ്രോതസ്സുകളുടെ അതിര്‍ത്തി നിര്‍ണയിക്കണമെന്ന് പാക്കേജില്‍ ശക്തമായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനുവേണ്ടി ഗവണ്‍മെന്റ് ഒന്നും ചെയ്തിട്ടില്ല. അതിരുകള്‍ നിര്‍ണയിക്കാതെ സ്വകാര്യപാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നിര്‍മിക്കുന്നത് ജലസ്രോതസ്സുകളുടെ മരണമണി മുഴക്കും.

കുട്ടനാട് പദ്ധതികള്‍ പുനരാലോചനയ്ക്കു വിധേയമാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡോ. സ്വാമിനാഥന്റെ ശുപാര്‍ശകള്‍ക്കനുസരിച്ച് മാത്രമെ നടത്താവു.

എന്‍.കെ. സുകുമാരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, പമ്പാ പരിരക്ഷണ സമിതി)ManoramaOnline Environment

പേടിയില്ലാ റെക്കോഡ്

ഏതു വമ്പന്‍ ശത്രുവിനെയും ഒട്ടും പേടിയില്ലാതെ നേരിടാനുള്ള സാമര്‍ത്ഥ്യം ! ഇരയെ അതിവേഗം കടിച്ചു മുറിക്കാന്‍ സഹായകരമായ ദൃഢതയുള്ള കൂര്‍ത്ത പല്ലുകള്‍; ആഫ്രിക്കയിലും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ കാണപ്പെടുന്ന ഹണിബാഡ്ജറിന്‍െറ സവിശേഷതകളാണിത്.  ലോകത്തിലെ ഏറ്റവും പേടിയില്ലാത്ത ജീവി എന്ന നിലയില്‍ ഗിന്നസ് ബുക്കിലും ഇവ സ്ഥാനം പിടിച്ചിരിക്കുന്നു.
മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷനേടാന്‍ സഹായിക്കുന്ന ശരീരാകൃതിയാണിവയ്ക്കുള്ളത്. തലയ്ക്കും ഉടലിനും കൂടി ഏകദേശം 75 സെന്റീമീറ്റര്‍ നീളവും 16 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാവും. ശരീരം മുഴുവന്‍ കാണപ്പെടുന്ന നീളം കൂടിയ രോമങ്ങള്‍, വലിപ്പം കുറഞ്ഞ മുഖം, ചെവികള്‍, നീളമേറിയ കഴുത്ത്, തടിച്ചു കുറുകിയ ബലമുള്ള കാലുകള്‍ എന്നിവയാണ് ഇവയുടെ മറ്റു ശാരീരിക പ്രത്യേകതകള്‍.
ഇവയുടെ ശരീരത്തിന്‍െറ മുകള്‍ഭാഗത്തെ രോമങ്ങള്‍ വെള്ളയോ, വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. എന്നാല്‍ കീഴ് ഭാഗത്തെയും കാലുകളിലെയും വാലിലെയും രോമങ്ങള്‍ക്ക് കറുപ്പ് നിറമാണുള്ളത്.
മരപ്പൊത്തുകളും, പാറയിടുക്കുകളും, മണ്ണു മാന്തിക്കുഴിച്ചുണ്ടാക്കുന്ന മാളങ്ങളുമാണ് ഇവയുടെ പ്രധാന വിശ്രമസ്ഥാനങ്ങള്‍. രാത്രിസഞ്ചാരന്മാരായ ഇവ പകല്‍ മുഴുവന്‍ മാളങ്ങളില്‍ വിശ്രമത്തിലായിരിക്കും. ഒരു രാത്രിയില്‍ ഇരതേടി ഏകദേശം 32 കിലോമീറ്റര്‍ ദൂരം വരെ ഇവ സഞ്ചരിക്കാറുണ്ട്. ചത്ത മൃഗങ്ങളുടെ മാംസം റോഡന്റുകള്‍, പക്ഷികള്‍, മുട്ടകള്‍, പ്രാണികള്‍, തവളകള്‍, ആമകള്‍, തേളുകള്‍, തേന്‍, പഴവര്‍ഗങ്ങള്‍, സസ്യങ്ങളുടെ വേരുകള്‍ തുടങ്ങിയ നീണ്ട ഒരു ഭക്ഷണമെനു തന്നെ ഇക്കൂട്ടര്‍ക്കുണ്ട്.
ഹണിഗൈഡ് പോലെയുള്ള ചിലയിനം പക്ഷികള്‍ തുടര്‍ച്ചയായി പ്രത്യേകതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഇവയെ തേന്‍ കൂടുകളിലേക്കാകര്‍ഷിക്കാറുണ്ട്. ഹണിബാഡ്ജര്‍ കൂടുപൊട്ടിച്ച് തേന്‍ കുടിക്കുമ്പോള്‍ ഈ പക്ഷികള്‍ തേനടകളും ലാര്‍വകളും ഭക്ഷിക്കുന്നു. തേന്‍കൂടു ഭക്ഷിക്കാന്‍ വേണ്ടി എത്ര വമ്പന്‍ മരങ്ങളിലും ഇവ വലിഞ്ഞു കയറും.
ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താന്‍ പ്രത്യേക സാമര്‍ത്ഥ്യം ഉള്ളതിനാലും 'ശവക്കുഴി തോണ്ടുന്ന മൃഗം എന്നൊരു അപരനാമം ഇവയ്ക്കുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷനേടാനായി രൂക്ഷമായ ദുര്‍ഗന്ധത്തോടു കൂടിയ ഒരു സ്രവം പുറപ്പെടുവിക്കുന്നതും ഇവയുടെ സവിശേഷതയാണ്.
ഒരു പ്രസവത്തില്‍ സാധാരണയായി രണ്ട് കുഞ്ഞുങ്ങളാണ് ഇവയ്ക്കുണ്ടാവുക. 6 മാസമാണ് ഇവയുടെ ഗര്‍ഭകാലയളവ്.
സ്വയം  രക്ഷയ്ക്കായി മനുഷ്യരെപ്പോലും ആക്രമിക്കാന്‍ മടികാട്ടാത്ത ഇക്കൂട്ടര്‍ റാറ്റല്‍, തറക്കരടി എന്നീ പേരുകളിലുമറിയപ്പെടുന്നു.
മമേലിയ ക്ലാസില്‍ കാര്‍ണിവോറ ഓര്‍ഡറില്‍ മസ്റ്റെലിഡെ  (Mustelidae) എന്ന കുടുംബത്തിലുള്‍പ്പെടുത്തിയാണിവയെ വര്‍ഗീകരച്ചിരിക്കുന്നത്.  'മെല്ലിവോറ കാപെറെസിസ്  (Mellivora caperisis) എന്നതാണ് 20 വര്‍ഷം വരെ ആയുസുള്ള ഇവയുടെ ശാസ്ത്രീയ നാമം.

ഷിജു ആര്‍. നങ്ങ്യാര്‍കുളങ്ങര Manoramaonline Environment Wonders.

വെറും കൂടുമാറ്റം മാത്രം!

തൃശൂര്‍: സര്‍ക്കാര്‍ തൃശൂരിനു വാഗ്ദാനം ചെയ്ത അത്യാധുനിക മൃഗശാലയ്ക്ക് അകാല ചരമം. പകരം പുത്തൂരില്‍ ഒരുങ്ങുന്നതു തൃശൂര്‍ മൃഗശാല മാറ്റിപ്പാര്‍പ്പിക്കാനുള്ള കര്‍മപദ്ധതി മാത്രം. മൃഗങ്ങളെ തൊട്ടുരുമ്മുന്ന വാഹന സവാരിയായിരുന്നു പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായി പറഞ്ഞിരുന്നത്. മാത്രമല്ല, കാട്ടിലെന്നപോലെ മൃഗങ്ങള്‍ സ്വൈരമായി വിഹരിക്കുന്ന സങ്കേതങ്ങള്‍ ഒരുക്കുമെന്നും പ്രാഥമിക ചര്‍ച്ചാവേളയില്‍ പറഞ്ഞുകേട്ടിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം വനംവകുപ്പ് തയാറാക്കിയ രൂപരേഖയും മുമ്പു ചര്‍ച്ച ചെയ്ത സ്വപ്നപദ്ധതിയും തമ്മില്‍ ആനയും ആടും പോലെയാണു വ്യത്യാസം. മാത്രമല്ല, ഏറെ ചെലവു പ്രതീക്ഷിക്കുന്ന സവാരിയെ കുറിച്ചു രൂപരേഖയില്‍ പരാമര്‍ശംപോലുമില്ല. തിരുവനന്തപുരം മൃഗശാലയുടെ പകുതിമാത്രം വലുപ്പമുള്ള മൃഗശാലയാണു പുത്തൂരില്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ 720 മൃഗങ്ങളുണ്ടെങ്കില്‍ നിര്‍ദിഷ്ട പാര്‍ക്കില്‍ കേവലം 444 മൃഗങ്ങള്‍ മാത്രമെ ഉണ്ടാകു.
പുത്തൂരിലേക്കു മൃഗശാല മാറ്റി സ്ഥാപിക്കാനുള്ള കര്‍മപദ്ധതി നേരത്തെ മൃഗശാല ഡയറക്ടര്‍ ഡോ. ഉദയവര്‍മന്‍ തയാറാക്കിയിരുന്നു. ഈ കര്‍മപദ്ധതിയുടെ അല്‍പം വിപുലമായ പതിപ്പാണു സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപരേഖ എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മൃഗങ്ങളുടെ എണ്ണത്തിലല്ല മറിച്ചു വൈവിധ്യത്തിലാണു മൃഗശാലകളുടെ മികവ്. സന്ദര്‍ശകര്‍ എത്തുന്നതും അപൂര്‍വങ്ങളും വംശനാശം നേരിടുന്നതുമായ മൃഗങ്ങളെ കാണാനാണ്. അനക്കോണ്ട വരെയുള്ള അപൂര്‍വ 

ഉരഗങ്ങളുമായാണു മൈസൂര്‍ മൃഗശാല സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ സാധാരണ രാജവെമ്പാലയാണു തൃശൂര്‍ മൃഗശാലയിലെ ലോക്കല്‍ അനക്കോണ്ട. ഭീമന്‍പാണ്ട പോലുള്ള അപൂര്‍വ മൃഗങ്ങളും കേരളത്തിനു പുറത്തുള്ള മൃഗശാലകളില്‍ ഉണ്ട്.
എന്നാല്‍, കടുവയ്ക്കും പുലിക്കും സിംഹത്തിനുമപ്പുറം അപൂര്‍വ മൃഗങ്ങള്‍ രൂപരേഖയുടെ ഏടുകളിലുമില്ല. ജിറാഫും സീബ്രയും മാത്രമാണു വിദേശ മൃഗങ്ങള്‍.
മൃഗങ്ങളെ സ്വൈരവിഹാരത്തിനു വിടുകയും സന്ദര്‍ശകരെ സുരക്ഷിത കവചങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന തുറന്ന മൃഗശാലകളാണ് ഇപ്പോള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഏതു തരം മൃഗശാലയാണു പുത്തൂരില്‍ നിര്‍മിക്കുന്നതെന്ന് ഇതുവരെ വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മിക്കുന്നതിനു മുന്നോടിയായി വിദേശത്തുനിന്നുള്ള മാതൃകകള്‍ സ്വീകരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. വിവിധ മാതൃകകള്‍ പരിശോധിച്ചു പുത്തൂരിന് യോജ്യമായവ തയാറാക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തെ മറുനാടന്‍ മൃഗശാലകള്‍ കാണാന്‍ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയുടെ വാക്കുകളും പാഴായി. മാതൃകകള്‍ സ്വീകരിച്ചതുമില്ല; സംഘത്തെ നിയോഗിച്ചതുമില്ല.
മൃഗശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു രാജ്യാന്തര കണ്‍സള്‍ട്ടന്‍സിപോലും സ്വീകരിച്ചില്ല. തിരുവനന്തപുരം മൃഗശാലയുടെ മുന്‍ ഡയറക്ടര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.എസ്. യാലക്കിയെ ചുമതലപ്പെടുത്തിയതു മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. മൃഗശാല അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ട സമയം അതിക്രമിച്ചതോടെ സി.എസ്. യാലക്കി തിരക്കിട്ടു രൂപരേഖ തയാറാക്കുകയായിരുന്നു.

ആര്‍. കൃഷ്ണരാജ് ManoramaOnline Thrissur News 12.10.2011

Tuesday, October 11, 2011

മൃഗശാല: ഒടുവില്‍ രൂപരേഖ!

തൃശൂര്‍: പുത്തൂരില്‍ വനംവകുപ്പ് ആരംഭിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കില്‍ 67 വിഭാഗങ്ങളില്‍ പെട്ട 444 വന്യജീവികള്‍ക്ക് വാസസ്ഥാനമൊരുങ്ങും. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതിനായി നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപരേഖ വനംവകുപ്പ് തയാറാക്കി. 79.05 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സൂവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. സ്ഥല സൌകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന തൃശൂര്‍ നഗരത്തിലെ മൃഗശാലയാണു പൂത്തൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 136.85 ഹെക്ടര്‍ സ്ഥലമാണു വന്യജീവികളുടെ സംരക്ഷണം, പഠനം, വംശവര്‍ധനവ് എന്നിവ ലക്ഷ്യമിടുന്ന സൂവോളജിക്കല്‍ പാര്‍ക്കിനു വേണ്ടി ഉപയോഗിക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്ന വരയാടുകള്‍, വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ എന്നിവയുടെ സംരക്ഷണവും വംശവര്‍ധനവുമായിരിക്കും പാര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കുന്നും ചെരിവും നിറഞ്ഞ ഭൂപ്രകൃതി മൂലം തീം അടിസ്ഥാനമാക്കി ജീവികളെ വിന്യസിപ്പിക്കുന്നതിനു പകരം സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നീ വിഭാഗത്തിലായിരിക്കും കൂടുകള്‍ ഒരുക്കുന്നത്.

അതേ സമയം സന്ദര്‍ശകര്‍ക്കു മൃഗശാലയുടെ സജ്ജീകരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ രൂപരേഖ നല്‍കുന്നില്ല. വിദേശ രാജ്യങ്ങളില്‍ കാണപ്പെടുന്ന അത്യാധുനിക പാര്‍ക്കുകളുടെ മാതൃക സ്വീകരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞിരുന്നെങ്കിലും

രൂപരേഖ ഇതു സംബന്ധിച്ചു മൌനം പാലിക്കുന്നു. നിലവിലുള്ളതിനേക്കാള്‍ 20 ഇനം ജീവികള്‍ പാര്‍ക്കില്‍ ഉണ്ടാകും. അതേ സമയം മൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുകയും ചെയ്യും. തൃശൂര്‍ മൃഗശാലയില്‍ 479 വന്യജീവികള്‍ ഉണ്ടെങ്കില്‍ പുതിയ പാര്‍ക്കില്‍ 444 ജീവികള്‍ മാത്രമേ ഉണ്ടാകൂ. ഇപ്പോഴത്തെ മൃഗശാലയില്‍ ഏറ്റവും കൂടുതലുള്ള മാനുകളെ എണ്ണത്തില്‍ കുറവു വരുത്തുന്നതാണു പൂത്തൂര്‍ പാര്‍ക്കിലെ അംഗസംഖ്യ കുറയ്ക്കുന്നത്.

ആനക്കമ്പക്കാരുടെ നാടായ തൃശൂരിലെ പുതിയ പാര്‍ക്കിലും ആനകള്‍ ഉണ്ടാകില്ല. മലയണ്ണാന്‍ മുതല്‍ സിംഹം വരെയുള്ള 25 ഇനത്തില്‍ പെട്ട 220 സസ്തനികളാണു പാര്‍ക്കില്‍ ഉണ്ടാവുക. തൃശൂര്‍ മൃഗശാലയിലെ ഉരഗ വിഭാഗത്തിനെ അതേ പടി നിലനിര്‍ത്തിയാണ് പാര്‍ക്ക് ഒരുക്കുന്നത്. രാജവെമ്പാല മുതല്‍ കടലാമ വരെ ഉരഗ വിഭാഗത്തിലുണ്ടാകും. ഭീമന്‍ പല്ലിയെ മാത്രമാണു പുറത്തു നിന്ന് കൊണ്ടു വരുന്നത്. 15 ഇനത്തില്‍ 68 ഉരഗങ്ങളെ പുതിയ പാര്‍ക്കിലും കാണാം. 24 ഇനത്തില്‍ പെട്ട 150 പക്ഷികളെ പക്ഷി വിഭാഗത്തില്‍ കാണാം. ഇതില്‍ 11 ഇനങ്ങള്‍ വിദേശ പക്ഷികളാണ്.

നിലവില്‍ വിദേശ പക്ഷികള്‍ ഒന്നും തൃശൂര്‍ മൃഗശാലയില്‍ ഇല്ല. ഒട്ടകപ്പക്ഷിയും എമുവും അടക്കമുള്ള വിദേശികളാണു തൃശൂരില്‍ എത്തുന്നത്. ജിറാഫ്, സീബ്ര, ഹിപ്പോപ്പൊട്ടാമസ് എന്നിവയാണു വിദേശികളായ സസ്തനികള്‍. പുത്തൂരിലെ കൈനൂര്‍ വില്ലേജ് ഓഫിസിനു മുന്‍വശത്തായിരിക്കും പാര്‍ക്കിന്റെ പ്രവേശന കവാടം. ഇവിടെ തന്നെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൌകര്യമുണ്ടാകും. ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉണ്ടാകും. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരിക്കും ഡയറക്ടര്‍.

കൂടാതെ രണ്ട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള ഭരണ വിഭാഗം വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള മൃഗപരിചരണ വിഭാഗം എന്നിവയിലായി നൂറോളം ജീവനക്കാര്‍ ഉണ്ടാകും. മൃഗങ്ങളുടെ ഭക്ഷണത്തിനായി പുല്ലു വളര്‍ത്താനും രുപരേഖ ശുപാര്‍ശ ചെയ്യുന്നു. സ്പെഷല്‍ ഓഫിസര്‍ സി.എസ്. യാലക്കിയാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്.

11.10.2011 Manoramaonline Thrissur News

കോഴി അരമണിക്കൂറിനിടയില്‍ ഇട്ടത് 6 മുട്ടകള്‍

 കടയ്ക്കല്‍(കൊല്ലം): അരമണിക്കൂറിനുള്ളില്‍ 6 മുട്ടയിട്ട കോഴി വിസ്മയമായി. മടത്തറ കാരറ വൃന്ദാവനത്തില്‍ ജുനൈദിന്റെ കോഴിയാണ് കേട്ടുകേഴ്‌വിപോലുമില്ലാത്ത സംഭവത്തിലൂടെ നാട്ടുകാരെ അമ്പരപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ കോഴിക്കൂട് തുറക്കാന്‍ രാവിലെ 9ന് എത്തിയപ്പോള്‍ കോഴിക്കൊപ്പം രണ്ടു മുട്ടകള്‍ ഉണ്ടായിരുന്നു. അമ്പരപ്പോടെ ജുനൈദ് നോക്കിനില്‍ക്കെ കോഴി തുടര്‍ച്ചയായി മൂന്ന് മുട്ടകള്‍കൂടി ഇട്ടു. സംഭവമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും കാഴ്ചക്കാരായി എത്തി. കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കോഴി ഒരു മുട്ടകൂടി ഇട്ടു.

പൗള്‍ട്രി ഫാം നടത്തുന്ന ജുനൈദിന്റെ ഈ നാടന്‍കോഴി 6 മാസംമുതല്‍ മുട്ടയിടാന്‍ തുടങ്ങിയതാണ്. ദിവസവും മുട്ടയിട്ടുകൊണ്ടിരുന്ന കോഴി ഒന്നിലധികം മുട്ടയിട്ടത് ആദ്യമായാണ്. പുറന്തോടിന് കട്ടിയില്ലാത്തതിനാല്‍ 6 മുട്ടകളില്‍ മൂന്നെണ്ണം പൊട്ടിപ്പോയി.

 10.10.2011 Mathrubhumi Karshikam.

ആനക്കൂവ ഭംഗിക്കും മരുന്നിനും

ഒരേസമയം സുന്ദരിയായ ഒരു ഉദ്യാനസസ്യവും ഔഷധമഹിമ ഉള്ളിലൊതുക്കിയ ഔഷധസസ്യവും-അതാണ് 'ആനക്കൂവ' എന്ന ക്രേപ് ജിഞ്ചറിന്റെ സവിശേഷത. ഏഷ്യന്‍ സ്വദേശിതന്നെയാണ് ഈ ചെടി; കൃത്യമായിപ്പറഞ്ഞാല്‍ ഇന്‍ഡൊനീഷ്യയിലെ ഗ്രേറ്റര്‍ സുന്‍ഡ ദ്വീപുകള്‍. പേരില്‍ 'ജിഞ്ചര്‍' എന്നുണ്ടെങ്കിലും നമുക്ക് സുപരിചിതമായ ഇഞ്ചിയുമായി വലിയ ബന്ധമൊന്നും ആനക്കൂവയ്ക്കില്ല. 'കോസ്റ്റസ്' എന്ന ജനുസിലാണത് പെടുന്നത്. ഇഞ്ചിക്കുടുംബത്തിന്റെ ഒരകന്ന ബന്ധു എന്നുവേണമെങ്കില്‍ ക്രേപ് ജിഞ്ചറിനെ വിശേഷിപ്പിക്കാം.

നമ്മുടെ നാട്ടിലുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ഉദ്യാനങ്ങളിലൊക്കെ ആനക്കൂവ നന്നായി വളരും. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്ന ക്രേപ് ജിഞ്ചര്‍ ഭൂദൃശ്യത്തിന് (ലാന്‍ഡ്‌സ്‌കേപ്പ്) നാടകീയചാരുത പകര്‍ന്നുനല്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്. എങ്കിലും ഇതിന്റെ ശരാശരി വളര്‍ച്ച ഒന്നര-രണ്ടു മീറ്റര്‍ ഉയരത്തിലാണ്. കടുത്ത പച്ചിലകള്‍ ചെടിത്തണ്ടില്‍ 'സ്‌പൈറല്‍' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കള്‍ക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകള്‍ മെഴുകുപുരട്ടിയതുപോലി രിക്കും. അരികുകള്‍ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങള്‍ തുന്നാന്‍ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതിനാലാണ് ഈ ഉദ്യാനഔഷധിക്ക് 'ക്രേപ് ജിഞ്ചര്‍' എന്ന പേരുകിട്ടിയത്.

വിത്തുകിഴങ്ങ് മണ്‍നിരപ്പിനു തൊട്ടുതാഴെയായി ഇഴഞ്ഞ് മുന്നോട്ടുപോകുന്നതിനനുസരിച്ചാണ് ചെടിയില്‍ പുതിയ തണ്ടുകള്‍ തലനീട്ടുന്നത്. വളരുന്നതനുസരിച്ച് ഈ ചുവന്ന തണ്ടുകള്‍ രസകരമായ രീതിയില്‍ ചുറ്റിവളയുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഇതിലെ ഇലകള്‍ വിടരുന്നത്. ഈ ചുറ്റിത്തിരിയലാണ് ഇതിന് 'സ്‌പൈറല്‍ ജിഞ്ചര്‍' എന്നു പേരു ലഭിക്കാന്‍ കാരണം.

ക്രേപ് ജിഞ്ചര്‍ ഏറെയും പുഷ്പിക്കുന്നത് വേനല്‍ അവസാനിക്കാറാകുന്നതോടെയാണ്. പൂക്കള്‍ വിടര്‍ന്നുകൊഴിഞ്ഞാലും അതിനെ ഉള്‍ക്കൊള്ളുന്ന ചുകപ്പന്‍ പുഷ്പഭാഗം അതേപടി നിലനില്ക്കുകയും ചെയ്യും. 'കോസ്റ്റസ്' എന്ന ജനുസ്സില്‍ നിരവധി ജനങ്ങള്‍ ഉദ്യാന അലങ്കാരത്തിനുവേണ്ടിയാണ് വളര്‍ത്തുന്നത്. ഇതിന്റെതന്നെ 'പിങ്ക്ഷാഡോ' എന്ന ഇനം വെളുത്ത പൂക്കളില്‍ പിങ്ക്‌രാശിയുള്ളതാണ്. 'വേരിഗേറ്റസ്' എന്ന ഇനത്തിന്റെ ഇലകള്‍ക്ക് പച്ചയും വെളുപ്പും കലര്‍ന്ന നിറമാണ്. 'ഫോസ്റ്റര്‍ വേരിഗേറ്റഡ്' എന്ന ഇനത്തിനാകട്ടെ ചുവന്ന തണ്ടുകളും ക്രീം വെള്ളവരകള്‍ കോറിയ വീതിയേറിയ വലിയ ഇലകളും ഉണ്ട്. 'നോവ' എന്ന ഇനമാകട്ടെ വെറും മൂന്നടി ഉയരത്തില്‍ മാത്രമേ വളരാറുള്ളൂ. ഇതിന്റെ ഇലകള്‍ ഇളംപച്ചയാണ്.

ദിവസവും ഏറ്റവും കുറഞ്ഞത് 3 മണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കിട്ടുംവിധമാണ് ആനക്കൂവ വളര്‍ത്തേണ്ടത്. ജൈവവളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ മണ്ണും നിര്‍ബന്ധം. വിത്തുകിഴങ്ങ് മുറിച്ചു നട്ടുതന്നെയാണ് ഇതിന്റെ കൃഷി. ഇത്തരം കിഴങ്ങിന്‍ കഷണങ്ങള്‍ മണ്ണും മണലും ഇലപ്പൊടിയും കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളര്‍ത്താം. അനുകൂല സാഹചര്യങ്ങളില്‍ ഒരൊറ്റ വിത്തുകിഴങ്ങില്‍നിന്നുതന്നെ പുതിയ തണ്ടുകളും ഇലകളും വിടര്‍ത്തി മൂന്നടി വിസ്തൃതിയില്‍ പുതിയ ചെടി വളര്‍ന്നുവ്യാപിക്കും. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളര്‍ത്താറുണ്ട്.

പനിചികിത്സയില്‍ ഇതൊരു അവിഭാജ്യഘടകമാണ്. ഇലകള്‍ ചതച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടിയാല്‍ കടുത്ത പനി കുറയും. സസ്യഭാഗങ്ങള്‍ തിളപ്പിച്ച് കഷായമാക്കിയാല്‍ പനിയുള്ള വ്യക്തിക്ക് അതില്‍ കുളിക്കാം. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാല്‍ ക്ഷാമകാലത്ത് ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. വേണ്ടത്ര നാരുമുണ്ട്. ഇന്‍ഡൊനീഷ്യയില്‍ ഇതിന്റെ ഇളംതണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരള്‍രോഗ ചികിത്സയിലും ഇതിന് ഉപയോഗമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
സീമ ദിവാകരന്‍ (Mathrubhumi Karshikam)             
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക