.

.

Thursday, August 26, 2010

കടലാമകൾക്കുവേണ്ടി ഒരു ഗ്രാമം

വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടൽതീരവാസികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ നിതാന്ത ജാഗ്രതയിലാണ്. കടൽ കടന്നെത്തുന്ന അതിഥികളെ കാത്തുരക്ഷിക്കാൻ അവർ ഉറക്കമുപേക്ഷിച്ച് കടൽതീരത്ത് കാവലിരിക്കുന്നു. ആരാണ് ഈ വിശിഷ്ടാതിഥികൾ എന്നല്ലെ? കടലോരവാസികൾ വെള്ളാമ എന്നു വിളിക്കുന്ന ഒലീവ് റിഡ് ലെ ആമകൾ. ഒലീവ് റിഡ് ലെ ഇനത്തിലുള്ള കടലാമകൾ മുട്ടയിടാനെത്തുന്ന അപൂർവ്വം തീരങ്ങളിൽ ഒന്നാണിത്. കടലാമ മുട്ടകൾ വേട്ടയാടാൻ എത്തുന്നവരെ ഗ്രാമവാസികൾ കയ്യോടെ പിടികൂടുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പുലർച്ചെ രണ്ടു മണിമുതൽ മുട്ടയിടാൻ കരയ്ക്കു കയറുന്ന ആമകളേയും അവയിടുന്ന മുട്ടകളേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഈ ഗ്രാമവാസികൾ മനസ്സിലാക്കിയിരിക്കുന്നു. ആഗോളവന്യജീവി സംഘടനയുടെ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒലീവ് റിഡ് ലെ ആമകൾ ബ്ളാങ്ങാടു മുതൽ മന്ദലംകുന്ന് വരെയുള്ള കടൽതീരത്ത് ചേക്കേറി മുട്ടയിടാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി. ആമ മുട്ടകൾ ഭക്ഷണമായി
ഉപയോഗിച്ചിരുന്ന ഗ്രാമവാസികൾക്ക് ഈ അടുത്തകാലംവരെ ഇതൊരു വരുമാന മാർഗ്ഗമായിരുന്നു. അതുകൊണ്ടുതന്നെ നാൾക്കുനാൾ വിരിഞ്ഞിറങ്ങുന്ന ആമകളുടെ എണ്ണം കുറഞ്ഞു വന്നു. ഇത് ഒലീവ് റിഡ് ലെ ആമകളെ ചാവക്കാട് കടൽത്തീരത്തു നിന്ന് അപ്രത്യക്ഷമാക്കുമെന്നു തിരിച്ചറിഞ്ഞ ജില്ലയിലെ പരിസ്ഥിതി സംഘടന ഗ്രീൻ ഹാബിറ്റാറ്റ് നടത്തിയ വിപ്ളവകരമായ ശ്രമങ്ങൾ ഇവിടെ വിജയം വരിക്കുകയാണ്. 1887ൽ ബ്രസീലിനടുത്തുള്ള ഫെർണാണ്ടോ ഡി. നെരോണ ദ്വീപിൽ ആണ് എച്ച്.എൻ.റിഡ്ലെ എന്നയാൾ ഈ പ്രത്യേക ഇനം ആമയെ കണ്ടത്. ആമക്ക് പിന്നീട് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു. ലെപ്പിഡോചെലീസ് ഒലിവാസിയ എന്നാണ് ഒലീവ് റിഡ്ലെ ആമകളുടെ ശാസ്ത്ര നാമം. ശരാശരി 70 സെന്റീമീറ്റർ വലുപ്പമുള്ള ഇവ പൂർണ്ണ വളർച്ചയെത്തിയാൽ 45 കിലോഗ്രാം തൂക്കമുണ്ടാകും. അങ്കോള, ആസ്ത്രേലിയ, ബംഗ്ളാദേശ്, ബ്രസീൽ, കോസ്റററിക്ക, എൽസൽവദോർ, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമല, ഗയാന, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, മഡ്ഗാസ്കർ, മലേഷ്യ, മെക്സിക്കോ, മൊസാബിക്, മ്യാൻമർ, നിക്ക്വരാഗ, ഒമാൻ, പാക്കിസ്താൻ, പനാമ, പപ്പുവ ന്യൂഗനിയ, പെറു, സെനിഗൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലണ്ട്, ട്രിനിഡാഡ്, ടൊബാഗോ, വെനിസുല എന്നിവിടങ്ങളിലാണ് ഒലീവ് റിഡ് ലെ ആമകൾ തീരത്ത് അടുക്കുന്നത്. മുട്ടയിടാനായിട്ടാണ് ഇവ സാധാരണ കരയിലേക്ക് കയറി വരുന്നത്. തീരത്ത് മണൽമാളങ്ങളുണ്ടാക്കി മുട്ടയിട്ടു കഴിഞ്ഞാൽ കടലിലേക്ക് തിരിച്ചുപോകുന്നു. ഒരാമ ഒരു തവണ 110ൽ ഏറെ മുട്ടകളിടും. 52 മുതൽ 58 ദിവസങ്ങൾക്കകം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്കിറങ്ങും. സൂര്യപ്രകാശവും സൂര്യതാപവുമേറ്റാണ് മുട്ടകൾ വിരിയുക. മുട്ടയിട്ടു കഴിഞ്ഞു കടലിലേക്കു പോകുന്ന തള്ള ആമകൾ പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ല. കടലാമകളേയും മുട്ടയേയും വേട്ടയാടുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷാർഹമാണെങ്കിലും നാൾക്കുനാൾ ഇവയുടെ എണ്ണം കുറഞ്ഞ് വംശനാശത്തിന്റെ വക്കിലാണ്. ലോകത്ത് മുട്ടയിടുന്ന എട്ടുലക്ഷത്തോളം ഒലീവ് റിഡ് ലെ ആമകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ചിലയിടങ്ങളിലും ബംഗാൾ ഉൾക്കടൽ തീരത്ത് ഒരിടത്തുമാണ് ഈ കടലാമകൾ മുട്ടയിടാൻ എത്തുന്നത്. ഏറ്റവും കൂടുതൽ ആമകൾ കൂട്ടത്തോടെ മുട്ടയിടാൻ കര കയറുന്നത് ഒറീസയിലെ റുഷ്ക്കുലിയ തീരത്താണ്. കേരളത്തിന്റെ പടിഞ്ഞാറെ തീരത്ത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടലോരപ്രദേശമായ ബ്ളാങ്ങാട്, എടക്കഴിയൂർ, മന്ദലംകുന്ന് എന്നിവിടങ്ങളിലും, കോഴിക്കോട് കോലാവി തീരത്തും, തിരുവനന്തപുരത്തെ വിഴിഞ്ഞം തീരത്തും ഒലീവ് റിഡ് ലെ ആമകൾ മുട്ടയിടാൻ എത്തുന്നു. കടൽ ഭിത്തിയില്ലാത്ത തീരമാണ് ആമകൾക്ക് കരയ്ക്കെത്താൻ സൗകര്യം. ബ്ളാങ്ങാടു മുതൽ മന്ദലംകുന്നുവരെയുള്ള തീരം ആമകൾക്ക് മുട്ടയിടാൻ അനുയോജ്യമാണെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ ഫോറസ്ട്രി കോളേജിലെ ഫാക്കൽറ്റി ഡോ. പി.ഒ. നമീർ പറയുന്നു. കടലാമ മുട്ടകൾ ശേഖരിച്ച് തീരദേശവാസികൾ വില്പന നടത്തിയിരുന്ന കാലമുണ്ടായിരുന്നു. മുട്ട ഒന്നിന് 13 രൂപവരെ വില കിട്ടിയിരുന്നതായി ഗ്രാമീണർ പറയുന്നു. അക്കാലത്ത് ആമ മുട്ട സവിശേഷ ഭക്ഷ്യയിനമായി ചില ഹോട്ടലുകളിൽ വില്പനയും നടത്തിയിരുന്നു. മുട്ടകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതിനാൽ മുട്ട വേട്ട വ്യാപകമാകാൻ കാരണമായി. ഇതിനു പുറമെ, കടലാമ മുട്ടകൾ ഭക്ഷിച്ചാൽ ആസ്തമ തുടങ്ങിയ രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്ന ധാരണ ആമ മുട്ടകൾ അപഹരിക്കപ്പെടാൻ ഇടയാക്കി. ആമ മുട്ടകൾക്ക് ഔഷധഗുണമുണ്ടെന്ന ധാരണ ഇന്നും പരക്കെയുണ്ട്. കടലാമകളുടേയും മുട്ടകളുടേയും നാശം ക്രമാതീതമായ ഘട്ടത്തിലാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രദ്ധ കടലോരത്ത് എത്തിയത്. കടലോരവാസികൾക്ക് ബോധവൽക്കരണം നടത്തികൊണ്ടാണ് ഗ്രീൻ ഹാബിറ്റാറ്റ് രംഗപ്രവേശനം ചെയ്തത്. എടക്കഴിയൂർ സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിതസേനയുടെ പ്രവർത്തകർ ഇതിന് ആക്കം കൂട്ടി.
ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനുമായ എൻ.ജെ. ജെയിംസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഹരിതസേനയുടെ നേതൃത്വത്തിൽ ആമ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണപരിപാടി നടത്തിയത്. 2003 നവംബറിൽ സ്കൂൾ ബസ്സിൽ ആമകളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു ബാനറുമായി ഹരിതസേന യാത്ര ആരംഭിച്ചപ്പോൾ അത് പിന്നീട് ഒരു ഗ്രാമത്തിന്റേയും ഗ്രാമീണരുടേയും വികാരമായി മാറുമെന്ന് ആരും കരുതിയില്ല. ആദ്യമൊക്കെ ചിലരിൽനിന്നും എതിർപ്പുകളുണ്ടായെങ്കിലും കടലാമ സംരക്ഷണത്തിന്റെ ആവശ്യകത നന്നേ ബോധ്യമായിരുന്ന അന്നത്തെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച ആർ.പി. മൊയ്തൂട്ടി അടക്കമുള്ളവർ പിന്തുണയും സഹായവുമായി മുന്നോട്ടു വന്നു. ചാവക്കാട് നഗരസഭ ബജറ്റിൽ വകയിരുത്തി ഗ്രീൻ ഹാബിറ്റാറ്റിന് പണം നൽകി ആമ സംരക്ഷണത്തിൽ പങ്കാളികളായി. തുടർന്ന് ഹരിതസേനയും ഗ്രീൻഹാബിറ്റാറ്റും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ ജാഥകൾ, ബോധവൽക്കരണക്ളാസ്സുകൾ, ക്യാമ്പുകൾ, ഫിലിം ഷോകൾ, ഓരോ വീടും കയറിയിറങ്ങിയുള്ള ബോധവൽക്കരണം, ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സെമിനാറുകൾ, സ്ററിക്കറുകൾ, ബ്രോഷറുകൾ, നോട്ടീസുകൾ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്ക് ആശയമെത്തിച്ചു. രക്ഷാകർത്തൃസംഘടനകളുടെ സഹകരണത്തോടെ അയൽ വിദ്യാലയങ്ങളിലും കടലാമസംരക്ഷണ സന്ദേശമെത്തിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമസഭകളിലും കടലാമ സംരക്ഷണം ചർച്ചാ വിഷയമായി. ഇതോടെ, കടലോരത്തെ പൗരപ്രമുഖരും വിവിധ ക്ളബ്ബുകളും സംഘടനകളും ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രമങ്ങളിൽ പങ്കാളികളാകുകയായിരുന്നു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ആമ ക്ളബ്ബുകളും (Turtle Clubs) രൂപീകരിച്ചു. കടലാമ സംരക്ഷണത്തിന് പ്രചരണ ഉപാധിയായി ദുബായിലെ ഹൈമാഗ് കമ്മ്യൂണിക്കേഷൻസ് ആറ് മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചലച്ചിത്രം നിർമ്മിച്ച് ഗ്രീൻ ഹാബിറ്റാറ്റിന് നൽകി. സന്ദീപ് പി. ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം കടലാമ മുട്ട വേട്ടയാടുന്ന തീരദേശവാസി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതും അവിടെവെച്ച് പശ്ചാതപിച്ച് മനംമാറ്റമുണ്ടായി, ജയിൽ വിമോചിതനായപ്പോൾ ആമ സംരക്ഷകനാകുന്നതുമാണ്.

ഇതിനിടയിൽ ലോകപ്രശസ്ത കടലാമ ശാസ്ത്രജ്ഞനായ ഡോ. ബി. സി. ചൗധരിയുടെ സന്ദർശനം ചാവക്കാടൻ തീരത്തിന് ലഭിച്ച അംഗീകാരമായി. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്ററിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ അദ്ദേഹത്തോടൊപ്പം മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. ശരവണനും ഉണ്ടായിരുന്നു. ഇവർ ആമ സംരക്ഷണ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുക മാത്രമല്ല, ഒലീവ് റിഡ്ലെ ആമകൾ മുട്ടയിടാനെത്തുന്ന തീരങ്ങളുടെ പട്ടികയിൽ ബ്ളാങ്ങാട് മുതൽ മന്ദലംകുന്ന്വരെയുള്ള പ്രദേശങ്ങളേയും ഉൾപ്പെടുത്തി. ഇതോടെ ഈ തീരപ്രദേശം ലോക ശ്രദ്ധ നേടി. നൂറ്റാണ്ടുകളായി ആയിരക്കണക്കിന് കടലാമകളെയാണ് മാംസത്തിനും തോടിനുമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒലീവ് റിഡ് ലെ ആമകളെ മെക്സിക്കോ വംശനാശം നേരിടുന്ന അപൂർവ്വ ജിവിയായിട്ടാണ് കണക്കാക്കുന്നത്. ലോകമെമ്പാടും ഉള്ള കടലോരങ്ങളിൽ വേൾഡ് ലൈഫ് ഫണ്ട് ആമസൗഹൃദ മത്സ്യബന്ധനത്തിനായി പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നു. ഗ്രീൻ ഹാബിറ്റാറ്റിന്റെ അഞ്ചുവർഷത്തിലേറെയായി നടക്കുന്ന പ്രവർത്തനഫലമായി ചാവക്കാടൻ കടലോരത്ത് ഇപ്പോഴാരും കടലാമ മുട്ടകൾ തേടി എത്താറില്ല. അഥവാ ആരെങ്കിലും വന്നാൽ അവർക്ക് താക്കീത് നൽകി തിരിച്ചയക്കാൻ ഗ്രാമീണർ സദാ ജാഗ്രതയിലാണ്. എടക്കഴിയൂർ കടലോരത്ത് ഒരു ഹാച്ചറി സ്ഥാപിക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. സോഷ്യൽ ഫോറസ്ട്രിയിലേക്ക് ഇതിനായി അപേക്ഷ നൽകി കാത്തിരിക്കയാണ് പ്രവർത്തകർ. ഒറീസ കടലോരത്തുള്ളതുപോലെ കടലാമകൾക്ക് മുട്ടയിടാനും മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് ജീവഭീഷണിയില്ലാതെ കടലിലേക്ക് പോകാനും സൗകര്യമൊരുക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ (കോഴിയെപോലുള്ള ഭൂമിയിലെ ഏറ്റവും വലിയ പക്ഷി) ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്. ഒപ്പം ആയിരക്കണക്കിന് ഗ്രാമീണരുടെ നിതാന്ത ജാഗ്രതയിലൂടെ നമുക്ക് നഷ്ടമാകാതിരിക്കുന്നത് ജൈവ വൈവിധ്യത്തിന്റെ തുടിപ്പുകൂടിയാണ്.
ജോയി ഏനാമാവ്

Wednesday, August 25, 2010

ആഗോളതാപനത്തിന്റെ ആദ്യ ഇര


അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്) എന്നാണ് ആ ജീവിയുടെ പേര്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക് ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.


കോസ്റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത് ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത് വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ് മൂടിയ ഉഷ്ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ് സാവേജ് കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്' (Bufo periglenes) എന്ന് ശാസ്ത്രീയനാമം നല്‍കിയത് 1966-ല്‍ മാത്രമാണ്. എഴുപതുകളില്‍ കോസ്റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നു.
സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്തംഭിച്ച് നിന്നുപോകുമെന്ന്, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ് എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന് ആദ്യം വിശ്വാസം വരില്ലെന്നാണ് അവര്‍ പറയുന്നത്. 'കാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവ' ഇന്‍ സെര്‍ച്ച് ഓഫ് ദി ഗോള്‍ഡന്‍ ഫ്രോഗ് എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച് സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ് സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു എന്നാണ് കണക്ക്.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ് ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍-മെയ് കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ് പുറത്തിറങ്ങുക. പ്രജനനം നടത്താനാണ് ആ വരവ്. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക് ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന് തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത് ആണ്‍തവളയ്ക്ക് ഏത് ഇണയെ കിട്ടും എന്നത് പ്രവചിക്കാനേ കഴിയില്ല. 'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്ച' എന്നാണ് മാര്‍ട്ടി ക്രംപ് ഇതെപ്പറ്റി പറയുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന് അവ രണ്ടുമാസംകൊണ്ട് വിരിഞ്ഞ് വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന് മോന്റെവെര്‍ഡെ ക്ലൗഡ് ഫോറസ്റ്റ് റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്, 1987 ഏപ്രില്‍ 15-ന് 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന് വറ്റി. തവളകള്‍ തിരിച്ചു പോയതിന് പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ് നശിക്കുന്ന കാഴ്ചയാണ് ദിവസങ്ങള്‍ കഴിഞ്ഞ് ആ ഗവേഷക നിരീക്ഷിച്ചത്.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന് ശേഷം മഴപെയ്തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത് ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ് കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന് കണ്ടെത്താനായില്ല. 1988 ജൂണ്‍ 18-ന് അവര്‍ തന്റെ നോട്ട്ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'അവസാനം നീണ്ട വേനലിന് അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന് വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ് 15-ന് മാര്‍ട്ടി ക്രംപ് വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്റ്റാറിക്കയില്‍ പിന്നീട് ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത് പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത്. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന് പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന് ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999-ല്‍ 'നേച്ചര്‍' മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന് കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന് സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയ്ക്ക് കീഴില്‍ ക്ലൈമറ്റ് റിസര്‍ച്ച് യൂണിറ്റിലെ മൈക്ക് ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന് നടത്തിയ ആ പഠനത്തില്‍, 1970-കള്‍ക്ക് ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്മാവ് വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്തു. അതാണ് മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന് കോടമഞ്ഞ് അകറ്റിയത്. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്പവുമാണ്. അത് അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ് ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ് ആഗോളതാപനത്തിലെ മുഖ്യപ്രതി. 'നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ് നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയാലെന്നപോല'- ദി വെതര്‍ മേക്കേഴ്‌സ് എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടിം ഫ്ലനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച് കോസ്റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്, 'അവയെ ആരാണോ കണ്ടെത്തുന്നത് അയാള്‍ക്ക് ആനന്ദം ലഭിക്കും' എന്നാണ്. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക് എന്താണ് ലഭിക്കാനിരിക്കുന്നത്!


അവലംബം:
Crump, Marty (2000), In Search of the Golden Frog (Chicago: The Chaicago University Press)

Flannery, Tim (2005), The Weather Makers: How Man Is Changing the Climate and What It Means for Life on Earth (Melbourne: The Text Publishing Company)

Silver, Jerry (2008), Global Warming and Climate Change Demystified (New York: McGrawHill Books)

www.mathrubhumi.com

മറഞ്ഞുപോയ അത്ഭുത ജീവികള്‍

എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്‍ക്കുമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക.


1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്‍ഷം മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്‍ണരൂപത്തിലുള്ളതാണ്.




2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്‍ത്തിയായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്‍ഗത്തിന്റെ തിരോധാനം പൂര്‍ത്തിയായി.




3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഈ ജീവിവര്‍ഗം, ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്‍ഗം അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്‍പ്പിട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി.




4. സ്‌റ്റെല്ലാര്‍സ് കടല്‍പ്പശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്‍പ്പശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്‍ഗം അന്യംനിന്നു. ഇവയുടെ പാര്‍പ്പിട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.




5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്.


6. കാസ്പിയന്‍ കടുവ (Caspian Tiger): കടുവകളുടെ ഉപവര്‍ഗമായ ഇവയ്ക്ക് പേര്‍ഷ്യന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1970-ഓടെ അന്യംനിന്നു. കാസ്​പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്‍കടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.



7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്‍ത്തുമൃഗമായിരുന്നു അത്. 20 ലക്ഷം വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ജീവിവര്‍ഗം, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്‍ഷം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്‍ഡാവിയ, ട്രാന്‍സില്‍വാനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്‍ഗം കുറ്റിയറ്റു.


8. ഭീമന്‍ ഓക്ക് (Great Auk): പെന്‍ഗ്വിനുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്‍ഗത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്‍ഗത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.




9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്‍ഗമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്‍ഷം മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്‍ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്‍ഷം മുമ്പാകണം ഈ വര്‍ഗത്തിന് വന്‍തോതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്‍ഷം മുമ്പുവരെ ബാള്‍ക്കന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.




10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്‍ണമായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.




11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്‍വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്‍ത്തിയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്‍ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്‍സിനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.




12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്‍ഷം മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്‍വം ബ്രിട്ടന്‍ ഈ ജീവിവര്‍ഗത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്‍ഡ് രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍മായി ഉന്‍മൂലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.




13. സുവര്‍ണ തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്‍ണ തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്‍ണ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്‍പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്‍നിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്‍ണ തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്.

(കടപ്പാട്: ICUN; UNEP; World Watch Institute, www.mathrubhumi.com)

17000 ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീഷണിയില്‍


ജീവിവര്‍ഗങ്ങളില്‍ വലിയൊരു ഭാഗം കടുത്ത വംശനാശഭീഷണി നേരിടുകയാണെന്ന്, അന്താരാഷ്ട്ര തലത്തില്‍ നടന്ന ജൈവവൈവിധ്യ പഠനം മുന്നറിയിപ്പ് നല്‍കി. മൂന്നിലൊന്ന് ഭാഗം ജീവിവര്‍ഗങ്ങളും വെല്ലുവിളി നേരിടുകയാണത്രേ.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയ (ഐ.യു.സി.എന്‍) ന്റെ മേല്‍നോട്ടത്തിലുള്ള ചുവപ്പ് പട്ടിക (റെഡ് ലിസ്റ്റ്)യിലെ പുതിയ കണക്കുകളാണ് ജൈവവൈവിധ്യം നേരിടുന്ന ഭീഷണി വ്യക്തമാക്കുന്നത്.
ചുവപ്പു പട്ടികയില്‍ പരിഗണിച്ചിട്ടുള്ള 47,677 ജീവിവര്‍ഗങ്ങതില്‍, 17,291 എണ്ണം ഗുരുതരമായ അപകടാവസ്ഥയിലാണ്. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു.
ആവാസവ്യവസ്ഥകളുടെ നാശം ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികള്‍ ചെറുക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ്, ചുവപ്പു പട്ടികയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗൗരവമാര്‍ന്ന ഒരു വംശനാശ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഏറുകയാണ് ഐ.യു.സി.എന്നിന്റെ ഡയറക്ടര്‍ ജേന്‍ സ്മാര്‍ട്ട് പറഞ്ഞു. 2010 ആകുമ്പോഴേക്കും വംശനാശഭീഷണി കുറയ്ക്കണം എന്ന അന്താരാഷ്ട്ര ധാരണ ഫലവത്താകില്ല എന്നാണ് ഒടുവിലത്തെ വിശകലനം വ്യക്തമാക്കുന്നത് അവര്‍ ഓര്‍മിപ്പിച്ചു.
ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ അവസ്ഥ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഒന്നാണ് ചുവപ്പു പട്ടിക. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗവേഷകരുടെ പ്രവര്‍ത്തനഫലമായാണ് ഈ പട്ടിക സൂക്ഷിക്കുന്നത്.
ഭൂമുഖത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഉഭയജീവികളാണാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. അറിയപ്പെടുന്ന 6285 ഇനം ഉഭയജീവികളില്‍ 1895 എണ്ണം ഭീഷണിയിലാണ്. അതില്‍ തന്നെ 39 ഇനങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് സൂചന. കൂടാതെ 484 ഇനങ്ങള്‍ ഗുരുതരമായ ഭീഷണിയുടെ നിഴലിലാണ്.
പുതിയ പട്ടികയില്‍ 'കിഹാന്‍സി സ്‌പ്രേ തവള' (Nectophyrnoides asperginis) എന്ന ഇനം, 'ഗുരുതരമായ ഭീഷണി നേരുന്ന' വിഭാഗത്തില്‍ നിന്ന് 'വംശനാശത്തിനിരയായ' വര്‍ഗങ്ങളുടെ ഗണത്തിലേക്ക് മാറി. ചില മൃഗശാലകളിലല്ലാതെ, സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഈ ജീവി ഇപ്പോള്‍ അവശേഷിച്ചിട്ടില്ല.
ടാന്‍സാനിയയിലെ കിഹാന്‍സി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് മാത്രം കാണപ്പെട്ടിരുന്ന തവള വര്‍ഗമാണിത്. 1996 വരെ ഇത്തരമൊരു വര്‍ഗം നിലനില്‍ക്കുന്ന കാര്യം പോലും ആരും അറിഞ്ഞിരുന്നില്ല. ആറു വര്‍ഷം മുമ്പ് ഇവയുടെ അംഗസംഖ്യ 2100 വരെയുണ്ടായിരുന്നു. ഇപ്പോള്‍ അവ വന്യതിയില്‍ ഇല്ലാത്ത ജീവികളുടെ ഗണത്തിലായിരിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ മേല്‍ഭാഗത്തായി ഒരു അണക്കെട്ട് വന്നതാണ്, സ്‌പ്രേ തവളകളുടെ അന്ത്യം കുറിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. അതോടെ, പുഴയിലെ നീരൊഴുക്ക് 90 ശതമാനം കണ്ട് കുറഞ്ഞു.
'താരതമ്യേന ചെറിയൊരു വിഭാഗം ജീവികള്‍ കടുത്ത ഭീഷണി നേരിടുന്ന സ്ഥിതിയില്‍ നിന്ന്, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ, ആവാസവ്യവസ്ഥകള്‍ ഒന്നോടെ തകര്‍ന്നടിയുന്ന അവസ്ഥ സംജാതമായിരിക്കുന്നു'സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനി (ഇസഡ്.എസ്.എല്‍) ലെ പ്രൊഫ. ജോനാതന്‍ ബെയ്ല്ലി പറയുന്നു.

(കടപ്പാട്: ഐ.യു.സി.എന്‍).
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക