.

.

Tuesday, January 31, 2012

നിളയില്‍ നീരാടാന്‍ ദേശാടനക്കിളികളെത്തി

വേനല്‍നിളയില്‍ നീരാടാന്‍ ദേശാടനക്കിളികളുടെ വരവായി. പുല്ലുപൂത്ത പുഴയിലെതെളിഞ്ഞ നീര്‍ച്ചാലുകളാണ് പറവകളുടെ കുളിയിടം. വെളളത്തില്‍ നീന്തിത്തുടിച്ചും കലഹിച്ചും മണല്‍പരപ്പിന്‍മേല്‍ വട്ടമിട്ടുപറന്നും ഇവ കാഴ്ചയെ ആകര്‍ഷിക്കുന്നു. അടുത്തകാലത്തായി കടല്‍കാക്കകള്‍ നിളയിലെ നിത്യ തീര്‍ഥാടകരാണ്. സെപ്റ്റംബറിനും ഏപ്രിലിനുമിടയിലാണ് ഇവയുടെ ദേശാടനക്കാലമെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.

തൃശൂരിലെ കോള്‍പ്പാടങ്ങളിലും ഇവയെ കാണാം. പറക്കാനും നീന്താനും കഴിയുന്ന കടല്‍കാക്കകള്‍ കൂട്ടം ചേര്‍ന്നാണ് ജീവിക്കുക. ചെറിയ കടല്‍കാക്കകളാണ് നിളയില്‍ വിരുന്ന് വരുന്നത്.ഒറ്റക്കാഴ്ചയില്‍തന്നെ വല്ലാതെ ഇഷ്ടം തോന്നിക്കുന്ന രൂപമാണ് ചെറുകടല്‍കാക്കളുടേത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇവ കൂട്ടം കൂട്ടമായി താമസം മാറ്റി കൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസങ്ങളിലായി കുറ്റിപ്പുറം പാലത്തിന് സമീപമാണ് ഇവയെ കാണുന്നത്. വരും ദിവസങ്ങളില്‍ ഇവ തൂതപ്പുഴയുടെ സംഗമസ്ഥാനം ലക്ഷ്യം വച്ച് പറന്നു കയറും.

ദേശാടന പക്ഷികള്‍ക്ക് പുറമെ വെളളിയാങ്കല്ലിന് താഴ്ഭാഗത്ത് വരണ്ടുകൊണ്ടിരിക്കുന്ന നിളയില്‍ മീന്‍പിടിക്കാനെത്തുന്ന അനേകം പക്ഷികള്‍ വേറെയുണ്ട്. നീര്‍കാക്കകളും കൊക്കുകളുമാണ് കൂടുതല്‍. ഇവ ഇടകലര്‍ന്ന് കൂട്ടം കൂട്ടമായി ഇരിക്കുമ്പോള്‍ കറുപ്പും വെളുപ്പും കലര്‍ന്ന കാഴ്ച മനോഹരമാണ്. പട്ടിത്തറ ഭാഗത്താണ് ഇവ ധാരാളമായി കാണുന്നത്.
Manoramaonline >> Environment >> News

തോട്ടില്‍ വിഷമാലിന്യം; മീനുകള്‍ ചത്തുപൊങ്ങി

വണ്ടൂര്‍: തോട്ടില്‍ മാലിന്യം കലര്‍ന്ന് ആയിരത്തോളം മീനുകള്‍ ചത്തുപൊങ്ങി. തിരുവാലി പഞ്ചായത്തിലെ കോട്ടാല തോട്ടിലാണ് സംഭവം. സമീപത്തെ ലാറ്റക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യമാണ് തോട്ടിലെ വെള്ളത്തില്‍ പകര്‍ന്നതെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മീനുകള്‍ ചത്തുകിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഒരടിയോളം നീളംവരുന്ന വലിയ മത്സ്യങ്ങള്‍ക്കൊപ്പം ചെറുമീനുകളും മറ്റ് ജലജീവികളും കൂട്ടത്തോടെ ചത്തിട്ടുണ്ട്.പഞ്ചായത്തിലെ കുണ്ടോട്പാലം, താഴെ കോഴിപറമ്പ്, ചെള്ളിതോട് ഭാഗങ്ങളിലൂടെ ഒഴുകുന്ന പ്രധാന തോടാണിത്. നിരവധി കുടുംബങ്ങള്‍ക്ക് കുളിക്കാനും അലക്കാനുമുള്ള ഏക ആശ്രയവും ഈ തോടാണ്. വേനലായതോടെ വെള്ളക്കുറവ് പരിഹരിക്കാന്‍ തടയണകളും നിര്‍മിച്ചിട്ടുണ്ട്. ലാറ്റക്‌സ് മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് പതിവാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

എന്നാല്‍ ലാറ്റക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം തോട്ടില്‍ നിക്ഷേപിക്കാറില്ലെന്നും കമ്പനിസ്ഥലത്ത് സംസ്‌കരിക്കുകയാണ് ചെയ്യാറെന്നും കമ്പനി മാനേജര്‍ പറഞ്ഞു.
31 Jan 2012 Mathrubhumi Malappuram News 

Monday, January 30, 2012

അടിത്തട്ട് തുരന്നും മണലൂറ്റ്: കടലുണ്ടിപ്പുഴയ്ക്ക് മരണമണി

പാണ്ടിക്കാട്: പുഴയുടെ അടിത്തട്ട് തുരന്നുള്ള അനധികൃത മണലൂറ്റില്‍ കടലുണ്ടിപ്പുഴ നശിക്കുന്നു. വേനലില്‍ പുഴ വറ്റിത്തുടങ്ങിയതോടെ ഒറവമ്പുറം, ആനക്കയം, പന്തല്ലൂര്‍ ഭാഗങ്ങളിലാണ് പുഴയില്‍ കുഴികുഴിച്ച് മണലും പുഴങ്കല്ല് ശേഖരണവും നടത്തുന്നത്. മണലൂറ്റാന്‍ വേണ്ട അരിപ്പകളും ട്യൂബും കൊട്ടയുമെല്ലാം പുഴയോരത്ത് തന്നെ സ്ഥാപിച്ച് രാപകല്‍ വ്യത്യാസമില്ലാതെ പരസ്യമായാണ് മണലൂറ്റ് നടക്കുന്നത്. പലയിടത്തും വന്‍ മണല്‍ക്കൂനകള്‍ രൂപപ്പെട്ടിട്ടും കാര്യമായ പരിശോധനകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പുഴയുടെ പലഭാഗത്തും 25 അടിയിലധികം വ്യാസവും പത്തടിയിലധികം ആഴവുമുള്ള നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമാകുന്നതോടെ ഇവ കയങ്ങളായി മാറി അപകടങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. കുഴികളെത്തുടര്‍ന്ന് പുഴ നീര്‍ച്ചാലാവുകയും പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. പലഭാഗത്തും ഇപ്പോള്‍തന്നെ തോടിന്റെ വീതിയിലാണ് പുഴയൊഴുകുന്നത്.
പോലീസോ റവന്യു അധികൃതരോ പുറപ്പെടുമ്പോഴേക്കും മണലെടുക്കുന്നവര്‍ക്ക് വിവരം ലഭിക്കും. പരിശോധകര്‍ സ്ഥലത്തെത്തുമ്പോള്‍ മണല്‍ക്കൂനകളും കുറച്ച് വലകളും കൊട്ടകളും മാത്രമാണ് ഇവര്‍ക്ക് കാണാന്‍ കഴിയുക. കഴിഞ്ഞ ദിവസം ചിറ്റത്ത് പാറക്കടവില്‍ നിന്ന് മണല്‍ വാരാനുള്ള സാമഗ്രികള്‍ പോലീസ് കണ്ടെടുത്തിരുന്നു.
30 Jan 2012 Mathrubhumi Malappuram News

ഞെളിയന്‍പറമ്പിലെ ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തി

നിര്‍മാണത്തിലെ അപകംമൂലം ഞെളിയന്‍പറമ്പിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തിയായി മാറുന്നു. പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ പ്ലാന്റ് ഇനിയും കോര്‍പ്പറേഷന് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഹൈദരാബാദിലെ രാംകി എന്‍ജിനീയറിങ് കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായെന്ന് പറഞ്ഞ് കമ്പനി പ്ലാന്റ് കോര്‍പ്പറേഷന് കൈമാറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അപാകം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. രണ്ടര മീറ്റര്‍ ആഴത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് സംഭരണിയിലേക്ക് മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുള്ള മലിനജലം ശേഖരിച്ച് പ്രത്യേക യന്ത്രസംവിധനത്തിലൂടെ കരിയും മണലും ഉപയോഗിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിടുകയായിരുന്നു പ്ലാന്റ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശുദ്ധീകരണ പ്രക്രിയ വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ട്രയല്‍ പരിശോധനയില്‍തന്നെ കണ്ടെത്തി. അപാകം എത്രയും വേഗം പരിഹരിച്ച് കൈമാറണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. ഇതു കാരണം ഞെളിയന്‍ പറമ്പില്‍നിന്നുള്ള കറുത്ത മലിനജലമാണ് ഓവുചാല്‍ വഴി പുറത്തേക്ക് ഒഴുകുന്നത്. തുടര്‍ച്ചയായി 40 ദിവസം പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ അപകടം പരിഹരിക്കപ്പെടുമെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി.

ഇത്തരത്തില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. സുസ്ഥിര നഗരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നവീകരണ പ്രവൃത്തിയിലാണ് ഞെളിയന്‍ പറമ്പില്‍ 32 ലക്ഷത്തിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിച്ചത്. നിര്‍മാണ ത്തുകയുടെ 80 ശതമാനത്തിലധികം കമ്പനി അധികൃതര്‍ ഇതിനകം കൈപ്പറ്റിക്കഴിഞ്ഞുവെങ്കിലും അപാകം പരിഹരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇതു കാരണം ഒരു വര്‍ഷത്തിലധികമായി പ്ലാന്റ് ഞെളിയന്‍ പറമ്പില്‍ നോക്കുകുത്തിയായി കിടക്കുകയാണ്. പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞെളിയന്‍ പറമ്പില്‍നിന്ന് സമീപപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുകുന്ന പ്രശ്‌നം പൂര്‍ണമായി ഇല്ലാതാകും. നിലവില്‍ പ്ലാന്റില്‍നിന്നുള്ള മലിനജലം ഓവുചാലിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത് അസഹനീയമായ ദുര്‍ഗന്ധത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പണി പൂര്‍ത്തിയാക്കിയ പ്ലാന്റ് കഴിഞ്ഞ ജൂണില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു. നിര്‍മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് അധികൃതരും നിഷേധിച്ചു. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ നടക്കുന്നതിനാലാണ് പ്രശ്‌നപരിഹാരം നീളുന്നത്. അപാകം എത്രയും വേഗം പരിഹരിക്കാന്‍ കമ്പനി അധികൃതരോട് നിര്‍ദേശിച്ചതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മേയര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
30 Jan 2012 Mathrubhumi Kozhikkod News 

Sunday, January 29, 2012

വന്യമൃഗങ്ങള്‍ വെള്ളം തേടി തേക്കടിത്തടാകതീരത്തെത്തിത്തുടങ്ങി

കുമളി: തേക്കടി വനമേഖലയില്‍ വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ തടാകതീരത്തെത്തിത്തുടങ്ങി.

വനത്തിനുള്‍ഭാഗത്ത് ജലലഭ്യത കുറഞ്ഞതോടെ വെള്ളംതേടിയെത്തുന്ന വന്യമൃഗങ്ങള്‍ തടാകതീരത്ത് ഏറെ നേരം ചെലവഴിച്ചശേഷമാണ് മടങ്ങുന്നത്.

ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ വന്യമൃഗങ്ങളാണ് കൂടുതലും തടാകതീരത്തെത്തുന്നത്. തേക്കടി ബോട്ട് ലാന്‍ഡിങ്ങിനു സമീപം വരെയും കഴിഞ്ഞ ദിവസം ഇവ കൂട്ടമായി എത്തിയത് വിനോദസഞ്ചാരികള്‍ക്ക് കൗതുകമായി.

തേക്കടി ബോട്ട്‌ലാന്‍ഡിങ്ങിനെതിര്‍വശത്ത് എത്തിയ ആന വെള്ളം കുടിച്ചശേഷം മണിക്കൂറുകളോളം ലാന്‍ഡിങ്ങില്‍ തന്നെ നിലയുറപ്പിച്ചത് കാണാന്‍ ബോട്ട് ടിക്കറ്റ് ലഭിക്കാതെ നിരാശരായി നിന്നവര്‍ കൂട്ടമായി എത്തി. ഇവര്‍ക്ക് ഫോട്ടോ എടുക്കാന്‍ പറ്റുംവിധം ആന തടാകതീരത്തേക്ക് നീങ്ങി നിന്നതോടെ ഫോട്ടോ എടുക്കാന്‍ സഞ്ചാരികള്‍ മത്സരിക്കുകയായിരുന്നു.
29 Jan 2012 Mathrubhumi Idukki News

കാടിനുള്ളില്‍ നീര്‍ത്തടാകങ്ങള്‍; കാട്ടുചോലകള്‍ തേടി വന്യമൃഗങ്ങള്‍

തിരുനെല്ലി: ശിശിരകാലം പിന്നിട്ട് വയനാട് കൊടും ചൂടിലേക്ക് ഗതിമാറുന്നു. കുടിവെള്ളം തേടി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പലായനവും തുടങ്ങാനിരിക്കുന്നു. കര്‍ണാടക-തമിഴ്‌നാട് വനത്തില്‍ നിന്ന് പച്ചപ്പുകള്‍ അവശേഷിക്കുന്ന വയനാടന്‍ കാടുകളിലേക്കാണ് വന്യമൃഗങ്ങള്‍ വേനലാവുന്നതോടെ കൂട്ടമായെത്തുക. കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുതടാകക്കരയിലാണ് വേനല്‍ കഴിയുന്നതു വരെയും മൃഗങ്ങളുടെ ആവാസം.

കര്‍ണാടകയിലെ ഉഷ്ണമേഖലാ വനങ്ങള്‍ ജനവരി പിന്നിടുന്നതോടെ ഇലപൊഴിച്ചു തുടങ്ങുന്നത് പതിവാണ്. മുളങ്കാടുകളും പൂത്തു നശിച്ചതോടെ ഭക്ഷണം തേടി വനഗ്രാമങ്ങളിലേക്കാണ് വന്യമൃഗങ്ങളുടെ ഘോഷയാത്ര. കണ്ണില്‍ കണ്ടതെല്ലാം പിഴുതെടുത്ത് നിരവധി കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ചാണ് ഇവയൊക്കെയും തിരിച്ചു പോവുക. പലയിടങ്ങളിലും കിടങ്ങുകളും വൈദ്യുതക്കമ്പി വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും വന്യമൃഗശല്യത്തിന് പരിഹാരമാവുന്നില്ല. കാടിനുള്ളില്‍ത്തന്നെ തീറ്റയും വെള്ളവും ലഭ്യമാക്കുകയാണെങ്കില്‍ വന്യമൃഗശല്യത്തിന് നേരിയ കുറവുണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഉഷ്ണമേഖലാ വനങ്ങളില്‍ കാട്ടുതീ കൂടി പതിവായതോടെ വയനാട് വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളുടെ ആവാസമേഖല വിശാലമായിട്ടുണ്ട്. ആനത്താരകളിലൂടെ ആനകളുടെ പ്രയാണം തമിഴ്‌നാട്ടില്‍ നിന്നും സമീപവനമായ കേരളത്തിലേക്ക് നീളുന്നു. വന്യജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ 35 പുതിയ കുളങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വനംവന്യജിവി വകുപ്പ് വയനാടന്‍ കാടുകളില്‍ നിര്‍മിച്ചത്. പതിമൂന്നോളം തടയണകളും മൃഗങ്ങള്‍ക്ക് നീന്തിത്തുടിക്കാന്‍ ഒരുക്കിയെടുത്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 38 കുളങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപകാരപ്രദമാക്കി. കൊടുംവേനലില്‍ ഇത്തവണ വന്യജീവികള്‍ക്ക് ഇത് ആശ്വാസമാവും.

വന്യമൃഗവേട്ടയും കാട്ടുതീയും തടയുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് പ്രതിവര്‍ഷം വനംവകുപ്പ് നടത്തുന്നത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പന്ത്രണ്ടോളം ഏറുമാടങ്ങള്‍ സ്ഥാപിച്ച് വന്യജീവി വകുപ്പ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആധുനിക ഫയര്‍ ബീറ്റുകളും ലഭ്യമാക്കി.

വന്യജീവി സങ്കേതത്തില്‍ വേനലിലാണ് കൂടുതല്‍ മൃഗങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുക. ഇവയെ തടയാനുള്ള പരമ്പരാഗത സംവിധാനങ്ങള്‍ ഗുണകരമല്ല എന്നാണ് കര്‍ഷകരുടെ പരാതി. വൈദ്യുതിക്കമ്പിവേലിയൊക്കെ തകര്‍ത്താണ് മൃഗങ്ങളുടെ കാടിറക്കം. കിടങ്ങുകളുടെ ഭിത്തിയിടിച്ച് കാട്ടാനകള്‍ കൃഷിയിടത്തിലെത്തും.

കാട്ടാനകളെ തുരത്താന്‍ വ്യത്യസ്തമായ നിരവധി പദ്ധതികളാണ് വനംവകുപ്പ് ആവിഷ്‌കരിച്ചത്. കടുവയുടെ ശബ്ദം റെക്കോഡ് ചെയ്ത് ലൗഡ് സ്​പീക്കറിലൂടെ കേള്‍പ്പിക്കുക, സ്ഥിരമായി ആനയിറങ്ങുന്ന വഴികളില്‍ കയറുകളും തുണികളും കെട്ടി അതില്‍ മുളകുപൊടിയും പുകയിലപ്പൊടിയും ഗ്രീസും ചേര്‍ത്ത മിശ്രിതം തേച്ചു പിടിപ്പിക്കുക, ആനപ്പന്തം കത്തിച്ചു വെക്കുക തുടങ്ങിയ നടപടികള്‍ വേണ്ടത്ര വിജയകരമല്ല എന്നാണ് വിലയിരുത്തല്‍.

ഉഷ്ണമെത്തിയാല്‍ ഇലപൊഴിക്കുന്ന തേക്കിന്‍കാടുകളാണ് വന്യജീവി സങ്കേതത്തിന് കടുത്ത ഭീഷണി. അടിഞ്ഞുകൂടുന്ന തേക്കിലകള്‍ കാട്ടുതീയെ ക്ഷണിച്ചു വരുത്തുന്നു.

കര്‍ണാടക നാഗര്‍ഹോള രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തില്‍ വന്‍കുളങ്ങളാണ് മൃഗങ്ങളുടെ ദാഹമകറ്റാന്‍ വന്യജീവി വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചെറുകുളങ്ങള്‍ മാത്രമാണ് വയനാട് വന്യജീവി സങ്കേതത്തിലുള്ളത്.

കടുത്ത വരള്‍ച്ച നേരിട്ട 2004-ല്‍ നിരവധി മൃഗങ്ങള്‍ ദാഹിച്ച് വലഞ്ഞ് ചത്തിരുന്നു. മുളങ്കാടുകള്‍ കൂട്ടത്തോടെ പുഷ്പിച്ചു നശിച്ചതിനാല്‍ ഇത്തവണയും വയനാടന്‍ കാടുകള്‍ കനത്ത വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് ആശങ്ക. ഫയര്‍ സീസണാവുന്നതോടെ തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കും.
29 Jan 2012 Mathrubhumi Wayanad News

Saturday, January 28, 2012

ജല്ലിക്കെട്ട്: വിദേശ പ്രതിഷേധവും

ജല്ലിക്കെട്ടിനെതിരെ വിദേശത്തു നിന്നും പ്രതിഷേധം. അയര്‍ലന്‍ഡ് ആസ്ഥാനമായ മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ റൈറ്റ്സ് ആക്ഷന്‍ നെറ്റ്വര്‍ക്കാണു ജല്ലിക്കെട്ടിനെതിരെ രംഗത്തെത്തിയത്. കാളകളെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ വിനോദം നിര്‍ത്തലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിക്കെഴുതിയ കത്തില്‍ സംഘടനാ സ്ഥാപകന്‍ ജോണ്‍ കാര്‍മോഡി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജല്ലിക്കെട്ടിന് അനുമതി നല്‍കിയെന്നുള്ളതു ദൌര്‍ഭാഗ്യകരമായ കാര്യമാണെന്നു ജോണ്‍ കാര്‍മോഡി പറഞ്ഞു.

മൃഗങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നറിയാം. എന്നിട്ടും ഇത്തരത്തിലുള്ള വിനോദങ്ങള്‍ എങ്ങനെയാണ് ഈ രാജ്യത്തു നടക്കുന്നതെന്നറിയില്ല. മല്‍സരത്തിനു മുന്‍പു കാളകള്‍ക്കു നിര്‍ബന്ധിച്ചു മദ്യം നല്‍കുന്നതായി പോലും കേള്‍ക്കുന്നുണ്ടെന്നു കാര്‍മോഡി പറഞ്ഞു.
കാളകളെ ക്രൂരമായ രീതിയില്‍ പീഡിപ്പിക്കുന്ന ഈ കായിക വിനോദത്തിനെതിരെ ഇന്ത്യ നിലപാടെടുത്തില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കാര്‍മോഡി പറഞ്ഞു.

ഇന്ത്യയിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നു വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും കാര്‍മോഡി പറഞ്ഞു.
Manoramaonline >> Environment >> News

Friday, January 27, 2012

പാറ്റയ്ക്കിഷ്ടം 'നൈറ്റ് പട്രോളിങ്'

ചെറുപ്രാണികള്‍ പ്രകൃതിയുടെ ജൈവവൈവിധ്യത്തിലെ സജീവ പങ്കാളികളാണ്. രസകരമായ ഒരുപാടു കൌതുകങ്ങള്‍ പ്രാണിലോകത്തുണ്ട്. പ്രാണികളുടെ ലോകത്തുനിന്നുള്ള ചില വിസ്മയ വിശേഷങ്ങള്‍.

*പാറ്റയ്ക്കിഷ്ടം ഇരുട്ട് : പ്രകാശം ഇഷ്ടമില്ലാത്തവരാണ് പാറ്റകള്‍. അതുകൊണ്ടാണ് പകല്‍ മാളങ്ങളിലും വിടവുകളിലും മറ്റും ആയി അവ ഒതുങ്ങിക്കഴിയുന്നത്. ഇരുട്ടുവീണുകഴിയുമ്പോഴുള്ള ആദ്യ മണിക്കൂറുകളില്‍ അവ ഉൌര്‍ജസ്വലരാവുന്നു.

*വമ്പന്‍ ചിറക് : ചിറകു വിസ്താരം ഏറ്റവും കൂടുതലുള്ളത് നിശാശലഭമായ ഒൌലറ്റ് മോത്ത് വിഭാഗക്കാര്‍ക്കാണ്. ഇതിന്റെ ചിറകിന് 30 സെന്റി മീറ്റര്‍ വരെ വിസ്താരമുണ്ട്.

*ഒച്ച ആണിനു മാത്രം : ചീവീടുകളിലെ പെണ്‍ജീവികള്‍ നിശബ്ദരാണ്. ആണ്‍വര്‍ഗം മാത്രമാണ് ശബ്ദമുണ്ടാക്കി ശല്യം ചെയ്യുന്നവര്‍. ‘ടിംബല്‍” എന്നു പേരുള്ള ചര്‍മത്തിന്റെ അഭാവംമൂലമാണ് പെണ്‍ചീവീടുകള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ കഴിയാത്തത്.

*ഉറുമ്പിനു താടി തലയില്‍ : ഉറുമ്പുകള്‍ക്ക് തലയിലാണ് താടികള്‍. വലുപ്പമുള്ളതും ദൃഢമായതുമായ ഒരു ജോടി താടികളുണ്ട്. ചെറിയ ശരീരമാണെങ്കിലും രണ്ട് ഉദരം ഉണ്ട്. ഒന്ന് ഭക്ഷണം സംഭരിക്കാനും മറ്റൊന്ന് മറ്റുള്ളവര്‍ക്കായി ആഹാരം ശേഖരിച്ചുവയ്ക്കാനും.

*ഇണയെ തിന്നുന്നവര്‍ : ഇണ ചേരുമ്പോള്‍ തൊഴുകയ്യന്‍ പ്രാണികളിലെ പെണ്‍വര്‍ഗം ആണിനെ ഭക്ഷണമാക്കുന്നു.

*തിളക്കം ഒന്‍പതുവരെ : മിന്നിത്തിളങ്ങുന്ന മിന്നാമിനുങ്ങുകള്‍ രാത്രിയുടെ സൌന്ദര്യമാണ്. പ്രകാശത്തിലൂടെ നിരന്തരം ആശയവിനിമയം നടത്തുകയാണവ. രാത്രി ഒന്‍പതാകുമ്പോള്‍ പ്രകാശതീവ്രത പതുക്കെ കുറയും. അപൂര്‍വം ചിലരേ അതിനുശേഷവും മിന്നിത്തിളങ്ങൂ.

*വീടുണ്ടാക്കാന്‍ ഉമിനീരും : ചിതല്‍പ്പുറ്റ് നിര്‍മാണത്തില്‍ മണ്ണിനോടൊപ്പം സ്വന്തം ഉമിനീരും വിസര്‍ജ്യ വസ്തുക്കളുമാണ് ചിതലുകള്‍ ഉപയോഗിക്കുന്നത്.
ManoramaOnline >> Environment >> Wonders(ഗീത എസ്. പെരുമണ്‍)

മേഘങ്ങളെ വെള്ളപൂശാം

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനായി സമുദ്രത്തിനു മുകളിലുള്ള മേഘങ്ങളെ വെളുപ്പിക്കുന്നത് ആഗോളതാപനത്തെ ചെറുക്കുമെന്ന് പഠനം.

മേഘങ്ങള്‍ രൂപപ്പെടുന്ന ജലകണങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു വഴിയാണ് വെളുപ്പിക്കല്‍ സാധ്യമാകുന്നത്. ഈ പദ്ധതിയനുസരിച്ച് വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷപ്രവാഹം മൂലം ഭൂഖണ്ഡങ്ങളെ ഈര്‍പ്പമുള്ളതാക്കാനും വര്‍ധിച്ച മഴയ്ക്കും സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

വലിയ തുള്ളികളുള്ള മഴമേഘങ്ങള്‍ ചാരനിറത്തിലുള്ളതും സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നവയുമാണ്. അതേസമയം ചെറിയ തുള്ളികളടങ്ങിയ മേഘങ്ങള്‍ വെളുത്തതും കൂടുതല്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവയുമാണ്. കടല്‍ജലം ആകാശത്തില്‍ വളരെ ഉയരത്തില്‍ നിന്ന് അന്തരീക്ഷത്തിലേയ്ക്ക് വളരെ സൂക്ഷ്മമായി തളിക്കുക (Sണ്മത്സന്റത്ന) വഴിയാണ് ഇത് പ്രായോഗികമാക്കുന്നത്. ഇവയിലെ തീരെചെറിയ ലവണപദാര്‍ഥങ്ങള്‍ ഘനീഭവിച്ച് ചെറിയ മേഘകണികകളായിത്തീരുന്നു.

ഇത് ചെയ്യുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ അറിയാന്‍ ആഗോള കാലാവസ്ഥാ സിസ്റ്റത്തിന്റെ ഒരു കംപ്യൂട്ടര്‍ സിമുലേഷന്‍ ഗവേഷകര്‍ ഉപയോഗിച്ചു. മാതൃകയില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കി.

ഇവിടെ മേഘങ്ങളെ കൂടുതല്‍ പ്രതിഫലിപ്പിക്കത്തക്കതാക്കാന്‍ സമുദ്രത്തിനു മുകളിലുള്ള മേഘത്തുള്ളികളുടെ വലുപ്പം കുറച്ചു. കരപ്രദേശത്തിനു മുകളിലുള്ള മേഘങ്ങള്‍ക്ക് മാറ്റമൊന്നും വരുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ വെളുത്ത മേഘങ്ങള്‍ കൂടുതല്‍ സൂര്യവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ചൂടിനെ ഇല്ലാതാക്കുകയുംചെയ്തു.

ഏതായാലും സമുദ്രത്തിനു മുകളിലെ മേഘങ്ങള്‍ കരപ്രദേശത്തെ കൂടുതല്‍ തണുപ്പിക്കുകയും നനവുള്ളതാക്കുകയും ചെയ്തത് ഗവേഷകരെ അത്ഭുതപ്പെടുത്തി.

ഈ കംപ്യൂട്ടര്‍ മാതൃകയില്‍, കടലിലെ പ്രതിഫലിപ്പിക്കുന്ന മേഘങ്ങള്‍ കരയിലെ അപേക്ഷിച്ച് കടലിനു മുകളിലുള്ള വായുവിനെ തണുപ്പിച്ചു. അങ്ങനെ മണ്‍സൂണിനു കാരണമാകുന്ന വായുപ്രവാഹം സാധ്യമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കാര്‍ണൈജി ഇന്‍സ്റ്റിറ്റ്യൂഷനും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
Manoramaonline >> Environment >> Global Warming(എസ് സഹന)

Thursday, January 26, 2012

കരവാളൂരില്‍ ദേശാടനപ്പക്ഷികള്‍ വരവായി

പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ മാത്രയിലും മറ്റു വിവിധ ഏലാകളിലും ദേശാടനപ്പക്ഷികള്‍ വിരുന്നെത്തി. കറുത്ത നീണ്ട ചുണ്ടും കറുപ്പ് കലര്‍ന്ന തൂവലോടുകൂടിയ ചിറകുകളുമായി പറന്നെത്തിയ ദേശാടനക്കൊക്കുകളാണ് ഇപ്പോള്‍ താരങ്ങള്‍. പഞ്ചായത്തിലെ വയലുകളില്‍ ഇവ ശ്രദ്ധാകേന്ദ്രങ്ങളാണ്.

ചാര നിറത്തിലെ തൂവലുകളോടുകൂടിയ ഇവയുടെ ശരീരം കണ്ടാല്‍ പ്രാവുകളെ ഓര്‍മ്മവരും. കടുത്ത കറുപ്പുനിറം കണ്ണിനു താഴെമുതല്‍ കൊക്കുവരെ പടര്‍ന്നിരിക്കുന്നു. ചിറകുകളിലെ മേല്‍ത്തൂവലുകള്‍ക്ക് കടും കറുപ്പുനിറമാണ്. പെരുമുണ്ടി കൊക്കിനോളം വലിപ്പമുള്ള ഇവ പക്ഷേ, വെളുത്ത കൊക്കുകളില്‍നിന്ന് വ്യത്യസ്തരാണ്. കരവാളൂര്‍ ആരോഗ്യകേന്ദ്രത്തിനു മുന്നിലും മാത്രയിലുള്ള വയലുകളിലുമാണ് ഇവയെ കണ്ടുവരുന്നത്. ഏതാനും മാസം മുമ്പ് ദേശാടനത്തത്തകളും ഇവിടെ എത്തിയിരുന്നു.
26 Jan 2012 Mathrubhumi Kollam News

Wednesday, January 25, 2012

വേനലിനുമുമ്പെ കുന്തിപ്പുഴവരള്‍ച്ചയുടെ പിടിയിലേക്ക്

മണ്ണാര്‍ക്കാട്: കുംഭമാസവെയിലെത്തും മുമ്പേ കുന്തിപ്പുഴ നീര്‍ച്ചാലായി. വേനല്‍ തുടങ്ങുംമുമ്പേ ഇതാണ് സ്ഥിതിയെങ്കില്‍ കടുത്തവേനലില്‍ പുഴ വരണ്ടുണങ്ങുമോ എന്ന ഭീതിയിലാണ് തീരവാസികള്‍. അവരുടെ ഈ പേടി വെറുതെയല്ല. കടുത്തവേനലില്‍പ്പോലും ഇരുകരകളും തൊട്ടൊഴുകിയിരുന്ന കുന്തിപ്പുഴ ഇന്നും മുതിര്‍ന്നതലമുറയുടെ ഓര്‍മയിലുണ്ട്. വീടുകളിലാകെ സുസജ്ജമായ കുളിമുറികള്‍ വന്നെങ്കിലും തീരത്തെ സാധാരണക്കാര്‍ കുടിക്കാനും കുളിക്കാനുമൊക്കെ ആശ്രയിക്കുന്നത് ഇന്നും കുന്തിപ്പുഴയെയാണ്.

മണ്ണാര്‍ക്കാടിന് കുടിവെള്ളംനല്‍കുന്ന മേജര്‍ ശുദ്ധജല വിതരണപദ്ധതിയുടെ ഏകആശ്രയവും കുന്തിപ്പുഴയാണ്. തെങ്കര, മണ്ണാര്‍ക്കാട് പഞ്ചായത്തുകള്‍ക്കായി രൂപകല്പനചെയ്ത പന്ത്രണ്ടരക്കോടിയുടെ മറ്റൊരു കുടിവെള്ളപദ്ധതി സര്‍ക്കാരിന്റെ അനുമതി കാത്തിരിപ്പുമാണ്. പുഴ വറ്റിവരണ്ടാല്‍ കുടിവെള്ള പദ്ധതിയുടെ താളവും തെറ്റും.

പുഴയില്‍ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. അന്നുമുതല്‍ മണലെടുപ്പുകാരുടെ കൊയ്ത്തുകാലമായിരുന്നു. പുഴയുടെ അടിത്തട്ടിലെ ഉരുളന്‍കല്ലുകള്‍വരെ പെറുക്കിയെടുത്തു. അതോടെ പുഴ കുറ്റിച്ചെടികളും ചതുപ്പുംകൊണ്ട് നിറഞ്ഞു. ഒരു പുഴയുടെ സ്വാഭാവികമരണത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു ഇത്.

പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ നബാര്‍ഡിന്റെ സഹായത്തോടെ മണ്ണാര്‍ക്കാട് ആറാട്ടുകടവിലും പോത്തോഴിക്കടവിലും തടയണകള്‍ പണിതു. മണ്ണാര്‍ക്കാട് എം.എല്‍.എ.യായിരുന്ന ജോസ്‌ബേബി മുന്‍കൈയെടുത്ത് ആറാട്ടുകടവില്‍ 115.5 ലക്ഷവും പോത്തോഴിക്കടവില്‍ 98.5 ലക്ഷവും ചെലവിട്ടാണ് തടയണകള്‍ പണിതത്. തടയണ വന്നതോടെ പുഴയോരത്തെ കിണറുകളിലെ ജലനിരപ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, തടയണകളിലെ ചീര്‍പ്പുകള്‍ പലരും എടുത്തുമാറ്റിത്തുടങ്ങിയതോടെ വെള്ളം നില്‍ക്കാതായി.

പുഴയുടെ ഇരുകരകളിലുമായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവയുള്‍പ്പെടെ ഒട്ടേറെ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം തോട്ടങ്ങളിലേക്ക് പമ്പ്‌ചെയ്യുന്നുണ്ട്. ഇവയും ജലനിരപ്പ് കുറയാനിടയാക്കി. കഴിഞ്ഞമാസം പുഴയില്‍ ആഴത്തില്‍ ചാലുകീറി വെള്ളം എടുക്കാന്‍ അനധികൃതമായി വഴിയൊരുക്കിയിരുന്നു. ഇത് നാട്ടുകാരുടെ എതിര്‍പ്പിനിടയാക്കി. പുഴയോരത്തെ ഭൂമികൈയേറ്റം ഒഴിപ്പിക്കാന്‍ ഇടയ്ക്ക് റവന്യൂഅധികൃതര്‍ നടപടി തുടങ്ങിയെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല.

സൈലന്റ്‌വാലി വനമേഖലയോടുചേര്‍ന്ന പാത്രക്കടവില്‍നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴ കരിമ്പുഴ കൂട്ടിലക്കടവില്‍ കരിമ്പുഴയ്‌ക്കൊപ്പം ചേര്‍ന്നൊഴുകി പിന്നീട് തൂതപ്പുഴയായി ഭാരതപ്പുഴില്‍ ചേരും. കുന്തിപ്പുഴയിലെ ജലനിരപ്പ് കുറയുന്നത് തൂതപ്പുഴയിലെയും ഭാരതപ്പുഴയിലെയും ജലനിരപ്പ് കുറയാനിടയാക്കും. ഇതാകട്ടെ ഒട്ടേറെ ജലവിതരണ പദ്ധതികളെ ബാധിക്കുകയും ചെയ്യും.
25 Jan 2012 Mathrubhumi palakkad news

കൂട്ടം പിരിഞ്ഞ കുട്ടിക്കൊമ്പന്‍; ഇനി പാപ്പാന്മാരുടെ കൂട്ടത്തില്‍

കൂട്ടം പിരിഞ്ഞ കുഞ്ഞിക്കൊമ്പന് ഇനി വീടു കാപ്പുകാട്. സ്വന്തം കൂട്ടക്കാര്‍ കൈവിട്ടെങ്കിലും കൂട്ടുകാരുടെയും രക്ഷിതാക്കളുടെയും അഭാവം കുരുന്നു കൊമ്പനുണ്ടാവില്ല. കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനത്താവളത്തിലെ അന്തേവാസികളായ അമ്മുവും മിന്നയും അവനു ചേച്ചിമാരാകും. ജയശ്രീ അമ്മയാകും. റെഞ്ചി അപ്പൂപ്പനും. പോരാത്തതിന് എന്തിനും ഏതിനും സഹായത്തിന് ആനത്താവളത്തിലെ ഏഴു പാപ്പാന്‍മാരും.

പരുത്തിപ്പള്ളി റേഞ്ചിലെ വിതുര സെക്ഷനിലെ മണിതൂക്കി ഒറ്റക്കുടി വനത്തില്‍ പാറയിടുക്കില്‍ കുടുങ്ങിയ രണ്ടാഴ്ചയില്‍ താഴെ പ്രായമുള്ള ആനക്കുട്ടിയെ തിങ്കളാഴ്ച വൈകിട്ടു വനപാലകര്‍ രക്ഷപ്പെടുത്തിയിരുന്നു. തള്ളയാന അടക്കമുള്ള കൂട്ടം കാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ ആനക്കുട്ടി അവയോടൊപ്പം പോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നലെ രാവിലെയായപ്പോള്‍ കൂട്ടം ഉള്‍ക്കാട്ടിലേക്കു പോയെങ്കിലും ആനക്കുട്ടിയെ ഒപ്പം കൂട്ടിയില്ല.

കൂട്ടം കൈവിട്ട കുട്ടിയെ നാട്ടിലെത്തിക്കാന്‍ ഇതോടെ തീരുമാനമായി. ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ പുകഴേന്തി, റേഞ്ച് ഒാഫിസര്‍മാരായ എന്‍.കെ. ഗിരീഷ്കുമാര്‍, ജെ. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം ആദിവാസികളുടെ സഹായത്തോടെ രാവിലെ ഒമ്പതു മണിയോടെ ആനക്കുട്ടിയെ കാട്ടില്‍ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ആദ്യമാദ്യം ചിന്നംവിളിയുമായി അനുസരണക്കേടു കാട്ടിയെങ്കിലും ഒടുവില്‍ അവന്‍ കാടുവിട്ടു നാട്ടിലേക്കു നടപ്പു തുടങ്ങി- ഇടയ്ക്കു തളര്‍ന്നും ഉറങ്ങിയുമുള്ള നടപ്പ്.

ഉറങ്ങുമ്പോള്‍ കിടത്താന്‍ ചാക്കില്‍ പുല്ലു നിറച്ചുള്ള മെത്ത റെഡി. തളരുമ്പോള്‍ താങ്ങാന്‍ വനംവകുപ്പുകാരും ആദിവാസികളും തയാര്‍. ക്ഷീണിക്കുമ്പോള്‍ കുടിക്കാന്‍ കരിക്കിന്‍ വെള്ളം. അതു കുടിച്ചാല്‍ പിന്നെ ഉഷാറോടെ നടപ്പ്. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കാന്‍ വെറ്ററിനറി സര്‍ജന്‍മാരായ ജോ ജേക്കബ് സെബാസ്റ്റ്യനും ഭാഗ്യലക്ഷ്മിയും. കുഞ്ഞിക്കൊമ്പന്‍ ഒരു കിലോമീറ്റര്‍ കാടിറങ്ങാന്‍ എടുത്തതു നാലു മണിക്കൂറിലേറെ.

പിന്നെ ജീപ്പില്‍ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിലേക്കു ജീപ്പില്‍. അവിടത്തെ പരിചയ സമ്പന്നനായ പാപ്പാന്‍ പുഷ്കരന്‍ പിള്ള, തള്ളയുടെ കാരുണ്യം പകര്‍ന്നു കൂടെ. കാപ്പുകാട്ടേയ്ക്കു കുരുന്നു കൊമ്പന്‍ വരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ ഒാടിക്കൂടി. കരിക്കിന്‍ കുലകള്‍ കുന്നുകൂടി. മൂന്നു മണിയോടെ കുഞ്ഞാനയുമായി ജീപ്പ് എത്തി. ജീപ്പില്‍ നിന്നിറങ്ങിയ ആനക്കൂട്ടി ചിന്നംവിളിച്ചു. തങ്ങളുടെ കൂട്ടത്തിലേക്ക് ഒരു കുരുന്ന് എത്തിയ കാര്യം അറിഞ്ഞ മട്ടില്‍ ആനത്താവത്തില്‍ നിന്നു മറു ചിന്നംവിളികള്‍ മുഴങ്ങി. താവളത്തിലെ കാരണവരായ റെഞ്ചിയും ജയശ്രീയും വികൃതിക്കുട്ടികളായ അമ്മുവും മിന്നയുമെല്ലാം നവാതിഥിയെ സ്വീകരിച്ചത് ആഹ്ളാദത്തിന്റെ ചിന്നംവിളികളോടെ. പുതിയ താമസക്കാരനുള്ള വീട് ഇതിനകം തയാറായിരുന്നു. താവളത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ ഒരെണ്ണം.

പാപ്പാന്‍മാരായ പുഷ്കരന്‍ പിള്ളയും ബാബുരാജനുമെല്ലാം ചേര്‍ന്ന് ഗൃഹപ്രവേശം നടത്തി. അതിനു സാക്ഷ്യം വഹിക്കാന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡ് ജയകുമാര്‍ ശര്‍മയും അസിസ്റ്റന്റ് വാര്‍ഡന്‍ വിജയകുമാറും എത്തി. ആനക്കുട്ടിയുടെ പൊക്കിള്‍കൊടി ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ രണ്ടാഴ്ചയില്‍ താഴെ പ്രായമേ ഉണ്ടാവൂ എന്നു ഡോ. ജോ ജേക്കബ് പറഞ്ഞു. അതിസൂക്ഷ്മമായ പരിപാലനം ഉറപ്പു വരുത്തിയാല്‍ ആനക്കുട്ടി രക്ഷപ്പെടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Manoramaonline >> Environment >> News(ഇ. സോമനാഥ്) ചിത്രം: വിബി ജോബ്

Tuesday, January 24, 2012

സാഹസികതയുടെ പറുദീസയായി വയനാടന്‍ കുന്നുകള്‍

കല്പറ്റ: സാഹസിക സഞ്ചാരികളുടെ പറുദീസയായി വയനാടന്‍ ഹരിതഗിരി നിരകള്‍ മാറുന്നു. മഴക്കാലം പിന്നിട്ടപ്പോള്‍ പതിനായിരത്തിലേറെ സഞ്ചാരികളാണ് വയനാട്ടില്‍ വാഹനമിറങ്ങിയത്. സമുദ്രനിരപ്പില്‍ 2100 അടി ഉയരത്തിലുള്ള ചെമ്പ്രമലയിലാണ് ഏറ്റവും കൂടുതല്‍ സാഹസികപ്രിയര്‍ എത്തിയത്. ബാണാസുരമല, വെള്ളരിമല, പക്ഷിപാതാളം, ബ്രഹ്മഗിരി എന്നിവിടങ്ങളിലെല്ലാം പ്രത്യേക ടൂര്‍ പാക്കേജുകളുമായി നിരവധി ട്രൂപ്പുകള്‍ വന്നു മടങ്ങി.

അമ്പുകുത്തി മലനിരകളിലെ ട്രക്കിങ് നിരോധിച്ചതു മുതല്‍ ചെമ്പ്രയാണ് സാഹസിക സഞ്ചാരികളുടെ കേന്ദ്രം. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് പുതച്ച ചെറിയ കുന്നുകള്‍ക്കിടയിലൂടെ മേപ്പാടിയില്‍നിന്നും 20 മിനിറ്റ് വാഹനമോടിച്ചാല്‍ ഗിരിപര്‍വതത്തിന്റെ ചുവട്ടിലെത്താം. അവിടെനിന്നും മൂന്നുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കീഴടക്കി വേണം ഹൃദയതടാകമെന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച ചെറിയ തടാകത്തിന്റെ കരയിലെത്താന്‍.

വയനാട്ടിലേക്കുള്ള ഇംഗ്ലീഷ് ആധിപത്യത്തിന്റെ ചരിത്രം പറയുന്ന ഈ തടാകക്കരയില്‍ ബ്രിട്ടീഷ് തോട്ടമുടമകള്‍ ഗോള്‍ഫ് കളിച്ചതായി രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. സദാസമയം വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം കോടമഞ്ഞും താഴ്‌വരയിലെ മനോഹാരിതയുമാണ് സഞ്ചാരികളുടെ ഓര്‍മയില്‍ മായാതെ നില്‍ക്കുക. സമൃദ്ധമായ വനങ്ങളും പച്ചപ്പും കാട്ടരുവികളും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്.

നീലഗിരി മലനിരകളോട് തോളരുമ്മി നില്‍ക്കുന്ന ചെമ്പ്രമലയിലെത്തിയാല്‍ മലപ്പുറം ജില്ലയുടെ വിദൂരകാഴ്ചകളിലേക്കും കണ്ണോടിക്കാം. വനസംരക്ഷണ സമിതിയുടെ എരുമക്കൊല്ലിയിലെ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തി വേണം ചെമ്പ്രയിലേക്ക് പ്രവേശിക്കാന്‍. പത്ത് സഞ്ചാരികള്‍ക്ക് 500 രൂപയാണ് ഫീസ്. 3500 രൂപ നല്‍കിയാല്‍ വനസംരക്ഷണ സമിതി തന്നെ വാച്ച്ടവറില്‍ ഭക്ഷണമൊരുക്കും. മൂന്നംഗമുള്ള ഒരു ഗ്രൂപ്പിനാണ് ഈ തുക നല്‍കേണ്ടി വരിക. നാലേകാല്‍ലക്ഷത്തോളം രൂപ ചെലവാക്കി വനംവകുപ്പ് ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. ചെറിയ കുടില്‍, സൗരോര്‍ജവിളക്ക്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പണികഴിപ്പിച്ചു. ഈ കേന്ദ്രത്തിന്റെ വികസനത്തിനായി 30ലക്ഷത്തിന്റെ പദ്ധതി 20087ല്‍ സമര്‍പ്പിച്ചിട്ടുണ്ട്.വയനാടിന്റെ ചരിത്രത്തോളം പഴക്കമേറിയതാണ് തിരുനെല്ലിയിലെ പക്ഷിപാതാളത്തിന്റെ പെരുമ. ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായ കല്‍ഗുഹകളാണ് ബ്രഹ്മഗിരിയിലെ പക്ഷിപാതാളം. തിരുനെല്ലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍നിന്നും ഏഴ് കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്ത് വേണം ഇവിടെയെത്താന്‍. ഡോര്‍മിറ്ററിയില്‍ താമസവും ഭക്ഷണവും ലഭിക്കും. വനംവകുപ്പിനാണ് ഇതിന്റെ ചുമതല. വഴികാട്ടിയും ഇവിടെയുണ്ട്.

1600 അടി ഉയരത്തിലുള്ള ബാണാസുര മലയിലേക്കും സഞ്ചാരികളുടെ പ്രവാഹമുണ്ടായി. കാപ്പിക്കളത്തിലുള്ള ബാണാസുര സ്‌നോഫോള്‍സ് വഴിയാണ് ഈ മലനിരകളിലേക്ക് പ്രവേശനം. വനസംരക്ഷണ സമിതിയില്‍ 800 രൂപയാണ് ഫീസ് നല്‍കേണ്ടത്. ബ്രഹ്മഗിരിയുടെ നെറുകയിലേക്കും വെള്ളരിമലയിലേക്കും ട്രക്കിങ് സൗകര്യമുണ്ട്.

ബാംഗ്ലൂര്‍ ആസ്ഥാനമായി വയനാട്ടിലേക്ക് ട്രക്കിങ് നടത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടുത്ത വേനല്‍ വരുന്നതോടെ വനയാത്രകള്‍ വനംവകുപ്പ് താത്കാലികമായി നിര്‍ത്തിവെക്കും. സൗത്ത്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.മാര്‍ക്കാണ് ട്രക്കിങ് അനുമതി നല്‍കുന്നതിന്റെ ചുമതല.
24 Jan 2012 Mathrubhumi Wayanad News

Monday, January 23, 2012

പറവകളുടെ പറുദീസ

നീല ജലാശയത്തില്‍ നിഴല്‍ച്ചിത്രങ്ങള്‍ വരച്ചു പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍. അവ പറന്നിറങ്ങുമ്പോള്‍ കടലാസു വിമാനങ്ങള്‍ തെന്നിയിറങ്ങുന്നതു പോലെ. ഓളപ്പരപ്പില്‍ മുങ്ങാംകുഴിയിടല്‍. പച്ചത്തുരുത്തില്‍ കൊച്ചുവര്‍ത്തമാനം. ചുവപ്പന്‍ കൊക്കും മഞ്ഞവരയുള്ള കഴുത്തും നീലത്തൂവലും സ്വര്‍ണവാലും നീളന്‍ കാലുകളുമൊക്കെ തൊട്ടടുത്തു കാണാമെന്നു കരുതി ചെന്നാല്‍ പിന്നെ കേള്‍ക്കുക ചിറകടിശബ്ദം മാത്രം. അല്‍പ്പം മാറി വീണ്ടും അത്യുഗ്രന്‍ ലാന്‍ഡിങ്... പക്ഷികളുടെ അദ്ഭുതപ്രപഞ്ചമായി മുണ്ടേരിക്കടവ് മാറുന്നു. ഇൌ തുരുത്ത് ഇവയ്ക്കു കൂട്.

വിസ്തൃതിയില്‍ കേരളത്തിലെ നാലാമത്തെ തണ്ണീര്‍ത്തടമാണ് മുണ്ടേരിക്കടവ് ഉള്‍പ്പെടുന്ന കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖല. ഇതില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 120 ഹെക്ടറോളം ഉള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടത്തില്‍ വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറ്റന്‍പതിലധികം ഇനം പക്ഷികള്‍, 45 ഇനം ചിലന്തികള്‍, 34 ഇനം തുമ്പികള്‍, 82 ഇനം പൂമ്പാറ്റകള്‍, 68 ഇനം സസ്തനികള്‍, 150 ഇനം സസ്യങ്ങള്‍, 16 ഇനം മല്‍സ്യങ്ങള്‍ തുടങ്ങിയ ജൈവവൈവിധ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ ഏതൊരു പക്ഷിസങ്കേതത്തെയും അതിശയിപ്പിക്കുന്ന മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിനു വേണ്ടി ഡോ. ഖലീല്‍ ചൊവ്വയുടെ സഹായത്താല്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര അധ്യാപകരും സയന്‍സ് ക്ളബ്ബും സാമൂഹിക പ്രവര്‍ത്തകരും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ചേര്‍ന്നാണ് പഠന സര്‍വേ പൂര്‍ത്തീകരിച്ചത്. തുടര്‍നടപടിയായി പക്ഷിസങ്കേത സാധ്യതാ സെമിനാര്‍ ഇന്നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.

പക്ഷികളുടെ ലോകത്തേക്ക് സ്വാഗതം
കേരളത്തിലെ പ്രധാന പക്ഷികേന്ദ്രങ്ങളില്‍ ഒന്നായി മേഖലയെ നേരത്തെതന്നെ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പരിഗണിച്ചിട്ടുണ്ട്. അറുപതിലധികം വിഭാഗത്തില്‍പ്പെട്ട പതിനെണ്ണായിരത്തിലധികം ദേശാടനപക്ഷികളുടെ ഒരു അപൂര്‍വ കേന്ദ്രമാണ് മുണ്ടേരിക്കടവ്.

ഇതില്‍ത്തന്നെ 15 സ്പീഷീസുകളിലായി ആയിരക്കണക്കിന് ഇരണ്ട പക്ഷികളുടെ നീരാട്ട് ഡിസംബര്‍, ജനുവരി മാസങ്ങളിലെ അപൂര്‍വ വിസ്മയക്കാഴ്ചകളില്‍ ഒന്നാണ്. സൈബീരിയ, ആഫ്രിക്കന്‍ വനമേഖല, ഹിമാലയം തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നാണ് ഇൌ ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയായ യുഎന്‍ റെഡ് ഡേറ്റാ ബുക്കില്‍ ഉള്‍പ്പെടുന്ന അപൂര്‍വ ഇനം പരുന്തുകള്‍ മുണ്ടേരിക്കടവില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇൌ മേഖല ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കുവാനും റാംസര്‍ സൈറ്റായി അംഗീകരിക്കാനും ജില്ലാ പഞ്ചായത്തും വിവിധ സംഘടനകളും ഇതിനകം തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇവര്‍ അതിഥികള്‍
മനുഷ്യന്റെ ഇടപെടല്‍ അധികമായി ഉണ്ടാകാത്ത അപൂര്‍വ തണ്ണീര്‍ത്തട മേഖലയാണ് മുണ്ടേരിക്കടവ് പ്രദേശം. ഇൌ കൈപ്പാട് മേഖലയിലുള്ളവര്‍ വര്‍ഷങ്ങളായി പക്ഷികളെ തങ്ങളുടെ അതിഥികളായി പരിഗണിക്കുന്നു.

ഒരു ലക്ഷത്തിലധികം ഇരണ്ടകളാണ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇവിടെ എത്തുന്നത്. അപൂര്‍വ ഗണത്തില്‍പ്പെട്ട 12 പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചേരക്കോഴി, വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത്, കഷണ്ടിക്കൊക്ക്, സന്യാസിതാറാവ് തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം.

ചാരത്തലയന്‍ തിത്തില്‍, മഞ്ഞക്കുറിയന്‍ താറാവ്, ചാരക്കഴുത്തന്‍, വരി എരണ്ട, ചൂളന്‍ എരണ്ട, കരിആള, വെള്ളക്കൊക്കന്‍, നീലക്കോഴി, കരിന്തലയന്‍ നീര്‍ക്കാക്ക, ഇടമുണ്ടി, കാലിമുണ്ടി, ചെമ്പന്‍ കഷണ്ടിക്കൊക്ക്, വേലിത്തത്ത, മേടുതപ്പി, പവിഴക്കാലി, ചരല്‍ക്കുരവി, ചെറിയമീവല്‍ക്കാട, താലിപ്പരുന്ത്, പച്ചപ്പൊടിക്കുരവി, ചക്രവാകം, വെള്ളി എറിയന്‍, പുള്ളിച്ചുണ്ടന്‍ താറാവ്, ഇൌറ്റപ്പൊളപ്പന്‍, ചെറിയ ആള, മണലൂതിക്കുരുവി, ടെമ്മിങ് മണലൂതി, വാലന്‍താറാവ് തുടങ്ങി നൂറ്റന്‍പതോളം പക്ഷികളെ പഠനസംഘം തിരിച്ചറിഞ്ഞു.

പക്ഷികള്‍ക്കായി ഈ പഠനം
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കുക, ആവാസ വ്യവസ്ഥയുടെ പ്രത്യേകതകള്‍ കണ്ടെത്തുക, വിഭവ പരിപാലനത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു പഠനസംഘത്തിന്റെ മുന്‍പിലുണ്ടായിരുന്നത്.

പ്രധാന കണ്ടെത്തലുകള്‍:
1. മുണ്ടേരിക്കടവിന്റെ സൂക്ഷ്മകാലാവസ്ഥ അനുബന്ധ പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാണ്
2. കടവിലെ വായു, ജലം, മണ്ണ് എന്നിവയുടെ ഉൌഷ്മാവ്, ജലബാഷ്പീകരണം എന്നിവ കൂടുതലാണ്
3. ജലം മണ്ണ് എന്നിവയ്ക്ക് അമ്ളഗുണമാണ് ഉള്ളത്
4. ജൈവവൈവിധ്യംകൊണ്ട് സമ്പുഷ്ടമായ തണ്ണീര്‍ത്തടത്തില്‍ അപൂര്‍വ മല്‍സ്യങ്ങളും ഉണ്ട്. 60 ഇനം മല്‍സ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്
5. ഒൌഷധഗുണമുള്ള സസ്യങ്ങളും പ്രത്യേക പുല്‍ച്ചെടികളും മേഖലയിലെ സജീവ സാന്നിധ്യമാണ്
6. മുണ്ടേരിക്കടവിലെ ജൈവമാലിന്യത്തിന്റെയും ഖരമാലിന്യത്തിന്റെയും അളവ് കൂടിവരുന്നു.

നിര്‍ദേശങ്ങള്‍
1. മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി ഉയര്‍ത്തുന്നതിനു ബോധവല്‍ക്കരണം ആരംഭിക്കുക
2. മുണ്ടേരിക്കടവും അനുബന്ധ പ്രദേശവും സംരക്ഷിക്കുക
3. ത്രിതല പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപം നല്‍കുക
4. അനധികൃത വയല്‍നികത്തല്‍, കെട്ടിട നിര്‍മാണം തടയുക
5. പക്ഷികള്‍ക്ക് ഇരിക്കാന്‍ ആവശ്യമായ മരക്കുറ്റികള്‍ നാട്ടുക
6. പക്ഷികളെ അടുത്തുനിന്നു നിരീക്ഷിക്കാന്‍ മുള കൊണ്ടുള്ള നടപ്പാത നിര്‍മിക്കുക
7.നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിക്കുക
8. മാലിന്യം തള്ളുന്നതു തടയുക
9. രാസവള, കീടനാശിനി ഉപയോഗിച്ചു കൊണ്ടുള്ള കൃഷിരീതി കൈപ്പാട് നിലത്ത് ഒഴിവാക്കുക
10. കാട്ടാമ്പള്ളി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടു കൊണ്ട് പുഴയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക
11. മുണ്ടേരി കൈത്തോടുകളുടെ വീതി വര്‍ധിപ്പിക്കുക
12. മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുക
13. പുഴയോരത്ത് മരം നടുക
14. പക്ഷികളെ വേട്ടയാടി പിടിക്കുന്നതു നിരോധിക്കുക
16. ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും നടത്തുക
17. പ്രസിദ്ധരായ പക്ഷിനിരീക്ഷകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും സംഘടിപ്പിച്ചു കൊണ്ട് മുണ്ടേരിക്കടവിലെത്തുന്ന പക്ഷികളുടെയും ജന്തു-സസ്യ വൈവിധ്യങ്ങളുടെയും പ്രത്യേകതകള്‍ കണ്ടെത്തുക. അവ പഠനവിധേയമാക്കുക
19. പക്ഷിസങ്കേതം രൂപീകരണവുമായി ബന്ധപ്പെട്ടു പഞ്ചായത്ത്തലത്തില്‍ വര്‍ക്കിങ് കമ്മിറ്റി രൂപീകരിക്കുക
20. പരിപാലനവുമായി ബന്ധപ്പെട്ട് കര്‍മസനേയ്ക്കു രൂപം നല്‍കുക.
Manoramaonline >> Environment >> News(ജസ്റ്റിന്‍ ജോസഫ്)

Sunday, January 22, 2012

ലില്ലിപ്പുട്ട് വരും, തവളയായും പാമ്പായും

 പതിനെട്ടു മില്ലിമീറ്റര്‍ വ്യാസമുള്ള നാണയത്തിന്റെ പുറത്തിരുന്നാല്‍ പോലും ഇത്തിരിക്കുഞ്ഞനായ തവള. ഇതാണു സസ്തനികള്‍, മല്‍സ്യവര്‍ഗങ്ങള്‍, പക്ഷികള്‍, ഉഭയജീവികള്‍ തുടങ്ങിയവയടങ്ങിയ നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറുത്. പാപുവ ന്യൂഗിനിയയിലാണു യുഎസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഈ ഇത്തിരിക്കുഞ്ഞനെ കണ്ടെത്തിയിരിക്കുന്നത്. ഏഴു മില്ലിമീറ്റര്‍ (0.27 ഇഞ്ച്) ആണ് ഈ തവളയുടെ നീളം. ഇതുമായ സാമ്യമുള്ള മറ്റൊരു വര്‍ഗത്തില്‍ അല്‍പം കൂടി വലുപ്പമുള്ള തവളയെയും കണ്ടെത്തിയിട്ടുണ്ട്. കാടുകളുടെ അടിത്തട്ടിലെ ചെടികളുടെ ഇലകളില്‍ ജീവിക്കുന്ന ഇവയുടെ ആവാസവ്യവസ്ഥ തന്നെയാണു വലുപ്പക്കുറവിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്. ഇതിനിടെ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയുടെ ഉള്‍പ്രദേശത്തും പുതിയൊരു കക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. കണ്ടാല്‍ മഞ്ഞയും കറുപ്പും കലര്‍ന്ന നിറവുമായി സുന്ദരന്‍. പക്ഷേ, ഒരു കടി കിട്ടിയാല്‍ നമ്മുടെ കാര്യം കട്ടപ്പുക. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണു കണ്ടെത്തപ്പെട്ട പുതുമുഖം. 60 സെന്റീമീറ്റര്‍ (2.1 അടി) നീളമുള്ള പാമ്പിന്റെ കണ്ണുകള്‍ക്കു മുകളിലായി കൊമ്പു പോലെ രണ്ടു ശല്‍കങ്ങള്‍ ഉണ്ട്. മാറ്റില്‍ഡാസ് ഹോണ്‍ഡ് വൈപ്പര്‍ എന്നാണിതിനു പേരിട്ടിരിക്കുന്നതെന്ന് സൂടാക്സ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത പാമ്പുപിടിത്തക്കാരെ ഭയന്ന് ഇതിനെ കണ്ടെത്തിയ യഥാര്‍ഥ സ്ഥലം ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല.

Manoramaonline >> Environment >> Wonders(ജിജീഷ് കൂട്ടാലിട)

മണ്ണെടുപ്പ്: വാഴയൂരിലെ പ്രകൃതി നാമാവശേഷമാകുന്നു

രാമനാട്ടുകര: നിയന്ത്രണമില്ലാത്ത മണ്ണെടുപ്പിനെ തുടര്‍ന്നു വാഴയൂരിലെ കുന്നും മലകളും നാമാവശേഷമാകുന്നു. ഗുരുതരമായ പരിസ്ഥിതി ഭീഷണി ഉയര്‍ത്തി പഞ്ചായത്തില്‍ ഉടനീളം അനധികൃത മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. തിരുത്തിയാട് മൂളപ്പുറം മല, കാരാട്-വാഴയൂര്‍ റോഡിലെ എള്ളാത്തുപുറായ് മല, വാഴയൂര്‍ വില്ലേജ് ഒാഫിസിനു സമീപത്തെ കക്കോവ് മല എന്നിവയെല്ലാം ഏതാണ്ടു നിരപ്പായിക്കഴിഞ്ഞു. ബാക്കിയുള്ളവ ഏതുസമയവും മണ്ണിടിച്ചു നിരത്തും എന്നതാണ് അവസ്ഥ.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മലകള്‍ വന്‍തോതില്‍ ഇടിച്ചു നിരപ്പാക്കുന്നത്. ഇതുമൂലം സമീപത്തെ വീടുകളും വലിയ മരങ്ങളും ഭീഷണിയിലാണ്. പഞ്ചായത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ മലകളാണ് ഇടിച്ചു നിരത്തുന്നത്. ഇതു വേനലില്‍ ശുദ്ധജലക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കിയാല്‍ ഭൂമിയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാകുമെന്നും ജലസ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കാരാട്, പൊന്നേംപാടം, കക്കോവ്, വാഴയൂര്‍, മൂളപ്പുറം, പുതുക്കോട്, അഴിഞ്ഞിലം, രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച വയല്‍നികത്തലിനാണ് ഇവിടെ നിന്നുള്ള മണ്ണ് കൊണ്ടുപോകുന്നത്. അവധിദിവസങ്ങള്‍ നോട്ടമിട്ടാണ് മണ്ണെടുപ്പും വയല്‍നികത്തലും നടക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

മണ്ണെടുപ്പ് തകൃതിയായതോടെ രാമനാട്ടുകര ബൈപാസിലും ഫാറൂഖ് കോളജ്-വാഴക്കാട് റോഡിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലാണ്. ഇടതടവില്ലാതെയുള്ള ലോറികളുടെ ഒാട്ടം ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കല്ലു വെട്ടിയും മണ്ണെടുത്തും കുന്നുകളും മലകളും നാമാവശേഷമാകുമ്പോഴും ഇതു പരിശോധിച്ചു നടപടിയെടുക്കേണ്ട റവന്യൂ-മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ ഇതൊന്നും അറിഞ്ഞ ഭാവമില്ല.
Manoramaonline >> Environment >> News

ഗൂഗിള്‍ ഉറുമ്പ്

എല്ലാവരും 'ഗൂഗിള്‍ എന്നു കേട്ടിട്ടു ണ്ടാവുമല്ലോ. ഇന്റര്‍നെറ്റില്‍ നമുക്ക് വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ഒരു സേര്‍ച്ച് എന്‍ജിന്‍ ആണ് ഗൂഗിള്‍. എന്നാല്‍ ഈ പേരിലൊരു ഉറുമ്പുണ്ടെന്ന് കേട്ടാലോ ? അതെ, അവനാണ് ഗൂഗിള്‍ ഉറുമ്പ്.

'ഗൂഗിള്‍ മാപ്പിന്‍െറ സഹായത്തോടെ കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞന്മാരാണ് ഇവനെ കണ്ടെത്തിയത്. പ്രോസറേഷ്യം ഗൂഗിള്‍ എന്നാണ് ശാസ്ത്രജ്ഞമാര്‍ ഇവര്‍ക്ക് കൊടുത്തിട്ടുള്ള മുഴുവന്‍ പേര് കേട്ടോ !
Manoramaonline >> Environment >> Wonders(ധന്യലക്ഷ്മി മോഹന്‍

ജാനകിക്കാട്ടിലെ കാഴ്ചകള്‍ ...

മനോഹരമായ ഒരു വനപ്രദേശമാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമിനടുത്തുള്ള ജാനകിക്കാട്. നഗരത്തില്‍ നിന്ന് അറുപത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

പുഴയോരത്തെ നിബിഡവനപ്രദേശം! തലങ്ങും വിലങ്ങും പാറിക്കളിക്കുന്ന പൂമ്പാറ്റകളും പക്ഷികളും. കുരങ്ങന്മാരും മറ്റു ചെറിയ വന്യജീവികളും ചിലപ്പോള്‍ മുന്നില്‍പ്പെടാം. വമ്പന്‍ ചിലന്തികള്‍... സാധാരണ തുമ്പികളെക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ആനത്തുമ്പികള്‍.... ഇങ്ങനെ ഈ വനപ്രദേശത്ത് നമ്മളെ കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ജാനകിക്കാട്ടിലെത്തി പൂമ്പാറ്റകളെ എണ്ണിത്തുടങ്ങിയാല്‍ അതിശയിച്ചു പോകും. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ത്തന്നെ പത്തു മുപ്പതുതരത്തിലുള്ള പൂമ്പാറ്റകള്‍ നമ്മുടെ കണ്‍മുന്നിലൂടെ പാറിപ്പോകും. ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡശലഭവും ഏറ്റവും കുഞ്ഞനായി കണക്കാക്കുന്ന വജ്രനീലിയും ഇവിടെയുണ്ട്.

പക്ഷികളിലുമുണ്ട് അപൂര്‍വ്വമായി മാത്രം കാണുന്ന ചിലര്‍. കോഴി വേഴാമ്പലുകള്‍ ജാനകിക്കാട്ടിലെ മരങ്ങളില്‍ കൂടുകൂട്ടി മുട്ടയിടാറുണ്ട്. നീര്‍കാക്കകളേയും അപൂര്‍വമായി ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 125Êഓളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.

വനംവകുപ്പും വനസംരക്ഷണസമിതിയും ചേര്‍ന്ന് ഇവിടെ സന്ദര്‍ശകര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാട്ടിനുള്ളിലെ ചെറിയ വഴികളിലൂടെയുള്ള യാത്ര പ്രകൃതി സ്നേഹികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. വനപാതയില്‍ പലയിടത്തും മരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഓര്‍ക്കിഡുകളും പലതരം കൂണുകളും കാണാം.
Manoramaonline >> Environment >> Travel(ധന്യലക്ഷ്മി മോഹന്‍)

മാലിന്യം പിണമല്ല പണം -ഐ.എം.എ

 തിരുവനന്തപുരം: നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് തര്‍ക്കവും ബഹളവും നടക്കുമ്പോള്‍ മാലിന്യം പിണമല്ല പണമാണെന്ന് തെളിയിച്ച് ഐ.എം.എ. 'മാതൃഭൂമി' ഹെല്‍ത്ത് എക്‌സ്‌പോയോട് അനുബന്ധിച്ച് ഐ.എം.എ. സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ചുള്ള സെമിനാറിലാണ് മാലിന്യം പണമാണെന്ന് തെളിവ് സഹിതം നിരത്തി ഐ.എം.എ. മന്നോട്ടുവന്നിട്ടുള്ളത്.
മാലിന്യശേഖരണത്തിലൂടെയും സംസ്‌കരണത്തിലൂടെയും കോടിക്കണക്കിന് ഡോളറാണ് ബിന്‍ലാദന്റെ കുടുംബം സമ്പാദിച്ചത്. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാലിന്യശേഖരണ വാഹനങ്ങള്‍ നിരത്തിലെവിടെയും കാണാന്‍ കഴിയും. ഇതേ മാതൃകയിലാണ് സംസ്ഥാനത്ത ആസ്​പത്രികളിലെ മാലിന്യം ഐ.എം.എ. സംസ്‌കരിക്കുന്നത്. കേരളത്തിലെ 60 ശതമാനം ആസ്​പത്രികളിലെ മാലിന്യവും ഐ.എം.എയുടെ പാലക്കാട്ടുള്ള സംസ്‌കരണശാലയിലാണ് സംസ്‌കരിക്കുന്നത്. 26 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സംസ്‌കരണശാലയുടെ പ്രവര്‍ത്തനം ആര്‍ക്കും ശല്യമുണ്ടാക്കുന്നില്ല. മാലിന്യം ഉറവിടത്തില്‍തന്നെ വേര്‍തിരിച്ച് ശേഖരിക്കുന്നതിനാല്‍ സംസ്‌കരണം എളുപ്പമാക്കുന്നു. ഉറവിടത്തില്‍വെച്ച്തന്നെ മാലിന്യം വേര്‍തിരിക്കുക എന്നതാണ് ഏക പോംവഴിയെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
ഒരാള്‍ ഒരു ദിവസം ഒന്നര കിലോ മാലിന്യം ഉല്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. മൊത്തം ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളില്‍ 50 ശതമാനം മാത്രമേ അതാതിടങ്ങളില്‍ സംസ്‌കരിക്കാന്‍ കഴിയൂ. ശേഷിക്കുന്ന 50 ശതമാനം കേന്ദ്രീകരിച്ചുവേണം സംസ്‌കരിക്കാന്‍. ഈ രീതി ഫലപ്രദമാക്കാന്‍ ഉറവിടത്തില്‍തന്നെ വേര്‍തിരിക്കാന്‍ പ്രക്രിയ നടപ്പിലാക്കണം. ആവശ്യമുള്ളതും ഇല്ലാത്തതും വാരിക്കൂട്ടുന്നതാണ് മാലിന്യത്തിന്റെ അളവ് വര്‍ധിക്കാന്‍ കാരണമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.രാജഗോപാലന്‍ നായര്‍ പറഞ്ഞു.
പ്രൊഫ.ജി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.മാര്‍ത്താണ്ഡപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.എ. സ്റ്റേറ്റ് സെക്രട്ടറി ഡോ.എ.വി.ബാബു, ഡോ.എന്‍.സുള്‍ഫി, ഡോ.അല്‍ത്താഫ്, ഡോ.സി.വി.പ്രശാന്ത്, ഡോ.വി.വിജയചന്ദ്രന്‍, ഡോ.ഷാനവാസ്, ഡോ.ശ്രീജിത് എന്‍.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
22 Jan 2012 Mathrubhumi Thiruvananthapuram News

Saturday, January 21, 2012

മൃഗശാലയിലെ വൈറസ്: ചത്ത മൃഗങ്ങളുടെ കൂട് തീയിട്ടു

തിരുവനന്തപുരം മൃഗശാലയില്‍ പടര്‍ന്ന് പിടിച്ച വൈറസിനെ പ്രതിരോധിക്കാന്‍ ചത്ത മൃഗങ്ങളുടെ കൂട് തീയിട്ട് അണുവിമുക്തമാക്കി. ജീവനക്കാരില്‍ ആറ് പേര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് രണ്ടു ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ധാരണയായി.

വൈറസ് ബാധിച്ച് ചത്ത കഴുതപ്പുലികളെ പാര്‍പ്പിച്ചിരുന്ന കൂടാണ് തീയിട്ട് അണുവിമുക്തമാക്കിയത്. നേരത്തെ ഇതേ കാരണം മൂലം ദയാവധത്തിന് വിധേയരാക്കിയ കുറുക്കന്‍മാരെ പാര്‍പ്പിച്ചിരുന്ന കൂടും തീയിട്ട് അണുവിമുക്തമാക്കിയിരുന്നു. ചത്തുപോയതില്‍ വൈറസ് ബാധ ഉറപ്പായ മൃഗങ്ങളെ പരിപാലിച്ച ജീവനക്കാരാണ് അവധിയെടുത്തത്. ആറ് താല്‍ക്കാലിക ജീവനക്കാരാണ് ഇങ്ങനെ അവധിയില്‍ പ്രവേശിച്ചത്. മൂന്നു ദിവസത്തേക്കാണ് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇത് നീട്ടേണ്ടതായും വന്നേക്കാം. എന്നാല്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നാണ് മൃഗശാലയില്‍ നിന്നുള്ള വിലയിരുത്തല്‍.

മന്ത്രി കെ.പി. മോഹനന്റെ നിര്‍ദേശപ്രകാരം കെ.എല്‍.ഡി. ബോര്‍ഡ് എം.ഡി. അനി എസ് ദാസ്, ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ വിജയകുമാര്‍ എന്നിവര്‍ മൃഗശാല പരിശോധിച്ച ശേഷം നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. മൃഗങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന കനൈന്‍ ഡിസ്റ്റംബര്‍ എന്ന വൈറസാണ് മൃഗശാലയില്‍ വ്യാപിക്കുന്നത്. ഇതിന് പ്രതിരോധ വാക്സിന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്നാല്‍ അത് നിയന്ത്രണാതീതമാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ രോഗം നിര്‍ണയിക്കാനുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. വൈറസ്് ബാധ ഏറ്റാലും വൈറസിന്റെ സാന്നിധ്യം വ്യക്തമാകാനും രോഗം ലക്ഷണങ്ങള്‍ കാണിക്കാന്‍ കാലതാമസമുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി.
Manoramaonline >> Environment >> News      

കയര്‍ഭൂവസ്ത്രം വിരിച്ചു

കടമ്പനാട്: കടമ്പനാട് ഗ്രാമപ്പഞ്ചായത്തിലെ പാടശേഖരങ്ങളും തോടുകളും സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്രം വിരിച്ചു തുടങ്ങി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടമായിട്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് 17 ലക്ഷം രൂപയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

തോടുകളുടെ ആഴം കൂട്ടി പാര്‍ശ്വഭാഗങ്ങള്‍ ബലപ്പെടുത്തുകയും അതുവഴി സമീപത്തുള്ള പാടശേഖരങ്ങളുടെ സംരക്ഷണവും മണ്ണൊലിപ്പ് തടയുന്നതിനുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 1, 10,11,12,9,7 വാര്‍ഡുകളിലായിട്ടാണ് നടപ്പിലാക്കുന്നത്. കയര്‍ ഭൂവസ്ത്രം വിരിച്ച് അതിനുമുകളില്‍ പുല്ലുകള്‍ കിളിര്‍പ്പിച്ചാണ് സംരക്ഷണം ഉറപ്പുവരുത്തുക. അമ്പതിലധികം കുടുംബശ്രീ വനിതകളാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
21 Jan 2012 Mathrubhumi Pathanamthitta News     

കണ്‍നിറയെ കടച്ചിക്കുന്ന്

ചെങ്കുത്തായ കുന്നിന്‍ചെരിവുകളിലൂടെയുള്ള ദുര്‍ഘടം പിടിച്ച കാട്ടുപാത, ചുറ്റിലും ആനച്ചൂര്, ഇല്ലിമുള്ളുകള്‍ക്കിടയിലൂടെ ശ്വാസമടക്കി പിടിച്ച് കൊണ്ടുള്ള കഠിന യാത്ര, ചുവടൊന്നു പിഴച്ചാല്‍ അഗാധമായ കൊക്കയിലേക്ക്... കാടിന്റെ വന്യതയും സാഹസിക യാത്രയും ഒരുമിച്ച് ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് വയനാട്-നിലമ്പൂര്‍ വനാതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന കടച്ചിക്കുന്ന് വെള്ളച്ചാട്ടം. ഏകദേശം അഞ്ഞൂറടിയോളം ഉയരത്തില്‍ നിന്നു പതിക്കുന്ന ഇൌ വെള്ളച്ചാട്ടത്തെ മലബാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

പ്രകൃതിയുടെ മനോഹരിയെന്ന വിളി കേള്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ഇടമാണ് കടച്ചിക്കുന്ന് വെള്ളച്ചാട്ടം. ജൈവസമ്പത്താല്‍ സമൃദ്ധമായ കാടിനു നടുവിലായാണ് വെള്ളച്ചാട്ടം. അഞ്ഞൂറടിയോളം ഉയരത്തില്‍ നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിനു താഴത്തുനിന്നാല്‍ വെള്ളം സ്പ്രേ ചെയ്യുന്നതു പോലെയുള്ള അനുഭൂതിയാണ്. കണ്ണീര്‍കണം പോലുള്ള ജലം നേരെ ചാലിയാറിലേക്കാണ് ഒഴുകിപോകുന്നത്. ചാലിയാറിലേക്കുള്ള യാത്രയ്ക്കിടെ മൈലുകള്‍ക്കപ്പുറത്തുള്ള സണ്‍റൈസ് വാലിയില്‍ നിന്നുള്ള ജലവുമായി സംഗമിക്കും. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങളാണ് മറ്റൊരു പ്രത്യേകത. രണ്ടു വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. ചെങ്കുത്തായ പാറക്കൂട്ടങ്ങളുടെ താഴെ ഭാഗത്താണ് രണ്ടാമത്തെ വെള്ളച്ചാട്ടം. ഭീമന്‍ പാറകളെ കീറിമുറിച്ച് ഒഴുകി വരുന്ന ജലം കൊടുംതണുപ്പാണ് സമ്മാനിക്കുക. വഴുവഴുപ്പുള്ള പാറകളില്‍ അള്ളിപ്പിടിച്ചു വേണം മുകളിലുള്ള പ്രധാന വെള്ളച്ചാട്ടത്തിലെത്താന്‍. സൂക്ഷിച്ചു ചുവടുവച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്. മുകളിലെത്തിയാല്‍ പ്രകൃതിയൊരു മനോഹര ശില്‍പിയാണെന്ന് ആരും പറഞ്ഞുപോകും. പച്ചപ്പാര്‍ന്ന വനങ്ങള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം ദൂരത്ത് പാറക്കൂട്ടങ്ങള്‍. അവയ്ക്കിടയിലൂടെ ഒഴുകുന്ന പാലരുവി. നയനമനോഹരമായ കാഴ്ചകള്‍ക്ക് ഇവിടെ അവസാനമില്ല.

തിരിച്ചു കാടിറങ്ങുമ്പോള്‍ പരുക്കന്‍ പാത വഴുക്കന്‍ പ്രതലത്തിനു വഴിമാറും. താഴോട്ടിറങ്ങുമ്പോള്‍ ഇല്ലിമുള്ളുകളാണ് വഴിമുടക്കികളായതെങ്കില്‍ തിരിച്ചു കയറുമ്പോള്‍ വഴുവഴുപ്പുള്ള പാറകള്‍ വില്ലനായി മാറും. ഇൌ പാറകളില്‍ പിടിച്ചുകയറിയെ മുകളിലത്തെ വനത്തില്‍ എത്താന്‍ കഴിയുകയുള്ളു. വനത്തിലെത്തിയാല്‍ മണിക്കൂറുകളോളം തലകുനിച്ചുള്ള യാത്രയാണ് കാത്തിരിക്കുന്നത്. ഇതു പിന്നിട്ടാല്‍ വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചു കൊണ്ടുള്ള അതിസാഹസിക യാത്രയും തരണം ചെയ്യണം. ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിപ്പെടുമ്പോള്‍ ഏതു വമ്പനായാലും ഒന്നു നെടുവീര്‍പ്പിട്ടു പോകും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചിക്കുന്ന് എന്ന ഗ്രാമത്തിലാണ് വെള്ളച്ചാട്ടം. കോഴിക്കോട്-ഉൌട്ടി റോഡില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ദൂരമകലെയാണ് ഇൌ ഗ്രാമം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും ആസ്വദിക്കാം. വടുവന്‍ചാലില്‍ നിന്നു നാലുകിലോമീറ്റര്‍ ദൂരവും കല്‍പറ്റയില്‍ നിന്നു മേപ്പാടി വഴി 20 കിലോമീറ്റര്‍ ദൂരവും യാത്ര ചെയ്താല്‍ ഇവിടേക്ക് എത്തിപ്പെടാം.

എളുപ്പവഴി
കടച്ചിക്കുന്ന്-കോട്ടനാട്മൂല-പുതിയപാടി വഴി എളുപ്പത്തില്‍ എത്തിച്ചേരാം.

അധികൃതരുടെ ഇടപെടല്‍ കൂടിയുണ്ടായാല്‍ കടച്ചിക്കുന്ന് വെള്ളച്ചാട്ടത്തെ ലോകമറിയുമെന്നത് തീര്‍ച്ചയാണ്. ടൂറിസം മാപ്പില്‍ എന്നെങ്കിലുമൊരിക്കല്‍ ഇൌ വെള്ളച്ചാട്ടവും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാര്‍.
Manoramaonline >> Environment >> Travel(ജെയ്സണ്‍ കെ തോമസ്)

Friday, January 20, 2012

കാട്ടിലെ ക്യാമറയില്‍ തോക്കുധാരികളുടെ ചിത്രം; ഒരാള്‍ അറസ്റ്റില്‍

തെന്മല(കൊല്ലം): നെടുമ്പാറ ഇരുപത്തേഴുമല വനത്തില്‍ വന്യജീവി ഗവേഷണത്തിനായി സ്ഥാപിച്ച ക്യാമറയില്‍ തോക്കുധാരികളുടെ ചിത്രം പതിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാറ മഞ്ജുഭവനില്‍ മനോജാ(27)ണ് അറസ്റ്റിലായത്. നാടന്‍തോക്കും പിടികൂടി. വനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് നശിപ്പിച്ച മൂന്ന് ക്യാമറകളിലൊന്ന് കണ്ടെത്തിയത്. സംഘത്തിലുള്‍പ്പെട്ട ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.

പുനലൂര്‍ ഡിവൈ.എസ്.പി. ജോണ്‍ കുട്ടിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വന്യജീവികളെപ്പറ്റിയുള്ള ഗവേഷണത്തിനായി സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകള്‍ മനോജും സംഘവും കഴിഞ്ഞ ചൊവ്വാഴ്ച നശിപ്പിച്ചിരുന്നു. രാത്രി തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുമായി വനത്തിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞുവെന്ന സംശയത്തെത്തുടര്‍ന്നാണ് ക്യാമറകള്‍ നശിപ്പിച്ചത്. ചിത്രങ്ങള്‍ ശേഖരിക്കാനായി ഗവേഷണസംഘം എത്തിയപ്പോഴാണ് ക്യാമറകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തെന്മല പോലീസില്‍ പരാതി നല്‍കിയ ഇവര്‍ നേരത്തെ ക്യാമറകളില്‍ പതിഞ്ഞ തോക്കുധാരികളുടെ ചിത്രംകൂടി പോലീസിനു നല്‍കിയതാണ് സഹായകമായത്. നശിപ്പിച്ച മൂന്ന് ക്യാമറകളിലൊന്ന് പോലീസ് വനത്തില്‍നിന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കാനഡ ആല്‍ബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ പോണ്ടിച്ചേരി ആസ്ഥാനമായ റിസര്‍ച്ച് സെന്ററിലെ 10 വിദ്യാര്‍ഥികളാണ് ഇരുപത്തേഴുമലയില്‍ ഗവേഷണം നടത്തുന്നത്. തെന്മല, പുനലൂര്‍ വനം ഡിവിഷനുകളിലായി 60 ക്യാമറകളാണ് ഗവേഷകസംഘം സ്ഥാപിച്ചിട്ടുള്ളത്. നശിപ്പിച്ച മൂന്ന് ക്യാമറകള്‍ക്കുംകൂടി 75000ത്തിലേറെ രൂപ വിലവരും.

മനോജും സംഘവും ആയുധങ്ങളുമായി വനത്തില്‍ എത്തിയത് മൃഗവേട്ടയ്ക്കാണോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഇരുപത്തേഴുമലയിലും നെടുമ്പാറയിലും പോലീസ് തിരച്ചില്‍ നടത്തി. തമിഴ്‌നാടിനോടു ചേര്‍ന്ന ഉള്‍വനമാണ് ഇരുപത്തേഴുമല. അതിര്‍ത്തിവനങ്ങളില്‍ ആയുധധാരികളായ സംഘം തമ്പടിച്ചതിനെക്കുറിച്ച് തമിഴ്‌നാട് പോലീസ് അച്ചന്‍കോവിലില്‍ അടുത്തിടെ അന്വേഷണം നടത്തിയിരുന്നു. എസ്.ഐ.മാരായ മോഹനന്‍ നായര്‍, ബാലചന്ദ്രന്‍ പിള്ള, തെന്മല അഡീഷണല്‍ എസ്.ഐ. ജയപ്രകാശ്, സീനിയര്‍ സി.പി.ഒ.മാരായ തുളസീധരന്‍, പ്രഭാകരന്‍, ഷാജഹാന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. സംഭവത്തെപ്പറ്റി വനം വകുപ്പും അന്വേഷണം നടത്തിവരികയാണ്.
20 Jan 2012 Mathrubhumi News  

അധികൃതര്‍ കണ്ണടയ്ക്കുന്നു അറവുമാടുകളോട് ക്രൂരതമാത്രം



 കുളത്തൂപ്പുഴ: കന്നുകാലിക്കടത്ത് മാഫിയകളുടെ സ്വാധീനത്തില്‍പ്പെട്ട് മൃഗസംരക്ഷണവകുപ്പും പോലീസും നടപടികള്‍ക്ക് വിസമ്മതിക്കുന്നതിനാല്‍ അറവുമാടുകളോടുള്ള ക്രൂരത എല്ലാ സീമകളും ലംഘിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അറവുമാടുകളെയാണ് വാഹനങ്ങളില്‍ കുത്തിനിറച്ചും കൊടുംവെയിലില്‍ നടത്തിയും പീഡിപ്പിക്കുന്നത്.
ആര്യങ്കാവിലൂടെ എത്തിക്കുന്ന മാടുകളെ തെന്മലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് വിവിധ ചന്തകളിലേക്ക് എത്തിക്കുന്നത്.

ഇതിനായി ചെറിയ പിക്ക്അപ്പ് വാഹനങ്ങളില്‍ അഞ്ച് വലിയ കന്നുകാലികളെവരെ ഇവര്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി മൃതപ്രായരാക്കിയാണ് കൊണ്ടുപോകുന്നത്. ഇതിന് പോലീസ് സ്റ്റേഷനുകളില്‍ കൃത്യമായി പാരിതോഷികങ്ങള്‍ ഇടനിലക്കാര്‍ എത്തിക്കുന്നതായാണ് സൂചന. ചെക്ക്‌പോസ്റ്റുകളിലും 'പണം' തന്നെയാണ് പ്രധാനം.
20 Jan 2012 Mthrubhumi Kollam News 

കൊതിയന് പറ്റിയ പറ്റ്.....

പാലക്കാട്: പാല്‍ക്കൊതിമൂത്ത് ഓപ്പറേഷന്‍തിയേറ്റര്‍വരെ എത്തിയ കുഞ്ഞന്‍പൂച്ചയുടെ കഥയാണിത്. സംഭവം 15 ദിവസംമുമ്പ്. പാത്രത്തില്‍ നിറച്ചുവെച്ച പാല്‍കണ്ടപ്പോള്‍ കൊതിയന്‍പൂച്ച കണ്ണുമടച്ചുകുടിച്ചു. പക്ഷേ, വയറ്റിലാക്കിയത് റബ്ബര്‍പാല്‍. ക്ഷീണംവന്ന്, വയറില്‍ നീരുകണ്ടപ്പോള്‍ പൂച്ചയെ വളര്‍ത്തുന്ന വീട്ടുകാര്‍ മൃഗാസ്​പത്രിയിലെത്തിച്ചു.

വ്യാഴാഴ്ച വാടിത്തളര്‍ന്ന കുട്ടിപ്പൂച്ചയ്ക്ക് സ്‌കാനിങ്. അപ്പോഴാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്, ആറുമാസം പ്രായമുള്ള പൂച്ചയുടെ വയറ്റിനകത്ത് കട്ടപിടിച്ച റബ്ബര്‍. 6.5 സെന്റീമീറ്റര്‍ നീളത്തില്‍ 40ഗ്രാം റബ്ബറുമായി പാവം പൂച്ച രണ്ടാഴ്ചയാണ് നടന്നത്.

പാല്‍കുടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അത് വയറ്റില്‍ ഉറഞ്ഞുകെട്ടി. പിന്നെ കുഞ്ഞന്‍പൂച്ച ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. തീരെ വയ്യാതായി ആസ്​പത്രിയിലെത്തിച്ചപ്പോള്‍ വിളര്‍ച്ച. ഒടുവില്‍ ശസ്ത്രക്രിയ മേശയില്‍ക്കിടത്തി മയക്ക് ഇന്‍ജക്ഷന്‍. പിന്നെ ഡോ.ശശീന്ദ്രന്‍നായരുടെയും ഡോ.റെജിമോന്റെയും നേതൃത്വത്തില്‍ കത്തിയും കത്രികയും നിരത്തി ഒന്നര മണിക്കൂര്‍ ശസ്ത്രക്രിയ. കട്ടപിടിച്ച് കറുത്ത 'റബ്ബര്‍' പുറത്തെടുത്തു. അപകടനില തരണംചെയ്ത കുഞ്ഞനെ മുണ്ടൂരിലെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുപോയി.ഇനി ബെഡ്‌റെസ്റ്റാണ് ഒരാഴ്ച. കൊതിയന്റെ ഭക്ഷണക്കാര്യത്തില്‍ പ്രത്യേകംശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇനി ഒരുപക്ഷേ പാല്‍നിറച്ച ഗ്ലാസിന്റെ ചിത്രം കണ്ടാല്‍പ്പോലും കുഞ്ഞന്‍ പേടിക്കും.
20 Jan 2012Mathrubhumi Palakkad   

പുതൂരില്‍ കാട്ടാന ചരിഞ്ഞനിലയില്‍

പുതൂര്‍: പുതൂരിനുസമീപം നട്ടക്കല്‍ ചുണ്ടപ്പെട്ടിയില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. മുതലത്തറയിലെ സ്വകാര്യതോട്ടത്തിലാണ് കുട്ടിക്കൊമ്പന്‍ ചരിഞ്ഞത്. ആനയ്ക്ക് പത്തുവയസ്സ് കണക്കാക്കുന്നു.

കഴിഞ്ഞ കുറെമാസങ്ങളായി ഈ മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. വന്‍തോതില്‍ വാഴയും മറ്റുവിളകളും കാട്ടാന നശിപ്പിച്ചതായി കര്‍ഷകര്‍ പറഞ്ഞു. കപ്പക്കൃഷിയുള്ള സ്ഥലത്താണ് കാട്ടാന കിടന്നിരുന്നത്. വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റതാണ് അപകടകാരണമെന്ന് വനംവകുപ്പ് അധികൃതര്‍ കണക്കാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച നടക്കും. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ജയിംസ് മാത്യു സ്ഥലം സന്ദര്‍ശിച്ചു.
20 Jan 2012 Mathrubhmi Palakkad News 

Thursday, January 19, 2012

പറമ്പിലെ തേങ്ങയിടാന്‍ കുമ്പിടണം

തവനൂര്‍: കാലടി മാങ്ങാട്ടൂരിലെ ചക്കിയംപറമ്പില്‍ മൊയ്തീന്റെ പറമ്പില്‍ കായ്ച്ച തെങ്ങില്‍നിന്ന് തേങ്ങയിടണമെങ്കില്‍ കുമ്പിട്ട് നില്‍ക്കണം. മൂന്നുമീറ്ററോളം മാത്രം ഉയരമുള്ള തെങ്ങിലെ കുലകള്‍ നിലത്തുമുട്ടിയാണ് കിടക്കുന്നത്. കൗതുകമുണര്‍ത്തുന്ന തെങ്ങുകാണാന്‍ ഒട്ടേറെപേരാണ് മൊയ്തീന്റെ പറമ്പിലെത്തുന്നത്. സഹോദരന്‍ അബൂബക്കറിന്റെ ഉടമസ്ഥതള്‍യിയുള്ള മാങ്ങാട്ടൂരിലെ കേരള അഗ്രി. ഫാമില്‍ നിന്നാണ് സങ്കരയിനത്തില്‍പ്പെട്ട തെങ്ങിന്‍തൈ വാങ്ങിയത്. തീരദേശ നെടിയ ഇനവും മലയന്‍ യല്ലോ ഡാര്‍ക്ക് എന്ന ഇനവും കൂട്ടിച്ചേര്‍ത്താണ് കേരശ്രീ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങില്‍നിന്ന് ഒന്നരവര്‍ഷമായി കായ്ഫലം ലഭിക്കുന്നുണ്ട്. എട്ട് കുലകളിലായി 40 തേങ്ങകളാണ് തെങ്ങില്‍ ഇപ്പോഴുള്ളത്.
19 Jan 2012 Malappuram Mathrubhumi

മന്ദലാംകുന്ന് കടപ്പുറത്ത് കടലാമകള്‍ മുട്ടയിടാനെത്തി

ചാവക്കാട്: ചാവക്കാട് കടപ്പുറം മുതല്‍ മന്ദലാംകുന്ന് കടപ്പുറം വരെയുള്ള ബീച്ചുകളില്‍ കടലാമകള്‍ മുട്ടയിടാനെത്തി. കടലാമമുട്ടകളെ സംരക്ഷിക്കാനും കടലാമകള്‍ക്ക് കടല്‍തീരത്ത് സൗകര്യമൊരുക്കിക്കൊടുക്കാനും തീരമേഖലയില്‍ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. രാത്രികാലങ്ങളില്‍ പലയിടത്തും ഇവര്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം, മന്ദലാംകുന്ന് തുടങ്ങിയ കടപ്പുറങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി കടലാമകള്‍ മുട്ടയിട്ടുപോയിട്ടുണ്ട്.
മന്ദലാംകുന്ന് കടപ്പുറത്ത് അര്‍ധരാത്രി മുട്ടയിടാനെത്തിയ ആമ കൗതുകമായി. കടപ്പുറത്ത് ഒന്നരമണിക്കൂറിനുള്ളില്‍ എട്ട് കുഴികള്‍ തീര്‍ത്തു. അവസാനത്തെ കുഴിയാലാണ് മുട്ടയിട്ടത്.

111 മുട്ടകള്‍ ആമയിട്ടു. സാധാരണ ഒന്നോ രണ്ടോ കുഴികളെടുത്ത് പരാജയപ്പെട്ടാല്‍ ആമ കടലിലേക്ക് തിരിച്ചുപോകാറാണ് പതിവ്. ഒലിവ്‌റിഡ്‌ലി എന്ന ഇനത്തില്‍പ്പെട്ട കടലാമകളാണ് കേരളതീരത്ത് മുട്ടയിടാനെത്തുന്നത്.

കടല്‍ഭിത്തികള്‍, ലൈറ്റുകളുടെ അമിത പ്രകാശം എന്നിവ മൂലം കടലാമകള്‍ കരയ്ക്കടുക്കുന്നത് അപൂര്‍വമാണ്. കമറുദ്ദീന്‍ അസൈനാരകത്ത്, ഹംസു പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കടലാമസംരക്ഷണ സമിതി മന്ദലാംകുന്ന് കടപ്പുറത്ത് കടലാമമുട്ടയ്ക്ക് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കടലിലേക്ക് പോകുന്നതുവരെ ഇവര്‍ കാവല്‍ തുടരും.
19 Jan 2012 Mathrubhumi Thrissur News

Wednesday, January 18, 2012

ശലഭചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

 
പിലിക്കോട്: ശലഭക്കാഴ്ചകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്സി ലാണ് അറുപതില്‍പ്പരം ശലഭങ്ങളുടെ ചിത്രപ്രദര്‍ശനം ഒരുക്കിയത്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇക്കോ ക്ലബ് സംഘടിപ്പിച്ചതാണ് ചിത്രങ്ങള്‍. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രന്‍ അധ്യക്ഷനായി. കെ.ജയചന്ദ്രന്‍, എം.വി.കുഞ്ഞികൃഷ്ണന്‍, യോഗേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ അമ്പത് സീഡ്-ഹരിതസേനാ അംഗങ്ങള്‍ കരക്കക്കാവില്‍ ശലഭനിരീക്ഷണം നടത്തി.
18 Jan 2012 Mathrubhumi Kasargod News    

Tuesday, January 17, 2012

ആനയ്ക്കുണ്ടൊരു ഓര്‍ഫനേജ്

ശ്രീലങ്കയില്‍ കാന്‍ഡിക്കടുത്തുള്ള പിനാവാല എലിഫന്റ് ഓര്‍ഫനേജ് ഏറെ കീര്‍ത്തികേട്ടതാണ്. വനത്തില്‍ നിന്നും വേര്‍പെടുന്ന 65-ഓളം ആനകള്‍ ഇവിടുയുണ്ട്. ഇവിടെ 25 ഏക്കറോളം സ്ഥലത്തായി ഇവ ജീവിച്ചുവരുന്നു. ഇവയില്‍ പിടിയാനകളും മോഴകളുമാണ് കൂടുതല്‍. കൊമ്പനാനകള്‍ ശ്രീലങ്കയില്‍ പൊതുവേ എണ്ണത്തില്‍ കുറവാണ്. ഈ ഓര്‍ഫനേജില്‍ ആനക്കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണമാണ് നല്‍കുന്നത്.

കുട്ടിയാനകളുടെ ആഹാരത്തിനായി ലാക്ടോജന്‍, വെള്ളത്തില്‍ കലക്കി പാല്‍ക്കുപ്പിയിലാക്കി നല്കിവരുന്നു. കൂടാതെ പ്ലാവിലയും വിറ്റാമിനുകളും നല്‍കാറുണ്ട്.

ഇവിടെ ആനകളെ ശുശ്രൂഷിക്കുന്നതിനായി 2 വെറ്റനറി ഡോക്ടര്‍മാരുണ്ട്. ഇവിടത്തെ ആനകള്‍ പൂര്‍ണ്ണമായും മനുഷ്യനോട് ഇണങ്ങിച്ചേരാത്ത കാട്ടാനകളാണ്. ശ്രീലങ്കയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍റ കീഴിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആന സംരക്ഷണത്തിനായി ശ്രീലങ്കയില്‍ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും നടപ്പിലാക്കാവുന്നതേയുള്ളൂ.
Manoramaonline>> Environment(ധന്യലക്ഷ്മി മോഹന്‍)>> Green Heroes

Monday, January 16, 2012

വനാന്തര ഭംഗിയിലേക്ക് ട്രക്കിങ്ങിനു തുടക്കം

ട്രക്കിങ് സംവിധാനത്തിനും വനാന്തരത്തിലെ പാര്‍പ്പിടത്തിനും വന്യജീവി വകുപ്പ് തുടക്കമിട്ടു. മൂന്നാര്‍ രാജമല ചെക്ക്പോസ്റ്റില്‍ നിന്നു കടലാര്‍ മേഖല വഴി ചോല വനം വഴി തിരികെ എത്തുന്ന രണ്ട് മണിക്കൂര്‍ ട്രക്കിങ് യാത്രയാണ് ഇതിലൊന്ന്. ഇതിനെ കുറിഞ്ഞി ട്രക്കിങ് യാത്രയെന്നു പറയുന്നു. 56 തരം കുറിഞ്ഞി വര്‍ഗത്തില്‍ 23 എണ്ണം ഉള്ളത് രാജമല മേഖലയിലാണ്.

കുറിഞ്ഞി വര്‍ഗത്തെ തിരിച്ചറിയുന്നതിനും ചോല ഫോറസ്റ്റ്, പുല്‍മേടുകള്‍, വെള്ളച്ചാട്ടം തുടങ്ങിയവ ആസ്വദിച്ചു തിരികെ എത്താനും രണ്ട് മണിക്കൂര്‍ സമയം വേണ്ടിവരും. മുതിര്‍ന്നവര്‍ക്കു 155 രൂപയും സ്കൂള്‍ കുട്ടികള്‍ക്കു 145 രൂപയും വിദേശികള്‍ക്കു 340 രൂപയുമാണു ചാര്‍ജ് ഈടാക്കുന്നത്.

വാഗവരൈയിലെ ലക്കം വെള്ളച്ചാട്ടത്തിനടുത്തുകൂടി കീഴാംതൂക്കായ മറ്റൊരു വെള്ളച്ചാട്ടം കാണാനും ട്രക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ലക്കം വാട്ടര്‍ഫാള്‍ ട്രക്കിങ്ങിന് ഒരാള്‍ക്ക് ഈടാക്കുന്നത് 60 രൂപയാണ്. അര മണിക്കൂറിനുള്ളില്‍ വെള്ളച്ചാട്ടം കണ്ടു വനഭംഗി ആസ്വദിച്ചു തടിപ്പാലത്തിലൂടെ കീഴാംതൂക്കായ പ്രദേശം കടന്നു ലക്കം വെള്ളച്ചാട്ടത്തിനു മുകളിലുള്ള മറ്റൊരു വെള്ളച്ചാട്ടം കണ്ടു മടങ്ങാം.

വെള്ളച്ചാട്ടത്തിനടുത്തായി രണ്ട് പേര്‍ക്കു താമസിക്കാന്‍ പറ്റുന്ന രീതിയില്‍ വനത്തിലായി ഒരു കുടില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് 1500 രൂപയാണു നിരക്ക്. ട്രക്കിങ് പരിപാടിയുടെ ഉദ്ഘാടനം വന്യജീവി വിഭാഗം വാര്‍ഡന്‍ പി.യു. സാജു നിര്‍വഹിച്ചു. ഇരവികുളം നാഷനല്‍ പാര്‍ക്കിനോടു ചേര്‍ന്നുകിടക്കുന്ന ആദിവാസി കുടിയിലെ യുവാക്കള്‍ക്കു ജീവിത വരുമാനവും തൊഴിലും ലക്ഷ്യമാക്കിയാണു വന്യജീവി വകുപ്പ് രണ്ട് ട്രക്കിങ് പരിപാടികള്‍ക്കു തുടക്കമിട്ടത്.

തുടക്കം, കുടിയിലെ മുതുവാന്‍മാരായ അഞ്ച് യുവാക്കള്‍ക്ക് രണ്ട് ആഴ്ചത്തെ പരിശീലനം നല്‍കി ട്രക്കിങ് ഗൈഡുകളാക്കിയതാണ്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും ഷൂസും വന്യജീവി വകുപ്പ് നല്‍കിയിട്ടുണ്ട്. ലക്കം കുടിയിലെ വീരകുമാര്‍, ധനുഷ്കോടി, ലക്ഷ്മണന്‍, ആനന്ദരാജ്, പൊന്നുരാജ് എന്നിവരെയാണു തല്‍ക്കാലം ട്രക്കിങ് ഗൈഡുകളായി നിയമിച്ചിരിക്കുന്നത്.

വന്യജീവി വകുപ്പ് ലക്കം വെള്ളച്ചാട്ടം കാണാന്‍ സൌകര്യം ഒരുക്കിയത് 2007ലായിരുന്നു. ആ വര്‍ഷം എത്തിച്ചേര്‍ന്നത് 39000 പേര്‍. 2010 ആയപ്പോഴേയ്ക്കും 104975 സന്ദര്‍ശകരും 2011ല്‍ 116483 പേരുമെത്തി. ഒരാള്‍ക്ക് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് പത്ത് രൂപയാണ്.
Manoramaonline >> Environment >> Travel

Sunday, January 15, 2012

നാട്ടറിവുകളുടെ ജനകീയ രേഖപ്പെടുത്തലായി ജൈവ വൈവിധ്യ രജിസ്റ്റര്‍

താമരശ്ശേരി: കാട്ടിലും കാട്ടരുവികളിലും താഴ്‌വാരത്തും വയലേലകളിലുമൊക്കെ സമൃദ്ധമായ ജൈവസമ്പത്തുകളുട അമൂല്യവിവരങ്ങള്‍ ശേഖരിച്ച പുതുപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ ശ്രദ്ധേയമായി.
ഓരോ പ്രദേശത്തെയും ജൈവവൈവിധ്യങ്ങളെ തേടിപ്പിടിച്ച് അവയുടെ ജീവാവസ്ഥയും ഉപയോഗവും അവയുടെ നാട്ടറിവുകളും വരെ ശേഖരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വയനാടന്‍ ചുരത്തിന് താഴേക്ക് നീണ്ടുകിടക്കുന്ന ഈ ഗ്രാമത്തിന്റെ നാട്ടുചരിത്രവും ഭൂപ്രകൃതിയുടെ സവിശേഷതയും.

ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്. പഞ്ചായത്തില്‍ രൂപവത്കരിച്ച ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ആ പ്രദേശത്തുള്ളവരെത്തന്നെ വിവരശേഖരണത്തിന് നിയോഗിച്ച് തദ്ദേശീയമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കാട്ടരുവികളിലെ ചെറുജീവികള്‍ മുതല്‍ കാട്ടിലും നാട്ടിലും മറഞ്ഞുകിടക്കുന്ന ഔഷധസസ്യങ്ങളും കാട്ടുമരങ്ങളും വിവിധ വിളകളും കിളികളും ശലഭങ്ങളും വിളകളെ ആക്രമിക്കുന്ന കളകളും കീടങ്ങളും വരെ രജിസ്റ്ററില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ജൈവ വൈവിധ്യം കാണപ്പെടുന്ന സ്ഥലം അളവ്, അവയുടെ ജീവാവസ്ഥ, അതുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ തുടങ്ങി അവയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. എള്ളിനെക്കുറിച്ച് രേഖപ്പെടുത്തിയപ്പോള്‍ 'എള്ളും വയമ്പും കൂടി വായിലിട്ട് ചവച്ചാല്‍ ഇളകുന്ന പല്ലുകള്‍ ഉറയ്ക്കും' എന്നിങ്ങനെ കൗതുകം പകരുന്ന നാട്ടറിവുകള്‍ ഇതില്‍ ഒട്ടേറെയുണ്ട്. അതിരാണി, കുറുന്തോട്ടി, കുളവാഴ, മുക്കുറ്റി, ചീരളം തുടങ്ങിയവയും മണ്ണിലെ നൂലട്ടയും പാറഞണ്ട്, കാരാമ തുടങ്ങിയ ജീവികളും വെള്ളില, കാട്ടുള്ളി, അതിരാണി, അരിപ്പൂവ്, കാട്ടുമുല്ല, കൃഷ്ണമുടി തുടങ്ങിയ വന്യ അലങ്കാരച്ചെടികളും നാട്ടറിവുകളുമായി ചേര്‍ത്തുവെച്ച് രജിസ്റ്ററില്‍ വായിക്കാം. ഓരോ പ്രദേശത്തിന്റെയും സ്ഥലനാമചരിത്രമുള്‍പ്പെടെ രേഖപ്പെടുത്താനുള്ള ശ്രമം ഇതില്‍ ഉണ്ട്. നാട്ടിലെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, നാടന്‍ കളികള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങിയവയും രേഖപ്പെടുത്തിയിരിക്കുന്നു.

257 പേജില്‍ വലിയ ആല്‍ബത്തിന്റെ മാതൃകയിലാണ് രജിസ്റ്റര്‍. പഞ്ചായത്തിന്റെ പദ്ധതി രൂപവത്കരണത്തിനുള്ള റഫറന്‍സ് ആയി ഉപയോഗിക്കാം. സംസ്ഥാനത്ത് ഈ വര്‍ഷം 300ഓളം പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ വൈവിധ്യരജിസ്റ്റര്‍ നിര്‍മാണം ഉള്‍പ്പടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ പുതുപ്പാടിയെക്കൂടാതെ ഏതാനും പഞ്ചായത്തുകളില്‍ക്കൂടി രജിസ്റ്റര്‍ തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.
15.1.2012 Mathrubhumi News

Saturday, January 14, 2012

വയനാട്ടിലെ കാലാവസ്ഥ 2030ഓടെ മാറുമെന്ന്

അമ്പലവയല്‍: വയനാട്ടിലെ കാലാവസ്ഥയില്‍ 2030ഓടെ കാര്യമായ വ്യതിയാനമുണ്ടാകുമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കാലാവസ്ഥാ വിഭാഗത്തിന്‍റ റിപ്പോര്‍ട്ട്.മഴ കൂടുതലാകുന്നതോടെ ചരിവുള്ള പ്രദേശമായ വയനാട് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട് .
ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആഗോളതല കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ പഠനത്തിന്‍െറ വിവിധ രീതികളും ഇന്‍റര്‍ ഗവണ്‍മെന്‍റ് പ്ളാനല്‍ ഓണ്‍ കൈ്ളമറ്റ് ചെയ്ഞ്ച് അംഗീകരിച്ച മാതൃകയും ഉപയോഗിച്ചാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ (ആര്‍.എ.ആര്‍.എസ്) പഠനം നടത്തിയത്. കാലാവസ്ഥ വ്യതിയാനം വഴി മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാവാന്‍ സാധ്യതയുണ്ട്. മണ്ണില്‍ അമ്ളത കൂടാനും ഇടയാക്കും. കാര്‍ഷിക കലണ്ടര്‍ ഒരുമാസം നേരത്തേയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റം ജില്ലയിലെ നെല്‍കൃഷിയെയും നാണ്യവിളകളെയും കാര്യമായി ബാധിക്കും.
വേനല്‍മഴയുടെ കുറവ് വരള്‍ച്ച വര്‍ധിക്കാനും ഇടയാക്കും. അന്തരീക്ഷത്തിലെ താപനിലയിലും മാറ്റം സംഭവിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വിവിധ മാതൃകകളുടെ ശരാശരി കണക്കാക്കി 2050 വരെ വയനാട്ടില്‍ വരുന്ന മാറ്റങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥക്കനുസരിച്ച് കൃഷിചെയ്യുന്ന വയനാട്ടില്‍ ഇതോടെ കാര്‍ഷിക രംഗത്തും മാറ്റം വേണമെന്നാണ് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷിയിലും ജീവിതത്തിലും വരുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറക്കാന്‍ പഠനം ഏറെ ഗുണം ചെയ്യുമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. കെ. സുനില്‍ പറഞ്ഞു.
ഈ കണ്ടെത്തലുകള്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ കോട്ടം വരുത്തുമെന്നതിനാല്‍ മുന്‍ കരുതലുകളും പദ്ധതികളും ആവശ്യമാണ്. ഭാവിയില്‍ കാലാവസ്ഥയിലുണ്ടായേക്കാവുന്ന സംഭവങ്ങളുടെ പരമ്പരകള്‍ ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക തലത്തില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല.
ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന മഴ ജൂലൈ മാസത്തോടെ കൂടുതല്‍ ലഭ്യമാവുകയാണ്. ഇത് ശരാശരി കണക്കനുസരിച്ച് 2000 മില്ലീ മീറ്റര്‍ വരെയാണ്. മാറുന്ന സാഹചര്യത്തില്‍ 2020 മുതല്‍ 2030 വരെ മഴ ആരംഭിക്കുന്നത് മേയ് മാസത്തിലും കൂടിയ മഴ ജൂണിലുമായിരിക്കും. മഴയുടെ തോത് 3500 മി. മീറ്റര്‍ വരെയായി ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2050ഓടെ ഇത് ഇന്നത്തെ അവസ്ഥയിലേക്ക് ആകുമെങ്കിലും മഴയുടെ തോത് കുറയില്ളെന്നാണ് നിഗമനം. വേനല്‍ മഴയിലും ഗണ്യമായ കുറവുണ്ടാകും.നിലവില്‍ ശരാശരി 70 മി. മീറ്റര്‍ വേനല്‍ മഴയാണ് വയനാട്ടില്‍ ലഭിക്കുന്നത്.
ഇത് 2020ഓടെ 43.6 മി. മീറ്റര്‍ ആയി കുറയും. 2050ല്‍ വേനല്‍മഴ 61.6 മി. മീറ്ററാകും. 2010ല്‍ വയനാട്ടില്‍ ലഭിച്ച ശരാശരി വേനല്‍ മഴ 106 മി. മീറ്ററാണ്. 2020ഓടെ ലഭിക്കുന്ന മഴയുടെ അളവ് കൂടുമെങ്കിലും മഴക്കാലത്തിന്‍െറ കാലപരിധി കുറയാന്‍ സാധ്യതയുണ്ട്.
14.1.2012 Madhyamam News

തട്ടേക്കാട് പക്ഷിസങ്കേതം നിയന്ത്രണങ്ങളോടെ തുറക്കും -മന്ത്രി ഗണേഷ് കുമാര്‍

 കോതമംഗലം: സംസ്ഥാന വിനോദ സഞ്ചാരത്തിന്റെ ഭാവി വനം ടൂറിസത്തില്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പുനരാരംഭിച്ച ജലാശയ വിനോദ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം ടൂറിസത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടേക്കാട് പക്ഷിസങ്കേതം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്നു കൊടുക്കുവാന്‍ വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സങ്കേതത്തില്‍ കൂടുതലായി കണ്ടുവരുന്ന മാക്കാച്ചികാട (സിലോണ്‍ ഫ്രോഗ്മൗത്ത്) യുടെ ആവാസ വ്യവസ്ഥക്കു ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി വൈല്‍ഡ് ലൈഫ് അധികൃതര്‍ പ്രവേശനം നിരോധിച്ചിരുന്നത്.
വ്യവസ്ഥകള്‍ക്കു വിധേയമായി വാച്ച് ടവര്‍ വരെയുള്ള മേഖലയിലേക്ക് ട്രക്കിംഗിനും പക്ഷി നിരീക്ഷണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയ്യാറാക്കി ഒരാഴ്ച കൊണ്ട് സമര്‍പ്പിക്കാന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിഎഫ്ഒ സാബി വര്‍ഗീസിന് മന്ത്രി നിര്‍ദ്ദേശം നല്കി.
ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രവേശനത്തിന് 100 രൂപയും വിദേശികള്‍ക്ക് 250 രൂപയും ഫീസ് ഈടാക്കും. പ്രത്യേക പാക്കേജും തയ്യാറാക്കും. കമ്പ്യൂട്ടറൈസ്ഡ് പ്രവേശന ടിക്കറ്റും സ്ഥല സംബന്ധമായ പൂര്‍ണ വിവരങ്ങളും അടങ്ങിയ ബ്രോഷറും നല്കും.
തട്ടേക്കാട് ഭൂതത്താന്‍കെട്ട് എന്നീ കേന്ദ്രങ്ങളില്‍ ഇ-ടോയിലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ശുദ്ധീകരിച്ച കുടിവെള്ള സംവിധാനവും വനംവകുപ്പിന്റെ ശബരിതീര്‍ത്ഥം കുപ്പിവെള്ളം സ്റ്റാളുകള്‍ വഴി വിതരണം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
തട്ടേക്കാട് എക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലമലയിലേക്കും പഴയ ഭൂതത്താന്‍കെട്ടിലേക്കും ട്രക്കിംഗിനുള്ള സാധ്യതകള്‍ പഠിച്ച് പദ്ധതി തയ്യാറാക്കും.
ഭൂതത്താന്‍കെട്ടില്‍ കെടിഡിസിയുടെ അധീനതയില്‍ ഉള്ള 15 ഏക്കര്‍ സ്ഥലത്ത് കെഎഫ്ഡിസിയുമായി സഹകരിച്ച് സിനിമാ ചിത്രീകരണത്തിനുള്ള ലൊക്കേഷന്‍ ഒരുക്കും.
ഉദ്ഘാടന ശേഷം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഹൗസ് ബോട്ടില്‍ ടി.യു. കുരുവിള എംഎല്‍എ, കെഎഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്താ ജോയി, സി.ജെ. എല്‍ദോസ്, ഡിഎഫ്ഒ സാബി വര്‍ഗീസ്, റെയിഞ്ച് ഓഫീസര്‍മാരായ അന്‍വര്‍, ശശി, സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. റോണി മാത്യു തുടങ്ങിയവര്‍ക്കൊപ്പം തട്ടേക്കാട് പക്ഷി സങ്കേതം വരെ കാനന ഭംഗി ആസ്വദിച്ച് ആദ്യയാത്ര നടത്തി.
 14 Jan 2012 Mathrubhumi Eranamkulam

Friday, January 13, 2012

തവളകളിലെ കുഞ്ഞനെ കണ്ടെത്തി

ലൂസിയാന: ലോകത്തിലെ ഏറ്റവും ചെറിയ തവള വര്‍ഗത്തെ പാപ്പുവ ന്യൂ ഗിനിയില്‍ കണ്ടെത്തി. പീഡൊഡൊഫ്രൈനെ അമൗന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ തവളയ്ക്ക് ഏഴ് മില്ലിമീറ്ററേ നീളമുള്ളൂ. പൂര്‍ണവര്‍ളര്‍ച്ചയെത്തിയാല്‍ 7.7 മില്ലി മീറ്റര്‍ നീളമുണ്ടാകും. നട്ടെല്ലുള്ള ജീവികളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും ചെറു ജീവി ഈ തവളയായേക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് സര്‍വകലാശാലയിലെ ക്രിസ് ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പപ്പുവ ന്യൂ ഗിനി കാടുകളില്‍ നിന്ന് കുഞ്ഞന്‍ തവളയെ കണ്ടെത്തിയത്. കരിയിലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കരിയില നിറമുള്ള തവളയെ വളരെ പ്രയാസപ്പെട്ടാണ് കണ്ടെത്തിയതെന്ന് ശാസ്ത്ര പ്രസിദ്ധീകരണമായ പ്രോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.

സാധാരണ തവളകള്‍ ആഹാരമാക്കുന്ന ഷഡ്പദങ്ങളെക്കാള്‍ ചെറിയ ജീവികളാണ് കുഞ്ഞന്‍ തവളയുടെ ആഹാരം. തേളുപോലുള്ള ജീവികള്‍ ഈ തവളകളെ ആഹാരമാക്കും.

പീഡൊഫ്രൈന്‍സിനെ കണ്ടെത്തും മുമ്പ് ബ്രസീലിലെ സുവര്‍ണ തവളയും ക്യൂബയിലെ മോണ്ടെ ഇബെറിയ എല്യൂത്ത് തവളയുമായിരുന്നു ലോകത്തെ ഏറ്റവും ചെറിയ തവളകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു സെന്റീ മീറ്ററില്‍ താഴെയായിരുന്നു രണ്ടിന്റെയും വലിപ്പം. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറുതെന്ന സ്ഥാനം പീഡോസൈപ്രിസ് പ്രൊജെനെറ്റിക എന്ന മത്സ്യത്തിനായിരുന്നു.
13 Jan 2012 Mathrubhumi News

വിരുന്നെത്തിയ വസന്തമായി കോട്ടയം പുഷ്‌പമേള, പൂത്തുലഞ്ഞ് നഗരം

കോട്ടയം: കത്തുന്ന വെയിലില്‍ കണ്ണിനു കുളിര്‍മ്മയേകി കോട്ടയം പുഷ്പമേള തുടങ്ങി. വസന്തം വിരുന്നെത്തിയ ഉദ്യാനംപോലെ പൂത്തുലഞ്ഞ നാഗമ്പടത്ത് അലങ്കാരപുഷ്പങ്ങള്‍ തമ്മിലാണ് മത്സരം... പൂക്കളൊരുക്കുന്ന നിറക്കൂട്ടുകള്‍ക്കൊപ്പം ബോണ്‍സായിമരങ്ങളും അപൂര്‍വ കാര്‍ഷിക വിളയിനങ്ങളും പുഷ്പമേളയ് ക്ക് മാറ്റുകൂട്ടുന്നു. അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി നാഗമ്പടം മൈതാനത്ത് ഒരുക്കിയ പുഷ്പമേളയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുമുള്ള അപൂര്‍വ്വയിനം പൂക്കളാണ് ഒരുക്കിയിട്ടുള്ളത്.


കോട്ടയം പുഷ്പമേളയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നാല്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പൂര്‍ണ്ണമായും ശീതീകരിച്ച അത്യാധുനിക പന്തലാണ് ഒരുക്കിയിട്ടുള്ളത്. 27 നഴ്‌സറികളില്‍നിന്നുള്ള അലങ്കാരപുഷ്പങ്ങളും സസ്യങ്ങളും ഔഷധസസ്യങ്ങളും മേളയിലുണ്ട്.

പൂക്കളില്‍ ആരാണ് സുന്ദരി ?


സാല്‍വിയ, സീനിയ, ഡാലിയ, അസ്സീഡിയ ,യൂഫോര്‍ബിയ, ബിഗോണിയ, ക്രിസാന്തിമം.... പൂക്കളുടെ സൗന്ദര്യമത്സരത്തിനാണ് നാഗമ്പടം മൈതാനത്ത് അരങ്ങുണര്‍ന്നത്. വിവിധയിനം റോസുകള്‍ അന്വേഷിച്ചുനടന്ന കാലത്തില്‍നിന്ന് മട്ടുപ്പാവിലും തൊടിയിലും അലങ്കാര പുഷ്പമാക്കാന്‍ കൊതിക്കുന്ന വ്യത്യസ്തമായ പൂക്കളുടെ നിരയാണ് മേളയുടെ പ്രത്യേകത. ഒപ്പം സിംഗപ്പൂര്‍ , മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അപൂര്‍വ്വയിനം ഓര്‍ക്കിഡുകളും മേളയെ ആകര്‍ഷകമാക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഹൈബ്രിഡ് പൂക്കളുടെ വലിയ ശേഖരത്തോടൊപ്പം ചെടികള്‍ വാങ്ങാനുള്ള സൗകര്യവും മേളയിലുണ്ട്.

ഭീമന്‍ കിഴങ്ങുവിളകളുമായി കാര്‍ഷിക പ്രദര്‍ശനം


ഒരു കിലോ തൂക്കം വരുന്ന പേരയ്ക്ക, 120കിലോയിലധികം തൂക്കമുള്ള ഭീമന്‍ കപ്പ, കാച്ചില്‍ , ഭീമന്‍ ചേന , വാഴക്കുലകള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളായി മേളയില്‍ അണിനിരന്നിട്ടുണ്ട്. അതിശയിപ്പിക്കുംവിധം വലിപ്പമുള്ള അടയ്ക്ക, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. കാര്‍ഷികവിളകള്‍ക്കും ചെടികള്‍ക്കുമുള്ള ജൈവവളങ്ങളും മേളയോടൊപ്പം ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ നിന്നു വാങ്ങാം.
ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍, മറ്റു ഫലവൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയും മേളയില്‍നിന്നു വാങ്ങാം. ഇവ പരിപാലിക്കുന്ന വിധവും കാര്‍ഷിക വിദഗ്ദ്ധര്‍ വിവരിക്കും.
അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന വിധവും അക്വേറിയങ്ങള്‍ തയ്യാറാക്കുന്ന രീതിയും പുഷ്പമേളയോടൊപ്പം ക്രമീകരിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ വിവരിക്കും.

നയനോത്സവമായി ഫ്‌ളവര്‍ അറേഞ്ച്‌മെന്റുകള്‍


അലങ്കാര പുഷ്പങ്ങളും സസ്യങ്ങളും പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ആഘോഷങ്ങള്‍ക്കും മറ്റും അവ ആകര്‍ഷകമായി ക്രമീകരിക്കുന്നതിലുള്ള ഭംഗി വെളിവാക്കുന്ന സ്റ്റാളുകളും മേളയിലുണ്ട്. ഫ്‌ളവര്‍ അറേഞ്ച്‌മെന്റിലെ നൂതനാശയങ്ങളും എളുപ്പവഴികളും പങ്കുവയ് ക്കുന്നതിനുള്ള വേദി കൂടിയായി പുഷ്പമേള.
പുഷ്പമേളയോടനുബന്ധിച്ച് പൂക്കള്‍ അലങ്കരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. മയിലിന്റെയും അരയന്നത്തിന്റെയും രൂപത്തില്‍ അലങ്കരിച്ച പൂക്കളും ചെടികളും ആരിലും കൗതുകമുണര്‍ത്തുന്നവയാണ്.
നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍ മേള ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ സിനിമാനടി കല്‍പ്പന ഉദ്ഘാടനം ചെയ്തു. ദിവസേന രാവിലെ ഒമ്പതുമുതല്‍ എട്ടരവരെയാണ് പ്രദര്‍ശനം. ഭക്ഷ്യസ്റ്റാളുകളും കരകൗശലസ്റ്റാളുകളും മേളയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. പുഷേ്പാത്സവം 15ന് സമാപിക്കും.

ബോണ്‍സായിയുമായി രവീന്ദ്രന്‍


പതിനഞ്ചു മുതല്‍ എഴുപതു വര്‍ഷം വരെ പഴക്കമുള്ള ഒന്നരഅടിമാത്രം ഉയരമുള്ള ഇത്തിരിക്കുഞ്ഞന്‍ വൃക്ഷങ്ങള്‍... പുളിയും പേരാലും നാരകവും തുടങ്ങി പതിനഞ്ചോളം മരങ്ങളുടെ ബോണ്‍സായ് ശേഖരവുമായാണ് നാഗര്‍കോവിലില്‍ നിന്നും രവീന്ദ്രന്‍ പുഷ്പമേളയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. 42 വര്‍ഷംമുമ്പ് കൗതുകത്തിന് തുടങ്ങിയ ബോണ്‍സായി പ്രേമത്തെ ഗൗരവമായി കണ്ടുതുടങ്ങിയപ്പോള്‍ കൈവന്ന അപൂര്‍വ്വനേട്ടങ്ങളുടെ കഥയുമായാണ് രവീന്ദ്രന്‍ എത്തിയത് .ഇത് മൂന്നാം തവണയാണ് കോട്ടയത്തെ പുഷ്പമേളക്ക് കൊഴുപ്പേകാന്‍ ബോണ്‍സായ് മരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത കൃഷിരീതിയിലൂടെ നട്ടുനനച്ച 84 മരങ്ങളാണ് മേളയിലുള്ളത്.
13 Jan 2012 Mathrubhumi Kottayam News

Thursday, January 12, 2012

കടലാമകളുടെ സംരക്ഷകര്‍ക്ക് വനമിത്ര പുരസ്കാരം

ഇൌറ്റില്ലം തേടിയെത്തുന്ന കടലാമകള്‍ക്ക് സുരക്ഷിത തീരമൊരുക്കിയും ആവാസ വ്യവസ്ഥ നിലനിര്‍ത്താന്‍ കണ്ടലുകള്‍ വച്ചു പിടിപ്പിച്ചും സംരക്ഷിച്ചും വനവല്‍ക്കരണം നടത്തിയും പ്രകൃതി സ്നേഹികളുടെ ഹൃദയത്തിലിടം തേടിയവര്‍ക്ക് ഒടുവില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം. കൊളാവിപ്പാലത്തെ തീരം പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വനമിത്ര പുരസ്കാരമാണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറിയത്.

സംസ്ഥാന വനം വകുപ്പ് ജൈവവൈവിധ്യ മേഖലയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബയോഡൈവേഴ്സിറ്റി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് ഇൌ ബഹുമതി നല്‍കുന്നത്.

രണ്ടു പതിറ്റാണ്ടു മുന്‍പാണ് 12 അംഗ സംഘം കടലാമ സംരക്ഷണ യജ്ഞത്തിന് തുടക്കമിടുന്നത്. എം. ടി. സുരേഷ്ബാബു, ചെറിയാവി സുരേഷ്ബാബു, ദിനേശ്ബാബു, കെ. സുരേന്ദ്രബാബു, പി. സതീശന്‍, കൊളാവി വിജയന്‍, പി. കെ. പ്രകാശന്‍, കെ. ടി. പ്രകാശന്‍, കെ. ടി. രമേശന്‍, സി. സദാനന്ദന്‍, പി. സജീവന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഒരു പത്രവാര്‍ത്തയാണ് ഇവരെ ഇതിലേക്ക് നയിച്ചത്. കടലാമകളെ വിവേചനമില്ലാതെ വേട്ടയാടി വിപണനം നടത്തുന്നതും മുട്ടകള്‍ മുഴുവന്‍ മറ്റുള്ള ജീവികളുടെ ഭക്ഷണമായിത്തീരുകയും ചെയ്യുന്നതിനാല്‍ ഇവ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണെന്നായിരുന്നു അത്.

ഇൌ പുതിയ അറിവ് ഇവരെ കടലാമ സംരക്ഷണ പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് കൊളാവി തീരത്തെ പൂഴി മണലില്‍ മാനം നോക്കിക്കിടന്ന് ഇവര്‍ രാവേറെ ചര്‍ച്ച ചെയ്തു. ഒടുവില്‍ കടലാമകള്‍ക്കും മുട്ടകള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

തീരമില്ലെങ്കില്‍ കടലാമകളില്ല എന്ന തിരിച്ചറിവ് തീരസംരക്ഷണത്തില്‍കൂടി ശ്രദ്ധചെലുത്താന്‍ ഇവരെ പ്രേരിപ്പിച്ചു. അതോടെ മണലൂറ്റുകാരുടെ കണ്ണിലെ കരടായി മാറാന്‍ ഏറെ സമയം വേണ്ടിവന്നില്ല. മണലൂറ്റുകാരുമായി നിരന്തര സംഘര്‍ഷവും മര്‍ദനവും കേസുകളും ഒഴിയാബാധയായി മാറി. എന്നിട്ടും കടലാമ സംരക്ഷണ പ്രവൃത്തിയുമായി ഇവര്‍ മുന്നോട്ടുതന്നെ പോയി. നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം 98-ല്‍ വനം വകുപ്പിന്റെ അംഗീകാരവും സഹായവും ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കടലാമകള്‍ സുരക്ഷിത തീരം തേടി പ്രജനനത്തിനായി ഇവിടെയെത്തുന്നത്. വേലിയേറ്റത്തിനനുസരിച്ച് രാത്രിയിലും പുലര്‍ച്ചെയുമാണ് ആമകള്‍ മുട്ടയിടാന്‍ തീരമണയുന്നത്. ഒലിവ് റിഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമകളാണ് ഇവിടെ തീരം തേടിയെത്തുന്നത്. തിക്കോടി ആവിക്കല്‍ മുതല്‍ കോട്ടക്കടപ്പുറം വരെയുള്ള എട്ടു കി. മീ. തീരത്താണ് ഇവ പതിവായി മുട്ടയിടാനെത്തുന്നത്. തീരം പ്രവര്‍ത്തകര്‍ ഉറക്കമൊഴിച്ച് ഉൌഴമിട്ടു മുട്ടതേടിയിറങ്ങും. ആമയുടെ കാലടിപ്പാടുകള്‍ നോക്കിയാണ് മുട്ടകണ്ടെത്തുന്നത്.

കൊളാവി പ്രദേശത്ത് 11 തരം കണ്ടലുകളുണ്ട്. ചുള്ളി, ഉപ്പട്ടി, പ്രാന്തന്‍, നക്ഷത്ര, പെന്‍സില്‍ അഥവാ കുറ്റി, വള്ളി, എഴുത്താണി, ചൊന, നൊച്ചി. ഒതളങ്ങ, പുഴമുഞ്ഞ എന്നിവയാണവ. ഇവയില്‍ ആദ്യത്തെ അഞ്ചെണ്ണം നട്ടുപിടിപ്പിച്ചവയില്‍പ്പെടുന്നു. 98-ല്‍ കൊളാവി അഴിമുഖത്ത് ഒന്നര ഏക്കറില്‍ പ്രാന്തന്‍ കണ്ടല്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭൂവിസ്തൃതി വ്യാപിപ്പിക്കുകയായിരുന്നു. കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ഇവര്‍ക്ക് ലഭിച്ചതോടെ നഴ്സറി ആയി നടത്താനാരംഭിച്ചു. കോട്ടപ്പുഴയോരത്തും അഴിമുഖ തുരുത്തിലും ഏക്കറുകളോളം കണ്ടല്‍ക്കാടുകള്‍ നഴ്സറിയായി മത്സരിച്ചു വളരുന്നു.

ആയിരക്കണക്കിന് കണ്ടല്‍ തൈകളും വൃക്ഷത്തൈകളും തീരം പ്രവര്‍ത്തകര്‍ ഒരുക്കി വിവിധ കോളജുകളിലെയും സ്കൂളുകളിലെയും എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. നാടിന്റെ പലഭാഗങ്ങളിലും പഠന ക്ളാസ്, സ്ളൈഡ് പ്രദര്‍ശനം എന്നിവയും നടത്തിവരുന്നു.
Manoramaonline >> Environment >> News
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക