.

.

Wednesday, August 29, 2012

പ്രളയം: അസമില്‍ 631 മൃഗങ്ങള്‍ ചത്തു

ന്യൂഡല്‍ഹി: ഈയിടെയുണ്ടായ പ്രളയത്തില്‍ അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ 631 വന്യമൃഗങ്ങള്‍ ചത്തതായി വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജ്യസഭയെ അറിയിച്ചു. കാസിരംഗയില്‍ ചത്തമൃഗങ്ങളില്‍ 19 കാണ്ടാമൃഗങ്ങളും ഉള്‍പ്പെടും. രാജ്യസഭയ്ക്ക് എഴുതി തയ്യാറാക്കിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂണ്‍ - ജൂലൈ മാസത്തിലാണ് അസമില്‍ പ്രളയമുണ്ടായത്.
More Photos >>

Tuesday, August 28, 2012

ഓണാശംസകള്‍ കൈമാറാം

                           •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸
                               ഓണാശംസകള്‍ കൈമാറാം
                          •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸•.¸¸.•♥´¨`♥•.¸

മലയാളികളുടെ മഹോത്സവമാണ് ഓണം. മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ മധുരചിത്രം. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, വിനോദങ്ങളില്‍... എല്ലാം....
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്.

"നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഓണാശംസകള്‍ കൈമാറൂ...."  

"എല്ലാ തണൽ മരം കൂട്ടുകാര്‍ക്കും ഓണാശംസകള്‍..."­

Saturday, August 25, 2012

കണ്ണൂരില്‍നിന്ന് പുതിയൊരു പുഷ്‌പിതസസ്യം

കല്പറ്റ: പുഷ്പിത സസ്യങ്ങളുടെ കുടുംബത്തിലേക്ക് കണ്ണൂരില്‍നിന്ന് പുതിയ അതിഥി. എരിയോകോളേസി സസ്യകുടുംബത്തില്‍പ്പെട്ട പുതിയ ചെടി കാനായി കാനത്തെ ചെങ്കല്‍മേഖലയിലാണ് കണ്ടെത്തിയത്. വെളുത്ത സുന്ദരപുഷ്പങ്ങളുള്ള സസ്യത്തിന് 'എരിയ കോളണ്‍ കണ്ണൂരന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. എറണാകുളം മാലിയങ്കര എസ്.എന്‍.എം. കോളേജിലെ ഡോ. സി.എന്‍. സുനില്‍, പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എം.കെ. രതീഷ് നാരായണന്‍, സ്വാമിനാഥന്‍ ഗവേഷണനിലയം വയനാട് കേന്ദ്രത്തിലെ എം.കെ. നന്ദകുമാര്‍, ജയേഷ് പി.ജോസഫ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ കെ.എ. സുജന എന്നിവരാണ് സംഘത്തിലുള്ളത്.

എരിയോ കോളേസി വിഭാഗത്തില്‍പ്പെടുന്ന 400 തരം സസ്യങ്ങളെയാണ് നേരത്തേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്നു സ്​പീഷിസുകള്‍മാത്രമാണ് ഇലയും തണ്ടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. നാലാമതായി കണ്ടെത്തിയതാണ് എരിയകോളണ്‍ കണ്ണൂരന്‍സ്.

ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് രാജ്യാന്തര പ്രസിദ്ധീകരണമായ തായ്‌വാനിയയുടെ സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. സപ്തംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള കാലത്താണ് എരിയ കോളണ്‍ കണ്ണൂരന്‍സ് പുഷ്പിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കല്‍മേഖലയിലെ ഒഴുക്കുള്ള വെള്ളത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. കൂട്ടമായി വളരുന്ന സസ്യവിഭാഗമാണിത്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള കാനായികാനം ചെങ്കല്‍കുന്നുകള്‍ ഒട്ടേറെ അപൂര്‍വ സസ്യജന്തുവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയാണ്. എന്നാല്‍ ഇവിടത്തെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നതായും പഠനറിപ്പോര്‍ട്ടിലുണ്ട്.
 25 Aug 2012 Mathrubhumi News ടി.എം. ശ്രീജിത്ത്‌ 

Wednesday, August 22, 2012

കുപ്പിപ്പാല്‍ കുടിക്കാനൊന്നും ബൊമ്മക്കിളിയെ കിട്ടില്ല!

കുഴല്‍മന്ദം: അമ്മക്കിളി പെറ്റമ്മയുടെ മുലപ്പാല്‍ കുടിച്ചുരസിക്കുമ്പോള്‍ ബൊമ്മക്കിളി എങ്ങനെ കുപ്പിപ്പാല്‍ കുടിക്കും? വാശിമൂത്ത ബൊമ്മക്കിളി മറ്റൊരു 'പെറ്റമ്മ'യെ കണ്ടെത്തി പാല്‍ കുടിക്കാന്‍ തുടങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമായി.അമ്മക്കിളിയും ബൊമ്മക്കിളിയും ഇരട്ടപിറന്ന രണ്ട് ആട്ടിന്‍കുട്ടികളാണ്. തേങ്കുറുശ്ശി കയറംകുളം വി.എം.ആര്‍. നിവാസില്‍ ബാലന്റെ വീട്ടിലാണ് ഇവരുടെ ജനനം. രണ്ടുകുട്ടികള്‍ക്ക് വേണ്ടത്ര പാല്‍ തള്ളയാട് ചുരത്തിയില്ല. വീട്ടുടമയായ ബാലന്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങി. 

പെണ്‍കുട്ടിയായ അമ്മക്കിളി തള്ളയാടിന്റെ പാല്‍ കുടിക്കട്ടെ. ആണ്‍കുട്ടിയായ ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ നല്‍കാം. അങ്ങനെ അമ്മക്കിളി തള്ളയുടെ പാല്‍ കുടിക്കാന്‍ തുടങ്ങി. പാവം ബൊമ്മക്കിളിക്ക് കുപ്പിപ്പാല്‍ തീരെ ഇഷ്ടപ്പെട്ടില്ല. കുപ്പിപ്പാല്‍ കുടിക്കാന്‍ കൂട്ടാക്കാതിരുന്ന ബൊമ്മക്കിളിയെ രക്ഷിക്കാന്‍ ബാലന്‍ കണ്ടെത്തിയത് ആടിനെ പട്ടിയാക്കുന്ന ഒരു സൂത്രവിദ്യയാണ്.

ബാലന്റെ വീട്ടിലെ മണി എന്ന പട്ടി പ്രസവിച്ചിട്ട് അധികനാളായില്ല. അതിന്റെ ഓമനക്കുഞ്ഞുങ്ങളെ നാട്ടുകാര്‍ എടുത്തുകൊണ്ടുപോയിരുന്നു. കുഞ്ഞുങ്ങളില്ലാതെ ചുരത്തിയ പാലുമായി നട്ടംതിരിഞ്ഞ മണിയുടെ അടുത്തേക്ക് ബാലന്‍ ബൊമ്മക്കിളിയെ വിട്ടു. ബൊമ്മക്കിളി ഇച്ഛിച്ചതും പാല്, ബാലന്‍ കല്പിച്ചതും പാല്! മണിക്കാണെങ്കില്‍ മുലപ്പാലൊഴിഞ്ഞതിന്റെ ആശ്വാസവും.ഇപ്പോള്‍ ഒരുമാസമായി പട്ടിയമ്മയുടെ പാല്‍കുടിച്ചാണ് കുഞ്ഞാട് വളരുന്നത്.സൂത്രം ഫലിച്ച സന്തോഷത്തിലാണ് ടെയ്‌ലറായ ബാലന്‍. സന്തോഷംപങ്കിടാന്‍ ഭാര്യ ഇന്ദിരയും അമ്മ മീനാക്ഷിയും ഒപ്പമുണ്ട്.
 22 Aug 2012 Mathrubhumi News

Tuesday, August 7, 2012

വരള്‍ച്ച നേരിടാന്‍ ഗിര്‍ വനം

മണ്‍സൂണ്‍ ചതിച്ചതോടെ വരള്‍ച്ചാ ഭീഷണി നേരിടാന്‍ നാടൊരുങ്ങും മുന്‍പേ കാടൊരുങ്ങുന്നു. സിംഹങ്ങള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ പ്രധാന ദേശീയോദ്യാനമായ ഗിര്‍ വനത്തിലാണ് വരാന്‍പോകുന്ന വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നത്. വനത്തിലെ 400 കേന്ദ്രങ്ങളില്‍ ചെറിയ ചെക്ക്ഡാമുകള്‍ ഒരുക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടുത്ത വേനല്‍ക്കാലത്തു മാത്രം ചെയ്യാറുണ്ടായിരുന്ന ഈ ക്രമീകരണം ഇപ്പോള്‍ വര്‍ഷം മുഴുവന്‍ തുടരേണ്ടിവരുമെന്നാണ് വനം പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീപ് കുമാര്‍ നന്ദ പറയുന്നത്.
വെള്ളം കോരി ഒഴിച്ചും ട്രാക്ടറില്‍ വെള്ളം കൊണ്ടുവന്നും സോളാര്‍ പമ്പുകള്‍, വിന്‍ഡ് പമ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തും ചെക്ക്ഡാമുകള്‍ നിറയ്ക്കാനാണു പദ്ധതി. വനത്തിലൂടെയും പരിസരങ്ങളിലൂടെയും കടന്നുപോകുന്ന നദികളും കൈവഴികളുമെല്ലാം വറ്റിവരണ്ടുതുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കൃത്രിമ കുളങ്ങളും മറ്റും നിര്‍മിക്കാനും ആലോചിക്കുന്നതായി നന്ദ പറഞ്ഞു. ഒടുവിലത്തെ വന്യജീവി സെന്‍സസ് പ്രകാരം 411 ഏഷ്യന്‍ സിംഹങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികളുടെ ആവാസ സ്ഥാനമാണ് ഗിര്‍ വനം.
 എന്‍.പി.സി. രംജിത manoramaonline environment

നിലമ്പൂരില്‍ സസ്യ ഉദ്യാനം തുറന്നു

നിലമ്പൂര്‍: നിലമ്പൂരില്‍ കേരളവനം ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള സസ്യവര്‍ഗീകൃത ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പൊതുജനങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ക്കും ഗവേഷണകുതുകികള്‍ക്കും ഏറെ പ്രയോജനപ്രദമായ ഉദ്യാനം, വനഗവേഷണകേന്ദ്രത്തോടു ചേര്‍ന്നുള്ള തേക്കുമ്യൂസിയത്തിനു പിറകിലെ ജൈവ വിഭവ ഉദ്യാനത്തിനു സമീപമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് സസ്യങ്ങളെ വര്‍ഗീകരണാത്മകമായ രീതിയില്‍ ക്രമീകരിച്ച് ഉദ്യാനം രൂപകല്‍പന ചെയ്തതെന്ന് വനഗവേഷണകേന്ദ്രം നിലമ്പൂര്‍ ഉപകേന്ദ്രത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ഡോ. യു.എം ചന്ദ്രശേഖര 'മാതൃഭൂമി'യോട് പറഞ്ഞു.
ഒരു പ്രത്യേക പ്രദേശത്തെ ജൈവ വൈവിധ്യ സമ്പത്ത്തിട്ടപ്പെടുത്താനും ജൈവവൈവിധ്യങ്ങള്‍ മുന്‍കൂട്ടി പറയാനും ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ജൈവ വൈവിധ്യം തിരിച്ചറിയാനുമാണ് വര്‍ഗീകൃതമായ ഈ ഉദ്യാനം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. സസ്യങ്ങളെ സംരക്ഷിക്കാനും സസ്യശാസ്ത്രം പഠിപ്പിക്കാനുമുള്ള ഔദ്യോഗിക കേന്ദ്രമായിത്തന്നെ ഇതറിയപ്പെടും. പുതിയ സസ്യങ്ങളെ പൊതുസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടാനും കേന്ദ്രം ഉപകാരപ്പെടും.
127 വ്യത്യസ്ത പുഷ്പിക്കുന്ന സസ്യകുടുംബത്തിലെ അഞ്ഞൂറ് സസ്യഇനങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഓരോ കുടുംബത്തിനും അടുത്തായി അവയെ വിശദീരിക്കുന്ന അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 
സഹായികളുടെ സാന്നിധ്യത്തില്‍ ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ചെടികളെയും പുഷ്പങ്ങളെയും ഫലങ്ങളെയും കുറിച്ച് വിശദീകരണം നല്‍കും. 
തേക്ക് മ്യൂസിയത്തിന്റെ സമീപത്തായി ഗിഫ്റ്റ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് നിര്‍മാണത്തിലാണ്. നിലവിലെ ഉദ്യാനത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ വാട്ടര്‍ടാങ്കിന്റെ മുകളില്‍ ഒരു വാച്ച്ടവര്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു.
 07 Aug 2012 Mathrubhumi Malappuram News

Monday, August 6, 2012

ഇന്ന് ഹിരോഷിമ ദിനം

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.

ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.

ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.
ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ, മരിച്ചു ജീവിച്ചവര്‍ക്കും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്....

Saturday, August 4, 2012

ആറ്റന്‍ബറോയുടെ പേരിലൊരു ചിലന്തി

തലമുറകളെ പ്രകൃതിയുടെ മഹാരഹസ്യങ്ങള്‍ പഠിപ്പിച്ച വ്യക്തിത്വമാണ് ഡേവിഡ് ആറ്റന്‍ബറോ. ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്ന ഒരു വാര്‍ത്ത ഓസ്‌ട്രേലിയിയില്‍ നിന്ന്. പുതിയതായി കണ്ടെത്തിയ ഒരു ചെറുചിലന്തിക്ക് ആറ്റന്‍ബറോയുടെ പേര് നല്‍കിയിരിക്കുന്നു.

'പ്രിഥോപാല്‍പ്പസ് ആറ്റന്‍ബറോയി' (Prethopalpus attenboroughi)
 എന്ന ചിലന്തിയുടെ വലിപ്പം ഒരു മില്ലീമീറ്ററില്‍ അല്‍പ്പം കൂടുതലേ വരൂ. ക്വീന്‍സ്‌ലന്‍ഡിന് വടക്ക് ഹോന്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ജീവിയാണിത്. 

പ്രകൃതി ശാസ്ത്രജ്ഞനും ലോകപ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആറ്റന്‍ബറോ ഈ തരത്തില്‍ ആദരിക്കപ്പെടുന്നത് ആദ്യമായല്ല. 38 കോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ഒരു മത്സ്യത്തിന്റെ ഫോസിലിന് 'മാറ്റര്‍പിസ്‌കിസ് ആറ്റന്‍ബറോയി' എന്ന് മുമ്പ് പേരിട്ടിട്ടുണ്ട്.

'ഒരു ജീവിവര്‍ഗത്തിന് നിങ്ങളുടെ പേര് ലഭിക്കുകയെന്നത്, ശാസ്ത്രസമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഇക്കാര്യത്തില്‍ എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്'-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ചടങ്ങില്‍ ആറ്റന്‍ബറോ പറഞ്ഞു. 

'ഗോബ്ലിന്‍ ചിലന്തി' (Goblin spider)
 എന്നാണ് പുതിയതായി കണ്ടെത്തിയ ജീവി അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടായി ജീവശാസ്ത്രലോകത്തെ രഹസ്യങ്ങള്‍ ടെലിവിഷന്‍ വഴി തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആറ്റന്‍ബറോ നടത്തുന്ന ശ്രമങ്ങളുടെ അംഗീകാരമായാണ്, പുതിയ ചിലന്തിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
04.8.2012 Mathrubhumi News 

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക