.

.

Friday, July 27, 2012

നായ്ക്കളുടെ കടിയേറ്റ പുള്ളിമാന് ചികിത്സ

എടക്കര: നായ്ക്കളുടെ കടിയേറ്റ് ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാനെ ചികിത്സ നല്‍കി വനപാലകര്‍ വനത്തില്‍ വിട്ടു. മുണ്ടപ്പെട്ടി നടുപ്പൊട്ടിയിലാണ് രാവിലെ പുള്ളിമാനെ പരിക്കുകളോടെ നാട്ടുകാര്‍ കണ്ടത്. വലത് കാലിന്റെ തുടയ്ക്ക് നായ്ക്കളുടെ കടിയേറ്റ് വീണുകിടക്കുകയായിരുന്നു. വനപാലകര്‍ മാനിനെ വനംവകുപ്പിന്റെ ജീപ്പില്‍ കരിയം മുരിയം വനത്തിന്റെ ഔട്ട്‌പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ ഡി. രാമചന്ദ്രന്‍ മാനിനെറ മുറിവുകള്‍ തുന്നിക്കെട്ടി. തുടര്‍ന്ന് ഉള്‍വനത്തില്‍ വിട്ടു.
റെയ്ഞ്ച് ഓഫീസര്‍ രഘുനാഥന്‍, ഫോറസ്റ്റര്‍മാരായ വിജയന്‍, അശോകന്‍, എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
27.7.2012 mathrubhumi malappuram news

വയനാട് കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു

കല്പറ്റ: വയനാട് വന്യജീവിസങ്കേതം സംസ്ഥാനത്തെ മൂന്നാമത്തെ കടുവസങ്കേതമാകാന്‍ ഒരുങ്ങുന്നു. ഇതിനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. ഇന്ത്യയിലെ മറ്റ് ദേശീയപാര്‍ക്കുകളെ അപേക്ഷിച്ച് വയനാടന്‍ വനമേഖല കടുവകളുടെ വംശവര്‍ധനയില്‍ ഏറെ മുന്നിലാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 70 കടുവകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പിങ് അടക്കമുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചുനടത്തിയ കണക്കെടുപ്പിലാണ് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് വയനാട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. 

വയനാട് വന്യജീവിസങ്കേതത്തെ കടുവസങ്കേതമാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതിനകം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വൈകാതെതന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. വയനാടിനെ ഏറ്റെടുക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് പരിസ്ഥിതിമന്ത്രാലയം ഇതിനകംതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വന്യജീവികളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായ വനമേഖലയായതിനാല്‍ കടുവസങ്കേതമാക്കി മാറ്റുന്നതിനുള്ള എതിര്‍പ്പ് അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. കേന്ദ്രപദ്ധതിപ്രകാരം വനഗ്രാമങ്ങളില്‍നിന്നുള്ള ജനങ്ങളുടെ പുനരധിവാസം പ്രഖ്യാപനത്തിന് മുന്നോടിയായി തകൃതിയായി നടക്കുന്നുണ്ട്. പറമ്പിക്കുളം, പെരിയാര്‍ കടുവസങ്കേതങ്ങള്‍ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് വയനാടന്‍ കാടുകള്‍. ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രംകൂടിയാണ് ഈ വനമേഖല. 

രണ്ടുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. 2010-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1706 കടുവകളുണ്ട്. 2008-ല്‍ 1411 കടുവകളാണ് ഉണ്ടായിരുന്നത്. രാജ്യത്ത് രണ്ടുവര്‍ഷംകൊണ്ട് ശരാശരി 295 കടുവകള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍, ഈ നിഗമനത്തെ കടത്തിവെട്ടുന്നതാണ് വയനാട് മേഖലയിലെ കടുവകളുടെ എണ്ണപ്പെരുപ്പം. 

മുത്തങ്ങയും തോല്‍പ്പെട്ടിയും ചേര്‍ന്നതാണ് വയനാട് വന്യജീവി സങ്കേതം. വനംവകുപ്പ് ഇവിടെ പ്രവേശനകവാടം തീര്‍ത്ത് സന്ദര്‍ശകര്‍ക്ക് വനത്തിനുള്ളിലേക്ക് 'സഫാരി' അനുവദിക്കുന്നുണ്ട്. 
27.7.2012 Mathrubhumi Kerala News

കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കേരള പരിസ്ഥിതി കോണ്‍ഗ്രസ് ആഗസ്ത് 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കും.

'കൃഷിയും പരിസ്ഥിതിയും' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി കോണ്‍ഗ്രസിന്റെ മുഖ്യ വിഷയം. പരിസ്ഥിതി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 16ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

മുഖ്യ വിഷയവുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളില്‍ ക്ഷണിക്കപ്പെട്ട 25-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷകര്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധങ്ങളില്‍നിന്നും തിരഞ്ഞെടുത്ത 35-ഓളം പ്രബന്ധങ്ങള്‍ ജനറല്‍/യുവ ഗവേഷക അവാര്‍ഡ് സെഷനുകളില്‍ അതവരിപ്പിക്കും. കേരളത്തിനുപുറമെ, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, ചത്തീസ്ഗഡ്, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആഗസ്ത് മൂന്നിന് മുമ്പായി സി.ഇ.ഡി. ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2369720 എന്ന ഫോണ്‍നമ്പരിലും www.cedindia.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.
27.7.2012 Mathrubhumi Kerala News

Sunday, July 22, 2012

ലോറിയില്‍ കൊണ്ടുപോയ ആന മസ്തകമിടിച്ച് ചരിഞ്ഞു


കോട്ടയം: ലോറിയില്‍കൊണ്ടുപോകവേ പടങ്ങുതകര്‍ന്ന് മസ്തകമിടിച്ചുവീണ ആന ചരിഞ്ഞു. മസ്തകം ലോറിയുടെ കാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന 14 മണിക്കൂറിനുശേഷമാണ് ചരിഞ്ഞത്.
കോട്ടയം നഗരത്തിനടുത്ത് ഇല്ലിക്കലില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആനയെ ലോറിയില്‍ സുരക്ഷിതമായി നിര്‍ത്തുന്ന തടിയുടെ ചട്ടക്കൂടാണ് പടങ്ങ്. അമിതവേഗത്തിലായിരുന്ന ലോറി, ഹമ്പില്‍ ബ്രേക്കിട്ടപ്പോള്‍ പടങ്ങിന്റെ മുന്നിലെ തടി ഒടിഞ്ഞു. ആനയുടെ മുന്‍കാലുകള്‍ അതിനിടയില്‍ കുടുങ്ങി, കാല്‍ മുറിഞ്ഞു. ഒപ്പം മസ്തകം ശക്തിയായി ലോറിയുടെ കാബിനിന്റെ പിന്നില്‍ ചെന്നിടിക്കുകയും ചെയ്തു. പിന്നീട് ആന ലോറിയില്‍ വീണു.

തോട്ടയ്ക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'കാര്‍ത്തികേയന്‍' എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റൂട്ടില്‍ വേഗം കുറയ്ക്കാനുള്ള ഹമ്പുകള്‍ ധാരാളമുണ്ട്. അവിടെയെല്ലാം വച്ച് ബ്രേക്കിടുമ്പോള്‍ ആന മുന്നിലേക്ക് ആയുകയും കാബിനില്‍ മസ്തകം ഇടിക്കുകയുമായിരുന്നു. ആമ്പക്കുഴി ഭാഗത്തെ ഹമ്പില്‍ ബ്രേക്കിട്ടപ്പോഴാണ് തടിയൊടിഞ്ഞതും ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതും. എന്നിട്ടും മുന്നോട്ടുപോയ ലോറി നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും വനംവകുപ്പുമെത്തി. ഡോക്ടറെ വിളിച്ചുവരുത്തി. പരിക്കേറ്റ് അവശനിലയിലായ ആന അപ്പോള്‍ നില്‍ക്കുകയായിരുന്നു. പിന്നെ, ക്രമേണ മുന്നിലേക്ക് കുനിഞ്ഞിരുന്നു. മസ്തകം കാബിനിലും ഇടതുവശം തടിയിലും താങ്ങിക്കിടന്നു. കൊമ്പ് താഴെക്കുത്തി, കുനിഞ്ഞിരിക്കുന്ന നിലയിലാണ് കിടന്നത്.

മുന്‍കാലുകള്‍ രണ്ടും മടങ്ങിയിരിക്കുകയായിരുന്നു. ഗ്ലൂക്കോസ് ഡ്രിപ്പ് ഉള്‍പ്പെടെ മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും എഴുന്നേല്പിക്കാനായില്ല. ഇടയ്ക്ക് തടികള്‍ അറത്തുമാറ്റി ആനയെ എഴുന്നേല്പിക്കാന്‍ പാപ്പാന്മാരും സഹായികളും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്‍കാലില്‍ ബലം കൊടുത്ത് എഴുന്നേല്‍ക്കാനുള്ള ആനയുടെ ശ്രമവും ഫലിച്ചില്ല. കടുത്ത വേദനയാല്‍ ചിന്നംവിളിക്കാന്‍ മാത്രമേ ഈ മിണ്ടാപ്രാണിക്കായുള്ളൂ. വൈകുന്നേരത്തോടെ ക്രെയിന്‍ കൊണ്ടുവന്ന് എടുത്ത് താഴെ ഇറക്കി. സ്വയം നില്‍ക്കാനാവാത്ത ആനയെ ക്രെയിന്‍ബെല്‍റ്റില്‍ കുറെ നേരം താങ്ങി നിര്‍ത്തി. രാത്രി 11 മണിയോടെ ചരിയുകയായിരുന്നു. ലോറി ഡ്രൈവര്‍ സാജനെതിരെ നാട്ടാന പരിപാലനനിയമപ്രകാരം വനംവകുപ്പ് കേസ്സെടുത്തു.

 22 Jul 2012 Mathrubhumi Kottayam News

Saturday, July 21, 2012

സര്‍ക്കാര്‍ അവഗണന: കണ്ടല്‍പ്രദേശം നാശത്തിലേക്ക്‌

തൃശ്ശൃര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്തില്‍ പെട്ട ചേറ്റുവപ്പുഴയിലെ കനോലി കനാലിനോട് ചേര്‍ന്ന കണ്ടല്‍ക്കാടും പക്ഷിസങ്കേതവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്ന് കണ്ടെത്തിയിട്ടും കമ്യൂണിറ്റി റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വൈകുന്നു. തൃശൂര്‍ ആര്‍.ഡി.ഒ.എം. അനില്‍കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വ്വേയില്‍ റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കമ്യൂണിറ്റി റിസര്‍വ്വാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളേറെയായിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ വൈകുകയാണ്.

മാത്രമല്ല ഇവിടെ എത്തിച്ചേരുന്ന ദേശാടന പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയ്ക്കായി വേട്ടയാടലും കെയ്യേറ്റവും വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു ഇവിടെ. കനോലി കനാലിനോട് ചേര്‍ന്ന സര്‍വ്വേ നമ്പര്‍ 256 ല്‍ 8.3853 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷിക്കാതെ കിടക്കുമ്പോള്‍ മറ്റിടങ്ങളില്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് സര്‍ക്കാര്‍ കണ്ടല്‍ത്തൈകള്‍ വെച്ച് പിടിപ്പിക്കുകയും സ്വകാര്യ ഭൂവുടമകളുടെ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷണത്തിനായി സാമ്പത്തികസഹായം നല്കുകയും ചെയ്യുന്നുമുണ്ട്.

അതേസമയം തൊട്ടടുത്തുള്ള റവന്യൂഭൂമിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ കൈയേറ്റവും മറ്റ് പ്രവര്‍ത്തനങ്ങളും തടയാന്‍ നടപടി എടുക്കുന്നുമില്ല. മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം 2010-ല്‍ ഈ പ്രദേശം സന്ദര്‍ശിച്ച് ഇവിടത്തെ കണ്ടല്‍മേഖല സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി സെക്രട്ടറി രവി പനക്കല്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് ബിനോയ് വിശ്വത്തിന്റെ ഉത്തരവുപ്രകാരം കണ്ടല്‍ക്കാട് സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.

ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ കളക്ടറുടെ ഓഫീസില്‍ നിരാഹാരം നടത്തുകയും ആര്‍.ഡി.ഒ. സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ആര്‍.ഡി.ഒ. ഉള്‍പ്പെട്ട റവന്യൂ അധികൃതരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ ഉടന്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംഘം സി.സി.എഫിന് റിപ്പോര്‍ട്ട് നല്കിയിരുന്നുവെങ്കിലും നടപടിയൊന്നുമായില്ല.

സര്‍ക്കാര്‍ ഉത്തരവിറക്കി കണ്ടല്‍ വനപ്രദേശം വനംവകുപ്പിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയാല്‍ പൂര്‍ണ്ണസംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്ന് വനം ചീഫ് കസര്‍വേറ്റററും പറയുന്നു. കമ്യൂണിറ്റി റിസര്‍വായി മാറി വനംവകുപ്പിന്റെ നിയന്ത്രണത്തിലായാല്‍ ഈ കണ്ടല്‍ പ്രദേശത്ത് മുഴുവന്‍ സമയവും നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കും. സംരക്ഷണത്തിന്റെ ഭാഗമായി സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കാനും കഴിയും. പക്ഷികളെ വേട്ടയാടുന്നവരെയും കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്നവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഇനിയെങ്കിലും ശ്രദ്ധ പതിപ്പിക്കണം.

കണ്ടല്‍ തൈകളുടെ നഴ്‌സറികള്‍ സ്ഥാപിച്ച് തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും ജനകീയ സമിതികള്‍ രൂപികരിക്കാനും ഈ പ്രദേശം വനംവകുപ്പിന് കീഴില്‍ വരേണ്ടത് ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുഴയോരങ്ങളിലും കനാല്‍ തീരങ്ങളിലും കണ്ടല്‍ വെച്ചുപിടിപ്പിക്കുക വഴി ഈ മേഖലയിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത മണലൂറ്റ് കയ്യേറ്റം, സുനാമി അടക്കമുള്ള പ്രതിഭാസങ്ങള്‍ എന്നിവ ഒരു പരിധിവരെ തടയാനും സാധിക്കുമെന്ന് നേരത്ത കണ്ടെത്തിയിട്ടുള്ളതാണ്. ഇതിനായി നിലവില്‍ കേന്ദ്രപദ്ധതികളുമുണ്ട്.

കെ.എഫ്.ആര്‍.ഐ. ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയതില്‍ ആറു വിഭാഗത്തിലുളള കണ്ടല്‍ ചെടികള്‍ പ്രദേശത്ത് വിവിധയിനം ദേശാടന പക്ഷികള്‍ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൃര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലായി ഉണ്ടായിരുന്ന കണ്ടല്‍ക്കാടിന്റെ 90 ശതമാനവും ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കണ്ടല്‍ക്കാടും പക്ഷിസങ്കേതവും സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.
21.7.2012 Mathrubhumi Citizen journelist രവി പനയ്ക്കല്‍-തൃശൂര

Wednesday, July 18, 2012

വെളളമൊഴിച്ചാലും കാറ്‌ ഓടും!


ഇന്ധന വില കണ്ണടച്ചുതുറക്കുമ്പോഴേക്കും മാനംമുട്ടെ ഉയരുന്ന കാലമാണ്‌. അതിനാല്‍ കീശയ്‌ക്ക് കനമില്ലെങ്കില്‍ കാറില്‍ ഒരു സവാരിക്ക്‌ മുതിരാനും നാം മടിക്കും. എന്നാല്‍, പാകിസ്‌താനിലെ വഖാര്‍ അഹമ്മദ്‌ എന്ന എഞ്ചിനിയര്‍ പെട്രോള്‍ വില കൂടി എന്ന്‌ കേട്ടാല്‍ അത്‌ ശ്രദ്ധിക്കുക പോലുമില്ല. കാരണം അദ്ദേഹത്തിന്‌ വെളളമൊഴിച്ച്‌ കാറോടിക്കാനറിയാം!

പാകിസ്‌താനിലെ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും ശാസ്‌ത്രജ്‌ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വഖാര്‍ വെളളത്തിലോടുന്ന കാര്‍ പ്രദര്‍ശിപ്പിച്ചു. വെളളം ഇന്ധനമാക്കാന്‍ സഹായിക്കുന്ന കിറ്റിന്റെ നിര്‍മ്മാണത്തിന്‌ പാക്‌ പാര്‍ലമെന്റ്‌ സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഹൈഡ്രജന്‍ ബോണ്ടിംഗിലൂടെ ഹൈഡ്രജന്‍ വാതകം ഉത്‌പാദിപ്പിക്കുകയാണ്‌ വഖാറിന്റെ കണ്ടുപിടുത്തത്തിന്റെ കാതല്‍. വെളളത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധനമാക്കിയാണ്‌ കാര്‍ ഓടുക.
കടപ്പാട്: മംഗളം ന്യൂസ്‌ 

Sunday, July 15, 2012

നായയ്‌ക്ക് പിറന്നത്‌ പൂച്ചക്കുഞ്ഞ്‌?‍??


നായ പ്രസവിച്ച കുട്ടികളില്‍ ഒരെണ്ണം പൂച്ചക്കുഞ്ഞ്‌. തികച്ചും അസംഭവ്യമായ ഇക്കാര്യം വിശ്വസിക്കാന്‍ അല്‌പം പ്രയാസം തന്നെയാണ്‌. എന്നാല്‍ തെളിവ്‌ സഹിതം ഒരാള്‍ ഇതു പറയുമ്പോള്‍ എങ്ങിനെ അവിശ്വസിക്കും. തെക്കന്‍ കൊറിയക്കാരനായ ജ്യോംഗ്‌ ബോംഗ്‌ പോംഗാണ്‌ തന്റെ നായ ഒരു പൂച്ചയെ പ്രസവിച്ചെന്ന വാദവുമായി രംഗത്ത്‌ എത്തിയത്‌.

നായ പ്രസവിച്ച കുട്ടികളില്‍ ഒന്ന്‌ പൂച്ചക്കുഞ്ഞിനെ പോലെ ഇരിക്കുകയും മ്യാവൂ എന്ന്‌ കരയുകയും ചെയ്യുമ്പോള്‍ എങ്ങിനെ അതിനെ പട്ടിക്കുഞ്ഞായി കരുതും? 63 കാരനായ പോംഗ്‌ ചോദിക്കുന്നു. സാധാരണ ഗതിയില്‍ രാത്രി കാലങ്ങളില്‍ സ്‌ഥിരമായി പുറത്തു പോകാറുള്ള നായയുടെ പ്രസവ സമയത്ത്‌ ഏതെങ്കിലും തള്ളപ്പൂച്ച കുഞ്ഞിനെ കൊണ്ടു ഇട്ടതാകാമെന്ന്‌ ചിന്തിച്ചാല്‍ പോലും എങ്ങിനെ ശരിയാകുമെന്നും പോംഗ്‌ ചോദിക്കുന്നു. വാര്‍ത്ത പരന്നതോടെ പോംഗിന്റെ വീട്ടില്‍ കാഴ്‌ചക്കാരുടെ തിരക്കാണ്‌. നായ്‌ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന പൂച്ചക്കുഞ്ഞിന്റെ പടവും പോംഗ്‌ പുറത്തുവിട്ടു.

ഇക്കാര്യത്തോട്‌ നിഷേധാത്മകമായിട്ടാണ്‌ വിദഗ്‌ദരും പ്രതികരിച്ചിരിക്കുന്നത്‌. ജനിതക പരമായിട്ട്‌ നോക്കിയാല്‍ നായയുടേയും പൂച്ചയുടേയും ക്രോമസോമുകള്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇത്തരത്തില്‍ ഒന്ന്‌ സഭേവിക്കാനുള്ള വിദൂര സാധ്യത പോലും ഇല്ലെന്നും ഒരു പക്ഷേ പൂച്ചക്കുഞ്ഞിനേ പോലെ തോന്നിപ്പിക്കുന്ന പട്ടിക്കുട്ടി തന്നെയാകാം ഇതെന്നുമാണ്‌ വിദഗ്‌ദരുടെ അഭിപ്രായം. അതേ സമയം ഇത്തരത്തില്‍ വീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമൊന്നുമല്ല ഇത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതിന്‌ സമാനമായ ഒരു വാര്‍ത്ത ചൈനയില്‍ നിന്നും പുറത്തു വന്നിരുന്നു. ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രസീലില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കൗതുക വാര്‍ത്ത വന്നിരുന്നു. അത്‌ പൂച്ച പട്ടിക്കുട്ടിയെ പ്രസവിച്ചെന്ന രീതിയില്‍ ആയിരുന്നു.
കടപ്പാട് : മംഗളം ന്യൂസ്‌ 

Monday, July 2, 2012

പൂച്ച കോഴിക്കുഞ്ഞുങ്ങളെ ദത്തെടുത്തു!


കാലം മാറുന്നതിനൊപ്പം ലോകത്ത്‌ സൗഹൃദ കൂട്ടായ്‌മകളിലും മാറ്റം വരുന്നത്‌ സ്വാഭാവികം. എന്നാല്‍, ഒരു പൂച്ചസുന്ദരി കണ്ടെത്തിയ പുതിയ കൂട്ടുകാരെ പറ്റി അറിയുമ്പോള്‍ ആരും മൂക്കത്ത്‌ വിരല്‍ വച്ചുപോകുംഅഞ്ച്‌ കോഴിക്കുഞ്ഞുങ്ങളാണ്‌ ഇവളുടെ കൂട്ടുകാര്‍!

ചൈനയിലെ ഷാങ്‌ഡോങ്‌ പ്രവിശ്യയിലെ ക്വിങ്‌ദാവോയിലാണ്‌ ഈ അസാധാരണ കൂട്ടുകെട്ട്‌. കഴിഞ്ഞ രണ്ടാഴ്‌ചയായി തന്റെ പൂച്ച കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പമാണ്‌ കഴിയുന്നത്‌ എന്ന്‌ ലീ ടോങ്‌ഫാ എന്ന കര്‍ഷകന്‍ പറയുന്നു.

ഒരിക്കല്‍ കോഴിക്കൂടിന്റെ വാതില്‍ തുറന്നിട്ടപ്പോഴാണ്‌ പൂച്ച അവിടെ കയറിപ്പറ്റിയത്‌. തന്റെ അഞ്ച്‌ കോഴിക്കുഞ്ഞുങ്ങളെയും തിന്നുകളയും എന്ന്‌ പേടിച്ച്‌ ലീ ബഹളംവച്ച്‌ പൂച്ചയെ കോഴിക്കൂട്ടില്‍ നിന്ന്‌ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അടുത്ത നിമിഷം തന്നെ കോഴിക്കുഞ്ഞുങ്ങളും പൂച്ചയുമായി സൗഹൃദം പങ്കുവയ്‌ക്കാനും കളിക്കാനും ആരംഭിച്ചതോടെ ഉദ്യമത്തില്‍ നിന്ന്‌ പിന്‍മാറി. ഇപ്പോള്‍ പൂച്ച കോഴിക്കൂട്ടിലേക്ക്‌ കയറുമ്പോഴേ കോഴിക്കുഞ്ഞുങ്ങള്‍ അവളെ സ്വാഗതം ചെയ്യുന്നത്‌ കാണാന്‍കഴിയുമെന്നും ലീ പറയുന്നു. എന്തായാലും ലീയുടെ പൂച്ച 'പാവം പൂച്ച' തന്നെ, അല്ലേ?
കടപ്പാട് : മംഗളം ന്യൂസ്‌ 

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക