.

.

Wednesday, October 27, 2010

വംശനാശഭീഷണിയെ അതിജീവിച്ച് ചേരക്കോഴികള്‍

ആലപ്പുഴ,ചാരുംമൂട് : വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രം ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയില്‍ കണ്ടെത്തി. സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ പക്ഷിസര്‍വെയിലാണ് ചേരക്കോഴികളുടെ 150 ഓളം കൂടുകള്‍ കണ്ടെത്തിയത്. 750 ഓളം പക്ഷികള്‍ ഈ കൂടുകളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ആദിക്കാട്ടുകുളങ്ങര കുളത്തിന്റെ വടക്കേതില്‍ ജമാലുദ്ദീന്റെ പുരയിടത്തിലെ പന്ത്രണ്ടോളം ആഞ്ഞിലി മരങ്ങളിലാണ് ചേരക്കോഴികള്‍ കൂടൊരുക്കിയിട്ടുള്ളത്.

ഇന്റര്‍നാഷണല്‍ വാട്ടര്‍ഫാള്‍ ആന്‍ഡ് വെറ്റ് ലാന്‍ഡ്‌സ് ബ്യൂറോ, ഏഷ്യന്‍ വെറ്റ്‌ലാന്‍ഡ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തില്‍ 1993ല്‍ നടത്തിയ സര്‍വേയില്‍ 64 ചേരക്കോഴികള്‍ മാത്രമെ കേരളത്തിലുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ 1,196ഉം ഏഷ്യയില്‍ 1,526ഉം ചേരക്കോഴികള്‍ മാത്രമാണ് ഉള്ളതെന്നും സര്‍വെ വെളിപ്പെടുത്തുന്നു.

സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്‍ സംസ്ഥാനത്തെ ചേരക്കോഴികളുടെ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ആദിക്കാട്ടുകുളങ്ങരയിലും കണക്കെടുത്തത്. പക്ഷിനിരീക്ഷകരായ പി.കെ. ഉത്തമന്‍, പ്രൊഫ. കെ. കുഞ്ഞികൃഷ്ണന്‍, ബാലന്‍ മാധവന്‍, സി. റഹീം, കെ. അനില്‍ കുമാര്‍, ബിജു പനവിള എന്നിവരാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ചേരക്കോഴികള്‍ ആദിക്കാട്ടുക്കുളങ്ങരയില്‍ കൂടൊരുക്കുന്നുണ്ട്. ചേരക്കോഴികള്‍ കൂടൊരുക്കുന്നതിനാല്‍ പുരയിടത്തില്‍ കൃഷികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള അപൂര്‍വ പക്ഷികള്‍ കൂടൊരുക്കുന്ന സ്വകാര്യഭൂമി ഉടമയ്ക്ക് ആവശ്യമായ സഹായധനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് നിവേദനം നല്‍കിയതായി സ്‌നേക്ക് ബേര്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സി.റഹീം പറഞ്ഞു.

1985 മുതല്‍ 1995വരെ നൂറനാടും സമീപപ്രദേശങ്ങളും നീര്‍പ്പക്ഷി താവളമായിരുന്നു. നീര്‍ക്കാക്ക, ചിന്നക്കൊക്ക്, പെരുംകൊക്ക്, ചേരക്കോഴി തുടങ്ങിയ പക്ഷികളിവിടെയുണ്ടായിരുന്നു. കെ.പി. റോഡിന്റെ ഇരുവശവുമുള്ള വന്‍മരങ്ങളിലായിരുന്നു ഇവ കൂടുകൂട്ടിയിരുന്നത്. കാലക്രമേണ ഈ മരങ്ങള്‍ നശിക്കുകയും നീര്‍പ്പക്ഷികള്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു.Mathrubhumi Alappuzha news 27 Oct 2010

മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും പോഷകപ്രദം വെളിച്ചെണ്ണ - ഡോ. ബി.എം.ഹെഗ്‌ഡെ


കാസര്‍കോട്: അമ്മയുടെ മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും പോഷകപ്രദം വെളിച്ചെണ്ണയാണെന്നും അതിന് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും 'മാഹി' യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.എം.ഹെഗ്‌ഡെ പറഞ്ഞു. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ അന്താരാഷ്ട്ര നാളികേര സെമിനാറില്‍ അമ്മയുടെ മുലപ്പാലിന് തുല്യം വെളിച്ചെണ്ണ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

വെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയുപയോഗിച്ച് ആഹാര സാധനങ്ങള്‍ തയ്യാറാക്കാം. തേങ്ങാപ്പാലും വെളിച്ചെണ്ണയും ഉപയോഗിച്ച് പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം പ്രദാനംചെയ്യും. മറ്റേതൊരു എണ്ണയേക്കാളും ആരോഗ്യം നിലനിര്‍ത്തുക വെളിച്ചെണ്ണയുടെ ഉപയോഗമാണ്.

മേധക്ഷയം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള ശേഷി വെളിച്ചെണ്ണയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തേങ്ങയും ആരോഗ്യവും എന്ന വിഷയത്തിലും സെമിനാര്‍ നടന്നു. എ.പി.സി.സി. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. റോമുലോ അരാങ്കണിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ഓര്‍ഗാനിക് ഫാമിങ്ങിനെക്കുറിച്ച് പി.രത്തിനം ക്ലാസെടുത്തു. നാളികേര ജൈവ വൈവിധ്യത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ശാസ്ത്രജ്ഞര്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


Mathrubhumi kasargode news 27 Oct 2010

Tuesday, October 26, 2010

ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം: നിരാശരായി സഞ്ചാരികള്‍

വെള്ളമുണ്ട: നോക്കെത്താ ദൂരത്തോളം കുന്നുകളെ വലംവെച്ച് ജലാശയം. മലനിരകള്‍ തൊടുന്ന ഹരിതകാന്തി. ഇതൊക്കെയായിട്ടും ബാണാസുര സാഗര്‍ സഞ്ചാരികളെ നിരാശരാക്കുന്നു. സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന പ്രശ്‌നം. കാട്ടുപുല്ലുകള്‍ വളര്‍ന്ന അവഗണനയുടെ വികൃതരൂപമായി മാറുകയാണ് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം പ്രദേശം. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ഈ കേന്ദ്രം സഞ്ചാരികളെ സ്വീകരിക്കുന്നത്.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. എന്നാല്‍ പലരും നിരാശയോടെയാണ് തിരിച്ചുപോകുന്നത്. പ്രവേശന കവാടം താത്കാലികമായ അണക്കെട്ടിന് സമീപത്തേക്ക് മാറ്റിയതിനാല്‍ ചെളി നിറഞ്ഞ മണ്‍പാതകള്‍ ഏറെ ദൂരം താണ്ടിവേണം അണക്കെട്ടിനു മുകളിലെത്താന്‍.

തെരുവു പുല്ലുകള്‍ വളര്‍ന്ന് മൂടിയ വഴികളിലൂടെ ഹൈഡല്‍ ടൂറിസകേന്ദ്രം തിരഞ്ഞു നടക്കേണ്ട അവസ്ഥയാണുള്ളത്. നവീകരിക്കാന്‍ കോടിക്കണക്കിന് രൂപ വകയിരുത്തി എന്നല്ലാതെ വികസനം എപ്പോള്‍ വരുമെന്ന് ആര്‍ക്കുമറിയില്ല. വന്‍തുക വരുമാനമുണ്ടാകുമ്പോഴും മെല്ലെപ്പോക്ക് നയം വികസനം മന്ദഗതിയിലാക്കുന്നു.

വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായി ബാണാസുര സാഗര്‍ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മാറിയത്. ഓളപ്പരപ്പുകളും ദൃശ്യഭംഗികളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സഞ്ചാരികളുടെ ടൂര്‍പാക്കേജില്‍ ഈ കേന്ദ്രം ഉള്‍പ്പെടാതെ പോകുന്നില്ല.

പരിസ്ഥിതി സൗഹൃദ വിനോദ കേന്ദ്രമായി വളരെ എളുപ്പത്തില്‍ ബാണാസുര സാഗറിനെ മാറ്റാന്‍ കഴിയുമെങ്കിലും ഇതൊന്നും കെ.എസ്.ഇ.ബി.യുടെ പരിഗണനയില്‍ വരുന്നില്ല. ബോട്ടു സവാരിമാത്രമാണ് ഇവിടെ സഞ്ചാരികള്‍ക്കു ലഭിക്കുക. വൈദ്യുതി ഉത്പാദനത്തിലും ടൂറിസം നടത്തിപ്പിലും വന്‍ലാഭം കൊയ്യുമ്പോള്‍ സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ വിമുഖതയാണ്. ഫേ്‌ളാട്ടിങ് ഹട്ടുകള്‍ ഉള്‍പ്പെടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി ബൃഹദ് പദ്ധതിയാണ് ഇതിനുവേണ്ടി ആസൂത്രണം ചെയ്തത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് ഏറെ താമസം നേരിടുന്നതിനാല്‍ ബാണാസുര സാഗറിന്റെ വികസന സ്വപ്നങ്ങളും അതി വിദൂരത്താണ്.


Mathrubhumi wayanad news 26 Oct 2010

മനോരമ ഓണ്‍ലൈന്‍ ജീവജലം ഫോട്ടോഗ്രഫി അവാര്‍ഡ് -തണല്‍മരത്തിന് അഭിമാനം


മനോരമ ഓണ്‍ലൈന്‍ ജീവജലം ഫോട്ടോഗ്രഫി അവാര്‍ഡ് മത്സരത്തില്‍ തണല്‍ മരത്തിന് അഭിമാനമായി ടോപ്‌ ടെന്‍ ഫോട്ടോസില്‍ ആറാമതായി ഇടം നേടിയ അബ്ദുല്‍ സലീമിന്റെ ഫോട്ടോ. ഫൈസ്ബുക്ക്‌ തണല്‍ മരം ഗ്രൂപ്പ്‌ , ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് തണല്‍ മരം ഗ്രൂപ്പ്‌ എന്നിവയുടെ ക്രിയേട്ടെര്‍ കൂടിയാണ് അബ്ദുല്‍ സലീം (സലീം ഐ - ഫോക്കസ് )

ഫോട്ടോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

Monday, October 25, 2010

നറുമണം പരത്തി കൈതകള്‍ പൂത്തു

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ പുഴയോരങ്ങളിലും ചതുപ്പുകളിലും നിറഞ്ഞുനിന്നിരുന്ന കൈതകള്‍ ഇന്ന് ഏറെ കാണാനില്ല. എന്നാല്‍, കൈതകള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ അവ പൂത്തുതുടങ്ങി. കാറ്റില്‍ കൈതപ്പൂവിന്റെ നറുമണം പരന്നുതുടങ്ങി. കാലവര്‍ഷത്തിലാണ് കൈതകള്‍ തളിര്‍ക്കുക. കന്നിമാസം പകുതിയോടെ മൊട്ടിടും. കന്നി അവസാനിക്കാറാകുമ്പോള്‍ പൂത്ത് നറുമണം പരത്താന്‍ തുടങ്ങും. തുലാമാസത്തിലാണ് വ്യാപകമായി കൈതകള്‍ പൂക്കുക.

കൈതപ്പൂ പറിക്കാന്‍ പഴമക്കാരാണ് അധികവും എത്തുന്നത്. കൈതപ്പൂ ഔഷധമാണെങ്കിലും വീട്ടില്‍ സൂക്ഷിക്കാനാണ് കൂടുതലും പറിച്ചെടുക്കുന്നത്. വസ്ത്രങ്ങള്‍ക്കിടയില്‍ കൈതപ്പൂ വെച്ചാല്‍ അടുത്ത വര്‍ഷം കൈത പൂക്കുന്നതുവരെ അതിന്റെ സുഗന്ധം നിലനില്‍ക്കുമെന്നാണ് പറയുന്നത്. കൂറകളെ തുരത്താനും കൈതപ്പൂവിന്റെ സുഗന്ധത്തിന് കഴിയും.

കാടുകളിലും കൈതപൂക്കാന്‍ തുടങ്ങി. കൈതപ്പൂവിന്റെ മണം പിടിച്ച് പാമ്പുകള്‍ പൂവില്‍ ചുറ്റിക്കിടക്കുക പതിവാണ്. അതിനാല്‍ പൂ പറിക്കാനെത്തുന്നവര്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്യണം. കൈതകള്‍ കുറെയെങ്കിലും സംരക്ഷിക്കുന്ന കൈപ്പഞ്ചേരി തോടിന്റെ ഭാഗത്താണ് അവ കൂട്ടത്തോടെ പൂത്തത്. പൂ ശേഖരിക്കാന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബൈപ്പാസ് റോഡ് വക്കിലായതിനാല്‍ ഇതുവഴി പോകുന്നവരുടെയും വരുന്നവരുടെയുമെല്ലാം കൈകളില്‍ കൈതപ്പൂ കാണാം.


Mathrubhumi wayanad news 25 Oct 2010

Sunday, October 24, 2010

ഫാല്‍ക്കനുകള്‍ക്കും പാസ്പോര്‍ട്ട്


സൗദി അറേബ്യയില്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്പോര്‍ട്ട്. ഇതു സംബന്ധിച്ചു സൗദി അധികൃതരും യുഎന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇനി മുതല്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കു യാതൊരു തടസവും കൂടാതെ ഉടമകള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യാം. മൂന്നു വര്‍ഷമാണു പാസ്പോര്‍ട്ടിന്‍റെ കാലാവധി. ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്പോര്‍ട്ടിലുണ്ടാകും.
അറബ് രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണു ഫാല്‍ക്കന്‍. വന്‍വില കൊടുത്താണു പലരും ഇതിനെ സ്വന്തമാക്കുന്നത്. എന്നാല്‍ നിയമപരമായ തടസങ്ങളാല്‍ ഇവയുമായി വിദേശത്തേക്കു യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. കായിക ആവശ്യങ്ങള്‍ക്കും മത്സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടു പോകുന്നവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
metrovaartha news 24.10.2010

Friday, October 22, 2010

അപൂര്‍വയിനം തവളയെ കണ്ടെത്തി

ഇടുക്കി,മുക്കടം: കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപ്പതാലില്‍ അപൂര്‍വയിനം തവളയെ കണ്ടെത്തി. പര്‍പ്പിള്‍ ഫ്രോഗ് അഥവാ പിഗ്‌നോമ്പ് ഫ്രോഗ് എന്ന ഇനത്തില്‍പ്പെടുന്ന ഈ തവള പശ്ചിമഘട്ടമലനിരകളോടു ചേര്‍ന്ന പ്രദേശത്ത് കാണപ്പെടുന്നതാണ്. ഏഴു വര്‍ഷം മുമ്പ് ജില്ലയില്‍ ഈ ഇനം തവളയെ കട്ടപ്പന ഭാഗത്തു കണ്ടെത്തിയിരുന്നു.
അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥനായ പി.വി.മത്തായി പള്ളിപ്പറമ്പിലിന്റെ വീട്ടുവളപ്പില്‍ നിന്നാണ് തവളയെ കണ്ടെത്തിയത്. 'പാതാള തവള' യെന്നും അറിയപ്പെടുന്ന ഈ ഇനം വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രമേ മണ്ണിനു മുകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഏഴു സെന്റീമീറ്ററോളം നീളവും ചെറിയതലയും കാലുകളും മാംസളമായ ശരീരവും പ്രത്യേകതയാണ്.

ഇതുമൊരു തവള!


Mathrubhumi Idukki news 22 Oct 2010

Thursday, October 21, 2010

സരിസ്ക നാശത്തിലേക്ക്

ജയ്പുര്‍: രാജസ്ഥാനിലെ ആരവല്ലി പര്‍വതമേഖലയിലുള്ള സരിസ്ക കടുവ സങ്കേതം അടുത്ത എതാനും നാളുകള്‍ക്കുള്ളില്‍ ഇല്ലാതാകും. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനമാണ് ഇതിനു കാരണം. ഈ മേഖലയില്‍ 40 പുതിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടുവകളുടെ ജീവനു ഭീഷണിയാകും. ഈ വര്‍ഷമാദ്യം ഹരിയാനയിലെ ആരവല്ലി മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു സുപ്രീംകോടതി നിയോഗിച്ച പാനലിന്‍റെ നിര്‍ദേശങ്ങളനുസരിച്ചു ചിലര്‍ക്കു ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ വളച്ചൊടിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഖനനം വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.metrovaartha news 21.10.2010

Friday, October 15, 2010

ഒറീസ്സയില്‍ ബ്രാഹ്മണി നദി മരിക്കുന്നു

ജാജ്പുര്‍: ഒറീസ്സയിലെ ജാജ്പുര്‍, കേന്ദ്രപാഡ ജില്ലകളില്‍ ഏറെ ഗ്രാമങ്ങള്‍ക്കു ജീവശക്തി പകര്‍ന്ന ബ്രാഹ്മണി നദി മരണത്തോട് അടുക്കുന്നു. ഒരു കാലത്ത് ഒട്ടേറെ മത്സ്യങ്ങളുണ്ടായിരുന്ന ബ്രാഹ്മണിയിലെ തെളിനീരായിരുന്നു ഇരുകരകളിലും ജീവിക്കുന്ന മൂന്നു ലക്ഷത്തോളം പേരുടെ ആശ്രയം. ഉത്ഭവ കേന്ദ്രങ്ങളില്‍ മണ്ണടിഞ്ഞും വ്യവസായശാലയിലെ മലിനജലം കെട്ടിനിന്നും പലയിടത്തും കറുത്ത, ദുര്‍ഗന്ധം വമിക്കുന്ന നീര്‍ച്ചാലായി മാറിയിരിക്കുന്നു ഇന്ന് ഇത്. കലിംഗ നഗര്‍ മേഖലയിലെ വ്യവസായശാലകള്‍ അനധികൃതമായി ജലം ചൂഷണം ചെയ്യുന്നതായി ബ്രാഹ്മണി നദി സംരക്ഷണ സമിതി കണ്‍വീനര്‍ ഗഗന്‍ ബെഹരി പറയുന്നു. ''മഴ കുറഞ്ഞതുകാരണം നദി വരണ്ട് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത് ഈ വര്‍ഷമാണ്. ജലസേചനത്തിനുപോലും വെള്ളമില്ല''- അവര്‍ പറഞ്ഞു.

മഴവെള്ളം സംഭരിക്കുകയും മലിനജലം ശുദ്ധീകരിച്ചു വിടുകയും വഴി നദിയെ രക്ഷിക്കാനാകുമെന്ന് അവര്‍ വ്യക്തമാക്കി. ബ്രാഹ്മണിയുടെ വൃഷ്ടിപ്രദേശമായ ജെനപുരിലും ബേദിപുരിലും മണ്ണിടിച്ചിലും മണല്‍ വന്നടിയുന്നതും ഒഴിവാക്കിയാല്‍ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് ജല വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുപ്രത്ദാസ് അഭിപ്രായപ്പെട്ടത്. ജലവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടന്നുവരികയാണ്.


Mathrubhumi news 15 Oct 2010

ചൂടേറുന്നു; വള്ളിച്ചെടി ഓടുന്നു, ഉയരങ്ങള്‍ തേടി


കാലാവസ്ഥാവ്യതിയാനം നേരിടാന്‍ ഒരു സസ്യം സുരക്ഷിത ഇടം തേടി 'ഓടുന്ന'തായി ശാസ്ത്രജ്ഞര്‍. 50 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ചൂടേറിയ താഴ്‌വാരങ്ങളില്‍ കാണപ്പെട്ട സൊലിവ അന്തിമിഫോളിയ എന്ന ചെടി ഇപ്പോള്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് 'ദേശാടനം' നടത്തിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ദക്ഷിണ അമേരിക്കയും ഓസ്‌ട്രേലിയയുമാണ് ഈ പടര്‍വള്ളിച്ചെടിയുടെ ജന്മദേശം. 1963ല്‍ ഉത്തര്‍പ്രദേശില്‍ 630 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ ഈ ചെടിയെ കാണാമായിരുന്നു. ഹിമാചല്‍പ്രദേശില്‍ 1300 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഈ ചെടി വളരുന്നത്. വടക്കോട്ടു ദേശാടനം തുടങ്ങിയ ചെടിയെ 1966ല്‍ ഡെറാഡൂണില്‍ കണ്ടെത്തിയിരുന്നു. 1973ല്‍ ഡല്‍ഹിയിലും പിന്നീട് ജമ്മുകശ്മീരിലെ 400-700 മീറ്റര്‍ ഉയരത്തിലും കണ്ടെത്തി. തുടര്‍ന്ന് ഇതിനെ കണ്ടത് ഹിമാചല്‍ പ്രദേശിലെ 1000 മീറ്റര്‍ ഉന്നതിയിലാണ്. സസ്യത്തിന്റെ സഞ്ചാരം പിന്തുടര്‍ന്ന ഗവേഷകര്‍ അവസാനമായി ഇവയെ കണ്ടത് 1300 മീറ്റര്‍ ഉയരത്തിലുള്ള പലംപുരിലാണ്.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ പലംപുരിലെ ഊഷ്മാവ് 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. താരതമ്യേന ഈര്‍പ്പമുള്ളതും മെച്ചപ്പെട്ട മഴ ലഭിക്കുന്നതുമായ പലംപുര്‍ ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്.

കേന്ദ്ര ശാസ്ത്ര,വ്യവസായ ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഹിമാലയന്‍ ബയോ റിസോഴ്‌സ് എന്ന സംഘടനയാണ് പഠനം നടത്തിയത്.Mathrubhumi News 15 Oct 2010

Thursday, October 7, 2010

ഇരുനൂറോളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി


വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം ‘പുതിയ’ ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്.
ലോകത്തെ പ്രധാന മഴക്കാടുകളിലൊന്നായ പാപ്പുവ ജൈവവൈവിധ്യംകൊണ്ട് സമ്പന്നമാണ്. ഭൂമിയിലെ ഒട്ടേറെ ജീവജാലങ്ങള്‍ വംശനാശഭീഷണി നേരിടുമ്പോള്‍ മനുഷ്യന്റെ ഇടപെടല്‍ അത്ര ശക്തമല്ലാത്ത പാപ്പു ന്യൂഗിനി ഇന്നും ജീവജാലങ്ങള്‍ക്ക് സുരക്ഷിത താവളമാണ്. ന്യൂഗിനിയില്‍ എവിടെപ്പോയാലും ഒരു പുതിയ ജീവിയെ കണ്ടെത്താനാവുമെന്ന് തനിക്കുറപ്പുണ്ടെന്നാണ് പര്യവേക്ഷണ സംഘാംഗമായ സ്റ്റീവ് റിച്ചാര്‍ഡ്‌സ് പറയുന്നത്.
200-ഓളം പുതിയ ജീവജാലങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും വെളുത്ത വാലുള്ള സുന്ദരന്‍ എലിയും രണ്ടു സെന്‍റിമീറ്റര്‍ നീളത്തില്‍ മൂക്കുള്ള തവളയും പിങ്ക് കണ്ണുള്ള പുല്‍ച്ചാടിയും ബഹുവര്‍ണത്തവളയുമടക്കം നൂറു ജീവികളെക്കുറിച്ചാണ് സംഘം ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളത്
mathrubhumi 06 Oct 2010

Tuesday, October 5, 2010

ചീറ്റപ്പുലികള്‍ മടങ്ങിവരുമ്പോള്‍

ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജന്തുക്കളാണ്. ഇന്ത്യയിലെ കാടുകളിലേക്ക് ഇവയെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതിക്ക് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നു. ഈ പദ്ധതി വിജയിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.
ഒരുകാലത്ത് ഭാരതത്തിലെ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ ആവാസവ്യവസ്ഥകളുടെ പതാകവാഹകരായ ജന്തുക്കളായിരുന്നു വേഗത്തിന്റെയും കരുത്തിന്റെയും പര്യായമായ ചീറ്റപ്പുലികള്‍. നമ്മുടെ ആവാസ വ്യവസ്ഥകളുടെ കരുത്തും വന്യജീവി പൈതൃകത്തിന്റെ അടയാളങ്ങളുമായിരുന്ന ഈ സസ്തനികളെ വേട്ടയാടി രാജാക്കന്മാര്‍ തങ്ങളുടെ കരുത്തുതെളിയിക്കുകയും പിന്നീട് ഇവയെ ഇണക്കി വളര്‍ത്തി വേട്ടയ്ക്ക് സഹായികളായി മാറ്റുകയും ചെയ്തു. തങ്ങള്‍ക്ക് ജീവിക്കാനുള്ള ഇടങ്ങളിലേക്ക് മനുഷ്യന്‍ കടന്നുകയറുകയും നിരന്തരമായി വേട്ടയാടപ്പെടുകയും ചെയ്തപ്പോള്‍ ചീറ്റപ്പുലികളുടെ വംശംതന്നെ കുറ്റിയറ്റുപോയി. കിഴക്കന്‍ മധ്യപ്രദേശില്‍ സുഗുജയിലെ മഹാരാജാവ് വെടിവെച്ചുകൊന്ന മൂന്ന് ചീറ്റപ്പുലികളിലൂടെയാണ് ഇവയുടെ സാന്നിധ്യം രാജ്യത്ത് അവസാനമായി രേഖപ്പെടുത്തപ്പെട്ടത്. ഇത് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം തന്നെയായിരുന്നുവെന്നത് തികച്ചും യാദൃച്ഛികമാവാം.
ചീറ്റപ്പുലികള്‍ മണ്‍മറഞ്ഞ് ആറ് ദശകങ്ങള്‍ കഴിയുമ്പോള്‍ അവയെ ആഫ്രിക്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള 300 കോടി രൂപയുടെ ബൃഹത്തായ ഒരു പ്രോജക്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു. ഇതനുസരിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥാനങ്ങളില്‍, ഓരോന്നിലും ആറെണ്ണം വെച്ച് മൊത്തം 18 ചീറ്റപ്പുലികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരമായിരിക്കുന്നത്. മധ്യപ്രദേശിലെ കുനോ – പാല്‍പുര്‍, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.

വൈവിധ്യമാര്‍ന്ന നിറത്തോടുകൂടിയ ശരീരം എന്ന് അര്‍ഥംവരുന്ന ‘ചിത്രകായ’ എന്ന സംസ്‌കൃതവാക്കില്‍ നിന്നാണത്രെ ‘ചീറ്റ’യുടെ ഉത്ഭവം. മെലിഞ്ഞ് ദൃഢമായ ശരീരവും മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറവും അതില്‍ വട്ടത്തിലുള്ള കറുത്ത പൊട്ടുകളുള്ള ചെറിയ രോമങ്ങള്‍ ഉള്ള ചര്‍മവും ചെറിയ തലയും അവയ്ക്കു മുകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കണ്ണുകളും ചെറിയ ചെവികളും കണ്ണിന്റെ മൂലയില്‍ നിന്ന് മൂക്കിന്റെ വശങ്ങളിലൂടെ വായ വരെയെത്തുന്ന ‘കണ്ണീര്‍ ചാലുകള്‍ പോലുള്ള കറുത്ത അടയാളവും മാര്‍ജാരവംശത്തിലെ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയെ വ്യതിരിക്തമാക്കുന്നു.
ആധുനിക തന്മാത്രാവര്‍ഗീകരണ പഠനങ്ങള്‍ ചീറ്റകളുടെപൊതുവായ മുന്‍ഗാമി ഏഷ്യയില്‍ 11 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. പിന്നീട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് വ്യാപിച്ച ഇവ ഇപ്പോള്‍ കിഴക്കന്‍, മധ്യ, തെക്കുകിഴക്കന്‍ ആഫ്രിക്കയുടെ ചില പ്രത്യേകഭാഗങ്ങളിലും ഏഷ്യയില്‍ ഇറാനിലെ ചുരുക്കം ചില പ്രവിശ്യകളിലുമായി ചുരുങ്ങിയിരിക്കുന്നു. ആഗോളതലത്തില്‍ നിലവില്‍ ഇവയുടെ അംഗസംഖ്യ പതിനായിരത്തിനു താഴെയാണ്. പല ഭൂഭാഗങ്ങളിലായി ചീറ്റപ്പുലികളുടെ അഞ്ചോളം ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ ഏറ്റവും ഗുരുതരമായി വംശനാശഭീഷണിയിലായിരിക്കുന്നത് ഏഷ്യന്‍ ചീറ്റപ്പുലികളാണ്. ഇറാനിലെ ജീവശാസ്ത്രജ്ഞനായ ഫോര്‍മോസ് ആസാദിയുടെ നിരീക്ഷണങ്ങള്‍ അറുപതോളം ഏഷ്യന്‍ ചീറ്റകളേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. ഇവയില്‍ മിക്കവയും ഇറാനിലെ കവിര്‍ മരുഭൂമിയിലാണ്. അവശേഷിക്കുന്നവ ഇറാന്‍ – പാകിസ്താന്‍ അതിര്‍ത്തിയിലെ വരണ്ട ഭൂഭാഗങ്ങളിലും. യുദ്ധങ്ങള്‍ വ്യാപകമായ ഈ പ്രദേശങ്ങളില്‍ ഇവയുടെ തുടര്‍ച്ച ചോദ്യചിഹ്നമായി നില്‍ക്കുന്നു. (ഒരു കാലത്ത് ഇന്ത്യന്‍ ചീറ്റ എന്നറിയപ്പെട്ടിരുന്ന ഇവ ഇപ്പോള്‍ ഇറാനിയന്‍ ചീറ്റ എന്ന് അറിയപ്പെടുന്നു!)
ചീറ്റപ്പുലികള്‍ വംശനാശത്തിന്റെ വക്കിലെത്താന്‍ നിരവധികാരണങ്ങള്‍ ഉണ്ടെങ്കിലും ആവാസവ്യവസ്ഥ നാശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഭാരതത്തില്‍ നിരന്തരമായ വേട്ടയാടലും കന്നുകാലികളുടെ സംരക്ഷണത്തിനായി ആട്ടിടയന്മാര്‍ വ്യാപകമായി കൊലചെയ്തതും ഇവയുടെ നാശത്തിന് ആക്കം കൂട്ടി. ഒപ്പം, എണ്ണത്തില്‍ കുറവായ ചീറ്റകളില്‍ തുടര്‍ന്നുവരുന്ന അന്തഃപ്രജനനം (inbreeding) നിരവധി ജനിതകവൈകല്യങ്ങള്‍ക്കും പ്രതിരോധശേഷിക്കുറവിനും പ്രത്യുത്പാദന വൈകല്യങ്ങള്‍ക്കും കാരണമായി. ജനസംഖ്യയില്‍ വളരെ ചെറിയ ജനിതക വൈവിധ്യശേഖരവുമായി ജീവിക്കുന്ന ചീറ്റപ്പുലികള്‍ ഒരു ജൈവജാതിയായി നിലനില്ക്കുന്ന കാര്യംതന്നെ സംശയമാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ചീറ്റപ്പുലിയെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി.) ഇവയുടെ ക്ലോണിങ് നടത്താന്‍ ആരംഭിച്ച പ്രോജക്ടിലൂടെയാണ്. ഇറാനില്‍നിന്നു ചീറ്റയെ നല്കാന്‍ അവര്‍ വിസമ്മതിക്കുകയും വിദഗ്ധ അഭിപ്രായം അവശേഷിക്കുന്ന ഏഷ്യന്‍ ചീറ്റകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍നിന്നും മാറ്റുന്നതിന് എതിരാവുകയും ചെയ്തപ്പോള്‍ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ചീറ്റപ്പുലിയെ വീണ്ടും ഇന്ത്യയില്‍ എത്തിക്കുന്നതിന് ഒരു പദ്ധതി വിഭാവനം ചെയ്തു.
ഇതിനായി ഇവര്‍ ലോകത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സമ്മേളനം 2009 സപ്തംബറില്‍ രാജസ്ഥാനിലെ ഗജ്‌നറില്‍ സംഘടിപ്പിക്കുകയുണ്ടായി. വളരെയധികം വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ചീറ്റകള്‍ക്കു പകരമായി എണ്ണത്തില്‍ കൂടുതലുള്ള ആഫ്രിക്കന്‍ ചീറ്റകളെ നാട്ടിലെത്തിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. ഏഷ്യന്‍ ചീറ്റകളും ആഫ്രിക്കന്‍ ചീറ്റകളും തമ്മില്‍ കാര്യമായ ജനിതകവ്യതിയാനങ്ങള്‍ ഇല്ലെന്നും അവ തമ്മില്‍ ഉപജാതികളായി വേര്‍പെട്ടിട്ട് കേവലം 500 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീറ്റകളെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കാന്‍ അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വിശദമായ സര്‍വേ നടത്താന്‍ അനുമതി നല്കുകയും ചെയ്തു. ഇപ്രകാരം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് 2010 ജൂലായ് മാസത്തില്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും കേന്ദ്ര സര്‍ക്കാര്‍ 300 കോടിയുടെ പ്രോജക്ടിന് അനുമതി നല്കുകയും ചെയ്തു.
എന്നാല്‍ ഇത്തരം ബൃഹത്തായ പ്രോജക്ടിന്റെ പ്രായോഗികതയെ പല പരിസ്ഥിതിവാദികളും ഇപ്പോള്‍ ചോദ്യം ചെയ്യുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ ചീറ്റകളെ കൃത്രിമമായി പ്രജനനം നടത്തുന്ന മധ്യപൗരസ്ത്യ പ്രദേശത്തുനിന്നും ചീറ്റകളെ ഇവിടെ എത്തിച്ചാലും തുടക്കത്തില്‍ തുറന്ന മൃഗശാലകളില്‍തന്നെ അവയെ സംരക്ഷിക്കേണ്ടിവരും. ആവാസവ്യവസ്ഥ നിലനിര്‍ത്താതെയും ഇരയുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്താതെയും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഒഴിവാക്കാതെയും പരിപാലിക്കാന്‍ കഴിയില്ലെന്ന് ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആഫ്രിക്കയില്‍ നിന്ന് കുറേ ചീറ്റപ്പുലികളെ നമ്മുടെ വനാന്തരങ്ങളില്‍ എത്തിച്ച് കൃത്രിമമായ ആഹാരങ്ങള്‍ നല്കി വളര്‍ത്തുന്നത് കുതിരയ്ക്കു മുമ്പില്‍ വണ്ടിയിടുന്നതിന് സമാനമാണെന്ന് പ്രശസ്ത വന്യജീവി വിദഗ്ധനായ ഡോ ഇല്ലാസ് കാരന്ത് അഭിപ്രായപ്പെടുന്നു. ചീറ്റകളുടെ സ്വതന്ത്രവിഹാരത്തിന് അനുയോജ്യമായ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കന്നുകാലികളും മനുഷ്യരും ഇല്ലാത്ത, എന്നാല്‍ ചീറ്റപ്പുലിയുടെ ഇരകള്‍ നിറഞ്ഞ ഭൂപ്രദേശം ഇന്ത്യയില്‍ എവിടെയാണ് നിലനില്ക്കുന്നത് എന്നും വ്യക്തമല്ല. കൂടാതെ, ചീറ്റപ്പുലികളെ ഒരു പ്രത്യേക പ്രദേശത്ത് വളര്‍ത്തുകയാണെങ്കില്‍ അവിടെ മനുഷ്യവാസം ഒഴിവാക്കേണ്ടിവരും. പ്രോജക്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുള്ള വന്യജീവികളും ചിറ്റപ്പുലികളും തമ്മില്‍ ആഹാരത്തിനുവേണ്ടിയുള്ള മത്സരം എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമല്ല. ആഗോളതലത്തില്‍ ചീറ്റപ്പുലി സംരക്ഷണ പദ്ധതികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അവയുടെ അന്തഃപ്രജനനവും അതുകൊണ്ടുണ്ടാകുന്ന ജനിതകവൈവിധ്യശോഷണവുമാണ്. കേവലം 18 ചീറ്റപ്പുലികളെ വെച്ച് നമ്മുടെ ആവാസവ്യവസ്ഥയില്‍ പുനര്‍വിന്യസിക്കാന്‍ തക്ക എണ്ണത്തില്‍ ചീറ്റകളെ ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യവും സംശയമാണ്.
ഇനി ഭാരതത്തില്‍ ഇതുവരെ നടത്തിയ വന്യജീവി പുനര്‍വിന്യാസത്തിന്റെ ഫലങ്ങള്‍ പരിശോധിക്കാം. 1950-ല്‍ ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തില്‍ പുനര്‍വിന്യസിക്കപ്പെട്ട സിംഹങ്ങള്‍ വേട്ടയാടപ്പെട്ടു. 1920-കളില്‍ ദുര്‍ഗാപുറില്‍ പുനര്‍വിന്യസിക്കപ്പെട്ട കടുവകളെ 1950-ല്‍വെടിവെച്ചു കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഏഷ്യന്‍ സിംഹങ്ങള്‍ വന്യ-ആവാസവ്യവസ്ഥയില്‍ അവശേഷിക്കുന്ന ഗീര്‍വനങ്ങളില്‍നിന്ന് കുറച്ച് സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി ജലരേഖയായി തുടരുന്നു.
ഭാരതത്തിന്റെ ദേശീയ മൃഗമായ ബംഗാള്‍ കടുവകളെ സംരക്ഷിക്കാന്‍ നാം എന്തൊക്കെ ചെയ്തുവെന്നതും വിലയിരുത്തേണ്ടതാണ്. 1970-കളില്‍ രാജ്യത്ത് കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മുന്‍കൈയെടുത്ത് സമര്‍ഥരായ ഉദ്യോഗസ്ഥരെയും ദീര്‍ഘദൃഷ്ടിയുള്ള ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയാണ് ‘പ്രോജക്ട് ടൈഗര്‍’ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഫലം പ്രകടമായിരുന്നു. ഭാരതത്തില്‍ കടുവകളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. എന്നാല്‍ പിന്നീട് കാര്യക്ഷമതയില്ലാത്ത നേതൃത്വവും സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും കൂടിയായപ്പോള്‍ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് രാജ്യത്ത് മൊത്തം കടുവകളുടെ എണ്ണം ഇപ്പോള്‍ 1500-ല്‍ താഴെയാണ്. രാജസ്ഥാനിലെ സരിസ്‌കാ കടുവസങ്കേതത്തില്‍ കടുവകള്‍ ഒന്നുംതന്നെയില്ലാത്ത അവസ്ഥയും വന്നു.
ഭാരതത്തില്‍നിന്ന് ചീറ്റപ്പുലികള്‍ തിരോധാനം ചെയ്യാനുണ്ടായ സാഹചര്യങ്ങള്‍ കുറച്ചുകൂടി രൂക്ഷമായ രീതിയില്‍ നിലനില്ക്കുമ്പോള്‍ അവയെ വിജയകരമായി നമ്മുടെ ആവാസവ്യവസ്ഥകളില്‍ പുനഃസ്ഥാപിക്കാനാവുമോ? ഇത്തരം ശ്രമങ്ങള്‍ക്കു മുമ്പ് ചീറ്റകളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആവാസവ്യവസ്ഥ, ഇരകള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ഇവയെക്കുറിച്ചള്ള വ്യക്തമായ അറിവുശേഖരണം അനിവാര്യമാണ്.
രാജ്യത്ത് നിലവില്‍ വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഭാവനാപൂര്‍ണവും പ്രായോഗികവുമായ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാന്‍ നമുക്കു കഴിയണം. ലോകത്ത് ഏറ്റവും വേഗം ജനസംഖ്യാവര്‍ധന ഉണ്ടാകുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തില്‍ വന്യജീവികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ആവാസവ്യവസ്ഥാ നാശവും വേട്ടയുമാണ്. അതുകൊണ്ടുതന്നെ ചില സാഹചര്യങ്ങളില്‍ ജനപങ്കാളിത്തത്തോടുകൂടിയും ചിലപ്രത്യേക സാഹചര്യങ്ങളില്‍ വന്യജീവി സംരക്ഷണ പ്രദേശങ്ങളില്‍ മനുഷ്യവാസം പൂര്‍ണമായും ഒഴിവാക്കി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടിവരും.


ഡോ.എ.ബിജുകുമാര്‍ (കാര്യവട്ടം കേരള സര്‍വകലാശാല അക്വാറ്റിക് ബയോളജി വിഭാഗം)
posted on : 5.10.2010 mathrubhumi news

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക