.

.

Saturday, February 9, 2013

സസ്തനികളുടെ 'ആദിമാതാവി'നെ തിരിച്ചറിഞ്ഞു

നീന്തിയും നടന്നും പറന്നും കഴിയുന്ന സസ്തനികളുണ്ട് ഭൂമിയില്‍. ആന, എലി, സിംഹം, കടുവ, കരടി, നായ, പൂച്ച, തിമിംഗലം, വവ്വാല്‍, മനുഷ്യന്‍ ഒക്കെ അതില്‍ പെടുന്നു. കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ഈ സസ്തനികളുടെയെല്ലാം തുടക്കം ആറര കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

സസ്തനികളുടെ പരിണാമം സംബന്ധിച്ച് നിലവിലുള്ള പല ധാരണകളും തിരുത്താന്‍ പോന്ന കണ്ടെത്തലാണ് പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ മൗറീന്‍ ഓലിയറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. 
മനുഷ്യനും തിമിംഗലവും ഉള്‍പ്പടെ 5000 ലേറെ വര്‍ഗങ്ങള്‍ ഇപ്പോള്‍ സസ്തനി കുലത്തിലുണ്ട്. അവയുടെയെല്ലാം തുടക്കം, നീണ്ടവാലും ശരീരം മുഴുവന്‍ രോമക്കെട്ടുമുള്ള ഒരു ചെറുജീവിയില്‍ നിന്നാണത്രേ. അതാണ് സസ്തനികളുടെ 'ആദിമാതാവ്'! ഒരു വലിയ അണ്ണാനെ അനുസ്മരിപ്പിക്കുന്ന ജിവി. ചെറുപ്രാണികളെ തിന്നു ജീവിച്ചിരുന്ന ഒന്നാണതെന്നും ഗവേഷകര്‍ പറയുന്നു.

ഇപ്പോഴുള്ള 86 സസ്തനികളുടെയും, മണ്‍മറഞ്ഞ 40 സസ്തനികളുടെ ഫോസിലുകളുടെയും ആയിരക്കണക്കിന് ഭൗതിക സവിശേഷതകള്‍ വിശകലനം ചെയ്താണ് നിര്‍ണായകമായ കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്. 

ഭക്ഷണരീതി, കൈകാലുകളുടെ വലിപ്പം, പല്ലുകളുടെ ആകൃതി, രോമങ്ങളുടെ നീളം എന്നിങ്ങനെ വ്യത്യസ്ത സസ്തനികളുടെ 4500 സവിശേഷതകള്‍ സന്നിവേശിപ്പിച്ച ഡേറ്റാബേസ് ഗവേഷകര്‍ കമ്പ്യൂട്ടര്‍ വിശകലനത്തിന് ഉപയോഗിച്ചു. ഒപ്പം, 12,000 ചിത്രങ്ങളും ജനിതക വിവരങ്ങളും സഹായത്തിനെത്തി. 'മോര്‍ഫോബാങ്ക്' (MorphoBank) എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമും വിശകലനത്തിനായി വികസിപ്പിച്ചു. 

ഇത്തരം വിവരങ്ങളും വിശകലനങ്ങളും ഉപയോഗിച്ച് സസ്തനികളുടെ 'കുടുംബവൃക്ഷ'ത്തിന് രൂപംനല്‍കാന്‍ ഗവേഷകര്‍ക്കായി. അതിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ്, ദിനോസറുകളുടെ യുഗം അവസാനിച്ച ശേഷമാണ് സസ്തനികള്‍ പ്രത്യക്ഷപ്പെട്ടതെന്ന കാര്യം വ്യക്തമായത്. 

ദിനോസറുകള്‍ നാമാവശേഷമായി വെറും രണ്ടുലക്ഷം വര്‍ഷം കഴിഞ്ഞപ്പോള്‍, സസ്തനികളുടെ പൊതുപൂര്‍വികന്‍ പ്രത്യക്ഷപ്പെട്ടുവത്രേ. പൊതുപൂര്‍വികന്റെ ശാരീരികവും ഭൗതികവുമായ 2500 ഓളം സവിശേഷതകള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് മനസിലാക്കാനും ഗവേഷകര്‍ക്കായി.

ആറരകോടി വര്‍ഷം മുമ്പാണ് ദിനോസറുകള്‍ അന്യംനില്‍ക്കുന്നത്. അതിന് മുമ്പേ സസ്തനികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നോ, അതോ ദിനോസറുകള്‍ക്ക് ശേഷമാണോ പുതിയ വര്‍ഗം ആവിര്‍ഭവിച്ചത്. ഇകാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. പുതിയ പഠനം വഴി ഈ പ്രശ്‌നത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.

മാത്രമല്ല, ജീവിവര്‍ഗങ്ങളുടെ പൂര്‍വികരെ പറ്റിയുള്ള പഠനത്തിന് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മൗറീനും കൂട്ടരും. 

08 Feb 2013 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക