.

.

Tuesday, August 7, 2012

നിലമ്പൂരില്‍ സസ്യ ഉദ്യാനം തുറന്നു

നിലമ്പൂര്‍: നിലമ്പൂരില്‍ കേരളവനം ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള സസ്യവര്‍ഗീകൃത ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പൊതുജനങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ക്കും ഗവേഷണകുതുകികള്‍ക്കും ഏറെ പ്രയോജനപ്രദമായ ഉദ്യാനം, വനഗവേഷണകേന്ദ്രത്തോടു ചേര്‍ന്നുള്ള തേക്കുമ്യൂസിയത്തിനു പിറകിലെ ജൈവ വിഭവ ഉദ്യാനത്തിനു സമീപമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് സസ്യങ്ങളെ വര്‍ഗീകരണാത്മകമായ രീതിയില്‍ ക്രമീകരിച്ച് ഉദ്യാനം രൂപകല്‍പന ചെയ്തതെന്ന് വനഗവേഷണകേന്ദ്രം നിലമ്പൂര്‍ ഉപകേന്ദ്രത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ഡോ. യു.എം ചന്ദ്രശേഖര 'മാതൃഭൂമി'യോട് പറഞ്ഞു.
ഒരു പ്രത്യേക പ്രദേശത്തെ ജൈവ വൈവിധ്യ സമ്പത്ത്തിട്ടപ്പെടുത്താനും ജൈവവൈവിധ്യങ്ങള്‍ മുന്‍കൂട്ടി പറയാനും ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ജൈവ വൈവിധ്യം തിരിച്ചറിയാനുമാണ് വര്‍ഗീകൃതമായ ഈ ഉദ്യാനം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. സസ്യങ്ങളെ സംരക്ഷിക്കാനും സസ്യശാസ്ത്രം പഠിപ്പിക്കാനുമുള്ള ഔദ്യോഗിക കേന്ദ്രമായിത്തന്നെ ഇതറിയപ്പെടും. പുതിയ സസ്യങ്ങളെ പൊതുസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടാനും കേന്ദ്രം ഉപകാരപ്പെടും.
127 വ്യത്യസ്ത പുഷ്പിക്കുന്ന സസ്യകുടുംബത്തിലെ അഞ്ഞൂറ് സസ്യഇനങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഓരോ കുടുംബത്തിനും അടുത്തായി അവയെ വിശദീരിക്കുന്ന അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 
സഹായികളുടെ സാന്നിധ്യത്തില്‍ ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ചെടികളെയും പുഷ്പങ്ങളെയും ഫലങ്ങളെയും കുറിച്ച് വിശദീകരണം നല്‍കും. 
തേക്ക് മ്യൂസിയത്തിന്റെ സമീപത്തായി ഗിഫ്റ്റ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് നിര്‍മാണത്തിലാണ്. നിലവിലെ ഉദ്യാനത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ വാട്ടര്‍ടാങ്കിന്റെ മുകളില്‍ ഒരു വാച്ച്ടവര്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു.
 07 Aug 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക