.

.

Tuesday, November 20, 2012

വയനാട്ടിലെ കടുവകളെ തൃശ്ശൂരില്‍ സൂക്ഷിക്കും


തിരുവനന്തപുരം: വയനാട്ടില്‍ വനത്തില്‍നിന്നും ഇടയ്ക്കിടെ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കടുവകളെ പിടികൂടി തൃശ്ശൂര്‍ മൃഗശാലയില്‍ സൂക്ഷിക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ മുന്നോടിയായി തൃശ്ശൂര്‍ മൃഗശാലയിലെ കൂടുകള്‍ വൃത്തിയാക്കാനും ആവശ്യമുള്ളപക്ഷം കടുവകളെ പിടികൂടാനുള്ള കൂടുതല്‍ ട്രാപ്പുകള്‍ ലഭ്യമാക്കാനും വന്യജീവി വിഭാഗം മുഖ്യവനപാലകന് മന്ത്രി നിര്‍ദേശം നല്‍കി.
 
വന്യജീവികളുടെ ആക്രമണംമൂലം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ നല്‍കുന്ന നഷ്ടപരിഹാരതുക യഥാര്‍ഥ ആളുകള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ടൈഗര്‍ റിസര്‍വിന് സമീപത്ത് താമസിക്കുന്ന കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക ചിപ്പ് ഘടിപ്പിക്കും. നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിനായി പുതിയ ബോട്ടും പുതിയ ബസും വാങ്ങാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിന് വനംവകുപ്പ് ആസ്ഥാനത്ത് സൗകര്യം ഒരുക്കും. ആദ്യഘട്ടത്തില്‍ എല്ലാ സര്‍ക്കിള്‍ ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും. തുടര്‍ന്ന് പ്രധാന സ്ഥലങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കും. വനദീപ്തി പദ്ധതിയുടെ ഭാഗമായി വര്‍ക്കല ടി.എസ്. കനാലിന് സമീപം വനവത്ക്കരണം നടപ്പാക്കാനും തീരുമാനിച്ചു.

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ്കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ആര്‍. രാജരാജവര്‍മ്മ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. ഗോപിനാഥന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരായ എസ്.പി. സിങ്, ത്രിവേദി ബാബു, വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.കെ. വിശ്വനാഥന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ബി.എസ്. കോറി, ജി. ഹരികുമാര്‍, സി.എസ്. യാലക്കി. എല്‍.കെ. വാഷ്‌നെയ്, എന്‍. ഗോപിനാഥന്‍, കെ.എസ്.എഫ്. ഡി.സി. എം.ഡി. കെ.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
20 Nov 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക