.

.

Monday, April 29, 2013

ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.


ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂമിയിലാകെ ഒരുലക്ഷത്തോളം ചീറ്റകളുണ്ടായിരുന്നു. എന്നാല്‍ ഇന്നത് 10000 ആയി കുറഞ്ഞ് ആഫ്രിക്കയില്‍ മാത്രമൊതുങ്ങുന്നു. അനുയോജ്യമായ സ്വാഭാവിക വന്യസങ്കേതങ്ങളുടെ അഭാവമാണ് അവശേഷിക്കുന്ന ചീറ്റകളുടേയും നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ഒപ്പം മനുഷ്യന്റെ വേട്ടയാടലുകളും. ആഫ്രിക്കയിലുണ്ടായിരുന്നവയില്‍ 77 ശതമാനത്തോളവും കൂട്ടനാശം നേരിട്ടുകഴിഞ്ഞു.

ഇന്ത്യന്‍വനങ്ങളില്‍ ആയിരക്കണക്കിന് ചീറ്റകള്‍ കുതിച്ചുപാഞ്ഞ ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ ക്രൂരമായി വേട്ടയാടപ്പെട്ടതോടെ 1952ന് ശേഷം രാജ്യത്ത് ഇതിന് വംശനാശം സംഭവിച്ചു. ചീറ്റ എന്ന പേരുണ്ടായത് ഹിന്ദിയിലെ 'ചിത്ര'യില്‍ നിന്നാണ്. 'ചിത്ര' എന്ന വാക്കിന് പുള്ളികളുള്ളത് എന്നാണര്‍ഥം.

മണിക്കൂറില്‍ 112120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ചീറ്റകള്‍ക്ക് രണ്ട് സെക്കന്‍ഡിനകം തന്നെ

70 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കഴിയും. മഞ്ഞനിറമുള്ള രോമക്കുപ്പായത്തില്‍ കറുത്ത പുള്ളികള്‍ കാണാം. ശരാശരി 60 കിലോയാണ് മാര്‍ജാര വര്‍ഗത്തില്‍പ്പെട്ട ചീറ്റകളുടെ ഭാരം. രണ്ടു മീറ്റര്‍ നീളവും 75 സെന്‍റിമീറ്റര്‍ ഉയരവുമുണ്ട്. കാലുകള്‍ കനം കുറഞ്ഞതും നീണ്ടതുമാണ്. മരങ്ങള്‍ കയറാന്‍ കഴിയില്ല. ഓട്ടം അതിവേഗമാണെങ്കിലും കക്ഷിക്ക് അത്ര ശക്തി പോരാ. കുറെ ഓടിക്കഴിഞ്ഞാല്‍ തളരും. പിന്നെ അണച്ചുകിടക്കും. എത്ര അലറാന്‍ ശ്രമിച്ചാലും ശബ്ദം പൂച്ചയുടേതുപോലെ മ്യാവൂ ആയിപ്പോകുമെന്ന പ്രത്യേകതയുമുണ്ട്.

രണ്ടുവര്‍ഷത്തിലൊരിക്കലാണ് പെണ്‍ചീറ്റ പ്രസവിക്കുന്നത്. അഞ്ചു കുട്ടികള്‍ വരെയുണ്ടാവും. പ്രായപൂര്‍ത്തിയെത്തുക രണ്ടോ മൂന്നോ മാത്രമാണ്. ഗര്‍ഭം ധരിച്ചാല്‍ മൂന്നാംമാസം പ്രസവിക്കും.

മനുഷ്യനോടിണങ്ങുന്നവയാണ് ചീറ്റകള്‍. പണ്ട് രാജാക്കന്‍മാരുടെ വളര്‍ത്തുമൃഗമായിരുന്നു. യൂറോപ്പില്‍ ചില ചക്രവര്‍ത്തിമാരുടെ സിംഹാസനച്ചുവട്ടില്‍ ചീറ്റകള്‍ വിശ്രമിച്ചിരുന്നതായി കഥകളുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരും ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരും ചീറ്റകളെ ഓമനിച്ചുവളര്‍ത്തിയിരുന്നു. ചീറ്റപ്പുലികളുടെ തോലു കൊണ്ടുണ്ടാക്കിയ കോട്ടിന് പാശ്ചാത്യനാടുകളില്‍ വന്‍വിലയുള്ള കാലമുണ്ടായിരുന്നു.

ചീറ്റകളെ ഇന്ത്യയില്‍ പുനരവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്ക് ചില പദ്ധതികള്‍ ആലോചിച്ചിരുന്നു. ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ എത്തിച്ച് വംശം പുനരുജ്ജീവിക്കാന്‍ ശ്രമിക്കുമെന്ന് 2009ല്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് രാജ്യസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭൂമുഖത്തുനിന്നുതന്നെ ഈ മൃഗം അപ്രത്യക്ഷമാകാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയുടെ ശ്രമം എത്രകണ്ട് ഫലിക്കുമെന്നു നിശ്ചയമില്ല.

29 Apr 2013 Mathrubhumi >> bhoomikkuvendi

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക