ഹിമാലയത്തിനു മുകളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ച് ആറാഴ്ചകള്‍ കാത്തിരുന്നു. കടുവകള്‍ നടന്നു പോകുന്നതിന്‍റെ ദൃശ്യം ലെന്‍സില്‍ പതിഞ്ഞു. ഹിമാലയത്തിനു മുകളില്‍ കടുവയുണ്ടെന്ന് ആദ്യമായി ലോകം കണ്ടു. കടുവകളുടെ മിസിങ് ലിങ്ക് എവിടെയെന്നു ചോദിച്ചാല്‍ ധൈര്യത്തോടെ പറയാം, ഭൂട്ടാന്‍. ആയിരം പെണ്‍ കടുവകള്‍ മാത്രമേ ഭൂമിയിലുള്ളൂ എന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയുടെ ജീവിതകാലം കഴിയും. പിന്നെ, പെണ്‍കടുവകള്‍ ഫോട്ടൊകളില്‍ മാത്രം അവശേഷിക്കും. അങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതിനെതിരേ ലോകം മുഴുവനുള്ള പരിസ്ഥിതി സ്നേഹികള്‍ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോള്‍, വംശത്തെ സംരക്ഷിക്കാന്‍ കടുവകള്‍ സ്വയം വഴി കണ്ടെത്തി. പ്രസവ കാലത്ത് അവ ഹിമാലയത്തിനു മുകളിലേക്കു കയറുന്നു. അല്‍പ്പം തണുപ്പു സഹിച്ചാലും അവിടെ വേട്ടക്കാരെ പേടിക്കേണ്ട.
ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള കാഴ്ചബംഗ്ലാവുകളില്‍ കടുവകളുണ്ട്. അവയില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നു കൊണ്ടുപോയവയാണ്. ലോകത്ത് മൂവായിരത്തഞ്ഞൂറു കടുവകളാണ് അവശേഷിക്കുന്നതെങ്കില്‍ അതില്‍ മുക്കാല്‍ പങ്കും ഏഷ്യയിലാണ്. ഏറ്റവുമധികം കടുവ വേട്ട നടക്കുന്നതും ഏഷ്യയിലാണ്. പുലിത്തോലിനും കടുവത്തോലിനും കോടികള്‍ വിലയുണ്ടെന്നതു തന്നെയാണ് കാരണം. ബിഗ് ക്യാറ്റുകളുടെ തോല്‍ വീടിന്‍റെ പൂമുഖത്തു വയ്ക്കുന്നത് അന്തസിന്‍റെ ഭാഗമായി കാണുന്ന കോടീശ്വ രന്മാര്‍ക്കുവേണ്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാടുകളില്‍ കടുവകള്‍ വേട്ടയാടപ്പെടുന്നു.
ബിബിസി ചാനലിന്‍റെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റിലെ കുറച്ചു പേരാണ് ഹിമാലയത്തിലേക്ക് ക്യാമറയുമായി കയറിയത്. ക്യാമറ ഒളിച്ചു വച്ച് അവര്‍ മറ്റിടങ്ങളില്‍ തങ്ങി. ആറു ദിവസം കൊണ്ട് കുറേ കടുവകള്‍ ക്യാമറയ്ക്കു മുന്നിലൂടെ നടന്നു പോയി. അവയുടെ കാല്‍പ്പാടുകളും ഷൂട്ട് ചെയ്തു. ഹിമാലയത്തിനു മുകളില്‍ കടുവകളുണ്ടെന്നു തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. കടുവകളുടെ വംശം നിലനില്‍ക്കുന്നതിനുള്ള കോറിഡോറായി മാറും ഭൂട്ടാനെന്നാണ് ജന്തുശാസ്ത്ര ഗവേഷകര്‍ പറയുന്നത്.
ഒമ്പതു രാജ്യങ്ങളിലെ നാല്‍പ്പത്തിരണ്ടു സ്ഥലങ്ങളിലാണ് ഏഷ്യയില്‍ കടുവകള്‍ ഉള്ളതെന്നാണ് വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി മാപ്പിലുള്ള കണക്ക്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അവയും ഇല്ലാതാകുമെന്നാണ് സംഘടന നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഭൂട്ടാനില്‍ ഹിമാലയത്തിനു മുകളില്‍ കടുവകള്‍ സ്വസ്ഥമായി പ്രസവിക്കാനെത്തുമ്പോള്‍ അല്‍പ്പം ആശ്വാസം. ഹിമാലയത്തിനു മുകളില്‍ ഏതു ഭാഗത്ത്, എവിടെയൊക്കെയാണ് കടുവകളുള്ളതെന്നും അവ പ്രസവിക്കുന്ന സ്ഥലം ഏതെന്നുമൊക്കെ, ലോസ്റ്റ് ലാന്‍ഡ് ഒഫ് ദ ടൈഗര്‍ എന്ന ഡോക്യുമെന്‍ററിയില്‍ ബിബിസി കാണിക്കും. വേട്ടക്കാരും ടിവി കാണുന്നവരാണ്.
ഹിമാലയത്തിനു മുകളില്‍ കടുവകളെ സംരക്ഷിക്കാന്‍ വാച്ച്മാനുണ്ടാവില്ലെന്ന് അവര്‍ക്ക് അറിയാം. വഴിയും ഗുഹയും പറഞ്ഞുകൊടുത്താല്‍ എന്താകും കടുവകളുടെ അവസ്ഥയെന്ന് മൃഗസ്നേഹികള്‍ ചോദിക്കുമ്പോള്‍ പിന്നെയും ഭയം വര്‍ധിക്കുകയാണ്.
* കടുവ അഥവാ വരയൻപുലി
news: metrovaartha 23.09.2010
കാട്ടിലോ ജീവിക്കാന്‍ സമ്മതിക്കില്ല, ഹിമാലയമെങ്കില്‍ ഹിമാലയം എന്ന്കരുതി അങ്ങോട്ട് പോയപ്പോള്‍ അവിടെ ചാനലുകാരും വിടില്ലെന്ന് വന്നാല്‍ എന്തൊരു കഷ്ട്ടമാണെന്നു നോക്കണേ......
ReplyDelete