.

.

Thursday, April 5, 2012

പ്രകൃതിയിലെ പെരുന്തച്ചന്‍മാര്‍

നിര്‍മാണവിദ്യയില്‍ ആരെയും അമ്പരപ്പിക്കുന്ന അനേകം ജന്തുക്കളുണ്ട്. മിക്ക ജന്തുക്കളും വീടുണ്ടാക്കുന്നതിലാണ് എന്‍ജിനീയറിങ്ങ് മികവ് കാണിക്കുന്നത്. ചിലരാകട്ടെ, ഇരകളെ കുടുക്കാന്‍ കെണികള്‍ ഒരുക്കുന്നതിനായാണ് ഈ മികവ് ഉപയോഗിക്കുന്നത്. ഇല, ചുള്ളിക്കമ്പ്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് ജീവികള്‍ വീടു പണിയുന്നത്. സ്വന്തം ശരീരം തന്നെയാണ് പണിയായുധം. ജന്തുക്കളുടെ നിര്‍മാണവിദ്യകളില്‍ ചിലതെല്ലാം മനുഷ്യര്‍ പഠിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ വിദഗ്ധരായ ചില എന്‍ജിനീയര്‍മാരെ നമുക്ക് പരിചയപ്പെടാം.
------------------------------------------------------------------------------------------------

പൂന്തോട്ടത്തിലെ വലിയ വല

പൂന്തോട്ടത്തിലും മറ്റും കാണുന്ന വൃത്താകൃതിയിലുള്ള മനോഹരമായ വലിയ വല ഒരുക്കുന്ന എട്ടുകാലിയാണ് ഓര്‍ബ് വെബ് വീവര്‍.

ചില്ലകളില്‍ തൂങ്ങി ഒറോ പെന്‍ഡോല

ഒറ്റപ്പെട്ടുനില്‍ക്കുന്ന ഉയര്‍ന്ന മരങ്ങളില്‍ തൂക്കണാംകുരുവിയെപ്പോലെയാണ് ഒറോ പെന്‍ഡോലയുടെ (Oropendola) കൂടൊരുക്കല്‍. അടിഭാഗം ഉരുണ്ട് നീളന്‍ സഞ്ചികള്‍ പോലുള്ള കൂടുകള്‍ നാരുകള്‍ കൊണ്ട് മെടഞ്ഞ് ചില്ലകളില്‍ തൂങ്ങിക്കിടക്കുംവിധമാണ് നിര്‍മിക്കുന്നത്.

ചന്തമുള്ള കൂടുമായി ബോവര്‍

ഭംഗിയുള്ള കൂടുണ്ടാക്കുന്നതില്‍ അതീവ സാമര്‍ഥ്യമുള്ള പക്ഷിയാണ് ബോവര്‍ പക്ഷി (Bower bird).

ആണ്‍കിളികള്‍ കൂട്ടുകാരികളെ ക്ഷണിച്ചു വരുത്താനായി ഒരുക്കുന്ന പ്രത്യേകതരം കൂടുകളാണ് ബോവറുകള്‍. ചില പക്ഷികള്‍ സ്റ്റേജ് പോലുള്ള ബോവറുണ്ടാക്കുമ്പോള്‍ ചിലത് ചുള്ളിക്കമ്പുകള്‍ അടുക്കി വച്ച് അലങ്കരിച്ച തൂണ് പോലെയുള്ള ബോവറാണ് ഉണ്ടാക്കുന്നത്.

വടക്കു കിഴക്കന്‍ ഓസ്ട്രേലിയയിലെ ടൂത്ത് ബില്‍ഡ് ബോവര്‍ പക്ഷി കൂടുണ്ടാക്കുന്നതിന് അഞ്ച് അടിയോളം വിസ്താരമുള്ള സ്ഥലം തിരഞ്ഞെടുത്ത് വൃത്തിയാക്കുന്നു.

ഗോള്‍ഡന്‍ ക്രസ്റ്റഡ് ബോവര്‍ ബേഡ് ഒരു സ്ഥലം വൃത്തിയാക്കിയെടുത്ത് അവിടെ ഒരിനം പന്നല്‍ച്ചെടിക ള്‍ നിരത്തുന്നു. ചുറ്റും ചെറിയ കമ്പുകള്‍ നാട്ടി, കാട്ടുവള്ളി കൊണ്ട് വൃത്താകൃതിയില്‍ വേലി കെട്ടുന്നു. ഉണങ്ങിയ പന്നല്‍ ഇലകളും മരത്തൊലിയും കായകളും കക്കയും വണ്ടിന്‍തോടും തൂക്കി ആ വേലി അലങ്കരിക്കുന്നു.

അണ കെട്ടുന്ന ബീവര്‍

അണക്കെട്ടില്‍ വീടുണ്ടാക്കുന്ന ജീവിയാണ് ബീവര്‍ (Beaver). മരത്തടിയും മണ്ണും ചുള്ളിക്കമ്പുകളും ചെളിയും ഉപയോഗിച്ചാണ് അണക്കെട്ടുണ്ടാക്കുന്നത്.

അണക്കെട്ടും വീടും പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങള്‍ വേണ്ട. വായുടെ മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോടി പല്ലുകളാണ് ആയുധം. ഉളിപോലെ പരന്ന് മൂര്‍ച്ചയേറിയ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കും.

ബീവര്‍ അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ് ആ ഭാഗം ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണി. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് വെള്ളത്തില്‍ വീട് പണിയുന്നത്. ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. വാതില്‍ വെള്ളത്തിനടിയിലാണ്. പതിനഞ്ച് മിനിട്ടോളം വെള്ളത്തിനടിയില്‍ കഴിയാന്‍ ബീവറിന് കഴിയും.

ചങ്ങാട വീടുമായി ഗ്രിബ്

താറാവുവര്‍ഗത്തില്‍പ്പെട്ട ഗ്രിബ് (Grebe) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. ജലസസ്യങ്ങളും ചപ്പുചവറുകളുമൊക്കെ ഉപയോഗിച്ചാണു കൂടുനിര്‍മാണം. വെള്ളത്തില്‍ ഈ കൂട് ഒഴുകിപ്പോകാതിരിക്കാന്‍ എതെങ്കിലും ജലസസ്യവുമായി അതിനെ ബന്ധിപ്പിക്കും.

തുന്നല്‍ക്കാരന്‍ കിളി

ഇലകള്‍ കൂട്ടിത്തുന്നിയാണ് ടെയ്ലര്‍ ബേഡ് (Tailor bird) കൂടുണ്ടാക്കുന്നത്. മുട്ടയിടാറായാല്‍ വീതിയേറിയ ഇലകളുള്ള ചെറിയ മരങ്ങള്‍ കണ്ടെത്തുന്നു. ഏതാനും മീറ്റര്‍ ഉയരമുള്ള തേക്കിന്‍ തൈ, കൂവ, മഞ്ഞള്‍ മുതലായ ചെടികള്‍ കൂട് നിര്‍മിക്കാനായി തിരഞ്ഞെടുക്കുന്നു. വലിയ ഇലയില്ലെങ്കില്‍ ചെറിയ ഇലകളുടെ രണ്ടരികിലും തുന്നലിട്ട് സഞ്ചി പോലുള്ള കൂട് നിര്‍മിക്കുന്നു.

ഇലയുടെ രണ്ടരികിലും ഇടവിട്ട് കൊക്കു കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഇടും. പിന്നീട് എവിടെ നിന്നെങ്കിലും ശേഖരിച്ച അല്‍പം പഞ്ഞിയോ ചിലന്തിവലയോ ഇലയുടെ ഒരരികിലെ ദ്വാരത്തിലൂടെ കടത്തുന്നു. മറ്റേ അരിക് വളച്ചെടുത്ത് പഞ്ഞിയുടെ മറ്റേയറ്റം ആദ്യത്തേതിന് എതിരെയുള്ള ദ്വാരത്തിലൂടെ കടത്തുന്നു. ഇങ്ങനെ നിരനിരയായി തുന്നലുകള്‍ ഇടുന്നതോടെ ഇല സഞ്ചി പോലെയാകുന്നു. അതിനകത്ത് ഒരു കപ്പിന്റെ ആകൃതിയില്‍ പഞ്ഞിനാരു നിറയ്ക്കും. നനുത്ത തൂവല്‍ക്കഷണങ്ങളോ പഞ്ഞിയ കൊണ്ടു വന്ന് വിരിക്കുന്നതോടെ തുന്നല്‍ക്കാരന്റെ കൂട് പൂര്‍ത്തിയാകുന്നു.

നാരിലെ വിരുതന്‍

പന, മുള, തെങ്ങ് എന്നിവയുടെ ഇലത്തുമ്പില്‍ നാരുകളോ വയ്ക്കോലോ ഉപയോഗിച്ച് ഒരു ചരടുപോലെയാക്കി തൂക്കണാംകുരുവി (Hanging bird) കൂട് നിര്‍മിക്കുന്നു. അതിന്റെ അറ്റത്ത് നാരുകൊണ്ടു വളയം തീര്‍ക്കുന്നു. കൂടിന് ഒരു മണിയുടെ ആകൃതിയാകും. ഒരു തട്ട് മെടഞ്ഞൊരുക്കി മണിയുടെ തുറന്ന അടിഭാഗം പകുതിയോളം അടയ്ക്കുകയാണ് അടുത്ത ഘട്ടം. തട്ടിന്റെ മുന്നറ്റം വരമ്പുപോലെ ഉയരത്തില്‍ മെടഞ്ഞൊരുക്കുന്നു. അടുത്തതായി തട്ടിന്റെ തുറന്ന ഭാഗം മൂടുന്ന വിധത്തില്‍ താഴേക്ക് നീണ്ട കുഴല്‍ പണിയുന്നു.

പനങ്കൂളന്റെ പനയോലക്കൂട്

പനയോലയുടെ പാളികള്‍ക്കിടയില്‍ നാരുകളും ഇലക്കഷണങ്ങളും മറ്റും ഉമിനീരില്‍ കുഴച്ച് കപ്പുപോലെ ഒട്ടിച്ചേര്‍ത്താണ് പാം സ്വിഫ്റ്റിന്റെ (പനങ്കൂളന്‍, Palm swift)കൂടുണ്ടാക്കല്‍.

പോട്ടര്‍ വാസ്പിന്റെ കുടംവീട്

വീടിനു ചുറ്റുമുള്ള ചെടികളുടെ വണ്ണം കുറഞ്ഞ കമ്പുകളില്‍ ഒട്ടിച്ചു വച്ച കുടം പോലെയാണ് പോട്ടര്‍ വാസ്പിന്റെ (Potter wasp) കൂടുകള്‍.

ചെടിയുടെ ചുറ്റും കറങ്ങി നല്ല പശയുള്ള മണ്ണ് കണ്ടെത്തുന്നു. വയറ്റില്‍ ശേഖരിച്ചിരിക്കുന്ന വെള്ളം കലര്‍ത്തി കാലുകളും താടിയും ഉപയോഗിച്ച് കുഴച്ച് മണ്ണ് പാകപ്പെടുത്തുന്നു. വായ ഉപയോഗിച്ച് കോരിയെടുത്ത് കൊണ്ടു പോകാവുന്ന വിധം മണ്ണ് ഉരുളയാക്കുകയാണ് അടുത്ത ഘട്ടം. കൊണ്ടുപോകുന്ന മണ്ണുരുള ചെടിക്കമ്പില്‍ പരത്തി തേച്ച് പിടിപ്പിക്കുന്നു. മണ്ണ് തേച്ചു പിടിപ്പിച്ച് കൂട് കുടത്തിന്റെ ആകൃതിയിലാക്കുന്നു.

പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണ്‍

പലയിനം ശലഭങ്ങളുടെയും കുഞ്ഞുങ്ങള്‍ മികച്ച എന്‍ജിനീയര്‍മാരാണ്. മള്‍ബറി സില്‍ക്ക് വേം എന്ന പട്ടുനൂല്‍പ്പുഴു (Silk worm) മീറ്ററുകള്‍ നീളമുള്ള ഒരൊറ്റ സില്‍ക്ക് നാരാണ് ശലഭമാകുന്നതിനു തൊട്ടുമുന്‍പുള്ള കൊക്കൂണുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നത്.

പൈറിഡ് ശലഭപ്പുഴുക്കള്‍ വലിയൊരു സഞ്ചിപോലുള്ള കൊക്കൂണുകളാണ് നിര്‍മിക്കുന്നത്. മെക്സിക്കോയില്‍ കാണുന്ന ഈ പുഴുക്കളുടെ കൊക്കൂണുകള്‍ ആ നാട്ടുകാര്‍ പണസഞ്ചിയായി ഉപയോഗിക്കുന്നു.

മണ്‍കൂട്ടില്‍ ഫ്ളമിംഗോ

മണ്ണില്‍ കൂടു വയ്ക്കുന്ന മിടുക്കന്‍ പക്ഷികളാണ് ഫ്ളമിംഗോ (Flemingo). ചട്ടിയുടെ ആകൃതിയില്‍ ജലനിരപ്പില്‍നിന്ന് ഒന്നരയടിയോളം പൊക്കത്തില്‍ മണ്ണുകൊണ്ടാണ് ഫ്ളമിംഗോ കൂടുണ്ടാക്കുന്നത്.

സ്വര്‍ണപ്പരുന്തിന്റെ കൂട്

പരുന്തിന്റെ കുടുംബത്തിലെ വലുപ്പമേറിയ അംഗങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഈഗിള്‍ (Golden Eagle). ഉയര്‍ന്ന പാറക്കെട്ടുകളിലും വന്‍വൃക്ഷങ്ങളുടെ ഉയര്‍ന്ന ചില്ലകളിലുമാണു കൂടൊരുക്കല്‍. ചുള്ളിക്കമ്പുകളും മരക്കഷണങ്ങളും അടുക്കി പരന്ന തട്ടുപോലെയാണു കൂട്. വര്‍ഷങ്ങളോളം ഒരേ കൂടു തന്നെ ഉപയോഗിക്കുന്നു.

പന്തു പോലൊരു പാര്‍പ്പിടം

കുറച്ചു നാരും പഞ്ഞിയും ഇലക്കഷണങ്ങളുമെല്ലാം ചെളിയില്‍ കുഴച്ച് വലിയ പന്തിന്റെ ആകൃതിയില്‍ കൂട് ഒരുക്കുന്നവയാണ് ഓവന്‍ ബേര്‍ഡ് (Oven bird). ഈ കൂട് വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ കടുകട്ടിയാകും.ഒറ്റത്തവണ ഉപയോഗിച്ച ശേഷം കൂട് ഉപേക്ഷിക്കും.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍.കോം 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക