.

.

Monday, October 3, 2011

രാജ്യത്ത് വയനാടിനെ ശ്രദ്ധേയമാക്കാന്‍ വന്യജീവി പഠനഗവേഷണ കേന്ദ്രം

കല്‍പറ്റ : വയനാട്, മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളുടെ സംഗമഭൂമിയായ വയനാട്ടില്‍ ആരംഭിക്കുന്ന വെറ്ററിനറി സര്‍വകലാശാലയുടെ വന്യജീവിപഠനഗവേഷണകേന്ദ്രം മുതല്‍ക്കൂട്ടാകും. സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് പൂക്കോട് സ്ഥാപിക്കുന്നതോടെ വയനാട് ഉള്‍പ്പെടുന്നത് രാജ്യത്തു തന്നെ അപൂര്‍വമായ വന്യജീവിഗവേഷണസ്ഥാപനങ്ങളുടെ പട്ടികയിലാണ്.നിലവില്‍ കേരളത്തില്‍ ഈ മേഖലയില്‍ കാര്യമായ ഗവേഷണം നടക്കുന്നില്ല.എല്ലാ ബയോ സയന്‍സ് ബിരുദധാരികള്‍ക്കും ചേരാവുന്ന എംഎസ് വൈല്‍ഡ് ലൈഫ് സ്റ്റഡിസാണ് ഇവിടെ ആദ്യം തുടങ്ങുന്ന കോഴ്സ്.

തുടര്‍ന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ചേരാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സും ആരംഭിക്കും. ഭാവിയില്‍ ഇതൊരു സ്വതന്ത്രസ്ഥാപനമാക്കുകയാണ് സര്‍വകലാശാലയുടെ പദ്ധതി. ഡോ.ജോര്‍ജ് ചാണ്ടിയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്വന്യജീവിപഠനരംഗത്തെ സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് വയനാടിനെ സംസ്ഥാനത്തെ ആദ്യവെറ്ററിനറി സര്‍വകലാശാലയുടെ ആസ്ഥാനമാകാന്‍ തിരഞ്ഞെടുത്തത്. വന്യജീവിചികിത്സാ വിഭാഗത്തില്‍ പൂക്കോട് വെറ്ററിനറി കോളജില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നുവരുന്നുണ്ട്. വനത്തിലും മറ്റും പരുക്കേറ്റ് അവശനിലയിലായ നിരവധി വന്യജീവികളെയാണ് പൂക്കോട് വെറ്ററിനറി കോളജിലെ ക്ളിനിക്കല്‍ കോംപ്ളക്സില്‍ നിന്നു ചികിത്സിച്ചു ഭേദമാക്കിയിട്ടുള്ളത്.

രാജ്യത്തെ പ്രമുഖ വെറ്ററിനറി കോളജുകളുമായി കിടപിടിക്കാവുന്ന ചികിത്സാ സൌകര്യങ്ങളും ഉപകരണങ്ങളും പൂക്കോട്ടെ ക്ളിനിക്കല്‍ കോംപ്ളക്സിലുണ്ട്.വന്യജീവിസമൃദ്ധയില്‍ വയനാടിന് പ്രമുഖമായ സ്ഥാനമുണ്ട്. കാട്ടുപോത്ത്, കരടി, പുള്ളിമാന്‍, മലമാന്‍, കേഴമാന്‍, കാട്ടുനായ. ചെങ്കീരി, കുട്ടിത്തേവാങ്ക്, ഉല്ലമാന്‍, കുരങ്ങ്, കൂരന്‍, കാട്ടി, കരടി, പന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, കുറുക്കന്‍, വെരുക്, കീരി, കാട്ടുനായ, ഹയന, പാറാന്‍, കാട്ടുപൂച്ച, ഹനുമാന്‍ ലംഗൂര്‍ തുടങ്ങി വിവിധയിനം സസ്തനികളും പരുന്ത്, മൂങ്ങ, തത്ത, കഴുകന്‍ തുടങ്ങി ഇരുനൂറോളം തരം പക്ഷികളും അത്ര തന്നെ വിഭാഗം ശലഭങ്ങളും മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, രാജവെമ്പാല തുടങ്ങിയ വിവിധയിനം ഉരഗങ്ങളും, വിവിധയിനം മത്സ്യങ്ങളും വയനാടന്‍ വനങ്ങളിലുണ്ട്.

ഏഷ്യന്‍ ആനകളുടെ പറുദീസയാണ് വയനാട് വന്യജീവി സങ്കേതം. ആയിരത്തിലധികം ആനകള്‍ വയനാട്ടിലെ കാടുകളില്‍ മാത്രമായി ഉണ്ടെന്നാണ് അനുമാനം. കൊമ്പന്‍, മോഴ, പിടി എന്നിങ്ങനെ ആനകള്‍ നിറയുന്ന കാടാണ് ഇത്. വയനാട്ടിലെ വനമേഖലകളെ സൌത്ത് വയനാട് ഡിവിഷന്‍, നോര്‍ത്ത് വയനാട് ഡിവിഷന്‍, വയനാട് വന്യജീവി സങ്കേതം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. വയനാടിന്റെ ആകെ വിസ്തൃതിയായ 2125.66 ചതുരശ്ര കിലോമീറ്ററില്‍ ഈ മൂന്നു വനമേഖലകളും കൂടി 885.95 ചതുരശ്ര കിലോമീറ്റര്‍ വരും.

Manorama Online 3.10.2011 Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക